സ്നേഹിച്ചവരെ ഒക്കെ വെറുപ്പിക്കുന്നതിനു നീ പിന്നീട് ഒത്തിരി കരയേണ്ടി വരും..

രചന : Savitha Sachu

പപ്പേട്ടന്റെ ഭ്രാന്തി…

❤❤❤❤❤❤❤❤❤

“നിനക്കെന്താ പ്രാന്താണോ…..? .”

കുള പടവിൽ കുത്തിയിരുന്നു കരയുന്ന അവളോട് ദേഷ്യത്തോടെ പപ്പു ചോദിച്ചു.

“ആ പ്രാന്ത് തന്ന്യാ “എന്നവൾ വാശിയോടെ പറഞ്ഞുകൊണ്ട് വീണ്ടും ഏങ്ങലടിച്ചു കരയാൻ തുടങ്ങി….

“ഇത് വെറും പ്രാന്ത് അല്ലാ,നട്ടപ്രാന്ത് ആണ്. അല്ലാതെ നോർമൽ ആയിട്ടുള്ള ആരെങ്കിലും ഒരു കാരണവും ഇല്ലാതെ എല്ലാവരെയും വെറുപ്പിച്ചിട്ട് വന്നിരുന്നു മോങ്ങുവോ..?”

ഗൗരവം വിടാതെ വീണ്ടും പപ്പു അവളോട് ചോദിച്ചു

“ആഹ് ഞാൻ മോങ്ങുവോ വെറുപ്പിക്കുവോ എന്താന്ന് വച്ചാൽ ചെയ്യും നീ ആരാ ചോദിക്കാൻ.

പോ…. എനിക്ക് ആരും വേണ്ട”

അവൾ ചൊടിച്ചു.

” ഡീ കോപ്പേ നിന്റെ മറ്റെടത്തെ സ്വഭാവം നീ നിർത്തിക്കൊ…ഒരു അസുഖം വന്നെന്ന് കരുതി സ്നേഹിച്ചവരെ ഒക്കെ ഈ വെറുപ്പിക്കുന്നതിനു നീ പിന്നീട് ഒത്തിരി കരയേണ്ടി വരും…”

പപ്പുവിന്റെ വാക്കുകളിൽ രോഷം കത്തിയെരിയുന്നുണ്ടായിരുന്നു

“പിന്നെ ഞാൻ എന്തു ചെയ്യണം അതും കൂടെ നീ പറ… പ്രേതം കൂടിയതാണെന്ന് പറഞ്ഞു വീട്ടുകാർ ഒറ്റപ്പെടുത്തിയത് പോലെ കൂട്ടുകാരും ഒറ്റ പെടുത്തുന്നതും നോക്കി ഇരിക്കണോ… പ്രേതം കൂടിയ പെണ്ണിനെ എനിക്ക് വേണ്ടാന്ന് അവൻ പറയുന്നത് കേൾക്കണോ ഞാൻ…..ഒരിക്കലും ഇല്ല….ഒറ്റപ്പെടുത്തും മുൻപ് ഒറ്റയ്ക്കാവുകയാണ്…അതാണ് നല്ലത്…”

അവൾ ആഞ്ഞടിച്ചു….

” വീട്ടുകാര് ഒറ്റപെടുത്തിയെന്നോ…നീ എന്താ പറയുന്നേ ” പപ്പു സംശയത്തോടെ ചോദിച്ചു.

“ഹാ ഒറ്റ പെടുത്തി…പപ്പേട്ടനറിയുവോ എന്നും ഓടി വന്ന് വട്ടം പിടിക്കാറുള്ള എന്റെ കാർത്തു മോള് അവള് എന്നെ കണ്ടപ്പോൾ പേടിച്ചു ഒളിച്ചു നിൽക്കുവാ .പിടിചു നിർത്തി കാര്യം ചോദിച്ചപ്പോൾ മേമക്ക് പ്രേതം കൂടിയതാ അടുത്തുപോയാൽ അവളെ ഉപദ്രവിക്കും എന്ന് ‘അമ്മ പറഞ്ഞു എന്ന്…

ഇത്തിരി ഇല്ലാത്ത അവളുടെ മനസ്സിൽ പോലും ഞാൻ ഒരു പേക്കോലം ആയി…അപ്പൊ ബാക്കി ഉള്ളവരുടെ കാര്യം അറിയാലോ…..”

“അവർ അങ്ങനെ ചെയ്തു എന്നു കരുതി ബാക്കി ഉള്ളവരെ എന്തിനാ ഒഴിവാക്കുന്നത് ? ”

” അവരും ഒറ്റപ്പെടുത്തി പോകില്ലാന്ന് ഉറപ്പ് പറയാൻ പറ്റില്ലല്ലോ ”

” അപ്പൊ ഇത്രേം ഒള്ളൂ നിന്റെ സൗഹൃദവും സഹോദര സ്നേഹവും പ്രണയവുമൊക്കെ ”

” അങ്ങനെ അല്ല .അവര് കൂടെ ഒറ്റയ്ക്ക് ആക്കിയാൽ താങ്ങാൻ എനിക്കാവില്ല…പിന്നെ ആ പൂജാരി പറഞ്ഞപ്പോലെ എനിക്ക് പ്രാന്ത് ആയാൽ കാണാൻ അവരൊന്നും കൂടെ ഉണ്ടാവണ്ട…”

” അതിൽ ഒന്നും വിശ്വാസം ഇല്ലാന്ന് പറഞ്ഞിട്ട്….

ഇപ്പൊ എന്തേ ”

” വിശ്വാസത്തിന്റെ അല്ല…. തുടർച്ചയായ വീഴ്ചകൾ… മറവിയും ദേഷ്യവും….എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ…എല്ലാം കൂടി ആയപ്പോൾ അയാള് പറഞ്ഞപ്പോലെ വരുവോ എന്ന് പേടി…..”

“അത് വെറും പേടി ആണ്….അങ്ങനെ ഒന്നുമുണ്ടാവില്ലഡീ…. പിന്നെ ഈ ദേഷ്യം വാശിയും മറവിയുമൊക്കെ അത് നിന്റെ ഈ പേടി കാരണം ഉണ്ടാവുന്നതാ… വേണമെങ്കിൽ നാളെ നല്ലൊരു ഡോക്ടറെ കണ്ടു സംശയം തീർക്കാം ” പപ്പുവിന്റെ ആശ്വാസ വാക്കുകൾക്കും അവളിലെ തീ അണക്കാൻ ആയില്ല…..അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു….

” എന്നാലും ….”

“ഒരു എന്നാലും ഇല്ല..നീ എന്റെ കൂടെ പോരെ….

ഏത് പ്രേതമാണ് വരുന്നത് എന്നു നോക്കാം

കണ്ടാൽ ഒന്ന് ലൈനടിക്കാം ..”

” പോ….തെമ്മാടി….” അവൾ പപ്പുവിന്റെ കയ്യ് പിടിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു…

” കയ്യ് പിടിച്ചു ഒടിക്കല്ലേ കുരിപ്പെ….” പപ്പു കയ്യ് കുടഞ്ഞു കൊണ്ടു പറഞ്ഞു….

” ആ ഒടിക്കും …തെമ്മാടിത്തരം കാണിച്ചാൽ ഓടിക്കും..കയ്യും കാലും ഒടിക്കും”

അവൾ കലിയോടെ പറഞ്ഞു

” നീ ഞൊട്ടും…ഒന്നു പോടീ… മാക്രി…”

” മാക്രി നിന്റെ…പെണ്ണുംപിള്ളയെ പോയി വിളിയെടാ…”

” യേത് നേരത്താണോ ഈ വട്ടിനോട് കൂട്ട് കൂടാൻ തോന്നിയത്…”

” വട്ടുള്ളവർ കൊന്നാൽ കേസില്ല കേട്ടോ…”അതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി…”

” ശെരി തമ്പുരാട്ടി…എന്നെ കളിയാക്കിയിട്ടാണെങ്കിലും ഒന്നു ചിരിച്ചു കണ്ടല്ലോ…”

“ഈ…ഈ….. ഈ….ഈ ” അവൾ പല്ല് മൊത്തം കാണിച്ചു ഒന്നൂടെ കളിയാക്കി ചിരിച്ചു.

“ഇത്രേ ഉണ്ടായിരുന്നൊള്ളൂ… അയിനാണ് ഇക്കണ്ട പൊല്ലാപ്പ് മൊത്തം ….”

“എന്നാലും ഞാൻ എത്ര വഴക്ക് ഉണ്ടാക്കിയിട്ടും പപ്പേട്ടൻ എന്താ എന്നെ വിട്ട് പോകാഞ്ഞത്…”

” ഹ… അതിപ്പോ ഞാൻ എന്താ പറയാ…പോകാൻ തോന്നിയില്ല… പോയില്ല”

” അതല്ല എന്തോ കാരണം ഉണ്ട്…”

” എല്ലാവരോടും കലപില ചിലച്ചോണ്ടു നടന്ന നീ മിണ്ടാതായതും..പിന്നീട് എല്ലാവരോടും ഒരു കാരണം ഇല്ലാതെ വഴക്കിടുന്നതും എല്ലാം കൂടി കൂട്ടി വായിച്ചപ്പോ……എന്തോ ഒന്ന് ഉണ്ടെന്ന് തോന്നി…. ..പിന്നെ നീ എന്റെ വായാടി അല്ലേ…

അങ്ങനെ അങ്ങു കളഞ്ഞിട്ടു പോകാൻ പറ്റ്വോ…”

” ബാക്കി എല്ലാവരും പിണങ്ങി പോയല്ലോ.അവരുടേം വായാടി അല്ലെ ഞാൻ..എന്നിട്ട് അവരെ ഞാൻ വെറുപ്പിച്ചപ്പോൾ പിണങ്ങി പോയല്ലോ…”

” അത്…..അവരൊക്കെ നിന്നെ ഒരുപാട് ഇഷ്ടപെടുന്നത്കൊണ്ടാ….നീ അവരുടെ ആരൊക്കെയോ ആയത് കൊണ്ടാണ് പിണങ്ങി പോയത്…”

” ആരൊക്കെയോ ആണെങ്കിൽ പിണങ്ങി പോകുവോ…? ” അവൾ പിന്നെയും സംശയം പ്രകടിപ്പിച്ചു.

” പോകും…നീ അവരുടെ സ്വന്തം ആണെന്ന് കരുതിയിട്ട് നിനക്കു അവരാരും അല്ലാന്ന് എന്ന തോന്നൽ അവരിൽ ഉണ്ടായാൽ അങ്ങനെ പിണങ്ങി പോകും…ഒരേ സമയം നീ അവരുടെ ആരൊക്കെയോ ആവണം എന്നുള്ള ആഗ്രഹവും…നീ ആരുമല്ല..എന്നുള്ള യാഥാർത്ഥ്യവും അവരുടെ മനസ്സിനെ അലട്ടും.അവ തമ്മിൽ ഉള്ള യുദ്ധത്തിൽ യാഥാർഥ്യം ജയിക്കും…..

അവിടെ സ്നേഹത്തിനു മുകളിൽ ആത്മാഭിമാനത്തിനു മേൽക്കോയ്മ വരുന്നത് കൊണ്ടാണ് അങ്ങനെ…ഉദാഹരണത്തിന് നീ അമ്മയോട് കാണിക്കുന്ന വാശിയും ദേഷ്യവും അമ്മായിഅമ്മയോട് കാണിച്ചാൽ അവരെന്ത് വിചാരിക്കും ‘അവളുടെ അമ്മയോട് ആണെങ്കിൽ അവൾ അങ്ങനെ ചെയ്യോ ഞാൻ അവളുടെ അമ്മ ആയിരുന്നെങ്കിൽ എന്നോട് അങ്ങനെ കാണിക്കില്ലായിരുന്നു’ എന്നല്ലേ…അത് സ്നേഹകുറവ്‌ അല്ലാ…നിന്നോടുള്ള സ്നേഹകൂടുതൽ ആണ്.നിന്നിൽ നിന്ന് അവർ സ്നേഹവും ബഹുമാനവും പ്രതീക്ഷിക്കുന്നു.

നീ ആണെങ്കിലോ സ്വന്തം ആണെന്ന് പറഞ്ഞു ഉള്ള ദേഷ്യവും വാശിയും അധികാരവും കാണിക്കുന്നു…..രണ്ടും രണ്ടുകൂട്ടരും ഒന്ന് മനസിലാക്കിയാൽ അല്ലെങ്കിൽ ഒന്ന് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നം ഒള്ളൂ…” ഒരു തത്വം പറയുന്ന ഗൗരവത്തോടെ പപ്പു പറഞ്ഞു.

“പപ്പേട്ടൻ എന്റെ ആരും അല്ലെന്ന് ഞാൻ പറഞ്ഞിട്ടും നിങ്ങള് പോയില്ലല്ലോ..നിങ്ങൾക്ക് ഈ പറഞ്ഞ അഭിമാനം ഒന്നും ഇല്ലേ …ഇനി നിങ്ങള് വല്ല പ്രേതം ആണോ…” അവൾ കളിയാക്കികൊണ്ടു ചോദിച്ചു.

” പ്രേതത്തിനു അഭിമാനം ഇല്ലാന്ന് നിന്നോട് ആരാ പറഞ്ഞേ? പ്രേതത്തിനും അഭിമാനം ഒക്കെ ഉണ്ട്….പിന്നെ നിനക്കു പ്രാന്തായത്കൊണ്ട് അഭിമാനത്തേക്കാൾ സ്നേഹം ആണ് കൂടുതൽ എന്ന് മാത്രം…എല്ലാവരും ഇട്ടിട്ടു പോയാൽ എന്റെ കുട്ടി ഒറ്റക്ക് ആവില്ലേ”

അത് കേട്ടതും അവൾ കണ്ണ് നിറച്ചുകൊണ്ടു അവൾ പപ്പുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

” എന്റെ കുഞ്ചു നീ എന്തിനാ എന്തു പറഞ്ഞാലും മോങ്ങുന്നെ…”

“ഉം…….” അവൾ ചിണുങ്ങി കൊണ്ടു ഒന്നൂടെ മുഖം ചേർത്ത് കരഞ്ഞു.

അവൾ അങ്ങനെയാണ്… എല്ലാം ഒരല്പം കൂടുതൽ ആണ്…സ്നേഹവും വാശിയും ദേഷ്യവും..വായടിത്തവും…എല്ലാം… ദേഷ്യം വന്നാൽ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു കൊറേ കഴിഞ്ഞു കണ്ണു നിറച്ചുകൊണ്ടുള്ള ഈ നിൽപ്പ് അതാണ് അവളെ തന്നിലേക്ക് അടുപ്പിച്ചതും…

” ഡീ ഈ നിൽപ്പ് എന്റെ പെണ്ണെങ്ങാനും കണ്ടാൽ ഉണ്ടാല്ലോ……വെട്ടിയരിഞ്ഞ് ബിരിയാണി വെക്കും ഓള്..”

“ഓ ഒരു പെണ്ണ്… ” അവള് അൽപ്പം പുച്ഛത്തോടെ പറഞ്ഞു കൊണ്ടു തലയുയർത്തി…നീങ്ങി നിന്നു.

” നിനക്കു അങ്ങനെ പറയാ …നീ നിന്റെ നായരെ അടപടലം തേയ്ച്ചു വിട്ട്…അവൻ ഇനി ഈ ആറ്റുവഴിക്ക് വരില്ല… എന്റെ പെണ്ണ് അങ്ങനെ അല്ല.തേയ്ച്ചാൽ എന്നേം കൊന്ന് അവളും ചാവും

” ദാണ്ടേ പപ്പേട്ടാ ഓനെ ഇങ്ങനെ ജാതി പറഞ്ഞു കളിയാക്കിയാൽ ഉണ്ടല്ലോ….” അവൾ തെല്ല് ഈർഷ്യയോടെ പറഞ്ഞു….

” ഇതാണ് നിന്റെ കുഴപ്പം ഞാൻ നിന്റെ ചെറുക്കൻ എന്നുള്ള അർത്ഥത്തിലാ പറഞ്ഞേ നീ അത് ജാതി എന്ന് കരുതി….ജാതിയും മതവും ഒന്നും ഇല്ലാന്ന് പറയുമ്പോഴും ഉള്ളിന്റെ ഉള്ളിൽ അതൊക്കെ കിടപ്പുണ്ട്…അതുപോലെ തന്നെ ഓരോ കാര്യങ്ങളും . മനസിൽ വേരുറച്ചു പോയ കൊറേ ചിന്തകൾ ഉണ്ട്…അതിനെയെല്ലാം പിഴുതെടുത്ത് കളയണം….അന്റെ പ്രാന്തു ഒക്കെ മാറട്ടെ….

എല്ലാം ഞാൻ തന്നെ വേരോടെ പിഴുതെറിയുന്നുണ്ട്

” നിങ്ങൾക്കാ പ്രാന്തു..എനിക്കല്ല ” അവൾ അരിശത്തോടെ പറഞ്ഞു

” ഇത് തന്നെയാ പറഞ്ഞേ… നിനക്ക് പ്രാന്ത് ആണെന്ന്.. ഇക്കണ്ട പുരാണം മൊത്തം പറഞ്ഞിട്ടു നീ കേട്ടത് എന്താ… പ്രാന്ത് എന്ന ഒരു കാര്യം മാത്രം അല്ലേ…..? പ്രാന്തത്തി……..നിനക്കു മുഴുത്ത പ്രാന്ത് ആടീ…… പ്രാന്തി…..”

പപ്പു അവളെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും വിളിച്ചു…പ്രാന്തീ…എന്ന്….

അത് കേട്ട് ദേഷ്യം വന്ന അവൾ പപ്പുവിനെ കുളത്തിലേക്ക് തള്ളി ഇട്ടുകൊണ്ടു പറഞ്ഞു

” “പ്രാന്ത് ഉള്ളവരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…”

“നിന്നെ ഇന്ന് ഞാൻ കൊല്ലുമെടീ കുട്ടി പിശാശേ…” എന്നു പറഞ്ഞു കൊണ്ട് പപ്പു കുളത്തിൽ നിന്നു അരിശത്തോടെ കയറി വന്നു ആ വരവ് കണ്ടപ്പോ തന്നെ അവൾ കൽപടവ് ഓടി കയറാൻ തുടങ്ങി .എന്നാൽ പപ്പു അവളെ പിടികൂടി…

” ഏട്ടന്റെ മോള് ഒന്നു കുളത്തിന്റെ ആഴം അളന്നിട്ട് വാ ” എന്ന് പറഞ്ഞു അവളേം പിടിച്ചുകൊണ്ടു പടവ് ഇറങ്ങാൻ തുടങ്ങി….

” പപ്പേട്ടാ… എന്നെ വിട്..എനിക്ക് നീന്താൻ ഒന്നും അറിയില്ലാട്ടാ…ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല..”

” ഇതൊക്കെ ഞാൻ എത്ര കേട്ടതാണ്… ” പപ്പു അവളെ വിടാൻ ഉദ്ദേശ്യം ഇല്ലാ..

” കുട്ടി ആരോടാണ് സംസാരിക്കുന്നെ… ”

വല്യമ്മയുടെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി…

” നോക്ക് വല്ല്യമ്മേ… ഈ പപ്പേട്ടൻ എന്നെ കുളത്തിൽ എറിയാൻ പോണ്… ഒന്ന് വിടാൻ പറഞ്ഞേ.

” കുട്ടി എന്താ ഈ പറയണേ.. ഇവിടെ ആരേം കാണാൻ ഇല്ലല്ലോ… ” വല്ല്യമ്മ ചുറ്റും നോക്കി കൊണ്ടു പറഞ്ഞു…

” ദേ ഇവിടെ ഉണ്ടായിരുന്നല്ലോ ” എന്നു പറഞ്ഞു അവൾ തിരിഞ്ഞു നോക്കിയപ്പോൾ പപ്പുവിന്റെ അവിടെ എങ്ങും കാണാൻ ഇല്ലായിരുന്നു..

“കുട്ടിക്ക് തോന്നിയതാ ഇവിടെ എങ്ങും ആരും ഇല്ല..”

” ഇല്ല വല്ല്യമ്മേ ഇവിടെ ഉണ്ടായിരുന്നതാ…”

അവൾ ന്യായീകരിക്കാൻ ശ്രമിച്ചു. പപ്പേട്ടാ…. കളിക്കാതെ വരുന്നുണ്ടോ… അവൾ അക്ഷമയോടെ വിളിച്ചു…

“എന്താ കുട്ടിയെ ഇത്‌..ഇവിടെ ആരും ഇല്ലാന്ന് പറഞ്ഞില്ലേ… ”

” ഇല്ല എന്റെ പപ്പേട്ടൻ ഇവിടെ എവിടെയോ ഉണ്ട്.. ” അവൾ പപ്പേട്ടാ.. എന്ന് വിളിച്ചുകൊണ്ട് പുറത്തേക്ക് അന്വേഷണം ആരംഭിച്ചു.

” എന്തു നല്ല കുട്ടിയാർന്നു… പ്രേതം കൂടിയാൽ എന്താ ചെയ്യാ…എല്ലാം അതിന്റെ വിധി ”

വല്ല്യമ്മ നെടുവീർപ്പിട്ടു.

അവൾ അപ്പോഴും പപ്പേട്ടനെ തിരഞ്ഞുകൊണ്ടിരുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Savitha Sachu