ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു

രചന : സജി തൈപ്പറമ്പ്.

ഹരിയേട്ടനൊപ്പം കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി

ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ എതിരെ വന്ന ഒരുത്തൻ എന്നെ നോക്കി സൈറ്റടിച്ചു

ഞാനാകെ വല്ലാതെയായി , അമ്പലത്തിലേക്ക് വരുമ്പോഴെങ്കിലും ഇവന്മാർക്ക് സ്ത്രീകളോട് കുറച്ച് മാന്യമായി പെരുമാറിക്കൂടെ

എനിക്കത് ദഹിക്കാതിരുന്നത് കൊണ്ട് ഞാനുടനെ ഹരിയേട്ടനോട് പറഞ്ഞു

ഓഹ് നീയതൊന്നും മൈൻഡ് ചെയ്യേണ്ട ഞരമ്പൻമാര് എല്ലായിടത്തുമുണ്ടാവും ,ഈ നിസ്സാര കാര്യത്തിനൊക്കെ ചോദിക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണു,നീ വേഗം നടക്കാൻ നോക്ക്

ഹരിയേട്ടൻ്റെ തണുപ്പൻ പ്രതികരണം എന്നെ കടുത്ത നിരാശയിലാഴ്ത്തി

പിന്നീടൊരു ദിവസം ,മാർക്കറ്റിൽ പോയിട്ട് ഞാൻ വെജിറ്റബിൾസ് തിരഞ്ഞ് കൊണ്ടിരിക്കുമ്പോൾ സ്ഥലമുണ്ടായിട്ടും ഒരാളെൻ്റെ ദേഹത്ത് മുട്ടിയുരുമ്മി നില്ക്കുന്നു ,

ഞാൻ പെട്ടെന്നവിടുന്ന് കുറച്ച് മാറിയിട്ട് അയാളെ തിരിഞ്ഞ് നോക്കി

അപ്പോൾ ഒന്നുമറിയാത്തത് പോലെ ഒരു നീളൻ വഴുതനയെടുത്തിട്ട് കടക്കാരനോട് അതിൻ്റെ വില ചോദിച്ചിട്ട് ,എന്നെ നോക്കി ഒരു അളിഞ്ഞ ചിരി,

എനിക്കങ്ങോട്ട് അരിശം വന്നിട്ട് വയ്യായിരുന്നു, എന്നെ കടയിലേക്ക് പറഞ്ഞ് വിട്ടിട്ട് കുറച്ചകലെ മാറി ബൈക്കിൻ്റെ മുകളിലിരിക്കുന്ന ഹരിയേട്ടനെ ഞാൻ ഒരു സഹായത്തിനായി നോക്കി

അദ്ദേഹമപ്പോൾ ,എന്നെ കൈകാട്ടി അങ്ങോട്ട് വിളിച്ചു ,ഹരിയേട്ടനോട് നടന്ന സംഭവം പറഞ്ഞാലെന്താണെന്ന് ഒരു നിമിഷം ഞാനാലോചിച്ചതാണ് പിന്നെ അത് വേണ്ടെന്ന് വച്ചു

ഞാനിപ്പോൾ ഈ കാര്യവും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ പറയും

നിനക്ക് തിരക്കില്ലാത്ത ഏതെങ്കിലും കടയിൽ കയറിയാൽ പോരായിരുന്നോ എന്ന്? അതിലും നല്ലത് പറയാതിരിക്കുന്നതാണെന്ന് കരുതി , ഞാൻ വാങ്ങിയ സാധനവുമായി ഹരിയേട്ടൻ്റെ അരികിലേക്ക് ചെന്നു

വണ്ടിയെടുത്തോ പോകാം

ഞാൻ ഹരിയേട്ടനോട് പറഞ്ഞു

നിൽക്ക് പോകാൻ വരട്ടെ ,ആ നില്ക്കുന്നവൻ നിൻ്റെ ദേഹത്ത് സ്പർശിച്ചായിരുന്നോ ?

അവിടെ പച്ചക്കറികളുടെ വില ചോദിച്ച് കൊണ്ടിരിക്കുന്ന ആ ഞരമ്പ് രോഗിയെ ചൂണ്ടിക്കാണിച്ച് ,ഹരിയേട്ടൻ എന്നോട് ചോദിച്ചു.

അയാളെന്നെ മുട്ടിയുരുമ്മുന്നത് ഹരിയേട്ടൻ കണ്ടായിരുന്നോ?

അത് കൊണ്ടല്ലേ ഞാൻ ചോദിച്ചത് ,അയാള് നിൻ്റെ ദേഹത്ത് സ്പർശിച്ചത് നീയറിഞ്ഞ് കൊണ്ടായിരുന്നോ ?

എന്താ ഹരിയേട്ടാ.. ഇങ്ങനെ ചോദിക്കുന്നത്? ഒരന്യപുരുഷനെ തൻ്റെ ശരീരത്തിൽ സ്പർശിക്കാൻ ഏതെങ്കിലും സ്ത്രീകൾ സമ്മതിച്ച് കൊടുക്കുമോ

പിന്നെന്ത് കൊണ്ട് നീ പ്രതികരിച്ചില്ല ,നിൻ്റെ സമ്മതമില്ലാതെ ദേഹത്ത് സ്പർശിച്ചവനെ എന്ത് ചെയ്യണമെന്ന് നിനക്കറിയില്ലേ?

അത് പിന്നെ ഹരിയേട്ടാ…

ദീപേ … എനിക്ക് വേണമെങ്കിൽ അങ്ങോട്ട് ചെന്നിട്ട് അവനിട്ട് രണ്ട് പൊട്ടിക്കാം, പക്ഷേ നാളെയൊരിക്കൽ ഞാനില്ലാത്ത അവസരത്തിലാണ് നിനക്കിത് സംഭവിക്കുന്നതെങ്കിൽ, പ്രതികരണ ശേഷി നഷ്ടപ്പെട്ട് നീ നില്ക്കാൻ പാടില്ല, അത് കൊണ്ടാണ് പറയുന്നത് ,നിൻ്റെ നേരെ അപമര്യാദയായി പെരുമാറിയവനെ എൻ്റെ കൈ കൊണ്ടല്ല ,മറിച്ച് നിൻ്റെ കാലിലെ ചെരുപ്പൂരിയാണടിക്കേണ്ടത് സമയം കളയാതെ വേഗം ചെല്ല് ദീപാ …

ഹരിയേട്ടൻ്റെ ആ ഒരു മറുപടിയായിരുന്നു എനിക്കാവശ്യം

അത് കേട്ടപ്പോൾ അത് വരെ ഇല്ലാതിരുന്നൊരു ഊർജ്ജം എനിക്കെവിടുന്നോ കിട്ടി

പിന്നെ ഒരു കൊടുങ്കാറ്റ് പോലെ ഞാനയാളുടെ അടുത്തെത്തി

ചേട്ടാ ഒന്ന് ഇങ്ങോട്ട് നോക്കിയേ?

അയാൾ തിരിഞ്ഞ് നിന്നതും കാലിൽ നിന്നൂരിയ ഹൈഹീൽഡ് ചെരുപ്പ് കൊണ്ട് ഞാനയാളുടെ വലത്കരണം നോക്കിയൊന്ന് പൊട്ടിച്ചു

ഇനി മേലാൽ ഒരു പെണ്ണുങ്ങളുടെയും ദേഹത്ത് നീ മുട്ടിയുരുമ്മാൻ നോക്കരുത്

അതും പറഞ്ഞ് മഞ്ജു വാര്യരെ പോലെ ഞാൻ തിരിഞ്ഞ് ഹരിയേട്ടൻ്റെ അരികിലേക്ക് നടക്കുമ്പോൾ ബൈക്കിലിരുന്ന് കൊണ്ട് ഹരിയേട്ടൻ എന്നെ നോക്കി ക്ളാപ്പ് ചെയ്യുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.