കല്യാണ പന്തലിൽ ഭർത്താവിന്റെ കൂടെ വീട് വിട്ട് ഇറങ്ങാൻ നിൽക്കുന്ന മുബീന അമ്മയെ കെ- ട്ടിപിടിച്ചു

രചന: എന്ന് സ്വന്തം ബാസി

“മോൾ എന്തിനാ കരയുന്നെ എല്ലാം നന്നായി വരും… അമ്മ കൂടെ ഇല്ലേലും അമ്മയുടെ പ്രാർത്ഥനകൾ എന്നും നിന്റെ കൂടെ തന്നെ കാണും…”

കല്യാണ പന്തലിൽ ഭർത്താവിന്റെ കൂടെ വീട് വിട്ട് ഇറങ്ങാൻ നിൽക്കുന്ന മുബീന അമ്മയെ കെട്ടി പിടിച്ചു പൊട്ടിക്കരയുമ്പോൾ അമ്മ ഏറെ വേദനയോടെ ആശ്വസിപ്പിച്ചു.

“അനസ് മോനെ ഇന്റെ മോളെ നല്ലോണം നോക്കണം ട്ടൊ… ജീവിതത്തിന്റെ സന്തോഷങ്ങൾ ഒന്നും അനുഭവിക്കാത്ത കുട്ടിയാണ്…”

തൊട്ടടുത്ത് നിൽക്കുന്ന മോളുടെ ഭർത്താവിന്റെ കൈ പിടിച്ച് കണ്ണീരോടെ അമ്മ അത് പറയുമ്പോൾ അവരെ തന്നെ വീക്ഷിച്ച്‌ സഹതാപത്തോടെ നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിൽ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അനസ് തളരുക ആയിരുന്നു.

“അമ്മേ… അമ്മ എന്താ ഈ ചെയ്യുന്നേ… കരയേണ്ട ദിവസാണോ ഇന്ന്… അമ്മന്റെ മകളുടെ,

നമ്മുടെ മുബിയുടെ കല്യാണം ദിവസല്ലേ ഇത്…”

അമ്മയെ ഹൃദയത്തിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് റഹീം ആശ്വസിപ്പികുമ്പോൾ ആണ്ടുകളായി ഒരു സഹോദരന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

വലതു കയ്യിൽ മുബിയെയും ഇടതു കയ്യിൽ ആനസിനെയും ചേർത്തു പിടിച്ച് കൊണ്ട് അമ്മ കാറിനരികിലേക്ക് നടക്കുമ്പോൾ ചിന്തകൾ ഇന്നലെകളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു.

സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മാതാപിതാക്കൾ മരിച്ച ആ രണ്ടു അയൽവാസി കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാതിരിക്കാൻ മാത്രം മനസ്സലിവ് ഇല്ലാത്തവളൊന്നുമായിരുന്നില്ല ഒരു മോളുടെ അമ്മയായിരുന്ന ഈ ജാനകി.

ഭർത്താവ് ഉപേക്ഷിച്ച സ്വന്തമായി പറയാൻ ശരിയായ ജോലി പോലും ഇല്ലാത്ത എന്റെ ജീവിതത്തിലേക്ക് അവരെ കൂടെ ചേർത്തു വെക്കുമ്പോൾ താനും മോളും കഴിക്കുന്ന എന്തും അവരെ കൂടി കഴിപ്പിച്ചിട്ട് മാത്രം ആയിരിക്കും എന്ന പ്രതിജ്ഞയോടെയായിരുന്നു

ഇതര മതക്കാരായ അവർക്ക് പൂർണ്ണ മത സ്വാതന്ത്ര്യത്തോടെ അവരെ മൂന്ന് പേരെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമ്പോൾ “അമ്മേ” എന്ന് ഒരിക്കൽ മോൾ വിളിച്ചപ്പോൾ കണ്ണീർ ഒലിപ്പിച്ച് മുബി “ഉമ്മയില്ലാത്ത ഞാൻ ചേച്ചിനെ അമ്മേ എന്ന് വിളിച്ചോട്ടെ”ന്ന് ചോദിച്ച അന്ന് മുതൽ ഞാൻ അവർക്കും അമ്മയും എന്റെ മോൾ അനിയത്തിയുമാകുകയായിരുന്നു.

ഇടക്കിടെ ഓർമ്മകൾ അവരെ കണ്ണീരിൽ ആഴ്ത്തുമ്പോൾ ആശ്വാസം പകർന്ന് സന്തോഷങ്ങളിൽ ഒന്നിച്ചു ചിരിച്ചും വേദനകളിലും ഒന്നിച്ച് കരഞ്ഞും ജീവിതം പങ്കു വെക്കുന്നതിനിടയിൽ അവർ വളർന്നു വലുതാകുന്നുണ്ടായിരുന്നു.

അതിനിടെ എപ്പോഴോ എന്നെ പ്രായം തളർത്തിയപ്പോൾ ജീവിത നൗക തുഴയാൻ റഹീം ആയുധം എടുത്തതാണ്, ഇന്ന് അവൻ നാട്ടിൽ അറിയപ്പെട്ട പ്രമാണിയായിമാറി.

“അമ്മേ… അവര് പോവാണ് എന്ന്”

റഹീമിന്റെ വാക്കുകളാണ് ചിന്തയിൽ മുഴുകി നിൽക്കുന്ന അമ്മയെ ഉണർത്തിയത്.

ഒരിക്കൽ കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടവൾ യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ റഹീമിന്റെ ഉള്ളം നീറുന്നുണ്ടായിരുന്നെങ്കിലും മുഖത്ത് പുഞ്ചിരി നിറച്ച് വെച്ച് സന്തോഷത്തോടെ മുബിയെ യാത്രയാക്കി…

അകന്ന് അകന്ന് പോകുന്ന കാറിനെ നോക്കി കണ്ണീരോടെ നിൽക്കുമ്പോൾ ഇനി ശ്രുതിയെ കൂടി ആരുടെ എങ്കിലും കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കണം എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ.

ശുഭം

(ഇഷ്ട്ടം ആയാലും ഇല്ലേലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണേ… )

രചന : എന്ന് സ്വന്തം ബാസി