ചേച്ചി പുണ്യം ചെയ്തവളാണ് , അതു കൊണ്ടാണ് ഇതു പോലൊരു ഭർത്താവിനെ കിട്ടിയത്…

രചന: Omesh Thyparambil

പ്രണയിക്കുകയായിരുന്നു നാം….

❤❤❤❤❤❤❤❤

“ഇക്കാ … ഇത്താസിന്റെ കൈയ്യിൽ നിന്നും ഒരു രണ്ടായിരം രൂപ വാങ്ങീട്ടുണ്ടേ . ശമ്പളം കിട്ടുമ്പോൾ തിരിച്ചു തരാം ” .

“കുറെയായല്ലോ നീ ശമ്പളം കിട്ടുമ്പോൾ തരാമെന്ന് പറഞ്ഞ് മേടിക്കാൻ തുടങ്ങിയിട്ട് .

ചോദിക്കുമ്പോൾ കൊടുക്കാൻ ഒരു ഇത്തയും .

ഇന്ന് എങ്ങോട്ടാ പത്രാധിപർ ? ”

ഫൈസൽ തന്റെ അനുജൻ ജംഷിയോട് പരിഹാസത്തോടെ ആണ് ചോദ്യമെറിഞ്ഞത് .

അറിയപ്പെടുന്ന ഒരു പത്രത്തിലെ ജേർണലിസ്റ്റ് ആണ് ജംഷി .

“വാലന്റൈൻസ് ഡേയ്ക്ക് ഒരു സപ്ലിമൻറ് ഇറക്കുന്നുണ്ട് . കുറച്ച് തട്ടുപൊളിപ്പൻ പ്രേമക്കഥകൾ വേണം

അതിനു പറ്റിയ സ്ഥലം ക്യാമ്പസല്ലേ ?

അങ്ങോട്ടേക്കാ . അതാകുമ്പോ കുറച്ച് മൊഞ്ചത്തികളെ വളക്കുകയും ചെയ്യാമല്ലോ

ചങ്ങാതിമാരെ പോലെ ആയതിനാൽ ജംഷി ഇക്കായോട് ഒന്നും മറയ്ക്കാൻ പോയില്ല .

“വിഷയം പ്രണയമാണെങ്കിൽ നീ ക്യാമ്പസിലേക്ക് അല്ല പോകേണ്ടത് , മറ്റൊരിടത്തേക്കാണ്

യഥാർത്ഥ പ്രേമം എന്താണെന്ന് അവിടെ ചെന്നാൽ നിനക്ക് മനസ്സിലാകും . നിന്റെ സ്വഭാവം ഉള്ളവർ അറിഞ്ഞിരിക്കേണ്ടതാണ് ആ അപൂർവ്വ രാഗം ” .

തന്റെ ഇക്ക അത്രയേറെ വികാരത്തോടെ ആ വിഷയം അവതരിപ്പിച്ചപ്പോൾ ജംഷിക്ക് അതറിയാനായി ആവേശമായി . അനിയനു വേണ്ടി ഫൈസൽ പഴയ ഓർമ്മകൾ വീണ്ടും പൊടി തട്ടിയെടുത്തു .

“ഞാനും സുധിയും കോളേജിൽ ഒരേ ക്ലാസ്സിൽ ,

ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച ആത്മ സുഹൃത്തുക്കൾ ആയിരുന്നു .

ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു .

കോളേജിലെ അറിയപ്പെടുന്ന കവിയും ,

ഗായകനുമായ സുധി ആർട്സ് ക്ലബ് സെക്രട്ടറി കൂടി ആയിരുന്നു ” .

ഫൈസൽ തന്റെ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി .

“ഫൈസി .. ഈ ശനിയും ഞായറും അവധി പ്രഖ്യാപിച്ചവനെ കണ്ടാൽ തല്ലണം ” .

കട്ടിലിൽ ചാരിയിരുന്ന് കുറേ നേരത്തേ ആലോചനയ്ക്ക് ശേഷമായിരുന്നു സുധി അത് പറഞ്ഞത് .

“മനുഷ്യനിവിടെ ഈ രണ്ടു ദിവസം പോരാതെ തിങ്കളാഴ്ച സമരം ആയിരിക്കണേ എന്ന് പ്രാർത്ഥിക്കുവാണ് . അപ്പോഴാണ് അവന്റെ ഒരു … ”

സുധിയുടെ വാക്കുകൾ എന്നെ ചെറുതായി ചൊടിപ്പിച്ചിരുന്നു .

“അതല്ലടാ ഫൈസി , അവളെ രണ്ടു ദിവസം കാണാതിരിക്കണം എന്നോർത്തപ്പോൾ ! ” .

ആ മറുപടി എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചതേ ഉള്ളൂ .

“ഒരു വർഷത്തോളമായില്ലേ നീ അവളുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട് . ആദ്യം നീ തന്റേടത്തോടെ പോയി അവളോട് ഇഷ്ടമാണെന്ന് പറ

അതു കേട്ട് ഒരു ചെറിയ ചമ്മൽ അവന്റെ മുഖത്ത് തെളിഞ്ഞിരുന്നു .

“തന്റേടമില്ലാഞ്ഞിട്ടല്ല , ഞാൻ ചെന്ന് പറയുമ്പോൾ അവൾ ഇഷ്ടമല്ലെന്നെങ്ങാനും പറഞ്ഞാൽ കോളേജിലെ എന്റെ ഇമേജ് പോവില്ലേ ? ”

എനിക്കെന്റെ കൺട്രോൾ മുഴുവനായി നശിക്കുമെന്ന് തോന്നി .

“നിന്റെ ഇമേജ് , തേങ്ങാക്കുല …. വെക്കേഷൻ അടുക്കാറായി . ഈ രണ്ടു ദിവസം അവളെ കാണാതിരിക്കാൻ ആവാത്ത നീ രണ്ടു മാസം അവധി ആകുമ്പോൾ എന്തു ചെയ്യും . കഞ്ചാവും വലിച്ച് , താടിയും വളർത്തി നടക്കുമോ ? കോളേജ് അടക്കുന്നതിനു മുന്നേ പോയി പറയാൻ നോക്ക് ” .

എന്റെ ആ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടി എന്നെനിക്ക് മനസ്സിലായി . അവളോട് ഇഷ്ടം തുറന്നു പറയാൻ സുധി തീരുമാനമെടുത്തു .

അനുപമ എന്ന സുന്ദരി ആയിരുന്നു അവന്റെ മനസ്സിൽ കയറിപ്പറ്റിയ ആ പെൺക്കുട്ടി . കോളേജ് മാഗസിനിൽ വന്ന സുധിയുടെ കവിത യൂത്ത് ഫസ്റ്റിവലിന് ആലപിക്കാൻ അനുവാദം ചോദിക്കുവാൻ വന്നപ്പോഴായിരുന്നു ആദ്യമായ് അവൻ അനുപമയേ കാണുന്നത് . തന്റെ കവിത അവൾ മനോഹരമായ് ആലപിക്കുന്നത് കേട്ടപ്പോൾ സുധിക്ക് അവളിൽ വല്ലാത്ത ആകർഷണം തോന്നി .

നല്ലൊരു നർത്തകി കൂടിയാണ് അവൾ എന്ന് മനസ്സിലാക്കിയപ്പോൾ കലയേ ആരാധിക്കുന്ന അവൻ അനുപമേയേയും അവൾ അറിയാതെ ആരാധിക്കാൻ തുടങ്ങി . പലവട്ടം അതിനു ശേഷം തമ്മിൽ കണ്ടെങ്കിലും ഒരു ചെറിയ പുഞ്ചിരിയിൽ ഒതുങ്ങി ആ മൗനാനുരാഗം .

ഇഷ്ടം തുറന്നു പറയാൻ തീരുമാനമെടുത്തെങ്കിലും സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നത് പോലായിരുന്നു സുധി . ഓരോ തവണയും അവന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു .

അങ്ങനിരിക്കെ ഒരു ദിവസം കോളേജ് ഗ്രൗണ്ടിൽ ഞാനും സുധിയും ഇരിക്കുമ്പോൾ അനുപമ ഒരു കൂട്ടുകാരിയുമായി അങ്ങോട്ടേക്ക് വന്നു .

അടുത്തെത്തിയ അനുപമ എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു . എന്നോട് എന്ത് പറയാൻ എന്ന ആകാംക്ഷയിൽ ഞാൻ സുധിയുടെ മുഖത്ത് നോക്കിയപ്പോൾ അവന്റെ മുഖത്തും ആ ആകാംക്ഷ കാണാനുണ്ടായിരുന്നു . ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു .

“ഒരുപാട് നാളുകളായി ഒരിഷ്ടം ഞാൻ മനസ്സിൽ കൊണ്ടു നടക്കുകയാണ് . അതിനിയും മറച്ചു പിടിക്കാൻ എനിക്കു പറ്റില്ല . ആ ഇഷ്ടം തന്റെ ആ കൂട്ടുകാരനോടാണ് ” .

സുധിയെ ചൂണ്ടിക്കാട്ടി അവൾ അതു പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ അന്ധിച്ചു നിന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ലോട്ടറിയടിച്ചെന്നറിഞ്ഞ കിട്ടുവേട്ടന്റെ അവസ്ഥയിലായിരുന്നു സുധി അപ്പോൾ

ക്യാമ്പസ് കണ്ട ഒരു ദിവ്യ പ്രണയത്തിന്റെ തുടക്കമായിരുന്നു അത് . ഒരു പിണക്കമോ , പരിഭവമോ ഇല്ലാതിരുന്ന ആ പ്രണയത്തെ എല്ലാവരും അസൂയയോട് മാത്രമായിരുന്നു കണ്ടിരുന്നത് .

പവിത്രമായ അവരുടെ സ്നേഹത്തിൽ അരുതാത്ത ഒരു വിരൽസ്പർശം പോലുമുണ്ടായിരുന്നില്ല .

അതിനാൽ തന്നെ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു പരിഹാസ പാത്രമായിട്ടുണ്ട് സുധി പലപ്പോഴും .

“വിവാഹ ശേഷമെങ്കിലും ഇവൻ അവൾക്കൊരു ഉമ്മയെങ്കിലും കൊടുത്താൽ മതിയായിരുന്നു ” .

ഒരു പുഞ്ചിരി മാത്രമായിരിക്കും സുധിയുടെ അതിനുള്ള മറുപടി .

നിർബാധമുള്ള അവരുടെ ആ പ്രേമത്തിന്റെ ഒഴുക്കിന് തടയിട്ടത് കമിതാക്കളുടെ ദിനമായ വാലൻറ്റൈൻസ് ഡേയിൽ തന്നെയായിരുന്നു .

“എന്തു പറ്റി ? അവർ അടിച്ചു പിരിഞ്ഞോ ? ”

ജംഷിക്ക് ആകാംക്ഷയായ് . അല്ലെന്ന് ഞാൻ തലയാട്ടിയിട്ട് തുടർന്നു .

കോളേജിലെ സയൻസ് ലാബിൽ വച്ച് അനുപമയുടെ മുഖത്തേക്ക് ആസിഡ് തെറിച്ചു വീണു .

അവളുടെ മുഖത്തിന്റെ ഒരു ഭാഗവും ഒരു കണ്ണും പൂർണ്ണമായി വെന്തുരുകി പോയി .

അതു കേട്ടപ്പോൾ ജംഷിയുടെ മുഖത്തും ദുഃഖം ഉറഞ്ഞു കൂടുന്നത് ഫൈസൽ കണ്ടു .

“അപ്പോൾ സുധീ ? ” . സുധിയേക്കുറിച്ച് അറിയാനായിരുന്നു ജംഷിക്ക് അപ്പോൾ ആകാംക്ഷ .

ആ സംഭവത്തിനു ശേഷം സുധി ആകെ തകർന്നു പോയെങ്കിലും അവൻ അനുപമയേ കൈവിടാൻ തയ്യാറല്ലായിരുന്നു . അവളോടൊപ്പം നിന്നു ….

അവളുടെ സുഹൃത്തും , കാമുകനും ഇപ്പോൾ അവളുടെ സ്നേഹ സമ്പന്നനായ ഭർത്താവായും ” .

ബാഹ്യ സൗന്ദര്യത്തേക്കാൾ മനസ്സിന്റെ സന്ദര്യമാണ് വലുത് എന്ന് തെളിയിച്ച ആ ദമ്പതികളെ കാണാൻ ജംഷി തീരുമാനിച്ചു . അവൻ അവരുടെ അടുത്തേക്ക് പുറപ്പെട്ടു .

തങ്ങളുടെ ഉറ്റ സുഹൃത്തിന്റെ അനുജനാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ അവർ അവനെ സ്വീകരിച്ച് ഇരുത്തി . ആദ്യം തന്നെ അവർ അവന് മധുരം നൽകി ..

“ഞങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു എന്നറിഞ്ഞ ദിവസമാണ് ഇന്ന് . അതിന്റെ മധുരമാണ് ” .

അനുപമ മധുരം നൽകിയതിനു ശേഷം അത് പറഞ്ഞപ്പോൾ , താൻ നല്ലൊരു ദിവസം തന്നെയാണല്ലോ വന്നത് എന്നോർത്ത് ജംഷിക്ക് സന്തോഷം തോന്നി .

പലരും വൈരൂപ്യം ഒളിപ്പിക്കാനായി മുഖം മറയ്ക്കുന്നത് കണ്ടിട്ടുണ്ട് . പക്ഷെ അനുപമ തന്റെ മുഖത്തിന്റെ ആ വികൃത ഭാവം മറച്ചിട്ടില്ലായിരുന്നു

അത് വൈരൂപ്യമായ് അവൾക്ക് തോന്നിയട്ടില്ലായിരിക്കാം , അല്ലെങ്കിൽ സുധി അവളെ തോന്നിപ്പിച്ചിട്ടില്ലായിരിക്കാം എന്ന് ജംഷിക്ക് തോന്നി .

സൽക്കാരങ്ങൾക്ക് ശേഷം ജംഷി താൻ വന്നതിന്റെ ഉദ്ദേശ്യം അവരോട് വെളിപ്പെടുത്തി . സുധി പക്ഷെ അതിനെ എതിർത്തു .

തങ്ങളുടെ സ്വകാര്യത ആരുടെയും മുന്നിൽ തുറക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല

“സാരമില്ല സുധി , നമ്മുടെ കഥ കേൾക്കുമ്പോൾ ഒരാൾക്കെങ്കിലും യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയാൻ ആവുകയാണെങ്കിൽ അതു നല്ലതല്ലേ ”

അനുപമ ജംഷിക്ക് അനുകൂലമായി സംസാരിച്ചു .

സുധി പിന്നീട് എതിർത്തില്ല.

അവരുടെ പ്രണയ കഥകളും ഫോട്ടോസുമായി , ഹൃദയം നിറയെ സ്നേഹവുമായി ജംഷി അവരോട് യാത്ര ചോദിച്ചു .

“ചേച്ചി പുണ്യം ചെയ്തവളാണ് , അതു കൊണ്ടാണ് ഇതു പോലൊരു ഭർത്താവിനെ കിട്ടിയത് ” .

അവളെ ഒരു റോസാ പുഷ്പമെന്ന വണ്ണം കൈക്കുമ്പിളിൽ കൊണ്ടു നടക്കുന്ന സുധിയെ കണ്ടപ്പോൾ ജംഷിക്ക് പുറപ്പെടും മുന്നേ അനുപമയോട് അത് പറയാതിരിക്കാൻ ആയില്ല .

ജോലിയെല്ലാം ഒതുക്കി കിടക്കാനായി ബഡ്റൂമിൽ എത്തിയ അനുപമ കണ്ടത് വളരെ വിഷണ്ണനായി ഇരിക്കുന്ന സുധിയേ ആണ് .

“എന്തു പറ്റി കൂട്ടുകാരന്റെ അനുജൻ വന്നു പോയതു മുതൽ ആകെ വിഷമിച്ചിരിക്കുകയാണല്ലോ ?

അതോ ഈ വിരൂപയെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടായിരുന്നു എന്ന് ചിന്തിച്ചിട്ടാണോ ? ”

അനുപമ പുഞ്ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ സുധി കൈയ്യുയർത്തി അവളുടെ ചുണ്ടുകൾ പൊത്തി .

“ജംഷി പോകുമ്പോൾ പറഞ്ഞതു കേട്ടില്ലേ …

എന്നെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയത് നീ പുണ്യം ചെയ്തിട്ടാണെന്ന് ” .

സുധി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അനുപമ കണ്ടു .

“സത്യം തന്നെയല്ലേ അവൻ പറഞ്ഞത് , നിന്നെ പോലെ ഒരു ഭർത്താവിനെ ലോകത്ത് ഒരു പെണ്ണിനും കിട്ടിക്കാണില്ല ”

അവൾ അത് പറഞ്ഞ് സുധിയുടെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ അവൻ വിങ്ങിപ്പൊട്ടി കൊണ്ട് അവളെ ഇറുകെ പുണർന്നു .

“ഞാൻ നിന്നോട് ഒരു തെറ്റ് ചെയ്തിട്ടുണ്ട് , വലിയൊരു തെറ്റ് , ആർക്കും പൊറുക്കാനാവാത്ത തെറ്റ് . നീയതറിഞ്ഞാൽ എന്നെ വെറുക്കും .

അതു കൊണ്ടാണ് ഇത്രയും നാൾ ഞാൻ അത് മറച്ചു വച്ചത് . ഇനിയും അത് പറയാതിരുന്നാൽ എന്റെ നെഞ്ച് പൊട്ടിപ്പോകും ” .

അവന്റെ ഏങ്ങലിന്റെ ശക്തി കൂടിയിരുന്നു .

“അന്ന് വാലന്റൈൻസ് ഡേയിൽ നിനക്കു സമ്മാനമായി വാങ്ങിയ ചിലങ്കയുമായി ആണ് ഞാൻ കോളേജിൽ വന്നത് . ലാബിൽ നീ നിൽപ്പുണ്ടെന്നറിഞ്ഞാണ് ഞാൻ അങ്ങോട്ടു വന്നത് .

മറ്റാരും ലാബിൽ ഇല്ലെന്നറിഞ്ഞപ്പോൾ ,

കൂട്ടുകാരുടെ പരിഹാസങ്ങൾ ഒരു ദുർ ചിന്തയായ് മനസ്സിലേക്ക് വന്നു . ആ ദുർ ചിന്ത മൂലമാണ് എന്റെ സമ്മാനത്തിനു പകരമായി നിന്റെ ഒരു ഉമ്മ വേണമെന്ന് പറഞ്ഞ് ഞാൻ നിർബന്ധം പിടിച്ചത്

പക്ഷെ …..

അവൻ അതു പറഞ്ഞ് നിർത്തുന്നതിനു മുന്നേ അനുപമ അവനെ ശരീരത്തിൽ നിന്നും അകറ്റി എഴുന്നേറ്റ് അലമാരയ്ക്കടുത്തേക്ക് നടന്നു . അതിൽ പൂട്ടി ഭദ്രമായി വച്ചിരുന്ന ഒരു ജോഡി ചിലങ്കകൾ എടുത്തു കൊണ്ടു വന്ന് അവനെ കാട്ടി . ആ ചിലങ്കകൾ പകുതിയും ഉരുകി തീർന്നതായിരുന്നു .

“ഞാൻ ചുംബനം നൽകില്ലെന്ന് പറഞ്ഞപ്പോൾ ആദ്യമായും , അവസാനമായും എന്നോട് പിണങ്ങി നടന്നു നീങ്ങിയ നീ , പിൻതിരിഞ്ഞ് നോക്കാതെ പിന്നിലേക്ക് വലിച്ചെറിഞ്ഞ ഈ ചിലങ്ക കൊണ്ടിട്ടാണ് ആസിഡ് എന്റെ മുഖത്തേക്ക് തെറിച്ചതെന്ന് ഞാൻ കണ്ടിരുന്നു . ആശുപത്രി കിടക്കയിൽ ഞാൻ ബോധം വീണപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഈ ചിലങ്കകളായിരുന്നു . നിന്റെ ഈ സമ്മാനം ഞാൻ ഇന്നും കാത്തു സൂക്ഷിക്കുകയാണ് … നിധി പോലെ ” .

അവൾ ആ ചിലങ്കകൾ എടുത്ത് മാംസ പിണ്ഡങ്ങൾ കൊണ്ട് മൂടിയ തന്റെ ആ കണ്ണിൽ ചേർത്തു പിടിച്ചു .

അവളുടെ ആ വാക്കുകൾ സുധിയെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു .

”നീയത് അറിഞ്ഞിട്ടും എന്ത് കൊണ്ടെന്നെ പോലീസിൽ ഏൽപ്പിച്ചില്ല ? എന്തു കൊണ്ടെന്നെ വെറുത്തില്ല ? ”

അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു .

“ആസിഡ് വീണ് ഉരുകിയത് എന്റെ മുഖമല്ലേ … ഞാൻ നിന്നെ സൂക്ഷിച്ചിരുന്നത് എന്റെ മനസ്സിലാണ് ” .

അത് പറയുമ്പോൾ അവളുടെ ആ ഒറ്റ നേത്രത്തിൽ കണ്ണുനീർ മൊട്ടിട്ടിരിക്കുന്നത് സുധി കണ്ടു .

“രാത്രിയുടെ ഇരുട്ടിൽ നീ എന്റെ വികൃതമായ മുഖത്ത് ഉമ്മകൾ നൽകുമ്പോൾ , അതിനോടൊപ്പം നിന്റെ കണ്ണുനീരിന്റ ഉപ്പുരസവും ഞാൻ അറിയുന്നുണ്ടായിരുന്നു . ഇത്രയേറേ സ്നേഹിക്കുന്ന നിന്നെ ഒരു കൈയബദ്ധത്തിന്റെ പേരിൽ ഒഴിവാക്കാൻ തോന്നാതിരുന്ന ഞാൻ ശരിക്കും പുണ്യം ചെയ്തവളല്ലേ ? ”

അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ സുധി അവളെ ചേർത്തു പിടിച്ച് മുഖത്ത് തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി . ആ ഉമ്മകളിലും കണ്ണുനീരിന്റെ ഉപ്പുരസം ഉണ്ടായിരുന്നു . പക്ഷെ അത് കുറ്റബോധത്തിന്റേത് അല്ലായിരുന്നു …. മനസ്സിലെ സ്നേഹം മുഴുവൻ അണപൊട്ടി ഒഴുകിയതായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന: Omesh Thyparambil