എന്തൊക്കെയായാലും സ്വന്തം ഭർത്താവിന്റെ കൈ തല്ലിയൊടിക്കുക എന്നൊക്കെ വച്ചാൽ..

രചന : രാജീവ്

അളകനന്ദ

❤❤❤❤❤❤

‘എന്തൊക്കെയായാലും സ്വന്തം ഭർത്താവിന്റെ കൈ തല്ലിയൊടിക്കുക എന്നൊക്കെ വച്ചാൽ’

പക്ഷെ കാരണം കേട്ടുകഴിഞ്ഞപ്പോൾ അളകനന്ദയെ എനിക്കു കുറ്റപെടുത്തുവാൻ കഴിയുമായിരുന്നില്ല.

ഇത്ര മനോഹരമായൊരു പേരും സുന്ദരമായ രൂപവുമുള്ള ഒരുവൾ നാരായണനെ പോലുള്ള ഒരാളുടെ ഭാര്യയായതിൽ പലപ്പോഴും അത്ഭുതവും തോന്നിയിട്ടുണ്ട്.

നാരായണനെയും എനിക്ക് കണ്ണുമടച്ചു കുറ്റപ്പെടുത്തുവാൻ കഴിഞ്ഞില്ല.

ഇത്ര സുന്ദരമായൊരു പേരുള്ള, മുഖശ്രീയുള്ള പെണ്ണിന്റെ ഭർത്താവായതിലുള്ള അപകർഷതാബോധം

ഈ നാട്ടിലെ ദിനങ്ങൾ വിരസങ്ങളായി തുടങ്ങിയിരുന്നു. ഓരോന്നും തലേന്നത്തതിന്റെ തനിയാവർത്തനങ്ങൾ.

രാമേട്ടന്റെ ചായക്കടയിലെ ഒരു കുറ്റി പുട്ടിലും കടലയിലും തുടങ്ങുന്ന ദിവസങ്ങൾ പലപ്പോഴും അവസാനിച്ചിരുന്നത് വൈകിട്ട് അവിടെ നിന്ന് കിട്ടുന്ന ചൂടുള്ള കഞ്ഞിയിലും ചമ്മന്തിയിലും,ചുട്ട പപ്പടത്തിലുമായിരുന്നു.

ഇതിന് വല്ലപ്പോഴുമൊരു മാറ്റം സംഭവിച്ചിരുന്നത് നാരായണൻ കൊണ്ടുവന്നു തരാറുള്ള ഒരു പ്ലേറ്റ് കപ്പയിലും മീൻചാറിലുമോ, ഇത്തിരി പോത്തിറച്ചിയിലുമോ ഒക്കെയായിരുന്നു.

എനിക്കീ വീട് കുറഞ്ഞ വാടകകയ്ക്ക് തരപ്പെടുത്തി തന്നത് അയാളായിരുന്നു.

പമ്പ്ഹൗസിലെ മോട്ടോറിന്റെ മുരൾച്ചക്ക് പോലും എന്നും ഒരേ താളമായിരുന്നു.മടുപ്പിക്കുന്ന രൗദ്രതാളം.

പമ്പ്ഹൗസിലെ എന്റെ സഹഓപ്പറേറ്റർ ആയിരുന്നു നാരായണൻ.

എന്റെ ഡ്യൂട്ടികഴിയുമ്പോൾ ചാർജ്‌ എടുക്കുന്നയാൾ.

നാരായണന്റെ രാത്രി ഡ്യൂട്ടികളിൽ അയാൾ പമ്പ് ഓൺ ചെ*യ്ത് വന്ന് വീട്ടിൽ ഉറക്കമായിരുന്നു എന്ന കാര്യം നാട്ടിൽ പരസ്യമായ രഹസ്യമായിരുന്നു.

നാരായണനെകൊണ്ടെനിക്ക് പലവിധ സഹായങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാനിതൊരിക്കലും മേലധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ പോയതുമില്ല.

നാരായണൻ എന്ന പേരു കേൾക്കുമ്പോൾ പ്രായം ചെന്ന ഒരു രൂപമായിരിക്കും വായനക്കാരുടെ മനസിലേക്ക് ഓടിയെത്തുക.

പക്ഷെ എന്നെക്കാൾ ഒരു വയസ്സിന് മൂപ്പു മാത്രമേ നാരായണനുണ്ടായിരുന്നുള്ളൂ.

അപ്പോൾ ന്യായമായും സംശയിക്കാം. എനിക്ക്‌ എന്തു പ്രായമുണ്ടെന്ന്.

അടുത്ത മിഥുനത്തിൽ മുപ്പത്തിരണ്ട്.

കറുത്തിരുണ്ട് അഞ്ച് അഞ്ചരയടി പൊക്കമുള്ള ഒരു രൂപം.

‘നന്ദയെ’ അയാൾ പ്രേമിച്ചു വിവാഹം ചെയ്തതാണെന്ന അറിവെനിക്ക് രാമേട്ടൻ പകർന്നു തന്നതായിരുന്നു.

പോരാത്തതിന് ഭാര്യയെ സംശയമുണ്ട് എന്ന പുതിയ അറിവും.

ചില രാത്രികളിൽ അയൽ പക്കത്തുനിന്നും കേൾക്കാറുള്ള തേങ്ങലുകൾ അളകനന്ദയുടേതാണെന്ന സത്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

അങ്ങിനെയൊരു രാത്രിയിലാണ് ഒടിഞ്ഞ കയ്യുമായി നാരായണൻ എന്നെ വന്നു വിളിക്കുന്നത്.ആശുപത്രിയിൽ പോകാൻ സഹായത്തിന്.

പേടിച്ചരണ്ട മാൻപേടയെപോലെ നന്ദയുമുണ്ട് കൂടെ.

“ഭാര്യാ ഭർത്താക്കന്മാരാവുമ്പോൾ അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളൊക്കെ കാണും.എന്നും പറഞ്ഞ് കൈയൊക്കെ തല്ലിയൊടിക്കാമോ ”

ഞാൻ അവിശ്വസനീയതയോടെ നന്ദയെ നോക്കി.

ആദ്യമായാണ് ഇത്രയ്ക്കടുത്തവളെ കാണുന്നത്.

“എന്റെ പൊന്നു ചേട്ടാ ഇതിയാനെന്നെ സംശയമാ.അതും പറഞ്ഞ് മിക്ക ദിവസങ്ങളിലും കുത്തു വാക്കുകളും ദേഹോപദ്രവവും”

“എന്നാലും ഒരു കൺട്രോളൊക്കെ വേണ്ടേ.പോലീസ് കേസൊക്കെയാകാവുന്ന കാര്യങ്ങളല്ലേ”

നാരായണന്റെ ഒടിഞ്ഞ കയ്യിലേക്ക് നോക്കി ഞാൻ ചോദിച്ചു.

“ചേട്ടനാണെങ്കിൽ ഇതിയാനെ തല്ലിക്കൊന്നേനെ. ചേട്ടന്റെ പേരും പറഞ്ഞാ ഈയിടെയായി തല്ല്.എത്ര നാളെന്നു വച്ചാ ക്ഷമിക്കാ.ഞാൻ ചേട്ടനെ ഇത്രയടുത്ത് കാണുന്നത് തന്നെ ഇന്നാദ്യമായിട്ടാ”

ഞാൻ ഞെട്ടലോടെ നാരായണനെ നോക്കി.

അയാൾ എന്റെ ദൃഷ്ടികളെ നേരിടാനാവാതെ വിദൂരതയിൽ പരതുകയായിരുന്നു.

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : രാജീവ്