ഈ വീടും പറമ്പും അവൾക്കു കൊടുത്തേയ്ക്ക് എട്ടാ.. നമുക്കൊരു ചെറിയ വീടെടുത്തു മാറാം..

രചന : Sudhi P

പണക്കാരിപ്പെണ്ണ്

❤❤❤❤❤❤❤❤

ഒരു വല്യ വീട്ടിലെ പണക്കാരിപ്പെണ്ണാണ് എന്റെ ഭാര്യയായി കെട്ടിക്കേറി വരുന്നതെന്നറിഞ്ഞപ്പോൾ മുതലുള്ള പേടിയാണ് അമ്മയും പെങ്ങളും അവളുടെ കാൽക്കീഴിലാകുമോയെന്ന്.

വിവാഹം കഴിക്കുന്നുവെങ്കിൽ അത് പത്തു പൈസ സ്ത്രീധനം വാങ്ങിയാകരുതെന്ന്പണ്ടേ മനസ്സിൽ കണക്കു കൂട്ടിയിരുന്നതാണ്.

ആ കണക്കുകൂട്ടലാണ് എന്നെ പെറ്റു പോറ്റി വളർത്തിയ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി ഞാൻ തെറ്റിക്കുന്നത്.

അമ്മയ്ക്ക് അസുഖമായത് പെട്ടെന്നായിരുന്നു.

കുട്ടിക്കാലത്തു അച്ഛൻ മരിച്ചതിൽ പിന്നെ ഞങ്ങളെ കഷ്ടപ്പെട്ടു വളർത്തിയ അമ്മയെ പഴയപടി തിരിച്ചു കൊണ്ടുവരാൻ ലക്ഷങ്ങൾ വേണമെന്നാണ് ഡോക്ടറും വിധിയെഴുതി.

അതിനിടയിൽ സഹകരണ ബാങ്കിൽ നിന്നുള്ള നോട്ടീസും കൂടി ആയപ്പോൾ അടിയന്തിരമായി വേണ്ട ലക്ഷങ്ങളുടെ എണ്ണം വീണ്ടും കൂടി.പോരാഞ്ഞിട്ട് കെട്ടുപ്രായം തികഞ്ഞ പെങ്ങളും.

PSC വഴി എൽ.ഡി ക്ലാർക്കിന്റെ ജോലി കിട്ടിയിട്ട് മാസം ഒന്നു തികഞ്ഞിട്ടില്ല. അതിനിടയിൽ ഇടിത്തീ പോലെ വന്നുപെട്ട ഈ ലക്ഷങ്ങളുടെ ആവശ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കാനേ എനിക്കായുള്ളൂ.

അങ്ങനെയാണ് കൊമ്പത്തു നിന്നുള്ള ഈ ആലോചനയ്ക്ക് കണ്ണുമടച്ച് എനിക്ക് സമ്മതിക്കേണ്ടി വന്നത്. എനിക്കു വേറെ വഴിയില്ലായിരുന്നു എന്നു പറയുന്നതാകും ശെരി.

അവർക്ക് വലിയ നിർബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചൊവ്വാദോഷക്കാരിയായ അവൾക്ക് ചൊവ്വാദോഷമുള്ള ചെക്കനെ വേണം പിന്നെ ചെക്കനു സർക്കാർ ജോലിയും നല്ല സ്വഭാവവും വേണം. കാഴ്ചയിലും മോശമാകരുത്.

അങ്ങനെയാണ് ഈ നറുക്ക് ചൊവ്വാദോഷക്കാരനായ എനിക്കു വീണത്. ഒരു പക്ഷെ ഈ വിവാഹത്തോടെ ഞാനൊരു ഭർത്താവുദ്യോഗസ്ഥൻ ആയേക്കാം.

ചില പണക്കാരി പെമ്പിള്ളേർക്ക് കൂടെ കൊണ്ടു നടക്കാനും സാരിത്തുമ്പിൽ കെട്ടിയിടാനും ആയി ഭർത്താക്കൻമാരെ വിലക്കെടുക്കാറുണ്ടല്ലോ.

എന്നാലും അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി എന്തു വേഷം കെട്ടാനും ഞാൻ തയ്യാറായിരുന്നു.

താമസിയാതെ വിവാഹം നടന്നു. വലിയ സൗകര്യങ്ങളിലും സുഖത്തിലും കഴിഞ്ഞ അവൾ എന്റെ ചെറിയ വീടിനോടും പരിഷ്കാരം തൊട്ടു തീണ്ടാത്ത വീട്ടുകാരോടും പൊരുത്തപ്പെടുമോ എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ.

പക്ഷെ കെട്ടിക്കേറിവന്ന അന്നു മുതൽ എന്റെ സങ്കൽപങ്ങളെയെല്ലാം അവൾ പൊളിച്ചെഴുതി.

ശീതീകരിച്ച വലിയ കിടപ്പുമുറിയിലുറങ്ങിയിരുന്ന അവൾ എന്റെ വീട്ടിലെ കുടുസുമുറിയിൽ യാതൊരു പരിഭവവുമില്ലാതെ ചുരുണ്ടുകിടന്നു.

രണ്ടും മൂന്നും ജോലിക്കാരുള്ള വീട്ടിൽ നിന്നു വന്ന അവൾ എന്റെ വീട്ടിലെ പൊടിയും കരിയും നിറഞ്ഞ അടുക്കളയിലെ ചൂടിൽ എന്റെ അമ്മ ചെയ്തിരുന്ന ജോലികളൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

നേരം പുലരും മുൻപെ എഴുന്നേറ്റ് പിന്നാമ്പുറത്തെ പുകയുന്ന വിറകടുപ്പിൽ ഓരോന്നു വച്ചുണ്ടാക്കുന്ന അവൾ സ്ഥിരം കാഴ്ചയാണ്.സന്ധ്യയ്ക്ക് അച്ഛന്റെ അസ്ഥിത്തറയിൽ വിളക്കു വച്ചു പ്രാർത്ഥിക്കുന്ന അവളിൽ എന്റെ അമ്മയെ തന്നെയാണ് ഞാൻ കണ്ടത്.

അമ്മയുടേയും പെങ്ങളുടേതുമുൾപ്പടെ വീട്ടിലെ മുഷിഞ്ഞ തുണികളെല്ലാം തോട്ടുവക്കത്തെ കല്ലിൽ തല്ലി കഴുകിയും അമ്മ നോക്കിയിരുന്ന പശുക്കളെ നോക്കിയും തൊഴുത്തിലെ ചാണകം വാരിയും അവളൊരു നാട്ടിൻപുറത്തുകാരി വീട്ടമ്മയായി മാറിയിരുന്നു.

അമ്മായിയമ്മയോടും നാത്തൂനോടും പോരെടുക്കുമെന്നു ഞാൻ ഭയന്ന എന്റെ ഭാര്യ അമ്മയ്ക്കൊരു മകളും പെങ്ങൾക്കൊരു നല്ല ഏട്ടത്തിയുമാകുന്നതു ഞാൻ കണ്ടറിഞ്ഞു.

എന്നെ ഭർത്താവുദ്യോഗസ്ഥനാക്കും എന്നു ഞാൻ കരുതിയ അവൾ ഒരു ഭർത്താവെന്നതിനുമെത്രയോ അപ്പുറം സ്നേഹവും കരുതലും എനിക്കു തരുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

വെറുതെയൊരു കലഹമുണ്ടാകണ്ട എന്നു കരുതി കല്യാണം കഴിഞ്ഞുള്ള എന്റെ ആദ്യ ശമ്പളം അവളെ ഏൽപ്പിച്ചപ്പോൾ അതെന്നെക്കൊണ്ട് അമ്മയുടെ കയ്യിൽ തന്നെ കൊടുപ്പിച്ചതും അവളായിരുന്നു.

അമ്മയുടെ ഒപ്പറേഷനും മറ്റുമായി സ്ത്രീധനം കിട്ടിയ പണം ചെലവാക്കുമ്പോൾ അവൾ കെറുവിക്കുമോ എന്നു ഞാൻ ഭയന്നെങ്കിലും

“നമുക്കുള്ളതു മൊത്തം ചെലവാക്കിയാലും അമ്മയെ കിട്ടിയാൽ മതി ഏട്ടാ…” എന്നവൾ നിറഞ്ഞ കണ്ണുകളോടെ പറയുമ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞിരുന്നു.

ഒപ്പറേഷൻ കഴിഞ്ഞ്,ഡോക്ടർ കിടക്കയിൽ പൂർണ്ണ വിശ്രമം പറഞ്ഞ അമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നഴ്സിനെ വീട്ടിൽ നിർത്താൻപോയ എന്നെ അവൾ തടഞ്ഞു.

അമ്മയുടെ എല്ലാ കാര്യങ്ങളും എന്റെ പെങ്ങളേക്കാൾ നന്നായി അവൾ തന്നെ നോക്കി.

അമ്മയെ കൂളിപ്പിക്കാനും വസ്ത്രങ്ങൾ മാറ്റാനും എന്തിനേറെ മലമൂത്രങ്ങൾ എടുക്കാൻ പോലും അവൾ മടിച്ചില്ല.ഉറങ്ങാതെ അമ്മയ്ക്കു കാവലിരിക്കുന്ന അവളെ ഞാൻ പല തവണ കണ്ടിട്ടുണ്ട്.

ഭക്ഷണവും മരുന്നും സനേഹവും വേണ്ടുവോളം അവളമ്മയ്ക്ക് നല്കി.കുറച്ചു നാളുകൾക്കപ്പുറം വേച്ചു വേച്ചു നടന്നു തുടങ്ങിയ എന്റെ അമ്മയെ താങ്ങി നടത്തിയതും പഴയപടി ജീവിതത്തിലേക്ക് കൊണ്ടുവന്നതും അവളായിരുന്നു.

അധികം താമസിയാതെ അത്യാവശ്യം നല്ല ഒരു കുടുംബത്തിൽ നിന്നും പെങ്ങൾക്ക് വിവാഹമുറച്ച സമയം…

ചെറുക്കന്റെ വീട്ടുകാരുടെ അന്തസ്സിനു ചേരുംവണ്ണം പെങ്ങൾക്ക് സ്ത്രീധനത്തിനായി നെട്ടോട്ടമോടിയ എന്നോട് ” ഈ വീടും പറമ്പും അവൾക്കു കൊടുത്തേയ്ക്ക് എട്ടാ… എന്റെ കുറച്ചു സ്വർണമൊക്കെ വിറ്റ് നമുക്കൊരു ചെറിയ വീടെടുത്തു മാറാം…..” എന്നവൾ പറഞ്ഞപ്പോ ഞാനവളെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി.

ഉണ്ടായിരുന്ന വീടും പറമ്പും പെങ്ങൾക്കു നല്കി അന്തസ്സായി അവളെ കെട്ടിച്ചയച്ചു ഞങ്ങളൊരു ചെറിയ വീട്ടിലേക്ക് മാറി.

ഇന്നാ ചെറിയ വീടിന്റെ ഉമ്മറത്ത് കാലിയായ കയ്യും കഴുത്തുമായി എന്റെ അമ്മയുടെ കാലും തടവിക്കൊടുത്തുകൊണ്ടിരിക്കുമ്പോഴും അവൾക്ക് പതിവുള്ള ഒരു പുഞ്ചിരിയല്ലാതെ യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല… (ഒരു സാങ്കൽപിക കഥ)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sudhi P