എന്നോട് ഒരു വാക്ക് ചോദിക്കാതെ നിങ്ങളീ ചെയ്തത് ശരിയായില്ല ഞാൻ എന്താ നിങ്ങളുടെ ഭാര്യ അല്ലേ…

രചന : Indu Rejith

വെറുതേ ഒരു ഭാര്യ

❤❤❤❤❤❤❤

അച്ഛാ ഇവിടെ ആക്രി എന്തെങ്കിലും കൊടുക്കാൻ ഉണ്ടോന്ന്……

ഗേറ്റിനു മുന്നിൽ നിന്നുള്ള അവന്റെ ചോദ്യം കേട്ടപ്പോഴെ അയാൾ അംബികേ എന്ന് നീട്ടി വിളിച്ചു..

എടി ഇവിടെ ആക്രി വല്ലതും കിടപ്പുണ്ടോ……

ഇല്ല ഏട്ടാ…… വീടുപണിയുടെ ബാക്കി വന്നതൊക്കെ നിങ്ങളല്ലേ വണ്ടിയിൽ കയറ്റി പെങ്ങളുടെ വീടിന്റെ എരുത്തില് പണിക്ക് കൊണ്ടുപോയി കൊടുത്തത്…..

അത് ഞാനങ്ങു മറന്നു,…..

അവരോട് പൊയ്ക്കോളാൻ പറയെടാ മോനെ…..

മുതുകിൽ കടിച്ച ഉറുമ്പിനെ പിടികൂടാൻ പിന്നിലേക്ക് അയാൾ കൈ തിരിച്ചതും അവളുടെ മുറിയിലെ ജനാലയിലേക്ക് കണ്ണുപതിഞ്ഞു…..

ടാ ചെക്കാ അവരോട്‌ അവിടെ നിക്കാൻ പറ….

കുറെ കാലമായിട്ട് ഞാൻ മനസ്സിൽ കരുതുന്നതാ…. ഇന്നാ മുഹൂർത്തം ഒത്തുവന്നത്..

അല്ല ഏട്ടാ എന്തിന്റെ കാര്യമാ നിങ്ങളീ പറയുന്നത്…..

നീ ഇവിടെ നിന്ന് പ്രസംഗിക്കാതെ ഊണിനുള്ളത് എന്തെങ്കിലും ശരിയാക്ക് പോ….

അല്ലെങ്കിലും ആരുടെയെങ്കിലും മുന്നിൽ തന്നെ താഴ്ത്തികെട്ടനുള്ള അവസരം ഒന്നും തന്റെ ഭർത്താവ് ഉദ്യോഗസ്ഥൻ പാഴാക്കില്ലെന്നോർത്തിട്ടാവണം അവൾ അകത്തേക്കു കയറി പോയി…..

മുറ്റത്തേക്ക് ആക്രി വണ്ടി കയറി വരുന്നതിന്റെ ശബ്ദം അടുക്കളയിൽ നിന്നവൾ കേട്ടു….. അല്ലാ ഈ പുതിയ വീട്ടിൽ ആക്രിക്ക് കൊടുക്കാൻ പറ്റിയ എന്തുണ്ടെന്നാ…..

അവളെ ചിന്തയിൽ നിന്ന് ഉണർത്താൻ കറുമ്പിയുടെ നീട്ടിയുള്ള ഒരു അമ്മാ എന്നൊരു അമറൽ തന്നെ അധികമായിരുന്നു…..

അയ്യോ നിന്റെ കാര്യം ഞാൻ മറന്നു പയ്യേ…..ഇപ്പോ വന്നു പുല്ല് തരാട്ടോ…..

മുറ്റത്തേക്ക് ഇറങ്ങിയതും ദാ ആക്രിക്കാർ പെരയ്ക്കകത്തേക്ക് കേറി പോകുന്നു….

ആ എനിക്കറിയില്ല എന്താന്ന് വെച്ചാൽ എടുത്ത് കൊടുക്കട്ടെ അല്ല പിന്നെ….

ഉച്ചയൂണ് കഴിഞ്ഞപ്പോൾ ഇത്തിരി തൈയ്യലിനും മറ്റുമായിട്ടാണ് അവൾ മുറിയിലേക്ക് കയറി വന്നത്…..അവിടെയും ഇവിടെയും കീറിയ നൈറ്റിയും ബ്ലൗസും അലമാരി തുറന്നവൾ പുറത്തെടുത്തു…. പുതിയൊരെണ്ണം വാങ്ങികിട്ടാൻ അപേക്ഷ എഴുതി മൂന്നാലു മാസം പിന്നാലെ നടക്കുന്നതിലും ഭേദമാണ് ഇതൊക്കെ ഒന്ന് തൂന്നിയെടുക്കുന്നത് എന്നവൾ ഓർത്തു……

പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതും തന്റെ തയ്യൽ മെഷീൻ കാണുന്നില്ല……

എന്റെ ദൈവമേ……ചതിച്ചോ…..

ഏട്ടാ….. ഏട്ടാ…

ഉറക്കെ വിളിച്ചുകൊണ്ടവൾ അയാളുടെ മുറിയിലേക്ക് പോയി…..

നിങ്ങൾ എന്റെ തയ്യൽ മെഷീൻ ആണോ അവന്മാർക്ക് വിറ്റത്…..

അതേ എന്തെങ്കിലും പറയാൻ ഉണ്ടൊ….??

ഈ പുതിയ വീട്ടിൽ രണ്ടു ലക്ഷണക്കേടുകൾ ഉണ്ട് ഏതൊക്കെ ആണെന്ന് അറിയുമോ നിനക്ക് ഒന്ന് നിന്റെ ആ പുരാവസ്തു ആയിരുന്നു മറ്റൊന്ന്…..

അയാൾ ഒന്ന് ചിരിച്ചു…..

പാതി രാത്രിയിൽ അതിന്റെ ഞരങ്ങലും മൂളലും കേട്ടുകെട്ട് മനുഷ്യന് ഒന്ന് ഉറങ്ങാൻ പറ്റില്ല…..

അവന്മാർക്കത് വെറുതെ കൊടുക്കുന്നതിലും എനിക്ക് സന്തോഷമേ ഉള്ളായിരുന്നു….. എന്തോ ചില്ലറ തന്നെ കിട്ടിയത് ആട്ടെ എന്ന് കരുതി നീയാണേ എണ്ണി പോലും നോക്കിയില്ല……

എന്നെ പിടിച്ചു ആണയിട്ടില്ലായിരുന്നെങ്കിൽ ഇത് ഞാൻ വിശ്വസിച്ചേനെ കാരണം നിങ്ങൾ എനിക്ക് ഒരു പത്തുരൂപ നോട്ടിന്റെ പോലും വിലയിട്ടിട്ടില്ലെന്ന് എനിക്ക് അറിയാം…..

പിന്നെ…. ആ പുരാവസ്തുവിനെ തേടി എങ്കിലും നിങ്ങൾ ആ മുറിയിൽ ഒന്ന് കേറാൻ മനസ്സ് കാണിച്ചല്ലോ അത് മതി…. അതിനേക്കാളും പഴക്കമുള്ള…. അത്രയും പോലും വിലയില്ലാത്ത….. വെളുക്കുവോളം മുക്കിയും മൂളിയും നേരം വെളുപ്പിക്കുന്ന മറ്റൊരു മൃഗത്തിനെ നിങ്ങൾ അതിനുള്ളിൽ ഇട്ട് ചിട്ടപഠിപ്പിക്കുന്നത് അങ്ങ് മറന്നു പോയി അല്ലെ…. ഒരിക്കൽ എങ്കിലും നിങ്ങൾ എന്നെ തേടി അവിടെ വരെ വന്നിട്ടുണ്ടോ… എന്തിന് അല്ലെ…. അടുക്കളയിലും തീന്മേശയിലും ആണ് ഈ വീട്ടിൽ എനിക്ക് സ്ഥാനമാനങ്ങൾ ഉള്ളത്…..

ഒറ്റയ്ക്കിരുന്നു മുഷിയുമ്പോൾ എനിക്കാകെ ഉള്ള ഒരു കൂട്ട് ആ ഇരുമ്പിൽ തീർത്ത ഉപകരണവും പിന്നെ മിണ്ടപ്രാണിയുമൊക്കെയാ എന്റെ കുഞ്ഞിനെ പോലും വിഷം കുത്തിവെച്ചു നശിപ്പിക്കുവാ നിങ്ങൾ……

അധികാരത്തോടെ എടുത്ത് കൊടുക്കാൻ നിങ്ങൾ വാങ്ങി തന്നതാ എനിക്കത്……?

ആണോന്ന്….. നിങ്ങളോട് തന്നാ…,.

മകളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കാൻ മോഹം ഉണ്ടായത് കൊണ്ട് മാത്രം ആയില്ലലോ അതിനുള്ള മാർഗം കൂടി വേണ്ടേ…. അതില്ലാതെ പോയ ഒരമ്മ അവരുടെ മകൾക്ക് കൊടുത്ത ഒരേയൊരു സമ്പാദ്യം ആണത്….. അതിൽ തൊട്ടുരുമ്മിയൽ പോലും എന്റെ അമ്മ അരികത്തുള്ള പോലെയാ…അറിയോ നിങ്ങൾക്ക് അതിന്റെ വില…..മുറതെറ്റാതെ നിങ്ങളുടെ അച്ഛന്റെ ചുടലതെങ്ങിന് നിങ്ങൾ എന്നെ കൊണ്ട് വെള്ളം കോരിക്കില്ലേ അപ്പോൾ തന്തയും തള്ളയുയുടെയും വില അറിയാഞ്ഞിട്ടാ…. അയ്യോ ഞാൻ മറന്നു എന്റെ അമ്മ നിങ്ങൾക്ക് ആരാ അല്ലെ…

ആദ്യമായി അവളുടെ ശബ്ദത്തിന് ശക്തി ഉണ്ടായത് പോലെ അയാൾക്ക് തോന്നി…..

അത് പിന്നെ ഞാൻ…..ഒരു നേരമ്പോക്കിന്…..

നിന്നെ ഒന്ന് ചൂടാക്കാൻ…..

അംബികേ……. നമുക്ക് പുതിയത് വാങ്ങിക്കാം ദാ ഇപ്പോ തന്നെ പോയേക്കാം…..

നിങ്ങൾക്ക് ഒന്നിന് പകരം മറ്റൊന്ന് അത്രേ ഉള്ളു എല്ലാം….അതെനിക്ക് അറിയാം …..

കണ്ണും തുറിപ്പിച്ചവൾ അവൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടു…

തിരികെ വന്നപ്പോൾ കൈയിൽ കോടാലി…..

അംബികേ നിനക്ക് എന്താ പറ്റിയെ…..

മുന്നിനു മാറാൻ….

ഉമ്മറത്ത്‌ വിറകുകീറുന്നത് പോലെ ഒരു ശബ്ദം…

എന്തോന്നടി ഇത്……

എടി എന്റെ കസേര…

ഇതിൽ ചാരി കിടന്നു സുഖിച്ചല്ലേ ഓരോരോ ഓർഡർ ഇടുന്നത്……ഇനി അത് വേണ്ടാ…..നിങ്ങടെ വേലക്കാരി ചത്തു…..

അതുവരെയും പിടിച്ചു നിന്ന അവളുടെ കണ്ണുനീർ ഇടയ്ക്കെപ്പോഴോ അവളോട് അനുസരണക്കേട് കാണിച്ചു…..

എന്നെകൊണ്ട് ചെയ്യിപ്പിച്ചില്ലേ നിങ്ങൾ ഇങ്ങനെ ഒക്കെ….. വീട്ടിൽ തന്നെ ഇങ്ങനെ ഒതുങ്ങി കൂടുന്ന ചില പാപികൾ ഇന്നും ഉണ്ട് അവർ സമനില തെറ്റാതെ മുന്നോട്ട് പോകുന്നത് ഇങ്ങനെ ചില ഉപകരണങ്ങളുടെയോ മിണ്ടപ്രാണികളുടെയോ സാന്നിധ്യം കൊണ്ട് മാത്രമാണ്…. അതുടെ ഇല്ലാതാക്കിട്ട് നിങ്ങൾക്കൊക്കെ എന്താ നേടേണ്ടത്…

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ എന്റെ കണ്മുന്നിൽ നിന്ന് ഒഴിവാക്കുന്നതിനു തൊട്ട് മുൻപ് എങ്കിലും എന്നോട് ഒന്ന് ചോദിക്കാമായിരുന്നു ഞാൻ നിങ്ങടെ ഭാര്യ അല്ലെ….,.

അയാളിൽ കുറ്റബോധം തളം കെട്ടിയത് പോലെ…..

എന്നോട് ക്ഷമിക്കണം എന്ന് പറയുന്നില്ല…. ഇനി ഉള്ള കാലം തനിക്ക് ദുഃഖങ്ങൾ പങ്കുവെക്കാനും മതിവരുവോളം സംസാരിക്കാനും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും ആ പഴയ മൂരാച്ചി ഭർത്താവായിട്ടല്ല….പുതിയ ഒരു മനുഷ്യനായിട്ട്…..

ഈ സിനിമ ഡയലോഗ് ഒക്കെ കേട്ട് വിശ്വസിക്കുന്ന കാലമൊക്കെ അങ്ങ് കഴിഞ്ഞുപോയി ….ഒന്നും വേണമെന്നില്ല എന്നെ ഒരു മനുഷ്യജീവിയായ് ജീവിക്കാൻ അനുവദിച്ചാൽ മതി അത് തന്നെ ധാരാളം…..അവളിലെ പുച്ഛം കലർന്ന ചിരി അയാളെ വേട്ടയാടുന്നത് പോലെ…

എല്ലാം ഉള്ളിലൊതുക്കി ഇവിടെ തന്നെ അങ്ങ് അടിഞ്ഞു കൂടുന്നത് എന്തിനാണെന്ന് അറിയുവോ നിങ്ങൾക്ക്…..??

ഏത് വലിയവനും അടിതെറ്റുന്ന ഒരു ദിവസം ഉണ്ടല്ലോ അത് പോലൊന്ന് നിങ്ങൾക്കും പറഞ്ഞു വെച്ചിട്ടുണ്ടാവും ഈശ്വരൻ…. അന്ന് നിങ്ങൾ എന്റെ വിലയറിയും…. സ്നേഹത്തോടെയുള്ള എന്റെ സാമിപ്യം കൊതിക്കും…. അന്ന് ഈ വീടിന്റെ പടി ഇറങ്ങും ഞാൻ….. എനിക്ക് അതിനു കഴിയില്ലെന്ന് തോന്നുന്നുണ്ടല്ലേ….

ഇത്രത്തോളം നരകിച്ച് ഇതിനകത്ത് കാലങ്ങളോളം തളച്ചിട്ടാൽ ഞാനെന്നല്ല ആരും എന്തും ചെയ്യാനുള്ള ശക്തി നേടും…. നിങ്ങളുടെ കൈ പിടിച്ച് ഇവിടേക്ക് വന്ന ദിവസം ആ പടിക്കൽ വീണുടഞ്ഞ ഒരു നിഷ്കളങ്കയായ പെൺകുട്ടിയുടെ ചിരി ഓർമ്മയുണ്ടോ നിങ്ങൾക്ക് … ഇവിടുന്ന് പോകുമ്പോൾ അത് മാത്രം മതി എനിക്ക്….

നിങ്ങളുടെ മകന് നിങ്ങളെ പിരിയാനാവില്ലെങ്കിൽ അവനെയും നിര്ബന്ധിക്കില്ല ഞാൻ….

ഭിത്തിയിലെ വിവാഹ ഫോട്ടോയിലേക്ക് അയാൾ ഒന്നു കണ്ണോടിച്ചു അന്ന് അവളിൽ ഉണ്ടായിരുന്ന ആ നിഷ്കളങ്കമായ ചിരി മായിച്ചത് ആ കഴുത്തിൽ മാലയിട്ട ഈ കൈകൾ അല്ലെ….

അയാളുടെ ഹൃദയം വിതുമ്പുകയായിരുന്നപ്പോൾ…

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം….

രചന : Indu Rejith