ഈശ്വരാ കുഴപ്പമൊന്നും ഉണ്ടാകല്ലേ, ഈ കണ്ണിനും കൂടി എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്ത്‌ ചെയ്യും

രചന : നയന നിരീഷ്

ഉച്ചയൂണിനു മുന്നേ ജോലികൾ ചെയ്ത്‌ തീർക്കാനുള്ള തന്ത്രപ്പാടിലായിരുന്നു അവൾ.

“ഇനി മീൻ കൂടി വറുക്കണം, അതും കൂടി കഴിഞ്ഞാൽ ജോലി തീർന്നു”.

അവൾ ചീനച്ചട്ടി അടുപ്പിൽ വെച്ചശേഷം എണ്ണ ഒഴിച്ചു. ചൂടായ എണ്ണയിലേക്ക്‌ നേരത്തേ മസാല പുരട്ടിവെച്ചിരുന്ന മീൻ ഒന്നൊന്നായിട്ടു.

“ഒന്ന്, രണ്ട്‌, മൂന്ന്, നാല്, ആ ഇത്രയും മതി, ബാക്കി രാത്രി വറുക്കാം”. “ചീനച്ചട്ടിയിൽ കിടന്ന് എന്ത്‌ ബഹളമാ ഇവന്മാർ, ടപ്പേ ടപ്പേ ന്ന് അങ്ങനെ പൊട്ടിത്തെറിക്കുവാ”

പറഞ്ഞ്‌ കഴിയും മുൻപ്‌ അത്‌ സംഭവിച്ചു!!

“ആഹ്ഹ് , കണ്ണിൽ തെറിച്ചല്ലൊ, അച്ഛൻ പല ആവർത്തി പറഞ്ഞിട്ടുള്ളതാ അടുക്കളയിൽ പാകം ചെയ്യുമ്പോൾ കണ്ണട വെക്കാൻ മറക്കരുതെന്ന്”.

അവൾ കുളിമുറിയിലേക്കോടി, കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്ത്‌ കണ്ണിലേക്ക്‌ തളിച്ചു. വീണ്ടും വീണ്ടും തളിച്ചു.

“ഈശ്വരാ കുഴപ്പമൊന്നും ഉണ്ടാകല്ലേ, ഈ കണ്ണിനും കൂടി എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്ത്‌ ചെയ്യും, എങ്ങനെ എന്റെ കുഞ്ഞിനെ കാണും, അവനോടൊപ്പം എങ്ങനെ കളിക്കും, എങ്ങനെ ഭക്ഷണം വാരി കൊടുക്കും, കുഞ്ഞല്ലേ അവൻ”.

ഒരു നിമിഷം അവൾ സ്തബ്ധയായി നിന്നു.

ആ നിൽപിൽ അവൾ ഇരുപത്തിമൂന്ന് വർഷം പിറകിലേക്ക്‌ പോയി. ആറു വയസ്സ്‌ മാത്രം പ്രായമുള്ള അവളുടെ കുട്ടിക്കാലം.

“നോക്കിയേ, എന്ത്‌ ചന്തമാണ് ആ കുട്ടിയെ കാണാൻ, കണ്ണുകൾക്കാണ് കൂടുതൽ ഭംഗി,

അവളുടെ അച്ഛൻ അറിഞ്ഞ്‌ കൊണ്ടാണ് അവൾക്ക്‌ ആ പേരിട്ടത് ‘നയന’” കാണുന്നവരെല്ലാം പറയുമായിരുന്നു.

അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാൻ പോവുക അവളുടെ പതിവായിരുന്നു. അവിടെ അവൾക്കേറെ പ്രിയപ്പെട്ട ഒരു ചെടിയുണ്ടായിരുന്നു.

ഒരു കുഞ്ഞി മൾബറി ചെടി. ഒത്തിരി വലുതല്ലെങ്കിലും നിറയെ കായ്കൾ ഉണ്ടാകുമായിരുന്ന അതിൽ അവൾക്ക്‌ പ്രിയം കറുത്തനിറത്തിലെ പഴുത്ത മൾബറി പഴങ്ങളോടായിരുന്നു. ഒരുപാടെണ്ണം തറയിൽ വീണു കിടപ്പുണ്ടാകും, അതെല്ലാം പെറുക്കിയെടുത്ത്‌ കഴിക്കുകയും കുറച്ച്‌ വീട്ടിൽ കൊണ്ട്‌ പോകാൻ മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നു ആ കുഞ്ഞ്‌.

ഒരു ദിവസം പതിവുപോലെ കളിക്കാൻ വന്നതായിരുന്നു അവൾ. എന്നാൽ അന്ന് അവിടെ കണ്ട കാഴ്ച ആ കുഞ്ഞ്‌ മനസ്സിനെ ആകെ വേദനിപ്പിച്ചു. ആ വീട്ടിലെ ഒരു മുതിർന്ന കുട്ടി മൾബറി മരത്തിന്റെ ചില്ലകൾ മുറിക്കുന്നു.

അപ്പോഴാണ് പിന്നിൽ നിന്നും ആ വിളി അവൾ കേട്ടത്‌.

“മോളേ, നീ ഇന്ന് നേരത്തേ പോന്നോ കളിക്കാൻ”

“ഹായ്‌ അച്ഛൻ, ഇല്ല അച്ഛാ ഇപ്പൊ വന്നേ ഉള്ളു”

അവളുടെ അച്ഛൻ‌, ഡ്രൈവർ ആണ്, ജോലി കഴിഞ്ഞ്‌ വരുന്നവഴി, കയ്യിൽ എന്തൊ ഒരു പൊതിയും ഉണ്ട്‌ അവൾക്ക്‌ വേണ്ടിയുള്ള പലഹാരങ്ങളാകും അതിൽ.

“അച്ഛാ, ഞാനും വരട്ടെ വീട്ടിലേക്ക്‌”

“കുഴപ്പമില്ല മോളെ, മോളൂട്ടി ഇപ്പൊ വന്നതല്ലേ ഉള്ളു, അച്ഛൻ കുളിച്ചിട്ട്‌ വരാം കേട്ടൊ മോളെ വിളിക്കാൻ”

“ശരി അച്ഛാ, അവൾ പുഞ്ചിരിയോടെ പറഞ്ഞു”

അച്ഛൻ പോയതും അവൾ മൾബറി ചെടിയുടെ അടുത്തേക്ക്‌ നടന്നു.

“അയ്യോ, എന്ത്‌ കഷ്ടമാ ചേട്ടായി, എന്തിനാ ഇതിനെ ഇങ്ങനെ വെട്ടിമുറിക്കുന്നത്‌, പാവമല്ലേ”

അപ്പോഴാണു ആ കുഞ്ഞ്‌ കണ്ണുകൾ ആ കാഴ്ച കണ്ടത്‌. മൾബറി ചെടിയുടെ താഴെ പതിവിലും കൂടുതൽ മൾബറി പഴങ്ങൾ, അവൾക്ക്‌ അത്രയും പ്രിയപ്പെട്ട കറുത്ത പഴങ്ങൾ. ഒരു നിമിഷം അതെടുക്കാനായി അവൾ മുന്നിലേക്കാഞ്ഞു.

അടുത്ത നിമിഷം അത്‌ സംഭവിച്ചു.

മൾബറി ശിഖരങ്ങൾ മുറിച്ച്‌ മാറ്റാനായ്‌ ഉയർന്ന് പൊങ്ങിയ ആ കത്തി, ലക്ഷ്യം തെറ്റി മറ്റെവിടെയൊ പതിച്ചു.

“അമ്മാ എന്റെ കണ്ണ്, ചേട്ടായി എന്റെ കണ്ണു വേദനിക്കുന്നു , അയ്യോ ചോര, എനിക്ക്‌ അമ്മയെ കാണണം”

കരച്ചിൽ കേട്ട്‌ എല്ലാവരും ഓടിക്കൂടി. അച്ഛനും അമ്മയും ഓടിയെത്തി അവളെ കോരിയെടുത്തു.

ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും അവൾ പറയുന്നുണ്ടായിരുന്നു,

“അച്ഛാ അമ്മാ കരയല്ലേ, മോൾക്ക്‌ ഒന്നും ഇല്ല”

കേവലം ഒരു ഡ്രൈവർ മാത്രമായിരുന്ന അച്ഛനും,

തുച്ഛമായ ശമ്പളത്തിന് ഒരു സ്വകാര്യ സ്കൂളിൽ അധ്യാപിക ആയിരുന്ന അവളുടെ അമ്മക്കും ഒരേയൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു,

അപകടം പറ്റിയ കണ്ണിന് ഒരു കുഴപ്പവും ഉണ്ടാകരുതേ എന്ന്.

“ആഴത്തിലുള്ള മുറിവാണ്, ഒന്നും ചെയ്യാൻ കഴിയില്ല, കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നശിച്ചു” എന്ന ഡോക്ടറുടെ വാക്കുകൾ ആ അച്ഛനും അമ്മയ്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ചെയ്യുന്നതെല്ലാം വെറുതെയാണെന്ന് അറിയാമായിരുന്നെങ്കിലും, പ്രതീക്ഷയോടെ എത്രയെത്ര സ്ഥലങ്ങളിൽ അവർ അവളേയും കൊണ്ട്‌ പോയി. തിരുവനന്തപുരം, മധുര അങ്ങനെ നിരവധി സ്ഥലങ്ങളിലുള്ള ആശുപത്രികൾ. ആ കുഞ്ഞ്‌ കണ്ണിൽ മൂന്ന് തവണയായി ശസ്ത്രക്രിയകൾ.

ഒടുവിൽ, തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ, ഭാവിയിൽ കൃത്രിമ നേത്രം വെക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്‌, കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രം അവശേഷിപ്പിച്ച്‌ കൊണ്ട്‌ അപകടം പറ്റിയ കണ്ണിന്റെ ബാക്കി ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തു.

ശസ്ത്രക്രിയാനന്തരം വീട്ടിൽ ചിലവഴിച്ച ആ ദിനങ്ങളിലെല്ലാം അവൾക്ക്‌ കൂട്ടായത്‌ അച്ഛമ്മ ആയിരുന്നു.

തണുപ്പുള്ള തറയിൽ പായ വിരിച്ച്‌ കിടത്തി, തൊട്ടടുത്ത്‌ കയ്യിൽ ഒരു വിശറിയുമായി ഇരിപ്പുണ്ടാകും അച്ഛമ്മ.

പൊതുവേ കഥകൾ ഇഷ്ടമായിരുന്ന ആ കുഞ്ഞ്‌ മനസ്സിൽ,

സ്നേഹതിന്റേയും ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടേയും പ്രകാശം കുഞ്ഞ്‌ കുഞ്ഞ്‌ കഥകളിലൂടെ അച്ഛമ്മ പകർന്ന് നൽകി.

മാസങ്ങൾ കടന്ന് പോയി, ഒരു വർഷത്തെ സ്ക്കൂൾ വിദ്യാഭ്യാസം മുടങ്ങി. മരുന്നിന്റെ പാർശ്വഫലമെന്നോണം ആ കുഞ്ഞ്‌ ശരീരം വണ്ണം വെച്ചു. പനിനീർപ്പൂവിന്റെ നിറമായിരുന്ന ആ കുഞ്ഞ്‌ അധരങ്ങൾ കാർമേഘം പോലെ ഇരുണ്ട്‌ തുടങ്ങി.

അടുത്ത അദ്ധ്യയന വർഷം ആത്മവിശ്വാസത്തോടെ മൂന്നാം ക്ലാസ്സിലേക്ക്‌. സ്നേഹ നിധിയായ അധ്യാപകരും കൂട്ടുകാരും, എങ്കിലും ചിലപ്പോഴൊക്കെ സഹപാഠികളുടെ തമാശകൾക്കിടയിൽ വന്നിരുന്ന ചില വാക്കുകൾ ആ കുഞ്ഞ്‌ മനസ്സിനെ ഒരുപാട്‌ നോവിച്ചിരുന്നു.

ഒരു വർഷം കഴിഞ്ഞ്‌, ഡോക്ടർ കൃത്രിമ നേത്രം നൽകി.

പകൽ മുഴുവൻ കണ്ണിൽ വെക്കുകയും, ഉറങ്ങുമ്പോൾ വൃത്തിയുള്ള പാത്രത്തിൽ സോപ്പ്‌ ലായനിയിൽ സൂക്ഷിക്കുകയും, വർഷാവർഷം പുതിയത്‌ മാറ്റുകയും വേണമെന്ന വസ്തുത ആ കുഞ്ഞ്‌ മനസ്സ്‌ സന്തോഷത്തോടെ അംഗീകരിച്ചു.

“അച്ചൂസേ……….”

കണ്ണിൽ തണുത്ത വെള്ളം ശക്തിയായി തളിച്ച്‌ കൊണ്ടുള്ള ആ വിളികൾ അവളെ ഓർമ്മകളിൽ നിന്നും ഉണർത്തി.

“തണുത്ത വെള്ളം കണ്ണുകളിൽ തളിച്ചാലേ, എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങ്‌ പോകും കേട്ടോ, ടെൻഷൻ ഒന്നും വേണ്ട, അല്ലാ, ഇനിയിപ്പൊ വേദന ഉണ്ടെങ്കിൽ നമുക്ക്‌ ആശുപത്രിയിൽ പോകാല്ലോ?”

എല്ലാ കുറവുകളും മനസ്സിലാക്കി അവളോടൊപ്പം നിൽക്കുന്ന നല്ലപാതി

“അമ്മേ അമ്മേ കണ്ണിന് എന്ത്‌ പറ്റി?”

ഇല്ല കുഞ്ഞൂ കണ്ണിനു ഒന്നും പറ്റിയില്ലാ, അമ്മ മുഖം കഴുകിയതാ,

വാ നമുക്ക്‌ ചോറു കഴിക്കാം. അയ്യോ മീൻ വറുക്കാൻ വെച്ചത്‌ കരിഞ്ഞോ ആവൊ. ഭാഗ്യം കരിഞ്ഞിട്ടില്ല” അവൾ പുഞ്ചിരിച്ചു!!!

❤❤❤❤❤❤❤

ഇതായിരുന്നു എന്റെ ആദ്യ രചന.

ഫോട്ടോ ഇല്ലായിരുന്നെങ്കിൽ ഓർത്തെടുക്കാൻ പോലും കഴിയില്ലായിരുന്ന പ്രായത്തിൽ നഷ്ടമായതാണ് വലത്‌ കണ്ണിലെ വെളിച്ചം.,

ഇരുപത്‌ വർഷം, ഡോക്ടർ പറഞ്ഞതനുസരിച്ച്‌ റെഡിമെയ്ട്‌ ആയി ലഭിക്കുന്ന കൃത്രിമനേത്രം ഉപയോഗിച്ചു. കണ്ണിന്റെ വലിപ്പത്തിനും, ഇടത്‌ കണ്ണിനോട്‌ സാമ്യമുള്ളതുമായ ഒരെണ്ണം പോലും ആ കാലയളവിൽ എനിക്ക്‌ കിട്ടിയില്ല. കുറച്ച്‌ അധികം കാറ്റ്‌ മുഖത്തടിച്ചാലോ, വെള്ളം മാറിയാലോ കണ്ണെഴുതിയാലോ ഒക്കെ വയ്യാത്ത കണ്ണിൽ അസ്വസ്ഥത ഉണ്ടാകും. അതിനിടയിൽ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ എല്ലാം കടന്ന് പോയിരുന്നു.

രണ്ട്‌ വർഷം മുൻപ്‌ നാട്ടിൽ പോയപ്പോഴാണ്, അങ്കമാലിയിലെ പ്രശസ്ത ആശുപത്രിയായ ലിറ്റിൽ ഫ്ലവർ ലെ ഓക്യുലാരിസ്റ്റ്‌, ഷിജി ചേച്ചി, ഇടത്‌ കണ്ണിനോട്‌ സാമ്യതയുള്ള പ്രോസ്തെറ്റിക്‌ നേത്രം ചെയ്ത്‌ തരുന്നത്‌. അതിന്റെ പ്രത്യേകത എന്തെന്നാൽ, ഉറങ്ങുമ്പോൾ എടുത്ത്‌ മാറ്റണ്ട എന്നതും, ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കിയാൽ മതിയെന്നും ഉള്ളതാണ്.

അതിനേക്കാൾ ഉപരി, കുറച്ച്‌ കൂടി ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുഖത്ത്‌ നോക്കാൻ ഇന്നെനിക്ക്‌ സാധിക്കുന്നു എന്നതാണ്.

അപകടം പറ്റിയ അന്ന് മുതൽ, ഇരുപത്തിമൂന്ന് കൊല്ലം കേരളത്തിനുള്ളിൽ പ്രോസ്തെറ്റിക്‌ നേത്രങ്ങൾ ചെയ്ത്‌ കൊടുക്കും എന്ന് ഒരു സൂചന പോലും നൽകാതിരുന്ന ഡോക്ടറിനോട്‌ പരാതി ഇല്ല.

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നല്ലേ

രണ്ട്‌ ദിവസം മുൻപ്‌ ഇൻട്രോ ഇട്ടപ്പോൾ കുറച്ച്പേർ മേസജയച്ച്‌ സംശയങ്ങൾ ചോദിച്ചിരുന്നു, അത്‌ കൊണ്ടാണ് ഈ കുറിപ്പ്‌ കൂടി ചേർത്തത്‌.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നയന നിരീഷ്