എന്നെയല്ലാതെ ആരെയെങ്കിലും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ ചെത്തിയെടുക്കും.. കേട്ടോടി

രചന : Linith Seth Joshy

ഒരു കലിപ്പന്റെ പതനം

❤❤❤❤❤❤❤❤

രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ..

ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരു കേൾക്കുമ്പോൾ ചിരിക്കും.

എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ പേരിൽ ഒരു വിഷയവും കാണുന്നില്ലാലോ ദൈവമേ എന്നുള്ള പരാതിയിൽ അവൻ സ്ക്രോൾ ചെയ്തു..

ഒരു ഹായ് തരുമോ ഉണ്ണിയേട്ടാ എന്ന് ചോദിച്ചു പൂവൻ കോഴികളെ കടത്തി വെട്ടുന്ന കൂവൽ..

കേരളത്തിൽ ഇത്രക്കും പിടക്കോഴികൾ ഉണ്ടോ ആവൊ.

കുറച്ചു താഴേക്ക് സ്ക്രോൾ ചെയ്തു.. അപ്പോഴാണ് ഒരു കഥ കണ്ടത്

“കലിപ്പൻ രാവണന്റെ കാന്താരി..”

ലൈക്കുകളും കമെന്റുകളും നിറയുന്നത് കണ്ടപ്പോൾ അവൻ വേഗം അത് വായിച്ചു..

ചീകാത്ത മുടിയും കട്ട താടിയും മുണ്ടും മുകളിലേ ബട്ടണുകൾ അഴിച്ചിട്ട ഷർട്ടും കയ്യിൽ ഇടി വളയും ഇട്ടു ബുള്ളറ്റിൽ വരുന്ന നായകൻ.

ആര് എന്ത് ചോദിച്ചാലും തെറി. പെണ്ണുങ്ങളെ കണ്ടാൽ തലവെട്ടിച്ചു നടക്കുന്നവൻ..

നാട്ടിലെ പെണ്ണിനെ മുഴുവൻ പച്ചത്തെറി വിളിച്ചാലും സ്വന്തം പെങ്ങളെ ആരെങ്കിലും ഒന്ന് നോക്കിയാൽ ചവുട്ടി അവന്റെ കാലൊടിക്കുന്ന ഇനം.. ആഹാ പൊളി..

ഉണ്ണി ആവേശത്തോടെ വായിച്ചു..

കഥയിലെ നായകൻ ഒരു പെണ്ണിനെ കാണുന്നു.. ഇഷ്ട്ടം തോന്നുന്നു.. എന്നാൽ അവൾക്ക് ഒരു ഇഷ്ട്ടം ഉണ്ട്.. ആദ്യം അവൻ അവന്റെ കാലു തല്ലി ഒടിക്കുന്നു.

അതിന് ശേഷം പരസ്യമായി ആ പെണ്ണിനെ പിടിച്ചു ഉമ്മവെക്കുന്നതും അവൾ അവന്റെ കലിപ്പത്തരം കണ്ടപ്പോൾ തരളിതയായി കലിപ്പന്റെ കാന്താരി ആയി മാറി അവസാനം അവനെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നതും കെട്ടുന്നതും ജോലിക്ക് പോലും പോകാതെ അവന്റെ അഞ്ചു കുട്ടികളെ പ്രസവിക്കുന്നതും ഒക്കെയായ കഥ..

അത് എഴുതിയത് അവന്റെ കോളേജിലെ ഒരു കുട്ടി ആണെന്ന് കൂടെ അറിഞ്ഞപ്പോൾ അവൻ ആവേശം കൊണ്ട് ചാടി എഴുന്നേറ്റു.. വൃന്ദ.

നാടൻ സുന്ദരി ആയ അവൾ ആർക്കും പിടികൊടുക്കാത്ത കുട്ടിയാണ്.. അപ്പോൾ അവൾക്ക് വേണ്ടതും അതാണ്.. കോളേജിൽ ആണെങ്കിൽ പേരിന് പോലും ഒരു കലിപ്പൻ ഇല്ല..

“ഹീയാ…..!!!”

അവൻ റൂമിൽ കിടന്ന് കൂവിവിളിച്ചു.. അന്ന് സ്വപ്‌നങ്ങൾ കുറെ കണ്ടിട്ടാണ് അവൻ കിടന്നത്.

പിറ്റേന്ന് രാവിലെ.. അവൻ നേരത്തെ എഴുന്നേറ്റു.

കുളിച്ചു വന്നു.. മുടി ചീകാതെ അലങ്കോലം ആക്കിയിട്ടു.. താടി ചീകി ബ്രഷ് പോലത്തെ മീശ പിരിച്ചും വച്ചു..

കയ്യിൽ ഇടി വള കയറ്റി വച്ചു. കറുത്ത ഷർട്ട് ഇട്ടു കൈ മുകളിലേക്ക് ചുരുട്ടി വച്ചു. മൂന്ന് ബട്ടണും അഴിച്ചിട്ടു. മുണ്ടും ഉടുത്തു ഗമയിൽ കണ്ണാടിയിൽ ഒന്ന് നോക്കി..

“മ്മ്മ് കൊള്ളാം ഇന്ന് മുതൽ ഞാൻ കലിപ്പ് ആണ്.. വൃന്ദ മോളെ.. നമുക്ക് ഒരു പത്തു കുട്ടികൾ വേണം.”

അതും പറഞ്ഞു അവൻ റൂമിന് വെളിയിലേക്ക് ഇറങ്ങി..

“ഉണ്ണികുട്ടാ ഇന്ന് നേരത്തെ ആണല്ലോ…”

അമ്മ അത് പറഞ്ഞതും അവന് ദേഷ്യം ഇരച്ചു കയറി..

“ദേ തള്ളെ..? ഞാൻ ഉണ്ണിമോൻ അല്ല. ഇനി എന്നെങ്ങനെ വിളിച്ചാൽ.. അറിയാമല്ലോ എന്റെ സ്വഭാവം..”

അവൻ അലറി.. അതുകണ്ടു ആ പാവം അമ്മ വാ പൊളിച്ചു നിന്നു.. ഇത്ര നാളും അമ്മേ അമ്മേ എന്നുവിളിച്ചു സാരിത്തുമ്പിൽ തൂങ്ങി നടന്നവൻ ആണ്..

“ഡീ പൊന്നു…!!!”

അവൻ അലറി വിളിച്ചു.. അത് കേട്ട് അനിയത്തി അവിടേക്ക് വന്നു..

“എന്തമ്മേ ഈ ഏട്ടൻ ഇങ്ങനെ അലറുന്നത്..?”

“നിർത്തഡീ…! പറ ഇപ്പൊ പറ…!”

അവൻ വീണ്ടും അലറി..

“എന്ത് പറയാൻ..?”

“നിന്നെ ആരെങ്കിലും ശല്യപെടുത്തുന്നുണ്ടോ? ആരേലും പുറകെ നടക്കുന്നുണ്ടോ? പറ… അവന്റെ കാലു ഞാൻ ചവുട്ടി ഒടിക്കും.. പറയഡീ…”

അവൾ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ നോക്കി നിന്നു..

“ഇല്ലല്ലേ..? ഉണ്ടേൽ പറയണം..!”

അവൻ ഒന്ന് മൂളി അപ്പന്റെ ബുള്ളറ്റിന്റെ ചാവി എടുത്തു.

“നീയെങ്ങോട്ടാ ബൈക്കും ആയി..അതവിടെ വച്ചേ..!”

“മിണ്ടരുത്.. ഇനി ഞാൻ പറയും നിങ്ങൾ കേൾക്കും.. കേട്ടല്ലോ..? കൂടുതൽ പറഞ്ഞാൽ എടുത്തു കിണറ്റിൽ ഇടും ഞാൻ…!”

അടുത്ത അലർച്ച അലറി പറമ്പിൽ പണി കഴിഞ്ഞു വന്ന അപ്പന്റെ മുഖത്തേക്ക് ആണ് നോക്കിയത്..

ഇതൊക്കെ കണ്ടപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ പുറത്ത് കുലച്ചു നിൽക്കുന്ന വാഴകളിലേക്ക് പോയി..

അവൻ അപ്പനെ പുച്ഛഭാവത്തിൽ നോക്കി ബൈക്കിൽ കയറി കിക്കർ ആഞ്ഞു ചവുട്ടി..

ബൈക്ക് ഓൺ ആക്കി നിർത്തി തന്നെ അവൻ വാട്ട്സ് ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പേര് മാറ്റി.

“തനി രാവണൻ…”

അത് മനസ്സിൽ ഒന്നുകൂടെ പറഞ്ഞു അവൻ ഹെൽമെറ്റ് വെക്കാതെ ബൈക്ക് മുൻപോട്ട് എടുത്തു..

“ഇവനിത് എന്താ..?”

അമ്മ താടിക്ക് കൈ കൊടുത്തു നിന്നപ്പോൾ അപ്പന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

അവൻ കോളേജിൽ എത്തി.. ബൈക്ക് ഗ്രൗണ്ടിന്റെ നടുക്ക് നിർത്തി കാലു വീശി ഇറങ്ങി.. മീശ ഒന്നുകൂടെ പിരിച്ചു.

“ഡാ ഉണ്ണികുട്ടാ..”

ചങ്ക് ഓടിവന്നു.. പടക്കം പൊട്ടും പോലെ ചങ്കിന്റെ കവിളത്ത് ഒരെണ്ണം കൊടുത്തു..

“ഉണ്ണി അല്ല. രാവണൻ. തനി രാവണൻ.. ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി..അല്ലെങ്കിൽ നീ മരിക്കും..”

അതും പറഞ്ഞു മുണ്ടും മടക്കി കുത്തി അവൻ മുൻപോട്ട് പോയപ്പോൾ ചങ്ക് വാ പൊളിച്ചു നിന്നു..

“മാറി നിൽക്കെടീ നായിന്റെ മോളെ വഴിയിൽ നിന്നും…”

അവന്റെ അലർച്ചയിൽ പെൺകുട്ടികൾ വിറച്ചു മാറി നിന്ന് അവനെ ആരാധനയോടെ നോക്കി..

അവൻ നേരെ പോയത് ക്ലാസ്സിലേക്ക് ആണ്. അന്ന് മൊത്തം തനി രാവണൻ ആയി അവൻ വിലസി നടന്നു..

അന്ന് മാത്രം അല്ല.. പിന്നെ അവൻ എന്നും രാവണൻ ആയി.. ഒന്ന് പറഞ്ഞാൽ രണ്ടിന് തെറി.

കൂടുതലും പെൺകുട്ടികൾ ആണ് അവന്റെ ഇര..

ഒരു ദിവസം വൈകുന്നേരം..

വൃന്ദ ക്ലാസ് കഴിഞ്ഞു പുറത്തേക്ക് കൂട്ടുകാരികളുടെ ഒപ്പം വരുകയായിരുന്നു..

“ഡീ….!!!”

അലർച്ച കേട്ട് അവർ ഞെട്ടി തിരിഞ്ഞു നോക്കി..

“തനി രാവണൻ ആണല്ലോ വൃന്ദെ.. പണിയാകും.”

ഒരുത്തി മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു. കുട്ടികൾ കൂട്ടം കൂടി.

“ഫ പന്ന കഴുവേറികളെ.. മാറി നിക്കടീ..”

അവൻ ബാക്കിയുള്ളവരോട് അലറിയപ്പോൾ അവർ പേടിച്ചു മാറി നിന്നു..

അവൻ വൃന്ദയുടെ മുൻപിൽ ചെന്നു.. അവൾ പേടിയോടെ അവനെ നോക്കി.

“രാവണന്റെ സീതയോടുള്ള പ്രണയം സത്യം ആയിരുന്നു.. അതെ ഈ രാവണനും പ്രണയമാണ്..

സീതയോട് അല്ല.. വൃന്ദയോട്.. “

അവൻ ഉച്ചത്തിൽ പറഞ്ഞു.. അതിന് ശേഷം പകച്ചു നിന്ന അവളുടെ കവിളിൽ കുത്തി പിടിച്ചു..

“പന്ന ****** മോളെ.. നീ ഈ തനി രാവണന്റെ പെണ്ണ് ആണ്. എന്നെയല്ലാതെ ആരെയെങ്കിലും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ ചെത്തിയെടുക്കും.. കേട്ടോടി *****.. പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിക്കും ഞാൻ..

നാളെ വരുമ്പോൾ എന്നെ പരസ്യമായി ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തിരിക്കണം.. രാവണന്റെ പെണ്ണാണ് നീ.. കേട്ടോടി…??”

അതും പറഞ്ഞു അവൻ അവളെ ഒരു തള്ളു കൊടുത്തു.. അതിന് ശേഷം മുണ്ടു പിടിച്ചു ഇടി വള വലിച്ചു കയറ്റി മനസ്സിൽ ഞാൻ രാവണൻ ഒരു രാക്ഷസൻ എന്നൊരു പാട്ടും പാടി തല പൊക്കി പിടിച്ചു നടന്നു…

“രാവണൻ ഒന്ന് നിന്നെ…”

പുറകിൽ നിന്നും വൃന്ദയുടെ സ്വരം.. അവൻ കോരിത്തരിച്ചു.. അഭിനയം കലക്കി.. പെണ്ണ് ഇപ്പോൾ പ്രൊപ്പോസ് ചെയ്യാൻ പോകുന്നു.. രാവണൻ ഏറ്റു… പൊന്നു രാവണാ നന്ദി..

“എന്താടീ ***** മോളെ..?”

അവൻ വെട്ടിത്തിരിഞ്ഞു അവളെ നോക്കി അലറി..

അവൾ അടുത്ത് വന്നു.. ആഹാ അങ്ങനെ ആ മുഹൂർത്തം വന്നു എന്നവൻ മനസ്സിൽ ചിന്തിച്ചു തീർന്നില്ല..

പടക്കം പൊട്ടും പോലെ ഒരു ശബ്ദം കെട്ടു.. ഇടത്തെ കണ്ണിന്റെ കാഴ്ച പോയതുപോലെ ഒരു മൂടൽ.. എന്താ അത്..

അവൻ സംശയത്തോടെ വൃന്ദയെ നോക്കി..

അവൾ കൈ പൊക്കുന്നത്‌ കണ്ടു.. ഒരു ശബ്ദം കൂടെ.. കണ്ണിൽ ആയിരം പൊന്നീച്ച പാറി കളിച്ചു.. അവൾ അവന്റെ മുഖത്തിനിട്ട് പൊട്ടിച്ചത് ആണെന്ന് അപ്പോഴാണ് അവന് മനസിലായത്..

“അവന്റെ ഒരു തനി രാവണൻ.. പ്രേമം.. ഒന്ന് പോടാ മൈ **** തുഫ്..”

അതും പറഞ്ഞു അവൾ വെട്ടി തിരിഞ്ഞു നടന്നു പോയപ്പോൾ തനി രാവണൻ കണ്ണും നെഞ്ചും കലങ്ങി നിന്നു… എന്തൊരു തെറിയാണ് ഈ പെണ്ണ്.. ഛെ..

കുട്ടികൾ ഒക്കെ കൂട്ടച്ചിരി.

ഇങ്ങനെ ചിരിച്ചാൽ ഉണ്ണിമോൻ കരയും എന്ന് പറ അമ്മേ എന്ന് മനസ്സിൽ വന്നെങ്കിലും മിണ്ടിയില്ല..

ഓടി ബൈക്കിൽ കയറാൻ നേരത്തു മുണ്ടും അഴിഞ്ഞുപോയി. അതോടെ കുട്ടികളുടെ ചിരി ഉച്ചത്തിൽ ആയി..

“രാവണൻ എന്തായാലും ഷഡ്‌ജം ഇട്ടത് നന്നായി”

എന്നും പറഞ്ഞു ആയിരുന്നു ചിരി.. മുണ്ടും വാരി നെഞ്ചിൽ ചുറ്റി ബൈക്ക് എടുത്തപ്പോൾ ചങ്കും വന്നു കയറി..

“നിന്നോടാരാ തെറി വിളിച്ചാൽ അവള് വളയും എന്ന് പറഞ്ഞെ..?”

എല്ലാം തകർന്ന് ആൽത്തറയിൽ മുഖവും തടവി ഇരിക്കുന്ന തനി രാവണനോട് ചങ്ക് ചോദിച്ചു..

“കലിപ്പ്.. തെറി ഇതൊക്കെ അപ്പൊ പെണ്ണുങ്ങൾക്ക് ഇഷ്ടമല്ലേ..? കഥകളിൽ ഒക്കെ കാണാറുണ്ടല്ലോ? പരസ്യമായി തെറി വിളിക്കുന്നവരെ പുറകെ പോയി പ്രേമിക്കുന്നത്..? രാവണനെ അവർക്ക് ഇഷ്ടമാണല്ലോ..?”

അവന്റെ ചോദ്യം..

“ഡാ കന്നാലീ.. മാന്യന്മാർ ആരേലും വെറുതെ തെറി വിളിക്കുമോ? അതും പെൺകിടാവിനെയൊക്കെ.. ന്തൂട്ട് രാവണൻ ആണിസ്റ്റാ നീ.. ശവി…”

അവൻ പറഞ്ഞു തീർന്നില്ല ഒരു പോലീസ് ജീപ്പ് വന്നു മുൻപിൽ നിന്നു..

“ആരാ ഈ ഉണ്ണിമോൻ..?”

“ഉണ്ണിമോൻ അല്ല സാറേ.. തനി രാവണൻ എന്ന് ആണ്..”

വേറെ ഒരു പോലീസുകാരൻ പറഞ്ഞപ്പോൾ അവൻ ഇഞ്ചി കടിച്ചതുപോലെ ആയി..

“ആഹാ അപ്പൊ ആരാ ഈ തനി രാവണൻ.. “

പോലീസുകാരൻ പുച്ഛത്തോടെ ചോദിച്ചു..

ഉണ്ണിമോൻ പേടിയോടെ എഴുന്നേറ്റ് നിന്നു..

“കൂടെ പഠിക്കുന്ന പെൺകുട്ടിയെ പരസ്യമായി അസഭ്യം, അപായപ്പെടുത്താൻ ശ്രമം, പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുമെന്ന് ഭീഷണി. നിന്റെ പേരിൽ ഒരു കേസുണ്ട്..”

അത് കേട്ട ഉടനെ ചങ്ക് ബുക്കും വലിച്ചെറിഞ്ഞു ഓടി അമ്പലകുളത്തിലേക്ക് എടുത്തു ചാടി നീന്തി അക്കരെ കടന്ന് വീണ്ടും ഓടി..

തനി രാവണൻ വാ പൊളിച്ചു നിന്നു..

“ഞാൻ…അങ്ങനെ..ഒന്നും.. ആരാ…സാറേ..”

അവൻ വിറച്ചുകൊണ്ട് ചോദിച്ചു..

“ഫ കന്നാലി.. വൃന്ദ ന്റെ മോളാണ്ടാ…”

വീണ്ടും കണ്ണിൽ പൊന്നീച്ച പാറി.. ബോധം വന്നപ്പോൾ പോലീസ് സ്റ്റേഷനിൽ ആണ്..

വീട്ടിൽ നിന്നും ആള് വന്നു ഒരുവിധത്തിൽ ഒത്തുതീർപ്പ് ആക്കി. അപ്പൻ വാഴ കുല വെട്ടി വിറ്റു വച്ച പൈസ ആ വഴിക്ക് പോയി.

കഥ വായിച്ചിട്ട് പെണ്ണിനെ വളക്കാൻ ആണ് രാവണൻ ആയതെന്ന് പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ കൂട്ടച്ചിരി ആയിരുന്നു..

അവസാനം തനി രാവണനെ.. ഛെ ഉണ്ണിമോനെ വീട്ടിൽ കൊണ്ടുവന്നു.. അടി കിട്ടി സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു..

ഇടക്ക് എപ്പോഴോ നാഭിക്കും കിട്ടിയിരുന്നു ഒരെണ്ണം.. നടക്കാൻ വയ്യ

“ഏട്ടാ.? ഒരുത്തൻ എന്റെ പുറകെ നടന്നു. ഒന്ന് കോളജിൽ വന്നു അവനെ തല്ലിയാൽ എനിക്കും ഒരു വില ഉണ്ടാകും.. വരുമോ ഏട്ടാ..?”

അമ്മയുടെ തോളിൽ കൈ ഇട്ടു വളഞ്ഞു വളഞ്ഞു അകത്തേക്ക് പോകുന്നതിന്റെ ഇടയിൽ ആയിരുന്നു അനിയത്തി കുരിപ്പിന്റെ ചോദ്യം..

ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ എന്ന് പറയാൻ വാ അനങ്ങാത്തത് കൊണ്ട് അവൻ മെല്ലെ റൂമിലേക്ക് പോയി..

അച്ഛൻ ഒന്നും മിണ്ടിയില്ല.. ഉമ്മറത്തെ ചാര് കസേരയിൽ അയാൾ ഇരുന്നു..

“ഇനി നിങ്ങൾ കൂടെ അവനെ ഒന്നും പറയണ്ടാട്ടോ.. പാവം കുട്ടി.. ഒരു അബദ്ധം പറ്റിയതാണ്..

ന്റെ കുട്ടി പാവ്വ..”

അതും പറഞ്ഞു കണ്ണും തുടച്ചു അവന്റെ അമ്മ അകത്തേക്ക് പോയി..

“ശരിയാണ്.. അബദ്ധം ആയിരുന്നു. അഹ് നാളെ കുറച്ചു വാഴ നടണം.. “

അങ്ങേരു ആത്മഗതത്തോടെ ഇരുന്നപ്പോൾ വീട്ടിൽ വൃന്ദ അടുത്ത കഥ എഴുതുന്ന തിരക്കിൽ ആയിരുന്നു.

“ഒരു കലിപ്പന്റെ പതനം…”

ശുഭം.

തമാശക്ക് എഴുതിയതാണ്.. കഥകളിൽ കലിപ്പനെ ആരാധിക്കുന്ന പെൺകുട്ടികൾ ഉണ്ടാകും. കലിപ്പത്തിയെ ഇഷ്ടപെടുന്ന ആണുങ്ങളും ഉണ്ടാകും

പരസ്യമായി കുത്തിപ്പിടിച്ചു കിസ് അടിച്ചാലും കഥകളിൽ കൈ അടിക്കാൻ ആളുകൾ ഉണ്ടാകും..

എന്റെ തന്നെ ഇവാഞ്ചലിൻ എന്ന ഇവാ ഒരു ഉദാഹരണം..

അത് കഥകളിൽ മാത്രമാണ്.. റിയൽ ലൈഫിൽ ചെയ്താൽ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Linith Seth Joshy

Scroll to Top