നിനക്ക് രണ്ടാഴ്ച കിട്ടിയിട്ടും നിന്റെ കെട്യോനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ.. അ- യ്യേ മോ- ശം…

രചന : Unais Bin Basheer

കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചക്ക് ശേഷമാണ് ഞാൻ വീണ്ടും കോളേജിലേക്ക് പോകുന്നത്. കോളേജിലിറങ്ങി ക്ലാസ്സിൽ എത്തുന്നത് വരെ കൂട്ടുകാരികളുടെ കളിയാക്കലുകൾക്ക് മുന്നിൽ ആടിയുലയാതെ പിടിച്ചുനിൽക്കാൻ ശക്തിതരണെ ദേവി എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ

പക്ഷെ എന്റെ പ്രാർത്ഥന ദേവി കണ്ടഭാവം നടിച്ചിട്ടില്ല എന്ന് പലരുടെയും നോട്ടത്തിൽ നിന്നുതന്നെ എനിക്ക് ബോധ്യമായി. എല്ലാത്തിന്റേയും ആക്കി ചിരിയും നോട്ടവും കണ്ട് തൊലിയുരിഞ്ഞുപോകുന്നപോലെ. വുമൺസ് കോളേജ് ആയത് ഭാഗ്യം അല്ലേൽ ആൺകുട്ടികളെ കൂടെ സഹിക്കേണ്ടി വന്നേനെ.

ചുറ്റിലും നിന്ന് കണ്ണെടുത്തു തറയിലേക്കിട്ടു ഞാൻ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു.

അപ്രതീക്ഷിതമായി ക്ലാസ്സിലേക്ക് വരുന്ന എന്നെ കണ്ട ക്ലാസ്സിലെ ഏതോ തലതെറിച്ചവൾ ദേഡീ കല്യാണപ്പെണ്ണ് വന്നേക്കുന്നു എന്ന് വിളിച്ചുപറഞ്ഞതേ ഓര്മയുള്ളു.

ഞാൻ ഒന്ന് കണ്ണടച്ചുതുറന്നപ്പോഴേക്കും ദേണ്ടെ സകലരും എന്റെ ചുറ്റിലും കൂടി കവിളിൽ നുള്ളിയും ഇക്കിളിപ്പെടുത്തിയും പരസ്പ്പരം എന്തോ കലപില പറഞ്ഞും എന്നെ കളിയാക്കി ചിരിക്കുന്നു.

എന്റെ പ്രതീക്ഷ തെറ്റിയില്ല അധികം താമസിക്കാതെ തന്നെ കൂട്ടുകാരികളുടെ ചോദ്യസ്ത്രങ്ങൾ ഓരോന്നും എന്റെ നേരെ പാഞ്ഞുവന്നു.

ഹണിമൂൺ എങ്ങോട്ടാണ്, വിശേഷം ആയോ,

ഉടനെ പ്രസവിക്കോ, തുടങ്ങിയ സകലചോദ്യങ്ങളുടെ കുടുക്കിൽ നിന്നും ഉടായിപ്പ് മറുപടിയുമായി ഊരിപ്പോന്ന എനിക്ക് ഒരിടത്തുമാത്രം പിഴച്ചു. കണ്ണടക്കാരി രമ്യയുടെ ചോദ്യം.

അല്ലെടി നിന്റെ കെട്ടിയോൻ എങ്ങനെയാ. റൊമാന്റിക് ആണോ..? എന്ന്

അല്ലേലും ഈ കൊനഷ്ടുപിടിച്ച ചോദ്യങ്ങളെലാം ചോദിക്കുന്നത് മിക്കതും കണ്ണടക്കാരികൾ ആവും. ഞാൻ അവളെ അടിമുടിയൊന്നു പല്ലുരുമ്മി നോക്കി.

എന്താടി റൊമാന്റിക്ക് അല്ലാന്നുണ്ടോ..?

അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.

പിന്നെ റൊമാന്റിക്, രാത്രി ഇവളെ ഇട്ട് ഉരുട്ടുന്നുണ്ടാവും അതുതന്നെ റൊമാന്റിക്. പിന്നിൽ നിന്നും ഏതോ ഒരുത്തിയുടെ കമന്റിൽ ക്ലാസ് ഒന്നടങ്കം ആർത്തു ചിരിച്ചു.

എന്ത് പറയും ഈശ്വര.. അല്ലെന്നെങ്ങാനും പറഞ്ഞാൽ അവരെന്നെ പച്ചക്ക് തിന്നും.

ആണെന്ന് പറഞ്ഞാലോ പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള അടുത്ത ചോദ്യങ്ങൾ വരും. ചെകുത്താനും കടലിനും നാടുവിലായല്ലോ. ഞാൻ ശ്വാസം ഒന്ന് വലിച്ചെടുത്തു. എന്നിട്ട് ചോദിച്ചു.

അല്ല റൊമാന്റിക് എന്നുവെച്ചാൽ.. നീ എന്താ ഉദ്ദേശിച്ചത്.. പിന്നെ കല്യാണം കഴിഞു ഒരാഴ്ച തികച്ചായിട്ടില്ല അപ്പോഴേക്കും എങ്ങനെയാണ് ഏട്ടൻ റൊമാന്റിക് ആണോ അല്ലയോ എന്നൊക്കെ അറിയാൻ പറ്റുന്നെ..

അയ്യടി മോളെ ഉരുണ്ടുകളിക്കല്ലേ..

ഒരു പെണ്ണിന് ഒരാണിനെ മനസ്സിലാക്കാൻ ഒരു നിമിഷം മതി. നിനക്ക് രണ്ടാഴ്ച കിട്ടിയിട്ടും നിന്റെ കെട്യോനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ.. മോശം.

അല്ലെടി ഇനി റൊമാൻസ് ഒന്നും അറിയാത്ത വല്ല കാട്ടുമാക്കാൻ ഭർത്താവാണോ അങ്ങേര്..

ഞാൻ വശ്യമായൊന്ന് ചിരിച്ചു.

അല്ല രമ്യ. റൊമാന്റിക് ആണോ എന്ന ചോദ്യം കൊണ്ട് നീ ഉദ്ദേശിക്കുന്നത് അടുക്കളയിൽ ആരുമില്ലാത്തപ്പോൾ പിറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിക്കുന്നതാണോ.. അതോ നിനച്ചിരിക്കാത്ത നേരത്തു കവിളിൽ ചുടുചുംബനം നല്കുന്നതോ..

അല്ലേൽ വൈകുന്നേരങ്ങളിൽ ബീച്ചിലും പാർക്കിലുമ്മായി സമയം തീർക്കുന്നതോ..

അങ്ങനെ ആണെങ്കിൽ എന്റെ ഏട്ടൻ റൊമാന്റിക് അല്ല.

പിന്നെ എന്നും ജോലിക്ക് പോകുമ്പോൾ നെറ്റിയിലൊരു ചുംബനം നൽകാറുണ്ട്. ആദ്യരാത്രിയിൽ തന്നെ എന്റെ ഇഷ്ടങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. എന്റെ ആഗ്രഹമായ തുടർപ്പഠനം അനുവദിച്ചു തന്നിട്ടുമുണ്ട്.

ഇതൊക്കെ ഞാൻ ഏറെ ആഗ്രഹിച്ചതാണ്. പ്രതീക്ഷിക്കാതേ കിട്ടുന്നതിനേക്കാൾ ഇരട്ടി സന്തോഷം ഉണ്ടാവുമല്ലോ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നത് കിട്ടുമ്പോൾ..

അപ്രതീക്ഷിതമായ ചുടുചുംബനത്തിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് നെറ്റിയിൽ എന്നും ഏറെ പ്രതീക്ഷിച്ചു വാങ്ങുന്ന ചുംബനത്തെയാണ്,

വൈകുന്നേരങ്ങളിലെ ബീച്ചിലെ കാറ്റ് കൊണ്ടിരിക്കുന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത് ജോലി കഴിഞ്ഞു വരുന്ന ഏട്ടനെ പുഞ്ചിരിയോടെ സ്വീകരിക്കാനാണ്.

അപ്രതീക്ഷിതമായി റൊമാന്റിക് ആവുന്ന ഭർത്താവിനേക്കാൾ എനിക്കിഷ്ടം ഞാൻ ഏറെ പ്രതീക്ഷയോടെ താലോലിക്കുന്ന എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഭർത്താവിനെയാണ്. നിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ കാട്ടുമാക്കാൻ ഭർത്താവിനെയാണ് എനിക്കിഷ്ടം.

അത് നീ കരുതുന്ന ആ റൊമാൻസ് ഇഷ്ടമില്ലാഞ്ഞിട്ടല്ല, പക്ഷെ എന്റെ ഭർത്താവ് അങ്ങനെ ചെയ്യുന്നില്ല എന്നു കരുതി ഞാൻ അതിൽ ഒരിറ്റു പോലും വേവലാതിപ്പെടുന്നില്ല്ല എന്നാണ്.

ഞാൻ മാത്രമല്ല ലോകത്തുള്ള മുഴുവൻ ഭാര്യമാരും ഇങ്ങനെ തന്നെയാണ്.

അത് മനസ്സിലാവണമെങ്കിൽ നിങ്ങളെല്ലാവരും ഭാര്യയെന്ന പവിത്രമായ സ്ഥാനത്തെത്തണം.

അപ്പോഴേ മനസ്സിലാവൂ,

എല്ലാരും കേൾക്കാൻ വേണ്ടി ഒരിക്കലൂടെ പറയാ,

എന്റെ കെട്ടിയോൻ നിങ്ങൾ കരുതുമ്പോലെ റൊമാന്റിക് അല്ല.

ഇത്രയും പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും വലിയ ഒരു കയ്യടി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു,,

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Unais Bin Basheer