അനന്തൻ, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ….

രചന : നിഹാരിക നീനു

“അനന്തേട്ടാ..”

വിളിച്ചു കൊണ്ട് പുറകേ ഓടുമ്പോൾ അണക്കുന്നുണ്ടായിരുന്നു…

വിളി കേട്ട് നിന്നത് കണ്ടപ്പോ മനസ്സമാധാനിച്ചിരുന്നു…

എവിടന്നോ ഒരു ധൈര്യം വന്ന് മൂടും പോലെ …

ആൾക്കൂട്ടത്തിൽ തനിച്ചായ ഒരച്ഛനും മകൾക്കും ചായാൻ ഒരു തോൾ കിട്ടിയ പോലെ…

” അനന്തേട്ടാ…..”

അടുത്ത് നിന്നാ കൈ പിടിച്ച് വിളിച്ചപ്പോ അണക്കുന്നുണ്ടായിരുന്നു… ഒപ്പം ഏങ്ങലുകളും കഴുത്തോളം എത്തി നിന്നു..

” അനന്തേട്ടാ… അച്ഛൻ…. അച്ഛന് വയ്യ അനന്തേട്ടാ.. ആരൂല്ല… ഞങ്ങൾക്കാരൂല്ല അനന്തേട്ടാ…”

ആ കൈ മുറുകെ പിടിച്ച് കരയുകയായിരുന്നു അപ്പോൾ ….

ആ മിഴികളിലേക്ക് പിടച്ചിലോടെ നോക്കി പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകളുമായി….

“നിക്ക് …. ധൃതി ണ്ട് തന്മയ! ”

എന്നും പറഞ്ഞ് കൈ വിടുവിച്ച് അകന്ന് നീങ്ങുന്നവനെ വിശ്വാസം വരാതെ നോക്കി നിന്നു..

ചുറ്റും നടക്കുന്നതൊന്നും മനസിലാവാത്ത പോലെ..

” അ…. അനന്തേട്ടാ…”

എന്ന് അവ്യക്തമായി വിളിച്ചപ്പോഴേക്ക് അവിടെ വീണിരുന്നു..

“ൻ്റെ…. ൻ്റെ അനന്തേട്ടനല്ല… ഇതല്ല .. ”

എന്ന് ആരോടോ പുലമ്പുന്നുണ്ടായിരുന്നു..

തലയൊക്കെ പെരുത്തു കയറും പോലെ ..

മിഴികൾ മാത്രം ഇടതടവില്ലാതെ ഒഴുകിയിരുന്നു ..

മെല്ലെ എണീറ്റ് ഭിത്തിയിൽ കൈയ്യൂന്നി വേച്ച് വേച്ച് നടക്കുമ്പോൾ ഒരു കാര്യം മാത്രം മന്ത്രണം പോലെ ഉരുവിട്ടു….

” ൻ്റെ അനന്തേട്ടനല്ല…. അല്ല …. ”

സമനില തെറ്റാൻ തുടങ്ങുന്ന പോലെ തോന്നി…

പ്രതീക്ഷയോടെ പിടിച്ച കൈ വിടുവിച്ച് ധൃതി ആണെന്ന് പറഞ്ഞ് പോകുന്നവനായിരുന്നു അവൻ മാത്രമായിരുന്നു മുന്നിൽ ഒരു ജീവനെക്കാൾ വിലയുള്ള ധൃതി….

ഇനിയെന്ത് എന്ന് ചിന്തിക്കാനുള്ള ശക്തി പോലും തന്നിൽ നിന്ന് അകന്നിരിക്കുന്നു ..

❤❤❤❤❤❤

സി.സി.യുവിന് അടുത്തെത്തിയപ്പോൾ കണ്ടു ചിരിയോടെ ഒരാൾ …..

“ഹാ തൻമയ അല്ലേ? അച്ഛനെ കേസിന് കേറ്റി ട്ടോ… എൻ്റെ അങ്കിളാ എന്ന് പറഞ്ഞ് ഞാൻ ഒപ്പിട്ടു കൊടുത്തു….. ”

എന്ന് പറഞ്ഞ് അടുത്തേക്ക് വന്നത്…

മുമ്പെങ്ങും കണ്ട് പരിചയമില്ലാത്ത ആൾ …

സംസാരിക്കുന്ന മലയാളത്തിൽ മറ്റേതോ ഭാഷയുടെ ചുവ….

ഒന്നും മനസിലാവാതെ ആ മുഖത്തേക്ക് നോക്കി.

മറ്റൊന്നും ചോദിക്കാനോ പറയാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ …..

ഏതോ ലോകത്തായിരുന്നു…. ഒന്നും മനസിലാവാത്ത കാണുന്നതൊന്നും വിശ്വസിക്കാനാവാത്ത ലോകത്ത്: ..

“ടോ താനെന്താ ഈ നോക്കുന്നത്? കുറേ നേരായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു…. ആകെ ടെൻഷനായി.. ആരെയൊക്കെയോ തിരഞ്ഞ് നടക്കുന്നത് …..

ഇപ്പോ വീണ്ടും നഴ്സ് വന്ന് ശങ്കരൻ നായരുടെ ആള് വന്നോ ന്ന് ചോദിച്ചു.. എന്താന്ന് ചോദിച്ച എന്നോട് കേസ് ചെയ്യണേ സൈൻ ചെയ്യാൻ പറഞ്ഞു….

ഒരു സൈനല്ലേടോ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട്

എന്ന് ചിരിയോടെ അയാൾ മുഖത്ത് നോക്കി പറഞ്ഞു..

അപ്പോഴും ഒന്നും മനസിലാവാത്ത പോലെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ…

“ബൈ ദ ബൈ ഞാൻ രഞ്ചൻ…. രഞ്ചൻ ഫിലിപ്പ് … ഒരു പാവം ബിസിനസുകാരൻ…. തൻ്റെ പേര് കേട്ടു… തന്മയ ശങ്കർ അല്ലേ?”

ആണെന്നും അല്ലെന്നും പറയാതെ ഇമ പോലും ചിമ്മാതെ അയാളെ തന്നെ നോക്കിയിരുന്നു…..

കാരണം എന്നും കുളിച്ചു തൊഴുന്ന തേവരുടെ രൂപമായിരുന്നു അപ്പോഴയാൾക്ക്…

അച്ഛനെ പ്രൊസീജിയർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ വേണ്ടി സ്ട്രക്ചറിൽ പുറത്തേക്ക് കൊണ്ട് വന്നു…

രണ്ടു ഭാഗം തല ചരിച്ച് ആരേയോ തിരയുന്ന ആ മിഴികൾ എന്നിൽ എത്തിയതും തറഞ്ഞ് നിന്നു…

എനിക്കായി ആ കൈകൾ നീട്ടി..

ഓടിച്ചെന്നാ കയ്യിൽ പിടിച്ചപ്പോൾ എവിടെ നിന്നോ കിട്ടിയ ഇത്തിരി ബലത്തിൽ വിളിച്ചു ചിലമ്പികൊണ്ടെങ്കിലും

“അച്ഛാ’… ”

എന്ന് ..

” അച്ഛന് ഒന്നൂല്ലടാ … അച്ഛൻ്റെ തനൂട്ടൻ കണ്ണ് തുടക്കടാ :… കാണാൻ വയ്യടാ അച്ഛൻ്റെ കുട്ടിയേ ഇങ്ങനെ”

എന്ന് കിതച്ച് പറഞ്ഞപ്പോൾ വാശിയോടെ അച്ഛനായി മിഴികൾ തുടച്ചു …

വാതിൽക്കൽ വരെ കൂടെ നടന്നു.. ആ കയ്യും പിടിച്ച് ….

അപ്പഴും കുറച്ചു ദൂരം മാറി രഞ്ചൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ….

❤❤❤❤❤❤❤

മണിക്കൂറുകൾ അങ്ങനെ ഒഴുകി നീങ്ങി…..

ആശുപത്രി ഇടനാഴികയിലെ കസേരകളിൽ ആളുകൾ ഇടക്ക് നിറഞ്ഞും ഇടക്ക് ഒഴിഞ്ഞും ഇരുന്നു

അപ്പഴൊക്കെയും അയാൾ ദൂരെ ഒരു കസേരയിൽ സ്ഥാനം പിടിച്ചു…..

അച്ഛൻ്റെ പേര് ഉറക്കെ നഴ്സ് വിളിക്കുമ്പഴൊക്കെയും ഓടി വന്നു,

അധികാരത്തോടെ മരുന്നിൻ്റെ ലിസ്റ്റ് വാങ്ങി കൊണ്ടു പോയി ..

പണം വച്ചു നീട്ടിയിട്ടും കാണാത്ത പോലെ ഓടിനടന്ന് ധൃതിയിൽ എല്ലാം ചെയ്തു…

ആരോ ഞങ്ങളെ ഭദ്രമായി ഏൽപ്പിച്ചത് പോലെ

❤❤❤❤❤

ഡോക്ടർ ബിജു എബ്രഹാം പുറത്തേക്കിറങ്ങി …..

ദൂരേ ഇരിക്കുന്നയാൾ അപ്പഴേക്ക് ഡോക്ടറുടെ അരികിലെത്തിയിരുന്നു …..

” ശങ്കരൻനായരുടെ ??” എന്ന് ഡോക്ടർ ചോദിച്ചപ്പോ

“ആ യെസ് ”

എന്ന് പറഞ്ഞ് അയാൾ അടുത്ത് നിന്നു..

ഞാനും ഡോക്ടർക്ക് പറയാനുളളത് കേൾക്കാൻ അക്ഷമയായി കാത്ത് നിന്നു..

“രണ്ടിടത്ത് സ്റ്റൻ്റ് ഇട്ടിട്ടുണ്ട് … ഇനി പേടിക്കാൻ ഒന്നുമില്ല …. ഒരു സിക്സ് ഹവേഴ്സ് സി സിയൂ വിൽ കിടക്കട്ടെ ശേഷം റൂമിലേക്ക് മാറ്റിത്തരാം…”

സകല ദൈവങ്ങളോടും നന്ദി പറയുകയായിരുന്നു അപ്പോൾ ഞാൻ …

അത് കേട്ട് ഇത്തിരി നേരം അവിടെ തന്നെ നിന്ന് അയാൾ മെല്ലെ നടന്നു നീങ്ങിയിരുന്നു ….

“നോക്കൂ ”

കുറേ മണിക്കുറുകൾക്ക് ശേഷം എന്നെ സ്വയം തിരിച്ച് കിട്ടിയിരുന്നു ..

നടന്നു നീങ്ങിയയാൾ മെല്ലെ നിന്നു…

” നിങ്ങള്… നിങ്ങള് ആരാ…. ”

അത് കേട്ട് ഒന്നു ചിരിച്ചു അയാൾ…..

എന്നിട്ട് എളിയിൽ കൈ കുത്തി തിരിച്ച് ചോദിച്ചു.

“തനിക്ക് ഓർമ്മപ്പിശകുണ്ടോ ..? ഞാൻ പറഞ്ഞല്ലോ, ഐയാം രഞ്ചൻ ഫിലിപ്പ് ”

എന്ന് …

“എങ്ങനെയാ ഇവിടെ? അല്ല എന്തിനാ ഇങ്ങനെ സഹായിച്ചത് ?? ”

” ആസ് എ ഹ്യൂമൻ ബീയിംഗ് ഇതെൻ്റെ ഡ്യൂട്ടി ആണെന്ന് തോന്നി ദാറ്റ്സ് ഓൾ ”

പോവാൻ വേണ്ടി തിരിഞ്ഞ ആളെ വീണ്ടും പിടിച്ചു നിർത്തി…

“നിങ്ങൾ പേ ചെയ്ത എമൗണ്ട് എങ്കിലും പറയൂ? പ്ലീസ് അതെങ്കിലും വാങ്ങിക്കൂ.. ആ ചെയ്ത സൈനിന് പോലും വിലമതിക്കാനാവില്ല.. പിന്നെ ഈ കടം കൂടി വയ്യ….”

അതിന് മറുപടിയായി,

“ഞാനിട്ട സൈനിനേക്കാൾ, പേ ചെയ്ത എമൗണ്ടിനേക്കാൾ വിലമതിക്കാനാവാത്ത ഒരു ജീവനാ അകത്ത് എന്നാ എന്റെ വിശ്വാസം അതുകൊണ്ട് മോള് ചെല്ല് ”

എന്നും പറഞ്ഞ് ധൃതിയിൽ പോകുന്നവനെ ഒന്നും മനസിലാവാതെ നോക്കി നിന്നു ഇത്തിരി നേരം..

കറുത്ത ചരടിൽ കോർത്തിട്ട ആശ്രിത വത്സലൻ, ഗുരുവായൂരപ്പൻ്റെ ലോക്കറ്റ് മുറുകെ പിടിച്ചു അപ്പോൾ,

❤❤❤❤❤❤

ശീതീകരിച്ച സി സി യു വിൽ ഏറെ ബീപ് ശബ്ദങ്ങൾക്കും , മെഷീനുകൾക്കും ഉള്ളിൽ കിടക്കുന്ന അച്ഛനെ കർട്ടൻ നീക്കി ഒരു നോക്ക് കണ്ടു..

തല ഭാഗം ഇത്തിരി പൊന്തിച്ചു വച്ചിട്ടുണ്ട് ..

നോക്കുമ്പോൾ ഉറക്കത്തിലാണ്…

മിഴികൾ ഈറനായി ….,

ഇത്തവണ പക്ഷെ കണ്ണൻ എൻ്റെ അച്ഛനെ മടക്കി തന്ന സന്തോഷത്തിലാണെന്ന് മാത്രം…..

സമയം കഴിഞ്ഞു എന്ന് പറയും വരെയും അച്ഛനെ തന്നെ നോക്കി നിന്നു…

ശാസത്തിൻ്റെ താളത്തിൽ ഉയരുന്ന മുഖത്തേക്ക് തന്നെ…

തനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരാൾ…

ഒടുവിൽ നേരമായപ്പോൾ പുറത്തേക്കിറങ്ങി …

കണ്ണടച്ച് ഒന്നുകൂടി കണ്ണന് നന്ദി പറഞ്ഞു,

അപ്പഴെന്തോ മുന്നിൽ തെളിഞ്ഞത് അയാളായിരുന്നു

“”” രഞ്ചൻ ഫിലിപ്പ് .. “””

ഒരു കുസൃതിച്ചിരിയോടെ …..

“ആരാ കണ്ണാ അത്?”

മുന്നിലൊരു വലിയ സമസ്യയായിരുന്നു അത്….

(തുടരും)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു