സ്വന്തക്കാരും ബന്ധുക്കളുമൊക്കെ കയ്യൊഴിഞ്ഞ അവൾക്ക് അയാൾ വല്യ ആശ്വാസമായിരുന്നു

രചന : നിവിയ റോയ്

കഥ : പേരില്ലാത്തവർ

❤❤❤❤❤❤❤

ങ്ങള് എന്നെ ഓർക്കുവോ …?

അയാൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തന്റെ പെട്ടിയിൽ വാസന സോപ്പും പൗഡറും പാൽപ്പൊടിയും എടുത്തു വെച്ചുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു .

അവളുടെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല.

കുറച്ചു നേരം അയാളുടെ മറുപടിക്കായി അവൾ കാത്തിരുന്നു.

ങ്ങള് എന്നെ മറക്കുവോ ?

മുൻപ് ചോദിച്ച അതെ ചോദ്യം അവൾ മറ്റൊരു രീതിയിൽ ആവർത്തിച്ചു.

കട്ടിലിൽ തന്റെ അടുത്തായി അയാൾ ഭാര്യക്ക് വേണ്ടി മേടിച്ച പിങ്ക് സാരിയിലെ സ്വർണ്ണ നൂലിഴകളിൽ വിരലോടിച്ചു കൊണ്ടാണ് അവളത് ചോദിച്ചത് .

“മറക്കില്ല ….മരിക്കുവോളം …”അയാൾ പതിയെ പറഞ്ഞു.

അത് പറയുമ്പോൾ അയാളുടെ കണ്ണിനിരുവശത്തുമായി നീല ഞരമ്പുകൾ തടിച്ചു വന്നു.

“ഞാനും ….”അങ്ങനെ പറഞ്ഞുകൊണ്ടവൾ കണ്ണുകളടച്ചു ഉപ്പു രസം നഷ്ടപ്പെട്ട നീർമണികൾ അവളുടെ ചുണ്ടു നനച്ച് താഴോട്ടൊഴുകി ….

അയാളെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ സുഹൃത്ത് ബഷീർ കാറുമായെത്തി .

“ഇറങ്ങാറായില്ലേ …?”

കുടുസുമുറിയുടെ പുറത്തു നിന്നു അയാൾ വിളിച്ചു ചോദിച്ചു.

“ദാ ഇറങ്ങി …”പെട്ടിക്കു പൂട്ട് ഇട്ടുകൊണ്ട് അയാൾ പറഞ്ഞു.

തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അയാളുടെ കൈകളിൽ അവൾ പിടിച്ചു .

അങ്ങനെയൊന്ന് സംഭവിക്കരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു .

അയാൾ അവളെ ചേർത്തുപിടിച്ചു.

ഇതിനു മുമ്പ് അയാൾ അവളെ ചേർത്തുപ്പിടിക്കുമ്പോഴെല്ലാം അയാളുടെ ഉയർന്നു കേൾക്കുന്ന ഹൃദയത്തുടിപ്പുകൾ കേട്ട് അയാളുടെ നെഞ്ചോടു ചേർന്നു അവൾ നില്ക്കാറുണ്ടായിരുന്നു.

ഇന്ന് അങ്ങനെ ചേർന്നു നിന്നപ്പോൾ അയാൾക്ക്‌ ഹൃദയമില്ലെന്നു അവൾക്ക് തോന്നി ….

അയാൾ കാറിൽ കൈ വീശിയകലുമ്പോൾ,

റോഡിന്റെ അരികിലുള്ള മരച്ചുവട്ടിൽ അവൾ തളർന്നിരുന്നു …

രണ്ടു കുട്ടികളെയും തന്ന് ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ പോലും താനിത്രയും തളർന്നു പോയിട്ടില്ലെന്ന് അവൾ ഓർത്തു .

അവൾ കടൽ കടന്നു വന്നത് മക്കളെ ഒരു കരയെത്തിക്കുവാനാണ് .

ഭാര്യയുടെ ആകാശം മുട്ടെയുള്ള സ്വപ്‌നങ്ങൾ കെട്ടിപ്പൊക്കുവാനാണ് അയാൾ മരുഭൂമിയിലെത്തിയത് .

അവൾ ഒരു അറബിയുടെ വീട്ടിലെ അടുക്കളപ്പണിക്കാരിയായിരുന്നു.

അയാൾ പച്ചക്കറികളും പഴവർഗ്ഗങ്ങളും മൊത്തത്തിൽ എടുത്തു ചെറിയ കടകളിൽ ചില്ലറ വിൽപ്പന ചെയ്യുകയായിരുന്നു.

വീട്ടുജോലികൾ കഴിഞ്ഞു തളർന്നു തന്റെ ഒറ്റ മുറിയിലിരിക്കുമ്പോൾ മതിലിനപ്പുറമുള്ള മുറിയിൽ നിന്നും അയാളുടെ പാട്ടുകൾ അവൾ കേട്ടിരുന്നു.

ആ പാട്ടുകളിലൂടെ അവൾ അയാളെ പ്രണയിച്ചിരുന്നു.

അവൾക്ക് ഇഷ്ടമുള്ള പാട്ടുകളാണ് അയാൾ പാടിയിരുന്നതെന്ന് ഓർക്കുമ്പോൾ അവൾക്ക് അതിശയം തോന്നിയിട്ടുണ്ട് .

ഒരിക്കൽ പതിവുപോലേ വീട്ടിലെ ചപ്പുചറുകൾ പുറത്തുള്ള ചവറ്റുകുട്ടയിലിട്ട് മടങ്ങുമ്പോഴാണ് അവൾ അയാളെ ആദ്യമായി കാണുന്നത്.

അന്നവർ ഏറെ നേരം സംസാരിച്ചിരുന്നു. ഏറെക്കാലമായി പരിചയമുള്ള അടുത്ത സുഹൃത്തുക്കളെപ്പോലെ.

പിന്നീടെന്നും അയാൾ ആ സമയത്തു അവളെ കാത്തു നിന്നു.

അവർ എന്നും ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.

തന്റെ അമ്മ ചെറുപ്പത്തിൽ നഷ്ടപെട്ടുപോയപ്പോഴുള്ള ഒറ്റപെടലുകളെക്കുറിച്ച് ….

രണ്ടാനമ്മയുടെ ഉപദ്രവങ്ങളെക്കുറിച്ച് …

തന്നെ ഒഴിവാക്കുന്ന പോലേ അറിഞ്ഞുകൊണ്ട് തന്നെ മദ്യപാനിയായ ഒരാളുടെ കൂടെ കെട്ടിച്ചയച്ചതിനെക്കുറിച്ച് …

ഭർത്താവിൽ നിന്നേറ്റ മർദ്ദനവും വേദനയെയുംക്കുറിച്ച് … സ്വന്തക്കാരും ബന്ധുക്കളുമൊക്കെ കയ്യൊഴിഞ്ഞ അവൾക്ക് അയാൾ വല്യ ആശ്വാസമായിരുന്നു.ഒറ്റപെടലുകളിൽ നിന്നുമുള്ള ഒരു മടക്കയാത്ര….

വീട്ടുകാരുടെ നിർബദ്ധപ്രകാരം തന്നെ വിവാഹം കഴിച്ച ഭാര്യയുടെ സ്നേഹമില്ലായ്മയെക്കുറിച്ചു അയാൾ അവളോട് എന്തുകൊണ്ടോ പറഞ്ഞിരുന്നില്ല.

എന്നാലും മൂടിവച്ച അയാളുടെ മാനസീക ബുദ്ധിമുട്ടുകളൊക്കെ അവളോടുള്ള അടുപ്പത്തിൽ അയഞ്ഞു തുടങ്ങിയിരുന്നു … മക്കളെക്കുറിച്ചു സംസാരിക്കുമ്പോളൊക്കെ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവരുടെ സ്നേഹത്തിനു ഉപാധികളില്ലായിരുന്നു,

കാരണങ്ങളും.അതുകൊണ്ടു തന്നെ കലഹങ്ങളും അവർക്കിടയിൽ ഇല്ലായിരുന്നു.

അറബിയും കുടുംബവും ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ അയാൾ അവളുടെ ഒറ്റ മുറിയിൽ അന്തിയുറങ്ങാറുണ്ട്…

അയാൾ പോയ ദിവസം വൈകുന്നേരം അവൾ കടൽ കരയിലേക്ക് പോയി.

തന്റെ തലയുടെ മുകളിലൂടെ വിമാനങ്ങൾ ചീറിപ്പായുമ്പോൾ അതിലൊന്നിൽ അയാൾ ഉണ്ടാകുമെന്നോർത്ത് അവൾ കൈകൾ വീശിക്കൊണ്ടിരുന്നു….

കടൽ കരയിൽ ഇരുന്നവർക്ക് അവൾ ഒരു കൗതുകമായി.

കടൽപ്പുറത്തെ മണൽ തരികളിൽ അവളുടെ കണ്ണീരു വീണു വെന്തുരുകി ….

അയാളോട് സംസാരിക്കാൻ തോന്നുമ്പോഴൊക്കെ അവൾ കടൽ കരയിൽ വന്നിരുന്നു …

അയാളും എന്നും ഉമ്മറപ്പടിയിലിരുന്നു തൊടിയിലെ മരങ്ങൾക്കിടയിലൂടെ കാണുന്ന ചന്ദ്രക്കല നോക്കി അവളോട് സംസാരിച്ചിരുന്നു …

പലപ്പോഴും അവളെ വിളിക്കണമെന്ന് അയാൾക്ക്‌ തോന്നിയിട്ടുണ്ട് .പക്ഷേ നിറമില്ലാത്ത സ്വപ്‌നങ്ങൾ അവൾക്ക് കൊടുക്കുവാൻ അയാൾക്ക്‌ മടിയായിരുന്നു.

അയാൾ തന്റെ ഫോൺ നമ്പർ എഴുതിക്കൊടുത്ത കടലാസ്സ് തുണ്ട് അവൾ തലയണക്കിഴിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു.

ജഗദീഷണ്ണന്റെ തുണിക്കടയിൽ പോകുമ്പോഴൊക്കെ,

അവൾ പലവട്ടം ഓർത്തിട്ടുണ്ട് അയാളെ വിളിക്കണമെന്ന്. പക്ഷേ അയാളുടെ വീട്ടിലറിഞ്ഞ് എന്തെങ്കിലും കുഴപ്പമുണ്ടായാലോ എന്നോർത്തു അവൾ അതിനൊന്നും മുതിർന്നില്ല.

വർഷങ്ങൾ പലത് കടന്നുവെങ്കിലും അവരുടെ ഓർമ്മകളുടെ പുഴ ഒരിക്കലും വറ്റിവരണ്ടില്ല.

ഒരിക്കൽ തന്റെ കൂടെ വീട്ടു ജോലിയിൽ സഹായിക്കുന്ന ഖദീജ ഫോൺ അവളുടെ നേരെ നീട്ടി പറഞ്ഞു.

“ദേ നീ ഈ ഫോട്ടോ കണ്ടോ …മുനീറ് അയച്ചു തന്നതാണ് .നമ്മടെയടുത്തെങ്ങോ താമസിച്ചിരുന്ന ആളാണ് …ഇന്നലെ വൈകിട്ട് ആള് ……

എന്തൊക്കയോ കുടുംബപ്രശ്നമുണ്ടായിരുന്നു എന്നൊക്കയാ കേൾക്കണേ.

നിനക്ക് അറിയാമോ …?”

അവൾ ആ ഫോട്ടോയിലേക്ക് നോക്കി …ബാക്കി ഒന്നും അവൾ കേട്ടില്ല.ശ്വാസം നിലച്ചു പോകുന്ന പോലേ അവൾക്ക് തോന്നി….

“നിനക്ക് അറിയാമോ …?”ഖദീജയുടെ ചോദ്യത്തിന് അവൾ തലകുലുക്കി.

“എനിക്ക് അറിയാം …”

“ന്താ അയാളുടെ പേര് ?”

“അത് …അത് …”അപ്പോളാണ് അവൾ ഓർത്തത് അയാളുടെ പേര് തനിക്ക് ഓർമ്മയില്ല ….പേര് പറഞ്ഞിരുന്നു .പേര് ചൊല്ലി ഒരിക്കലും വിളിച്ചിട്ടില്ല .

ഇങ്ങള് എന്നെ വിളിച്ചിട്ടുള്ളൂ ….

“പേര് ഇങ്ങള് ….”കാറ്റ് തട്ടിയ കരിയിലയുടെ ശബ്ദമായിരുന്നു അവളുടെ മറുപടിക്ക് .

“ഇങ്ങളോ …? ഇതെന്തു പേര് … നീ പോ പെണ്ണെ നിനക്കൊന്നുമറിയില്ല ഓനെ ”

ഓൻ വല്യ എഴുത്തുകാരനായിരുന്നു …?

എഴുത്തുകാരനോ …?

വിശ്വാസം വരാത്തപോലെ അവൾ ഖദീജയെ നോക്കി .

“അതെ …. .ഇന്നലെക്കൂടെ ഒരു കവിത എഴുതിയിരുന്നുവെന്നാണ് ഓന്റെ ചങ്ങായി പറഞ്ഞേ.

റോസാപൂവിനെക്കുറിച്ചു.ഒത്തിരി മോഹിച്ച റോസാപൂവിനെക്കുറിച്ച്.”

“ഞാനാണ് റോസാ …എന്നെ റോസാന്നാണ് വിളിക്കാറ്”.

“നിനക്ക് പിരാന്താണ് പെണ്ണെ .നാട്ടിപ്പോയിട്ടു കാലം കുറെയായില്ലേ .അയിന്റെയാ “അവർ തിരിഞ്ഞു നടന്നു.

ഞാൻ പറഞ്ഞത് നേരാണ് എന്റെ പൗഡറിന്റെ വാസന റോസാപ്പൂവിന്റെയാണെന്ന് പറഞ്ഞെന്നെ കളിക്ക് വിളിക്കണതാണ് .ഖദീജ അത് കേട്ടതായിപോലും തോന്നിയില്ല .

അവൾ മുറിയിലേക്ക് ഓടി തറയിൽ വീണു നെഞ്ചു നുറുങ്ങിക്കരഞ്ഞു …

എനിക്കറിയാം ….എന്റെയാണ് ….അയാൾ എന്റേത് മാത്രമാണ് …ങ്ങക്ക് എന്നെയൊന്നു വിളിച്ചൂടായിരുന്നോ?എന്തു വിഷമങ്ങൾ ഉണ്ടെങ്കിലും എന്നോട് പറയാമായിരുന്നില്ലേ?ങ്ങളെ ഓർത്താണ് ഒരോ നാളും ഞാൻ കഴിഞ്ഞത് …പിന്നെയും എന്തൊക്കയോ അവൾ പിറുപിറുത്തുകൊണ്ടേയിരുന്നു….

മതിലിനപ്പുറത്തു നിന്നെവിടുന്നോ ഒരു ചെറു കാറ്റ് അവൾക്ക് ഏറെ ഇഷ്ടമുള്ള ,അയാൾ പതിവായി പാടാറുള്ള ഒരു സിനിമ ഗാനം ആരുടെയോ റേഡിയോയിൽ നിന്നും കവർന്നു അവളുടെ കാതോരം കുടഞ്ഞിട്ട് തേങ്ങിയകന്നു ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിവിയ റോയ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top