എനിക്കുണ്ടല്ലോ, തന്നെ വലിയ ഇഷ്ടാണ്.. ഇപ്പോൾ ആ ഇഷ്ടം കൂടി കൂടി ഒരു കടലോളം ആയി

രചന : അമ്മു സന്തോഷ്

പ്രണയത്തിന്റെ പൂക്കാലം….

❤❤❤❤❤❤❤❤❤

“സത്യമായും ഞാൻ ഇങ്ങനെ സമാധാനമായി ജീവിക്കുന്നത് നിങ്ങൾക്കിഷ്ടപ്പെടുന്നില്ലേ?എന്നെ കൊലയ്ക്കു കൊടുക്കാനാണോ ഉദ്ദേശം ?നിങ്ങൾ ഒരു ചേട്ടൻ ആണോ മിസ്റ്റർ?”

വിവേക് പൊട്ടിച്ചിരിച്ചു പോയി .അയാൾ ഭാര്യ ചിന്നുവിനെ നോക്കി അവളുടെ മുഖത്തും ചിരി.

അവൻ അനിയത്തിയെ വാത്സല്യത്തോടെ നോക്കി വീണ്ടും പറഞ്ഞു

“എന്റെ മോളെ രാഹുൽ നല്ല പയ്യനാണ് .പിന്നെ പോലീസിലായിപ്പോയി അതൊരു തെറ്റാണോ ?”

വിവേക് അവളുടെ മുടിയിൽ ഒന്ന് തലോടി

“അതല്ലേ വലിയ പ്രശ്നം ?നിങ്ങളൊക്കെ ഈ പറയുന്ന രാഹുലല്ലേ അന്ന് വാരാപ്പുഴപ്പാലത്തിലിട്ടു നാലു പേരെ തല്ലിയത്?അയാൾ പൊലീസല്ല ക്രിമിനലാണ് ക്രിമിനൽ ..എന്ന തല്ലാരുന്നു? ടീവിയിൽ ലൈവ് ആയി കണ്ടാരുന്നു ”

“അത് പിന്നെ കൂട്ടത്തിലുള്ള ഒരുത്തന്റെ നെഞ്ചത്തോട്ടു വണ്ടി കയറ്റി കൊന്നാൽ ഉമ്മ വെക്കുമോ

അതൊക്കെ ജോലിയുടെ ഭാഗമാ ”

“ഹോ എന്താ ന്യായീകരണം? അതെങ്ങനെയാ ?

നിങ്ങളെല്ലാം ഒറ്റ കൂട്ടമല്ലേ ?”അറിഞ്ഞു വെച്ചോണ്ട് എന്നെ എന്തിനാ ആ സിംഹത്തിനിട്ടു കൊടുക്കുന്നെ”

“മോളുട്ടി രാഹുൽ പാവമാണ് നല്ലവനാണ് .

എനിക്ക് ഇപ്പൊ എത്ര വർഷമായി അറിയാം

രാഹുലിന് അച്ഛനുമമ്മയും ഒന്നുമില്ല ഒറ്റയ്ക്കാണ്

അതിന്റെയൊരു …”

“ദൈവമേ അതുമില്ലേ? എന്നെ അയാള് കൊന്നാൽ പോലും ചോദിക്കാനാളില്ലല്ലേ ?ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യല്ലേ കേട്ടോ ”

ചിന്നു നേർത്ത ചിരിയോടെ അവളെ ചേർത്ത് പിടിച്ചു

“മോൾക്കു ദോഷം വരുന്നെതെന്തെങ്കിലും ഞങ്ങള് ചെയ്യുമോ ?”

“ഏട്ടത്തിയെ എനിക്ക് വിശ്വാസം ആണ്. പക്ഷെ ഈ മനുഷ്യനെ ഒട്ടുമില്ല “അവൾ കുറുമ്പൊടെ പറഞ്ഞു വിവേക് ചിരിയോടെ മുറി വിട്ടു പോയി

രാഹുലും വിവേകും കോഫീഷോപ്പിലായിരുന്നു

“ഉണ്ണിമോള് .അതായതു എന്റെ ഉണ്ണിമായ ഒരു പൊട്ടക്കുട്ടി ആണ് ..എപ്പോളും ചിരിക്കാനിഷ്ടപ്പെടുന്ന ഒരുപാട് സംസാരിക്കുന്ന എന്റെ മക്കൾക്കൊപ്പം സദാ ഡാൻസും കളിയും ..അങ്ങനെ ഒരു ഫൺലവിങ് കുട്ടി ..അച്ഛനുമമ്മയുമൊക്കെ മരിക്കുമ്പോൾ അവൾ തീരെ കുഞ്ഞാണ് ഞാൻ ആണവളുട അച്ഛനും അമ്മയും “അയാളുടെ ശബ്ദം ഒന്നിടറി ..”തന്നെ ഞാൻ എന്റെ മോൾക്ക് വേണ്ടി ആലോചിച്ചപ്പോൾ എനിക്ക് എന്തോ ഒരു വിശ്വാസം ഉണ്ട് ..അവളെ താൻ സ്നേഹിക്കും എന്ന്. എന്നെ പോലെ ..”

രാഹുൽ ഒന്ന് പുഞ്ചിരിച്ചു

“ഞായറാഴ്ച വീട്ടിലോട്ടു വരൂ അവളോട് സംസാരിക്കണ്ടേ? താൻ കണ്ടിട്ടില്ലല്ലോ ”

രാഹുൽ ഇല്ല എന്ന് തലയാട്ടി

“എന്നോടുള്ള ഇഷ്ടം കൊണ്ട് ഒരു യെസ് ഒന്നും പറയണ്ട ട്ടോ അവളെ ഇഷ്ടം ആയാൽ മാത്രം

“ഓക്കേ “അവൻ സമ്മതിച്ചു

രാഹുലിന് സെർവീസിൽ കയറിയ കാലം മുതൽ ഏറ്റവും അടുപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു വിവേക്. പക്ഷെ വിവേകിന്റെ ഉണ്ണിമായയെ അവൻ ഇത് വരെ കണ്ടിട്ടുണ്ടായിരുന്നില്ല .

ഞായറാഴ്ച

“ഞാൻ സാരി ഉടുക്കില്ല “ചിന്നു കൊണ്ട് വന്ന സാരി അവൾ നീക്കി. .”ഞാൻ എങ്ങനെ ആണോ എന്താണോ അങ്ങനെ കണ്ടിഷ്ടപ്പെടുന്നവർ മതി ”

വിവേക് ചിന്നുവിനെ കണ്ണടച്ച് കാട്ടി

ഇളം നീല ഉടുപ്പിൽ മഞ്ഞ പൂക്കൾ വിരിഞ്ഞു നിന്നു.മുട്ടിനു താഴെ നിൽക്കുന്ന ആ ഉടുപ്പിൽ അവൾ കുട്ടിയെ ക=ണക്കു തോന്നിച്ചു .

“ഒരു പൊട്ടെങ്കിലും?”

“വേണ്ട ” മുടി ഉയർത്തിക്കെട്ടി മുഖം ഒന്ന് കഴുകി തുടച്ചു അവൾ രാഹുലിനടുത്തേക്കു ചെന്നു

പുറത്തു പുൽത്തകിടിയിൽ നിരത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു രാഹുൽ

“ഹായ്”അവൾ മെല്ലെ പറഞ്ഞു

“ഹായ് “രാഹുൽ തിരിഞ്ഞു അവളെ ഒന്ന് നോക്കി

പൊടുന്നനെ എന്ത് പറയണമെന്നറിയാതെ രണ്ടു പേരുടെയും സംസാരം നിലച്ചു .വീണ്ടും തുടങ്ങിയതു രാഹുൽ ആണ് ….

“ഇവിടെ നിന്നു സിറ്റിയിലേക്ക് എത്ര ദൂരം ?”

“ഒരു അഞ്ചു കിലോമീറ്റർ”അവൾ പറഞ്ഞു

“മായയുടെ കോളേജിലേക്കോ?”

“ഒരു പത്ത് …”

“എന്റെ വീട്ടിൽ നിന്നു അവിടേക്കു രണ്ടു കിലോമീറ്ററേയുള്ളു ”

അവൻ മെല്ലെ പറഞ്ഞു .എല്ലാവരും ഉണ്ണിമോളെ,

ഉണ്ണി എന്നുമൊക്കെ വിളിക്കുമ്പോൾ അവളെ ആദ്യമായിരുന്നു ഒരാൾ “മായ”എന്ന് വിളിച്ചത്

“എന്റെ കോളേജ് അറിയുമോ ?”

“യെസ് വിവേക് ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ ”

അവന്റ മലയാളം അത്ര ശുദ്ധമായിരുന്നില്ല എന്നവൾ കണ്ടുപിടിച്ചു

“സ്വന്തം വീട് ഇവിടെ ആണോ ?.

“നോ ഞാൻ ഡൽഹി ആണ് ..അച്ഛൻ മലയാളി ‘അമ്മ പഞ്ചാബി .അവർ നേരെത്തെ ഡിവോഴ്സ് ആയി വേറെ ഫാമിലി ഒക്കെ ആയി ..”അവൻ പുഞ്ചിരിച്ചു ..ഐ ലൈക് കേരള..ലവ് കൊച്ചി ..അതാണ് ഇവിടെ വീട് വാങ്ങിയത് ”

ആ തുറന്ന സംസാരത്തിൽ അവൾ ലയിച്ചു നിന്നു പോയി .അവന്റെ ചിരി നോട്ടം ,

നീല കണ്ണുകൾ …ആ നിമിഷത്തിൽ രാഹുൽ അവളുടെ ഉള്ളിലേക്ക് കയറി വന്നു .അടച്ചിട്ടിരുന്ന എല്ലാ ജാലകങ്ങളും വാതായനങ്ങളും തുറന്നു കൊണ്ട് അവൻ യാത്ര പറഞ്ഞു പോയപ്പോൾ എന്തോ ഒന്ന് നഷ്ടം ആയപോലെ നിന്നു അവൾ

രാഹുൽ എന്താ പറഞ്ഞെ ?

എന്നെ ഇഷ്ടം ആയോ ?

എന്നൊക്കെ ഏട്ടനോട് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്കു .

അന്ന് വലിയ ജാട കാണിക്കണ്ടായിരുന്നു കുറച്ചു കൂടെ ഒക്കെ ഒന്ന് ഒരുങ്ങാമായിരുന്നു ശൊ…ഒടുവിൽ അവളുട ക്ഷമ കെട്ടു.

“അതേയ് പോലീസ് എന്ത് പറഞ്ഞു ?”

വിവേക് ഭക്ഷണം കഴിക്കുകയായിരുന്നു

“ആര്?”

“രാഹുൽ ”

“ഒന്നും പറഞ്ഞില്ലല്ലോ ”

“അപ്പൊ കല്യാണമോ “?

“അതിനു നിനക്കയാളെ ഇഷ്ടമല്ലല്ലോ ?നമുക്കു വല്ല ഡോക്ടറെയോ എൻജിനീയറെയോ ടീച്ചറെയോ ഒക്കെ നോക്കാമെന്ന് ”

“എന്റെ പട്ടി നോക്കും..ദേ ഞാൻ ഇനി ഒരുത്തന്റെ മുന്നിലും ഒരുങ്ങി കെട്ടി നിൽക്കില്ല കേട്ടോ പറഞ്ഞേക്കാം “അവൾ കസേര തള്ളി എണീറ്റ് പോയി

കോളേജിൽ നിന്നിറങ്ങുമ്പോൾ രാഹുൽ മുന്നിൽ

ഹായ്

പെട്ടെന്നവൾ പതറിപ്പോയി

“ഒരു കോഫീ ?”

രാഹുൽ മെല്ലെ ചിരിച്ചു

രാഹുലിന്റ വീട് നല്ല ഭംഗി ഉണ്ടായിരുന്നു

സാധനങ്ങളൊക്കെ നല്ല അടുക്കും ചിട്ടയും ആയി

സൂക്ഷിച്ചിരുന്നു.മുറ്റത്തു നിറയെ ചെടികളും പൂക്കളും

അവൾ അതിന്റരികിൽ നിന്നു

രാഹുൽ അവൾക്കുള്ള കോഫീ കൊണ്ട് കൊടുത്തു

“മായയ്ക്ക് ഇവിടെ നിന്നു കോളേജിൽ പോകാൻ എളുപ്പമാണ് ..ടു വീലർ ഉണ്ടോ ?”

പൊടുന്നനെ അവളുട കണ്ണ് നിറഞ്ഞു ” .ഇഷ്ടായോ എന്നെ” എന്നൊരു ചോദ്യം ആ കണ്ണിൽ നിറഞ്ഞു.

“മായയ്ക്ക് അന്ന് ധരിച്ച ഉടുപ്പ് നല്ല ഭംഗി ഉണ്ടായിരുന്നു “അവളുടെ മുഖം ചുവന്നു

“ഒരുപാട് സംസാരിക്കുമെന്ന് പറഞ്ഞിട്ട് മിണ്ടുന്നില്ലല്ലോ

“രാഹുലിന്റെ മുഖത്തു കുസൃതി ചിരി

“അത് …പിന്നെ … പിന്നെ ..അന്ന് പാലത്തിൽ തല്ലുണ്ടാക്കിയില്ലേ ?അങ്ങനെ ദേഷ്യമൊക്കെ വന്നാൽ എല്ലാരേം തല്ലുമോ ?

നിഷ്കളങ്കമായിരുന്നു ആ ചോദ്യം .രാഹുൽ പൊട്ടിച്ചിരിച്ചു പോയി

“പേടിയുണ്ടോ ?”

“ഉം ”

രാഹുലവൾക്കു മുന്നിൽ വന്നു നിന്നു .മുഖം താഴ്ത്തി അവളുടെ കണ്ണിനു മുന്നിലേക്ക് …

“എനിക്കുണ്ടല്ലോ .. തന്നെ വലിയ ഇഷ്ടാണ് …യെസ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. ..ഇപ്പോൾ ആ ഇഷ്ടം കൂടി കൂടി .ഒരു കടലോളം ആയി …അത്രേം ഇഷ്ടം ഉള്ളതിനെ ഒക്കെ ആരെങ്കിലും വേദനിപ്പിക്കുമോ? …ജീവൻ പോയാലും…ഉം? ”

അവളുട കണ്ണ് ഇക്കുറി നിറഞ്ഞൊഴുകി …

രാഹുൽ ചിരിയോടെ അത് തുടച്ചു മാറ്റി.

അവൾ ആ കണ്ണിലേക്കു നോക്കി നിന്നു .ആ കണ്ണിൽ തെളിഞ്ഞ തന്നിലേക്ക് തന്നെ …തങ്ങളുടെ ഇഷ്ടത്തിലേക്ക്…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അമ്മു സന്തോഷ്

Scroll to Top