അവൻ ഈ പെണ്ണിനെയല്ലാതെ വേറൊരു പെണ്ണിനേയും കെട്ടില്ലെന്ന് മാമനോട് പറഞ്ഞു….

രചന : അബ്രാമിൻ്റെ പെണ്ണ്

വകയിലുള്ളൊരു മാമി വർഷങ്ങൾക്കു മുൻപ് മരിച്ചു.. അവരുടെ മരണ ശേഷം മാമനും മക്കളും ഏറെക്കുറെ ഒറ്റയ്ക്കായി.. ഒരു മോളും മോനുമായിരുന്നു.. മാമി മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ബന്ധുക്കളെല്ലാം കൂടെ അവരുടെ മോളേ കല്യാണം കഴിപ്പിച്ച് വിടുകയും ചെയ്തു..അവള് കൂടെ പോയതോടെ വീട്ടിൽ അച്ഛനും ഇരുപത്തിരണ്ടുകാരനായ മോനും മാത്രം..

ഒരു പെണ്ണ് വീട്ടിലില്ലാത്തതിന്റെ കുറവ് ഭയാനകമായിരുന്നു.. ലവന് പെണ്ണ് കെട്ടണമെന്നൊക്കെ പൂതിയുണ്ട്.. അപ്പന്റെ മനസിൽ അവനിപ്പോഴും മൂട് കീറിയ നിക്കറിട്ടു നടക്കുന്ന ആ പഴയ കൊച്ച് ചെറുക്കനാണ്.. അതുകൊണ്ട് തന്നെ ലവൻ കല്യാണ വിഷയം അവതരിപ്പിച്ചപ്പോൾ..

” നീയിത്തിരി കൂടെ വളരട്ടെ എന്നും പറഞ്ഞു അപ്പനവന്റെ മോഹത്തെ അടിച്ചമർത്തിക്കളഞ്ഞു

അങ്ങനെയിരിക്കെയാണ് പരോപകാരിയായ ഞാനും പഞ്ചപാവമായ എന്റങ്ങേരും ഇത്തിരിപ്പോന്ന കൊച്ചിനെയും പൊക്കിയെടുത്ത് എന്റെ വീട്ടിലേയ്ക്ക് ചെല്ലുന്നത്..

അമ്മയ്ക്ക് പെൻഷൻ കിട്ടിക്കാണും.. അതിലെ ഒരു വിഹിതം എനിക്കാണ്..വയലിലെ ഏത്തക്കൊല അച്ഛൻ വെട്ടി വിറ്റു കാണുമായിരിക്കും.. വിറ്റില്ലെങ്കിൽ ഒരു കൊലയോ വിറ്റാൽ കാശിന്റെ രൂപത്തിലോ എന്തെങ്കിലും കിട്ടാതിരിക്കില്ല.. കല്യാണം കഴിഞ്ഞെങ്കിലും എന്റെ വീട്ടുകാരെക്കുറിച്ച് എനിക്കെപ്പോളും നല്ല ചിന്തയുണ്ട്

ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മാമന്റെ വീട്ടിലൊന്നിറങ്ങി.. മാമൻ വിപണിയില്ലെങ്ങാണ്ട് പോയിരിക്കുന്നു.. മോൻ അരിയോ കറിയോ ഏതാണ്ടൊക്കെ ഉണ്ടാക്കുവാണ്..

“ആഹാ.. നിന്നെയിപ്പം ഇങ്ങോട്ടൊന്നും കാണുന്നേയില്ലല്ലോടീ.. ഒരു കൊച്ചൊക്കെയായപ്പോളേക്കും നമ്മളെയൊക്കെ മറന്നോ..

സ്നേഹത്തിൽ ചാലിച്ച അവന്റെ കുശലന്വേഷണമാണ്.

“എന്റച്ഛൻ ഇല്ലാത്ത കാശൊണ്ടാക്കി എന്നെ കെട്ടിച്ചു വിട്ടപ്പോ എനിക്ക് പിള്ളേരൊണ്ടാവണ്ടെന്നാണോടാ മഹാപാപീ നീ പറയുന്നേ.. നീ ആള് കൊള്ളാവല്ലോ..

ലവനൊന്ന് അന്തിച്ചു.. ശേഷം ഒന്ന് ചിരിച്ചു..

പിന്നങ്ങോട്ട് പാരാ ദുരിതം വിളമ്പാൻ തുടങ്ങി..

വീട്ടിലെ ജോലികളും ഒരു പെണ്ണില്ലാത്തതിന്റെ കുറവുകളുമൊക്കെ വിസ്തരിച്ചു പറഞ്ഞു..

“ഡായ്.. നീയിങ്ങനെ വെപ്രാളപ്പെടേണ്ട കാര്യമൊന്നുമില്ല.. ഈ കല്യാണമെന്ന് പറയുന്നതുണ്ടല്ലോ.. അത് കൊച്ചുള്ളി തൊലിച്ച പോലെയുള്ളടാ..എന്താണ്ടോ ഭയങ്കര സംഭവമാണെന്ന് കരുതിയാ നമ്മളീ വെപ്രാളം കാണിക്കുന്നേ..ഒരു തേങ്ങയുമില്ല.. നീയീ ആക്രാന്തം കാണിക്കുന്ന പോലൊന്നുമില്ലെന്ന്.

അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉപദേശിച്ചു..

“എടീ.. നിങ്ങളൊക്കെ ഉള്ളി പൊളിച്ച പോലെ എനിക്ക് കൂടി കൊച്ചുള്ളി പൊളിക്കണം..

അവന്റെ മറുപടിയിൽ എന്റെ നാവിറങ്ങി എങ്ങോട്ടോ പോയി.കണ്ടറിയാത്തവൻ കൊണ്ടറിയുമെന്നാണല്ലോ..

വീട്ടിൽ പോയി പെൻഷന്റെ വിഹിതവും ഒരു ഏത്തക്കൊലയും വാങ്ങിച്ച് ഞങ്ങൾ തിരിച്ചു പോന്നു..

നാളുകൾ കഴിഞ്ഞ് മാമന്റെ വീട്ടിലെ അവസ്ഥ അത്യന്തം ശോചനീയമായപ്പോ മാമൻ തന്നെ ഒരു ബ്രോക്കറോട് മോനു വേണ്ടി പെണ്ണാലോചിക്കാൻ പറഞ്ഞു.. അങ്ങനെ ബ്രോക്കറും ലവനും കൂടെപ്പോയി പെണ്ണ് കണ്ടു.. അവന് പെണ്ണിനെ ഇഷ്ടപ്പെടുകയും ചെയ്തു.. അല്ലെങ്കിലും ആരെക്കിട്ടിയാലും അപ്പോ കല്യാണം കഴിക്കുമെന്ന മാനസികാവസ്ഥയിലാരുന്നു പയ്യൻ..

ഒരു ദിവസം രാവിലെ അവൻ വിളിച്ചെന്നോട് പറഞ്ഞു പെണ്ണിനെ കാണാൻ ബന്ധുക്കളൊക്കെ പോകുന്നുണ്ടെന്നും അവർക്കൊപ്പം ഞങ്ങൾ കൂടെ ചെല്ലണമെന്നും.. ഈ പെണ്ണുകാണൽ നടക്കുന്ന വീടുകളിൽ ചായയും ബിസ്ക്കറ്റുമെന്ന ഏർപ്പാട് മാറി ബേക്കറി ഐറ്റംസ് എല്ലാം കൊടുത്തു തുടങ്ങിയ ആ കാലഘട്ടമാണ്.. കെട്ടിയോനെ വിളിച്ചപ്പോ അങ്ങേർക്കെന്റെ കൂടെ വരാനൊരു വിമ്മിഷ്ടം പോലെ.. കൂടെ വന്നില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞേ ഞാൻ തിരിച്ചു വരത്തോളെന്ന ഒറ്റ ഭീഷണിയിൽ അങ്ങേര് വീണ്.. എന്തൊക്കെ വഴക്കുണ്ടായാലും ഒരു ദിവസം പോലും അതിയാന് എന്നെക്കാണാതിരിക്കാൻ പറ്റത്തില്ല..

ഒരു മിനി വാനിലെ ആൾക്കാരുമായി ഞങ്ങളങ്ങനെ പെണ്ണ് വീട്ടിലെത്തി.. കൊച്ചൊരു വീടാണ്.. ഒരു മോളും മോനും.. പാവപ്പെട്ട ഒരച്ഛനും അമ്മയും..കാരണവന്മാരെല്ലാരും കൂടെയുണ്ട്.. അമ്മ പോയി മോളേ വിളിച്ചുകൊണ്ടു വന്നു.. കതിരു പോലൊരു പെണ്ണ്.. കുട്ടിത്തം വിട്ടുമാറാത്ത മുഖം.. ലവന് നല്ല ചേർച്ചയുണ്ട്.. അവൾ എല്ലാരേം നോക്കിയൊന്നു ചിരിച്ചു.. പെണ്ണിനെ കാണാൻ ചെന്നവരെല്ലാം ഒരുമിച്ചു ഞെട്ടി..

പെണ്ണിന്റെ വാ നെറച്ചും കുരുകുരാ പിരുപിരാന്ന് പല്ലിരിക്കുന്നു.. സാധാരണ മനുഷ്യർക്കുള്ളതിലും കൂടുതൽ പല്ല്..

“എന്തുവാടാ.. ഈ പെണ്ണിന്റെ വായിൽ നെറച്ചു പല്ലാണല്ലോ.. എന്തുവാ ഇങ്ങനെ.. ചിരിക്കുന്നത് കണ്ടിട്ട് പേടിയാകുന്നല്ലോ..

ഞാനവനോട് രഹസ്യമായിട്ടാണ് ചോദിച്ചതെങ്കിലും പെണ്ണിന്റെ അപ്പൻ അത് കേട്ട്.. അദ്ദേഹത്തിന്റെ മുഖം മങ്ങി..

“മോളേ.. ഇവൾക്ക് അഞ്ചു വയസായിട്ടും പല്ല് മുളയ്ക്കുന്നില്ലാരുന്നു.. അങ്ങനെ ഡോക്ടറെ കൊണ്ട് കാണിച്ചപ്പോൾ കാൽസ്യക്കുറവാണെന്ന് പറഞ്ഞു.. അതിനുള്ള ഗുളികയും തന്ന്.. പല്ല് പെട്ടെന്ന് മുളയ്ക്കാൻ ചെറിയ മീനുകൾ വാങ്ങി കറി വെച്ചു കൊടുക്കാനും പറഞ്ഞു.. ഗുളികയും കൊടുത്തു നെത്തോലിയൊക്കെ ദിവസോം കറിയും കൂടെ വെച്ചു കൊടുത്തപ്പോ നാനാ വഴിക്കൂടെ പല്ല് മുളച്ചിറങ്ങി.. പിന്നെ പല്ലെടുത്തു കളയാൻ കാശില്ലാഞ്ഞോണ്ട് എടുത്തു കളഞ്ഞില്ല..

അദ്ദേഹം പറഞ്ഞു നിർത്തി.. ഞാനൊരു നിമിഷം എന്റെ പല്ലുകളെക്കുറിച്ചോർത്ത്.. മൈല്കൾക്കപ്പുറം അടയാളത്തിന് നിൽക്കുന്ന മൈൽ കുറ്റികളെപ്പോലെ മൂന്നോ നാലോ പല്ലുണ്ട്.. ദൈവം പണ്ടേ ദുഷ്ടനാ.. ഉള്ളവന് എല്ലാം വാരിക്കോരി കൊടുക്കും.. ഇല്ലാത്തവന് ഒന്നുമില്ല…

പെണ്ണിന് കൊടുക്കുന്ന സ്ത്രീധനത്തെക്കുറിച്ചായി പിന്നെ ചർച്ച..

” അൻപതു പവനും നാലു ലക്ഷം രൂപയും ഒരു ലക്ഷം രൂപ പോക്കറ്റ് മണിയും ഞങ്ങൾ കൊടുക്കും..

പെണ്ണിന്റെ അമ്മ പറഞ്ഞത് കേട്ട് പെണ്ണിന്റെ അപ്പനും പെണ്ണും ആങ്ങള ചെറുക്കനും ഞെട്ടി.. അതിലും കൂടുതൽ ഞങ്ങളും..സ്ഥിരമായി ഒരു ജോലിയില്ലാത്ത ഇവനെന്ത് കണ്ടിട്ടാണ് ഇത്രേം കൊടുക്കുന്നതെന്ന ചിന്ത സ്വാഭാവികമായും ഞങ്ങൾക്കുണ്ടായി.. ഇത്തിരിപ്പോന്ന ആ വീട്ടിൽ താമസിക്കുന്ന ഇവര് ഇതെവിടുന്നെടുത്തിട്ട് കൊടുക്കും.ആ അപ്പന്റെയും മക്കളുടെയും അമ്പരപ്പ് ഞങ്ങൾ കണ്ടതാണ്

അമ്മച്ചിയുടെ ഓഫർ കേട്ട് പെണ്ണിന്റപ്പൻ എന്തോ പറയാനായി വാ തുറന്നു.. ആ അമ്മച്ചിയുടെ ഒറ്റ നോട്ടത്തിൽ അപ്പൻ വായടച്ചു..അതേ സമയം കെട്ടിയോൻ എന്റെ മുഖത്തേയ്ക്ക് പുച്ഛത്തിൽ ഒന്ന് നോക്കി.. അങ്ങേർക്ക് കൊടുത്ത സ്ത്രീധനത്തേക്കുറിച്ച് ചിന്തിച്ചതാകാനാണ് സാധ്യത ..എല്ലാം പറഞ്ഞു തീർത്തു ഞങ്ങൾ തിരിച്ചു വരാനൊരുങ്ങി..

പിറ്റേ ഞായറാഴ്ച അവരെല്ലാം കൂടെ ചെറുക്കന്റെ വീട്ടിലേക്ക് വരുമെന്നും പോക്കറ്റ് മണിയായ ഒരു ലക്ഷം രൂപ അന്ന് ചെറുക്കന് കൈമാറുമെന്നും അവർ പറഞ്ഞു..

ഞങ്ങളെല്ലാം കൂടെ തിരിച്ചു പോരുകയും ചെയ്തു..

പിറ്റേ ഞായറാഴ്ച.. ശനിയാഴ്ച തന്നെ ഞാൻ വീട്ടിൽ പോയിരുന്നു.. പെണ്ണിന്റെ ബന്ധുക്കളെല്ലാം വന്നു എല്ലാരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു..

എല്ലാർക്കും മഞ്ഞ വെള്ളം കലക്കിക്കൊടുത്തു..

പരിചയപ്പെടലിനിടയിൽ ആരാണ്ടൊക്കെയോ എന്റെ കൊച്ചിനെ എടുത്തോണ്ട് നടക്കുന്നുണ്ടായിരുന്നു..

അന്ന് വരെ പാന്റ് മാത്രം ഇട്ടിരുന്ന ചെറുക്കൻ മുണ്ട് ബെൽറ്റ് വെച്ച് മുറുക്കിയുടുത്ത് ആൾക്കാരുടെയിടയിൽ ഓടി നടന്നു..

ഒടുക്കം…

“എന്നാൽ പിന്നെ ആ പണം കൈമാറുന്ന ചടങ്ങ് നമുക്കങ്ങു നടത്താം..വെളക്കൊന്നു കത്തിയ്ക്ക് കൊച്ചേ..

എവിടെ നിന്നോ ഒരു അശരീരി മുഴങ്ങി.. പെട്ടെന്ന് ഞാൻ വിളക്ക് കൊളുത്തി.. ഭക്തി സാന്ദ്രമായ അന്തരീക്ഷം.. കൂട്ടത്തിൽ ഒരു ഭജന കൂടെയുണ്ടാർന്നേൽ പൊളിച്ചേനെ..

ലവൻ പൈസ വാങ്ങാൻ വിളക്കിന്റെ അപ്പുറത്തെ സൈഡിൽ.. പെണ്ണിന്റെ അച്ഛൻ ഇപ്പുറത്തെ സൈഡിൽ.. പെണ്ണിന്റപ്പൻ എല്ലാരേയും ഒന്നു നോക്കി.. മുണ്ട് ലേശം പൊക്കി ഉള്ളിൽ കിടക്കുന്ന നിക്കറിന്റെ പോക്കറ്റിൽ കയ്യിട്ട്..

“അയ്യോ.. പൈസ എടുത്തില്ലേ..

അങ്ങേരുടെ മുഖത്ത് പരവേശം..

“ങ്‌ഹേ.. അണ്ണനെന്തുവാ പറയുന്നേ.. കാശ് എടുത്തില്ലേ..നിങ്ങളാ പോക്കറ്റിൽ നോക്കണ്ണാ..

പൊണ്ടാട്ടി ബാഗും തൂക്കി മുന്നിലേക്ക് വന്നു..

അപ്പൻ നിക്കറിന്റെ രണ്ട് പോക്കറ്റിലും മാറി മാറി തപ്പുന്നുണ്ട്..

“ഞാനെടുത്തില്ല.. നീയാ ബാഗിൽ നോക്ക്..

കേട്ട പാതി പെണ്ണുംപിള്ള ബാഗ് പരിശോധന തുടങ്ങി..നീയെടുത്തില്ലേന്ന്‌ അങ്ങേരും അണ്ണനെടുത്തില്ലേന്ന്‌ അവരും. ഒടുവിൽ എല്ലാർക്കും കാര്യം പിടികിട്ടി.

കാശില്ല…!!!

എല്ലാവരുടെയും മുഖത്ത് അസംതൃപ്തി.. വീട് പെട്ടെന്ന് മരണവീടായപോലെ.. ആരോ കടമായിട്ട് പണം കൊടുക്കാമെന്ന വാക്കിന്മേലാണ് പെണ്ണ് വീട്ടുകാർ വിശ്വസിച്ചിരുന്നത്.. അവരത് സമയത്ത് കൊടുത്തില്ല… അത് പറയാനുള്ള വിഷമത്തിൽ അപ്പനുമമ്മയും ചേർന്നവതരിപ്പിച്ച നാടകമായിരുന്നു പണമെടുക്കാൻ മറന്നെന്ന് മറ്റുള്ളവരുടെ മുന്നിൽ കാണിച്ചത്..

തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ അടുത്ത ഞായറാഴ്ച പണം കൊണ്ട് വരുമെന്ന ഉറപ്പിൽ പെണ്ണ് വീട്ടുകാർ മടങ്ങിപ്പോയി..

അവൻ ഈ പെണ്ണിനെയല്ലാതെ വേറൊരു പെണ്ണിനേയും കെട്ടില്ലെന്ന് മാമനോട് പറഞ്ഞു.. സ്ത്രീധനം വേണ്ടെന്നും സ്ത്രീയാണ് ധനമെന്നും ശക്തി യുക്തം വാദിച്ചു..

പിറ്റേ ഞായറാഴ്ച അവർ വന്നത് അമ്പതിനായിരം രൂപയും കൊണ്ടാണ്.. ചെറുക്കന്റെ വീട്ടുകാർ അത് വാങ്ങാൻ കൂട്ടാക്കിയില്ല.. അടുത്താഴ്ച വരാമെന്നു പറഞ്ഞ് അവർ വീണ്ടും പോയി..പഞ്ചാബി ഹൗസിലെ കല്യാണ പന്തൽ പോലെ ഏകദേശം ഒരു മാസം ആ പന്തൽ അഴിക്കാതെ മുറ്റത്തു നിന്നു..

ഒടുവിൽ പെണ്ണിനെ കെട്ടിയില്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന പെണ്ണിന്റെ അപ്പന്റെ ഭീഷണിയിൽ ചെറുക്കന്റെ വീട്ടുകാർ പേടിച്ചു.. കിട്ടിയ അമ്പതിനായിരം വാങ്ങി അവനാ പെണ്ണിനെ കെട്ടി..ബാക്കി കാശ് എവിടുന്നൊക്കെയോ കടം വാങ്ങി മാമൻ കല്യാണം നടത്തിക്കൊടുത്തു

കല്യാണത്തിന്റെ അന്ന് പെണ്ണിന്റെ വീട്ടിൽ നിന്ന് വിരുന്ന് വന്നപ്പോ ഒരു തടിയലമാരയും ഫ്രിഡ്ജുമാണ് ചെറുക്കന്റെ വീട്ടിലേക്ക് കൊണ്ട് വന്നത്.. അപ്പോളും എന്റെ കെട്ടിയോൻ എന്നെയൊന്നു നോക്കി..

എന്റെ വീട്ടുകാർ വന്നത് ഓർത്തുകാണും..രാത്രി ഏറെ വൈകി എല്ലാവരും ഉറങ്ങാനായി പോകുമ്പോളും ഉറക്കമില്ലാത്ത ചില അമ്മാവന്മാർ ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടിൽ കുണ്ടാ പാലം ഒഴുകിപ്പോയ കഥ പറഞ്ഞ് അവിടിരിക്കുന്നുണ്ടാരുന്നു..

പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് വന്ന ലവന്റെ മുഖം കണ്ട് എല്ലാരും അന്തംവിട്ടു..മേൽച്ചുണ്ട് വീങ്ങിയിരിക്കുന്നു..ജയ് ഹനുമാൻ സീരിയലിലെ ഹനുമാൻ സ്വാമിയുടെ അതേ മുഖം.. ഇച്ചിരി തൊനേം കറുപ്പാണെന്നേയുള്ളു..കണ്ണൊക്കെ ഒരുമാതിരി കുഴിഞ്ഞു കിടക്കുന്നു..കണ്ടപ്പോൾ സത്യമായും എനിക്ക് ചിരി വന്നു.. ഞാൻ ആ പെണ്ണിന്റെ മുഖത്തേയ്ക്കൊന്ന് നോക്കി.. വാ നിറച്ചു പല്ലാണ്.. ഇനി ഏതെങ്കിലും ദുർബല നിമിഷത്തിൽ അവളെങ്ങാനും കടിച്ചു പറിച്ചതാവുമോ..എന്തായാലും ചോദിക്കാം

“ആഞ്ജനേയാ.. അവിടുത്തെ അധരങ്ങൾക്കെന്ത് പറ്റി പ്രഭോ.. മുഖം വല്ലാതെ വീങ്ങിയിട്ടുണ്ടല്ലോ..ആരോ കടിച്ചപോലെ..

ഞാനാ ചുണ്ടിലൊന്ന് തൊട്ടുകൊണ്ട് പെണ്ണിനെയൊന്ന് നോക്കി ..

“അയ്യോ ഞാനല്ല ചേച്ചീ..രാത്രി ഈച്ചയെങ്ങാണ്ട് കടിച്ചതാ..വേദന കാരണം അണ്ണനിന്നലെ ഉറങ്ങിയിട്ടില്ല..

അവനൊരക്ഷരം മിണ്ടുന്നില്ല.. ആരാണ്ടോ ഒരു വണ്ടി കൊണ്ടു വന്ന് കെട്ടിയോനും കെട്ടിയോളും കൂടെ ആശുപത്രിയിൽ പോയി ഇൻജെക്ഷൻ എടുത്തപ്പോൾ നീര് മാറി..

അതിന്റെ പിറ്റേ ഞായറാഴ്ച പെണ്ണിന്റെ വീടിനടുത്തുള്ള ഒരു ഫർണിച്ചർ കടയുടെ ഓണർ നമ്മുടെ ചെറുക്കന്റെ വീട്ടിൽ വന്നു..

“അതേ. കുഞ്ഞോളുടെ മോളേ കൊണ്ട് വന്നതിവിടല്ലേ…

അങ്ങേര് മാമനോട് ചോദിച്ചു..

“ആരാ.. മനസിലായില്ല..

പുറത്ത് വന്ന് നിൽക്കുന്ന ആളെ മാമന് മനസിലായില്ല

“എന്റെ കടയിൽ നിന്നാ കുഞ്ഞോള് അലമാരയും ഫ്രിഡ്ജും വാങ്ങിയേ.. കാശ് ഇവിടെ വന്ന് ചോദിച്ചാൽ മതിയെന്ന് കുഞ്ഞോള് പറഞ്ഞു.

മാമനത് കേട്ട് കസേരയിലേയ്ക്ക് വീണ്..

കാലമിത്ര കഴിഞ്ഞിട്ടും അവന് പിന്നൊരു ചില്ലിക്കാശ് ആ പെണ്ണിന്റെ വീട്ടുകാർ കൊടുത്തില്ല..

മാമൻ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു..ആ പെണ്ണിന്റെ അപ്പനുമ്മയും ഇപ്പോൾ ഇവർക്കൊപ്പമാണ്

ഇടയ്ക്ക് കണ്ടപ്പോൾ അവനെന്നോട് പറഞ്ഞു..

“അന്ന് നീ പറഞ്ഞത് കേട്ടാ മതിയാരുന്നു.. സ്വസ്ഥത പോയെടീ.. അന്ന് തരാമെന്ന് പറഞ്ഞതിലെ ഒരു രൂപ പോലും അവളുടെ വീട്ടുകാര് തന്നില്ല.

എന്നെ പറ്റിച്ചെടീ..

അവന്റെ പറച്ചിൽ കേട്ട് ഞാനൊന്ന് ചിരിച്ചു..

സ്ത്രീധനമല്ലല്ലോടാ .. സ്ത്രീയല്ലേ ധനം..അത് നിനക്ക് ഇഷ്ടം പോലെ കിട്ടീലെ.

അതും പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോ മഴ പെയ്തു തുടങ്ങിയിരുന്നു.. തോരാത്ത മഴ

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അബ്രാമിൻ്റെ പെണ്ണ്