സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന നീ ആണെഡാ ചങ്കൂറ്റമുള്ള ആൺകുട്ടി…

രചന : Sampath Unnikrishnan

“എങ്കിലും സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന നീ ആണെഡാ ചങ്കൂറ്റമുള്ള ആൺകുട്ടി ജിത്തു ആ കാര്യത്തിൽ നിന്നെ ഞാൻ സമ്മതിച്ചു …”

ഒരു നാടകീയ ഒളിച്ചോട്ടം നടത്തിയ ക്ഷീണത്തിൽ ഇരുന്ന് അമ്മ തന്ന സേമിയ പായസത്തിന്റെ മധുരം നുകരുകയായിരുന്ന എന്നോട് ശ്യാം ഇത് പറയുമ്പോൾ എന്റെ ഉള്ളിലെ ആൺപരിവേഷം തലയുയർത്തി ആകാശം മുട്ടെ വളരുകയായിരുന്നു

വേണി….

രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ഞാൻ സ്വന്തമാക്കിയ എന്റെ പെണ്ണ്, പേടിയും സങ്കടവും ഉള്ളിലൊതുക്കി എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണ്.

രണ്ടു വർഷം നല്ല കട്ടക്കന്നെ പ്രേമിച്ചു അവളുടെ വീട്ടിൽ മറ്റു കല്യാണ ആലോചനകൾ മുറുകിയപ്പോൾ എന്റെ കാര്യം അവതരിപ്പിച്ചു പക്ഷെ അവളുടെ വീട്ടിൽ ശക്തമായി തന്നെ എതിർത്തു പിന്നെ ഞങ്ങൾക്കു മുന്നിൽ ഒളിച്ചോട്ടമല്ലാതെ മറ്റു മാർഗമില്ലായിരുന്നു…..

അവളെ കൂട്ടി അടുത്ത അമ്പലത്തിൽ കൂട്ടുകാരുടെ സാന്നിധ്യത്തിൽ താലി ചാർത്തി അമ്മയുടെ അനുഗ്രഹം വാങ്ങിച്ചു വിളക്ക് പിടിച്ചു വീട്ടിൽ കയറ്റി…… അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ തിരി കത്തിച്ചനുഗ്രഹം വാങ്ങിയ ശേഷമാണ് നല്ലൊരു കുടുംബ ജീവിതത്തിലോട്ടു കാലെടുത്തു വച്ചത്…

ഒന്നും തെറ്റായി തോന്നിയതേയില്ല എല്ലാം ഞങ്ങളുടെ ശെരികളായിരുന്നു….. അങ്ങനെ ഇണക്കവും പിണക്കവുമായി ഏതൊരു കുടംബവും പോലെ ഞങ്ങളും നല്ല രീതിയിൽ തന്നെ ജീവിച്ചു,

കുറ്റബോധം ലവലേശം എനിക്ക് തോന്നിയതേ ഇല്ല……പക്ഷെ മാസങ്ങൾക്കു ശേഷം ഒരു ഷോപ്പിങ്ങിന് ഇറങ്ങിയ ഞങ്ങളെ തുണിക്കടയിൽ നിന്നും ഒരു മധ്യവയസ്ക്കൻ ഓടി അടുത്തെന്റെ കോളറിൽ പിടിച്ചു എടാ എന്റെ മോളെ നീ എന്ന് പറഞ് കാറി നിലവിളിച്ചു…. താടിയും മുടിയുമായി ഒരു രൂപം വേണിയുടെ അച്ഛനായിരുന്നു ക്ലീൻ ഷേവ് ചെയ്തു നടന്നിരുന്ന ആളുടെ രൂപമാറ്റം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല….

വേണി കണ്ടപാടെ കരഞ്ഞു തുടങ്ങി കൂടി നിന്നവർ പിടിച്ചു മാറ്റുന്നതിനിടയിൽ എന്റെ കരണത്തിൽ അയാളുടെ കയ്യൊന്നു പതിച്ചു….

ദേഷ്യംകൊണ്ട് വിറച്ച ഞാൻ വേണിയെ ആലോചിച്ചു മാത്രം അയാളെ അന്ന് വെറുതെ വിട്ടു…..

അന്ന് ഗർഭിണിയായിരുന്ന വേണിയും അച്ഛനും എന്നെ മാറ്റി നിർത്തി കരഞ്ഞുകൊണ്ട് ഒരുപാടു നേരം സംസാരിച്ചു ….അവസാനം അവളെ വീട്ടിലോട്ടു ക്ഷണിച്ചാണ്‌ പിരിഞ്ഞത് എന്ന് പിന്നീട് വീടെത്തി അറിയാൻ കഴിഞ്ഞു….

പിന്നീടങ്ങോട്ട് അവളുടെ വീട്ടിൽ പോവാനുള്ള പിടിവാശികളായിരുന്നു…. ഞാൻ പലതും പറഞ്ഞു ഒഴുവാക്കി,ഒഴിഞ്ഞുമാറി പിടിവാശി കണ്ടില്ലെന്നു വച്ചു… എനിക്കവളുടെ അച്ഛനോടുള്ള ദേഷ്യത്തിന്റെ അളവ് കൂടി കൂടി വന്നിരുന്നു കൂടി നിന്ന നൂറുകണക്കിനാളുകളുടെ മുൻപിൽ വച്ച് എന്റെ കരണത്തിലേറ്റ ആ അടി എന്റെ ആത്മാഭിമാനത്തിലേറ്റ ക്ഷതമായി തന്നെ ഞാൻ മനസ്സിൽ സൂക്ഷിച്ചു….

മാസങ്ങൾ കടന്നു പോയി വേണി ഒരു പെൺകുഞ്ഞിന് ജന്മം നൽകി…..

കുഞ്ഞിന്റെ വരവോടുകൂടി വീട് കളിചിരികളാൽ സന്തുഷ്ടമായി… എന്നാൽ അവളുടെ പിടിവാശി കൂണുകൾ ഇടിമിന്നലിൽ മണ്ണ് പിളർന്നു പുറത്തു ചാടും പോലെ ഇടക്കിടക്കെ അവളുടെ ഉള്ളിൽ മുളപൊട്ടുന്നുണ്ടായിരുന്നു…..

അവസാനം കുഞ്ഞു സംസാരിക്കാനായപ്പോൾ അവളുടെയും കുഞ്ഞിന്റെയും പിടിവാശിക്കു മുന്നിൽ എനിക്ക് പച്ച കൊടി കാണിക്കേണ്ടി വന്നു അവരെ അവളുടെ വീട്ടിലേക്കു പോവാൻ ഞാൻ അനുവാദം നൽകി എങ്കിലും എന്റെ വാശി ദേഷ്യം അത് പാറ പോലെ ഉള്ളിലുറച്ചിരുന്നു അതിനു മാറ്റമൊന്നുമുണ്ടായില്ല ഞാൻ പുറത്തു വരെ പോയി അകത്തു കേറാതെ തിരിച്ചു പോന്നു തല താഴ്ത്തി അച്ഛന്റെ കേറുന്നില്ലേ എന്ന ചോദ്യത്തിന് എന്റെ ഗൗരവമാർന്ന മൗനം ഉത്തരമേകി……

മാസങ്ങൾ വർഷങ്ങൾ കടന്നുപോയി എത്ര പെട്ടന്നാണ് ജീവിതത്തിന്റെ ഓരോ കർമങ്ങൾക്ക് ഞാൻ കാഴ്ചവസ്തു ആയത്…..എന്റെ പെങ്ങളുടെ കല്യാണം കഴിപ്പിച്ചു വേണിയുടെ കുഞ്ഞു അനിയത്തിയുടെ കല്യാണവും കഴിഞ്ഞു എന്റെ മോൾ വളർന്നു കല്യാണ പ്രായമായി

പക്ഷെ എന്തോ പതിനെട്ടു വർഷം കഴിഞ്ഞിട്ടും എന്റെ ആ വാശിക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല…വേണിയുടെ അമ്മയോടും അനിയത്തിയോടും ചിരിച്ചും കളിച്ചും വർത്താനം പറയുമ്പോഴും…..

വേണിയുടെ അച്ഛനോട് ഞാൻ മിണ്ടാൻ കൂട്ടാക്കിയില്ല….

അങ്ങനെ ഇരിക്കുന്ന ഒരു പുലർക്കാലത്ത്‌ എട്ടു മണിയായിട്ടും എഴുനേൽക്കാൻ കൂട്ടാക്കാത്ത മോളെ ബെഡിൽ കണ്ടില്ല….

എങ്കിലും നേരം പുലരും മുൻപ് ഇവളിതെവിടെപോയി എന്ന് ചിന്തിച്ചു വേണിയോട് ചോദിച്ചു “മോൾ എവിടെപോവാനാ ഇവിടെ എവിടെയെങ്കിലും തന്നെ കാണും” എന്ന് മറുപടി കിട്ടി…

അങ്ങനെ തിരച്ചിലിനൊടുവിലാണ് മേശ പുറത്തെ ഫ്ലവർ വെയിസിന് താഴെ ഒരു എഴുത്തു ശ്രദ്ധയിൽ പെട്ടത്….

‘പ്രിയപ്പെട്ട അച്ഛന് ഞാൻ രോഹന്റെ കൂടെ പോവുകയാണ് എന്നെ ഇനി അന്വേഷിക്കരുത്….’

ആദ്യത്തെ ഒരു വരി വായിച്ചതോടെ എന്റെ ചങ്ക് പെരുമ്പറ കൊട്ടി തുടങ്ങി ശരീരമാകെ തളർന്നു…..

ഞാൻ മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ചു….. എന്റെ മനസ്സിൽ വേണിയുടെ അച്ഛന്റെ മുഖം മിന്നിമറഞ്ഞു….. അന്നാദ്യമായി വേണിയുടെ അച്ഛനോട് കുറ്റബോധം തോന്നി….ഒരുനാൾ ആ അവസ്ഥ എനിക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല….

തുടർന്ന് വായിക്കാൻ ശക്തി ഇല്ലാതെ ഞാൻ കുഴങ്ങി….

‘രോഹൻ എന്റെ ക്ലാസ്സ്‌മേറ്റ് ആണ് ഞങ്ങൾ രണ്ടു വർഷമായി പ്രണയത്തിലാണ്….

എനിക്ക് അച്ഛനോട് പറയാൻ പേടിയാണ് അതാണ് സമ്മതത്തിനു കാത്തു നിൽക്കാതിരുന്നത് ക്ഷമിക്കണം….’

എന്തിനു മോളെ ഞാൻ ആദ്യമൊന്നു വാശി കാണിച്ചിരുന്നേലും സമ്മതിച്ചു തരുമായിരുന്നില്ലേ…..

ഇങ്ങനെയൊരു ചതി ചെയ്യണമായിരുന്നോ നാട്ടുകാരും വീട്ടുകാരും എന്നെയൊരു കൊള്ളരുതാത്ത അച്ഛനായി കാണില്ലേ….. ഇനി ഞാൻ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും…..

എന്റെ ഉള്ളിൽ ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടായി…. ഞാൻ വേണിയുടെ അച്ഛനോട് ചെയ്തത് എന്ത് മാത്രം തെറ്റായിരുന്നു…..എന്റെ ശെരികളിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ മറ്റുള്ളവരുടെ ശെരികളെ ഞാൻ നോക്കിയില്ല ഇറങ്ങി വരാൻ അവളെ നിർബന്ധിക്കരുതായിരുന്നു..

അച്ഛന്റെ രൂപമാറ്റത്തിന്റെ തീവ്രത അന്നാണ് ഞാൻ ഉൾക്കൊണ്ടത് അച്ഛനെത്ര വിഷമിച്ചിരിക്കണം…

‘ഞാൻ എങ്ങും പോയില്ല അടുത്ത് രമണി ചേച്ചിടെ വീട്ടിലുണ്ട് എന്റെ മലേഷ്യ ടൂർ ഫീസ് തരില്ല പറഞ്ഞതിന്റെ പ്രതിഷേധമാണ് രോഹൻ എന്ന് പറയുന്ന പയ്യനേ എന്റെ ക്ലാസ്സിലില്ല ഫീസ് അമ്മയുടെ കയ്യിൽ കൊടുത്ത്‌ എന്നെ വഴക്കു പറയില്ലെന്ന് ഉറപ്പു തന്നാലേ ഞാൻ ഇവിടന്നു വരുള്ളൂ… എന്ന് അച്ഛന്റെ മുത്ത്മണി’

വായിച്ചപാടേ ഞാൻ ഒരു നിമിഷം നിലത്തിരുന്നുപോയി…. അപ്പോഴാണ് എന്റെ നല്ല ശ്വാസം വീണത് സന്തോഷമോ സങ്കടമോ അറിയില്ല എന്നെ വാരി പുണർന്നു….. കണ്ണുകൾ നിറഞ്ഞു….

എങ്കിലും എന്റെ കാന്താരി….

ഞാൻ ഒന്ന് നീട്ടി വിളിച്ചു നെടുവീർപ്പിട്ടു….

ഫീസും കയ്യിൽ കൊടുത്ത്‌ ചെവിക്കു പിടിച്ചു വീട്ടിൽ കൊണ്ട് വന്ന് മോളെയും വേണിയെയും വീട്ടിൽ നിന്നും പുറപ്പിടിച്ചു നേരെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു.

വേണിയുടെ അച്ഛനോടുള്ള പിടിവാശി ദേഷ്യം അപ്പോഴേക്കും മഞ്ഞുരുകും പോലെ ഇല്ലാതായിരുന്നു….അച്ഛന്റെ കാലിൽ വീണു മാപ്പു ചോദിച്ചു ചേർത്ത് പിടിച്ചപ്പോൾ ചെറുതിലെ എനിക്ക് നഷ്ടപെട്ട എന്റെ അച്ഛന്റെ സാന്നിദ്യം ഞാൻ അടുത്തറിഞ്ഞു.

(സ്വന്തം ശെരികളെ മാത്രം ശെരിയായി കാണാതെ മറ്റുള്ളവരുടെ ഭാഗം കൂടി ചിന്തിക്കുക പിടിവാശികൾ ഉരുകി ഇല്ലാതാവും. ബന്ധങ്ങളിലെ ശത്രുത മാറാൻ പറഞ്ഞു തീർക്കണമെന്നില്ല ഒന്ന് ചേർത്ത് പിടിച്ചാൽ മതിയാവും, പറഞ്ഞു തീർക്കാൻ ഒരുപാടു ചിന്തിക്കുന്ന മസ്തിഷ്‌കം അനുവദിച്ചില്ലേലും ഒന്ന് ചേർത്ത് പിടിക്കാൻ സ്നേഹമുള്ള മനസ്സ് അനുവദിക്കും )

ശുഭം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sampath Unnikrishnan