അനന്തൻ, തുടർക്കഥയുടെ ഭാഗം 10 വായിക്കുക….

രചന : നിഹാരിക നീനു

” എനിക്ക് …. എനിക്ക് പറയാനുള്ളത്….”

മുഴുവൻ പറയാൻ ഇടക്ക് കയറി പറഞ്ഞു…,

“അനുവിനെ പറ്റി ആണെങ്കിൽ പറയണ്ട എന്ന് ..,

“ഒരു കൂടപ്പിറപ്പിനെ പോലെ, അല്ല അതിനേക്കാൾ ഞാൻ…..

ഒരു ദിവസം യാത്ര പോവുമ്പോൾ വരട്ടെ”” എന്നൊന്ന് പറയാൻ മാത്രം ഞാനവൾക്ക് ആരുമല്ല എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

അത് തന്നെയാ എൻ്റെ കഴിവുകേടും,

ആൾക്കാരെ അളക്കണതിൽ ഞാൻ തോറ്റു ..

അതോണ്ട് ഇനി ആരേ പറ്റിയും അറിയണ്ട…

വിവാഹവും കഴിഞ്ഞല്ലോ …. ഇനി എന്നെ കണ്ടാൽ കൂടെ അറിയുന്നുണ്ടാവില്ല… വേണ്ട ..

കാണുമ്പോ അനന്തേട്ടൻ പറയണം,

ന്നെ ഓർത്തില്ലെങ്കിലും അവള് മാത്രമായിരുന്നു ഈ മനസില് ഇപ്പഴും ന്ന്…

അവളായിട്ട് അറിയിച്ചില്ലെങ്കിലും കേട്ടറിഞ്ഞപ്പോൾ, വിവാഹത്തിൻ്റെ അന്ന് ദീർഘ സുമംഗലിയാവാൻ ഞാൻ ൻ്റെ കണ്ണന് തൃക്കൈ വെണ്ണ നേദിച്ചിട്ടുണ്ടെന്ന്….. ”

അത്രയുo പറഞ്ഞപ്പോഴെക്ക് പൊട്ടിപ്പോയിരുന്നു ഞാൻ..

അപ്പോൾ കേട്ടു നേർത്ത ആ സ്വരം,

“തൻ്റെ വഴിപാട് ഫലിച്ചില്ലല്ലോ തനൂ ” എന്ന്,

സംശയത്തോടെ തിരിഞ്ഞപ്പോൾ കേട്ടു …

“തൻ്റെ അനു ഇപ്പോൾ ഇല്ല!”

എന്ന് ..

വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു പിന്നെ ഓടി അനന്തേട്ടൻ്റെ അരികെ മുട്ടുകുത്തിയിരുന്നു….

“ന്താ… ന്താ ന്നോട് ഇപ്പോ പറഞ്ഞത് …? ”

മിഴികൾ നിറഞ്ഞ് ഒഴുകിത്തുടങ്ങിയിരുന്നു,

“സത്യം … തൻ്റെയാ പഴയ അനു മരിച്ചു.. ഇപ്പോ ഉള്ളത് ജീവിച്ചിരിക്കുന്ന അവളുടെ ജഡം മാത്രം

“നിക്ക് .. നിക്കൊന്നും മനസിലാവണില്ല അനന്തേട്ടാ.. തെളിച്ച് പറയ്വോ ഒന്ന് ….?

ൻ്റെ അനു… എന്താ അവൾക്ക് പറ്റീത്….”

അനന്തേട്ടൻ്റെ തല താണിരുന്നു അപ്പോൾ….

ഒന്ന് ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന സ്വരത്തിൽ പിറുപിറുക്കും പോലെ പറയുന്നുണ്ടായിരുന്നു …

“എല്ലാം .. എല്ലാം എൻ്റെ തെറ്റാ… എന്റെ സ്വാർത്ഥത ……”

കണ്ണുകൾ ഇറുക്കിയടച്ച് പുളയുന്ന വേദന കടിച്ച് പിടിച്ച് അനന്തേട്ടൻ ചുമരിലേക്ക് ചാരി ഇരുന്നു …

ആ നെഞ്ചിലെ ശ്വാസഗതി ഉയർന്നുവന്നു..

അവസാനം ചുമച്ചപ്പോൾ പുറത്തേക്ക് തെറിച്ച ചോരത്തുള്ളികൾ കണ്ട് ഏറെ ഭയത്തോടെ വിളിച്ചു

“അനന്തേട്ടാ ” എന്ന് ..

” ക്ഷമിക്കാൻ പറ്റുവോ തനു എന്നോട് ?? മാപ്പ് തര്വോ താൻ …. ? ”

എന്നു പറഞ്ഞ് വിറയാർന്ന ആ കൈയ്യാലെ എൻ്റെ കൈ പിടിച്ചു..

” എന്തൊക്കെയാ…. അനന്തേട്ടാ? എങ്ങനെയാ ഇയാൾ ക്രിസ്റ്റോ ആയത്?”

ആ പേര് കേട്ട് അനന്തേട്ടൻ ഞെട്ടി എന്നെ നോക്കി…

“തീർന്നില്ല ! എൻ്റെ അനു അവൾക്ക് എന്താ പറ്റിയേ?”

” പറയാം… എല്ലാം താനറിയണം… എല്ലാം”

നേരത്തെ കൊണ്ട് വച്ച വെള്ളം വലം കയ്യാലെ വായിലേക്ക് കമഴ്ത്തി അനന്തേട്ടൻ അപ്പോഴത്തെ വേദനയിൽ നെറ്റി ചുളിയുന്നത് കാണാമായിരുന്നു …

മെല്ലെ ശ്വാസം വലിച്ച് വിട്ട് ചുമരിലേക്ക് ചാരി ഇരുന്നു ..

“ചെറിയച്ഛൻ സ്വത്ത് തട്ടിയെടുത്തതിനേക്കാൾ അമ്മയെ വേദനിപ്പിച്ചത് എന്നെ കള്ളനാക്കാൻ ശ്രമിച്ചപ്പഴായിരുന്നു…

കാരണം പട്ടിണി കിടന്ന് ചത്താലും അന്യൻ്റെ മുതല് ആഗ്രഹിക്കരുതെന്നാ അവര് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്…..

അന്ന് മൂന്ന് കുഞ്ഞുങ്ങടെം കൈയ്യ് പിടിച്ച് ഇറങ്ങി ഈ നാട്ടിൽ വരുമ്പോ മുന്നിൽ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരുന്നു ….

അതിലേക്ക് നീന്താൻ ഉള്ള വഴി മാത്രം അറിയില്ലായിരുന്നു…

ഉള്ളത് വിറ്റ് പെറുക്കി…

ഇവിടെ ഞങ്ങൾ ഒരു കുഞ്ഞു വാടക വീട് ഒപ്പിച്ചു….

അതിനുള്ളിൽ ഞങ്ങടെ സ്വർഗം തുടങ്ങുകയായിരുന്നു…

ഇണക്കങ്ങളും പിണക്കങ്ങളും ആയി ….

അമ്മ നൃത്തം പഠിപ്പിച്ചും തയ്ച്ചും, .മറ്റും ഞങ്ങളെ പഠിപ്പിച്ചു…

എൻ്റെ പഠനം പൂർത്തിയായപ്പോ ഞാൻ കൂടെ കൂടി അമ്മക്ക് സഹായത്തിന് …

എന്തു ചെയ്യുമ്പോഴും മുന്നിൽ ചെറിയച്ഛൻ്റെ മുഖമായിരുന്നു, ആട്ടിയിറക്കി വിട്ട രംഗമായിരുന്നു…

പണം എന്നത് ജീവിതത്തിൽ വലിയ വിലയുള്ള സംഗതിയാണ് എന്ന് എന്നെ പഠിപ്പിച്ചത് അതൊക്കെയാണ്…..

ചെറിയ വരുമാനങ്ങൾ ഒരിക്കലും സംതൃപ്തി തന്നില്ല …

ഉള്ളിൽ ഞങ്ങളെ കബളിപ്പിച്ചവർ നേടിയത് സ്വന്തമാക്കാനുള്ള ത്വര മാത്രമായിരുന്നു ..

അതിനിടയിലാ ഒരുവളെൻ്റെ നെഞ്ചേറിയത്…

തുളസിക്കതിരിൻ്റെ നൈർമ്മല്യമോലുന്നവൾ…

കണ്ണിൽ കുസൃതി ഒളിപ്പിച്ചവൾ..

അവളുടെ കൊലുസിൻ്റെ നാദം മുഴങ്ങിയതെൻ്റെ ഇടനെഞ്ചിലായിരുന്നു …

എൻ്റെ മാത്രം തന്മയ””….

അത്രയും പറഞ്ഞപ്പോഴെക്ക് ഞെട്ടിപ്പിടഞ്ഞ് ഞാൻ നോക്കി…

ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു ..

“നുണയാ.. നുണയാ ഇത് … വീണ്ടും വീണ്ടും നിങ്ങളെന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാ…”

മുഖം പൊത്തി കരഞ്ഞപ്പോൾ കേട്ടു,

“തനൂ…. എന്ന് ….

അത്രമേൽ ആർദ്രമായി…

” ഒരിക്കൽ…. ഒരിക്കൽ ഞാൻ മനസിലിട്ടതാ നിങ്ങളെ ….. ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ കൂടി …

ഇഷ്ടാണോ എന്ന് അറിയില്ലെങ്കിൽ കൂടി.. പക്ഷെ .. പക്ഷെ…. തിരികെ കിട്ടിയത് …..??????

ഇനിയും നുണകൾ പറഞ്ഞെന്നെ പറ്റിക്കല്ലേ അനന്തേട്ടാ… ഒരു പാവം അച്ഛനു വേണ്ടി ,ഞാൻ ജീവിച്ച് തീർത്തോട്ടെ ഈ ജീവിതം…..”

“അറിയാം ഈ ഉള്ള് നിറയെ ഞാനാന്ന്… ഞാൻ മാത്രാണ് എന്ന് … പക്ഷെ തനൂ.. എൻ്റെ സാഹചര്യം…… ”

“വേണ്ട”

മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല, അത്രമേൽ നോവുകയായിരുന്നു ഉള്ളം…..

” ഒരു പാവം പെണ്ണിന് ആശകൊടുത്ത്, പ്രതീക്ഷയുടെ ഒരു തരിമ്പ് പോലും നൽകാതെ ഓടിയൊളിച്ചതിനെ ഇനി നിങ്ങൾ എന്തൊക്കെ ന്യായീകരണം നൽകിയാലും എനിക്കത് കേൾക്കണ്ട അനന്തേട്ടാ… അത്രക്ക്…. അത്രക്ക് ഞാൻ……”

“തനൂ.. ഒക്കെ ശരിയാ… പക്ഷെ ഞാൻ… എനിക്ക് ….. ”

ബാക്കി പറയും മുമ്പ് അവിടം വിട്ട് ഓടിയിരുന്നു ഞാൻ…

ചങ്കുപൊടിഞ്ഞ് കിനിയുന്ന ചോരയോടെ…

❤❤❤❤❤❤❤

കുളിമുറിയിൽ വെള്ളം തുറന്നിട്ട് ഉറക്കെ ഉറക്കെ അലറിക്കരയുമ്പോൾ മറ്റൊന്നും ആലോചിച്ചിരുന്നില്ല

“സ്നേഹാരുന്നു ത്രെ…. സ്നേഹം… ഉമിത്തീയിലെന്ന പോലെ ഉള്ള് പൊള്ളി നീറാൻ വിട്ടിട്ട് ഇപ്പോ സ്നേഹാരുന്നുത്രെ….

കുറേ കരഞ്ഞ് തളർന്നിരുന്നപ്പോൾ ഇത്തിരി ആശ്വാസം തോന്നി..

ചിന്തകൾ എവിടെക്കൊക്കെയോ പാറിക്കളിച്ചു…

പഴയ തന്മയയെ എത്തി പിടിക്കാൻ ശ്രമിച്ചു …

വേഗം അച്ഛൻ്റെ അരികത്തെത്തണം എന്ന് തോന്നി….

മെല്ലെ മുറിയിൽ ചെന്ന് എത്തി നോക്കി..

മരുന്നിൻ്റെ ഫലം…, ഇപ്പഴും ഉറങ്ങുകയാണ് ..

വേഗം കഞ്ഞിക്ക് അരി അടുപ്പത്തിട്ടു… ഉരിയരി കൂടുതൽ ഇട്ടിരുന്നു…..

രണ്ട് പാത്രത്തിലേക്ക് പകർന്ന് ചൂടാറാൻ വച്ചപ്പോഴാണ് ഫോൺ ബെല്ലടിച്ചത്….

ചെന്ന് എടുത്തപ്പോൾ മനസിലായി അപ്പച്ചിയാണെന്ന്…..

അവർ നാട്ടിലേക്ക് തിരിക്കുകയാണ് എന്ന് പറയാൻ….

മറുപടി ഒന്നും പറയാത്തതാവണം ഫോൺ മറുതലക്കൽ നിന്നും കട്ട് ചെയ്തത്….. :

❤❤❤❤❤❤❤❤

ആഹാരത്തിൻ്റെ അരമണിക്കൂർ മുന്നെ ഉള്ള ടാബ്ലറ്റ് എടുത്ത് അച്ഛന്നെ ഉണർത്തി കൊടുത്തു…

ഒരു പാത്രത്തിലെ കഞ്ഞിയുമായി കയ്യാലപ്പുരയിൽ എത്തി….. വാതിൽ തുറന്ന് കടന്നു.

ഉള്ളിലേക്ക് കടന്ന് ചുറ്റും നോക്കി..

ആളെ എങ്ങും കണ്ടില്ല …

വല്ലാത്ത ഭയം തോന്നി … അവിടെ മുഴുവൻ നോക്കി…

എവിടേം ഇല്ല….

“ൻ്റെ കണ്ണാ….. ”

ഭയത്തോടെ നെഞ്ചിൽ കൈവച്ച് ഞാൻ നിന്നു..

(തുടരും)

എത്രത്തോളം നന്നായി എന്നറിയില്ല .. അപ്പോ അനുവിന് സംഭവിച്ചത് നാളെ പറയാം ട്ടോ…

ഇന്ന് പറയാൻ തനു സമ്മതിച്ചില്ലല്ലോ … നാളെ അറിയാം എല്ലാം എന്നിട്ട് തനു തീരുമാനിക്കട്ടെ എന്ത് വേണം എന്ന് …

അനന്തനെ പറ്റിയും നാളെ അറിയാട്ടോ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു