മുത്തേ, നീയെന്നെയൊന്ന് വിളിക്കാമോ, ഭർത്താവ് ഉള്ളപ്പോൾ വേണ്ട. അയാൾക്ക് സംശയം തോന്നും

രചന : അബ്രാമിന്റെ പെണ്ണ്

ആർത്തവത്തിന്റെ നാളുകളിൽ സ്ത്രീകളിൽ പൊതുവെ ദേഷ്യവും വാശിയുമൊക്കെ കൂടുതലാണെന്ന് പലരും എഴുതിയും പറഞ്ഞുമൊക്കെ കേട്ടിട്ടുണ്ട്..

അങ്ങനെയിരിക്കെ രണ്ടായിരത്തി പന്ത്രണ്ടിലെ ജൂൺ മാസത്തിൽ ചറ പറ മഴ പെയ്യുന്ന സമയത്തെ എന്റെ ആർത്തവത്തിന്റെ രണ്ടാമത്തെ ദിവസം..അന്നൊക്കെ ആർത്തവമെന്ന് സിനിമയിലൊക്കെയേ പറയുന്നത് കേട്ടിട്ടുള്ളു..അന്നത് കേൾക്കുമ്പോ നല്ല ഘനഗംഭീര്യമുള്ളൊരു വാക്കായിരുന്നു.. ഇപ്പൊ എല്ലാരും കൂടെ എഴുതിയെഴുതി പഴയ പ്രൗഡിയൊക്കെ പോയി….

നല്ല വയറു വേദനയൊക്കെയുണ്ടെങ്കിലും ഫോണെടുത്ത് ഇത്തിരി നേരം ഫേസ്ബുക്കൊക്കെ നോക്കുമ്പോ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടുന്നുണ്ട്…

കല്യാണം കഴിഞ്ഞ സമയത്തൊക്കെ കെട്ടിയോനെന്റെ എഫ് ബി ഫ്രണ്ടായിരുന്നു..അത് കാരണം ചങ്കു പൊടിയുന്ന വേദനയോടെയാണെങ്കിലും കുറേപ്പേരെയൊക്കെ അൺഫ്രണ്ട് ചെയ്യേണ്ടി വന്നു.. ആ ദിവസങ്ങളിലൊക്കെ ഞാനനുഭവിച്ച മന:പ്രയാസം പറഞ്ഞറിയിക്കാൻ വയ്യ..

വയറു വേദന സഹിക്കാൻ പറ്റാതായപ്പോൾ ഞാനെഴുന്നേറ്റ് ഫോണെടുത്ത് ജനലിനരികിലേയ്ക്ക് നീങ്ങി തലയിണയിൽ ചാരിയിരുന്നു ഫേസ്ബുക്ക് നോക്കാൻ തുടങ്ങി..വേദനയ്ക്ക് നല്ല കുറവ് തോന്നുന്നുണ്ട്.അങ്ങനെ നോക്കി നോക്കി ചെല്ലുമ്പോൾ ഫേസ്ബുക്കിൽ വന്ന കാലം മുതൽ കൂട്ട് കൂടിയ ഒരു ചേട്ടന്റെ കുറെ മെസേജുകൾ കുമിഞ്ഞു കൂടി കിടക്കുന്നു..ഒരു സൗഹൃദക്കൂട്ടായ്മയിൽ നിന്ന് കിട്ടിയതായിരുന്നു ആ ചേട്ടനുമായുള്ള സൗഹൃദം..ഫേസ്ബുക്കിൽ വന്നിട്ട് ഫേക്ക് അല്ലെന്ന് തോന്നിപ്പിച്ചിട്ടുള്ള അപൂർവ്വം ചിലരിലൊരാൾ ആ ചേട്ടനായിരുന്നു.. കൂടപ്പിറപ്പിനെപ്പോലൊരാൾ.

പുള്ളി ഗൾഫിൽ ഡീസൽ മെക്കാനിക്കാണ്..

സംസാരത്തിലുടനീളം കോമഡി വാരി വിതറുന്ന ആ ചേട്ടനോട് സത്യമായും എനിക്ക് ഭയങ്കര ആരാധനയോ അസൂയയോ ഒക്കെയായിരുന്നു..

കല്യാണം കഴിഞ്ഞതോട് കൂടിയാണ് ആ സൗഹൃദത്തിന് കോട്ടം തട്ടിയത്..ഞാൻ പിന്നീട് മെസേജുകൾ അങ്ങനെ നോക്കാറുമില്ലായിരുന്നു…

താല്പര്യമില്ലാഞ്ഞിട്ടല്ല.. വിധിയുടെ ചില പ്രത്യേക വിളയാട്ടം കാരണം അവസരം കിട്ടാത്തതുകൊണ്ടായിരുന്നു..

“മുത്തേ .. അത്യാവശ്യമായി നീയെന്നെയൊന്ന് വിളിക്കുകയോ മെസേജ് ചെയ്യുകയോ വേണം..

ഭർത്താവുള്ളപ്പോൾ വേണ്ട.അയാൾക്ക് സംശയം തോന്നും… പുള്ളി ജോലിക്ക് പോകുമ്പോഴോ ഉറങ്ങുമ്പോഴോ ബാത്റൂമിൽ പോകുമ്പോഴോ മതി…

നമ്മളായിട്ട് വേണ്ടാത്ത സംശയങ്ങൾ വരുത്തണ്ട..

ആ ചേട്ടൻ എന്നെ “മുത്തേ”ന്നായിരുന്നു വിളിച്ചിരുന്നത്..

ഒന്നല്ല.. രണ്ടല്ല… ഇരുപത്തിമൂന്ന് തവണ പ്രസ്തുത ചേട്ടൻ ഇതേ മെസേജ് തന്നെ അയച്ചേക്കുന്നു..എനിക്കെന്തോ നെഞ്ചിലൊരു ആധി പൊങ്ങി.. എന്റങ്ങേര് റോഡിലെങ്ങാണ്ട് പോയതാണ്.. ഇറങ്ങി വന്നു കഴിഞ്ഞാൽ പിന്നെ വിളിക്കാൻ പറ്റില്ല..കാര്യമെന്താണെന്നറിയാൻ ഞാൻ കാൾ ബട്ടണിലങ്ങോട്ട് വിരലമർത്തിയതും എന്റങ്ങേര് കേറി വന്നതും ഒത്തിരുന്നു..

ഞാൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു താഴെ വെച്ചു.. അന്നൊന്നും ഫോണിന് കതകും പൂട്ടുമൊന്നുമില്ല.. ലങ്ങേര് റോഡിൽ പോയപ്പോൾ അവശനിലയിൽ കിടന്ന ഞാൻ ഗ്ലൂക്കോസ് വെള്ളം കുടിച്ചപോലെ ഉഷാറായി ഫോണുമെടുത്തിരിക്കുന്ന കണ്ടതും ആ മുഖത്തൊരു സംശയം.. കൃത്യം അതേ സമയം തന്നെ മെസേജ് വന്നു..മെസേജിന്റെ സൗണ്ട് കേട്ട് അതിയാൻ ഫോണങ്ങെടുത്തു..

എനിക്ക് തടയാൻ പറ്റിയില്ല..

“എന്താ മുത്തേ കട്ട് ചെയ്തേ.. നിന്റെ ചേട്ടനെങ്ങാനും വന്നോ.. നീയെന്താ മെസേജ്നൊന്നും മറുപടി തരാത്തെ… എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ട്.. ഐ മിസ്സ്‌ യൂ…

കൂട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന രണ്ട് പാവക്കുഞ്ഞുങ്ങളുടെ ഫോട്ടോയും..

അങ്ങേര് ഫോണിൽ ആ ചേട്ടൻ മുൻപ് സെന്റ് ചെയ്ത മെസേജൊക്കെ നോക്കാൻ തുടങ്ങി..ഓരോ മെസേജും വായിക്കുമ്പോൾ എന്റെ മുഖത്തേയ്ക്ക് നോക്കും..ഞാനിങ്ങനെ ചത്തിരിക്കുന്ന പോലെ ഉയിരെരിഞ്ഞിരിക്കുകയാണ്..മുന്നേ ഞാനിട്ട പോസ്റ്റിനു കീഴെ ആ ചേട്ടനിട്ട കമന്റ്സൊക്കെ നോക്കുന്നുണ്ട്…

കെട്ടിയോൻ ഫോൺ പരിശോധിയ്ക്കുന്ന സമയത്തും മെസേജ് കുണുകുണാ വരുന്നുണ്ട്…

“വിളി മുത്തേ.. വിളി..

“ഇവനെന്തുവാ ചാവാൻ തുടങ്ങുവാണോ…

അതോ എന്നെ കൊല്ലാനോ…മനുഷ്യനായാൽ ഒരു തഞ്ചം വേണ്ടേ…

ഞാൻ ആധിയോടെ മനസിലോർത്തു..

“നീയിതേ വരെ എനിക്കിങ്ങനെ ഒരുമ്മ തന്നിട്ടില്ലല്ലോടീ. അവനേതാണ്ട് പറയാൻ മുട്ടി നിൽക്കുവാ..ഞാൻ നിൽക്കുന്നോണ്ട് പറയാതിരിക്കണ്ട… വിളിച്ചു ചോദിക്ക്.. എന്നിട്ട് വേണം എനിക്ക് ചിലത് തീരുമാനിക്കാൻ…

ഞാനാ കൂടപ്പിറപ്പിനയച്ച ഒരു ഉമ്മ പൊക്കിക്കാണിച്ച് ഒരു പ്രത്യേക മുഖഭാവത്തിൽ പറഞ്ഞു കൊണ്ട് അങ്ങേരിറങ്ങി മുറ്റത്തേയ്ക്ക് പോയി…

“ദൈവമേ.. ഇങ്ങേരെന്തൊരു ദുഷ്ടത്തരമാണീ പറയുന്നത്.. കല്യാണം കഴിഞ്ഞേന്റെ പിറ്റേന്ന് മുതൽ ഞാനീ മനുഷ്യന് വാരിക്കൊരിക്കൊടുത്ത ഉമ്മയ്ക്ക് കണക്കില്ല..എന്നിട്ട് കണ്ണീചോരയില്ലാത്ത വർത്താനം പറയാൻ ഇതിയാനെങ്ങനെ തോന്നി

ഇങ്ങേരെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു…!!!!എന്നെ വീട്ടിൽ കൊണ്ട് വിടാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.. ബന്ധം പിരിയാനായിരിക്കും ഉദ്ദേശ്യം.. അങ്ങനെയാണെങ്കിൽ ഉടനെ വേറൊരാൾക്കൊപ്പം എന്നെ കല്യാണം കഴിപ്പിച്ച് വിടാൻ എന്റെ അച്ഛൻ വീണ്ടും പാടു പെടേണ്ടി വരും..

ഒന്ന് നടത്തി വിട്ടതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല.. അദ്ദേഹത്തിന്റെ മനസ്സിൽ വീണ കരടെടുത്തു മാറ്റിയെ പറ്റു..

ഞാൻ ചാടിയെണീറ്റു ഫോണുമെടുത്ത് അങ്ങേരുടെ പിറകെ മുറ്റത്തേയ്ക്ക് പാഞ്ഞു..അതിയാൻ മുറ്റത്തിറങ്ങി കൈ പിന്നിൽ കെട്ടി വയലിലോട്ട് നോക്കി നിൽക്കുകയാണ്..വയലിൽ നിന്നേതാണ്ട് തിമിംഗലം കേറി വരുന്നത് നോക്കി നിക്കുന്ന പോലെ..

“ഏട്ടാ.. നിങ്ങള് വിചാരിക്കുന്ന പോലെ അതെന്റെ അവിഹിതമൊന്നുമല്ല..

അങ്ങേരെന്നെയൊന്ന് നോക്കി..

“നീ കൂടുതൽ വിശദീകരിക്കണ്ട.. എട്ടിൽ പഠിച്ചപ്പോ മുത്തുച്ചിപ്പി വായിച്ച ടീമല്ലേ.. മോശം വരില്ല.. അല്ല, നിനക്കെന്നെ ഇഷ്ടപ്പെട്ടിട്ടല്ലേ കല്യാണം കഴിച്ചത്.. വേറെ ആരെയെങ്കിലും ഇഷ്ടമായിരുന്നോ..അങ്ങനെ എന്തെങ്കിലുമുണ്ടാരുന്നെങ്കിൽ കല്യാണത്തിന് മുന്നേ നീയെന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാനൊഴിഞ്ഞു തന്നേനല്ലോ..ഞാൻ നിന്റെ അച്ഛനെയും ആങ്ങളമാരെയും വിളിക്കാം.. എനിക്കീ ബന്ധത്തിൽ താല്പര്യമില്ല…

അല്ലേ..ഇങ്ങേരിത് പറഞ്ഞ് പറഞ്ഞ് എങ്ങോട്ട് പോകുവാ..ഞാൻ അന്തംവിട്ട് പോയി.. കല്യാണം കഴിഞ്ഞു മൂന്ന് മാസമായിട്ടേയുള്ളു.. അതിനിടെ അവിഹിതം കയ്യോടെ പിടിച്ചെന്ന് പറഞ്ഞു വീട്ടിലോട്ട് ചെന്നാൽ അവരെല്ലാം കൂടെ എന്നെ വെച്ചേക്കില്ല..അമ്മയ്ക്ക് പണ്ടേ എന്നോട് വല്യ മതിപ്പില്ല..

ഞാൻ പറയുന്നത് വിശ്വസിച്ചില്ലെന്നും വരും

അപ്പൊ ദാണ്ടേ വീണ്ടും മെസേജ് വന്ന ബീപ് ശബ്ദം..

“വിളി മുത്തേ വിളി..

മുത്തേ എന്ന വാക്ക് വെറുത്തു പോയൊരു ദിവസം..!!!

എന്തൊക്കെ എങ്ങനൊക്കെ പറഞ്ഞിട്ടും ലങ്ങേര് കേൾക്കുന്നില്ല…സംശയമുണ്ടെങ്കിൽ ആ ചേട്ടനെ വിളിച്ചു സംസാരിച്ചു നോക്കാൻ പറഞ്ഞു..

അതങ്ങേർക്ക് സമ്മതമല്ല.. അവിടെ നിന്ന് കൊണ്ട് തന്നെ ഞാൻ ആ ചേട്ടനെ വിളിക്കാമെന്ന് പറഞ്ഞു..

അതും സമ്മതിക്കുന്നില്ല…എനിക്കങ്ങു സഹികെട്ടു.. പോരാത്തതിന് ആർത്തവം രണ്ടാം ദിവസവും..

അവസാനത്തെ അടവ് പുറത്തെടുത്തേ പറ്റു..ന്റെ മഹാദേവാ… മിന്നിച്ചേക്കണേ….

“എനിക്കിനി ജീവിക്കണ്ടായേ.. കൊല്ലെന്നെ ..

കൊല്ല്..മനസ്സിൽ പോലും വിചാരിക്കാത്തൊരു കാര്യത്തിന് ഇമ്മാതിരി പഴി കേൾക്കാൻ വയ്യ…

ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതിൽ ഭേദം മരണമാ.. നിങ്ങളുടെ കൈകൊണ്ടെനിക്ക് ചാവണം..

കൊല്ലെന്നെ.. കൊല്ല്..

ഉറക്കെ കരഞ്ഞു കൊണ്ട് ഞാനങ്ങേരുടെ രണ്ട് കയ്യുമെടുത്ത് എന്റെ കഴുത്തിൽ വെച്ചു.. അന്തിച്ചു പോയ അങ്ങേരെന്നെ പകച്ചു നോക്കി..ആർത്തവം രണ്ടാം ദിവസമായതുകൊണ്ട് പെണ്ണുങ്ങളുടെ മന:ശാസ്ത്രമൊക്കെ ഇങ്ങേർക്കുമറിയാതിരിക്കില്ലല്ലോ.. അങ്ങേരെന്നെ നുള്ളി നോവിക്കില്ലെന്ന് എനിക്കറിയാം..

“വിടെടീ കയ്യിൽ നിന്ന്.. എന്നെ കൊലപാതകിയാക്കാനുള്ള പൂതി മനസിലിരിക്കട്ടെ..

അങ്ങേര് കൈവലിച്ചെടുക്കാൻ നോക്കി.. സർവ്വ ശക്തിയുമെടുത്ത് ഞാനാ കയ്യിൽ മുറുകെ പിടിച്ചു

“എന്നെ കൊന്നിട്ട് പോ.. എനിക്ക് മരിക്കണം…നിങ്ങടെ കൈകൊണ്ട് ചാവുന്നതാ എന്റെ സന്തോഷം.. കൊല്ല്.. കൊല്ല്.. കൊല്ലേ.

ഇടയിലെപ്പോഴോ ഏതോ സിനിമയിലെ ഡയലോഗൊക്കെ കേറി വന്നു..സഹികെട്ടങ്ങേരു വലത്തേ കൈ വലിച്ചെടുത്ത് എന്റെ ചെകിടത്ത് ഒറ്റയടി..എന്നിട്ടെന്നെ താങ്ങിപ്പിടിച്ച് സിറ്റൗട്ടിലേയ്ക്ക് ഇരുത്തി..

അല്ലേൽ ഞാൻ വീണു പോയേനെ..

ചിലർ പറയും ചെകിടടക്കം അടി കൊണ്ടാൽ നക്ഷത്രമെണ്ണുമെന്ന്.. അത് വെറുതെയാണെന്നാ എന്റൊരു അഭിപ്രായം.. എനിക്കടി കിട്ടിയപ്പോ ചെവിയിൽ നിന്ന് “ഹൂഹൂ ഹൂ ഹൂ… ന്നൊരു പതിഞ്ഞ ഒച്ച ഒരു പത്തു മിനിട്ട് നേരത്തേയ്ക്ക് നിർത്താതെ കേൾക്കുകയായിരുന്നു.. അല്ലാതെ ഈ പറയുന്ന നക്ഷത്രമൊന്നും ഞാൻ കണ്ടില്ലേ..

“ആർത്തവത്തിന്റെ രണ്ടാമത്തെ ദിവസമായിട്ടു കൂടി അതറിഞ്ഞു വെച്ചോണ്ട് നിങ്ങളെന്നെ അടിച്ചല്ലേ..

ഞാൻ കഷ്ടപ്പെട്ട് ത=ല അങ്ങേർക്ക് നേരെയുയർത്തി..

“മനുഷ്യൻ സഹിക്കുന്നതിന് പരിധിയുണ്ട്..ആർത്തവമാണെന്ന് കരുതി എന്തും പറയാമെന്നോ.

നീയല്ലേ പറഞ്ഞേ കൊല്ലാൻ.. ഞാൻ അടിച്ചതല്ലേയുള്ളു..പോടീ എണീറ്റ്..

അതിയാൻ പറഞ്ഞത് കേട്ട് എനിക്ക് കരച്ചിൽ വന്നു..ഒന്നും വേണ്ടായിരുന്നു.. അപ്പൊ ദാണ്ടേ വീണ്ടും ആ ചേട്ടൻ വിളിക്കുന്നു..

“എടുക്കെടീ.. അവനെന്തുവാ പറയുന്നതെന്ന് കേൾക്കട്ടെ..

ഞാൻ ഫോണെടുത്തു സ്പീക്കറിലിട്ടു ..

“ഹലോ മോളേ.. നീയെന്താ ഫോണെടുക്കാഞ്ഞേ.. ഞാനൊരു അത്യാവശ്യ കാര്യത്തിന് വിളിച്ചതാ..

ഒരു ഹെല്പ് വേണം..നിന്റെ ചേട്ടൻ അവിടുണ്ടോ..

ഞാൻ കെട്ടിയോനെ നോക്കി.. അങ്ങേരുടെ കൃഷ്ണമണി എന്റെ ചുണ്ടിൽ ഒട്ടിച്ചു വെച്ചേക്കുന്ന പോലിരിക്കുന്നു..

“ഞാനിവിടില്ലെന്ന് പറയെടീ..

അങ്ങേരു പിറുപിറുത്തു..

“ഏട്ടനിവിടില്ല.. കാര്യമെന്താണെന്ന് പറ.

ഞാൻ പറഞ്ഞു…

“എന്റെ പെണ്ണുംപിള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ മുത്തേ..

അവർക്കൊരു മത്സരത്തിനു വേണ്ടി നൂറ് കുസൃതി ചോദ്യങ്ങൾ വേണം.. അൻപതെണ്ണം കിട്ടി..

ബാക്കി നീയൊന്ന് ഒപ്പിച്ചു താ മുത്തേ..നിന്റെ കയ്യിലാവുമ്പോ ഇതൊക്കെ സ്റ്റോക്ക് കാണുമെന്നെനിക്കറിയാം.. പെണ്ണുംപിള്ള സമാധാനം തരാതെ വിളിക്കുവാ.. അത്രയ്ക്ക് അത്യാവശ്യമായതുകൊണ്ടാ.. അല്ലേൽ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു..നീയെന്റെ കൂടപ്പിറപ്പല്ലെടീ.. ഒന്ന് ഹെല്പ് ചെയ്യ്.. പ്ലീസ്..

എന്റങ്ങേരും ഞാനും ഒരുമിച്ചു ഞെട്ടി.. സത്യത്തിൽ എനിക്ക് ശ്വാസം വീണത് അപ്പോളാണ്..

ഏട്ടൻ ഫോണിലേക്ക് എന്തോ പറയാനാഞ്ഞു..

ഞാൻ അങ്ങേരുടെ വാ പൊത്തി..

“ഞാൻ നോക്കാം ചേട്ടാ.. കിട്ടുവാണേൽ അയച്ചു തരാം.. ശരി.. വെയ്ക്കട്ടെ..

മറുപടിയ്ക്ക് കാക്കാതെ ഞാൻ ഫോൺ വെച്ചു..

കെട്ടിയോൻ എന്റെ കവിളത്തൊന്നു തൊട്ടു..

ഞാൻ അനങ്ങിയില്ല.. എന്റെ കണ്ണ് നിറഞ്ഞു..

“ങ്ഹാ.. കഴിഞ്ഞത് കഴിഞ്ഞു.. ഇമ്മാതിരി കുടുംബം കലക്കുന്നവന്മാരുടെ കൂടെയുള്ള കൂട്ടങ്ങു നിർത്തിയേരെ..അല്ലെങ്കിൽ പോസ്റ്റിനു താഴെ വരുന്ന ഓരോ കമന്റൊക്കെ കാണുമ്പോൾ ഒരു കാര്യവുമില്ലാതെ ഇനിയും ഇവിടെ വഴക്ക് നടക്കും..

പറഞ്ഞിട്ട് അങ്ങേരിറങ്ങി വയലിലേയ്ക്ക് പോയി..

അങ്ങേര് പറഞ്ഞത് നേരാ.. വെറുതെ എന്തിനാ ആവശ്യമില്ലാത്ത വഴക്ക്.. അന്ന് തന്നെ ഞാനെന്റെ അങ്ങേരെയും ഫേസ്ബുക്കിൽ കൂടെ കിട്ടിയ ആ കൂടപ്പിറപ്പിനെയും ബ്ലോക്ക് ചെയ്തു പ്രൊഫൈൽ ലോക്കും ചെയ്തു..

കെട്ടിയോനെ ബ്ലോക്ക് ചെയ്തതിൽ അതിയാന് വലിയ മനോവിഷമമുണ്ടായിരുന്നു..ഒരു വീട്ടിൽ താമസിക്കുന്നവർ തമ്മിൽ ഫേസ്ബുക്കിൽ ഫ്രണ്ടാവണമെന്ന് നിയമമൊന്നുമില്ലല്ലോ..ഉണ്ടോ.. ഇല്ലെന്നാണ് എന്റെയൊരിത്…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അബ്രാമിന്റെ പെണ്ണ്

Scroll to Top