ഇന്ന് ഈ വീട്ടിലെ തന്റെ അവസാനത്തെ രാത്രിയാണ്…. നാളെ മുതൽ വല്ലപ്പോഴും വിരുന്നെത്തുന്ന മകൾ

രചന : ജോളി ഷാജി….

കല്യാണപ്പേടി

***************

ഇന്ന് ഈ വീട്ടിലെ തന്റെ അവസാനത്തെ രാത്രിയാണ്…. നാളെ മുതൽ വല്ലപ്പോഴും വിരുന്നെത്തുന്ന മകൾ… മാളവികയ്ക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല… അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു… ഒടുക്കം മെല്ലെ എണീറ്റു ഏട്ടന്റെ മുറിയുടെ വാതിലിൽ മുട്ടി…

“എന്താ മോളെ നീ ഉറങ്ങിയില്ലേ… നാളെ പുലർച്ചെ ഉണരേണ്ടതല്ലേ…”

“ഏട്ടാ ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ…”

അത്രയും ചോദിക്കും മുന്നേ അവൾ വിങ്ങി പൊട്ടിപോയിരുന്നു… മഹേഷ്‌ മാളുവിനെ ചേർത്തു പിടിച്ചു..

“എന്താ മാളൂട്ടാ ഇത്… സന്തോഷിക്കേണ്ട ദിവസം അല്ലേ..”

“നിങ്ങളെയൊക്കെ വിട്ടു പോയിട്ട് എനിക്ക് എന്ത് സന്തോഷം കിട്ടും ഏട്ടാ.. സത്യത്തിൽ എനിക്ക് പേടിയാ ഏട്ടാ കല്യാണം അടുത്തപ്പോൾ… അവർ എന്നോട് എങ്ങനെ ആയിരിക്കും പെരുമാറുക…

ഓർക്കുമ്പോൾ പേടി തോന്നുന്നു…”

“ന്റെ കുട്ടി എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഇപ്പോൾ ഓർക്കുന്നത്…”

“സ്ത്രീധനമൊക്കെ കൊടുത്തു കെട്ടിച്ചിട്ടും ഒരോ പെൺകുട്ടികളുടെ അനുഭവങ്ങൾ കാണുമ്പോൾ..

“എല്ലാരും ഒരുപോലെ ആകുമോ മോളെ… നമ്മടെ അച്ഛനൊക്കെ അമ്മയെ എത്ര നന്നായിട്ടാണ് കെയർ ചെയ്യുന്നത്… നെഗറ്റീവ് മാത്രം ചിന്തിക്കേണ്ട… വാ നമുക്ക് കിടക്കാം..”

മഹേഷ്‌ തന്റെ കട്ടിലിൽ മാളുവിനെ പിടിച്ചു കിടത്തി പുതപ്പിച്ചു മെല്ലെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു…

“ഏട്ടാ ഒരു പാട്ടു പാടി തരുമോ..”

“പിന്നെന്താ എന്റെ മാളൂട്ടനെ ഏട്ടൻ എത്ര പാടിയുറക്കിയിരിക്കുന്നു…”

മഹേഷ്‌ നല്ലൊരു താരാട്ടു പാട്ടുപാടി..

പാട്ടു തീർന്നപ്പോളേക്കും അവൾ ഉറങ്ങിയിരുന്നു…

പിറ്റേന്ന് പുലർച്ചെ വിളിച്ചെഴുന്നേൽപ്പിച്ച അവളെ ഉന്തി തള്ളിയാണ് കുളിക്കാൻ വിട്ടത്..

കുളി കഴിഞ്ഞു വന്നപ്പോളേക്കും അമ്മ ചായയുമായി വന്നു..

“വേഗം ചായ കുടിച്ചേ മോളെ… ദേ ഒരുക്കാൻ അവരിപ്പോ ഇങ്ങെത്തും..”

അവൾ അമ്മയെ. നോക്കി .. എത്ര സന്തോഷം ആണ് അമ്മയുടെ മുഖത്ത്… തന്നെ കെട്ടിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം അമ്മക്കാണ്..

സാരി ഉടുക്കുമ്പോഴും ആഭരണങ്ങൾ അണിയുമ്പോഴുമൊക്കെ അവൾക്കുള്ളിൽ ആധി കൂടി വന്നു…

സ്വർണ്ണം കുറഞ്ഞു പോയോ… സാരി വിലകുറഞ്ഞു പോയോ… ഈശ്വരാ ഇതൊക്കെ പറഞ്ഞ് അമ്മായി അമ്മ തന്നെ കുറ്റപ്പെടുത്തുമോ.. അവളിൽ ഒരുപാട് അനാവശ്യ ചിന്തകൾ ഉണ്ടായി…

മൂത്തവർക്കൊക്കെ ദക്ഷിണ കൊടുക്കുമ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോളുമൊക്കെ അവൾ യന്ത്രം പോലെ പ്രവർത്തിക്കുകയായിരുന്നു…

കുടുംബത്തിലെ കുട്ടികൾ ഒക്കെ ചുറ്റും കൂടിയിട്ടും അവൾ ഒന്ന് മിണ്ടാനോ ചിരിക്കാനോ ശ്രമിച്ചില്ല…

“കല്യാണം കഴിഞ്ഞില്ല അതിന് മുന്നേ മാളവിക മാറിയിരിക്കുന്നു… ആരെയും മൈൻഡ് പോലും ഇല്ല… എന്തോ സ്വർഗ്ഗം കിട്ടിയത് പോലെ ആണ് ആ കുട്ടിക്ക്…”

ബന്ധുക്കൾ അടക്കം പറഞ്ഞു തുടങ്ങി…

അമ്പലത്തിൽ ചെന്നു കാറിൽ നിന്നും ഇറങ്ങുമ്പോൾ ചെറുക്കൻ കൂട്ടർ പെണ്ണെത്തി എന്ന് പറഞ്ഞ് കാറിനടുത്തേക്ക് വന്നു… ഈശ്വരാ കെട്ടു കഴിയും മുന്നേ ഇവർ തന്റെ സ്വർണ്ണത്തിന്റെ തൂക്കവും മറ്റും നോക്കാൻ വന്നതാണോ…

ഗിരീഷ് അവളുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ അവളിലെ ഭയം കൂടി..

ചെറുക്കൻ വീട്ടിലേക്കു പോകാൻ നേരം അമ്മ അവളെ കെട്ടിപിടിച്ച് കരഞ്ഞു..പക്ഷെ അവൾ നിശ്ചലയായി നിന്നു… അപ്പോളാണ് അവൾ അച്ഛനെ തിരഞ്ഞത്… പിറകിൽ മാറി നിന്നു കണ്ണുകൾ തുടക്കുന്ന അച്ഛൻ… കൂട്ടുകാരന്റെ തോളിൽ തല ചായ്ച്ചു കരയുന്ന ഏട്ടൻ.. ഇതൊക്കെ കണ്ടപ്പോൾ അവൾക്ക് പിടിച്ചു നില്ക്കാൻ ആയില്ല.. അവൾ അച്ഛനെ കെട്ടിപിടിച്ച് ഉച്ചത്തിൽ കരഞ്ഞു…

“എന്താടാ മാളൂട്ടാ ഇത്.. ഇത്രയും നേരം പിടിച്ചു നിന്ന നീ കരയുകയോ..”

മഹേഷ്‌ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കാറിനടുത്തേക്ക് നടന്നു… കാറിലേക്ക് കയറാൻ മടിച്ച അവളെ ഗിരീഷ് ചേർത്തു പിടിച്ചപ്പോൾ അവളിൽ വീണ്ടും പേടി കൂടി…

തന്നെ വീട്ടുകാർ വിൽക്കുന്നു… വാങ്ങിയ ആൾ ബലമായി കൊണ്ടുപോകുന്നു…

കാർ അകന്നു പോയപ്പോൾ അവൾ പുറത്തേക്കു നോക്കി കൈ വീശി…

ദിവസങ്ങളും വർഷങ്ങളും കടന്നുപോയികൊണ്ടേ ഇരുന്നു …

ഒരു ദിവസം അത്യാവശ്യമായി മഹേഷ്‌ മാളവികയെ വിളിച്ചു…

“എടാ മാളൂട്ടാ ഞാനും അശ്വതിയും ഒരാഴ്ചത്തേക്ക് ഒരു ടൂർ പോവുകയാണ് നിനക്ക് ഒരാഴ്ച്ച ഇവിടെ വന്നു നിൽക്കാമോ…”

“പറ്റില്ല പറ്റില്ല… വേണെങ്കിൽ ഒരു ദിവസം… അതിൽ കൂടുതൽ എനിക്ക് എന്റേട്ടനെ ഇട്ടിട്ട് പോരാൻ പറ്റില്ല… ഏട്ടന്റെ കാര്യങ്ങളൊക്കെ ഞാൻ തന്നെ നോക്കിയാലെ ശെരിയാവു….പിന്നെ ഇവിടെ അമ്മക്കാണെങ്കിൽ എന്നേയും മോളെയും എപ്പോഴും കാണണം… പറ്റില്ല ഏട്ടാ ഏട്ടൻ തത്കാലം പോക്ക് വേണ്ടെന്നു വെയ്ക്കു…”

അവൾ ഫോൺ കട്ട് ചെയ്ത് പോയി..

ഈശ്വരാ കല്യാണത്തിന്റെ തലേന്ന് ഇവളാണോ ആ കരഞ്ഞതും പറഞ്ഞതുമൊക്കെ… മഹേഷ്‌ ഓർത്തോർത്തു ചിരിച്ചു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജോളി ഷാജി….