അവളെന്തിന് എന്നെ ഒഴിവാക്കി എന്നറിയാൻ, റിക്വെസ്റ്റ് കൊടുക്കുന്നതിനു മുൻപ് നേരെ ഇൻബോക്സിൽ ചെന്നു…

രചന : നജ്ല.സി

“ഈ പെണ്ണിന് വല്ല കൊറോണയും പിടിച്ചതായിരിക്കുമോ…?”

കുറേയായിട്ട് അവളുടെ എഴുത്തുകളും കമന്റുകളും ഒന്നും കാണാറില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്

ഷാനുവിന്റെ പോസ്റ്റിൽ അവളുടെ ഒരു കമന്റ് കാണുന്നത്

ഒരുപാട് നാളായി കാണാത്തത് കൊണ്ട് കാര്യമെന്തെന്ന് അന്വേഷിക്കാൻ വേണ്ടി ഇൻബോക്സിൽ ചെന്നപ്പോളുണ്ട് അവളെന്നെ അൺഫ്രണ്ട് അടിച്ചിരിക്കുന്നു.

ഇതെന്ത് കഥ..!

എഫ്ബി തുടങ്ങിയതു മുതലുള്ള കൂട്ടാണ് അവളോട്.

ഞാൻ ഉള്ള സകല എഴുത്ത് ഗ്രൂപ്പിലും അവളും ഉണ്ട്.

എഴുത്തിന് അങ്ങോട്ടും ഇങ്ങോട്ടും ലൈക്കും കമന്റുകളും നൽകി കൂട്ടായതാണ്.

കമന്റ് ബോക്സിൽ ഉള്ള കത്തിയടിയൊന്നും ഇൻബോക്സിൽ ഇല്ലാത്തതു കൊണ്ട് തന്നെയാണ് ഫ്രണ്ട് ലിസ്റ്റിൽ നിന്നും അവൾ പോയത് അറിയാതിരുന്നതും.

എന്തായാലും അവളെന്തിന് എന്നെ ഒഴിവാക്കി എന്നറിയാൻ,

റിക്വെസ്റ്റ് കൊടുക്കുന്നതിനു മുൻപ് നേരെ ഇൻബോക്സിൽ ചെ=ന്നു.

“ഡീ…

“എന്താ ഡാ”

“നീയെന്നെ അൺഫ്രണ്ട് ആക്കിയതെന്താ..”

“ഹേയ് ഒന്നൂല്ല ഡാ… ചുമ്മാ..”

“ചുമ്മാ അല്ല.. നീ പറ”

“ഞാൻ എന്റെ ഐഡി മാറ്റി. ഇനി ഈ ഐഡിയിൽ എഴുതില്ല..ഫ്രണ്ട് ലിസ്റ്റിലെ എഴുത്തുകാരെ ഒക്കെ ഒഴിവാക്കി”

“എന്ത് പറ്റി ഡീ..”

അവളുടെ വാക്കുകളിലെ വിഷാദം കണ്ട് ഞാൻ ചോദിച്ചു.

“വീട്ടിൽ ചെറിയ പ്രശ്നം.. എഴുതുന്നത് ചിലർക്ക് പിടിക്കുന്നില്ല…വെറുതെ നമ്മൾ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ടല്ലോ.. അതോണ്ടാ..”

“അപ്പോ ഷാനു ഉണ്ടല്ലോ നിന്റെ ഫ്രണ്ട് ലിസ്റ്റില്..

അവന്റെ പോസ്റ്റിൽ നിന്നെ കണ്ടിട്ടാ ഞാനിപ്പോ വന്നത്”

അതവൻ വന്ന് ഇൻബോക്സിൽ ചീത്ത വിളിച്ച് എന്തിനാ ഒഴിവാക്കിയത് ന്നു ചോദിച്ച്..അപ്പോ ആഡ് ആക്കി.”

“ഇനി ഞാനും ചീത്തവിളിക്കണോ..”

” ഒരു പുതിയ ഐഡി എടുത്തിട്ടുണ്ട്.. അതിൽ നിന്ന് റിക്വെസ്റ്റ് കൊടുത്തിട്ട് ഇതിൽ നിന്ന് എല്ലാവരെയും ഒഴിവാക്കും. നിനക്കും ഞാൻ റിക്വെസ്റ്റ് തരാം ട്ടോ.എഴുത്തുകാരെ ഒക്കെ അതിൽ ചേർത്ത് വീണ്ടും എഴുത്ത് തുടങ്ങും. ഇതിൽ നാട്ടാരും വീട്ടുകാരും മാത്രം ഇരിക്കട്ടെ.”

“അല്ല വീട്ടിൽ ആർക്കാ ഈ ചൊറിച്ചിൽ.. ഭർത്താവിനാണോ?”

“അല്ല.. ഒരു നാത്തൂൻ ഉണ്ട്.. ആ പൂതനക്ക് എന്റെ പോസ്റ്റിൽ കാണുന്ന കമന്റുകൾ കണ്ട് ദഹിക്കാഞ്ഞിട്ട് എന്റെ ഭർത്താവിനോട് ഭാര്യയെ കയറൂരി വിട്ടേക്കുവാണോ എന്നൊരു ചോദ്യം.. പിന്നെ പറയണോ അതിനു വിശദീകരണം കൊടുത്തും പറഞ്ഞും ഞാൻ മടുത്തു. കൂടെ അമ്മായിയമ്മയും

ഭർത്താവിന് വലിയ പ്രശ്നം ഒന്നുമില്ലല്ലോ എന്ന് കരുതിയാ ഞാൻ എഴുത്ത് തുടങ്ങിയത്.. പെങ്ങളോട് ഇത്തിരി സ്നേഹക്കൂടുതൽ ഉള്ള ആങ്ങള അവള് പറഞ്ഞത് തട്ടിക്കളയാതെ സ്വീകരിക്കും..”

“ഓഹോ അപ്പോൾ അതാണ് കാര്യം. ഡീ നമ്മുടെ എഴുത്തുകൾ ആരു കാണണം കാണണ്ട എന്നൊക്കെ നമുക്ക് തീരുമാനിക്കാനുള്ള ഓപ്ഷൻ ഒക്കെ സുക്കറണ്ണൻ നമുക്ക് തന്നിട്ടുണ്ടല്ലോ..”

ഞാനിങ്ങനെ പറഞ്ഞപ്പോൾ അവള് വാ പൊളിക്കുന്ന സ്മൈലി ഇട്ട് അൽഭുതം കൂറി.

“അങ്ങനെ ഒക്കെ ഉണ്ടല്ലേ…!!??

ആശ്ചര്യം വിടാതെ അവള് ചോദിച്ചപ്പോൾ സെറ്റിംഗ്സിൽ ഉള്ള എനിക്കറിയാവുന്ന സകല കള്ളത്തരങ്ങളും അവളെ പഠിപ്പിച്ച് നേരിൽ കാണുമ്പോൾ ഗുരുദക്ഷിണ വെക്കാൻ മറക്കല്ലേന്നും ഓർമ്മിപ്പിച്ചു.

അവൾക്ക് ഒരു ലോകം പിടിച്ചടക്കിയ സന്തോഷം ആയെന്ന് അവളുടെ മുത്തേ ചക്കരെ വിളിച്ചുള്ള ചുംബനവർഷം കണ്ടപ്പോ എനിക്ക് മനസ്സിലായി.

ഒരു വലിയ പുണ്യം ചെയ്ത സമാധാനത്തോടെ ഞാനന്ന് ഉറങ്ങി.

മാസങ്ങൾക്ക് ശേഷം അവള് എഫ്ബിയിൽ പ്രണയവും വിരഹവും ഒക്കെ എഴുതി ഇട്ട് കുറെ ലൈക്കും കമൻസും വാങ്ങുകയും കൊടുക്കുകയും ചെയ്ത് അർമാദിക്കുന്നത് കണ്ണിൽ പെട്ടപ്പോൾ ഞാൻ അവളുടെ ഇൻബോക്സിൽ ചെന്നു.

“ഡീ.. നാത്തൂനൊക്കെ എങ്ങനെ ഉണ്ട്..? പഴയ ചൊറിച്ചിൽ ഒക്കെ ഇപ്പോഴും ഉണ്ടോ..?”

“ഇല്ലാ ഡബിൾ ഓക്കേ ആണ്.. ആ പൂതനയെ കെട്ടിച്ച് വിട്ടു.”

“ആഹാ.. അതാണല്ലെ ഇപ്പോൾ എഫ്ബിയിൽ തകർത്താടുന്നത്..?”

അവള് ചിരിച്ചു..

“അതേ…ഞാനിപ്പോ ചില പോസ്റ്റുകളിൽ നിന്ന് ഹസ്സിനെ കൂടി ഹൈഡ് ആക്കി വെക്കും.

അല്ലെങ്കിൽ ആരാധകരുടെ കമന്റുകൾ കാണുമ്പോൾ മൂപ്പർക്ക് ഒരു കിടി കിടിയാ..”

“അയ്യോ… നീ ഇത് എന്ത് ഭാവിച്ചാ.. ഹസ്സ് അറിഞ്ഞുള്ള കളിയൊക്കെ മതി. ഞാൻ ഹസ്സിനെ ഹൈഡാക്കൻ പഠിപ്പിച്ചിട്ടില്ല ട്ടോ.. നാത്തൂനെയാ…എനിക്കുള്ള അടി നിന്റെ ഹസ്സ് പാർസൽ വിടോ പെണ്ണേ..?”

മറുപടിയായി കുറെ ചിരി സ്മൈലി ഇട്ട് അവളുടെ അടുത്ത മെസേജ്…

“അതൊന്നും ഇല്ല… ഞാൻ ഇപ്പൊ കൂടുതൽ ഫ്രീഡം കിട്ടാനുള്ള വേറൊരു വഴി ആലോചിക്കുകയാ..”

“അതെന്താ മോളൂസെ…”

” നാത്തൂനെ കെട്ടിച്ചു വിട്ട പോലെ അമ്മായിയമ്മയെ കൂടി ഒന്ന് കെട്ടിച്ച് വിട്ടാലോ..?

എന്നാ പിന്നെ പരമ സുഖായിരിക്കും ”

അവളതും പറഞ്ഞ് ചിരിയോട് ചിരി.

എന്നാ പിന്നെ നീ നിന്റെ ഭർത്താവിനെ കൂടി കെട്ടിക്കെടി..

അതിലും കൂടുതൽ ഫ്രീഡം കിട്ടും എന്ന് ഞാൻ പറഞ്ഞപ്പോൾ ആഹാ അത് പൊളിക്കും. നല്ല ഐഡിയ ആണല്ലോ..

ഞാൻ കുടുംബത്തിൽ ഒരു സമൂഹവിവാഹം തന്നെ സംഘടിപ്പിക്കുമെന്ന് അവളും.

കുറെ നാളുകൾക്ക് ശേഷം ഉള്ള ഈ ചാറ്റിംഗിൽ കുറേ സങ്കടങ്ങൾ മറന്ന് അവളും ഞാനും മനസ്സറിഞ്ഞ് ചിരിച്ചു.

“മോളേ… നല്ല സൗഹൃദമായാൽ ഇങ്ങനെയൊക്കെ മതി. എന്നുമുള്ള വിളിയിലോ മെസേജിലോ ഒന്നുമല്ല കാര്യം. മനസ്സിലൊരു സ്ഥാനം.. അത് മതി”.

അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സ് നിറച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നജ്ല .സി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top