അയ്യോ ഞാനിപ്പോ ചാവുമേ .. എന്നെ ഒന്ന് ആശൂത്രീ കൊണ്ടു പോ. അമ്മാവി കരഞ്ഞു

രചന : അബ്രാമിന്റെ പെണ്ണ്

“അമ്മച്ചീ.. താഴേക്കാരുടെ വീട്ടിൽ യൂറോപ്യൻ കക്കൂസിന്റെ പണി തീർന്നു .. നല്ല രസമുണ്ട് കാണാൻ..

എന്റങ്ങേര് ജോലിക്ക് കൊണ്ടുപോകുന്ന കൈലി കഴുകിക്കൊണ്ട് നിന്ന ഞാൻ ഒരു മാത്ര സ്തംഭിച്ചു നിന്നു.. പണ്ട് മുതലേ ഞങ്ങളുടെ വീട്ടിൽ ഇല്ലാത്തത് എന്തെങ്കിലും വേറാരുടെയെങ്കിലും വീട്ടിൽ വാങ്ങുന്നത് കണ്ടാൽ എന്റെ ഹൃദയം വല്ലാതെ നോവും.. അത് എന്റെ വീട്ടിൽ കൂടി വാങ്ങിയ്ക്കാതെ പിന്നൊരു സമാധാനം കിട്ടത്തില്ല..

മിക്കവാറും വരുന്ന ആ നെഞ്ച് വേദന ഇത്തിരി ശക്തമായി വീണ്ടും കേറി വന്നു.. കൊച്ച് അവരുടെ യൂറോപ്യൻ കക്കൂസിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്.. അതിനനുസരിച്ച് എന്റെ നെഞ്ച് വേദനയും കൂടി വന്നു.

ഇവളുടെ വിവരണം സഹിക്കാൻ വയ്യാതായപ്പോ എനിക്കുമതൊന്ന് കാണണമെന്ന് തോന്നി..

ചുവന്ന കളറിലുള്ള ക്ലോസറ്റും വെള്ള കളറിലുള്ള ടൈലുമൊക്കെ ചേർന്ന് മനോഹരമായൊരു കക്കൂസ്..

അല്ല സോറി ബാത്റൂം. ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലമുണ്ട് അതിനുള്ളിൽ..

അതിനകത്തു നിൽക്കുന്നത് പോലുമൊരു അന്തസ്സായി തോന്നി.. എയർ ഫ്രഷ്നറിന്റെ നല്ല മണം ഒഴുകി പടരുന്നുണ്ട്.. ഒരൊറ്റ നിമിഷം ഞാനെന്റെ ബാത്റൂം.. സോറി കക്കൂസിനെക്കുറിച്ചോർത്ത്..

അമ്മായിയപ്പന്റെ അപ്പന്റെ കാലത്ത് വെച്ചൊരു കക്കൂസ്..കഷ്ടിച്ച് ഒരാൾക്ക് കേറാം.. അടുത്ത് റബ്ബർ തോട്ടമുണ്ട്.. കൊതുകുകളുടെ അണ്ടർ ഗ്രൗണ്ടിൽ ഒരെണ്ണം സ്ഥിതി ചെയ്യുന്നത് ഈ കക്കൂസിനുള്ളിലാണ്..നമ്മളങ്ങോട്ട് കേറിയിരിക്കുമ്പോളോ

” ഉണക്ക മത്തി കാണുമ്പോ പൂച്ച ചാടിപ്പിടിക്കുന്ന പോലെ കൊതുകെല്ലാം കൂടെ പറന്നു വന്ന് കുണ്ടിയിൽ കുത്തി വിശാലമായങ്ങിരിക്കും..

ഇത്തിരി ചോരയല്ലേ.. കുടിച്ചിട്ടങ്ങു പോട്ടെന്നു വെയ്ക്കുമ്പോ അടിച്ചു കൊന്നാലും പോകത്തില്ലെന്ന് പറഞ്ഞു മുക്കിയും മൂളിയും അവരങ്ങനെ ചുറ്റും പറന്നു കളിക്കും .. കൊതുകിനെ അടിച്ചു കളയുവോ പോയ കാര്യം സാധിക്കുവോ..?? ഓരോ ദിവസവും അസംതൃപ്തിയോടെയാണ് കക്കൂസിൽ നിന്ന് പുറത്തിറങ്ങുന്നത്..

മുട്ടുവേദനയും നടുവേദനയുമൊക്കെ മാറിയും തിരിഞ്ഞും ആക്രമിക്കുന്ന എനിക്ക് ആ ക്ലോസെറ്റ് പോലൊരെണ്ണം എന്റെ കക്കൂസിലും വെയ്ക്കണമെന്ന ആഗ്രഹം വരുന്നത് സ്വാഭാവികം..

സിംഹാസനത്തിന് മുകളിലിരിക്കുന്ന രാജ്ഞിയുടെ പ്രൗഡിയോടെ അങ്ങനിരിക്കണം.. ഇടയ്ക്ക് നൂൽ പൊട്ടിയ തുണി വല്ലോം തുന്നുകയോ മറ്റോ വേണമെങ്കിൽ അതിനിടയിൽ കൂടെ ചെയ്യാനും പറ്റും..

അതിനായിട്ട് പ്രത്യേകം സമയവും വേണ്ട..

വൈകുന്നേരം കെട്ടിയോൻ വന്നപ്പോ വിഷയം അവതരിപ്പിച്ചു..

“അതേ.. നമുക്ക് ഈ കക്കൂസ് മാറ്റി യൂറോപ്യൻ ക്ലോസറ്റ് വെയ്ക്കാം.. കൂടെ കുളിമുറിയും ചേർത്തങ്ങു പണിയാം.. പിള്ളേര് വളർന്നു വരുവല്ലേ..

ഞാൻ പതുക്കെ കാര്യത്തിലേക്ക് കടന്നു..

“ഈ കക്കൂസിനെന്താ ഇപ്പോ കുഴപ്പം… പിള്ളേര് വളരുന്നതും കക്കൂസ് പുതിയത് വെയ്ക്കുന്നതും തമ്മിലെന്താ ബന്ധം..

അങ്ങേരെന്നെ സംശയത്തോടെ നോക്കി..

“താഴെക്കാര് പുതിയ കക്കൂസ് വെച്ച് തീർന്നച്ഛാ..

അത് കണ്ടോണ്ട് അമ്മയ്ക്കും വേണോന്ന്..

കൊച്ചുങ്ങൾ ചെറുതായിട്ടൊരു ക്ലൂ കൊടുത്തു..

“അതിനു കാശെവിടിരിക്കുന്നു..ആന വായ് പൊളിക്കുന്നത് കണ്ട് അണ്ണാൻ വായ പൊളിച്ചാൽ വായ് കീറി ചത്തുപോകും..

ഓഞ്ഞ ഡയലോഗുമടിച്ചിട്ട് അങ്ങേരു കുളിക്കാൻ പോയി..ഇങ്ങേരുടെ പറച്ചിൽ കേട്ടാൽ വായ് കീറി ചത്ത അണ്ണാന്മാരെയെല്ലാം പോസ്റ്റ്മോർട്ടം ചെയ്തത് ഇയാളാണെന്ന് തോന്നും..

രാത്രിയിൽ കിടക്കുന്ന സമയം ഞാൻ പലരീതിയിലും ഇങ്ങേരോട് പറഞ്ഞു നോക്കി..

“വലിയ ബാത്റൂമാണെങ്കിൽ നമുക്കൊന്നിച്ചു കുളിച്ചൂടെ ഏട്ടാ..ഞാൻ കുളിക്കുമ്പോ നിങ്ങൾക്കവിടെ വന്ന് കാര്യം പറഞ്ഞോണ്ടൊക്കെ നിക്കണോങ്കിൽ അതും ചെയ്യാം.. കക്കൂസിൽ പോണോങ്കിലും സുഖമാ..നമ്മളീ കപ്പിൽ വെള്ളം കോരിയൊഴിക്കേം വേണ്ട.. ഒറ്റ ഞെക്കിൽ സംഗതി ക്ലീൻ..

ഇതിയാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. അതിനനുസരിച്ചു ഇടത്തെ ചെവിയിലും വലത്തേ ചെവിയിലും മാറിമാറി ഞാൻ പിറുപിറുത്തു..

“മിണ്ടാതെ കിടന്നുറങ്ങെടീ..

ഇതിയാൻ ഒറ്റ അലർച്ച.. ബാറ്ററി തീർന്ന റേഡിയോ പോലെ ഞാൻ നിശബ്ദയായി.. യൂറോപ്യൻ ക്ലോസറ്റ് വെക്കാമെന്ന് ഈ മനുഷ്യൻ പറയാതെ ഇനി ഒന്നിനും രണ്ടിനും പോകില്ലെന്ന് ആ നിമിഷം ഞാൻ ശപഥം ചെയ്തു.

പിറ്റേന്ന് കാലത്ത് കൊച്ചുങ്ങളുടെ സപ്പോർട്ടോടെ ഞാൻ സത്യാഗ്രഹം ആരംഭിച്ചു.. മുള്ളാനൊക്കെ മുട്ടുന്നുണ്ടെങ്കിലും വാശിയോടെ ഞാൻ പിടിച്ചു നിന്നു..വൈകുന്നേരം ഇങ്ങേരു ജോലി കഴിഞ്ഞ് വരുമ്പോ ഞാൻ മുറ്റത്ത് നിൽപ്പോണ്ട്.. പുള്ളി എന്റെ മുഖത്തേയ്ക്കൊന്ന് നോക്കി..

“എന്തുവാ മക്കളേ നിന്റമ്മച്ചീടെ മോന്ത വല്ലാതിരിക്കുന്നെ… ആന കുത്തിയോ..

കൊച്ചിനോടാ ചോദ്യം..

“അമ്മച്ചി രാവിലെ മുതൽ തൂറിയിട്ടില്ലച്ഛാ..

ഈ പെണ്ണിന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി..

“ടീ.. നിന്നെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിക്കുന്നത് ഇത്ര സ്റ്റാൻഡേർഡില്ലാത്ത വർത്താനം പറയാനാണോടീ.. തൂറീല്ല പോലും.. ഛെ..

എന്റെ പൊട്ടിത്തെറിയിൽ കൊച്ചു രണ്ടുവട്ടം അടുപ്പിച്ചു പകച്ചു..

“അല്ലമ്മച്ചീ.. ഈ തൂറുന്നെന്ന് പറയുന്നതിന്റെ ഇംഗ്ലീഷ് എന്തുവാ..

അവളുടെ സംശയത്തിൽ ഞാനൊന്ന് പരുങ്ങി..

“പോയി ഗൂഗിളിൽ സെർച്ച് ചെയ്യെടീ..

കൊച്ച് ഒറ്റയോട്ടത്തിന് അകത്തു കേറി..

“വയറ്റീന്ന് പോകുന്നില്ലെങ്കിൽ നീയെന്നെ വിളിച്ചു പറയാഞ്ഞതെന്താ.. ഞാൻ പഴം വാങ്ങിക്കൊണ്ട് വരത്തില്ലാരുന്നോ..

എന്തൊരു സ്നേഹമുള്ള ഭർത്താവ്.. ഇത് പഴമല്ല കൊല വാങ്ങിത്തന്നാലും പോകാത്ത വാശിയാ..

അങ്ങേരെ നോക്കി മുഖം കടുപ്പിച്ചു ഞാൻ അടുക്കളയിലേക്ക് പോയി..കൊച്ചു പറഞ്ഞാണ് എന്റെ സത്യാഗ്രഹത്തിന്റെ കാര്യം അങ്ങേരറിയുന്നത്.. എന്തായാലും ആ അടവ് ഫലിച്ചു.. മനസ്സില്ലാ മനസോടെ അങ്ങേരു സമ്മതം മൂളി..പുതിയ ബാത്റൂമുണ്ടാക്കാൻ തീരുമാനമായി.. ഒറ്റദിവസം മൊത്തം നീണ്ടു നിന്ന എന്റെ സത്യാഗ്രഹം കക്കൂസിൽ പോയി ഞാനവസാനിപ്പിച്ചു..

ലോണെടുത്തു പണിയൊക്കെ പെട്ടെന്ന് തീർത്തു.. ഷവറും പിങ്ക് കളറിലെ ക്ലോസെറ്റും മഞ്ഞ ടൈലും പൈപ്പും എല്ലാം കൂടെ കാണുമ്പോൾ മനസിനുണ്ടാകുന്നൊരാനന്ദം… ആഹ്… അത് പറഞ്ഞറിയിക്കാൻ വയ്യ..

അങ്ങനെ ബാത്‌റൂമിന്റെ പണി തീർന്ന ആ ദിവസം വന്നെത്തി..

വനിത വാങ്ങിയപ്പോൾ തലയിൽ തേക്കുന്ന ഒരു സാധനം കിട്ടിയാരുന്നു..ഞാനതെടുത്തു എന്റങ്ങേർക്ക് കൊടുത്തു.. സംഭവം ഡൈ ആണോ കളറാണോ എന്നറിയാൻ വയ്യ.. ഞാനത് ഡൈ ആണെന്ന് പറഞ്ഞാണ്‌ കൊടുത്തത് .അങ്ങേർക്ക് എന്തോ എന്നെ വിശ്വാസമില്ലാത്തപോലെ.

“ആ നരയൊക്കെ അങ്ങോട്ട് മാറട്ടെ.. നെഞ്ചിലൊക്കെ നരച്ചു തുടങ്ങി.. അങ്ങോട്ട് തേയ്ക്ക് മനുഷ്യാ..

മനസില്ലാമനസോടെ ഇങ്ങേരതു തലയിലും നെഞ്ചിലുമൊക്കെ തേച്ചു….

അന്നാണ് എന്റേട്ടന്റെ അമ്മാവി വിരുന്ന് വന്നത്..

വിശിഷ്ടാതിഥിയായി അമ്മാവി വന്നത് കൊണ്ട് അവരെക്കൊണ്ട് ബാത്റൂം ഉത്ഘാടനം ചെയ്യിക്കാമെന്ന് ഞാനും തീരുമാനിച്ചു..വേണ്ട വേണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ അമ്മാവിയെ ഞാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു..

ഞങ്ങളെക്കുറിച്ച് അമ്മാവിയ്ക്ക് വലിയ മതിപ്പൊന്നുമില്ല.. അതിന്നങ്ങു തീർക്കണം..

അതാണ് മെയിൻ ഉദ്ദേശ്യം.. ബാത്‌റൂമിന്റെ വാതിലിൽ കൊച്ചിന്റെ തലയിൽ കെട്ടുന്നൊരു റിബൺ വലിച്ചു കെട്ടിയിട്ടുണ്ടാരുന്നു.. അമ്മാവി കത്രിക കൊണ്ട് അത് മുറിച്ചു.. ഞാനും പിള്ളേരും കയ്യടിച്ചു..

“ഐശ്വര്യമായി അമ്മാവി അങ്ങോട്ട് ചെല്ല്..

പുറത്ത് നിൽക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അമ്മാവി അകത്തേക്ക് കയറി..വാതിൽ പതിയെ അടഞ്ഞു..

കെട്ടിയോൻ മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ നിന്ന് കുളിക്കാൻ തുടങ്ങി….ഞാൻ അകത്തേയ്ക്ക് കേറി ഫോണെടുത്തതും “എന്റെ കൊടുങ്ങല്ലൂരമ്മേ ” എന്നൊരലർച്ച കുളിമുറിയിൽ നിന്നും മുറ്റത്തു വന്ന് വീണു.. ഞാനും പിള്ളേരും ബാത്‌റൂമിന്റെ കതക് തുറന്നകത്തു കേറി..അവിടെ കണ്ട കാഴ്ച…!!

അമ്മാവിയുടെ കാല് ക്ലോസെറ്റിന്റെ അപ്പുറവും ഇപ്പുറവുമായി വഴികാണിക്കുന്ന ആരോമാർക്ക് പോലെ നീണ്ടുനിൽക്കുന്നു…വീഴാതിരിക്കാൻ ക്ലോസെറ്റിന്റെ മുൻഭാഗത്ത് മുറുകെ പിടിച്ചിട്ടുണ്ട്..

ഈയൽ വിറയ്ക്കുന്ന പോലെ വിറയ്ക്കുന്നുണ്ട്..

ഞാനൊരുവിധം അമ്മാവിയെ എടുത്ത് താഴെയിറക്കി..

“എന്തോ പറ്റി അമ്മാവീ..

ഞാൻ ആധിയോടെ ചോദിച്ചു..

“ഞാനിതിന്റെ മോളിൽ കേറിയിരുന്നപ്പോൾ ചെരുപ്പ് തെറ്റിപ്പോയി കൊച്ചേ.

ഞാനിപ്പോ ചാവും.. എന്നെ ആശൂത്രീ കൊണ്ടു പോ..

കാല് അടുപ്പിക്കാൻ പറ്റാതെ റോബോട്ടിനെപ്പോലെ നിന്ന് അമ്മാവി കരഞ്ഞു..

മറ്റേ കക്കൂസിന്റെ ഓർമ്മയിൽ അമ്മാവി യൂറോപ്യൻ ക്ലോസറ്റിന്റെ മുകളിൽ ചവിട്ടി വലിഞ്ഞു കേറിയിരുന്നതാണ്.. ചാവാഞ്ഞത് ഞങ്ങടെ ഭാഗ്യം..

അമ്മാവിയെ താങ്ങി വെളിയിലിറക്കുമ്പോൾ കണ്ടത് തലയിലും നെഞ്ചിലും തീ പിടിച്ചപോലെ ചുവന്ന കളറുമടിച്ചു നിൽക്കുന്ന കെട്ടിയോനെയാണ്..

“ഈശ്വരാ..അത് ഡൈ അല്ലാരുന്നോ..ചുവന്ന കളറ്.. അങ്ങേരെന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി..ഇനി ഡൈ വാങ്ങി അടിച്ചിട്ട് ഹോസ്പിറ്റലിൽ പോകാനുള്ള നേരമില്ല..അമ്മാവിയേം കൊണ്ട് ആശുപത്രിയിൽ പോയില്ലെങ്കിൽ ചിലപ്പോൾ കൊലക്കുറ്റത്തിന് അകത്തു പോകും..

അമ്മാവിയെയും താങ്ങിപ്പിടിച്ചു വണ്ടിയിൽ കേറിയിരിക്കുമ്പോൾ എന്റങ്ങേര് കമന്നൊരാക്ഷരം

“ങേ ഹേ ” മിണ്ടീലാ.. അമ്മാവിയുടെ നിലവിളി സൈറണുമിട്ട് ഓട്ടോ ഹോസ്പിറ്റലിലേക്ക് കുതിച്ചു..

ഹോസ്പിറ്റലിൽ ചെന്ന് xray എടുത്തു.. വലിയ കുഴപ്പമില്ല.. കുറച്ചു ദിവസത്തേയ്ക്ക് റെസ്റ്റെടുക്കണമെന്ന് ഡോക്ടർ പറഞ്ഞു..

അമ്മാവിയ്ക്ക് സുഖമാവുന്ന വരെ ഞാൻ നോക്കിക്കൊള്ളാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു..

“ഇന്ന് ഹോളിയാണോ അണ്ണാ…

എന്റെ കെട്ടിയോന്റെ തലയിൽ നോക്കിയിട്ട് അടുത്തിരുന്നൊരു പെണ്ണ് അതിന്റെ കെട്ടിയോനോട് ചോദിക്കുന്നത് ഞാൻ കേട്ട്..

“ഹോളിയല്ലെടീ.. ഇന്ന് ദീപാവലിയാ

അങ്ങേരു ചിരിയോടെ മറുപടി പറഞ്ഞു..

ശരിയായിരുന്നു.. അന്നായിരുന്നു ശരിക്കും ദീപാവലി..ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി മാമന്റെ കടയിൽ കയറി ഡൈ വാങ്ങി..വീട്ടിലെത്തിയപ്പോളെ കെട്ടിയോന്റെ കയ്യിൽ കൊടുത്തു തൊഴുതു കരഞ്ഞു മാപ്പപേക്ഷിച്ചു.. എന്താണോ എന്തോ അങ്ങേരു മിണ്ടാതെ പോയി ഡൈ അടിച്ചു മുടി കറുപ്പിച്ചു..

അങ്ങനെ വലിയ പടക്കം പൊട്ടേണ്ടിയിരുന്ന ആ വർഷത്തെ ദീപാവലി ദൈവാനുഗ്രഹത്താൽ കൊടിയിറങ്ങി..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അബ്രാമിന്റെ പെണ്ണ്