രാജീവേട്ടാ, എനിക്ക് ആവില്ല ചേട്ടനെ പിരിഞ്ഞിരിക്കാൻ. ചേട്ടൻ ഇങ്ങോട്ടു തിരിച്ചു വരൂ…

രചന : Omesh Thyparambil

കല്ല്യാണപ്പിറ്റേന്ന്

❤❤❤❤❤❤❤❤❤

“നന്നായി , നിന്റെ ഈ നല്ല സ്വഭാവങ്ങൾ ഇനിയും മാറ്റിയില്ലെങ്കിൽ കല്യാണപ്പിറ്റേന്ന് തന്നെ അവര് നിന്നെ ഇങ്ങോട്ട് ഓടിച്ചു വിടും” .

എട്ടു മണി വരെയുള്ള തന്റെ ഉറക്കം കണ്ടിട്ടാണ് അമ്മയുടെ കളിയാക്കൽ എന്ന് മനസ്സിലാക്കിയ അനു മുഖത്തു നിന്നും പുതപ്പ് മാറ്റി .

“പറഞ്ഞു വിട്ടോട്ടെ , എനിക്കെന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നാൽ മതി . ഞാൻ അല്ലെങ്കിലും പറഞ്ഞതല്ലെ , എനിക്ക് ഇപ്പോഴൊന്നും കല്ല്യാണം വേണ്ടായെന്ന് . പഠിത്തം പൂർത്തിയാക്കി ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ടു പോരായിരുന്നോ , ഈ കല്ല്യാണവും കളവാണവും” .

അനുവിന്റെ കണ്ണുകളിൽ അതു പറയുമ്പോൾ ചെറിയൊരു നിരാശ നിഴലിച്ചിരുന്നു .

“ഉവ്വ് , നിനക്കെല്ലാം അങ്ങനെ പറഞ്ഞാൽ മതിയല്ലോ , പെൺമക്കൾ കെട്ടു പ്രായമാകുമ്പോൾ അച്ഛനമ്മമാരുടെ നെഞ്ചിലെ തീയ് നിനക്കിപ്പോൾ മനസ്സിലാവില്ല , അതിന് നീയും ഒരു അമ്മയാവണം . എത്രയിടത്ത് ഓടിയിട്ടാണ് നിന്റെ അച്ഛൻ , ആ പാവം മനുഷ്യൻ കല്യാണത്തിനുള്ള കാശ് തരാക്കിയത് എന്നറിയാമോ ? .

അല്ലെങ്കിൽ തന്നെ കിട്ടാവുന്നതിൽ നല്ലൊരാലോചനയല്ലെ വന്നത് .

ചെറുക്കന് അത്ര പഠിത്തമൊന്നും ഇല്ലെങ്കിലും ഗൾഫിൽ നല്ല ജോലി , നല്ല സ്വഭാവം , അന്തസായി കുടുംബം നോക്കുന്നവൻ . നീ നന്നായി ജീവിച്ചു കാണണമെന്നേ ഉള്ളൂ ഞങ്ങൾക്ക് ” .

അതു പറഞ്ഞു നിർത്തിയപ്പോൾ അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .

“ഗൾഫുകാരൻ എന്ന ഒരു പ്ലസ് പോയിന്റു കൊണ്ടു മാത്രമാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് . അതാകുമ്പോൾ ഒന്നു രണ്ട് വർഷം കൂടുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് സഹിച്ചാൽ മതിയല്ലോ , എനിക്കെന്റെ പഠിത്തം പൂർത്തിയാക്കുകയും ചെയ്യാം ” .

കുറച്ചു ദിവസം മുന്നേ കല്യാണത്തിനായി ലീവിനു വന്നപ്പോൾ ആണ് അനു രാജീവനെ നേരിട്ടു കാണുന്നത്

കല്യാണ നിശ്ചയത്തിനു ശേഷം ഒരു ദിവസം ഫോ*ണിൽ സംസാരിച്ചപ്പോൾ ഉണ്ടായിരുന്ന ആ വിറയൽ അവന്റെ വാക്കുകളിൽ അപ്പോഴും ഉണ്ടായിരുന്നു . അവന്റെ ശുദ്ധ മനസ്കത വാക്കുകളിലൂടെ അനുവിന് മനസ്സിലായിരുന്നു .

അമ്മ പറഞ്ഞതു പോലെ ഇതു കിട്ടാവുന്നതിൽ നല്ലൊരു ആലോചനയാണെന്ന് അവൾക്കും അറിയാമായിരുന്നു .

രാജീവൻ ഗൾഫിൽ വെൽഡറാണ് , പോയ ആറു വർഷങ്ങൾക്കുള്ളിൽ തന്നെ ഒരേയൊരു പെങ്ങളെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടു , ഒരു വീടും വച്ചു . അദ്ധ്വാനിക്കുന്നതിനും , കുടുംബം പോറ്റുന്നതിനും മടിയില്ലാത്തവൻ .

കൂലിപ്പണിക്കാരന്റെ മകളായ തന്നെ കാശും പൊന്നുമില്ലാതെ തന്നെ കെട്ടാൻ തയ്യാറായതു തന്നെ ഒരു മഹാഭാഗ്യമായാണ് അച്ഛനും അമ്മയും കാണുന്നത് .

വിവാഹ ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു ,

അമ്മ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു . അതു കൊണ്ടു തന്നെ അവരുടെ മുഖത്ത് ഒന്നു കൂടെ നോക്കാതെ അവൾ യാത്ര പറഞ്ഞിറങ്ങി ,

നോക്കിയാൽ തന്റെയും നിയന്ത്രണം നഷ്ടമായേക്കും എന്നവൾക്ക് അറിയാമായിരുന്നു .

വലതു കാൽ വച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു ഒറ്റപ്പെടൽ അവൾക്കു തോന്നി . ഇത്രയും നാളും പരിചയിച്ച സ്വന്തങ്ങളേയും ബന്ധങ്ങളേയും പിരിഞ്ഞു തീർത്തും അന്യമായ ഒരിടത്തിൽ , അവൾക്ക് ശ്വാസം മുട്ടുന്നതു പോലെ അനുഭവപ്പെട്ടു .

മറ്റുള്ളവരുടെ കളി ചിരികളും തമാശകളും അവളിൽ യാതൊരു സന്തോഷവും ഉണ്ടാക്കിയില്ല . എങ്കിലും കൃത്രിമമായ ഒരു പുഞ്ചിരി മുഖത്ത് വരുത്തുവാനായി അവൾ ശ്രമിച്ചിരുന്നു .

കിടപ്പു മുറിയിൽ രാജീവനായി കാത്തിരിക്കുമ്പോൾ വല്ലാത്തൊരു ഭീതി അവളുടെ മനസ്സിനെ മദിച്ചിരുന്നു . ഇത്രയും നാളും ധീരയാണെന്ന് സ്വയമുള്ള ധാരണ തെറ്റായിരുന്നെന്ന് അവൾക്ക് തോന്നി .

തന്നേക്കാൾ ഭയത്തോടെയാണ് രാജീവൻ മുറിക്ക് അകത്തേക്ക് വന്നതെന്ന് കണ്ടപ്പോഴാണ് അനുവിന് അൽപ്പം ഒരാശ്വാസമായത് .

അവൾക്കായി ഗൾഫിൽ നിന്നും കൊണ്ടു വന്ന സമ്മാനങ്ങൾ ഓരോന്നായി അവൻ അവളെ എടുത്തു കാട്ടി . അതിലൊന്നും അവൾ വലിയ താൽപ്പര്യം കാട്ടിയില്ല . ധൈര്യം സംഭരിച്ച് മനസ്സിലുള്ള കാര്യം അവൾ രാജീവനോട് തുറന്നു പറഞ്ഞു .

“ഈ സമ്മാനങ്ങളേക്കാൾ എനിക്ക് വലുത് എന്റെ പഠനം പൂർത്തിയാക്കുക എന്നതാണ് , പഠിച്ച് ഒരു ജോലി സമ്പാദിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം”.

അതു പറഞ്ഞതിനു ശേഷം അവന്റെ മുപടിക്കായി അനു മുഖമുയർത്തി രാജീവനെ നോക്കി .

“ചെറുപ്പത്തിലെ അച്ഛൻ തളർന്നു കിടപ്പായതോടെ വീട്ടുജോലികൾക്കു പോയാണ് അമ്മ ഞങ്ങളെ വളർത്തിയത് . പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ പാസ്സായിട്ടും വീട്ടിലെ അവസ്ഥ എന്നെ തുടർന്നു പഠിക്കാൻ അനുവധിച്ചില്ല . പഠിക്കാനാവാത്തതിന്റെ ദുഖം തന്നിലൂടെ എങ്കിലും നികത്താനായാൽ എനിക്ക് സന്തോഷമേ ഉള്ളൂ” .

അവന്റെ മറുപടി അനുവിൽ എന്തെന്നില്ലാത്ത ഒരു ആനന്ദം നിറച്ചു . അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

അമ്മയുടെ ഉപദേശം കൊണ്ടോ , സ്വയമേ തോന്നിയിട്ടോ അവൾ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറി . സ്വന്തം കൈ കൊണ്ടുണ്ടാക്കിയ ചായ എല്ലാവരെയും വിളിച്ചുണർത്തി കൊടുത്തപ്പോൾ അതും അവളിൽ ഒരു നവ അനുഭൂതി ഉണ്ടാക്കി .

സന്തോഷം മാത്രം നിറഞ്ഞ ആ ഒരു മാസം മണിക്കൂറുകൾ പോലെ നീങ്ങിയതായാണ് അവൾക്ക് തോന്നിയത് . നാളെ തന്റെ രാജീവേട്ടൻ തിരികെ മണലാരണ്യത്തിലേക്ക് മടങ്ങുകയാണെന്ന് ഓർത്തപ്പോൾ അവൾക്ക് മനസ്സിൽ ഒരു നീറ്റലുണ്ടായി . എങ്കിലും അവൾ അതു പുറമെ കാട്ടിയില്ല .

നേരം പുലരുവോളം ഉറങ്ങാതെ അവർ തങ്ങളുടെ സ്നേഹവും , സ്വപ്നങ്ങളും പങ്കിട്ടു . ഇടയ്ക്ക് അറിയാതെ മനസ്സിന്റെ വിങ്ങൽ അണ പൊട്ടിയപ്പോൾ അവൾ രാജീവൻ കാണാതെ ഇരുട്ടിന്റെ മറയിൽ ആ നീർമുത്തുകൾ തുടച്ചു നീക്കി .

യാത്ര പറഞ്ഞ് തിരിഞ്ഞു നോക്കി നോക്കി അവൻ എയർപോർട്ടിനുള്ളിലേക്ക് മറഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ എന്തോ വന്ന് നിറഞ്ഞ് ശ്വാസം തടസ്സപ്പെടുത്തുന്നതു പോലെ അനുവിന് തോന്നി ,

കണ്ണുകളിൽ ഇരുട്ടു വന്നു നിറഞ്ഞപ്പോൾ അവൾ കുഴഞ്ഞ് താഴേക്ക് വീണു .

കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ കട്ടിലിൽ ആയിരുന്നു .

” രാജീവൻ അവിടെ എത്തിയിട്ട് ഇപ്പോൾ വിളിച്ചിരുന്നു , മോളേ തിരക്കിയപ്പോൾ അവനെ വിഷമിപ്പിക്കാതിരിക്കാൻ കുളിക്കുവാണെന്ന് ഞാൻ കള്ളം പറഞ്ഞു . മോളോട് അങ്ങോട്ട് തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട് ” .

രാജീവന്റെ അമ്മ അവളുടെ കൈയ്യിൽ ഫോൺ ഏൽപ്പിച്ചിട്ട് മുറിക്ക് പുറത്തേക്കിറങ്ങി . ഫോൺ കൈയ്യിൽ വച്ച് അൽപ്പനേരം അവൾ ചിന്തയിലാണ്ടു

ഒരു ഗൾഫുകാരനെ കല്ല്യാണം കഴിച്ചാൽ ഒന്നോ രണ്ടോ മാസം ശല്യം സഹിച്ചാൽ മതിയല്ലോ എന്നോർത്തിരുന്ന തനിക്കെന്താണ് സംഭവിച്ചത് .

ഒരു മാസം മുന്നേ വരെ തന്റേടിയായിരുന്ന താൻ ഇരുപത് കൊല്ലം വളർത്തി വലുതാക്കി , സ്നേഹവും വാത്സല്യവും തന്നു വളർത്തിയ മാതാപിതാക്കളെ വിട്ടു പിരിഞ്ഞപ്പോൾ പോലും ഒരു തുള്ളി കണ്ണുനീർ പൊടിക്കാതിരുന്ന തനിക്കെന്താണ് ഈ ഒരു മാസം കൊണ്ടു പറ്റിയത് .

അവൾ ഫോൺ വിളിച്ച് സംസാരിച്ചപ്പോൾ എത്ര നീയന്ത്രിച്ചിട്ടും അറിയാതെ പൊട്ടിപ്പോയി .

” രാജീവേട്ടാ , എനിക്ക് ആവില്ല ചേട്ടനെ പിരിഞ്ഞ് ഒരു നിമിഷം പോലുമിരിക്കാൻ . ചേട്ടൻ ഇങ്ങോട്ടു തിരിച്ചു പോര് , നമുക്ക് ഇവിടെ എന്തെങ്കിലും ചെറിയ ജോലി ആണെങ്കിലും ചെയ്തു ജീവിക്കാം”

അവൾ അതു പറഞ്ഞ് പൊട്ടിക്കരഞ്ഞു പോയി .

” അനു , നിന്നെ പിരിഞ്ഞു പോരാൻ എനിക്കും താൽപ്പര്യം ഉണ്ടായിട്ടല്ല . നാട്ടിൽ എന്തെങ്കിലും ചെറിയ ജോലി ചെയ്തു ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട് . പക്ഷെ നമ്മൾ നമ്മുടെ മാത്രം കാര്യം നോക്കിയാൽ പോരല്ലോ .

നമ്മുടെ കുടുംബം , നമ്മുടെ മക്കൾ , അവരുടെ ഭാവി , അതെല്ലാം ഓർത്താണ് ഓരോ പ്രവാസിയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് , പ്രാണൻ നാട്ടിലും , ശരീരം ഈ മണലാരണ്യത്തിലുമായി കഷ്ടപ്പെടുന്നത് . അങ്ങനെയുള്ള ലക്ഷക്കണക്കിനു പ്രവാസി ഭാര്യമാരിൽ ഒരുവൾ മാത്രമാണ് നീ ,

നമ്മുടെ നല്ല നാളേക്കായി നമുക്ക് പലതും ത്യജിക്കേണ്ടി വരും ” .

രാജീവന്റെ ആ വാക്കുകൾ അനുവിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്ന നീർത്തുള്ളികളെ വിരൽ തുമ്പെന്നവണ്ണം തുടച്ചു മാറ്റി .

മറ്റൊരു അവധിക്ക് അവൻ തിരിച്ചു വരുന്നതും കാത്ത് എല്ലാ പ്രവാസി ഭാര്യമാരെ പോലെയും അനുവും കാത്തിരുന്നു .

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Omesh Thyparambil