നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം. പക്ഷേ ഇവിടെ ഇങ്ങനെയുള്ള കണ്ടുമുട്ടൽ അതിനി വേണ്ട

രചന : Sreekumar Mohan Nair

അവിഹിതം

*************

“ അതേ ഏട്ടാ എവിടെയാ.” ശ്യാം കോൾ അറ്റൻഡ് ചെയ്തതും അങ്ങേ തലയ്ക്കൽ നിന്നും ഭാരൃയുടെ ശബ്ദം ഒഴുകി എത്തി.

“ ക്രിസ്തുമസെക്കെ അല്ലേടി. ദേ ഞങ്ങൾ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ. “

“ കളിയാക്കണ്ട . എനിക്കറിയാം എവിടെയാണന്ന്. അധികം ഒന്നും വലിച്ച് കേറ്റിയേക്കല്ലേ. ഞാനും പിള്ളേരും തനിച്ചാ. പിന്നെ വഴിയിൽ ചെക്കിങ്ങ് കാണും സൂക്ഷിക്കണം. “

“ അറിയാമെടി. പിന്നെ പിള്ളേർ ഉറങ്ങിയോ. “

“ഇല്ല ഇവിടെ ഇരിപ്പുണ്ട് കൊടുക്കണോ “

“ വേണ്ട ആ ശരി . ഞാൻ വരുമ്പോൾ വിളിക്കാം.”

അങ്ങേ തലയ്ക്കൽ ഫോൺ കട്ടായിട്ടും ശ്യാം കുറച്ച് നേരം കൂടി അതേ പടി തുടർന്നു.

അയാളുടെ മുഖം മ്ലാനമായിരുന്നു. അയാൾ എഴുന്നേറ്റ് ജനാലയ്ക്ക് അരികിലേക്ക് നടന്നു. പിന്നെ ഒരു സിഗരറ്റിന് തിരികൊളുത്തി.

ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്ത് വന്നലച്ചു. മഞ്ഞുതുള്ളി പൊതിഞ്ഞ ചില്ല് ജാലകത്തിന് അപ്പുറം അങ്ങ് താഴെ ശാന്തമായി ഒഴുകുന്ന നഗരം. ഫ്ലാറ്റു പരിസരങ്ങളും തിരുപ്പിറവിയെ വരവേക്കൽക്കാനുള്ള ഒരുക്കത്തിലാണ്. അയാൾ വീണ്ടും ഒരു പുകയെടുക്കുബോൾ പെട്ടന്ന് പുറകിൽ ഒരു നിശ്വാസം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി. പുറകിൽ നിറകണ്ണുകളോടെ സോഫിയെ കണ്ടതോടെ അയാൾ വീണ്ടും വല്ലാതായി.

“ ദാ കണ്ടോ നാട്ടിലുള്ള ഭാരൃയ്ക്ക് പ്രവാസി ഭർത്താവ് കൊടുത്തയച്ച സമ്മാനം “ തന്റെ കഴുത്തിലെ നെക്ലസ് ചൂണ്ടി സോഫി ചിരിക്കാൻ ശ്രമിച്ചങ്കിലും കണ്ണുകൾ വീണ്ടും നിറയുകയാണ് ഉണ്ടായത്.

“ നമുക്കിത് വേണോ ശ്യാം.” ഒരു നിമിഷത്തെ മൗനത്തിന് ശേഷം സോഫിയുടെ വാക്കുകൾ കേട്ടപ്പോൾ ശ്യാം ഞെട്ടി അവളെ തന്നെ തുറിച്ച് നോക്കി. അയാളുടെ മനസിലിരുന്ന് ആരോ ഉരുവിട്ടിരുന്ന വാക്കുകൾ തന്നെയായിരുന്നു അത്.

കോളേജ് കാലഘട്ടത്തിലാണ് സോഫി ശ്യാമിന്റെ മനസിൽ ഇടം പിടിക്കുന്നത്. കോളേജ് ബ്യൂട്ടി ആയിരുന്ന അവൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അവസാനം നറുക്ക് വീണത് ശ്യാമിനായിരുന്നു.

മറ്റുള്ളവർ അസൂയയോടെ നോക്കി കണ്ടിരുന്ന പ്രണയം. പക്ഷേ വെറുമൊരു കോളേജ് ഫാസിനേഷൻ മാത്രമായി ഒതുങ്ങാനായിരുന്നു അതിന്റെ വിധി. കോളജ് കഴിഞ്ഞതോടെ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു.

പിന്നിട് ഫേസ്‌ബുക്കിൽ യാദ്രശ്ചികമായ വന്ന ഫ്രണ്ട്സ് റിക്വസ്റ്റിന്റെ രൂപത്തിലിണ് സോഫി വീണ്ടും ശ്യാമിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.ആപ്പോഴേക്കും അവൾ ഒരു പ്രവാസിയുടെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായി മാറിയിരുന്നു. ശ്യാം രണ്ടു കുട്ടികളുടെ പിതാവും

മൊബൈൽ സ്ക്രിനിൽ കോറിയിട്ട വാക്കുകളിലുടെ അവർ വീണ്ടും അടുത്തു.

വാക്കുകൾ പലപ്പോഴും അതിര് കടക്കുന്നത് അവർ കാര്യമാക്കിയില്ല. ആ അടുപ്പം ആണ് പതിയെ ശ്യാമിനെ സോഫിയുടെ ഫ്ലാറ്റിൽ എത്തിച്ചത്. വിലക്കപ്പെട്ട കനി തേടി.

“ കുഞ്ഞ് ഉറങ്ങിയോ.” ശ്യാമിന്റെ ചോദൃത്തിന് വെറുതെ തലയാട്ടുക മാത്രം ചെയ്ത സോഫിയുടെ തോളിൽ പെട്ടന്ന് ശ്യാമിന്റെ കൈകകൾ അമർന്നു. അത് അവളെ അസ്വസ്തയാക്കുകയാണ് ചെയ്തത്. ആ കൈകൾ വല്ലാത്ത ഭാരമായി അവൾക്ക് തോന്നി.

“ ഞാൻ ഇറങ്ങട്ടെ.” ശ്യാമിന്റെ ചോദ്യം കേട്ട് സോഫി പെട്ടന്ന് ഞെട്ടി തലയുയർത്തി .ആ കണ്ണുകളിലെ അമ്പരപ്പ് അയാൾക്ക് വ്യക്തമായി അയാൾക്ക് വായിച്ച് എടുക്കാൻ കഴിഞ്ഞു.

“ ശ്യാം. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.

പക്ഷേ ഇവിടെ ഇങ്ങനെയുള്ള കണ്ടു മുട്ടൽ അതിനി വേണ്ട. “ തിരിഞ്ഞ് നടന്നു തുടങ്ങിയ ശ്യാമിന്റെ കാതുകളിലേക്ക് സോഫിയുടെ വാക്കുകൾ ഒഴുകി എത്തി. മറുപടിയായി ഒന്ന് ചിരിക്കുക മാത്രമാണ് അയാൾ ചെയ്തത്. പിന്നെ പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ശ്യാം ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ഫോൺ ശബ്ദിക്കാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു

“ അതേയ് ഏട്ടാ…” അങ്ങേ തലയ്ക്കൽ അതേ കിളി നാദം.

“ ഒന്നു പെടക്കാതടി. ദാ വരുന്നെടി പോത്തേ. “

ശ്യാമിന്റെ വാക്കുകൾക്ക് മറുപടിയായി അയാളുടെ കാതിൽ ഒരു പൊട്ടി ചിരി ഉയർന്നു കേട്ടു. പെട്ടന്ന് ഒരു കരൊൾ ഗാനം അന്തരീഷത്തിലുടെ ഒഴുകി എത്തി .

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Sreekumar Mohan Nair