ഞാൻ കണ്ണുകളടച്ച് ഈശ്വരനോട് പ്രാർത്ഥിച്ചു.. ഭഗവാനേ.. അവളെ എനിക്ക് നഷ്ടപ്പെടുത്തല്ലേ…

രചന : സോളോമാൻ

പേറ്റു നോവ്….

❤❤❤❤❤❤❤❤

ഉച്ച ഭക്ഷണം കഴിഞ്ഞ് ഓഫീസിലിരിക്കുമ്പൊഴാണു വീട്ടീന്ന് ഫോൺ വന്നത്.

അമ്മേടെ നമ്പരാണു,സാധാരണ ബ്രേക്ക് ടൈമിൽ ലക്ഷ്മിയാണു വിളിക്കാറു.

കാൾ അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽ അമ്മ പരിഭ്രമത്തോടെ.

“ഡാ ദിനേശാ..നീയൊന്ന് വേഗം ജില്ലാ ആസ്പത്രീലോട്ട് വാ..”

അത് കേട്ടതും എന്റെ നെഞ്ചൊന്നാളി..

“എന്താ അമ്മേ..എന്താ കാര്യം.”

“അത് പിന്നെ..നമ്മുടെ ലക്ഷ്മി കുളിമുറിയിലൊന്ന് തെന്നി വീണു..ഞാനൊരു വണ്ടീം വിളിച്ച് ദേ ഇങ്ങോട്ട് വന്നേക്കുവാ..”

പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

വണ്ടിയുമായി നേരെ അങ്ങോട്ട് കുതിച്ചു.

എന്റെ ഭാര്യയാണു ലക്ഷ്മി,ശ്രീലക്ഷ്മി..

ഞങ്ങടെ കല്ല്യാണം കഴിഞ്ഞിട്ടിപ്പൊ അഞ്ചാറു മാസമായി.

അകന്നൊരു ബന്ധത്തിലുള്ള കുട്ടിയാണു,

ചെറുപ്പത്തിൽ ബന്ധു വീടുകളിലെ ചടങ്ങുകളിലൊക്കെ പരസ്പരം കാണാറുണ്ടായിരുന്നു.

വളർന്ന് വലുതായി ജോലിയും തിരക്കുമൊക്കെ ആയപ്പൊ ആ മുഖമൊക്കെ അങ്ങ് മറന്നു.

പക്ഷെ! എന്തോ,അവളെന്നെ മറന്നില്ല.

അങ്ങനെയാണു അവർ വീട്ടിൽ വന്ന് അമ്മയുമായി സംസാരിച്ച് കല്ല്യാണമുറപ്പിച്ചത്.

എല്ലാവർക്കും അറിയുന്ന കുട്ടിയായത് കൊണ്ടും,അടക്കവും ഒതുക്കവും ഉള്ളത് കൊണ്ടും എനിക്കും എതിർപ്പൊന്നും ഉണ്ടായില്ല.

കല്ല്യാണമെന്നാൽ കൂടെ കിടക്കാനും,ചിലവിനു കൊടുക്കാനും,ദേഷ്യം വരുമ്പൊ രണ്ട് പൊട്ടിക്കാനുമുള്ള ഉപകരണമായി പെണ്ണിനെ കാണുന്ന ചുറ്റുപാടിൽ എന്റെയും ചിന്ത മറ്റൊന്നായിരുന്നില്ല.

പക്ഷെ,അവളെന്റെ എല്ലാ കാഴ്ചപ്പാടുകളും മാറ്റിക്കളഞ്ഞു.

ശരിക്ക് പറഞ്ഞാൽ എന്നെ തന്നെ പുതിയൊരു ഞാനാക്കി മാറ്റിയെടുത്തു.

എന്റെ സന്തോഷത്തിലും,പരിഭവത്തിലും അവളെനിക്കൊപ്പം ആശ്വാസമായി.

അവളുടെ കണ്ണ് നിറയുന്നതു പോലും എനിക്ക് സഹിക്കാൻ പറ്റില്ല..ഇതിപ്പൊ..

മനസ്സാകെ നീറുകയായിരുന്നു.

ഹോസ്പിറ്റൽ മുറ്റത്ത് കാർ നിർത്തിയതും ഞാൻ കിതച്ചോടി.

കാഷ്വാലിറ്റിക്കടുത്ത് അമ്മയെ കണ്ടതും ഞാൻ അവിടേക്ക് ചെന്നു.

“എന്താ അമ്മേ പറ്റിയത്..അവളെവിടെ..”

കിതപ്പിനിടയിലും ഞാൻ ചോദിച്ചു.

പക്ഷെ,അമ്മയുടെ മുഖമപ്പോൾ സന്തോഷത്തിലായിരുന്നു.

“ദിനേശാ..നീയൊരു അച്ഛനാവാൻ പോവാണു ട്ടോ..”

ആ വാക്കിങ്ങനെ എന്റെ കാതിലൂടെ ദേഹമൊട്ടുക്കും അലയടിച്ചു.

എനിക്കുണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.

അവളെയൊന്ന് കാണാൻ മനസ്സ് കൊതിക്കുമ്പൊഴേയ്ക്കും മുറിയിൽ നിന്നും അവൾ പുറത്തേയ്ക്കിറങ്ങി..

നെറ്റിയിൽ ചെറിയൊരു പൊട്ടുണ്ടായിരുന്നു..അവിടെ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്.

പരിസരം മറന്ന് ഞാനവളെ ഇറുകെ പുണർന്നു.

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ നേരെ ഞങ്ങൾ വീട്ടിലേയ്ക്ക് വന്നു.

പിന്നീടെന്നും വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.

ഞാനും,അമ്മയും അവളെയൊരു രാജകുമാരിയെ പോലെ പരിചരിച്ചു.

ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞതനുസരിച്ച് അവളെ ആദ്യത്തെ ചെക്കപ്പിനു കൊണ്ടു പോവാനായി ഒരു ദിവസം ഞാൻ റെഡിയായി നിന്നു.

പക്ഷെ,എത്ര നിർബന്ധിച്ചിട്ടും അവൾ വരാൻ തയ്യാറായില്ല.

“ലക്ഷ്മീ..ദേ,നീയിങ്ങനെ വാശി പിടിക്കല്ലേ..പോകാതിരുന്നാൽ എങ്ങനാ,,നിനക്കൊ,

കൊച്ചിനോ വല്ലതും പറ്റിയാലൊ..”

ഞാനത് പറഞ്ഞപ്പൊ അവൾ നിഷ്കളങ്കമായ് ചിരിച്ചു.

“എന്താ ഏട്ടാ ഇത്..പണ്ടു കാലത്തൊക്കെ ഈ ചെക്കപ്പ് നടത്തിയാണൊ ഇതൊക്കെ നടക്കുന്നത്..

നിങ്ങൾ പേടിക്കേണ്ട,ഒരു ഹോസ്പിറ്റലും,ഡോക്ടറുമില്ലാതെ ഞാൻ പ്രസവിക്കും..”

എനിക്കാണെങ്കിൽ അവളുടെ സംസാരം കേട്ടപ്പൊ ദേഷ്യം വന്നു.

“നീ എന്താ കുട്ടികളെ പോലെ,പറഞ്ഞാ മനസ്സിലാവില്ലെ നിനക്ക്.”

“മനസ്സിലാവാത്തതല്ല ഏട്ടാ..കണ്ട ഇഗ്ലീഷു മരുന്നും കുത്തി വെച്ച് എനിക്കെന്റെ കുഞ്ഞിനെ പ്രസവിക്കേണ്ട..

എന്നെ നോക്കാൻ ഇവിടെ അമ്മയുമുണ്ട്,

ഏട്ടനുമുണ്ട്..

എത്ര വേദന സഹിച്ചായാലും ഞാനിവിടെ വീട്ടീന്ന് തന്നെ പ്രസവിക്കും,,മയക്കു വെച്ചും,വയറു കീറിയും എനിക്കെന്റെ കുഞ്ഞിനു ജന്മം നൽകണ്ട.

അവളുടെ ഉറച്ച വാക്കുകൾക്കു മുന്നിൽ എനിക്ക് വേറെ വഴിയില്ലായിരുന്നു.

അമ്മയും അവൾക്കൊപ്പമായിരുന്നു.

മനസ്സിൽ ഭയവും,അതിലേറെ പ്രതീക്ഷകളുമായി ഞാൻ ഓരോ ദിനവും തള്ളി നീക്കി.

ഇടയ്ക്കിടെ അസ്വസ്ഥത തോന്നുമ്പോൾ ചെക്കപ്പിനായ് ഞാനവളെ നിർബന്ധിക്കും..

അപ്പൊഴൊക്കെയും അവൾ പുഞ്ചിരിയോടെ തന്നെയത് നിരസിക്കുകയും,എന്നിലേയ്ക്ക് ചാഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്യും.

അങ്ങനെ പത്താമത്തെ മാസം തുടങ്ങി.

നിറ വയറുമായി അവൾ വല്ലാതെ പ്രയാസപ്പെടാൻ തുടങ്ങിയിരുന്നു..

ഞാനെങ്ങും പോകാതെ അവൾക്കൊപ്പം തന്നെ ഇരുന്നു.

ചില ദിവസങ്ങളിൽ വല്ലാത്ത വേദനയാൽ അവൾ പുളയും..

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രാന്തനാവുമ്പോൾ അമ്മയും,അടുത്ത വീട്ടിലെ നാണിയമ്മയും ചേർന്ന് അവൾക്കൊപ്പം മുറിയിലേയ്ക്ക് ചെല്ലും.

ഇങ്ങനെ കുറച്ചു ദിവസം കടന്നു പോയി.

കുഞ്ഞിനേക്കാൾ എനിക്ക് പേടി അവൾക്ക് വല്ലതും പറ്റുമോ എന്നായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം പൊടുന്നനെ അവൾ വേദന കൊണ്ട് അലറി വിളിച്ചു.

കുറേ തുണികളും,മറ്റെന്തൊക്കെയോ സാധനങ്ങളുമായി അമ്മയും,നാണിയമ്മയും മുറിയിൽ കയറി കതകടച്ചു.

എന്നിലെ ശ്വാസം നിലച്ചു പോയ നിമിഷങ്ങൾ.

ഇടയ്ക്കിടെ പാതിയിൽ മുറിയുന്ന കരച്ചിൽ.

ഞാൻ കണ്ണുകളടച്ച് ഈശ്വരനോട് പ്രാർത്ഥിച്ചു..

“ഭഗവാനേ..അവളെ എനിക്ക് നഷ്ടപ്പെടുത്തല്ലേ..”

ഉറക്കെയൊരു അലർച്ച..

ചെറിയൊരു നിശബ്ദത..

ഒടുവിൽ..ഒടുവിലാ സന്തോഷത്തിന്റെ സൈറൺ പോലെ കുഞ്ഞിന്റെ കരച്ചിൽ..

അടഞ്ഞു കിടന്ന വാതിൽ പടിയിൽ ഹൃദയമിടിപ്പുകളുടെ കാത്തിരിപ്പ്..

പൊടുന്നനെ വാതിൽ തുറന്ന് തരിച്ച് നിൽക്കുന്ന എന്റെ കൈകളിലേയ്ക്ക് വെളുത്ത തുണിയിൽ പൊതിഞ്ഞ പതു പതുത്ത ദേഹം..

നിറ കണ്ണുകളോടെ ഞാൻ അമർത്തിയൊന്ന് ചുംബിച്ചു.

ശേഷം എന്റെ കണ്ണുകൾ ലക്ഷ്മിയിലേയ്ക്ക് നീങ്ങി.

നാണിയമ്മയുടെ മറവിലായി നനഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി മ=ന്ദഹസിച്ചു..

ഒടുവിൽ എന്റെ കയ്യിൽ നിന്നും കൊച്ചിനെ തിരികെ വാങ്ങിച്ച് കൊണ്ട് അമ്മയെന്നോട് പറഞ്ഞു.

“ഞാൻ നിന്നെ പ്രസവിച്ചതും ഈ വീട്ടീന്ന് തന്നെയാ..ഇതേ മുറിയിലെ ഇതേ കിടക്കയിൽ കിടന്ന്.

മോനേ,നൊന്തു പെറ്റാലെ ബന്ധമറിയൂ,ബന്ധത്തിന്റെ മൂല്യമറിയൂ..”

അമ്മയുടെ ആ വാക്കുകൾക്ക് ഒരുപാട് അർത്ഥ തലങ്ങളുണ്ടായിരുന്നു.

ഒരുപക്ഷേ അന്നൊരു കാലത്ത് ഉണ്ടായിരുന്നതും,ഇന്ന് ഇല്ലാതായതുമായ രക്ത ബന്ധത്തിന്റെ മഹത്തായ അർത്ഥം.

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം….

രചന : സോളോമാൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top