നമ്മൾ മാത്രമുള്ള ഒരു കുഞ്ഞു ലോകം, അതാണ് എൻ്റെ മനസ്സിലുള്ളത്…

രചന: സജി തൈപ്പറമ്പ്

ഏട്ടാ അമ്മയുടെ കാര്യത്തിൽ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കണ്ടേ?

ഉം വേണം പ്രിയാ ഞാനുമതാലോചിക്കുവായിരുന്നു

എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് വേണം ,

നീയൊന്നടങ്ങ് പ്രിയാ .. അമ്മയെ കൊണ്ട് നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ ആ പാവം ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ആർക്കുമൊരു ശല്യമില്ലാതെ ഒതുങ്ങി കഴിയുവല്ലേ?

ഏട്ടാ …നമ്മൾ മാത്രമുള്ള ഒരു കുഞ്ഞു ലോകം, അതാണ് എൻ്റെ മനസ്സിലുള്ളത് ,അതിനിടയിൽ അമ്മ ഒരു അധികപ്പറ്റാണ്, ഇപ്പോൾ തന്നെ നമ്മളിന്നലെ സിനിമയ്ക്ക് പോകാനൊരുങ്ങിയപ്പോൾ അമ്മയെ ഒറ്റയ്ക്കാക്കി എങ്ങനെ പോകുമെന്ന് പറഞ്ഞ് ഏട്ടനല്ലെ അവരെയും കൂടെ കൂട്ടിയത്, അതിന് മുമ്പൊരു ദിവസം മക്കളെയും കൊണ്ട് ഷോപ്പിങ്ങ് മാളിൽ പോയപ്പോൾ അവിടെയും അമ്മയെ കൊണ്ട് പോകേണ്ടി വന്നു ,അവിടെ ചെന്നിട്ടൊള്ള പുകിലൊക്കെ പിന്നെ ഞാൻ പറയണ്ടല്ലോ ?എസ്കലേറ്ററിൽ കയറാനും ലിഫ്റ്റിൽ കയറാനും അമ്മയ്ക്ക് പേടി ,ഒടുവിൽ അവിടുത്തെ ചവിട്ട്പടികൾ മുഴുവൻ നടന്ന് കയറേണ്ടി വന്നില്ലേ? കൊച്ച് കുഞ്ഞുങ്ങളാണെങ്കിൽ എടുത്ത് എളിയിലെങ്കിലും വയ്ക്കാം, അത് മാത്രമോ? മനുഷ്യൻ എന്തോരം കൊതിയോടെയാ ചിക്കൻ ബിരിയാണി കഴിക്കാൻ റസ്റ്റോറൻ്റിൽ കയറിയത്,

എന്നിട്ടോ ?അമ്മ ഫുൾ വെജിറ്റേറിയനാണെന്ന് പറഞ്ഞ്, അമ്മയ്ക്ക് വേണ്ടി മാത്രം, നമ്മളും ചോറും സാമ്പാറും പോയി കഴിക്കേണ്ടി വന്നില്ലേ? നമ്മുടെ കാര്യം പോട്ടെ, അമ്മയുടെ ഇങ്ങനെയുള്ള ഓരോ പ്രവൃത്തികൾ മൂലം എൻ്റെ മക്കൾക്ക് കൂടി ശരിക്കൊന്ന് എൻജോയ് ചെയ്യാൻ പറ്റുന്നില്ല,

ഇനി ദേ, അടുത്തയാഴ്ച കുട്ടികള് വാട്ടർ തീം പാർക്കിൽ പോകണമെന്ന് പറഞ്ഞോണ്ടിരിക്കുവാ, അമ്മയുണ്ടെങ്കിൽ അതെന്തായാലും നടക്കില്ല, ഞാൻ പറഞ്ഞേക്കാം

രണ്ട് ദിവസത്തിനുള്ളിൽ അമ്മയുടെ കാര്യത്തിൽ നമുക്കൊരു തീരുമാനമുണ്ടാക്കാം നീയിപ്പോൾ ലൈറ്റ് ഓഫ് ചെയ്തിട്ട് വന്ന് കിടക്കാൻ നോക്ക്

രണ്ട് ദിവസത്തിന് ശേഷം

പ്രിയാ അമ്മ ഒരുങ്ങിയോ?

ങ്ഹാ ഏട്ടാ … അമ്മ ഒരുങ്ങി കഴിഞ്ഞു ,കാറ് ഇറക്കിക്കോളു

അല്ലാ നീ വരുന്നില്ലേ?

ഇല്ല ഏട്ടാ… ഏട്ടൻ പോയാൽ മതി

അമ്മേ …സൂക്ഷിച്ച് കയറണേ

പ്രിയ, അമ്മയെ കാറിലേക്ക് കയറ്റിയിരുത്തി, ഡോറ് വലിച്ചടച്ചു.

അന്നാദ്യമായാണ് അവർ കാറിൻ്റെ മുൻ സീറ്റിലിരിക്കുന്നത്

അന്ന് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പ്രിയ ഏറെ ആഹ്ളാദത്തിലായിരുന്നു

ഇന്ന് മുതൽ അവൾ സ്വപ്നം കണ്ട ജീവിതം ലഭിക്കാൻ പോകുവാണെന്ന ചിന്ത അവളെ പുളകിതയാക്കി.

ഉച്ചയോട് കൂടി പുറത്ത് കാറിൻ്റെ ഹോണടി കേട്ട് പ്രിയ സന്തോഷത്തോടെ അങ്ങോട്ടോടി വന്നു.

ശ്യാം ,ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി പുറകിൽ വന്ന് ഡോറ് തുറക്കുന്നത് കണ്ടപ്പോൾ, പ്രിയ ജിജ്ഞാസയോടെ നോക്കി നിന്നു.

അമ്മയോടൊപ്പം മദ്ധ്യവയസ്കനായ മറ്റൊരാള് കൂടി കാറിൽ നിന്നിറങ്ങുന്നത് കണ്ട പ്രിയ ,പകച്ച് നിന്നു

ഇതെന്താ ഏട്ടാ… അമ്മയെ കൊണ്ട് ചെന്നാക്കിയില്ലേ ,

കൂടെയുള്ളതാരാ?

ങ്ഹാ, നിനക്കൊരു സർപ്രൈസ് തരാമെന്ന് കരുതിയാ പറയാതിരുന്നത്, ഇദ്ദേഹം അമ്മയുടെ പഴയ ലവറാണ്,

പണ്ട് ,ഇവരൊന്നിച്ച് ജീവിക്കാൻ വേണ്ടി ഒളിച്ചോടിപ്പോയതാണ് പക്ഷേ വീട്ടുകാരൊക്കെ ചേർന്ന് ഇദ്ദേഹത്തെ തല്ലിച്ചതച്ച് വഴിയിലുപേക്ഷിച്ചിട്ട് അമ്മയെ ബലമായി തിരിച്ച് വിളിച്ചോണ്ട് വന്നിട്ട് എൻ്റെ അച്ഛന് വിവാഹം കഴിച്ച് കൊടുക്കുകയായിരുന്നു ഇഷ്ടമില്ലാതിരുന്നിട്ട് കൂടി നിസ്സഹായതയോടെ അമ്മയ്ക്ക് അച്ഛൻ്റെയൊപ്പം ജീവിക്കേണ്ടി വന്നെങ്കിലും കാലക്രമേണ അമ്മ ഇദ്ദേഹത്തെ മറക്കുകയും അച്ഛൻ്റെ ഭാര്യാ പദവിയിൽ തൃപ്തിപ്പെടുകയുമായിരുന്നു, പക്ഷേ, അന്ന് മുതലിന്ന് വരെ മറ്റൊരു വിവാഹം കഴിക്കാതെ ഇദ്ദേഹം അമ്മയെ മാത്രം മനസ്സിലിട്ട് കൊണ്ട് നടന്നു, അച്ഛൻ്റെ മരണശേഷം,

പല പ്രാവശ്യം, ഇദ്ദേഹം വിവാഹാലോചനയുമായി അമ്മയെ സമീപിച്ചെങ്കിലും, കുട്ടിയായിരുന്ന എൻ്റെ ഭാവിക്ക് അത് ദോഷം ചെയ്യുമെന്ന ആശങ്കയാൽ ,ഇഷ്ടമായിരുന്നിട്ട് കൂടി ,അമ്മ സ്നേഹപൂർവ്വം അദ്ദേഹത്തോട് നോ പറയുകയായിരുന്നു ,ഞാൻ വളർന്ന് വന്നപ്പോൾ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നെങ്കിലും, എൻ്റെ സ്വാർത്ഥത കൊണ്ട്, ഞാനും അതിന് മുൻകൈ എടുത്തില്ല,

പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അമ്മയെ ഒറ്റക്കാക്കി എങ്ങും പോകാൻ കഴിയില്ലല്ലോ ?എന്ന നിൻ്റെ പരാതിയെ തുടർന്നാണ്, അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് എനിക്കും തോന്നി തുടങ്ങിയത്,

അങ്ങനെയാണ് ,അമ്മയെ കൊണ്ട് സമ്മതിപ്പിച്ചിട്ട്, ഞാനിദ്ദേഹത്തെ പോയി കണ്ടത്,ഇന്ന് അമ്പലത്തിൽ വച്ച് മാലയിട്ട് ഒരു ചെറിയ ചടങ്ങ് വേണമെന്ന്, ഇവര് രണ്ട് പേരും കൂടി പറഞ്ഞത് കൊണ്ടാണ്,

ഞാൻ രാവിലെ അമ്മയെയും കൊണ്ട് ,അമ്പലത്തിൽ പോയത്, എന്തായാലും എല്ലാം ശുഭമായി, ഇനി അമ്മയെ തനിച്ചാക്കി പോകണമല്ലോ ?എന്ന വേവലാതി എനിക്കും ,അമ്മ കൂടെ വന്നാൽ സ്വകാര്യത നഷ്ടപ്പെടുമെന്ന നിരാശ നിനക്കും വേണ്ട ,ഇനി മുതൽ അമ്മയുടെ കാര്യങ്ങളൊക്കെ ഇദ്ദേഹം നോക്കിക്കൊള്ളും, നീയിങ്ങനെ വായും പൊളിച്ച് നില്ക്കാതെ, ഒരു നിലവിളക്ക് കത്തിച്ച് കൊണ്ട് വാ പ്രിയേ …

വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ പ്രിയയ്ക്ക് തോന്നി.

NB : മാതാപിതാക്കൾ പ്രായമാകുമ്പോൾ വൃദ്ധസദനങ്ങളല്ല അവർക്കാവശ്യം, കഴിയുമെങ്കിൽ, അവർ കൊതിച്ചിരുന്ന, പ്രതികൂലസാഹചര്യം മൂലം അവർക്ക് നഷ്ടപ്പെട്ട് പോയ, ആ പഴയ ജീവിതം തിരിച്ച് പിടിക്കാൻ, അവരെ സഹായിക്കുന്നതായിരിക്കും ,ഏറെ അഭികാമ്യം.

ലൈക്ക് കമന്റ് ചെയ്യണേ…

രചന : സജി തൈപ്പറമ്പ്