നിന്റെ ഭാര്യയ്ക്ക് എന്തു വില വേണം.. അവളെ എനിക്ക് തരാമോ.. എത്ര പൈസ വേണം..

രചന : ഷിജു കല്ലുങ്കൻ

“കടയടക്കാറായോ …..?”

ഇരുളിൽ നിന്ന് കടയുടെ വരാന്തയിലേക്കു കയറി വന്നയാൾ അവിടെക്കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്നിട്ട് പിന്നിലെ ഭിത്തിയിലേക്ക് തല ചായിച്ചു.

” അടയ്ക്കണം… കുറച്ചു കൂടി കഴിഞ്ഞോട്ടെ… ”

ഞാൻ തല ഉയർത്തി അയാളെത്തന്നെ നോക്കുകയായിരുന്നു.

“സമയം എന്തായി…..?”

“11.20….”.

“വെളുപ്പാൻ കാലത്തു തൊറന്നു വെക്കണതല്ലേ, ഇനിയെങ്കിലും അടച്ചിട്ടു പൊയ്ക്കൂടെ നിങ്ങക്ക്…?”

“അല്ലപ്പാ… എന്നെ കടയടപ്പിക്കാൻ നിങ്ങളെന്താ പോലീസാ…?” തമാശ രൂപത്തിൽ ഞാൻ തിരിച്ചു ചോദിച്ചു.

“അല്ല…..ഈ പാതിരാത്രിക്ക് ഇനിയെന്നാ കച്ചോടം കിട്ടാനാ…?”

“ഇതിപ്പോ നല്ല പു*കിലായി, എന്നെ കടയടപ്പിക്കാൻ നിക്കാതെ വീട്ടിൽ പൊയ്ക്കൂടെ നിങ്ങക്ക്..?”

“ഓ പെണ്ണുംപുള്ള വല്ലാത്ത ചൊറയാണപ്പാ…

അവള് ഒറങ്ങീട്ട് ചെല്ലാന്നു വച്ചു….!!”

“ആഹ് ഹാ…. നിങ്ങടെ പെമ്പറന്നോരു നിങ്ങടെ മുതുകത്തു കേറണേന്റെ കലിപ്പ് എന്റെ മുതുകത്തു തീർക്കാൻ എറങ്ങിയേക്കുവാ അല്ലേ…?”

അയാൾ പെട്ടെന്നു മറുപടിയൊന്നും പറയാതെ എന്നെത്തന്നെ സൂക്ഷിച്ചു നോക്കി. പിന്നെ കസേരയിൽ പഴയ പടി ചാരിയിരുന്ന് പുറത്തെ കട്ടപിടിച്ച ഇരുളിനെ അതിരിട്ടുനിൽക്കുന്ന കടയിൽ നിന്നുള്ള വെളിച്ചത്തെ കണ്ണുകൾകൊണ്ട് അളക്കാൻ തുടങ്ങി.

ഞാൻ പതുക്കെ പിന്തിരിഞ്ഞ് കടയിലെ സാധനങ്ങൾ ഒതുക്കി വയ്ക്കുന്നതിനിടയിൽ ചോദിച്ചു.

“നിങ്ങൾക്കെന്താ വേണ്ടത്…?”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം എന്റെ ചോദ്യത്തിന്റെ ഉത്തരത്തിനു പകരം അയാളിൽ നിന്നൊരു മറുചോദ്യം ഉയർന്നു.

“നീ എന്നേക്കാൾ വളരെ ചെറുപ്പമാണല്ലോ, നിന്റെ പെണ്ണുംപുള്ളേം ചൊറയാണോ വീട്ടിൽ…?

അതുകൊണ്ടാണോ നീ കടയടച്ചുപോകാൻ താമസിക്കുന്നത്?”

ഇയാളോടിന്നു രണ്ടെണ്ണം പറഞ്ഞിട്ടു തന്നെ എന്നോർക്കുമ്പോൾ റോഡിലൂടെ വന്ന ഒരു ബൈക്ക് കടയുടെ മുന്നിൽ നിന്നു. പിന്നിലിരുന്ന ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നിറങ്ങി കടയിലേക്കു കയറി വന്നു.

“ചേട്ടാ… ഒരു പാക്കറ്റ് വിൽസ്…”

ഞാൻ സിഗററ്റ് എടുത്തു കൊണ്ടു തിരിയുമ്പോൾ ബൈക്കിൽ ഇരുന്നിരുന്ന മറ്റേയാൾ ഹെൽമെറ്റ്‌ ഊരിക്കൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു.

“ചേട്ടാ… അപ്പുറത്തു ചെക്കിങ്ങുണ്ടോ..? വല്ലോം അറിയാവോ..?”

“ഓ, ഇല്ല അവരു നേരത്തേ തിരിച്ചു പോയി.”

അവൻ ബൈക്കിൽ നിന്നിറങ്ങി വന്നു.

“എന്നാപ്പിന്നെ ഒരു കുപ്പി വെള്ളോം രണ്ടു ഡിസ്പോസിബിൾ ഗ്ലാസ്സും കൂടി തന്നേക്ക്…”

എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

“നല്ല സാധനം വല്ലോമാണേ എടുത്തോണ്ടു വാ… ഇരുട്ടത്തു പോയിരുന്ന് അടിക്കണ്ട…”

“ആഹാ… പൊ*ളിച്ച്…!!”

ചെറുപ്പക്കാർക്കു സന്തോഷമായി.

കൗണ്ടറിന്റെ ചെറിയ ഡോർ തുറന്ന് ഞാൻ അവരെ രണ്ടാളെയും കടയ്ക്കുള്ളിലേക്ക് കയറ്റി.

മൂന്നു ഗ്ലാസുകളിലേക്കായി അവർ മദ്യം ഊറ്റുമ്പോൾ ഞാൻ വരാന്തയിലെ കസേരയിലിരുന്ന മനുഷ്യനെ നോക്കി. അയാൾ ഒന്നുമറിയാത്തവനെപ്പോലെ പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുന്നു. ചെറുപ്പക്കാർ രണ്ടാൾക്കും അവിടെ അങ്ങനെയൊരാൾ ഇരിപ്പുണ്ട് എന്ന ഭാവം പോലുമില്ല.

അയാൾക്കു മുഖം കൊടുക്കാതെ കടയ്ക്കുള്ളിലേക്കു തിരിഞ്ഞു നിന്ന് അവർ ഊറ്റിയ മദ്യം ഒറ്റ വലിക്കു കുടിച്ചിട്ട് ഞാൻ മുഖം തുടച്ചു.

കുപ്പി കാലിയാക്കി അവർ ബൈക്കിൽ യാത്രയായിക്കഴിഞ്ഞപ്പോൾ ഞാൻ വരാന്തയിലെ കസേരയിലേക്കു തിരിഞ്ഞു.

“നിങ്ങൾക്ക് ഒരു പെഗ്ഗ് തരണം എന്നുണ്ടായിരുന്നു…..!” ഞാൻ ചമ്മൽ മറച്ചുകൊണ്ടു പറഞ്ഞു.

“തന്നാലും കുടിക്കില്ല…. ഞാൻ ഇന്നലെ കുടി നിർത്തി…!!”

“അതു നന്നായി…. എന്തായാലും ഇപ്പൊ മനസ്സിലായല്ലോ കട വൈകി അടച്ചാലുള്ള ഗുണം..”

അയാൾ അതിനു മറുപടി പറഞ്ഞില്ല, പകരം പഴയ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.

“നേരം വെളുക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇത്ര വൈകി വീട്ടിലേക്കു ചെല്ലുമ്പോൾ നിങ്ങളുടെ ഭാര്യ പ്രശ്നമൊന്നും ഉണ്ടാക്കില്ലേ…?” ചോദ്യത്തിൽ കുറച്ചു ഭവ്യത കൈവന്നിരിക്കുന്നു.

“കല്യാണം കഴിഞ്ഞിട്ട് ഒന്നരക്കൊല്ലമായി… കെട്ടിക്കൊണ്ടു വന്നേന്റെ മൂന്നാംപക്കം വെളുപ്പിന് അവളെക്കൊണ്ട് കട്ടൻകാപ്പി ഇടീക്കാൻ തൊടങ്ങീതാ ഈ ജയേഷ്….!!”

എന്റെ നാവിന്റെ മേലുള്ള എന്റെ നിയന്ത്രണം അല്പം കുറഞ്ഞിട്ടുണ്ടോയെന്ന് എനിക്കു സംശയം തോന്നി.

“പാതിരാത്രിക്കു ചെല്ലുന്നത് നാലുകാലേൽ ആണേലും രണ്ടു കാലേൽ ആണേലും എന്റെ പെമ്പിള വാതിലും തൊറന്നിട്ട് ദേ ഇങ്ങനെ ഒരു നിപ്പൊണ്ട്….. ഹോ.. അത്താഴം ഉണ്ടില്ലേലും വയറങ്ങോട്ട് നെറയും…” ഞാൻ എന്നെക്കൊണ്ടു പറ്റുന്ന വിധത്തിൽ നന്നായിട്ടൊന്നു ചിരിച്ചു കാണിച്ചു.

“നിങ്ങൾക്ക് കുട്ടികളൊന്നുമില്ലേ…?”

“ഹേയ്….!! ഇതുവരെ ആയിട്ടില്ല, അതിനൊക്കെ അതിന്റേതായ ഒരു സമയമുണ്ടപ്പാ …. അപ്പൊ ഒന്നല്ല ഒൻപതെണ്ണം മുറ്റത്തൂടെ ഓടിച്ചാടി നടക്കും….!!”

“ഉവ്വ്…. ദിവസവും വീട്ടിൽപ്പോകുമ്പോ ദേ ഈ ഭരണീന്ന് രണ്ടു കപ്പിലണ്ടി മിഠായി പൊതിഞ്ഞെടുത്തോ…”

“അതെന്തിനാ….?”

“ഭാര്യയ്ക്കു കൊടുക്ക്… പിള്ളേരൊണ്ടാകാൻ ബെസ്റ്റാ….!!”

“ങ് ഹേ ….!!”

അയാളുടെ കളിയാക്കൽ എനിക്കു പിടിച്ചില്ല.

“നിങ്ങക്കെന്നതാ വേണ്ടേന്നു പറ… ഞാൻ കടയടക്കാൻ പോകുവാ…!!”

അയാൾ ഇരുന്നിരുന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു.

“നിങ്ങള് എക്സ്ചേഞ്ച് പിടിക്കുമോ..?”

“എന്തോന്നാ….?” എനിക്ക് കാര്യം പിടി കിട്ടിയില്ല.

“എക്സ്ചേഞ്ച്…. എനിക്ക് ഉപകാരമില്ലാത്ത എന്റെയൊരു വസ്തു ഞാൻ നിനക്കു തരുന്നു, പകരം നീ ഒട്ടും ഉപയോഗിക്കാതെ വച്ചിരിക്കുന്ന നിന്റെയൊരു വസ്തു നീയെനിക്കു തരുന്നു ..”

“ഹേയ്… നമ്മള് വാങ്ങണ പരിപാടിയില്ല.. വില്പന മാത്രം.. ഒൺലി സെയിൽ…!!”

“അങ്ങനെയെങ്കിൽ എന്തു വില വേണം….?”

“എന്തിന്….? അല്ല നിങ്ങടെ കയ്യിൽ എന്നതാ ഉപയോഗമില്ലാത്ത സാധനം മാറ്റം പിടിക്കാനുള്ളത്….?”

“എന്റെ ഭാര്യ…..!!”

“ങ് ഹേ… താനെന്താ ആളെ കളിയാക്കുവാണോ..

“എന്തു വില വേണം…. താൻ പറ?”

ഞാൻ വെളിയിലേക്കു നോക്കി. പരിസരത്തെങ്ങും ആരേയും കാണാനില്ല. അടുത്തുള്ള കടകളെല്ലാം എട്ടുമണിയോടെ അടച്ച് കടക്കാർ കുടുംബത്തു പോകും. ഒൻപതര കഴിയുമ്പോഴേക്കും ലാസ്റ്റ് ബസ് കടയ്ക്കു മുന്നിൽ നിർത്തി ആളെയുമിറക്കി കടന്നു പോകും.

പിന്നെ വരുന്നവരെല്ലാം രാത്രിയുടെ സഞ്ചാരികളാണ്. ഈ സമയത്തുള്ള കച്ചവടത്തിന്റെ അധികലാഭത്തിനൊപ്പം ഫ്രീയായി കിട്ടുന്ന മദ്യവും കട തുടങ്ങിയ കാലം തൊട്ടേയുള്ള പതിവാണ്.

വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ പലവട്ടം ഓർമ്മിപ്പിച്ചു നേരത്തേ വരണമെന്ന്. പറഞ്ഞിട്ടു കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവാം പിന്നെപ്പിന്നെ അവൾക്കും അതൊരു ശീലമായി.

ആദ്യമായിട്ടാണ് ഭാര്യയ്ക്കു വിലപറയാൻ ഒരുത്തൻ വരുന്നത്. എന്റെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി. പക്ഷേ എനിക്ക് എന്തെങ്കിലും പറയാനുള്ള ധൈര്യമുണ്ടായില്ല.

“രാത്രി രണ്ടെണ്ണം അടിച്ചിട്ടു ചെന്നാൽ ഒലക്കയെടുത്തിട്ട് അടിക്കാൻ വരും,ശകലം താമസിച്ചു ചെന്നാൽ ഏതെങ്കിലും ഒരുത്തനെ വിളിച്ചു വീട്ടിൽ കേറ്റും… പിള്ളേരെ മൂന്നെണ്ണത്തിനെ പെറ്റു, ഒറ്റയെണ്ണത്തിന് എന്റെ കളറുമില്ല ഷെയിപ്പുമില്ല, ചെലവിനു മാത്രം ഞാൻ കൊടുക്കണം…. പറ്റില്ലാന്നു പറഞ്ഞപ്പോ വെട്ടുകത്തിയുമായി എറങ്ങിയേക്കുന്നു.. ഇതു പോലൊരു പെണ്ണുമ്പുള്ളയെ വേണ്ടാന്നു വച്ചിട്ട് നിന്റെ ഭാര്യയെപ്പോലെ നല്ലൊരെണ്ണത്തിനെ കിട്ടുമോന്ന് അന്വേഷിക്കുവാരുന്നു ഞാൻ….”

അയാളുടെ പഴയ ഭാഷയും സംസാരത്തിലെ കലിപ്പും തിരിച്ചു വന്നിരിക്കുന്നു.

കടയുടെ മുന്നിൽ നിരത്തി വച്ചിരിക്കുന്ന മിഠായിഭരണികൾ മറിഞ്ഞു പോകാതെ നീളത്തിൽ വച്ചിരിക്കുന്ന സ്റ്റീൽ പൈപ്പിന്മേൽ കൈപ്പത്തികൾ ഊന്നി എനിക്കു തൊട്ടുമുന്നിൽ വന്ന് എന്റെ കണ്ണുകളിലേക്ക് അയാൾ കണ്ണുകൾ കോർത്തു.

” നിനക്കു രാവിലെ കട്ടൻ കാപ്പി തിളപ്പിക്കാൻ ഒരു കോഫി മെയ്ക്കറും ഉച്ചയ്ക്ക് ഹോട്ടലിൽ നിന്ന് ചോറുണ്ണാനുള്ള കാശും പിന്നെ രാത്രി കള്ളുംകുടിച്ചിട്ടു കെട്ടിപ്പിടിച്ചു കിടക്കാൻ ഒരു തലയിണയും ഞാൻ തരാം…. നിന്റെ ഭാര്യയെ എനിക്കു തന്നേക്ക്…!!”

ഭയന്നു പോയി ഞാൻ!!! നാവു വരണ്ട് ചലിക്കാൻ പോലുമാവാത്ത അവസ്ഥ. അത്രയ്ക്കു തീഷ്ണമായിരുന്നു അയാളുടെ നോട്ടവും വാക്കുകളും.

പെട്ടെന്ന് റോഡിൽ നിന്ന് ഒരു വിളികേട്ടു.

“ജയേട്ടാ… പോരുന്നോ….?”

ഓട്ടോക്കാരൻ രതീഷാണ്. അവൻ ഓട്ടോ കൊണ്ടുവന്നു നിർത്തിയതിന്റെ ശബ്‍ദം പോലും ഞാൻ കേട്ടിരുന്നില്ല.

“ആഹ്…. വരുന്നെടാ രതീഷേ.. നീ ഇറങ്ങ്….!!”

“നീ മറുപടി പറഞ്ഞില്ല… എത്ര രൂപ വേണം നിനക്ക്…?” അയാളുടെ ശബ്‍ദം മുരൾച്ചപോലെ അടഞ്ഞതായിരുന്നു.

രതീഷിനോടു പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ എന്റെ ഭാര്യയ്ക്ക് ഒരുത്തൻ വില പറഞ്ഞു എന്ന് എന്റെ കൂട്ടുകാർ അറിയുന്നതിനെപ്പറ്റി എനിക്കു ചിന്തിക്കാനേ കഴിഞ്ഞില്ല.

“നിങ്ങൾക്കൊന്നു പോയിത്തരാമോ…?” ഞാൻ തല ഉയർത്താതെ തന്നെ ചോദിച്ചു.

രതീഷ് വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്നതിന്റെ ശബ്ദം കേട്ടു.

“പട്ടി പുല്ലു തിന്നത്തുമില്ല, പശുവിനെയൊട്ടു തീറ്റിക്കത്തുമില്ല… ” അയാളുടെ പിറുപിറുപ്പു കേട്ടു.

“നീയൊരു സിഗരിറ്റിങ്ങെടുത്തേ…”

രതീഷാണ്.

ഞാൻ രതീഷിനു സിഗരറ്റു കൊടുത്തിട്ട് പുറത്തേക്കിറങ്ങി വന്നു. ഷട്ടർ താഴ്ത്തി കട പൂട്ടുമ്പോഴും എന്റെ കണ്ണുകൾ അയാൾക്കു വേണ്ടി ചുറ്റും പരതുന്നുണ്ടായിരുന്നു. പക്ഷേ കടയുടെ മുൻവശത്തു മാത്രം വെളിച്ചം പരത്തിനിന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിലെങ്ങും അയാളുണ്ടായിരുന്നില്ല.

രാത്രി അസ്വസ്ഥമായ മനസ്സോടെ കിടന്നതു കൊണ്ടാവാം വളരെ വൈകിയാണ് ഉറങ്ങിയത്.

“ഇന്നെന്താ ജയേട്ടാ കടയിൽ പോകുന്നില്ലേ…?”

കണ്ണു തുറക്കുമ്പോൾ കയ്യിൽ കട്ടൻ കാപ്പിയുമായി രാജി. നേരം വെളുത്തു കഴിഞ്ഞിരിക്കുന്നു.

എനിക്ക് തലേ രാത്രിയിലെ കാര്യങ്ങൾ ഓർമ്മ വന്നു. ഞാൻ രാജിയെ അടിമുടി ഒന്നു നോക്കി. ആദ്യം കാണും പോലെ. എന്റെ ഭാര്യ സുന്ദരിയാണെന്ന് എനിക്ക് ജീവിതത്തിലാദ്യമായിത്തോന്നി. സ്വന്തം കയ്യിലുള്ള വസ്തുവിന്റെ വില നമുക്കു മനസ്സിലാകണമെങ്കിൽ മറ്റൊരാൾ അതിനെ ആഗ്രഹിക്കണം.

വല്ലാത്തൊരു മടുപ്പോടെ എഴുന്നേറ്റു മുൻവശത്തെ വരാന്തയിലേക്കു നടന്നു. കട്ടൻകാപ്പിയുമായി രാജി പിന്നാലെ വന്നു.

വരാന്തയിലെ സിമന്റു തൂണിലേക്കു ചാരിയിരുന്നിട്ട് കയ്യെത്തിച്ചു കസേരയിൽ കിടന്ന ന്യൂസ്‌ പേപ്പർ എടുത്തു.

കട്ടൻകാപ്പി കുടിച്ചു കൊണ്ട് പേപ്പർ ഓടിച്ചു വായിക്കുമ്പോഴാണ് പെട്ടെന്നു കണ്ണുകൾ ഒരു വാർത്തയിൽ തടഞ്ഞത്.

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കും കൊലപാതകത്തിനും പിന്നിലെന്ന് കരുതപ്പെടുന്നു. വാർത്തയ്‌ക്കൊപ്പം ഭർത്താവിന്റെയും ഭാര്യയുടെയും ഫോട്ടോ. ഞാൻ ഒന്നു കൂടി കണ്ണു തിരുമ്മി നോക്കി.

“എന്താ പതിവില്ലാതെ ഒരു പത്രവായനയൊക്കെ…?”

അച്ഛനാണ്. കസേരയിലിരുന്നിട്ട് മുന്നോട്ടു കുനിഞ്ഞ് അദ്ദേഹം പത്രത്തിലേക്കു നോക്കി.

“ഇത് ഇന്നലത്തെ പത്രമല്ലിയോടാ…? ഈ കസേരയിൽ കിടന്നത്…? ഇന്നത്തെ വന്നിട്ടില്ല..”

അച്ഛൻ പുറത്തു ഗേറ്റിന്റെ അരികിലേക്കു നോക്കി.

“ഇയാള്…..!!” പത്രത്തിലെ വാർത്തയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഫോട്ടോ ചൂണ്ടിക്കാട്ടി ഞാൻ. എന്റെ കൈയിലിരുന്ന് പത്രം വിറയ്ക്കുന്നുണ്ടായിരുന്നു.

“ഓ.. കണ്ടാരുന്നു ഇന്നലെ. പെമ്പിളേം കൊന്നിട്ട് അവനും ചത്തു അല്ലേ….!! എന്നാ ചെയ്യാനാ ചെലതൊക്കെ അങ്ങനാ.. സഹികെട്ടിട്ടാരിക്കും. ”

അച്ഛൻ എന്നെ നോക്കി.

“എന്നാലും പെമ്പിളേം കെട്ടിയോനും തമ്മിലൊള്ള എടങ്ങേറുകളില് ഒരുമാതിരി ഒള്ളതൊക്ക രണ്ടു പേരുംകൂടി കൂട്ടിയാൽ കൂടുന്നതാടാ ഉവ്വേ…..

പക്ഷേ ശരീരത്തിന്റെ അകൽച്ച മനസ്സുകൾ തമ്മിൽ ആയാൽപ്പിന്നെ അറത്തു മാറ്റാൻ തോന്നും…എല്ലാം…. അവരെ പറഞ്ഞിട്ടു കാര്യമില്ല!”

ഞാൻ രാജിയുടെ നേരെ നോക്കി. കയ്യെത്തുന്ന ദൂരത്ത് ഭിത്തിയിൽ ചാരി അവൾ നില്പുണ്ട്. എന്റെ കണ്ണുകളിലൂടെ ഒരു വിറയൽ ഇടനെഞ്ചു വരെ പടർന്നു.

“അച്ഛാ… ഇയാള്…!!” ഞാൻ വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും നെഞ്ചിലെ വിറയൽ ശബ്‍ദത്തെ തൊണ്ടയിൽ കുരുക്കിക്കളഞ്ഞു.

“ആഹാ…. പത്രക്കാരൻ വന്നല്ലോ…!!” അച്ചന്റെ ശ്രദ്ധ അങ്ങോട്ടേക്കായി.

ഞാൻ എന്റെ കയ്യിലിരുന്ന പത്രം നിലത്തേക്കിട്ടു.

അതിന്റെ വിടർന്നു കിടന്ന പേജിലെ ഫോട്ടോയിലിരുന്ന് ഇന്നലെ രാത്രി എന്റെ ഭാര്യയ്ക്കു വില പറഞ്ഞവൻ ഭിത്തിയിൽ ചാരി നിൽക്കുന്ന എന്റെ ഭാര്യയെ തുറിച്ചു നോക്കി!

“ജയേട്ടാ… നേരം വൈകി, കട തുറക്കണ്ടേ….?”

എന്റെ കാപ്പി കപ്പിനൊപ്പം നിലത്തു കിടന്ന പത്രവുമെടുത്ത് രാജി അകത്തേക്കു നടക്കുന്നതിനിടയിൽ ചോദിച്ചു.

“ഹേയ് ഇല്ല, ഇത്ര നേരത്തേ എങ്ങോട്ടു പോകാനാ…. ഇന്നു മുതൽ കട രാവിലെ ഒൻപതു മണി മുതൽ രാത്രി ഏഴു മണി വരെയേ പ്രവർത്തിക്കൂ…” താഴ്ന്ന ശബ്ദത്തിൽ പിറുപിറുത്തുകൊണ്ട് ഞാൻ അവൾ പോയ വഴിയേ അകത്തേക്കു നടന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഷിജു കല്ലുങ്കൻ


Comments

Leave a Reply

Your email address will not be published. Required fields are marked *