മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങിപോകുമ്പോൾ മോൾക്ക് രണ്ടു വയസ്സ് തികയുന്നെ ഉണ്ടായിരുന്നുള്ളു.

രചന : Jishanth Konolil

വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം. മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങിപോകുമ്പോൾ മോൾക്ക് രണ്ടു വയസ്സ് തികയുന്നെ ഉണ്ടായിരുന്നുള്ളു.

രാവിലെ എണീക്കുമ്പോൾ മൊബൈലിലേക്ക് വന്ന ഒരു മെസ്സേജ് “ഞാൻ എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു. ദയവായി ശല്യം ചെയ്യരുത്” എന്നായിരുന്നു. തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച്‌ ഓഫ്‌. പെട്ടന്നുള്ള ആ ഷോക്കിൽ ഞാൻ എന്തു ചെയ്യണം എന്നറിയാതെ നിശ്ചലനായി.

മോള് എണീറ്റ് കരയാൻ തുടങ്ങിയപ്പോഴാണ് മനസ്സിന് യാഥാർഥ്യത്തെ തിരിച്ചറിയാനായത്.

അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചെങ്കിലും അവർക്കും വന്നത് ഇതേ മെസ്സേജ് തന്നെയായിരുന്നു.

വൈകാതെ അവളുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വരികയും ചെയ്തു.

കാര്യം അറിഞ്ഞവർ വന്ന് വീട് നിറഞ്ഞു. റൂമിൽ നിന്നും പുറത്തിറങ്ങാതെ രണ്ടു ദിവസം ഭക്ഷണം പോലും ഇല്ലാതെ കഴിച്ചുകൂട്ടുമ്പോൾ ഒരു മരണവീടിന്‌ തുല്യമായിരുന്നു ഇവിടം. അവൾക്കിത് എങ്ങിനെ സാധിച്ചു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

ദിവസങ്ങൾ കഴിഞ്ഞു പോയെങ്കിലും മാറാല പിടിച്ച ഓർമകളിൽ നിന്നും എനിക്ക് മോചിതനാകാൻ കഴിഞ്ഞില്ല. “കൊച്ചിന്റെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട അവളെ ഞങ്ങൾ നോക്കിക്കോളം…”

എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാതെ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.

“ഇല്ല അച്ഛാ… എനിക്ക് അവളെ കുറിച്ച് ഒരു വിഷമവും ഇല്ല. അവള് ചിരിക്കുന്നത് അച്ഛൻ കണ്ടില്ലേ…. ദയവായി അവളെകൂടി നിങ്ങൾ എന്റെ അടുത്തുനിന്നും തട്ടിപ്പറിച്ചെടുക്കരുത്.

രണ്ടു ദിവസം നിന്ന് അവരും വീട്ടിലേക്ക് പോയപ്പോൾ ഇവിടെ ഞാനും മോളും മാത്രമായിപ്പോയി.

രാവിലെ അവളെ അനിയന്റെ വീട്ടിലാക്കി പണിക്ക് പോകുമ്പോൾ ആദ്യമൊക്കെ വല്യ വിഷമമായിരുന്നു

പക്ഷെ അവർക്കവൾ സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു.

ചെറുപ്പത്തിലൊക്കെ ‘അമ്മ… ‘അമ്മ..എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവൾ ആ വാക്ക് പറയാതെയായി.

ഒരു പക്ഷെ അവൾക്ക് മനസ്സിലായിക്കാണും ‘പെറ്റിട്ടു പോയാൽ ഒരു സ്ത്രീയും അമ്മയാകില്ല എന്ന്.

കളിയും ചിരിയുമായി വളർന്ന് വന്നപ്പോൾ അവൾ ചോദിക്കാതെ തന്നെ ഞങ്ങളുടെ ജീവിത കഥ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു.

കാര്യങ്ങളൊക്കെ അവളുടെ അമ്മമ്മ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു.ഒഴിവ് ദിവസങ്ങളിൽ വല്ലപ്പോഴും അവൾ അവിടെ പോകാറുണ്ട്.

എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ചോദിക്കാതിരുന്നതാണ്.

ഓർമകൾക്ക് ഒരു മങ്ങലും ഏൽക്കാതെ കാലം ഒരുപാട് സഞ്ചരിച്ചിരിക്കുന്നു.

“അഞ്ജലിയുടെ കൂടെയുള്ളവർ ആരാ…….

നഴ്‌സിന്റെ ചോദ്യം കേട്ടപാതി മരുമകൻ അങ്ങോട്ട്‌ചെന്നു.

“പെൺകുഞ്ഞാണ്. ”

അവൻ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു.

ജീവിതം സഫലമായിരിക്കുന്നു….

നേടാനുള്ളതെല്ലാം നേടി, നഷ്ടങ്ങളെ വിധിക്ക് വിട്ടുകൊടുക്കുമ്പോൾ

ഒരു ആഗ്രഹം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നൊള്ളു. മകളെ ആണൊരുത്തന് കൈ പിടിച്ചേല്പിക്കണം.

ആഗ്രഹത്തിനുമപ്പുറം കിട്ടിയ ഈ ഇരട്ടി മധുരമുള്ള സന്തോഷത്തിന് ദൈവത്തോട് നന്ദി പറയുന്നു.

അവസാനമായി ഉപേക്ഷിച്ച് പോയവളെ ഒന്ന് കാണണമെന്നുണ്ട്.

തോൽപ്പിക്കാൻ ശ്രമിച്ചവൾക്കു മുമ്പിൽ തലയുയർത്തി നിന്നുകൊണ്ട് ഒന്ന്‌ ചിരിക്കണം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jishanth Konolil