ഇന്നലെ രാത്രി അവൻ ആൻസിയുടെ റൂമിൽ കയറി ആ കൊച്ചിനെ എന്തോ ചെയ്തൂന്ന്…

രചന : സനൽ SBT (കുരുവി )

“പറയെടാ നാറീ ഇന്നലെ രാത്രി നീ എൻ്റെ കൊച്ചിനെ എന്നാടാ ചെയ്തേ. ”

“അമ്മച്ചി ഇതെന്തോന്നാ പറയുന്നേ ഞാൻ എന്ത് ചെയ്യാനാ .”

“സത്യം പറഞ്ഞില്ലേൽ നിൻ്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും . ഏത് നേരത്താണാവോ എൻ്റെ കർത്താവേ വെക്കേഷൻ സമയത്ത് ആ കൊച്ചിനെ ഇങ്ങോട്ട് കൊണ്ടുവന്ന് നിർത്താൻ തോന്നിയത്.”

” അമ്മച്ചി ഇത് ഞാൻ എന്ത് ചെയ്ത കാര്യാ ഈ പറയണേ ആദ്യം എൻ്റെ കോളറയിൽ നിന്നും പിടി വിട്.”

” ഹോ എന്നതാടീ മറിയാമ്മേ രാവിലെ തന്നെ എന്നാ ഇവിടെ ആകെ ബഹളം. നീയെന്തിനാ ആ ചെറുക്കനെ പിടിച്ച് ഭിത്തിയിൽ കയറ്റിയേക്കുന്നേ. ?”

” നിങ്ങടെ പുന്നാര മോനോട് ചോദിച്ച് നോക്ക് ഇന്നലെ രാത്രി ആൻസിയുടെ റൂമിൽ കയറി എന്നാ പോക്കണം കേടാ കാണിച്ചേന്ന്.”

” എൻ്റെ കുരുശ്ശുപള്ളി മാതാവേ ഞാൻ ഇന്നലെ രാത്രി ആൻസിയുടെ റൂമിൽ കയറിയെന്നോ? എൻ്റെ പൊന്നമ്മച്ചി ഇല്ലാ വചനം പറയല്ലേ കർത്താവ് പൊറുക്കുകേല.”

” പിന്നെങ്ങനാടാ തെണ്ടി ആ കൊച്ചിൻ്റെ ചുണ്ട് വരിക്ക ചക്ക വെട്ടിയ പൊലെ മുറിഞ്ഞിരിക്കുന്നേ. ?”

” ങ്ങേ ചുണ്ടില് മുറിവോ ആ എനിക്ക് ഒന്നും അറിഞ്ഞൂടാ.”

” നിനക്ക് ഞാൻ അറിയിച്ച് തരാടാ കുരുത്തം കെട്ടവനെ . എൻ്റെ പുണ്യാളാ ഇനി ഞാൻ അന്നമ്മയോടും കറിയാച്ചനോടും എന്ത് പറയും.”

” നീ ഒന്ന് അടങ്ങ് മറിയാമ്മേ ഇനി ഒച്ച വെച്ച് നാട്ടുകാരെക്കൂടി അറിയിക്കണ്ട. ഡാ സത്യം പറ നീ ഇന്നലെ അവളുടെ റൂമിയിൽ പോയോ?”

” ദേ പോക്കിരിത്തരം പറയരുത് അപ്പനാണെന്ന് ഞാൻ നോക്കുകേല. ശ്ശെടാ ഇതിപ്പം കെട്ട് പ്രായം കഴിഞ്ഞിട്ടും ഞാൻ പെണ്ണ് കെട്ടിയിട്ടില്ല അത് നേരാ എന്ന് വെച്ച് നാട്ടിലേയും വീട്ടിലേയും പീഢനക്കേസ് ഒന്നും എൻ്റെ തലയിൽ കെട്ടി വെയ്ക്കാൻ നോക്കണ്ട. അങ്ങനാണേൽ അമ്മച്ചീ അപ്പനേയും സംശയിക്കണ്ടേ. ”

” പ്ഫാ കഴിവേറീടെ മോനെ. നല്ല പ്രായത്തിൽ തോന്നിയിട്ടില്ല എന്നിട്ടാ ഈ വയസ്സാകാലത്ത് .”

” അതെ നന്മള് മൂന്നും കൂടി ഇവിടെ കിടന്ന് തല്ല് പിടിച്ചിട്ട് കാര്യം ഇല്ല. സത്യം അറിയണമെങ്കിൽ അവളോട് തന്നെ ചോദിക്കണം അമ്മച്ചി ആൻസിയെ വിളിക്ക്.”

” അതെ നീ ആ കൊച്ചിനെ ഇങ്ങ് വിളിച്ചേ അപ്പോ അറിയാലോ സത്യം .”

” ആൻസീ മോളെ നീയിങ്ങ് വന്നേടീ .മോള് വിഷമിക്കണ്ട പറ എന്നതാ ഇന്നലെ രാത്രി ഉണ്ടായേ.”

” എനിക്കൊന്നും അറിയില്ല ആൻ്റീ . രാവിലെ എണീറ്റ് മുഖം കഴുകിയപ്പോഴാ ഞാൻ തന്നെ അറിയുന്നേ.”

” കണ്ടോ ഇപ്പോ മനസ്സിലായില്ലേ ഞാനല്ല എന്ന് ഞാൻ അവളുടെ റൂമിൽ കയറിയാൽ അവൾ അറിയില്ലേ. അതും ചുണ്ടൊക്കെ ഇങ്ങനെ കടിച്ച് പൊട്ടിക്കുമ്പോൾ .”

” നീ വല്ല ഉറക്ക ഗുളികയും കലക്കി കൊടുത്തു കാണും പറയെടാ മഹാപാപീ നീ ആ കൊച്ചിനെ വെറെ വല്ലോം ചെയ്തോ?”

” ഇതെന്ത് പരീക്ഷണം ആണെൻ്റെ കർത്താവേ. ആൻസീ നിന്നെ ഞാൻ സ്വന്തം അനിയത്തിക്കൊച്ചയിട്ടാണ് കണ്ടേക്കണേ. നീ ഒന്ന് കൂടി ഒന്ന് ഓർത്ത് നോക്കിയെ ഇന്നലെ രാത്രി എന്നതാ സംഭവിച്ചേന്ന്.”

” ഇല്ല ഷിൻസ് ഇച്ചായാ എനിക്ക് ഒന്നും ഓർമ്മ ഇല്ല രാത്രി ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു.”

” കണ്ടോ ഞാൻ പറഞ്ഞില്ലേ അവൻ വല്ല ഉറക്ക ഗുളികയും കൊടുത്തു കാണും എന്ന്.”

” ആ അങ്ങ് മെഡിക്കൽ സ്റ്റോറിലോട്ട് ചെ മതി ഉറക്കഗുളിക ചാക്കിൽ കെട്ടി തരും മണ്ടത്തരം പറയാതെ അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്കോ .”

” മറിയാമ്മോ നീ ഇങ്ങ് വന്നേടീ.”

” എന്നതാ ഇച്ചായാ.”

” സംഭവിക്കാൻ ഉള്ളത് എന്നതായാലും സംഭവിച്ചു പിള്ളേരല്ലേ പറഞ്ഞിട്ട് കാര്യം ഇല്ല ഇനിയിപ്പോ അതാണ് കർത്താവിൻ്റെ തീരുമാനമെങ്കിൽ അങ്ങനങ്ങ് നടക്കട്ടെ.”

” നിങ്ങളിത് എന്തോന്നാ പറയുന്നത് മനുഷ്യാ.”

” ഞാൻ കറിയാച്ചനോട് പോയി കാര്യങ്ങൾ ധരിപ്പിക്കാം അധികം വൈകാതെ നമ്മുക്ക് ആ കെട്ട് അങ്ങ് നടത്താം ഇനിയിപ്പോ വെറെ വല്ലതും സംഭവിച്ചിട്ടുണ്ടേൽ പേടിക്കണ്ടല്ലോ ?”

” ഇതൊക്കെ നടപടി ആവുന്ന കേസല്ല പിന്നെ കറിയാച്ചൻ സമ്മതിച്ചാലും അന്നമ്മ സമ്മതിക്കും എന്ന് തോന്നുണ്ടോ? ”

” അതൊക്കെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം ഒന്നും ഇല്ലേലും നന്മളൊക്കെ ബന്ധുക്കാരല്ലേ.

പിന്നെ നമ്മുടെ ചെറുക്കനും മോശം ഒന്നും അല്ലല്ലോ ആവശ്യത്തിന് പഠിപ്പും നല്ലൊരു ജോലിയും ഇല്ലേ.”

” എന്നാലും ഇച്ചായാ അവര് സമ്മതിച്ചാലും ആ കൊച്ചിന് ഇഷ്ട്ടാവണ്ടേ.”

” അതൊക്കെ ഇഷ്ട്ടാവും ഇല്ലേൽ ഇത്രയും സംഭവിച്ചിട്ട് അവൾക്ക് വല്ല കുലുക്കവും ഉണ്ടെന്ന് നോക്കിയെ ഒന്ന് കരഞ്ഞ് പോലും ഇല്ല ആ കൊച്ച്.”

” ഹാ അത് നേരാ ഞാനും അത് ശ്രദ്ധിച്ചായിരുന്നു.”

” എന്നാ വാ ആദ്യം ഇതിങ്ങളോട് പോയി കാര്യം പറയാം.”

” അതെ രണ്ടു പേരും ഇങ്ങ് വന്നേ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നലെ സംഭവിച്ചത് എന്ന് അറിയാം നിനക്ക് ഒരു തെറ്റ് പറ്റി നിൻ്റെ അപ്പനും അമ്മയും എന്ന നിലയിൽ ഞങ്ങൾക്ക് ആ തെറ്റ് തിരുത്തണം അതിനിനി ഒരു മാർഗം മാത്രമേയുള്ളൂ നീ ഇവളുടെ കഴുത്തിൽ മിന്നുകെട്ടണം. ”

” അപ്പാ ……”

” അങ്കിളെ…..”

” ഞങ്ങള് രണ്ടും നല്ല പോലെ ആലോചിച്ച് എടുത്തൊരു തീരുമാനം ആണ് ഇതെല്ലാതെ വെറെ ഒരു മാർഗം ഇല്ല ഇനി നിങ്ങള് ആലോചിച്ചിട്ട് ഒരു തീരുമാനം പറ”

” മിന്നുകെട്ടും കല്യാണവും ഒക്കെ അവിടെ നിൽക്കട്ടെ ഞാൻ ഈ കാര്യത്തിൽ നിരപരാധിയാണ് സത്യം എന്തായാലും അത് അറിഞ്ഞേ പറ്റൂ .

” ഇവനിത് പിന്നെം .”

“ആൻസി നീ ഒന്ന് കൂടി ഒന്ന് ആലോചിച്ച് പറഞ്ഞേ രാത്രി ഉറങ്ങാൻ പോകുമ്പോൾ നീ കതക് അടച്ചായിരുന്നോ? ”

“ആ കതക് അടച്ച് കുറ്റിയിട്ടായിരുന്നു. ”

“രാവിലെ എണീക്കുമ്പോൾ കതക് തുറന്നാണോ കിടന്നത്. ”

“അല്ല രാവിലെ ഞാനാ കതക് തുറന്നത്.”

“ഉറപ്പാണേ. ”

“ആ അതെ അതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്.”

” ഇനി അപ്പച്ചനും അമ്മച്ചിയും ഒന്ന് ആലോചിച്ച് നോക്ക് കതക് കുറ്റിയിട്ട റൂമിനകത്ത് ഞാൻ എങ്ങനെ കയറാനാ അഥവാ കതക് കുത്തി തുറന്ന് അകത്ത് കയറിയാൽ തന്നെ പിന്നെ എങ്ങനെ ആ കതക് അടച്ച് കുറ്റിയിട്ട് ഞാൻ പുറത്ത് ഇറങ്ങും ‘”

“അത് നേരാണല്ലോ .”

” അതല്ലേ ഞാൻ ആദ്യം മുതലേ പറയുന്നേ ഇത് ഞാൻ ചെയ്തതല്ലാന്ന് നിങ്ങൾക്ക് എന്നെ ഇത്രം വിശ്വാസം ഇല്ലേ.”

” ഇനി ഉറക്കത്തിൽ എങ്ങാനും കട്ടിലിൽ നിന്ന് താഴെ വീണോ നീ കൊച്ചേ. ?”

” അത് എനിക്ക് അറിഞ്ഞൂടാ ആൻ്റീ പിന്നെ രാത്രി ഉറക്കത്തിൽ എണീറ്റ് നടക്കുന്ന ഒരു അസുഖം ഉണ്ട് എനിക്ക്.”

” അങ്ങനെ പണ ജഗതി മറ്റേ സിനിമയിൽ പറയുന്ന പൊലെ ഇവൾക്ക് സോമനാംബുലിസം ആണ് .

രാത്രി ഉറക്കത്തിൽ എണീറ്റ് നടന്ന് നേരെ ചെന്ന് ഭിത്തിയിൽ ഇടിച്ച് ചുണ്ട് പൊട്ടി അത്രള്ളൂ കാര്യം”

” എൻ്റെ കർത്താവേ ഇതിനാണോ ഞാനെൻ്റെ കൊച്ചിനെ ചുമ്മാ ഇത്രം സംശയിച്ചേ. ”

” അമ്മച്ചീ .”

” സാരല്ലെടാ മോനെ അമ്മച്ചി ചെറുതായിട്ട് ഒന്ന് തെറ്റിദ്ധരിച്ച് പോയി.”

” ഹോ എന്തായാലും സത്യം തെളിഞ്ഞല്ലോ എനിക്ക് അത് മതി ഹാ പിന്നെ അമ്മച്ചീ ഒരു മിനിറ്റ് ഒന്ന് ഇങ്ങ് വന്നേ.”

” എന്നതാടാ .”

” സംഭവം ഞാനും കുറെ പെണ്ണ് കണ്ട് നടന്നതല്ലേ ഒന്നും നടന്നില്ല ഇത് കർത്താവായിട്ട് കൊണ്ടു തന്ന വഴിയാ അപ്പനോട് ഒന്ന് സംസാരിക്കാൻ പറ അമ്മച്ചീ .”

” ആഹാ അപ്പോ നിൻ്റെ മനസ്സിലും അങ്ങിനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു അല്ലേ. ഹാ നടന്നു കിട്ടിയാൽ ഭാഗ്യം .”

” അപ്പൻ സംസാരിച്ചാൽ അതൊക്കെ നടക്കും അമ്മച്ചിയൊന്ന് അങ്ങോട്ട് ചെല്ല്.”

” ഉം.”

” ടീ ആൻസി ഒന്ന് ഇങ്ങ് വന്നേ.”

” എന്നതാ ഇച്ചായാ.”

” ടീ പുല്ലേ നിന്നോട് ആരാ പറഞ്ഞ് ആ മുറിഞ്ഞ ചുണ്ടും വെച്ച് കാലത്ത് തന്നെ അമ്മച്ചിയുടെ മുൻപിൽ പോയി നിൽക്കാൻ .”

” പിന്നെ മുറിഞ്ഞ ചുണ്ടില് ഞാനെന്താ ഇൻസുലേഷൻ ടേപ്പ് വെച്ച് ഒട്ടിക്കണോ ? രാവിലെ തന്നെ എൻ്റെ മുഖത്തോട്ട് നോക്കിയതും അമ്മച്ചി കർവിച്ച് ഒരു പോക്കാ പിന്നെ ഞാൻ എന്നാ ചെയ്യാനാ.”

” ഹോ ഒരു വിധത്തിലാണ് രക്ഷപ്പെട്ടത് ഇല്ലേൽ ആകെ നാറ്റക്കേസ് ആയെനെ.”

” ആ അതൊക്കെ രാത്രി റൂമില് വന്ന് പരാക്രമം കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.”

” എന്തായാലും അതുകൊണ്ട് ഇപ്പോ ഗുണം മാത്രമല്ലേ ഉണ്ടായൊള്ളൂ ചുളുവിൽ നന്മുടെ കല്യാണക്കാര്യം സെറ്റായില്ലേ.”

” ഹോ ഈ ഇച്ചായൻ്റെ ഒരു കുരുട്ടു ബുദ്ധി.”

” പിന്നെ ഞാനാരാ മോൻ ഷിൻസ് മാത്യൂ എന്നാ സുമ്മാവാ അപ്പോ അടുത്തത് ഇനി പള്ളീല് വെച്ച് നമ്മുടെ മനസ്സമതവും മിന്നുകെട്ടും.”

” മനസ്സമതം ഒക്കെ നേരത്തെ കഴിഞ്ഞതല്ലേ ഇനി ആ മിന്നു കെട്ട് അങ്ങ് നടത്തിയാൽ പോരെ.”

” നീ വെപ്രാളപ്പെടല്ലേ. പയ്യേ തിന്നാൽ പനയും തിന്നാം”

“എന്തോ എങ്ങനെ”

” പയ്യേ തിന്നാൽ പനയും തിന്നാം എന്ന്.”

( രണ്ടു പേരും ചിരി )

ശുഭം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സനൽ SBT (കുരുവി )