അവളോട് തന്റെ ഇഷ്ടം പറഞ്ഞിട്ടില്ല.. പിന്നെന്തിന് അവളെ വെ- റുക്കണം…

രചന : Deepa Shajan

പ്രണയം

❤❤❤❤❤❤❤

ബന്ധു വീട്ടിൽ കല്യാണത്തിന് പോയിട്ടു വരികയായിരുന്നു അശ്വിനും അമ്മ രമയും..

‘അമ്മേ… അമ്മേ……..അമ്മോ..’

‘എന്നതാടാ അച്ചു.. നീ പാട്ടുപാടി പഠിക്കുവാണോ.. കമ്മെ .. കമ്മേന്ന്.. എനിക്ക് ചെവി കേൾക്കാം… എന്താന്ന് വച്ചാ പറയ്..’

‘അല്ലമ്മേ.. ഈ ആൾക്കാര് എന്തിനാ കല്യാണം കഴിക്കണേ.?’

‘അത്.. അത് .. ഒരു കുടുംബമായിട്ട് ജീവിക്കാൻ..’

‘എന്നിട്ടോ’

‘എന്നിട്ട് അച്ചുക്കുട്ടനെപ്പോലെ നല്ല മക്കളുണ്ടാകും..’

‘അപ്പൊ നമ്മുടെ വീട്ടിലെ കുറിഞ്ഞിപ്പൂച്ചയും ജൂലിപ്പട്ടിയും ഒക്കെ കല്യാണം കഴിച്ചതാ അല്ലെ..’

‘നിനക്കിപ്പോ എന്താ അറിയണ്ടേ..’

‘കല്യാണം കഴിഞ്ഞാൽ അമ്മയും അച്ഛനും താമസിക്കുന്നപോലെ ഒരേ വീട്ടിൽ താമസിക്കും അല്ലെ..’

‘പിന്നില്ലാതെ..’

‘അമ്മേ ഞാൻ ഒരു കാര്യം പറയട്ടെ.. ദേഷ്യപ്പെടരുത്.. പെട്ടെന്നൊരു തീരുമാനം എടുക്കാൻ ഞാൻ പറയില്ല.. ‘

‘എന്നതാടാ ചെറുക്കാ കൊച്ചുവായിൽ വല്യ വർത്താനം…’

‘അമ്മ വഴക്കു പറയുവാണേൽ ഞാൻ പറയില്ല..’

‘ഇല്ല.. മോൻ പറയ്.. എന്താ’

‘അതേ അമ്മേ..’

അവൻ നാണത്തോടെ മുഖം കുനിച്ചു. എന്നിട്ട് പറഞ്ഞു.

‘ഞാൻ കല്യാണം കഴിക്കുമ്പോ ഇല്ലേ. തെക്കേലെ വീണേനെ കൊണ്ട് കല്യാണം കഴിപ്പിക്കണേ..’

രമ മൂക്കത്ത് വിരൽ വച്ചു..

‘അമ്പട കേമാ.. നീയാള് കൊള്ളാല്ലോ.. മൊട്ടേന്നു വിരിയുന്നേനു മുന്നേ.. മോനെത്രാം ക്ലാസ്സിലാ പഠിക്കുന്നെ?’

അച്ചു ചമ്മലോടെയും അതിലേറെ നാണത്തോടെയും തറയിലേക്ക് നോക്കി പറഞ്ഞു..

‘മൂന്നില്’

‘മൂഞ്ഞില്… നാണമില്ലല്ലോ.. ആദ്യം മോൻ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും കോളജിലും ഒക്കെ പഠിച്ചിട്ട് നല്ല ജോലിയൊക്കെ വാങ്ങി മിടുക്കൻ കുട്ടനാവാൻ നോക്ക് അപ്പൊ ആലോചിക്കാമെ..’

അച്ചുക്കുട്ടന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

*********

അച്ഛൻ ഗൾഫിൽ ആയതുകൊണ്ടും അമ്മ പഠിപ്പിക്കുന്ന സ്കൂൾ അടുത്തായതുകൊണ്ടുമാണ് അച്ചുവും അമ്മയും അമ്മയുടെ വീട്ടിൽ നിൽക്കുന്നത്.. അമ്മയുടെ വീടിന്റെ പരിസരത്തെങ്ങും കുട്ടികളില്ല. ഒറ്റക്ക് കളിക്കണം.

ഒറ്റക്കായതുകൊണ്ട് അപ്പൂപ്പനും അമ്മമ്മയും പുറത്തേക്കെങ്ങും വിടില്ല.. എപ്പോഴും വീട്ടിലും മുറ്റത്തും ഒക്കെയായി കളിക്കണം. അല്ലെങ്കിൽ ടി വി കാണണം.

അച്ഛൻ നാട്ടിൽ വരുമ്പോഴും അവധിയുള്ളപ്പോഴും അച്ചു അച്ഛൻറെ വീട്ടിൽ പോകും. അവിടെ കാവും കുളവും പാടവും തോടും പുഴയും പിന്നെ ഒരുപാട് പറമ്പും ഒക്കെയുണ്ട്. പിന്നെ കൂടെ കളിക്കാൻ ഉണ്ണികുട്ടനും ചന്തുവും ആൽബിയും റെയ്ഹാനും ശ്രീക്കുട്ടിയും വീണയും മഞ്ജിമയും എല്ലാരുമുണ്ട്..

ഇതിൽ ആരുടെയേലും വീട്ടിന്റെ അടുത്തുള്ള പറമ്പിലായിരിക്കും കളിക്കാൻ പോകുന്നത്..

അമ്മക്ക് ഇതിലൊക്കെ ദേഷ്യമുണ്ട്.. പക്ഷെ ‘അമ്മ അവനെ തടയുമ്പോഴേ അച്ഛമ്മ പറയും..

‘രമേ.. നിന്റെ കെട്ടിയോനും ഇവിടൊക്കെ തന്നെ കളിച്ചു വളർന്നതാ.. അവന്റെ കൂട്ടുകാരുടെ മക്കളൊക്കെയാ ഇപ്പൊ നിന്റെ മോന്റേം കൂട്ടുകാർ… എപ്പോഴും അവനെ വീട്ടിൽ കെട്ടിയിട്ടാൽ അവന്റെ കയ്യും കാലും ഒക്കെ ആടണ്ടേ.. അങ്ങനാ പിള്ളേര് വളരണ്ടത്.. അല്ലാതെ എപ്പോഴും വീട്ടിൽ കുത്തിയിരുന്നു ആ പെട്ടീം കണ്ടോണ്ടല്ല.’

അമ്മക്ക് മനസ്സില്ലേലും സമ്മതിക്കും.

അവിടത്തെ തെക്കേലെ വീട്ടിലെ ഇളയ കുട്ടിയാണ് വീണ. ചന്തുവിന്റെ അനിയത്തി.. അവൾ രണ്ടാം ക്ലാസ്സിലാ.. പെണ്കുട്ടികൾക്ക്‌ ചന്തൂന്ന് പേരിടില്ലല്ലോ.. അല്ലെങ്കിൽ അവൾക്കായിരുന്നു ചന്തൂന്ന് പേരിടേണ്ടത്.. അത്രക്ക് ചന്തമാ അവളെ കാണാൻ… എങ്ങനാ പറയുക.. നല്ല വിടർന്ന കണ്ണും ചുരുണ്ട മുടിയും ചിരിക്കുമ്പോ ഉള്ള നുണക്കുഴിയും.. പിന്നെ എന്ത് നല്ല ശബ്ദമാണെന്നോ അവൾടെ..

പിന്നേം ഒരുപാടുണ്ട്.. അവൾ സംസാരിക്കുന്ന രീതി.. നടത്തം.. എല്ലാം.

അതുകൊണ്ടാണ് നമ്മുടെ അച്ചുക്കുട്ടൻ അമ്മയോട് അങ്ങനെ ചോദിച്ചത്..

കളിക്കുമ്പോഴൊക്കെ അവളെ നോക്കിയിരിക്കുമെന്നല്ലാതെ നേരിട്ട് മിണ്ടാനേ പേടിയായിരുന്നു.. പക്ഷെ അമ്മയിപ്പോ ഈ കല്യാണത്തിന് സമ്മതിച്ച സ്ഥിതിക്ക് ഇപ്പോ ചെറുതായിട്ട് പേടി കുറവാ.. പിന്നെ അവൻ കളിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ണിക്കുട്ടനോട് രഹസ്യമായി പറഞ്ഞു.

‘എടാ വീണയെ കല്യാണം കഴിക്കാൻ ‘അമ്മ സമ്മതിച്ചു.. അമ്മ സമ്മതിച്ചാൽ ഉറപ്പാ അച്ഛനും സമ്മതിക്കും.’

പെട്ടെന്ന് തന്നെ ഉണ്ണിക്കുട്ടൻ വിളിച്ചു പറഞ്ഞു

‘എടീ.. വീണേ.. നീയിവനെ കല്യാണം കഴിക്കാൻ പോവാണോ’

പെട്ടെന്ന് കേട്ടുടനെ വീണ കരഞ്ഞു കൊണ്ട് ഓടി.

വീട്ടിൽ ചെന്നപ്പോൾ വീണയുടെ അമ്മയും ഉണ്ടായിരുന്നു അവിടെ എല്ലാരും അവനെ നോക്കി ചിരിക്കാൻ തുടങ്ങി..

‘അല്ല മരുമോനെ.. വീണേ കെട്ടാൻ ഞങ്ങടെ അനുവാദം വേണ്ടേ..’

‘അമ്മ പറഞ്ഞല്ലോ ജോലിയൊക്കെ കിട്ടിക്കഴിഞ്ഞിട്ട് സമ്മതിക്കാമെന്നു..’

എല്ലാവരും ചിരിച്ചു..

*******

അങ്ങനെ ഓരോ അവധിക്കും അച്ചു അച്ഛന്റെ വീട്ടിൽ പോകും. വീണയെ കാണാൻ മാത്രം.. ഓരോ പോക്കിലും അവൾ കൂടുതൽ സുന്ദരിയായി അവന്റെ ഇഷ്ടവും കൂടിക്കൂടി വന്നു..

പത്താം ക്ലാസ്സിലെ അവധിക്ക് നാട്ടിലെ ഉത്സവത്തിന്റെ സമയം. അമ്പലത്തിൽ അവളും ഉണ്ട്..

ഉത്സവപിറ്റേന്ന് അവൻ പോവുകയാണ്.

അച്ഛന്റേം അമ്മേടേം കൂടെ ഗൾഫിൽ.. അവിടെ ഏതോ നല്ല സ്കൂളിൽ അവന് അഡ്മിഷൻ കിട്ടി..

അന്നാണ് അവളെ കൂടുതൽ സുന്ദരിയായി അവൻ കാണുന്നത്.. അവസാനമായും.. പട്ടുപാവടയിട്ട്.. തലയിൽ മുല്ലപ്പൂ ചൂടി.. താലപ്പൊലിയേന്തി.. ആ താലത്തിലെ പൂക്കളൊക്കെ അവൾടെ മുന്നിൽ ഒന്നുമില്ലായിരുന്നു.. അതിലെ ചിരാതിനേക്കാൾ അവളുടെ കണ്ണിലെ തിളക്കം കൂടുതൽ പ്രകാശിക്കുന്നുണ്ടായിരുന്നു.. അന്ന് അമ്പലത്തിൽ നടന്ന കോമഡി ഷോ കണ്ടിട്ടുള്ള അവളുടെ ചിരിയിൽ കുപ്പിവളക്കിലുക്കം ഉണ്ടായിരുന്നു.. ഉത്സവത്തിന്റെ സമാപനത്തോടെ നടന്ന കരിമരുന്നു പ്രയോഗം ഓരോ പൂത്തിരി കത്തുമ്പോഴും അവളുടെ മുഖം വിടരുന്നത് കാണാൻ നല്ല ചന്തമായിരുന്നു…

പക്ഷെ ഒരുപാട് വിഷമത്തോടെ അവൻ പിറ്റേദിവസം അച്ഛന്റെ അടുത്തേക്ക് പറന്നു..

********

പ്ലസ് ടു കഴിഞ്ഞ് അവനെ അച്ഛൻ അവിടുന്ന് നേരെ സെൻട്രൽ അമേരിക്കയിലേക്ക് അയച്ചു മെഡിസിൻ പഠിക്കാൻ… അവിടെ അച്ചുവിന്റെ അച്ഛന്റെ ഒരു ബന്ധുവിന്റെ മകനും പഠിക്കുന്നുണ്ടായിരുന്നു..

ഇതിനിടെ രണ്ടു തവണ അവൻ നാട്ടിൽ വന്നു അച്ചച്ചനും അച്ഛമ്മയും മരിച്ചപ്പോൾ.. പക്ഷെ വീണയെ കാണാൻ പറ്റിയില്ല. അവൾ കോയമ്പത്തൂരിൽ എന്ജിനീയറിങ്ങിന് പഠിക്കുകയായിരുന്നു.

അച്ചച്ചനും അച്ഛമ്മയും പോയത്തിനുശേഷം അച്ഛൻ ആ വീടും സ്ഥലവും വിറ്റു.. പിന്നെ അവിടവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല..

പഠിത്തം കഴിഞ്ഞതിനുശേഷം അമേരിക്കയിൽ ജോലിയായി. അച്ഛനെയും അമ്മയെയും അങ്ങോട്ടേക്ക് കൊണ്ടുപോയി. അതിനു ശേഷമാണ് അവൻ അവന്റെ ആഗ്രഹം അവരോട് പറഞ്ഞു..

‘അമ്മേ.. പണ്ട് എനിക്ക് ‘അമ്മ ഒരു വാക്ക് തന്നതോർക്കുന്നോ..’

‘എന്താടാ അച്ചു.. ഓർമയില്ല’

‘വീണേടെ കാര്യം’

‘എന്റെ ദൈവമേ.. വല്യ ഡോക്ടർ ആയിട്ടും കുഞ്ഞുന്നാള് പറഞ്ഞ കാര്യം ഇപ്പോഴും മനസ്സിൽ വച്ചേക്കുന്നോ.. ‘

‘ഏതാടീ രമേ ഈ പുതിയ കഥാപാത്രം വീണ. ഇവനങ്ങനെ കോളേജിൽ ചുറ്റിക്കളിയൊന്നും ഉള്ളതായിട്ട് അറിവില്ലല്ലോ’

‘എന്റെ ഗംഗേട്ടാ.. നമ്മുടെ വീടിന്റെ തെക്കേലെ വിജയൻ ചേട്ടനില്ലേ പട്ടാളത്തിലൊണ്ടാരുന്ന.. ആ പുള്ളീടെ മോൾടെ കാര്യമാ ഇവൻ പറയുന്നേ..’

‘ഓ.. മനസ്സിലായി..അതിനിവൻ വളർന്നതിനു ശേഷം അവിടെ പോയിട്ടില്ലല്ലോ.. പിന്നെങ്ങനെ’

‘ഇത് വളരുന്നേന് മുന്പു തുടങ്ങിയതാ… മൂന്നിലോ നാലിലോ എങ്ങാണ്ട് പഠിക്കുമ്പോ എന്നോട് ചോദിച്ചതാ അവളെ കെട്ടിച്ചു തരാമോന്നു.. ‘

‘അമ്പട വീരാ…’

അച്ഛന്റെ കണ്ണുതള്ളി..

‘കണ്ടോ അന്നെന്റേം പ്രതികരണം ഇതുതന്നെയായിരുന്നു..’

‘അവൾ ഇനി പത്താംക്ലാസ്സിൽ തോറ്റതാണേലും എന്റെ മോന്റെ ഇഷ്ടം ഞാൻ നടത്തിക്കൊടുക്കും..’

‘പിന്നേ.. അവള് പത്താം ക്ലാസ്സിൽ തോറ്റതൊന്നുമല്ല.. അന്ന് അവസാനം നാട്ടിൽ പോയപ്പോൾ എന്ജിനീയറിങ്ങിന് പഠിക്കുവാരുന്നു… ‘

‘അയ്യടാ.. പൊന്നുമോനെ ഡീറ്റൈൽസ് ഒക്കെ എടുത്തു വച്ചിട്ടുണ്ടല്ലേ..’

അച്ചുവിന് വീണ്ടും ചമ്മലായി..

***********

ചുവന്ന പട്ടുസാരിയിൽ വീണ കൂടുതൽ സുന്ദരിയായിരുന്നു.. അച്ചു അവളുടെ നിറുകയിൽ സിന്ദൂരം തൊട്ടു.. ദിനരാത്രങ്ങൾ കടന്നു പോയി..

അവർക്ക് ഒരു സുന്ദരിമോളുണ്ടായി..

വീണയെപ്പോലെ തന്നെ….

***********

‘എടാ മോനെ അച്ചു എണീക്ക്.. ദാ സ്ഥലം എത്തി.. കാറിലിരുന്ന് ഉറങ്ങുന്നോ

‘ഛേ.. സ്വപ്നം ആയിരുന്നോ.. അതേ നടക്കാൻ ഇനി അധികം കാലതാമസമില്ലാത്ത സ്വപ്നം..’

അച്ചു സ്വയം ചിരിച്ചു കാറിൽ നിന്നിറങ്ങി… മുടിയൊക്കെ ഒതുക്കി.. വീണയുടെ വീട്ടിലേക്ക് കയറിച്ചെന്നു..

അവളുടെ അച്ഛൻ ചാരുകസേരയിൽ ഇരിപ്പുണ്ടായിരുന്നു..

‘അല്ലാ.. ഇതാര്.. വീടു വിറ്റതിൽ പിന്നെ സ്വന്തം നാടിനേം നാട്ടാരേം മറന്നു അല്ലെ… എടിയെ..

ഇങ്ങുവന്നെ ആരൊക്കെയാ വന്നേക്കുന്നെന്നു നോക്കിക്കേ.. .’

‘അങ്ങനെയങ്ങു മറക്കാൻ പറ്റുമോ വിജയാ..

ഇനിയിപ്പോ നാടുമായിട്ടുള്ള ബന്ധം ഒന്നൂടെ പുതുക്കാമല്ലോ.. ‘

വിജയന് അതിന്റെ അർത്ഥം ശരിക്കു മനസ്സിലായില്ലെങ്കിലും ചിരിച്ചു.

അപ്പോൾ വീണയുടെ ‘അമ്മ വന്നു..

‘ശോ.. ഇതാരൊക്കെയാ.. എത്രനാളായി കണ്ടിട്ട്..

സുഖമാണോ രമേ.. നിങ്ങളിപ്പോ ദുബായിൽ തന്നെയാണോ..’

‘അല്ല ശാരദേച്ചി.. ഇപ്പൊ മോന്റെ കൂടെ അമേരിക്കയിൽ . അവനവിടെ ഡോക്ടർ അല്ലെ..’

‘അതെയോ… മിടുക്കൻ. ഞങ്ങടെ ചന്തു ഇപ്പൊ ഗൾഫിലാ.. മസ്കറ്റില്.. പെണ്ണ് നോക്കുന്നുണ്ട്..

മോന്റെ കല്യാണം ആയോ..’

‘അതുപറയാനാ ഞങ്ങള് വന്നത്.. ശാരദേച്ചി ഓർക്കുന്നോ പണ്ട് ഇവൻ പറഞ്ഞത് ഇവിടത്തെ വീണേ കല്യാണം കഴിക്കണമെന്ന്..

നമ്മളന്നൊരുപാട് ചിരിച്ചില്ലേ..’

‘ശരിയാ.. കുട്ടിക്കാലത്തു ഇതുങ്ങളൊക്കെ എന്തു രസമായിരുന്നു..’

‘അതല്ല ശാരദേച്ചി.. അന്നിവൻ പറഞ്ഞത്..

ഇപ്പോഴും മനസ്സിലിട്ടൊണ്ടിരിക്കുവാ..

ഞങ്ങൾ വീണമോളെ ഞങ്ങടെ മോളായിട്ട് തരുമോന്ന് ചോദിക്കാൻ വന്നതാ..’

ചിരിച്ചുകൊണ്ടിരുന്ന അവരുടെ മുഖം വിളറി…

‘എന്താ നിങ്ങൾക്ക് താത്പര്യമില്ലേ… ഞങ്ങൾക്ക് മോളെ മാത്രം തന്നാൽ മതി. പൊന്നു പോലെ നോക്കിക്കോളാം..’

‘അയ്യോ.. താത്പര്യക്കുറവോ… ഞങ്ങൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമാ ഇത്..

പക്ഷെ..’

ശാരദ ഒന്നും പറയാതെ അകത്തേക്കു പോയി

‘എന്തുപറ്റി വിജയാ പറയ്..’

‘അവൾ കോയമ്പത്തൂര് എന്ജിനീയറിങ്ങിന് പഠിക്കുവായിരുന്നല്ലോ.. അവിടെ ഒരു തമിഴൻ പയ്യനുമായി സ്നേഹത്തിലായി.. പഠിത്തം കഴിഞ്ഞു അവൾ ഇങ്ങോട്ടു വന്നില്ല.. അവൾടെ വരവും കാത്തിരുന്ന ഞങ്ങലോട് അവള് ഫോൺ ചെയ്തു പറഞ്ഞു അവന്റെ കൂടെ പോവാന്ന്.. കരഞ്ഞു നോക്കി.. കെഞ്ചി നോക്കി.. കാലുവരെ പിടിച്ചു… അവൾ വന്നില്ല.. പിന്നെ പുകഞ്ഞ കൊള്ളി പുറത്തെന്ന് ഞങ്ങളും കരുതി..അവള് ഒറ്റയൊരുത്തി കാരണമാ ഞങ്ങളുടെ മോനൊരുത്തനൊള്ളത് നാടുവിട്ട് പുറം നാട്ടിൽ പോയി ജീവിക്കുന്നത്..’

ഭൂമി പിളർന്നു താൻ അഗാധ ഗർത്തിലേക്ക് പതിക്കുന്നത് പോലെയാണ് അച്ചുവിന് തോന്നിയത്..

അവൻ ആരോടും ഒന്നും പറയാതെ കാറിൽ പോയിരുന്നു..

**********

ഒരാഴ്ച്ചക്ക് ശേഷം അച്ചു അലസമായി ടി വി ചാനൽ മാറ്റിക്കൊണ്ടിരുക്കുകയായിരുന്നു…

ചന്ദ്രോത്സവം സിനിമ നടക്കുന്നു.. അപ്പോൾ ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു.. വീണ സുബ്രമണ്യൻ..

അവൻ അത് ആക്സപ്റ്റ് ചെയ്തു.. തലനിറയെ മുല്ലപ്പൂ വച്ചിട്ടുണ്ട്.. ഒരു സാമാന്യം സുന്ദരനായ ചെറുപ്പക്കാരന്റെ നെഞ്ചിൽ ചേർന്നു നിന്നുള്ള ഫോട്ടോ പ്രൊഫൈലിൽ…

അവൾ അവന് മെസ്സേജ് ചെയ്തു..

‘അച്ഛൻ അറിയാതെ ‘അമ്മ എന്നെ ഫോണിൽ വിളിക്കാറുണ്ട്..ചേട്ടൻ അവിടെപ്പോയകാര്യമൊക്കെ ഞാൻ അറിഞ്ഞു.. സോറി ചേട്ടാ..ഞാൻ..

എന്നോട് ക്ഷമിക്കണം..’

അവൻ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തു..

അതേ സമയം ടി വി യിൽ ലാലേട്ടന്റെ ഡയലോഗ്

‘ഒരാളെപ്പോലെ എഴുപേരുണ്ടാകും എന്നു പറയുന്നത് വെറുതെയാ.. ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു.. ‘

‘ശരിയാ ലാലേട്ടൻ പറഞ്ഞത്… പാവം അവളോട് തന്റെ ഇഷ്ടം പറഞ്ഞിട്ടില്ല.. പിന്നെന്തിന് അവളെ വെറുക്കണം.. പക്ഷെ ഇനി അവളോട് മിണ്ടിയാൽ ശരിയാവില്ല.. അവൾക്കൊരു കുടുംബം ഉണ്ട്..ഞാനായിട്ട് അത് തകരരുത്… അത്രക്കും സ്‌നേഹിക്കുന്നുണ്ട് അവളെ..’

അച്ചുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റുവീണു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Deepa Shajan


Comments

Leave a Reply

Your email address will not be published. Required fields are marked *