അന്നാദ്യമായി സ്നേഹ സ്പർശത്തോടെ അവളുടെ നെറുകയിൽ അവൻ ചുണ്ടുകളമർത്തി..

രചന : ജിഷ്ണു രമേശൻ

കിതച്ചു കൊണ്ടായിരുന്നു അവൻ ദേവിയുടെ ചെവിയിലത് മൊഴിഞ്ഞത്,

“പെണ്ണേ നിന്റെ വിയർപ്പു തുള്ളിക്ക്‌ താഴേ തൊടിയിലെ ചെമ്പകപൂവിന്റെ സുഗന്ധമാണെന്ന്..!”

പിന്നീടെപ്പോഴോ തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന പഴക്കം ചെന്നൊരു റേഡിയോയിൽ ഇരപ്പ്‌ ശബ്ദത്തിനിടയിലുള്ള ഗാനം ആസ്വദിക്കുന്ന സമയം തന്റെ ഭർത്താവിനുള്ള കട്ടൻ ചായയുമായി അവള് വന്നു…

“നിനക്കൊന്ന് കുളിച്ച് വൃത്തിയായി നിന്നൂടെ ദേവീ, എന്തൊരു വിയർപ്പ് നാറ്റമാണ് നിന്നെ..!”

അതേ, അവൾക്ക് വിയർപ്പ് നാറ്റമാണ്.. ഭർത്താവിനും മൂന്ന് വയസുള്ള മകനുമുള്ള ചോറും കറിയും കാലാക്കുന്ന തിരക്കിലാണവൾ.. കരി പിടിച്ച അടുക്കള ചുമരിനുള്ളിലെ പുഴുക്കമുള്ള ചൂടേറ്റ് അവള് വിയർത്തിട്ടുണ്ട്..

ആ വിയർപ്പ് തുള്ളിക്ക്‌ ഭോഗിക്കുന്ന വേളയിലെ താഴേ തൊടിയിലെ ചെമ്പകപൂവിന്റെ സുഗന്ധമുണ്ടായിരിക്കില്ലെന്ന അവന്റെ സ്വാർത്ഥ ചിന്തകളാകാം അത്..

കർക്കിടക മാസത്തിൽ കിടുകിടാ വിറയ്ക്കുന്ന പനിയും കൊണ്ടവൾ സർക്കാര് ആസ്പത്രി വരാന്തയിൽ രണ്ടു രൂപയുടെ ചീട്ടും കയ്യിൽ ചുരുട്ടി പിടിച്ച് ഡോക്ടറെ കാണാൻ നിൽക്കുമ്പോ തന്റെ ഭർത്താവ് ഒന്ന് കൂടെ വന്നിരുന്നെങ്കിൽ എന്ന് വെറുതെയൊന്നു മോഹിച്ചിരുന്നു…

മാസമുറ എന്നത് ദേവിക്ക് ഏഴു ദിവസം എന്നതിലുപരി മറ്റൊന്നുമുണ്ടായിരുന്നില്ല..

അവനോ, ഭാര്യയോട് ദേഷ്യവും അമർഷവും പ്രകടിപ്പിക്കുന്ന മാസത്തിലെ ഏഴു ദിവസവും…!!

വല്ലപ്പോഴും പോകുന്ന കൂലിപ്പണിയുടെ പ്രതിഫലമായ മുഷിഞ്ഞ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ അളന്നു മുറിച്ച് വാങ്ങുന്ന പുഴുക്കല്ലരിക്കും കല്ല് നിറഞ്ഞ ഒരു പൊതി കടലയ്ക്കും മാറ്റി വെച്ചാൽ, മിച്ചം വരുന്ന നാണയ തുട്ടുകൾ അയാളെ നോക്കി ചിരിക്കുന്നത് പോലെയായിരുന്നു..

അമ്പലത്തിനു പുറകിലെ മൈതാനത്ത് പട്ടാള ക്യാമ്പ് വന്നിട്ടുണ്ടെന്നും, അവർക്ക് വേണ്ട യോഗ്യരായ ചെറുപ്പക്കാരെ തിരഞ്ഞെടുക്കുന്നു എന്ന ജലീൽ മാഷിന്റെ വാക്കിനു പുറത്ത് അവൻ പോയി..

വൈകീട്ട് പാതി മാഞ്ഞ ചിരിയോടെ അവൻ വീട്ടിലേക്ക് വന്നു..

“അവരെന്നെ പട്ടാളത്തിലേക്ക് തിരഞ്ഞെടുത്തു ദേവീ” എന്നവൻ പറയുമ്പോ ചെറിയൊരു ശബ്ദവ്യത്യാസം അവനിൽ ഉയർന്നു താണു..കാരണം, പട്ടാളമെങ്കിൽ പട്ടാളം, അവന് പോയേ തീരൂ.. ജീവിതമാണ്, മുന്നോട്ട് ഇഴഞ്ഞു നീങ്ങാൻ ആവശ്യമാണ് ഈ ജോലി..

മൂന്നാം ദിവസം അവൻ യാത്ര പറഞ്ഞിറങ്ങി.. അന്നാദ്യമായി സ്നേഹ സ്പർശത്തോടെ അവളുടെ നെറുകയിൽ അവൻ ചുണ്ടുകളമർത്തി..

അന്നു വരെ അവന് പെണ്ണെന്നാൽ സ്വയം തൃപ്തി കൈവരിക്കാനുള്ള എന്തോ ഒന്ന്, അത്ര മാത്രം..!

ഒരു മാസത്തിനു ശേഷം ആ ഓലപ്പുരയിൽ അവരുടെ മകനായ ആ മൂന്നു വയസുകാരന്റെ കരച്ചിൽ ഉയർന്നു.. വിശപ്പെന്ന സത്യത്തിന്റെ കണ്ണു നീരായിരുന്നു ആ കുഞ്ഞിൽ നിന്നും ഇറ്റു വീണത്..

പിന്നീട് മൂന്നു ദിവസം ആ വീട്ടിലെ അടുക്കള പുകക്കുഴൽ ശൂന്യമായിരുന്നു.. അടുത്ത ദിവസം ദേവിയുടെ അയൽക്കാരി നാണിയമ്മ തന്റെ കൂടെ പാടത്ത് ഞാറു നടുന്ന ജോലിക്ക് വിളിച്ചു..

എന്തിനും ഏതിനും ആ ഗ്രാമത്തിലെ ഉയർന്നു കേൾക്കുന്ന പേരാണ് ജലീൽ മാഷ്.. ആ വീട്ടിലെ അവസ്ഥ ഊഹിച്ച അദ്ദേഹത്തിന്റ ശുപാർശയായിരിക്കാം ദേവിയെ നാണിയമ്മ പാടത്തെ പണിക്ക് വിളിക്കാനുള്ള കാരണം..

കൂലിപ്പണി ആയിരുന്നെങ്കിൽ പോലും തനിക്കും മകനുമുള്ളത് ഭർത്താവിന്റെ വകയായിരുന്ന ആ കൊച്ചു വീട്ടിൽ നിന്ന് ദേവിയും ജീവിക്കാനായി അധ്വാനിക്കാൻ ഇറങ്ങി..

അന്നാദ്യമായി ഒരിറ്റു അരി ഭക്ഷണത്തിന് വേണ്ടി അവളുടെ കാൽപാദം പാടത്തെ ചേറിൽ പൂണ്ടു..

ഞാറു കുത്തുമ്പോ പാടവരമ്പത്തെ ഓലക്കീറു മേഞ്ഞ കൂരയിൽ അവളുടെ മകൻ ആ ലോകമങ്ങനെ കണ്ടിരിക്കുന്നുണ്ടാകും..

“പട്ടാളത്തിൽ പോയ ഭർത്താവിന്റെ വിവരം വല്ലതുമുണ്ടോ ദേവീ…?” എന്ന നാണിയമ്മയുടെ ചോദ്യത്തിന് ‘ ഇല്ലെന്നൊരു ‘ തലയാട്ടൽ മാത്രമായിരുന്നു അവളുടെ മറുപടി..

ഓരോ മാസവും തന്നെ കടന്നു പോകുമ്പോ അവൾക്ക് ഭയമായിരുന്നു, ” ന്റെ പാതി ജീവനിപ്പോ അവിടെ സുഖമായിരിക്കുന്നുണ്ടാവോ..”

പല രാത്രികളിലും ഉറങ്ങാൻ നേരം മണ്ണെണ്ണ വിളക്ക് ഊതി കെടുത്തുമ്പോ അവളൊന്നു ശ്വാസം മേപ്പോട്ടെടുക്കും..

തന്റെ പാതിയായ താലി കെട്ടിയവന്റെ ചൂരും ചൂടുമേറ്റ് തളർന്നുറങ്ങിയിരുന്ന രാത്രികൾ ഇന്നവൾക്ക്‌ നിലച്ച കർക്കിടകപ്പെയ്ത്ത് പോലെയാണ്..

ഒരിക്കൽ സൂര്യൻ പടിഞ്ഞാറേക്ക് ചായുന്ന സമയത്ത് ഒരാള് തോൾ സഞ്ചിയുമായി വേലിപ്പടി കയറി വന്നു.. അന്നാട്ടിലെ തപാൽ ശിപായിയായിരുന്നു അയാള്.. മുഖത്തെ ചേല് കൂട്ടുന്ന കണക്കെ അവളൊന്നു ചിരിച്ചു..

ദേവിയുടെ ഭർത്താവിന്റെ എഴുത്തും, കൂടെ കുറച്ച് കാശുമായിരുന്നു..

ചെറിയൊരു എഴുത്തു കവറിൽ ഏഴു വരിയിൽ ഒതുങ്ങുന്ന സുഖവിവരങ്ങൾ മാത്രം..

അവള് തന്റെ ഭർത്താവിന്റെ അക്ഷരങ്ങൾ തപ്പിപിടിച്ച് വായിച്ചു..

അയാള് ഓരോ വാക്കുകൾ പകർത്താനും ദീർഘ സമയം എടുത്തിരിക്കാം…

എഴുത്തു ചട്ടയ്ക്ക്‌ പുറകിൽ അഴുക്ക് പുരണ്ട അയാളുടെ കൈവിരൽ പാടുകളുണ്ടായിരുന്നു..

ദേവിയുടെ കണ്ണീരിൽ അയാളുടെ അഴുക്ക് പുരണ്ട വിരൽപാടുകൾ മാഞ്ഞു പോയിരുന്നു..

കറുത്ത ചരടിൽ കോർത്ത താലിയിൽ ദേവി മുറുകെ പിടിച്ചപ്പോ അയാളുടെ എഴുത്ത് അവളുടെ ഇടത് കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു.. അവള് തന്റെ ഭർത്താവിന്റെ വാക്കുകൾക്ക് താലിയോളം പ്രാധാന്യം കൊടുത്തിരുന്നു..

പിന്നീടെല്ലാ മൂന്നു മാസം കൂടുമ്പോഴും അയാള് ദേവിക്ക് എഴുത്തും കാശും അയച്ചിരുന്നു.. ദേവി അയാളുടെ ഓരോ വാക്കുകളും തന്റെ ശ്വാസമായി സ്വീകരിച്ചു..

കാലത്തിനു വേഗത കൂടി, അവളിലെ പക്വത കാലത്തിനനുസരിച്ച് അവൾക്ക് ജീവിക്കാനുള്ള ധൈര്യവും നൽകി.. മാസങ്ങളുടെ ഇടവേളകളിൽ അവളുടെ ഭർത്താവ് അക്ഷരങ്ങളിലൂടെ അവളിലേക്കെത്തും..

കാവിലെ അവള് തെളിയിക്കുന്ന തിരികൾക്ക് എണ്ണം കൂടിയിരുന്നു.. വർഷം മൂന്ന് കഴിഞ്ഞു, ദേവി അവളുടെ മകനെ ആശാൻ കളരിയിൽ ചേർത്തിരുന്നു..

മൂന്ന് മാസത്തിലൊരിക്കൽ കൈപ്പറ്റുന്ന ഭർത്താവിന്റെ കാശിന്റെ പകുതി സമ്പാധ്യമാകില്ലെന്ന് അറിഞ്ഞിട്ടും ദേവി മൺകുടുക്കയിൽ ഓരോ നാണയത്തുട്ടുകളും സ്വരുക്കൂട്ടി വെച്ചിരുന്നു..

അവളുടെ കണക്കനുസരിച്ച് മേട മാസത്തിൽ വരേണ്ട അയാളുടെ എഴുത്ത് വന്നിട്ടില്ല.. പിന്നീടുള്ള രാത്രികളിൽ ഉറക്കം അവളെ വിട്ടൊഴിഞ്ഞ് പോയിരുന്നു..

മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകത്തിലെ കൊണ്ടുപിടിച്ച കാറ്റും മഴയും അവളിൽ ഭീതിയുണർത്തി.. തന്റെ ഭർത്താവ് കൂടെയില്ലാത്ത സമയത്ത് പോലും ഇല്ലാതിരുന്നോരു ഭയം അവളിൽ ഉടലെടുത്തു..

കൂരയുടെ മുന്നിലെ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്ത് വെള്ളം കയറിയിരുന്നു..

അപ്പോഴും ഉമ്മറകോലായിൽ അയാളുടെ ശ്വാസം പതിഞ്ഞ അക്ഷരങ്ങൾക്ക് വേണ്ടി തപാലുകാരനെയും കാത്തിരുന്നു..

ദേവിയുടെ മകൻ തന്റെ അമ്മയുടെ ചൂടും പറ്റി അവളോടു ചേർന്നിരിക്കുന്നുണ്ട്.. അതു വഴി പാടത്തെ വെള്ളക്കെട്ടിലൂടെ വള്ളം തുഴഞ്ഞു പോയ കടത്തുകാരൻ വറീത് അവളെ നോക്കി വിളിച്ചു പറഞ്ഞു,

“മോളെ, കൊച്ചിനെ പൊരേന്ന് പുറത്തിറക്കല്ലെ, വെള്ളം നല്ല പോലെ പൊന്തിയിട്ടുണ്ട്..”

പക്ഷേ അയാളുടെ വാക്കുകൾ അവളുടെ കാതുകളിൽ എത്തിയില്ല.. ഭീതി നിറഞ്ഞ മനസ്സുമായി ദേവിയുടെ കണ്ണുകൾ ആരെയോ പരതിക്കൊണ്ടിരുന്നു..

മഴവെള്ളം വീണ് ഉമ്മറത്തെ ചാണകം മെഴുകിയ ഇറയം കുതിർന്നു തുടങ്ങിയിരുന്നു..

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭൂമിയെ തണുപ്പിക്കുന്ന മഴയത്ത് പതിവ് പോലെ ദേവി കോലായിൽ നിലയുറപ്പിച്ചു.. അപ്പൊഴാണവൾ കണ്ടത്, ദൂരെ നിന്നൊരു വള്ളം വരുന്നത്..

തഴമ്പുള്ള അവളുടെ കാൽപാദം മുറ്റത്തെ ചെളിയിൽ പതിച്ചു കൊണ്ടവൾ വേലിപ്പടിയിലേക്ക് ചെന്നു നിന്നു..

പാടത്തെ വെള്ളക്കെട്ടിലൂടെ കരയിലേക്കടുക്കാറായ വള്ളത്തിലെ രൂപത്തെ കണ്ട ദേവി ആർത്തു കരഞ്ഞു കൊണ്ട് താഴേക്കിറങ്ങി ചെന്നു..

അതേ, അത് അയാളായിരുന്നു.. ദേഷ്യം വരുമ്പോഴും തന്റെ മേനിയെ കാർന്നു തിന്നുമ്പോഴും അവള് “മനുഷ്യാ” എന്ന് വിളിക്കാറുള്ള ദേവിയുടെ ഭർത്താവ്..

അവളിലൂടെ പെയ്തിറങ്ങുന്ന മഴ വെള്ളത്തിന് അവളുടെ കാൽച്ചുവട്ടിൽ ഉപ്പ് രസമായിരുന്നു..

ദേവിയുടെ കണ്ണീര് ലയിച്ച ഉപ്പുരസം..

വള്ളം കരയ്ക്കടുത്തു.. അയാള് നിറഞ്ഞ ചിരിയോടെ അവളെ ചുറ്റി വരിഞ്ഞു.. അപ്പോഴും ദേവി പൊട്ടിക്കരഞ്ഞു, നഷ്ടമാകുമോ എന്ന് കരുതിയ ഭാഗ്യം തന്നിലേക്ക് തന്നെ വന്ന സന്തോഷം കൊണ്ട്

അയാളുടെ ഓരോ സ്പർശനവും അയാളിൽ എത്രത്തോളം മാറ്റം വന്നിരുന്നെന്ന് ദേവി മനസ്സിലാക്കിയിരുന്നു..

തന്റെ മകനെ അയാള് വാരിപുണർന്ന സമയം കണ്ണുകൾ നനഞ്ഞിരുന്നു…

കർക്കിടകം കലിതുള്ളി പെയ്യുന്ന അന്നത്തെ രാത്രിയിൽ നിലത്തു വിരിച്ച പുൽപ്പായയിൽ കിടന്നു കൊണ്ട് അരികിലുള്ള മണ്ണെണ്ണ വിളക്ക് അണയ്ക്കുമ്പോ ദേവി അയാളോട് പറഞ്ഞു..,

“ദേ മനുഷ്യാ നമ്മുടെ താഴേ തൊടിയിലെ ചെമ്പക മരം കാറ്റത്ത് വീണു..ഇനിയിപ്പോ എന്റെ വിയർപ്പ് തുള്ളിക്ക്‌ ഗന്ധം മാറും..”

‘ ദേവീ, എന്റെ ഭ്രാന്തൻ ചിന്തകൾ പലതും പല തരത്തിൽ തോന്നിപ്പിച്ചു..അതിനു ശേഷം ഇന്നു വരെയുള്ള എന്റെ ജീവിതം എനിക്ക് കാണിച്ചു തന്നത് യാഥാർഥ്യങ്ങളാണ്..’

“പിന്നേ, നമ്മുടെ അടുക്കളപ്പുറത്തിരിക്കുന്ന ചാക്കിലെ നെൽകതിരിന് ഈ എന്റെ വിയർപ്പിന്റെ രുചിയായിരിക്കും.. ദേ ഈ തണുത്ത് വിറങ്ങലിച്ച കൈകൊണ്ട് നട്ട ഞാറുകളാണത്..”

‘ എനിക്കറിയാം പെണ്ണേ, ഇവിടുന്ന് പോകുമ്പോ ഞാൻ ഒരാളെയെ കാണാൻ പോയിട്ടുള്ളു, “ജലീൽ മാഷിനെ”.. ഞാൻ പറഞ്ഞിട്ടാണ് നിന്നെ നാണിയമ്മയുടെ കൂടെ പണിക്ക് കൂട്ടിയത്..’

അയാളുടെ ചുണ്ടുകൾ ദേവിയുടെ കണ്ണുകളിൽ സ്പർശിച്ചപ്പോ ഉപ്പുരസമായിരുന്നു, ജീവിതം പഠിച്ച ദേവിയെന്ന കരുത്തുറ്റ പെണ്ണിന്റെ കണ്ണീരിന്റെ ഉപ്പുരസം..

അപ്പോഴും ആ കൂരയ്ക്ക്‌ മുകളിൽ കർക്കിടകം കലിതുള്ളി പെയ്യുന്നുണ്ട്..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജിഷ്ണു രമേശൻ