ബ്ലാക്ക്‌ & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥ, ഭാഗം 1 വായിച്ചു നോക്കൂ..

രചന : ശ്രീജിത്ത് ജയൻ

ചന്ദ്രൻ മറക്കപ്പെട്ട ആ രാത്രിയിൽ എവിടെ നിന്ന് ഇല്ലാതെ മൂന്ന് വാല് നക്ഷത്രങ്ങൾ 100 വർഷങ്ങൾക്ക് ശേഷം ഭൂമിയെ വീണ്ടും തേടിയെത്തി.

നഗ്ന നേത്രങ്ങൾ കൊണ്ട് പോലും ആ നക്ഷത്രങ്ങളെ അപ്പോൾ കാണാൻ കഴിയുമായിരുന്നു.

എന്നിട്ടും ഭൂമിയെ ജനങ്ങൾ ആരും ആ നക്ഷത്രങ്ങളെ നോക്കുവാൻ തയ്യാറായില്ല. നക്ഷത്രങ്ങൾ ചന്ദ്രനെ വലം വെക്കാൻ തുടങ്ങിയതോടെ ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് ചന്ദ്രൻ ഒരു വൃത്തത്തിൽ അക്കപ്പെട്ടത് പോലെ തോന്നി.

” ഇത് സൂക്ഷിക്കാൻ ഇതിനേക്കാൾ സൂരക്ഷിതമായ മറ്റൊരു സ്ഥാനമില്ല . ”

ഇരുട്ടുള്ള ആ രാത്രിയിൽ വെളുത്ത വസ്ത്രം ധരിച്ച ആ ഫാദർ തന്റെ കൂട്ടാളികളെ സാക്ഷിയാക്കി തന്റെ കയ്യിൽ ഉണ്ടായിരുന്ന ആ ചെറിയ പെട്ടി മുൻപിലുള്ള കല്ലറയിൽ നിന്നും ഉയർന്നുവന്ന കല്ലിൽ തീർത്ത വലിയ പീഠത്തിന് മുകളിൽ സ്ഥാപിച്ച് പിറകിലേക്ക് നടന്നു. ഫാദർ പിറകിലേക്ക് നീങ്ങിയതും ആ കൽ പീഠം കല്ലറക്ക് ഉള്ളിലേക്ക് പതിയെ താഴ്ന്നിറങ്ങി. ശേഷം ആ മാന്ത്രിക കല്ലറ തുറക്കാനുള്ള കുരിശ് ചാവി ഉയർന്ന വരുകയും ചെയ്തു. ഫാദർ ആ ചാവി വേഗം തന്നെ അവിടെ നിന്നും എടുത്ത് ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ് മറ്റൊരു മര പെട്ടിയിലാക്കി തന്റെ സഹായിയെ ഏൽപ്പിച്ചു.

” ഇത് , എന്ത് ചെയ്യണമെന്ന് നിനക്ക് അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

മരപ്പെട്ടിക്ക് ഉള്ളിൽ തുകലിൽ എഴുതിയ സന്ദേശം ഉണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയ ശേഷം ഫാദർ തന്റെ സഹായിയുടെ കണ്ണുകളിലേക്ക് നോക്കി. ഫാദരിനുള്ള മറുപടി എന്നപോലെ ഒന്ന് മൂളിയ ശേഷം അയാൾ ആ പള്ളിയുമായി പുറത്തേക്ക് ഓടി.

” അവർ വരുന്നതിന് മുൻപ് നമുക്കിവിടെ ചെയ്തു തീർക്കാൻ ഒന്ന് കൂടി കൂടി ബാക്കിയുണ്ട്. ”

ഫാദറും ബാക്കി ഉള്ള നാല് പേരും ആ കല്ലറക്ക് ചുറ്റുമായി പ്രാർത്ഥിക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ ആ വൈദികർ ഭയന്നത് പോലെ അവരെ തേടി ഇരുട്ടിന്റെ ലോകം ഭരിക്കുന്ന സാത്താൻ സേവകർ ആ പള്ളിയിൽ എത്തി ചേർന്നു. ഭൂമിയെ ഏറ്റവും ശക്തമായ ആയുധത്തിന് വേണ്ടിയായിരുന്നു അവരുടെ വരവ്.

“എത്ര ഉപദ്രവിച്ചാലും ആ പെട്ടി ഇനി നിങ്ങൾക്ക് ലഭിക്കില്ല . ”

സാത്താൻ സേവകരുടെ ആക്രമണം മൂലം പരിക്ക് പറ്റിയ വൈദികരിൽ ഒരാൾ ചന്ദ്രൻ ചുറ്റും വലം വെച്ചിരുന്ന ആ നക്ഷത്രങ്ങൾ അകലേക്ക് ദിശമാറി സഞ്ചരിക്കുന്നത് സന്തോഷത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

” എന്നയാലും അത് ഞങ്ങൾക്ക് ഉള്ളത് തന്നെയാണ്. പക്ഷെ ഞങ്ങൾ ഈ ലോകം ഭരിക്കുന്നത് കാണാൻ നിങ്ങൾക്ക് ഭാഗ്യമില്ല.”

അയാൾ ഉറയിൽ നിന്നും കരിമരുന്ന് നിറക്കുന്ന തോക്ക് വലിച്ചൂരി വൈദികന്റെ തലക്ക് പിന്നിൽ ചേർത്ത് പിടിച്ചു. പിറകെ മറ്റു സാത്താൻ സേവകരും .

“സാത്താൻ വിജയിക്കട്ടെ , ഹെയിൽ സാത്താൻ

അവർ ഒരുമിച്ച് സാത്താന്റെ നാമം ഉരുവിട്ടുകൊണ്ട് ആ വൈദികരെ കൊലപ്പെടുത്തി.

വൈദികർ കൊല്ലപ്പെട്ടതും അവരുടെ ഉള്ളിലെ ശക്തി ആ കല്ലറക്ക് ചുറ്റും ഒരു കാന്തിക വലയമായി മാറി. ഒപ്പം അവരുടെ ബൗദ്ധിക ശരീരം ഭൂമിക്ക് അടിയിൽ നിന്നും പുറത്തേക്ക് വന്ന കല്ലുകൾ കൊണ്ട് മറക്കപ്പെട്ടു . പതിയെ അവ അഞ്ച് ശില രൂപങ്ങളായി മാറി ….. അഞ്ച് പോരാളികളുടെ രൂപങ്ങൾ. ….

അവരെ മറികടക്കാൻ മനുഷ്യന് കഴിയുമായിരില്ല .

അഥവാ അതിന് ഉള്ളിലേക്ക് കയറാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപ്പെടും. ഒരു മന്ത്ര ശക്തിക്കും ആ വലയതെ താണ്ടി മുന്നിലേക്ക് നീങ്ങുവാൻ കഴിയില്ലായിരുന്നു. നിരാശയോടെ ആ സാത്താൻ സേവകർ ആ പള്ളിക്ക് പുറത്തേക്ക് നടന്നു. 100 വർഷം നീണ്ടു നിൽക്കുന്ന ഒരു കാത്തിരിപ്പിന് തയാറായി കൊണ്ട്……

*********************

കട്ടിലിന് അരികിലുള്ള മേശക്ക് മുകളിൽ ഉണ്ടായിരുന്ന ചെറിയ ക്ലോക്ക് ശബ്ദമുണ്ടാക്കിയതും നന്ദൻ ഞെട്ടി ഉണർന്നു. എല്ലാം കഴിഞ്ഞിട്ട് വർഷം രണ്ടായി എങ്കിലും ഇപ്പോഴും ആ സാത്താൻ പള്ളിയും അവിടെ നടന്ന സംഭവങ്ങളും നന്ദന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടായിരുന്നില്ല .

ബെഡിൽ നിന്നും എഴുന്നേറ്റ നന്ദൻ ക്ലോക്കിലേക്ക് ഒന്ന് നോക്കിയ ശേഷം അതിന് അരികിൽ ഉണ്ടായിരുന്ന തന്റെയും കീർത്തിയുടെയും വിവാഹ ഫോട്ടോ കയ്യിലെടുത്തു . ആ ഫോട്ടോയിലെ കീർത്തിയുടെ ചിരിക്കുന്ന മുഖത്തിലൂടെ വിരൽ ഓടിച്ച ശേഷം നന്ദൻ ബെഡിൽ നിന്നും എഴുന്നേറ്റു.

” ഞാൻ അന്നേ പറഞ്ഞതാണ് ജാതകം ചേരാത്ത പെണ്ണിനെ കെട്ടിയാൽ അനുഭവിക്കേണ്ടി വരുമെന്ന് ….. ആര് കേൾക്കാൻ ഞാൻ പറയുന്നതിന് വിലയുണ്ടായിരുന്നു എങ്കിൽ നീ അവളെ കെട്ടുമായിരുന്നോ ? ….”

ഭക്ഷണം കഴിക്കാനായി തീൻ മേശക്ക് മുൻപിൽ വന്നിരുന്ന നന്ദനെ അമ്മ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിച്ചു.

” ഒന്ന് നിർത്തോ ,,,,, കേട്ട് ,കേട്ട് മടുത്തു. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട പെണ്കുട്ടിയെ വിവാഹം ചെയ്തു എന്നത് ഇത്രക്ക് വലിയ തെറ്റാണോ ?

വരാൻ ഉള്ളത് എന്നായാലും സംഭവിക്കും . ദൈവത്തെ ഓർത്ത് ഇനിയെങ്കിലും ഭക്ഷണം കഴിക്കുന്ന നേരത്ത് ഇങ്ങനെ സംസാരിക്കരുത്. ”

നന്ദൻ ദേഷ്യത്തോടെ ഭക്ഷണം മതിയാക്കിയ ശേഷം മുകളിലേക്ക് പടികൾ കയറി പോയി .

” ചെ താൻ കരയുകയാണോ ? ‘അമ്മ ഈ tv സീരിയൽ കാണാൻ തുടങ്ങിയപ്പോഴേ അച്ഛൻ എന്നോട് പറഞ്ഞതാണ് ഒരു അമ്മായിയമ്മ പോരിന് ചാൻസ് ഉണ്ടെന്ന്….”

നന്ദൻ ബാൽക്കണിയിൽ ഇരുന്ന് ആരും കാണാതെ കരയുകയായിരുന്ന കീർത്തിയെ ചിരിപ്പിക്കാൻ എന്നപോലെ പറഞ്ഞു. പക്ഷെ അതുകൊണ്ട് മാത്രം കീർത്തിയുടെ ദുഃഖം ഇല്ലാതെയാവില്ലായിരുന്നു .

” ഇത് എന്താ ….”

നന്ദൻ കീർത്തിക്ക് അരികിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ് കയ്യിലെടുത്തു.

“റെസിഗ്നഷൻ……… താൻ ഇത്‌ എന്ത് ചെയുന്നത്….”

ലാപ്‌ടോപ്പിൽ കീർത്തി കമ്പനിയിലേക്ക് അയച്ച ഇമെയിൽ കണ്ട നന്ദൻ കീർത്തിയോട് ചോദിച്ചു.

” രാത്രി വൈകി വീട്ടിൽ വരുന്നതും രാത്രി ജോലിക്ക് പോവുന്നതും അമ്മക്ക് ഇഷ്ടമല്ല. പ്രൈവറ്റ് കമ്പനി അല്ലെ ഓവർ ടൈം വർക്ക് ചെയ്യാൻ പറഞ്ഞാൽ ചെയ്യാതെ ഇരിക്കാൻ പറ്റുമോ …..

ഇതാവുമ്പോൾ അമ്മക്ക് സന്തോഷമാവും….”.

കീർത്തി നന്ദനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ കീർത്തിയോടുള്ള നന്ദന്റെ അമ്മയുടെ സമീപനം സ്നേഹമുള്ളതായിരുന്നു .പക്ഷെ മാസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞുകൾ ഇല്ലാത്തതിനെ ചൊല്ലി പ്രശ്നങ്ങൾ ആരംഭിച്ചു . എരിയുന്ന തീയിലേക്ക് എണ്ണ ഒഴിക്കാൻ മറ്റു പലരും ചേർന്നതോടെ നന്ദന്റെ അമ്മക്ക് കീർത്തി വെറുക്കപ്പെട്ടവളായി മാറി .

“താൻ രാജി വച്ചത് കൊണ്ട് ഒന്നും നേരെയാവാൻ പോവുന്നില്ല . ജോലിക്ക് പോയാൽ അത്രയെങ്കിലും സമയം തനിക്ക് അമ്മയുടെ ഈ കുത്ത് വാക്കുകളിൽ നിന്നും രക്ഷനേടാം…. അമ്മയെ ഇനി ഈ പ്രായത്തിൽ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല . നമുക്ക് ഇടയിൽ ഒരു കുഞ്ഞ് വന്നാൽ തിരുന്ന പ്രശ്നമാണ് ഇത് … അത് കൊണ്ട് താൻ പോയി ഫ്രഷ് ആയിട്ട് വാ ,

10 മണിക്കാണ് ഡോക്ടറുമായുള്ള അപ്പോയ്ന്മെന്റ്.”

നന്ദൻ കീർത്തിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ദിവസങ്ങൾ കഴിയും തോറും അമ്മക്ക് കീർത്തിയോടുള്ള പെരുമാറ്റം മോശമായി വരുകയാണെന്ന് നന്ദനും അറിയാമായിരുന്നു. അതിനാലാണ് ഒരു ഡോക്ടറെ കാണാൻ നന്ദൻ തീരുമാനിച്ചത്. പക്ഷെ വർഷം ഒന്ന് കഴിഞ്ഞിട്ടും ഫലമൊന്നും ഉണ്ടായില്ല.

ടെസ്റ്റുകൾ മറ്റും കഴിഞ്ഞതോടെ നന്ദനും കീർത്തിയും റിസൾട്ടിനായി കാത്തിരുന്നു. അധികം വൈകാതെ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന നഴ്‌സ് അവരെ ഉള്ളിലേക്ക് വിളിച്ചു .

” നിങ്ങൾ പോസിറ്റീവ് ആയ ഒരു റിസൾട്ടിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നെനിക്ക് അറിയാം ,

എന്തായാലും നിങ്ങളെ അധികം ടെൻഷൻ അടിപ്പിക്കാതെ ആ വാർത്ത ഞാൻ നിങ്ങളോട് പറയാം …..

നന്ദൻ , നിങ്ങളുടെ ഭാര്യ ഗർഭിണിയാണ്….”

ആ വാർത്ത കേട്ടതും അറിയാതെ കീർത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . നന്ദന്റെ തന്റെ സന്തോഷം കീർത്തിയുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പങ്കുവച്ചു.

” അപ്പൊ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലാലോ ,

നല്ല പോലെ ശ്രദ്ധിക്കേണ്ട സമയമാണ്. സത്യത്തിൽ നിങ്ങളുടെ കാര്യത്തിൽ ഇത്രയും വേഗം ഒരു റിസൾട്ട് ഉണ്ടാവുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല. എന്തായാലും congratulations….”

ഡോക്ടറുടെ മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു കുഞ്ഞ് എന്ന സ്വപ്നം മാത്രമായിരുന്നില്ല കീർത്തിക്ക് ലഭിച്ചത്. മറിച്ച് തന്നെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം തനിക്ക് നേരെ വരുന്ന ചോദ്യങ്ങളിൽ നിന്നും ഒരു മോചനം കൂടിയായിരുന്നു.

*******************

കാർമേഘങ്ങളെ പിളർത്തി മാറ്റി ആ വിമാനം ഭൂമിയെ സ്പര്ശിക്കാനായി പറന്നിറങ്ങി. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നീല കണ്ണുള്ള ആ പെണ്കുട്ടി യാത്രക്കാരെ സ്വികരിക്കാനായി നിൽക്കുന്ന ആളുകൾ കയ്യിൽ കരുതിയിരുന്ന നെയിം ബോർഡുകളിലേക്ക് ശ്രദ്ധയോടെ നോക്കി .

“റബേക്ക… ഫ്രം അമേരിക്ക ….”

എന്നെഴുതിയ ബോർഡ് കണ്ടതും അവൾ അതുമായി നിൽകുന്ന 30 വയസ്സ് തോന്നിക്കുന്ന ആളിന് അരികിലേക്ക് നടന്നു.

“നീ ഏതാ …. ജോണി അല്ലെ വരുമെന്ന് പറഞ്ഞത് ?

റബേക്ക തന്റെ ഗ്ലാസ് മാറ്റിയ ശേഷം തന്റെ പെട്ടികൾ കാറിന് ഉള്ളിലേക്ക് കയറ്റി വയ്ക്കുന്ന ആളെ അടിമുടി ഒന്ന് നോക്കി.

” എന്റെ പേര് ഫ്രാങ്കോ , ജോണിയും ഞാനും എല്ലാം കരീം ഭായിയുടെ അടുത്താണ് …… കഴിഞ്ഞ ദിവസം ബാറിൽ വച്ച് ഉണ്ടായ അടി കേസ് കാരണം അവൻ ഒളിവിൽ പോയത് കൊണ്ടാണ് ഭായ് എന്നെ ഇങ്ങോട്ട് വിട്ടത്. ”

ഫ്രാങ്കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കൊണ്ട് റബേക്കയുടെ ചോദ്യത്തിന് മറുപടി നൽകി . ഇരു നിറം ,

ആറ് അടിയോട് അടുത്ത് ഉയരം ,

വിദ്യാഭ്യാസം കുറവാണെന്ന് പ്രകടമാവുന്ന സംസാരം. നെറ്റിയുടെ വലത് ഭാഗത്തായി കരിഞ്ഞ ഒരു മുറിവിന്റെ പാട് , അതായിരുന്നു ഫ്രാങ്കോ .

” ആ മേഡത്തിന്റെ സീറ്റിന് അരികിൽ ഇരിക്കുന്ന പെട്ടി മേഡത്തിന് തരാൻ പറഞ്ഞ് ഭായ് തന്നതാണ്. മേഡം തിരികെ പോവുന്നത് വരെ എന്ത് സഹായത്തിനും കൂടെ നിൽക്കണം എന്നാണ് ഭായ് എന്നോട് പറഞ്ഞത് ….. അല്ല , എങ്ങോട്ടാ മേഡത്തിന് പോവേണ്ടത് ? ”

ഫ്രാങ്കോ കണ്ണാടിയുടെ റബേക്കയെ നോക്കി.

” എനിക്ക് സ്റ്റേ ചെയ്യാൻ ഒരു വീട് വേണമെന്ന് ഞാൻ നിങ്ങളുടെ ഭായിയോട് പറഞ്ഞിരുന്നു , ആദ്യം അവിടേക്ക് പോവാം…. അതെവിടെയാണെന്ന് നിനക്ക് അറിയില്ലെങ്കിൽ നിന്റെ ഭായിയെ വിളിച്ച് ചോദിക്ക്. ”

റബേക്ക തന്റെ സീറ്റിന് അരികിൽ ഇരിക്കുന്ന ചെറിയ ബ്രിഫ്കേസ് കൈയിലെടുത്ത് 0666 എന്ന നമ്പർ ഉപയോഗിച്ച് അത് തുറന്നു. റബേക്കയുടെ കേരളത്തിലെ അവശ്യങ്ങൾക്കായി കുറച്ചു ഇന്ത്യൻ രൂപയും ഒരു ബറേറ്റ എം 9 തോക്കുമായിരുന്നു ആ പെട്ടിയിൽ ഉണ്ടായിരുന്നത്. റബേക്ക ആ തോക്കിന് മുകളിലൂടെ ഒന്ന് കൈയ്യോടിച്ച ശേഷം ജനാലയിലൂടെ പുറത്തേക്ക് നോക്കി.

( ഒന്നര വർഷങ്ങൾക്ക് മുൻപ് , അമേരിക്കയിലെ ഒരു സന്ധ്യ )

” അങ്ങനെ അവസാനം ഇവിടെ എത്തി …”

കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ബെഞ്ചമിൻ തന്റെ പുതിയ വീട്ടിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അമേരിക്കൻ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ ബെഞ്ചമിൻ ഒരുപാട് കഷ്ടപ്പെട്ടാണ് സിറ്റിയിലേക്ക് സ്ഥലമാറ്റം വാങ്ങിയത്. സ്വന്തമായി ഒരു വീട് വാങ്ങുന്നത് വരെ വാടക വീട്ടിൽ താമസിക്കാൻ തീരുമാനിച്ച ബെഞ്ചമിൻ ആ സിറ്റിയിൽ ഏറ്റവും കുറഞ്ഞ വാടകക്ക് കിട്ടിയതാണ് ഈ പഴയ വീട് .കുറച്ചു കാലമായി ആരും നോക്കുന്നില്ല എന്ന കാരണത്താൽ വീടിന് അല്പം കോട്ടം സംഭവിച്ചിട്ടുണ്ട് എങ്കിലും മറ്റെല്ലാം കൊണ്ടും ആ വീട് ബെഞ്ചമിനെയും കുടുംബത്തെയും വല്ലാതെ ആകർഷിച്ചു. അമ്മയുടെ കൈപിടിച്ച് നിൽക്കുമ്പോൾ പത്തു വയസ്സ് മാത്രം പ്രായമുള്ള അലക്സ് എന്ന ബാലന് അറിയില്ലായിരുന്നു ആ വീടൊരു അരക്കില്ലം ആണെന്ന്.

അവൻ ആ വീടിന് മുകളിൽ വട്ടമിട്ട് പറക്കുന്ന പ്രാവിനെ ചിരിയോടെ നോക്കിനിന്നു. അവന്റെ കണ്ണുകളിൽ മാത്രം നിറഞ്ഞു നിന്ന ആ പ്രാവ് പതിയെ രണ്ടാം നിലയിലെ ജനാലയിലൂടെ വീടിന് ഉള്ളിലേക്ക് നീങ്ങി. നിമിഷങ്ങൾക്ക് ഉള്ളിൽ ആ പ്രാവിനെ കയ്യിലേന്തി സുന്ദരിയായ ഒരു യുവതി ജനലക്ക് അരികിലേക്ക് വന്ന് അലക്സിനെ നോക്കി ചിരിച്ചു , തിരികെ അവനും.

“അലക്സ് , വാ ….”

വാതിൽ തുറന്ന് പിടിച്ചുകൊണ്ട് ബെഞ്ചമിൻ തന്റെ മകനെ വീടിന് ഉള്ളിലേക്ക് ക്ഷണിച്ചു.

പിറകെ ചിരിയോടെ വീടിന് ഉള്ളിലേക്ക് അലക്സ് ഓടി കയറി. അപ്പോഴും ആ യുവതി ജനാലയിലൂടെ പുറത്തേക്ക് നോക്കി ചിരിക്കുകയായിരുന്നു. എവിടെ നിന്നോ വന്ന തീ നാളം കാലിലൂടെ അവളുടെ വെള്ള വസ്ത്രത്തിൽ പടർന്ന് പിടിച്ചതും വിശ്വസുന്ദരിയായിരുന്ന ആ യുവതി ആരും ഭയക്കുന്ന രക്ത ദാഹിയായി . അവളുടെ പല്ലുകൾക്കും രൂപമാറ്റം സംഭവിച്ചു . അതുവരെ ശാന്തത നിറഞ്ഞു നിന്നിരുന്ന ആ വീടിന് മുകളിൽ കാർമേഘങ്ങൾ വന്നു നിന്നു . പിറകെ കാർമേഘങ്ങളെ പിളർത്തികൊണ്ട് പറന്നുവന്ന ഒരു ശവം തീനി കഴുകൻ ആ വീടിന് മുകളിൽ നിലയുറപ്പിച്ചു.

പുതിയ വീട്ടിലെ ആദ്യരാത്രി , അച്ഛനും അമ്മക്കും ശുഭരാത്രി നേർന്നുകൊണ്ട് അലക്സ് തന്റെ കരടിപാവയെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ തുടങ്ങി. അധികം വൈകാതെ ആരോ തന്നെ സ്പര്ശിച്ചത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

മനസ്സിൽ നിറഞ്ഞു നിന്ന ഭയം കണ്ണുകൾ തുറക്കാൻ അവനെ അനുവദിച്ചില്ല. ആ തോന്നൽ കൂടിവന്നതോടെ അധികനേരം പിടിച്ചു നിൽക്കാൻ അവന് കഴിഞ്ഞില്ല . അവൻ മെല്ലെ കണ്ണുകൾ തുറന്നു. കുറച്ചു മുൻപ് ജനാലയിലൂടെ അവൻ കണ്ട യുവതിയായിരുന്നു പാവകുട്ടിക്ക് പകരം അവനോടൊപ്പം ആ കട്ടിലിൽ ഉണ്ടായിരുന്നത് .അലക്സ് ഭയത്തോടെ തന്നെ ചേർത്തു പിടിച്ചിരുന്ന ആ യുവതിയുടെ കൈ തന്റെ ദേഹത്ത് നിന്നും മാറ്റുവാൻ ശ്രമിച്ചു , പക്ഷെ കഴിഞ്ഞില്ല.

അവൻ കൈ മാറ്റുവാൻ ശ്രമിക്കും തോറും ആ യുവതി കൂടുതൽ ബലം പ്രയോഗിക്കാൻ തുടങ്ങി.

അലക്സ് തന്റെ കയ്യിൽ കിട്ടിയ എന്തോ കൊണ്ട് ആ യുവതിയുടെ കയ്യിൽ ആഞ്ഞടിക്കാൻ തുടങ്ങിയതും ആ യുവതി മിഴികൾ തുറന്നു. നീല നിറമുള്ള അവളുടെ കണ്ണിന് മനുഷ്യ മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടായിരുന്നു.

” Did I hurt you?”

യുവതി ചിരിച്ചു കൊണ്ട് ചോദിച്ചു.

“Yes , who are you ?

“I am Lilith ….”

“Why are you here ? ”

അലക്സ് ഭയത്തോടെ ചോദിച്ചു.

” I am here for you , and I need you …”

എന്ന് പറഞ്ഞുകൊണ്ട് ആ യുവതി അലക്സിനെ വാരി പുണർന്നു . പതിയെ ആ യുവതി അലക്സിന് ഉള്ളിലേക്ക് അലിഞ്ഞു ചേർന്നു .

ഒരു ചിരിയോടെ അലക്സിന്റെ ശരീരത്തിൽ ഇരുന്നുകൊണ്ട് ലിലിത്ത് മുറിയിലെ കണ്ണാടിയിലേക്ക് നോക്കി. അലക്സിന്റെ ചാര നിറമുള്ള കണ്ണുകളിൽ മഷി പോലെ നീല നിറം പടർന്നു.

പതിയെ ആ കണ്ണാടി രണ്ടായി പിളർന്നു താഴെ വീണു , പലരുടെയും അന്ത്യം കുറിച്ചത് പോലെ

തുടരും….

ഈ കഥ പൂർണമായും സാങ്കൽപികമാണ് .

ജീവിച്ചിരിക്കുവന്നാരോ മരിച്ചവരോ ആയ ആരുമായും ഈ കഥക്ക് ബന്ധമില്ല. അങ്ങനെ തോന്നിയാൽ 🤷…..

പറഞ്ഞത് പോലെ ബ്ലാക്ക്‌ & വൈറ്റുമായി വീണ്ടും ഞാൻ തിരിച്ചു വന്നിരിക്കുകയാണ് , വീണ്ടും നിങ്ങളെ ചെറുതായി ത്രില്ലടിപ്പിക്കാനും ഭയപ്പെടുത്താനും.

ഇതൊരു സൈഫൈ ഹൊറർ സ്റ്റോറിയാണ്.

അതുകൊണ്ട് ഹിസ്റ്ററിക്കും , ഫിക്ഷനും , ഹൊററിനും എല്ലാം ഈ കഥയിൽ സ്ഥാനമുണ്ട്. ആദ്യമേ പറയാമല്ലോ വളരെ ചുരുങ്ങിയ പാർട്ടുകൾ മാത്രമാണ് ഈ കഥക്കുള്ളത്. ഒരു വലിയ തുടക്കത്തിന് മുൻപുള്ള ചെറിയ ശ്രമം , അതാണ് എനിക്ക് ഈ കഥ ….. ആ സർപ്രൈസ് എന്താണെന്ന് വഴിയേ പറയാം. അപ്പൊ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത് , ഒപ്പം കഥ ഷെയർ ചെയ്യാനും…..

രചന : ശ്രീജിത്ത് ജയൻ