ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ആകാതെ ഞാൻ പടിക്കെട്ടിൽ തളർന്നിരുന്നു..

രചന : സുധിൻ സദാനന്ദൻ , വൈദ്ദേഹി വൈഗ

ഭർത്താവിൻ്റെ മരണം നേരിൽ കാണേണ്ടിവന്നതിലുള്ള ഷോക്കിലാവാം, ഒന്ന് കരയുക പോലും ചെയ്യാതെ അവൾ മൂകമായി ഇരിക്കുന്നതെന്ന്, മഹിയേട്ടൻ്റെ മൃതദേഹം കാണാനെത്തിയവർ സഹതാപത്തിൻ്റെ സ്വരത്തിൽ പരസ്പരം പറയുന്നുണ്ടായിരുന്നു,..

മഹിയേട്ടൻ്റെ മരണത്തിൽ ദു:ഖമുണ്ടോ എന്ന ചോദ്യം തൻ്റെ മനസ്സാക്ഷിയോട് ചോദിച്ചാൽ ഒരുപക്ഷെ ‘ഇല്ല’ എന്നായിരിക്കില്ലേ മറുപടി,..

അയാൾ തനിയ്ക്ക് ഒരു നല്ല ഭർത്താവായിരുന്നോ,..?

കനലെരിയുന്ന സിഗരറ്റിനാൽ അയാൾ പൊള്ളലേല്പ്പിച്ച വയറിലെ മുറിവുകൾക്ക് മീതെ വിരലോടിച്ച് തൻ്റെ മനസ്സിനെ വ്രണപ്പെടുത്തിയ നിമിഷങ്ങൾ വേദനയോടെ അവൾ ഓർത്തെടുത്തു,…

തൊടിയിലെ ചെത്തിയോടും, മന്ദാരത്തോടും പരിഭവം പറഞ്ഞ്, അപ്പൂപ്പൻതാടി പോലെ പാറിപറന്ന് നടന്ന തന്നെ മുംബൈയിൽ നിന്ന് ഒരുകൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പിന്നാംപുറത്തെ തിണ്ണയിലിരുന്ന് മുടി ചീകി തരുന്നതിനിടയിലാണ് അമ്മ പറഞ്ഞത്. നല്ല കൂട്ടരാണെന്നും അച്ഛൻ ഇത് ഉറപ്പിച്ചു കഴിഞ്ഞെന്ന് കൂടെ അറിഞ്ഞപ്പോൾ ഇടവപ്പാതി കണക്കെ തോരാതെ പെയ്യുകയായിരുന്നു ഇരുമിഴികളും…

ഉണ്ണിയ്ക്കുള്ളതാണ് നി എന്ന് ഓർമ്മവെച്ച കാലം മുതൽക്കെ മുത്തശ്ശിക്കഥകൾക്കൊപ്പം മനസ്സിൻ്റെ ആഴത്തിൽ പതിഞ്ഞതാണ്. അതുകൊണ്ട് തന്നെയാവും, പ്രണയം എന്ന വാക്കിൻ്റെ അർത്ഥം എന്തെന്ന് തിരിച്ചറിയുവാനുള്ള പ്രായത്തിലെത്തുന്നതിന് മുൻപ് തന്നെ ഞങ്ങൾ ഇരുവരും പ്രണയിച്ച് തുടങ്ങിയതും,..

നീലി മലയിലെ മഞ്ചാടി മരത്തിലെ ആയിരം മഞ്ചാടിമണികൾ ഓട്ടു പാത്രത്തിൽ സൂക്ഷിച്ചാൽ അവ രാത്രി നക്ഷത്രം പോൽ തിളങ്ങുമത്രേ,…

കുളത്തിൻ്റെ പടവുകളിലിരുന്ന് ഒരു പിടി മഞ്ചാടി മണികൾ എൻ്റെ ഉള്ളം കയ്യിലേയ്ക്ക് പകർന്ന് ഇനി ആയിരമാവാൻ എത്രണ്ണം കൂടെ വേണം ദേവൂ എന്ന് ചോദിയ്ക്കുന്ന ഉണ്ണിയേട്ടൻ്റെ കവിളിലൊരുമ്മ നല്കി. ഇതും കൂടെ ചേർത്ത് ഉണ്ണിയേട്ടന് ഞാൻ നല്കിയ ആകെ ഉമ്മകളുടെ കൂടെ ഓണ പരീക്ഷയിൽ ഉണ്ണിയേട്ടന് കിട്ടിയ മാർക്കും കൂടി കൂട്ടിയാൽ കിട്ടുന്ന അത്രയും മഞ്ചാടി മണികൾ ചേർന്നാൽ ആയിരം ആവുമെന്ന് പറഞ്ഞപ്പോൾ തല ചൊറിഞ്ഞ് എന്നെ ഉറ്റുനോക്കുന്ന ഉണ്ണിയേട്ടൻ്റെ മുഖം കാണുവാൻ നല്ല ചേലായിരുന്നു,…

ദേവുട്ടീ,…. മോളെ,…

ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ തലമുടിയിലങ്ങനെ അമ്മ തലോടുന്നുണ്ട്,

തൻ്റെ മകളെ ഒരു വിധവയായി കാണേണ്ടി വന്നതിലുള്ള സങ്കടം ആ കണ്ണുകളിൽ ആവോളമുണ്ട്…

ൻ്റെ കുട്ടീ, നിന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി ഈ അമ്മയ്ക്ക് അറിയില്ല.

ഒരു ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വേദന നീ ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് അനുഭവിച്ചിട്ടുണ്ടെന്ന് അമ്മയ്ക്ക് അറിയാം, അവിടെ നീ അനുഭവിക്കുന്നതിൻ്റെ നൂറിൽ ഒരംശം മാത്രേ ഈ അമ്മയെ അറിയിക്കാറുള്ളൂ..

അച്ഛനോട് ഞാനെന്നും പറയാറുണ്ട്, ൻ്റെ കുട്ടീനെ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ.

അദ്ദേഹത്തിന് മറ്റെന്തിനേക്കാളും വലുത് തൻ്റെ പിടിവാശിയും, ദുരഭിമാനവും ആണ്…

മതിവരുവോളം ആ മടിയിൽ കിടന്ന് കരഞ്ഞു.അമ്മയോട് സംസാരിക്കുമ്പോൾ അയാൾ അടുത്ത് ഉണ്ടാവും. ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും മറ്റൊരാളും അറിയരുത്. അറിഞ്ഞാൽ ഭക്ഷണമോ ഒരു തുള്ളി വെള്ളമോ നൽകാതെ നഗ്നയാക്കി നിർത്തിയാണ് ശിക്ഷ. എല്ലുകൾ നുറുങ്ങുന്ന വേദന സഹിയ്ക്കാൻ കഴിയാതെ പുറത്തേയ്ക്ക് ഇറങ്ങി ഓടാതിരിക്കാൻ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.

രക്തം പുരണ്ട ബെൽറ്റും, ഇരുമ്പ് ദണ്ഡും ഞാൻ തന്നെ സ്വയം വൃത്തിയാക്കി അയാൾക്ക് തിരികെ നല്കണം,…

മിക്ക ദിവസങ്ങളിലും പട്ടിണി ആയിരിക്കും…

ഒക്കെ വച്ചുണ്ടാക്കിയാലും അത് കഴിക്കുന്നത് അയാൾ മാത്രം.. ഒന്നുങ്കിൽ എനിക്ക് ഉള്ളത് കൂടെ അയാൾ എടുത്ത് കഴിക്കും അല്ലെങ്കിൽ വേസ്റ്റ് ബോക്സിലേക്ക് ഇടും.. അയാൾ വീട്ടിൽ വരാത്ത ചില ദിവസങ്ങളിൽ മാത്രം വല്ലതും കഴിക്കും.. ജീവൻ നിലനിർത്തി പോന്നത് അങ്ങനെ ആണ്..

ആ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു.. പക്ഷെ എല്ലാം പിടിക്കപ്പെട്ടു..

അന്നൊക്കെ ശിക്ഷ ഇതിലും കടുപ്പത്തിൽ ആയിരിക്കും.. അത് കൊണ്ട് തന്നെ ഒരു പരുതിക്ക് ശേഷം എനിക്കാ ചിന്ത അപ്പാടെ കളയേണ്ടി വന്നു.. മുംബൈ ലെ ആ ഫ്ലാറ്റിൽ ആരും അറിയാതെ, കാണാതെ താൻ മരിച്ചു വീഴും എന്ന് ഏതാണ്ട് ഉറപ്പായി..

“മോളെ…”

അമ്മ വന്ന് വീണ്ടും എന്നെ ചിന്തയിൽ നിന്ന് മോചിപ്പിച്ചു.. പക്ഷെ എത്ര തന്നെ ആരൊക്കെ എന്നെ അതിൽ നിന്ന് പുറത്ത് കടക്കാൻ സഹായിച്ചെങ്കിലും വീണ്ടും വീണ്ടും ഞാൻ ആ തീയിൽ തന്നെ എത്തി നിൽക്കും.. പുറത്ത് കടക്കാനാവാത്ത വിധം ഞാൻ അതിൽ വെന്തു പോയിരുന്നു..

“മോളെ.. എത്ര ദിവസായി നീയിങ്ങനെ.. ചെല്ല് ചെന്നൊന്ന് കുളിച്ചിട്ടൊക്കെ വാ.. നമ്മൾക്ക് ഒരിടം വരെ പോയിട്ട് വരാം ”

ദയനീയതയോടെ ഞാൻ അമ്മയെ നോക്കി..

മനസ്സും ശരീരവും ഒരു പോലെ മരവിച്ചു പോയ എനിക്ക് ഈ വീടിന്റെ പടികടക്കാൻ പോലും ആവില്ലായിരുന്നു… അത്രയ്ക്കും തളർന്നു പോയിരിക്കുന്നു .

“അമ്മ പറയുന്നത് മോളൊന്ന് കേൾക്ക്..

ക്ഷേത്രത്തിൽ പോയി ഒന്ന് മനസുരുകി പ്രാർത്ഥിച്ചാൽ മോളുടെ ഈ അവസ്ഥക്ക് കുറച്ചൊക്കെ ഒരു മാറ്റം വന്നേക്കും ”

ആദ്യം ഞാൻ എതിർത്തെങ്കിലും വീണ്ടും വീണ്ടും ഉള്ള അമ്മയുടെ സംസാരത്തിൽ അതിൽ കാര്യം ഉണ്ടെന്ന് തനിക്കും തോന്നി.. അല്ലെങ്കിലും തന്നെയും തന്റെ ജീവനെയും ഇല്ലാതാക്കാൻ ശ്രമിച്ചവന് വേണ്ടി ഞാനെന്തിന് വീണ്ടും കണ്ണീരു വാർക്കണം എന്നൊരു തോന്നൽ..

കുളിച്ചു നേര്യത് ഉടുത്ത് ഞാൻ മുറിയിൽ നിന്ന് ഇറങ്ങി.. മുറ്റത്ത് അച്ഛനെ കണ്ടെങ്കിലും ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല.. എന്നോട് പലതവണ മിണ്ടാനായി ശ്രമിച്ചെങ്കിലും ഇത്രേം ദിവസം ആയിട്ട് ഒരു നോട്ടം പോലും ഞാൻ തിരിച്ചു നൽകിയില്ല..

പകയും ദേഷ്യവും ആയിരുന്നു അച്ഛനോട് മനസ്സ് നിറയെ.. തന്നെയും ഉണ്ണിയേട്ടനെയും തമ്മിൽ അകറ്റിയതിന്, ഇഷ്ടമില്ലാത്തൊരുത്തന് കെട്ടിച്ചു കൊടുത്തതിനു, തന്റെ ജീവിതം ഇല്ലാതാക്കിയതിന്

അമ്മയോടൊപ്പം ഇടവഴിയിലൂടെ നടക്കുമ്പോൾ കണ്ടു കുറച്ചു ദിവസം മുന്നേ എന്നെ കണ്ട് സഹതപിച്ചവരൊക്കെ ഇന്ന് തമ്മിൽ തമ്മിൽ പിറുപിറുക്കുന്നത്.. കെട്ടിയോൻ ചത്തവൾ വീടിനു വെളിയിൽ ഇറങ്ങരുതത്രെ…

ക്ഷേത്ര നടയിൽ കണ്ണനെ തൊഴുതങ്ങനെ നിൽക്കുമ്പോൾ തനിക്ക് ഒട്ടും ഭാരം ഇല്ലാത്ത പോലെ..

മനസ്സൊക്കെ അപ്പൂപ്പൻ താടി പോലെ പാറിക്കളിക്കുന്നു.. മനസ്സിലെ ഭാരം ഒക്കെ കണ്ണന്റെ മുന്നിൽ കരഞ്ഞു തീർത്തു.. അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സും ശരീരവും ഒരു പോലെ ശാന്തമായിരുന്നു..

വഴിയരികിൽ പൂത്ത് നിൽക്കുന്ന പൂക്കളിലും ഇലകളിലും തലോടിക്കൊണ്ട് നടന്നു നീങ്ങവേ അമ്മ എന്റെ കയ്യിൽ പിടുത്തമിട്ടു.

എന്താ അമ്മാ എന്ന് ചോദിക്കാനായി തുടങ്ങുമ്പോഴായിരുന്നു ഞാൻ എത്തി നിൽക്കുന്ന വഴി ഏതാണ് എന്ന് ഓർമ വന്നത്.. തലചെരിച്ചു വലതു വശത്തേക്ക് നോക്കിയതും എന്റെ ഹൃദയം നിലക്കുന്നത് പോലെ തോന്നി എനിക്ക്.. ഒരിക്കൽ തൻ്റേതായിരുന്ന രണ്ടാമത്തെ വീട്.. താൻ വന്നു കേറാൻ ആഗ്രഹിച്ച വീട്.. എന്റെ ഉണ്ണ്യേട്ടന്റെ വീട്.. അല്ല എന്റെയല്ല… ആ വീടും ഉണ്ണ്യേട്ടനും ഇന്ന് തനിക്ക് അന്യമാണ്..

“വാ മോളെ.. ഒന്ന് കേറിയിട്ട് പോകാം.. ഇത്രേം ദിവസം അമ്മായിയും ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളു എല്ലാത്തിനും..

ഉണ്ണ്യേട്ടൻ… ഉണ്ണ്യേട്ടൻ ഉണ്ടായിരുന്നോ മഹിയേട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്യുമ്പോ.. ന്നിട്ട് ഞാൻ കണ്ടില്ലലോ.. ഹാ മനപ്പൂർവം വരാത്തതാവും തന്റെ മുന്നിൽ.

“വാ മോളെ..”

അമ്മ എന്റെ കയ്യിൽ പിടിച്ചു

“അമ്മ… ” ദയനീയതയോടെ ഞാൻ വിളിച്ചെങ്കിലും എന്റെ വാക്കുകൾക്കോ അവസ്ഥകൾക്കോ വിലനൽക്കാതെ എന്റെ കയ്യിൽ പിടിച്ചു ആ വീടിന്റെ ഗേറ്റ് കടന്നു..

മുറ്റത്ത് തന്നെ കണ്ടു അമ്മായിയെ.. വെയിലത്ത് അരി ഉണക്കാൻ ഇടുവായിരുന്നു.. ആ മുഖത്തേക്ക് നോക്കാൻ കൂടെ പറ്റുന്നില്ല.. മനസ്സിൽ ഒരു കല്ലെടുത്തു വച്ച പോലെ.. ആ വീടിന്റെ പടി കടക്കാൻ പോലും തനിക്ക് പറ്റില്ല.. അല്ല അതിനുള്ള യോഗ്യത ഇല്ലന്ന് പറയുന്നതാവും ശെരി…

“ഹാ ആരൊക്കെയാ ഇത്.. വാ വന്നു കയറിയിരിക്ക്..”

സന്തോഷത്തോടെയാണ് അമ്മായി വിളിച്ചതെങ്കിലും തനിക്ക് ആ വീട്ടിലേക്ക് കയറാൻ കഴിഞ്ഞില്ല..

ഉണ്ണ്യേട്ടനെ പുറത്തെങ്ങും കണ്ടില്ല.. താൻ പോലും അറിയാതെ മിഴികൾ വീടിനുള്ളിലേക്ക് പോയെങ്കിലും അത് നിയന്ത്രിച്ചു കൊണ്ട് ഞാൻ ആ വീടിന്റെ തൊടിയിലേക്ക് നടന്നു.. അവിടെ ഒരു കുഞ്ഞു പൂമരം ഉണ്ട്… അതിനു താഴെയായി കുറച്ചു പാറ കഷ്ണങ്ങളും… വെറുതെ അവയിലൊക്കെ ഒന്ന് വിരലോടിച്ചു.. തന്റെയും ഉണ്ണിയേട്ടന്റെയും പ്രണയ നിമിഷങ്ങൾക്ക് മൂക സാക്ഷിയായവ..

വെറുതെയെങ്കിലും ആ പാറക്കല്ലിന് മേൽ ചെന്നിരുന്നു.. ഓർമകൾ കൈ വിട്ട് പോകാൻ ശ്രമങ്ങൾ പലതു നടത്തിയെങ്കിലും ബലമായി തന്നെ അവയെ ഒക്കെ ഞാൻ പിടിച്ചു നിർത്തി..

ഇളം കാറ്റിൽ ആ മരം പൂക്കൾ പൊഴിച്ചു കൊണ്ടേ ഇരുന്നു..

എന്റെ വരവറിഞ്ഞതിനാലാവണം.. വെറുതേ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നെഴുന്നേറ്റ് ഞാൻ മുന്നോട്ട് നടന്നു..

ആ വീട്ടിലെ പഴയ ഒരു ആലയ്ക്ക് മുന്നിലായി നടത്തം അവസാനിച്ചു. മുൻപൊക്കെ ഇതിൽ നിറയെ പശുക്കളായിരുന്നു.. പക്ഷെ ഇന്നതില്ല.. അകത്തു എന്തോ ഒന്ന് കറുത്ത ഷീറ്റ് കൊണ്ട് മറച്ചിരുന്നു.. ഒരു കാർ ആയിരുന്നു.. അതെ ഉണ്ണ്യേട്ടന്റെ കാർ ആയിരിക്കണം.. പക്ഷെ അത് മുറ്റത്തല്ലേ ഇടേണ്ടിയിരുന്നത്.. വെറുതേ ആ ഷീറ്റൊന്ന് ഞാൻ ഉയർത്തി നോക്കി..

കണ്ട കാഴ്ച.. എന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.. ഇത്.. ഇത് ആ കാർ തന്നെയല്ലേ..

ആണെന്ന് ഉറപ്പിക്കാനായി നമ്പർ പ്ലേറ്റിലേക്ക് ഞാൻ നോക്കി.. അതെ അത് തന്നെ..

വീഴാതിരിക്കാനായി ഞാൻ അടുത്ത് കണ്ട ചെങ്കല്ലിൽ പിടിത്തമിട്ടു.. താൻ അന്ന് കണ്ട കാഴ്ച കൺ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുന്നത് പോലെ

❤❤❤❤❤❤❤

ഏറെ നേരത്തെ വഴക്കിനു ശേഷം മഹിയേട്ടൻ ദേഷ്യത്തോടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി പോയ ആ ദിവസം… ദേഷ്യവും സങ്കടവും സഹിക്കാതെ ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു ആ അപകടം.. റോഡ് മുറിച്ച് കടക്കുവായിരുന്ന അയാളെ എതിരെ വന്ന പോളോ കാർ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി.. കണ്ണ് മുന്നിൽ അയാൾ പിടഞ്ഞു തീരുന്നത് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കി നിൽക്കാനേ തനിക്കന്നായുള്ളു.. ഇടിച്ചു തെറിപ്പിച്ചു പോയ കാറും ആ രംഗവും ഇപ്പഴും മായാതെ മനസ്സിൽ ഉണ്ട്.

കാറിന്റെ നമ്പർ കൃത്യമായി അറിയാമെങ്കിലും അയാളോടുള്ള വെറുപ്പ് കാരണം അന്വേഷണം വന്നപ്പോൾ എനിക്കത് പറയാൻ തോന്നിയില്ല.

” മോളെ എന്താ അവിടെ നിൽക്കുന്നെ.. അകത്തോട്ടു കയറി ഇരി.. ഈ സന്ധ്യാ നേരത്ത് തൊടിയിൽ അധികം നിൽക്കണ്ട.. ”

അമ്മായി എന്നോടായി മുറ്റത്ത് നിന്ന് വിളിച്ചു പറയുന്നത് കേട്ട് ഞാൻ പതിയെ അവിടെ നിന്ന് നടന്നു നീങ്ങി.. എങ്കിലും പല പ്രാവിശ്യം ഞാൻ ആ കാർ തിരിഞ്ഞു നോക്കികൊണ്ടിരുന്നു..

“അതെന്താ.. ആ കാർ അവിടെ ഇട്ടേക്കുന്നെ ”

“ഓ അതോ ഇതിനിടെ ഉണ്ണി ചെന്നൈയിൽ പോയിരുന്നു.. അപ്പൊ എവിടെയോ കൊണ്ട് തട്ടി അതിനെന്നോ പറ്റി ന്ന് പറഞ്ഞു അവിടെ ഇട്ടേക്കുവാ.. പോയി നന്നാക്കാൻ പറഞ്ഞിട്ട് ആ കൊച്ചതൊട്ട് കേൾക്കുന്നും ഇല്ല.. ”

ഇതും കൂടെ ആയപ്പോ എനിക്കുറപ്പായി.. അത് ചെയ്തത് ഉണ്ണ്യേട്ടൻ തന്നെ ആണ്.. പക്ഷെ എന്തിനു..

തന്റെ പ്രശ്നങ്ങളൊന്നും ഉണ്ണ്യേട്ടൻ അറിഞ്ഞിരുന്നില്ലലോ.. ഒരു പക്ഷെ ഞാൻ മഹിയേട്ടനോടൊപ്പം സുഖമായി ജീവിക്കുകയായിരിക്കും ന്ന് കരുതി അതില്ലാതാക്കാൻ ചെയ്തതായിരിക്കുമോ..

വീടിനകത്ത് നിന്നും ഇറങ്ങി വരുന്ന ഉണ്ണ്യേട്ടനെ കണ്ടതും എന്റെ മുഖം വലിഞ്ഞു മുറുകി …

എനിക്ക് എന്നെ തന്നെ നഷ്ടമാവും എന്ന് തോന്നിയപ്പോ തിരിഞ്ഞു ഗേറ്റ് ലക്ഷ്യമാക്കി നടന്നു.. പിന്നിൽ നിന്ന് അമ്മായിയും അമ്മയും മാറി മാറി വിളിച്ചെങ്കിലും നിന്നില്ല..

വീട്ടിലെത്തി മുറിയടച്ച് കട്ടിലിലേക്ക് വീണു.. കരഞ്ഞു.. ഒരുപാട് ഒരുപാട് കരഞ്ഞു… ആരോടും മിണ്ടാതെയും പുറത്തിറങ്ങാതെയും വീണ്ടും ദിവസങ്ങൾ നീങ്ങി..

ഇന്ന്… കണ്ണനെ കാണാൻ ഒരു ആഗ്രഹം.. എന്നെ ആ നടയിലേക്ക് മാടി വിളിക്കുന്നത് പോലെ..

ഒരു പക്ഷെ അന്നത്തെ പോലെ ആ നടയിൽ അൽപ്പനേരം നിന്ന് പ്രാർത്ഥിച്ചാൽ മനസ്സൊന്നു ശാന്തമായാലോ..

അമ്മയോട് വരുമോയെന്നൊന്നും ചോദിക്കാതെ തനിയെ വീട്ടിൽ നിന്നിറങ്ങി..

കണ്ണന്റെ മുന്നിൽ കൈ കൂപ്പി നിന്ന് പ്രാർത്ഥിച്ചു..

എത്ര നേരം ആ നിൽപ്പ് നിന്നു എന്നറിയില്ല..

തൊഴുതിറങ്ങി അമ്പല കുളത്തിലേക്ക് നടന്നു…

കല്പടവിൽ വെള്ളത്തിൽ പൂത്ത് നിൽക്കുന്ന ചെന്താമര നോക്കി അങ്ങനങ്ങു ഇരുന്നു..

ഓരോ കുഞ്ഞു കുഞ്ഞു കല്ലെടുത്തു വെള്ളത്തിലേക്കേറിയുമ്പോഴും അവ അനങ്ങി.. അൽപ്പ നേരത്തിനു ശേഷം അവ വീണ്ടും നിശ്ചലം.

തന്റെ ഷോൾഡർ ന് നേരെ ഒരു കൈ വരുന്നതറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി.. തന്റെ പിന്നിലായി ചുണ്ടിൽ ചിരിയുമായി നിൽക്കുന്ന ആളെ കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി…

“ദേവൂ…”

“തൊട്ട് പോകരുതെന്നെ… ചോരക്കറ പുരണ്ട ആ കൈകൊണ്ടെങ്ങാനും എന്റെ ദേഹത്ത് തൊട്ടാൽ അരിഞ്ഞു കളയും ദേവിക ”

“ഹഹഹഹ ”

അത്രയും ഉച്ചത്തിൽ ഞാൻ വിറകൊണ്ടിട്ടും അത് ഭാവിക്കാതെ.. എന്തിനു സത്യങ്ങൾ ഞാൻ അറിഞ്ഞു എന്നൊരു നടുക്കം പോലുമില്ലാതെ തന്റെ മുന്നിൽ നിന്ന് ഉച്ചത്തിൽ ചിരിക്കുന്ന ഉണ്ണ്യേട്ടനെ കണ്ട് എനിക്ക് അത്ഭുതം തോന്നി…

“എന്നോടിപ്പോ നീ ഈ കാണിച്ച വീര്യം നീ അവന്റടുത്ത്, ആ മഹിയുടെ അടുത്ത് കാണിച്ചിരുന്നെങ്കിൽ ഇന്ന് നിനക്കീ ഗതി വരില്ലായിരുന്നു.. നീയും നിന്റെ ശരീരവും ഉടഞ്ഞു തീരില്ലായിരുന്നു… അതെ കൊന്നതാ ഞാൻ അവനെ… എന്റെ ഈ കൈ കൊണ്ട്.. ആർക്ക് വേണ്ടി.. നിനക്ക് വേണ്ടി.. നീ അതിസമർത്തയായ്‌ ഒക്കെയും നിന്റെ വീട്ടുകാരിൽ നിന്ന് മറച്ചു പിടിച്ചു..

പക്ഷെ എന്നിൽ നിനക്കതായില്ല..”

കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ ഞാൻ തറഞ്ഞു നിന്നു.. ഞാൻ ആ മഹാ നഗരത്തിൽ കിടന്നനുഭവിച്ചതൊക്കെ ഉണ്ണ്യേട്ടൻ എങ്ങനെ അറിഞ്ഞു.. ചോദ്യ ഭാവത്തിൽ ഞാൻ ആ മുഖത്തേക്ക് നോക്കി.

“നോക്കണ്ട നീ.. അല്ലേലും പണ്ടേ എന്നോട് ദേഷ്യപ്പെടാനും എന്നെ എതിർക്കാനും മാത്രല്ലേ നിനക്കാവുള്ളു.. ബാക്കി ഉള്ളോരുടെ അടുത്തൊക്കെ പൂച്ചയല്ലേ.. അവിടെ.. മുംബൈയിൽ.. നിന്റെ ഫ്ലാറ്റിനു തൊട്ടുമുന്നിലെ ഫ്ലാറ്റിൽ ഒന്നരമാസം വാടകയ്ക്ക് ഞാൻ നിന്നത് നീ അറിഞ്ഞില്ല.. ഇല്ല നിനക്കറിയാൻ കഴിയില്ല.. കാരണം അവിടെ ചെന്നതിനു ശേഷം ആ മുറിക്കു പുറത്തേക്ക് നീ ഇറങ്ങിയിട്ടില്ല.. ചില സമയത്ത് വേദന സഹിക്കാതെ നീ ആർത്ത് കരയുമ്പോൾ കേറി വന്നു നിന്റെ കൈ പിടിച്ചു കൂട്ടികൊണ്ട് പോകാൻ പലതവണ തുനിഞ്ഞതാ.. പക്ഷെ എടുത്ത് ചാടുന്നത് ബുദ്ധിയല്ലെന്ന് തോന്നി.. അവനെ ഇല്ലാതാക്കിയാലേ അവനിൽ നിന്നൊരു മോചനം കിട്ടുള്ളു എന്നറിഞ്ഞു ഞാൻ കാത്തിരുന്നു.. ആ സമയത്തിനായി.. ഒത്തു കിട്ടിയപ്പോ അത് നടപ്പാക്കുകയും ചെയ്തു ”

ഇത്രയും പറഞ്ഞു കിതച്ചു കൊണ്ട് ഒരു വിജയിയുടെ ചിരിയോടെ ഉണ്ണ്യേട്ടൻ എന്നെ നോക്കി നിന്നു.. മറുത്തൊന്നും മിണ്ടാനാവാതെ ഞാൻ പുറം തിരിഞ്ഞു നിന്നു.. മറുപടി പറയാൻ എനിക്കൊന്നും തന്നെ ഇല്ലായിരുന്നു..

“പറ്റില്ല ദേവൂ… നിന്നെ മറക്കാൻ ഈ ജന്മം എനിക്കാവില്ല.. ഇങ്ങനൊക്കെ സംഭവിച്ചതിൽ നിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല.. നീ എന്നെ ചതിച്ചു എന്നൊരു തോന്നലുണ്ടേൽ അത് വേണ്ട..

നിന്റച്ഛൻ ചെയ്തതാണെന്ന് എനിക്കറിയാം.. ഇപ്പഴും ഈ ഉണ്ണി കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയാ..

എന്റെ ഈ പെണ്ണിന് വേണ്ടിയാ.. പോരില്ലേ നീ എന്റെ കൂടെ ഇനിയെങ്കിലും.. എന്റേത് മാത്രമായി

മറുപടി ഒന്നും തന്നെ പറയാൻ എനിക്ക് കഴിയില്ലായിരുന്നു… കാരണം എന്റെ മനസ്സ് എന്നെക്കാൾ നന്നായി ഉണ്ണ്യേട്ടൻ വായിച്ചു… അത് പണ്ടും അങ്ങനെ തന്നായിരുന്നല്ലോ.. ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ആകാതെ ഞാൻ പടിക്കെട്ടിൽ തളർന്നിരുന്നു..

“സമയം എടുത്തോളൂ.. പക്ഷെ കാത്തിരിക്കും ഞാൻ.. എത്ര നാള് വേണമെങ്കിലും.. എന്റെ ശരീരത്തിൽ നിന്നും ശ്വാസം പറിഞ്ഞു പോവും വരെ നിന്റെ വരവിനായി ഈ ഉണ്ണി കാത്തിരിക്കും..”

മറുപടി പ്രതീക്ഷിക്കാതെ അത്രയും പറഞ്ഞു ഉണ്ണ്യേട്ടൻ കുളപ്പടവ് കയറി പോയി.. മരവിച്ചമനസ്സോടെ കുളത്തിലെ വെള്ളവും നോക്കി ഞാനും ഇരുന്നു.. ഇനിയെന്ത് എന്നൊന്നറിയാതെ.. ഉണ്ണിയുടെ മാത്രം ദേവുവായി ഇനിയൊരു കാലം വരുമോ എന്നറിയാതെ…

ശുഭം.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സുധിൻ സദാനന്ദൻ , വൈദ്ദേഹി വൈഗ