എടീ വാതിൽ തുറക്ക്.. എന്റെ മോനെ പറ്റിച്ചു ഇനി നീ ഇവിടെ താമസിക്കണ്ട.. ഇപ്പൊ ഇറങ്ങി പൊക്കോണം

രചന : Ambili MC

ജീവിതം

❤❤❤❤❤❤

പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പതിനൊന്നു മണി. ഉറക്കം വന്നു പക്ഷേ നാളെത്തേക്കുള്ള ഇഡ്ഡലി മാവു അരച്ചിട്ടില്ല. സേതുവേട്ടന്റെ അമ്മയ്ക്ക് എന്നും ഇഡ്ഡലി വേണം.. വരാന്തയിൽ പോയിരുന്നു മാവു അരച്ചു റൂമിൽ വന്നു കിടന്നപ്പോൾ സിഗരറ്റിന്റെ മണം വരുന്നത് പോലെ. തോന്നിയതാവുമെന്ന് കരുതി. ബാത്‌റൂമിൽ പോയി കുളിച്ചു വന്നു.ലൈറ്റ് ഓഫാക്കി കട്ടിലിൽ കിടന്നു.

മൊബൈൽ എടുത്തു നോക്കി. പതിവ് പോലെ തന്നെ സേതുവേട്ടന്റെ വിളിയൊ മെസ്സേജോ ഇല്ല.

കല്യാണം കഴിച്ചു ഒരുമിച്ച് താമസിച്ചത് വെറും എട്ടു ദിവസം.

ലീവ് തീർന്നുവെന്ന് പറഞ്ഞു പോകുമ്പോൾ സേതുവേട്ടൻ എന്റെ മനസ്സിൽ വന്ന സങ്കടം ആരോടും പറഞ്ഞില്ല.

കിട്ടുന്ന ദിക്കിൽ നിന്നെല്ലാം കടങ്ങൾ വാങ്ങിയാണ് അച്ഛൻ എന്റെ കല്യാണം നടത്തിയത്. കിട്ടിയ സ്വർണ്ണത്തിന് തൂക്കം പോരാന്നു പറഞ്ഞു സേതുവേട്ടന്റെ അമ്മ എപ്പോഴും കുറ്റം പറയും.

സേതുവേട്ടന്റെ അനിയത്തി ക്കു കൊടുത്ത സ്വർണ്ണത്തിന്റെ കണക്ക് പലപ്പോഴും പറയും.

അനിയത്തിക്കു സ്ഥലം വാങ്ങാൻ എന്റെ സ്വർണ്ണം ചോദിച്ചപ്പോൾ കൊടുക്കാൻ എനിക്ക് തോന്നിയില്ല കാരണം എന്റെ അച്ഛന്റെ വിയർപ്പിന്റെ മണം നിറഞ്ഞ ആ സ്വർണം ആർക്കും ഞാൻ കൊടുക്കില്ല.

പേപ്പർ നോക്കിയാൽ കാണുന്നതെല്ലാം ഇങ്ങനെയുള്ള വാർത്തകളാണ്.

കൊടുക്കില്ല എന്നാ എന്റെ തീരുമാനം ഞാൻ പറഞ്ഞത് മുതൽ സേതുവേട്ടൻ വിളിക്കാതെയായി.

ഞാൻ മൊബൈൽ എടുത്തു സേതുവേട്ടന്റെ ഫോട്ടോ നോക്കി. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള നിന്നെക്കാൾ എനിക്ക് വലുത് എന്റെ അനിയത്തിയുടെ സന്തോഷമാണെന്ന് പറഞ്ഞാണ് സേതുവേട്ടൻ അവസാനം വിളിച്ചപ്പോൾ പറഞ്ഞത്.

വീട്ടിൽ ശമ്പളം കൊടുക്കാതെ ഒരു ജോലിക്കാരിയെ കിട്ടിയത് കൊണ്ടു എന്നെ ഇവിടെ നിന്നു പറഞ്ഞു അയക്കുന്നില്ല എന്നു മാത്രം.

കണ്ണിൽ ഉറക്കം വന്നു. പെട്ടന്ന് റൂമിൽ ഒരു നിഴൽ അനക്കം പോലെ. സിഗരറ്റിന്റെ മണം വല്ലാതെ അടുത്ത് വരുന്നു. എനിക്ക് പേടിച്ചിട്ട് ശബ്ദം പുറത്തു വരുന്നില്ല.

എന്റെ അടുത്ത് വന്നിരുന്നു. കാൽ ഉയർത്തി ഒരു ചവിട്ടു കൊടുത്തു ഞാൻ ചാടി എഴുന്നേറ്റു ലൈറ്റിട്ടു.സേതുവേട്ടന്റെ അച്ഛൻ.

ആ മനുഷ്യൻ ഒരു നാണവുമില്ലാതെ റൂമിൽ നിന്നു ഇറങ്ങി പോയി. എന്റെ കണ്ണിൽ ഇരുട്ട് കയറി.

ഞാൻ വേഗം പോയി വാതിൽ അടച്ചു.

സേതുവേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല. അമ്മയോട് പറഞ്ഞാൽ അതു കൂടി എന്റെ കുറ്റമാവും.

“എന്റെ ഭഗവതി എനിക്ക് ഒരു വഴി കാണിച്ചു തരണേ.”

നെഞ്ചിൽ കൈ വെച്ചു ഞാൻ കരഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ പുറത്തു നിന്നു അമ്മയുടെ ശബ്ദം.

“വാതിൽ തുറക്ക്‌. എന്റെ മോനെ പറ്റിച്ചു ഇനി നീ ഇവിടെ താമസിക്കണ്ട.”

അച്ഛൻ കാര്യങ്ങൾ വേറെ രീതിയിൽ പറഞ്ഞെന്ന് എനിക്ക് മനസ്സിലായി.

ഇവിടെ തളരാൻ പാടില്ല ഞാൻ സ്വയം പറഞ്ഞു കൊണ്ടു വാതിൽ തുറന്നു.

അമ്മ ദേഷ്യം കൊണ്ടു വിറച്ചു മുന്നിൽ.

“ഇപ്പൊ ഇറങ്ങണം ഇവിടെ നിന്നു ”

“എന്തിന് ”

ഒട്ടും പേടിക്കാതെ ഞാൻ ചോദിച്ചു.

“നിന്റെ റൂമിൽ നിന്നു ഇപ്പൊ ആരോ ഇറങ്ങി പോയത് അച്ഛൻ കണ്ടുവെന്ന് പറഞ്ഞല്ലോ. ”

“അമ്മ ആദ്യം അച്ഛനെ എന്റെ മുന്നിലേക്ക് വിളിക്കണം. മരുമകളുടെ മുറിയിൽ കയറിയത് എന്തിനാന്ന് ചോദിച്ചു നോക്കണം ”

അമ്മയുടെ മുഖത്തു മാറ്റം വന്നത് ഞാൻ കണ്ടു

“രവിയേട്ടാ, ഈ പെണ്ണ് പറയുന്നത് സത്യമാണോ ”

അമ്മയുടെ ചോദ്യം കേട്ട് അച്ഛൻ മുന്നിലേക്ക് വന്നു.

ആ മുഖത്തു അൽപ്പം കുറ്റബോധമില്ല.

“എന്റെ രാധമണിയെ ഞാൻ എന്തിനാ ഇവളുടെ മുറിയിൽ കയറണം. കള്ളത്തരം പറയുന്ന നമ്മുടെ മരുമകളുടെ നാവു പുഴുത്തു പോവട്ടെ. ”

അച്ഛന്റെ ശാപവാക്കുകൾ. അമ്മയുടെ കണ്ണിൽ അച്ഛനെ വിശ്വസിച്ച ഭാവമില്ല.

“നിന്നെ ഇപ്പൊ ഞാൻ ഇറക്കി വിടുന്നില്ല പക്ഷേ നാളെ രാവിലെ പൊയ്ക്കോ. എന്റെ താലി എനിക്കു സംരക്ഷിച്ചേ തീരു.. സേതുനെ ഞാൻ ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞോളാം. ”

അമ്മ സംഭവം ഒതുക്കാൻ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

“അങ്ങനെ ഞാൻ ഇറങ്ങി പോകുമെന്ന് അമ്മ കരുതണ്ട.ഇവിടെ നടന്നതിന്റെ സത്യം ആദ്യം തെളിയിക്കണം. എന്നിട്ടേ ഈ രമ്യ ഇവിടെ നിന്നു ഇറങ്ങൂ..”

ഞാൻ ഹാളിൽ ചെന്നിരുന്നു.

അമ്മയും അച്ഛനും കൂടി അടി കൂടുന്ന ശബ്ദങ്ങൾ കേൾക്കുന്നു. അമ്മയുടെ കരച്ചിലും ഇടയ്ക്കുണ്ട്.

ഒന്നും മിണ്ടാതെ ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോയാൽ ഇവർ നാളെ ഞാൻ റൂമിൽ ആളെ കയറ്റിയെന്നു പറഞ്ഞു നടക്കും. അതു സംഭവിക്കരുത്. ഞാൻ തിരിച്ചു റൂമിലേക്ക് ചെന്നു. സിഗരറ്റിന്റെ കുറ്റിയും ലൈറ്ററൂം അലമാരക്ക്‌ പിറകിൽ കിടക്കുന്നു.

“എനിക്ക് ഇത് മതി. ”

രാത്രി ഉറങ്ങാതെ ഹാളിൽ തന്നെയിരുന്നു. രാവിലെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ഇറങ്ങാൻ നിൽക്കുമ്പോൾ മുന്നിൽ സേതുവേട്ടന്റെ അമ്മ വന്നു നിന്നു.

“പോകുമ്പോൾ പെട്ടിയും എടുത്തു പൊയ്ക്കോ.”

എന്റെ മൊബൈലിൽ വീഡിയോ ഓൺ ആക്കാൻ ഞാൻ മറന്നില്ല.

“അമ്മേ ഞാൻ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. നിങ്ങളുടെ ഭർത്താവിന്റെ കഥകൾ ഞാൻ അവിടെ പറഞ്ഞോളാം. റൂമിൽ അയാൾ വന്നതിനുള്ള തെളിവ് എന്റെ കൈയിലുണ്ട്. ”

അമ്മ നിന്നു വിറച്ചു.

“ചതിക്കല്ലേ അങ്ങേർക്ക് ഒരു അബദ്ധം പറ്റിയതാ. നീ വേണ്ടേ ക്ഷമിക്കാൻ.”

“കൊള്ളാലോ അമ്മേ. എന്റെ മാനത്തിന് വില പറയാൻ രാത്രിയുടെ മറവിൽ വന്ന ആ മനുഷ്യനോട് ഞാൻ ക്ഷമിക്കാനോ.. ഇല്ല അമ്മേ അതിനു എനിക്ക് സാധിക്കില്ല.”

“നീ ഇപ്പൊ പോയി എവിടെയെങ്കിലും പറഞ്ഞാൽ ഞാനും അങ്ങേരും വിഷം കഴിച്ചു ചാവും.. നോക്കിക്കോ.”

അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു.

“അമ്മേ, നിങ്ങളെ കൊന്നു എന്നുള്ള ഒരു പേര് എനിക്ക് വേണ്ടാ. അമ്മ ഇപ്പൊ ഈ പറഞ്ഞതെല്ലാം എന്റെ മൊബൈലിൽ ഉണ്ട്. നാളെ എന്നെ പറ്റി വല്ലതും അമ്മ വേറേ പറഞ്ഞാൽ ഞാൻ ഇത് പുറത്തു വിടും. പിന്നെ എന്റെ കല്യാണത്തിനു എന്റെ അച്ഛന് ചിലവായ കാശു പലിശയടക്കം എനിക്ക് വേണം. അതു നിങ്ങളുടെ മോനോട് പറഞ്ഞു വാങ്ങി തരണം. വിവാഹമോചനം കൂടി വേണം.. ”

എന്റെ ശബ്ദം ഉറച്ചതായിരുന്നു.

അമ്മ തല കുലുക്കി.

ആ വീട്ടിൽ നിന്നു പെട്ടിയെടുത്തു ഇറങ്ങുമ്പോൾ എന്റെ കണ്ണു നിറഞ്ഞില്ല. കാരണം കരയാനുള്ളതല്ല എന്റെ ഇനിയുള്ള ജീവിതം.. എനിക്ക് ചിരിച്ചു ജീവിക്കണം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Ambili MC

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top