മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ.. മടിച്ചുമടിച്ചായിരുന്നു അച്ഛനത് ചോദിച്ചത്.

രചന : Samuel George

“മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?” വളരെ മടിച്ചുമടിച്ചായിരുന്നു അച്ഛനത് ചോദിച്ചത്. എനിക്കറിയാമായിരുന്നു ഇങ്ങനെയൊരു ചോദ്യം അച്ഛനില്‍ നിന്നും എപ്പോഴെങ്കിലും ഉണ്ടാകുമെന്ന്; പഠിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അച്ഛനെ ഞാന്‍ നോക്കി.

ആ ചോദ്യത്തോടുള്ള എന്റെ എല്ലാ വിദ്വേഷവും, വെറുപ്പും, കോപവും ആ നോട്ടത്തിലുണ്ടായിരുന്നു.

എന്റെ അച്ഛന് എങ്ങനെ ഇത്ര അധപതിക്കാന്‍ സാധിക്കുന്നു? കരച്ചില്‍ വരുന്നുണ്ടായിരുന്നു എനിക്ക്.

“ഒകെ, ഞാന്‍ ചോദിച്ചെന്നെ ഉള്ളു; ഡോണ്ട് വറി. നിന്റെ ഇഷ്ടത്തിനെതിരായി അച്ഛനൊന്നും ചെയ്യില്ല. മോനത് മറന്നേക്ക്..”

പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് എന്റെ തോളില്‍ തട്ടി അത്രയും പറഞ്ഞിട്ട് അച്ഛന്‍ പോയി. എനിക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്‌. അച്ഛനവരെ വിവാഹം ചെയ്യുമെന്ന എന്റെ സംശയം തെറ്റായിരുന്നില്ല. പക്ഷെ അച്ഛന് ആ സ്ത്രീയല്ല, ഞാന്‍ തന്നെയാണ് വലുത്. ദുഃഖവും ആശങ്കയും പാടെ മാറി എന്റെ മനസ്സില്‍ ഉത്സാഹം നിറഞ്ഞു. പക്ഷെ പഠനം തുടരാന്‍ ശ്രമിച്ച എന്റെ മനസിലേക്ക് ആ സ്ത്രീയുടെ മുഖം വീണ്ടും കടന്നുവന്നു.

അമ്മ മരിച്ച ശേഷമാണ് ഞാനവരെ ആദ്യമായി കാണുന്നത്; അമ്മ മരണപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചകള്‍ക്ക് ശേഷം. വീട്ടുവാതില്‍ക്കലെത്തിയ ടാക്സിയില്‍ നിന്നും ചന്ദനനിറമുള്ള സാരി ധരിച്ചിറങ്ങിയ സുന്ദരിയും അപരിചിതയുമായ സ്ത്രീയെ കൌതുകത്തോടെയാണ് ഞാന്‍ നോക്കിയത്.

അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല ആ സമയത്ത്.

“കിരണ്‍? അല്ലെ?”

വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുകയായിരുന്ന എന്റെ അരികിലെത്തി,

പുഞ്ചിരിയോടെ അവര്‍ ചോദിച്ചു. അവരുടെ സാന്നിധ്യത്തിന് അനിതരസാധാരണമായ ഒരു ശക്തിവിശേഷം ഉള്ളതുപോലെ എനിക്ക് തോന്നി. ആ നടത്ത, ഭാവം, രൂപം, പുഞ്ചിരി, ശബ്ദം എല്ലാം വളരെയധികം പ്രത്യേകതകള്‍ ഉള്ളവയായിരുന്നു.

അവരുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ യാന്ത്രികമായി തലയാട്ടി.

“അമ്മയെ ദഹിപ്പിച്ചത് എവിടെയാണ് മോനെ?”

ഞാന്‍ ഇറങ്ങി വീടിന്റെ തെക്കേ ഭാഗത്തേക്ക് നടന്നു;

പിന്നാലെ അവരും. അവര്‍ എന്റെ അമ്മയുടെ കുടീരത്തിന് മുന്‍പില്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി കുറേനേരം നിശബ്ദയായി നിന്നു. അവസാനം ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ കണ്ണുകള്‍ തുടച്ചിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു; വേദന കലര്‍ന്ന പുഞ്ചിരി.

“മോന്‍ തനിച്ചായി അല്ലെ? അച്ഛനും?”

അവര്‍ എന്റെ അടുത്തെത്തി, എന്റെ മുടിയിഴകളില്‍ തഴുകിക്കൊണ്ട് ചോദിച്ചു. എന്തോ ആ നിമിഷത്തില്‍ അമ്മ എന്റെ അരികിലുള്ളതുപോലെ എനിക്ക് തോന്നിപ്പോയി. അറിയാതെ എന്നില്‍ നിന്നുമൊരു തേങ്ങലുയര്‍ന്നു.

“കരയാതെ മോനെ; മരണം നമ്മുടെ കൂടെപ്പിറപ്പാണ്. അവന്‍ നമ്മുടെ ഒപ്പം വളര്‍ന്നു, നിഴലായി കൂടെ നടന്ന് നാമുമായി ലയിച്ച് ഒരുനാള്‍ കടന്നുകളയും. ഒരാള്‍ക്കും ഒഴിവാക്കാനാകാത്ത പ്രപഞ്ച നിയമമാണത്. മോന്‍ വാ” എന്റെ കൈയില്‍ പിടിച്ച് സ്വന്തം അമ്മയെപ്പോലെ ആശ്വസിപ്പിച്ച് അവര്‍ തിരികെ നടന്നു.

“ആന്റി, ആന്റി ആരാ?” ഞാന്‍ ചോദിച്ചു.

അവര്‍ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.

“മോന്റെ അമ്മയുടെ വളരെ അടുത്ത കൂട്ടുകാരിയായിരുന്നു ഞാന്‍. നാട്ടിലായിരുന്നില്ല. മരണവാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് അറിഞ്ഞത്”

ഇനി എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ഒമ്പതില്‍ പഠിക്കുന്ന കൌമാരക്കാരനായ ഞാന്‍ തിരിച്ചറിവുള്ള ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ അമ്മയെന്ന മഹാസത്യത്തെ നഷ്ടമായി പകച്ചു നില്‍ക്കുകയയിരുന്നല്ലോ?

“ആന്റി പോട്ടെ മോനെ. വീണ്ടും വരാം കേട്ടോ?

മോന്‍ തനിച്ചാണ് എന്ന് കരുതരുത്. മിടുക്കനായി പഠിക്കണം. അമ്മ മോന്റെ വിജയങ്ങള്‍ കണ്ട് പരലോകത്തിരുന്നു സന്തോഷിക്കണം” എന്റെ കവിളുകളില്‍ തഴുകി, ആ മാധുര്യമുള്ള പുഞ്ചിരി വീണ്ടും സമ്മാനിച്ചിട്ട് അവര്‍ പോയി.

പിന്നെ അവര്‍ പലതവണ വന്നു. ഓരോ തവണ വരുമ്പോഴും എനിക്കെന്തെങ്കിലും സമ്മാനം കൊണ്ടുവരും.

അവരുടെ സാന്നിധ്യം അമ്മയുടെ വേര്‍പാടിനെ മറികടക്കാന്‍ എനിക്ക് പ്രാപ്തി നല്‍കി. പക്ഷെ വളരെ മെല്ലെയാണ് ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. അവരെത്തുമ്പോള്‍ അച്ഛന്റെ മാറുന്ന ശരീരഭാഷ! തുടക്കത്തില്‍ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. അവരെത്തിയാല്‍ അച്ഛന് വലിയ ഉത്സാഹമാണ്.

അച്ഛനെ മുന്‍പൊരിക്കലും, അമ്മയുള്ളപ്പോള്‍ പോലും, അത്ര ഊര്‍ജ്ജസ്വലനായോ സന്തോഷവാനായോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

ആദ്യമൊക്കെ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നീണ്ടിരുന്ന അവരുടെ സന്ദര്‍ശനം പതിയെപ്പതിയെ മണിക്കൂറുകളോളം നീളാന്‍ തുടങ്ങി. അവര്‍ എന്നെയല്ല, അച്ഛനെയാണ് കാണാന്‍ വരുന്നത് എന്ന ചിന്ത എപ്പോഴെന്റെ മനസ്സില്‍ വേരുറപ്പിച്ചോ, അന്നുമുതല്‍ എന്റെ മനസ്സെനിക്ക് കൈമോശം വന്നു. അത് അവരോടുള്ള എന്റെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

യൌവ്വനം വിട്ടുമാറിയിട്ടില്ലാത്ത സുമുഖനായ എന്റെ അച്ഛന്‍. അമ്മയേക്കാള്‍ സുന്ദരിയായ അവര്‍.

അമ്മയുടെ സ്ഥാനം നേടിയെടുക്കാനുള്ള അവരുടെ അടവാണ് എന്നോടുള്ള സ്നേഹം എന്നെന്റെ മനസ്സ് എന്നോട് പറയാന്‍ തുടങ്ങി.

അതോടെ ഞാനവരെ വെറുക്കാനും. എന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം അവരറിഞ്ഞോ എന്തോ?

അമ്മയോട് പോലും കാണിച്ചിട്ടില്ലാത്തത്ര സ്നേഹമാണ് അച്ഛന്‍ അവരോട് കാണിക്കുന്നത് എന്നെനിക്ക് തോന്നി. അതോടെ ഞാനവരെ കൂടുതല്‍ വെറുത്തു. അവര്‍ വീട്ടില്‍ വരരുത് എന്ന് ഞാന്‍ സ്വയം പറയാന്‍ തുടങ്ങി. അത് മനസ്സില്‍ക്കിടന്നു സമ്മര്‍ദ്ദമായി, ഒരു ദിവസം ശക്തമായി പുറത്തേക്ക് പ്രവഹിച്ചു.

“അച്ഛാ, എന്തിനാണ് ആ സ്ത്രീ കൂടെക്കൂടെ ഇവിടെ വരുന്നത്? അവരാരാ നമ്മുടെ?”

അച്ഛന്‍ എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ തക്ക മാനസിക വളര്‍ച്ച എനിക്കുണ്ടായിരുന്നില്ല.

അച്ഛന്‍ നോട്ടം മാറ്റിയപ്പോള്‍, ഞാന്‍ എന്റെ മുറിയിലേക്ക് പോയി. അച്ഛനെന്താണ് ഒന്നും പറയാഞ്ഞത്? എന്റെ ചോദ്യം അച്ഛന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അവര്‍ എന്നില്‍ നിന്നും അച്ഛനെ അകറ്റാന്‍ വന്നവരാണ്.

വേണ്ട, എന്റെയും അച്ഛന്റെയും ഇടയില്‍ വേറെ ആരും വേണ്ട; ആരും. നിസ്സാഹനായി ഞാന്‍ കരഞ്ഞു. എനിക്കറിയില്ലായിരുന്നു എന്തിനാണ് ഞാന്‍ കരയുന്നതെന്ന്. വെറുതെ പുസ്തകമെടുത്ത് തുറന്ന് അതിലേക്ക് നോക്കിയിരുന്ന ഞാന്‍, അച്ഛന്റെ പാദപതന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.

“മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?”

അടുത്ത ദിവസം അവര്‍ വീണ്ടും വന്നു. അവര്‍ വരുമ്പോള്‍ എപ്പോഴും ഉണ്ടായിരുന്ന ആ ഉത്സാഹവും ഊര്‍ജ്ജവും ഇത്തവണ അച്ഛനുണ്ടായില്ല; അതെനിക്ക് ഹരം പകര്‍ന്നു. കടുത്ത വെറുപ്പോടെ ഞാന്‍ അവരില്‍ നിന്നും അകന്ന്, എന്റെ മുറിയിലേക്ക് പോയി. സാധാരണ അവരെത്തിയാല്‍ വീടിന്റെ അന്തരീക്ഷം തന്നെ മാറും.

അച്ഛന്‍ സ്വയം മറന്ന മട്ടിലാണ് പിന്നെ പെരുമാറുക; കൊച്ചുകുട്ടികളെപ്പോലെ. പക്ഷെ ഇന്ന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. എന്റെ ഉള്ളം അതിയായി സന്തോഷിച്ചു. അച്ഛനവരെ വെറുക്കാന്‍ തുടങ്ങിയിട്ടുണ്ട്; അതാണീ നിശബ്ദത.

ഞാന്‍ പഠനം നടിച്ച് ഒരു പുസ്തകം തുറന്നുവച്ചു. ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട ഞാന്‍ തിരിഞ്ഞുനോക്കി. വാതില്‍ക്കല്‍ ആ സ്ത്രീ. എന്റെ ഉള്ളിലേക്ക് രോഷം കടല്‍ പോലെ തിരയടിച്ചെത്തി. എന്തിനാണിവര്‍ ഇങ്ങോട്ട് വന്നത്? എനിക്കിവരെ കാണണ്ട. പകയോടെ ഞാന്‍ പഠിക്കുന്നതായി നടിച്ചു. അവര്‍ എന്റെ അരികിലെത്തി നിന്നു. അവരില്‍ നിന്നുമുയര്‍ന്ന ഹൃദ്യമായ സുഗന്ധം എനിക്ക് പക്ഷെ ദുര്‍ഗന്ധത്തേക്കാള്‍ അറപ്പായിത്തോന്നി.

“മോനെ..”

ദുര്‍ബലമായ ശബ്ദത്തില്‍ അവരെന്നെ വിളിച്ചു.

ഞാന്‍ നോക്കാന്‍ കൂടി പോയില്ല. അവരുടെ കൈവിരലുകള്‍ എന്റെ തോളില്‍ സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. ഒരു വൃത്തികെട്ട പുഴു ദേഹത്തുരുമ്മിയാലുണ്ടാകുന്നത്ര അറപ്പോടെയും വെറുപ്പോടെയും ഞാന്‍ ചാടി എഴുന്നേറ്റു.

“തൊടരുതെന്നെ; നിങ്ങളെയെനിക്ക് കാണണ്ട;

പോ..പോ..”

ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ ഞാന്‍ ചീറി.

അവര്‍ തളര്‍ന്ന മിഴികളോടെ എന്നെ ദയനീയമായി നോക്കി ഒരു നിമിഷം നിന്നു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു. ജാലകത്തിലൂടെ അവര്‍ പുറത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു. അച്ഛനോട് അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടതേയില്ല. അച്ഛനവിടെ ഇല്ലേ? എന്തായാലും നാശം പോയല്ലോ. ഇനിയവര്‍ വരില്ല. ആശ്വാസത്തോടെ ഞാന്‍ നിശ്വസിച്ചു.

വീട് മുന്‍പെങ്ങും ഒരിക്കലും ആയിട്ടില്ലാത്ത വിധം ശ്മശാനമൂകമായി. അച്ഛന്റെ ശേഷിച്ച പ്രസരിപ്പ് കൂടി നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നി.

എങ്കിലും ഉള്ളിന്റെയുള്ളില്‍ ഞാന്‍ ആഹ്ലാദിച്ചു.

അച്ഛനെ എന്നില്‍ നിന്നും അകറ്റാന്‍ വന്ന, എന്റെ അമ്മയുടെ സ്ഥാനം നേടാന്‍ വന്ന ആ സ്ത്രീ പോയല്ലോ.

മൂന്നു ദിനങ്ങള്‍ കഴിഞ്ഞൊരു പ്രഭാതം. പത്രത്തിലൂടെ എന്റെ കണ്ണുകള്‍ സഞ്ചരിക്കവേ, ആ ചിത്രത്തില്‍ എന്നെ കണ്ണുകള്‍ ഉടക്കി. ആ സ്ത്രീയുടെ പുഞ്ചിരിക്കുന്ന മുഖം പത്രത്തില്‍! ഞാന്‍ കൌതുകത്തോടെ അതിനു ചുവടെയുള്ള വാര്‍ത്തയിലേക്ക് നോക്കി.

“മലയാളി യുവതി ബാംഗളൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍”

ഞെട്ടിത്തരിച്ചുപോയി ഞാന്‍. വീണ്ടും വീണ്ടും ഞാനാ വാര്‍ത്ത പലയാവര്‍ത്തി വായിച്ചു. ആ ചിത്രത്തിലേക്ക് വീണ്ടും വീണ്ടും ഞാന്‍ നോക്കി. ഇതവര്‍ തന്നെയല്ലേ? അതെ അവര്‍ തന്നെ. പേരുസഹിതം വാര്‍ത്തയിലുണ്ട്. എന്റെ ദേഹം അടിമുടി വിറച്ചു. ആ സ്ത്രീ മരിച്ചെന്നോ? അവരെന്തിനാണ് മരിച്ചത്? എന്തിന്?

ഞാന്‍ പത്രവുമായി അച്ഛന്റെ മുറിയിലേക്ക് ഓടി.

അച്ഛന്‍ ചാരുകസേരയില്‍ കിടപ്പുണ്ടായിരുന്നു.

മൂന്നു ദിവസങ്ങള്‍ പ്രായമുള്ള അവിടവിടെ നരകലര്‍ന്ന താടിരോമങ്ങള്‍ അച്ഛന്റെ പ്രായം കൂട്ടിയതുപോലെ.

“അച്ഛാ, അച്ഛാ, ഇത് കണ്ടോ..ഇത് കണ്ടോ” വിറയലോടെ ഞാന്‍ പത്രം അച്ഛന്റെ നേരെ നീട്ടി.

അച്ഛന്റെ വരണ്ട ചുണ്ടുകളിലൊരു പുഞ്ചിരി വിടര്‍ന്നു. പത്രത്തിലേക്ക് അച്ഛന്‍ നോക്കിയതേയില്ല.

“അച്ഛാ ആ സ്ത്രീ മരിച്ചൂന്ന്; എന്തിനാ അച്ഛാ അവര് മരിച്ചത്? എന്തിനാ അച്ഛാ?” എനിക്ക് കരച്ചില്‍ തടയാന്‍ സാധിച്ചില്ല. കഠിനമായി ഞാന്‍ വെറുത്തിരുന്ന ആ സ്ത്രീയെ ഓര്‍ത്ത് ഞാനെന്തിനാണ് കരയുന്നത്?

അച്ഛന്‍ ഒരു കവര്‍ എന്റെ നേരെ നീട്ടി. അത് തുറന്ന നിലയിലായിരുന്നു. അതിനുള്ളിലെ കടലാസ് ഞാന്‍ വേഗമെടുത്ത് നിവര്‍ത്തി. മനോഹരമായ കൈപ്പടയിലുള്ള ആ എഴുത്തിലെ അക്ഷരങ്ങളിലൂടെ എന്റെ കണ്ണുകള്‍ തിടുക്കത്തോടെ സഞ്ചരിച്ചു.

“പ്രിയപ്പെട്ട ദാസേട്ടാ,.ഞാന്‍ പോകുകയാണ്. അന്ന് ദാസേട്ടന്റെ ജീവിതത്തില്‍ നിന്നും മാറി നിന്നതുപോലെയല്ല, ഞാനീ ഭൂമിയില്‍ നിന്നുതന്നെ യാത്രയാകുകയാണ്. അമ്മയ്ക്കും അച്ഛനും വേണ്ടി അന്ന് ദാസേട്ടന്‍ എന്നെ മറന്നു. ദാസേട്ടന്റെ അവസ്ഥ എനിക്ക് മനസിലാകുമായിരുന്നു. മാതാപിതാക്കളോട് ദാസേട്ടനുള്ള സ്നേഹവും ബഹുമാനവും അവരുടെ മനസ്സ് തകര്‍ക്കാന്‍ അങ്ങേയ്ക്കുള്ള വൈമനസ്യവും ന്യായയുക്തവുമായിരുന്നു. അതുകൊണ്ടാണ് നമ്മള്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കാത്തത്ര ദൂരത്തേക്ക് ഞാന്‍ പോയത്.

ദാസേട്ടന്റെ അപ്പോഴത്തെ അവസ്ഥയാണ് എന്നെ സ്വീകരിക്കാന്‍ സാധിക്കാതെ പോയതിന്റെ പിന്നിലെന്ന് അറിയാമായിരുന്ന എനിക്ക്,

അങ്ങനെയൊരു സാഹചര്യം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കുമായിരുന്നു എന്ന ആശ്വാസമുണ്ടായിരുന്നു. ആ ഒരു ചിന്ത മാത്രം മതിയായിരുന്നു എനിക്ക് ജീവിച്ചിരിക്കാന്‍. ഒപ്പമില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന, എന്നെ സ്വീകരിക്കാന്‍ മനസുള്ള ദാസേട്ടന്‍ ഈ ഭൂമിയിലുണ്ട് എന്ന വിശ്വാസത്തോടെ ഞാന്‍ ജീവിച്ചു; തനിയെ.

ദാസേട്ടന് നല്‍കിയ ഈ മനസ്സ് മറ്റൊരു പുരുഷനും നല്‍കാനെനിക്ക് സാധിക്കില്ലായിരുന്നു;

ഒരിക്കലും; ഞാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ പോലും.

അഹല്യ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. അവിടേയ്ക്ക് ഞാന്‍ വന്നത്,

അവളുടെ സ്ഥാനം നേടിയെടുക്കാനോ, ദാസേട്ടനെ സ്വന്തമാക്കാനോ ആയിരുന്നില്ല. ജീവിതത്തിന്റെ വസന്തകാലം സന്യാസിനിയെപ്പോലെ ജീവിച്ചുതീര്‍ത്ത എനിക്ക് നിറങ്ങളോടുള്ള താല്‍പര്യം എന്നേ ഇല്ലാതായിരിക്കുന്നു. ഞാനവിടെ വന്നത്, തനിച്ചായിപ്പോയ ദാസേട്ടനും മകനും അല്‍പ്പം ആശ്വാസം പകരാനായിരുന്നു. എങ്കിലും എനിക്കൊരു മോഹവും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാലത് ആത്മവഞ്ചനയാകും; ഉണ്ടായിരുന്നു. എനിക്ക് പിറക്കേണ്ടിയിരുന്ന എന്റേതല്ലാത്ത ദാസേട്ടന്റെ മകനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച്, ദാസേട്ടനെ പരിചരിച്ച് ഇനിയുള്ള കാലം ജീവിക്കണമെന്ന ചെറിയ മോഹം. ദാസേട്ടനെന്ന വ്യക്തിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എനിക്ക് അതിനുള്ള ഭാഗ്യമെങ്കിലും ലഭിക്കുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു.

എനിക്കതിനുള്ള അര്‍ഹതയില്ല, അല്ലെ ദാസേട്ടാ?

അന്ന് മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി എന്നെ ദാസേട്ടന്‍ മാറ്റി നിര്‍ത്തിയപ്പോള്‍ അതിലൊരു നീതി ഉണ്ടായിരുന്നു. ഇന്ന് മകനുവേണ്ടി എന്നെ രണ്ടാമതും ഉപേക്ഷിച്ചപ്പോള്‍,

അതില്‍, അതില്‍ എന്തെങ്കിലും നീതിയുണ്ടോ ദാസേട്ടാ? എനിക്കറിയില്ല; എനിക്കറിയില്ല. അന്ന് സാഹചര്യം ഇല്ലാത്തത് കൊണ്ട് എന്നെ സ്വീകരിക്കാന്‍ സാധിക്കാതെ പോയ, എങ്കിലും സ്വീകരിക്കാന്‍ മനസുള്ള ദാസേട്ടന്റെ ഓര്‍മ്മയായിരുന്നു എന്റെ ഊര്‍ജ്ജമെങ്കില്‍, ഇന്ന് സാഹചര്യമുണ്ടായിട്ടും വെറുമൊരു സന്ദര്‍ശകയായിപ്പോലും എന്നെ കാണാന്‍ സാധിക്കാത്ത ദാസേട്ടന്റെ ചിത്രം എന്റെ ആത്മാവിനെ ദഹിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി വെറും തോടായ ഈ ശരീരത്തിന് ഭൂമിയിലെന്ത് കാര്യം ദാസേട്ടാ?

ഞാന്‍ പോകുന്നു ദാസേട്ടാ. ഇവിടെ ബാംഗളൂരില്‍ എനിക്കൊരു ഫ്ലാറ്റ് ഉണ്ട്. അല്‍പ്പം പണം ബാങ്കിലും. എല്ലാത്തിന്റെയും അനന്തരാവകാശിയായി ഞാന്‍ ദാസേട്ടന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ഈ ജീവിതത്തില്‍ ദാസേട്ടന് യാതൊന്നും നല്‍കാന്‍ സാധിക്കാതെ പോയ എനിക്ക്, ഇതെങ്കിലും ചെയ്യാനുള്ള അവകാശം ദയവായി നല്‍കണം.

എന്ന്, ദാസേട്ടന്റെ മാത്രം, പ്രിയ”

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Samuel George