നമ്മുക്ക് രണ്ട് കുട്ടികൾ വേണം.. എനിക്ക് പറ്റില്ല. ഞാനെന്താ കുട്ടികളെ പെറ്റു കൂട്ടുന്ന യന്ത്രമോ

രചന : സജി മാനന്തവാടി

സ്വപ്നങ്ങൾ വിൽപനക്ക്.

❤❤❤❤❤❤❤

“നമ്മുക്ക് രണ്ട് കുട്ടികൾ വേണം. നമ്മൾ രണ്ട് നമ്മുക്ക് രണ്ട് എന്നല്ലെ ഫാമിലി പ്ലാനിംഗിന്റെ മുദ്രാവാക്യം. നീയെന്തു പറയുന്നു ?”

“എനിക്ക് പറ്റില്ല. ഞാനെന്താ കുട്ടികളെ പെറ്റു കൂട്ടുന്ന യന്ത്രമോ? ഒരു കുട്ടി തന്നെ ഇപ്പോ അധികമാ. ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ച് നിങ്ങൾക്ക് വല്ല വിചാരാവുമുണ്ടോ ? നിങ്ങൾ MA എക്കോണോമിക്സ് പാസായിട്ടും ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നുണ്ടോ ? അതോ അറിയില്ലെന്ന് നടിക്കുകയാണോ ?

ഇനി ഇന്ത്യയെക്കാൾ രണ്ടിരട്ടി വലുപ്പമുള്ള ചൈന മാത്രമെ നമ്മുടെ മുന്നിലുള്ളു , എന്നിട്ടും ഇനി വേണം ഇനി വേണം എന്ന ചിന്ത മാത്രം. ”

” എന്റെ പൊന്നു ഭാര്യെ നീ നിന്റെ വാള് ഒന്നുറയിലിടു. ഞാൻ സുല്ലിട്ടു. ഒന്നു മതി . നമ്മൾ രണ്ട് നമ്മുക്കൊന്ന്. എന്താ പോരെ ?”

“അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ പെട്ടെന്ന് നിങ്ങൾക്കെന്താ മനുഷ്യാ വല്ല വെളിപ്പാടും കിട്ടിയോ രണ്ട് കുട്ടികൾ വേണമെന്ന്. ”

” എടി , സോറി മോളെ അവനൊരു കൂട്ട് വേണ്ടേ ? കണ്ടില്ലെ ഒറ്റ മരത്തിലെ കുരങ്ങന്റെ അവസ്ഥയല്ലേ അവന് . ഒന്നുമിണ്ടി പറഞ്ഞിരിക്കാൻ ഒരു സഹോദരനോ സഹോദരിയോ വേണ്ടേ ?

ചൈനക്കാരൻ പോലും അവരുടെ പഴയ നയം മാറ്റി. നീ M Com പാസായിട്ടും HR നെ കുറിച്ച് ഒന്നുമറിയില്ലേ ? മനുഷ്യൻ ഒരു വിഭവമാണെന്ന കാര്യം നിനക്കറിയാമോ ?”

“എനിക്ക് ഇതൊക്കെ അറിയാം. പക്ഷെ പെട്ടെന്ന് ഈ ഐഡിയ തോന്നാനെന്താ കാരണം സെർജി

“സത്യം പറയട്ടെ ഇപ്പോ നമ്മുക്ക് രണ്ട് സ്ഥാപനങ്ങളല്ലെയുള്ളത്. രണ്ടും നല്ല നിലയിൽ പോകുന്നു.

ഒരെണ്ണം നോക്കാൻ നമ്മുടെ പയ്യനെ ഏൽപ്പിക്കാം. മറ്റെ കട ആരെ ഏൽപ്പിക്കും?”

“ഇതു കേട്ടാൽ തോന്നും നിങ്ങൾ നാളെ കാശിക്കു പോകുകയാണെന്ന് . പിന്നെ വേണമെങ്കിൽ ഒരു കട ഞാൻ ഞാൻ കൈകാര്യം ചെയ്യാം. എന്തു പറയുന്നു ? ‘

“സത്യത്തിൽ ഞാനും ആഗ്രഹിച്ചത് ഇതു തന്നെയാണ് . അപ്പോ നാളെ മുതൽ കടയിൽ പോകാൻ റെഡിയായിക്കോ ”

” ഓക്കെ ”

ഭർത്താവും മകനും കാറിൽ പോയതിന് ശേഷം ശാലുവിന്റെ ചിന്ത മുഴുവനും പിറ്റെ ദിവസം കടയിൽ പോകുന്നതിനെ കുറിച്ചായിരുന്നു .

ഇതിനിടയിൽ അലക്ഷ്യമായിട്ടാണ് പ്രാദേശിക ടി വി യിലെ ബ്രെയ്ക്കിംഗ് ന്യൂസ് അവൾ കണ്ടത്.

“പ്രമുഖ വ്യാപാരി രാകേഷും മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ”

ഇടിവെട്ടേറ്റതു പോലെ അവൾ നിന്നു .

എത്ര പെട്ടെന്നാണ് താൻ അനാഥയായതെന്ന് അവൾക്ക് തോന്നി. ഇരുട്ടും ശൂന്യതയും പുതിയ അതിഥികളായി. ജീവിതത്തിൽ ആദ്യമായി ആത്മഹത്യയിലേക്കുള്ള എളുപ്പവഴികളെ കുറിച്ച് അവൾ ചിന്തിക്കാൻ തുടങ്ങി. ഇന്നല്ലെങ്കിൽ നാളെ സുനിശ്ചിതമാണ് മരണമെന്നിരിക്കെ പിന്നെ കുറച്ചധികം കാലം ജീവിച്ചിരുന്നിട്ടെന്തു നേട്ടം? സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുകളില്ലെങ്കിൽ ജീവിച്ചിരിക്കുന്നതെന്തിന്?

ഒരോന്ന് ചിന്തിച്ചു കൂട്ടുന്ന സമയത്താണ് ഉറ്റ സുഹൃത്തായ കൃഷ്ണ വിളിച്ചത്. പല തവണ ഫോൺ ബെല്ലടിച്ചതിനു ശേഷമാണ് ശാലു ഫോൺ അറ്റെൻഡ് ചെയ്തത്.

” എടി ശാലു ഞാൻ നിന്റെയടുത്തേക്ക് വരുന്നു. നമ്മുക്ക് ഒരിടം വരെ പോകണം. നീ എന്റെ കൂടെ വന്നേ പറ്റു. ”

മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് കൃഷ്ണ ഫോൺ കട്ടാക്കി.

അര മണിക്കൂർ കഴിഞ്ഞതും മുറ്റത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു. വാതിൽ തള്ളി തുറന്ന് കൃഷ്ണ അകത്തേക്ക് കയറി വന്നു.

” എടി ശാലു എനിക്കറിയാമായിരുന്നു നീ അവിടെ നിന്ന് എഴുന്നേൽക്കില്ലെന്ന് . മാത്രമല്ല നീ ചിന്തിച്ചു കൂട്ടുന്നത് ആത്മഹത്യയെ കുറിച്ചാണെന്നും എനിക്കറിയാം. നീന്റെ അടുത്ത കൂട്ടുക്കാരിയെന്ന നിലയിൽ ഞാനും അതിനോട് യോജിക്കുന്നു.

പക്ഷെ ഇന്ന് നീയെന്റെ കൂടെ വരണം എന്നിട്ട് നാളെ നീ ആത്മഹത്യ ചെയ്തോളൂ.”

അവൾക്ക് എന്ത് മറുപടി പറയണമെന്നറിയാതെ ശാലു കുഴങ്ങി.

ശാലുവിനെയും കൊണ്ട് കൃഷ്ണ ആദ്യം പോയത് റീജനൽ കാൻസർ കെയർ സെന്ററിലേക്കായിരുന്നു.

അവിടെ മരണത്തെ മുഖാമുഖം കാണുന്ന അനേകർക്കിടയിലൂടെ അവർ നടന്നു.

“ശാലു ഇവരിൽ ആരെങ്കിലും മരിക്കാൻ തയ്യാറാണോയെന്ന് ചോദിച്ചു നോക്ക്. ശരീരം നുറുങ്ങുന്ന വേദനയുമായി ജീവിക്കുന്നവർക്കും മരിക്കാൻ ആഗ്രഹമില്ല. ഇവിടെ ജീവിക്കാൻ നമുക്ക് ഒരവസരം മാത്രമേയുള്ളു. നമ്മൾ സ്നേഹിച്ചവർ നമ്മെ വിട്ടു പോയെങ്കിലും ഈ ലോകത്ത് ഒരിറ്റു സ്നേഹത്തിന് വേണ്ടി കൊതിക്കുന്നവർ ഒരുപാടുണ്ട്. ഒരല്പം അവർക്ക് കൊടുത്തു കൂടെ?”

ശാലു മറുപടി പറഞ്ഞില്ലെങ്കിലും ജീവിക്കണമെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു. പിന്നീട് അവർ പോയത് ഒരു അനാഥ മന്ദിരത്തിലേക്കാണ്. വളരെ ചെറിയ കുട്ടികൾ മാത്രം താമസിക്കുന്ന അനാഥ മന്ദിരം .

” ശാലു ഇവരും മനുഷ്യരാണ്. നമ്മുടെ സ്നേഹം കൊതിക്കുന്നവർ. ഇവരിൽ ഒരാളെ ദത്തെടുത്തു കൂടെ? ഇനി അത് പറ്റില്ലെങ്കിൽ ഇടക്ക് ഇവിടെ വരു. നീയെന്തു പറയുന്നു ?”

ഉത്തരമൊന്നും അവൾ പറഞ്ഞില്ലെങ്കിലും ജീവിതത്തിന്റെ പുതിയ അർത്ഥങ്ങൾ അവളുടെ മുന്നിലേക്ക് വന്നു കൊണ്ടിരുന്നു.

തിരികെ വീട്ടിലെത്തിയ ഉടനെ കൃഷ്ണ പറഞ്ഞു

” നാളെ മുതൽ നീ സ്ഥാപനങ്ങളിൽ പോയി തുടങ്ങണം. ഇന്ന് നമ്മൾ കണ്ട കാൻസർ രോഗികളെ സഹായിക്കാൻ ശ്രമിക്കണം. പിന്നെ പറ്റുമെങ്കിൽ അനാഥ മന്ദിരത്തിൽ ഇടയ്ക്ക് പോകണം. നീ മാത്രമല്ല ഇവിടെ അനഥായായിട്ട് എന്ന കാര്യം ഓർമ്മിക്കണം. പിന്നെ ഞാനുള്ളപ്പോൾ നീയെങ്ങിനെയാണ് അനഥായാകുന്നത് ? നമ്മുക്കൊരുമിച്ച് ഈ ലോകമൊന്നു കാണണ്ടെ ? ”

“പക്ഷെ മറ്റുളളവരെന്ത് വിചാരിക്കും?”

“ഹലോ, ഈ മറ്റുള്ളവർ എന്തു വിചാരിക്കും എന്നതാണ് നാമി ലോകത്തൊരുക്കുന്ന ഏറ്റവും ഇടുങ്ങിയ തടവറ. ഇത്തരം തടവറകൾക്കുള്ളിൽ ജീവിതം ഹോമിക്കണോയെന്ന് നീ തന്നെ തീരുമാനിക്ക്

ശൈത്യകാലം മാറുന്നതും വസന്തകാലത്തിലെ പൂക്കളും പൂമ്പാറ്റകളും ശാലുവിന്റെ മുഖത്ത് വിരിഞ്ഞിറങ്ങുന്നതും സന്തോഷത്തോടെ കൃഷ്ണ നോക്കി നിന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി മാനന്തവാടി