നീ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണം… ഞാൻ കാത്തിരിക്കും നീ വരുന്നതിനായി

രചന : ജോളി ഷാജി….

ഒറ്റമന്ദാരം

***********

പ്രിയപ്പെട്ട ജൊഹാൻ,

ഇതെന്റെ പത്താമത്തെ കത്താണ്… ഹോസ്പിറ്റലിൽ നിങ്ങൾ നൽകിയിരുന്ന അഡ്രസ്സിലേക്ക് എല്ലാമാസവും അയക്കുന്ന കത്തുകൾക്ക് മറുപടി പ്രതീക്ഷിച്ച് തന്നെയാണ് അയച്ചതൊക്കെ….

എല്ലാത്തിലും എന്റെ ഫോൺ നമ്പർ വെച്ചത് ഒരിക്കൽ എങ്കിലും നീ ഒരു ഹായ് അയക്കും എന്ന പ്രതീക്ഷയിലാണ്…

സത്യത്തിൽ ഇന്നും എനിക്ക് നല്ല വിശ്വാസം ഉണ്ട്‌ ഒരിക്കൽ നീയെന്നെ തേടി എത്തുമെന്ന്….

അപ്പോൾ നീ ഓർക്കുമായിരിക്കും ഇരുപതോ ഇരുപത്തഞ്ചോ ദിവസം ശുശ്രൂഷിച്ച ഒരു നഴ്സിനെ ഞാൻ എന്തിനു തേടി പോകുന്നു എന്ന്…

അറിയില്ല ജൊഹാൻ… നീ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ ബോധമില്ലാത്ത നിന്റെ ചുണ്ടുകൾക്ക് ചെറുതായി സ്പന്ദനം മാത്രമേ ഉണ്ടായിരുന്നുള്ളു….

ഈ കാലത്തിനിടെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട്.. ഒരുപാട് മരണങ്ങൾക്ക് സാക്ഷി ആയിട്ടും ഉണ്ട്‌.. പക്ഷെ നിന്നെ കണ്ട ഒറ്റനോട്ടത്തിലെ നീയെന്റെ ആരോ എന്നൊരു തോന്നൽ ഉണ്ടായി.

അതാണ് നിനക്കൊപ്പം നിന്നു നിന്നെ ശുശ്രൂഷിച്ചതും എന്റെ രക്തം നിനക്ക് പകർന്നു നൽകിയതും..

അപകടത്തിൽ പരിക്ക് പറ്റിയ നിന്റെ കാലിനു ഓപ്പറേഷൻ നടക്കുമ്പോൾ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു… കൂട്ടുകാരികളൊക്കെ കളിയാക്കി…. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമായേ തോന്നിയില്ല… കാരണം എന്റെ ഉള്ളിൽ നീ എന്റെ ആരോ ആണല്ലോ…

ഒരുപക്ഷെ മുജ്ജന്മത്തിൽ നമ്മൾ അത്രയേറെ ആഴത്തിൽ വേരൂന്നിയ ബന്ധം ആയിരിന്നിരിക്കുമോ.

നീ ഇപ്പോളും എഴുതാറുണ്ടോ.. നീ എനിക്ക് എഴുതി തന്ന ആ കവിതകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

സമയം കിട്ടുമ്പോളൊക്കെ ആ വരികളിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട് ജൊഹാൻ..

ഒരു വർഷം കഴിഞ്ഞിരിക്കുന്നു നമ്മൾ കണ്ടിട്ടും മിണ്ടിയിട്ടും… അന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ നിന്റെ കാലിൽ വേദന കൂടുതൽ കണ്ടിട്ടല്ലേ പോയത്… വീട്ടിൽ ചെന്നു കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…. വൈകുന്നേരം ആകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ… എന്നത്തേയുംകാൾ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ മാതാവിന്റെ പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു നിനക്ക് വേദന കുറയണേ എന്ന്… മാതാവിന്റെ കാല്പാദങ്ങളിൽ നിന്നും തൊട്ടെടുത്ത എണ്ണയുമായി ഓടിയെത്തിയ എനിക്ക് നിരാശ ആണ് കിട്ടിയത്…

ഇൻഫെക്ഷൻ കൂടിയ നിന്നെ വീട്ടുകാർ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ മരവിച്ചുപോയി… പിറ്റേന്ന് അറിയാവുന്ന കുറേ ആശുപത്രികളിലേക്ക് വിളിച്ചു നോക്കി നീ അവിടെങ്ങാനും ഉണ്ടോ എന്ന്…

പക്ഷെ മനസ്സിന് വേദന മാത്രം ആണ് കിട്ടിയത്…

ജൊഹാൻ നീ എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കണം… ഞാൻ കാത്തിരിക്കും നീ വരുന്നതിനായി…

കുറേ കാത്തിരുന്നു കാത്തിരുന്നു ഒരിക്കൽ നിന്നെ മറക്കുമായിരിക്കും അല്ലേ… അപ്പോൾ ഞാൻ ദൈവത്തിന്റെ ദാസിയായി ഏതെങ്കിലും ഒരു കന്യാസ്ത്രീ മഠത്തിൽ ആയിരിക്കും കേട്ടോ….

അപ്പോൾ ഞാൻ നിർത്തുവാട്ടോ… നാളെ മോർണിംഗ് ഡ്യൂട്ടി ആണ്… പുലർച്ചെ എണീക്കണം.

സ്നേഹപൂർവ്വം

ആഗ്നസ്…

ജൊഹാന്റെ കൈകളിൽ ഇരുന്ന ആ കത്തിലേക്ക് കണ്ണുനീർ ഇറ്റ് വീണു..

“മോനെ നീ കരയുവാണോ..”

അമ്മ അവന്റെ അരികിലേക്ക് വന്നു..

“മോനെ ആ നേഴ്‌സു കൊച്ചിന്റെ ആണോ കത്ത്…”

“അതേ അമ്മേ… അവൾ ഇപ്പോളും എന്നേയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്….”

“എന്താ മോനെ ആ കുട്ടി ഇങ്ങനെ… എന്റെ മോൻ എപ്പോളെങ്കിലും അവൾക്ക് എന്തെങ്കിലും ആശ നൽകിയിരുന്നോ…”

“ഇല്ലമ്മേ… പക്ഷെ അവൾക്ക് എന്നോട് പ്രത്യേക സ്നേഹം ആയിരുന്നു… ഹോസ്പിറ്റലിൽ എത്തിയപ്പോൾ മുതൽ ഒരോ കാര്യങ്ങളും നോക്കി ചെയ്തത് അവളല്ലേ…. അവളുടെ രക്തം അല്ലേ എന്റെ ശരീരത്തിൽ ഒഴുകുന്നത്…. ബിൽ അടക്കാനുമൊക്കെ അവൾ സഹായിച്ചിട്ടുണ്ട്…. പക്ഷെ ഒരു പ്രണയം ഒരിക്കലും ഞാൻ അവളിൽ കണ്ടില്ല അമ്മേ…”

“എന്താ മോനെ ഇപ്പോൾ ആ കുട്ടി പറയുന്നത്…”

“എനിക്കായി കാത്തിരിക്കുമെന്നും കാത്തിരിപ്പ് അവസാനിക്കുമ്പോൾ അവൾ കന്യാസ്ത്രീ ആകാൻ പോകുമെന്നും….”

“മോനെ അമ്മച്ചി പറയുന്നത് അവിവേകം ആയി എന്റെ മോന് തോന്നരുത്… നമുക്ക് ആ കുട്ടിയെ ഒന്ന് വിളിക്കാം…. വരുമെങ്കിൽ നമ്മുടെ ഈ വീട്ടിലേക്കു അവളെ ചേർക്കാം മോനെ..”

“അമ്മച്ചി എന്ത് പൊട്ടത്തരം ആണ് പറയുന്നത്… അതൊരു പാവം കുട്ടിയാണ് എന്തിനാണ് ഞാൻ അതിന്റെ ഭാവി തകർക്കുന്നത്…”

“മോനെ നിനക്കും വേണ്ടേ ഒരു തുണ… എത്ര നാൾ അമ്മച്ചി ഉണ്ടാവും എന്റെ കുട്ടിക്ക്…”

“എണീറ്റു നടക്കാൻ പറ്റാത്ത ഞാൻ എന്തിനാ അമ്മേ അവളെ കൂടി ഇതിലേക്ക് കൊണ്ടുവരുന്നത്…. ഒരു കാൽ ഇല്ലാത്തവനായി ജൊഹാനെ ആരും കാണേണ്ട…. ഈ മുറിയിൽ ഞാൻ മരിക്കും വരെ ഇങ്ങനെ കിടന്നോളാം….”

“മോനെ അവൾ ഒരു നേഴ്‌സ് അല്ലേ കാര്യങ്ങൾ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും…”

“മതി അമ്മച്ചി പറഞ്ഞത് നിങ്ങൾക്ക് ഞാൻ ഒരു മടുപ്പായി തോന്നിയാൽ അല്പം വിഷം വാങ്ങി എനിക്ക് തന്നേക്കു…”

“മോനെ…”

അമ്മ ഓടിവന്ന് അവന്റെ വായ പൊത്തി…

കട്ടിലിൽ ഇരിക്കുകയായിരുന്ന ജൊഹാൻ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജോളി ഷാജി….