ഞാനാ കക്കൂസിൽ തന്നെ ഒരേയിരുപ്പായിരുന്നു.. ഇതിനും മാത്രം പതയും കുമിളയും എവിടിരുന്നെന്നാ അതിശയം

രചന : അബ്രാമിന്റെ പെണ്ണ്

“അമ്മച്ചീ എനിക്കു കൊറേ സോപ്പ് പൊടിയും ഒരു കുപ്പിയും വേണം…

ഗ്യാസ് തീർന്നതിൽ സ്വയം പഴിച്ചു കൊണ്ട് അടുപ്പിലെ തീ കത്തിയ്ക്കാൻ ആഞ്ഞൂതിക്കൊണ്ട് നിൽക്കുകയായിരുന്ന ഞാൻ മുഖമുയർത്തി..

“സോപ്പ് പൊടിയും കുപ്പിയും എന്തിനാ ഇപ്പൊ…

എനിക്ക് സംശയം..

“യു ട്യൂബിൽ ഞാനൊരു വീഡിയോ കണ്ടാർന്നേ.. പതയും കുമിളയുമൊക്കെ വരുന്ന വീഡിയോ..

അത് ചെയ്യാനാ അമ്മച്ചീ.. പ്ലീസ്…

കൊച്ച് താണ് കേണ് പറഞ്ഞു..

“രാവിലെ അടി വാങ്ങിയ്ക്കാതെ പോടീ.. ഇവിടെ തുണി കഴുകാൻ സോപ്പ് പൊടി തികയുന്നില്ല..

അപ്പോളാ അവൾക്ക് പതയിൽ കുമിളിയ്ക്കണം പോലും.. പൊയ്ക്കോ അപ്പുറത്ത്..സോപ്പ് പൊടി വെച്ച് കുമിള പറത്തി വിടാൻ നീ കോടീശ്വരന്റെ മോളൊന്നുമല്ല..

കൊച്ച് എന്നെയൊന്നു നോക്കി… എന്നിട്ട് മുറ്റത്തേക്കിറങ്ങിപ്പോയി… കെട്ടിയോൻ മുറ്റത്തിരുന്ന് ഒണങ്ങിയ പാക്കിന്റെ തോട് പൊട്ടിയ്ക്കുകയാണ്.. കൊട്ടപ്പാക്കിന് കിലോയ്ക്ക് നാനൂറു രൂപയുണ്ടെന്ന്… ആ നാനൂറിന്റെ വെപ്രാളം പാക്ക് പൊട്ടിയ്ക്കലിൽ കാണുന്നുണ്ട്..

ഞാനോരോ ജോലികൾ ചെയ്യുന്നതിനിടെ തുണികൾ സോപ്പ് പൊടി കലക്കിയ വെള്ളത്തിൽ മുക്കി… പതയെല്ലാം കൂടെ പൊങ്ങി വന്നപ്പോ കൊച്ച് ഓടി അടുത്തു വന്നു..കയ്യിലൊരു സോക്സും തലയിലിടുന്ന ബണ്ണും പകുതി മുറിച്ചൊരു പ്ലാസ്റ്റിക് കുപ്പിയുമുണ്ട്..അത് ഏതാണ്ട് വെച്ചുകുറ്റിയുടെ ഒരു ആകൃതിയായിരുന്നു..

“ഞാനീ പത എടുത്തോട്ടെ അമ്മച്യേ..

അത്രമേൽ നിഷ്കളങ്കമായ മുഖഭാവം ഞാനിതിന് മുന്നേ കണ്ടിട്ടില്ല.. ഇവളെന്റെ മോള് തന്നെയാണോന്ന് സംശയം തോന്നിപ്പോയി.. അർദ്ധ മനസോടെ ഞാൻ കുറച്ചു വെള്ളവും ഇത്തിരി പതയും കോരി കൊച്ചിന് കൊടുത്തു… കുപ്പിയ്ക്ക് മുകളിലേയ്ക്ക് സോക്സിന്റെ കാല് കയറ്റിയിടുന്ന ഭാഗം വലിച്ചിട്ടിട്ട് ഇവൾ തലയിലിടുന്ന ബണ്ണു വെച്ച് മുറുക്കി.. പണ്ടത്തെ അമ്മാവനൂത്ത് പോലെ.. എന്നിട്ടാ സോക്സ് സോപ്പ് വെള്ളത്തിൽ മുക്കി കുപ്പിയുടെ അടപ്പിടുന്ന ആ ഭാഗത്തൂടെ ഊതിയതും….

പതയിങ്ങനെ സോക്സിനുള്ളിൽ നിന്ന് വെളിയിലേയ്ക്ക് വരുന്നെടേ … കൂട്ടത്തിൽ വല്യ കുമിളയും… സോപ്പ് പത ഒട്ടും താഴെ വീഴാതെ ഒരു മാല പോലെ താഴേയ്ക്ക് താഴേയ്ക്ക് തൂങ്ങിക്കിടക്കുകയാണ്.. അതിലേക്ക് വെയിലടിക്കുമ്പോ കാണാൻ എന്താ ചന്തം.. എനിക്കത് കണ്ടിട്ട് സന്തോഷം സഹിക്കാൻ പറ്റിയില്ല..

“ഇങ്ങോട്ട് താ മോളേ.. അമ്മച്ചിയൊന്ന് ഊതട്ടെ.. ഇതിലും വല്യ പതയും കുമിളയും വരുന്നത് അമ്മച്ചി കാണിച്ചു തരാം…

ഞാൻ കൊച്ചിന്റെ കയ്യിലെ പതക്കുപ്പിയിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി..

“പിന്നേ.. കുമിള വിടാൻ പറ്റിയ പ്രായം.. ഇങ്ങോട്ട് വന്ന് ഈ കൊട്ടപ്പാക്കൊന്ന് പൊട്ടിച്ചു തന്നാൽ നിന്റെ കൈ തേഞ്ഞു പോകത്തൊന്നുമില്ല..

കുമിള വിടാൻ മുട്ടി നിക്കുന്ന എന്നോട് കൊട്ടപ്പാക്ക് പൊട്ടിയ്ക്കാൻ പറഞ്ഞ ഇങ്ങേരെന്തൊരു മനുഷ്യനാണ്…

“നിങ്ങടെ കൊട്ടപ്പാക്ക് പൊട്ടിയ്ക്കാനല്ല ചോദിച്ച സ്ത്രീധനം തന്ന് തങ്കം പോലത്തെ എന്നെ എന്റച്ഛൻ നിങ്ങളുടെ കൂടെ കെട്ടിച്ചത്..

അതിയാൻ പാക്ക് പൊട്ടിയ്ക്കുന്നത് നിർത്തി ഇത്തിരി നേരം എന്നെ നോക്കി.. എന്തോ പറയാൻ തുടങ്ങീട്ട് കൊച്ചുങ്ങളെ ഒന്ന് നോക്കി.. പറയാൻ വന്നത് വേണ്ടെന്ന് വെച്ചു…

“ഇതിൽ സോപ്പ് പൊടി കൊറച്ചേയുള്ളമ്മച്യേ.. തോനേമിട്ടാൽ വല്യ പതയും കുമിളയും വരും..

കൊച്ച് കയ്യിലിരുന്ന പതക്കുപ്പി എനിക്ക് കൈമാറിക്കൊണ്ട് പറഞ്ഞു… ഞാനോടി അകത്തു കയറി… കവറിലെ പകുതി സോപ്പ്പൊടി അവിടിരിപ്പുണ്ട്.. രണ്ട് മൂന്ന് ദിവസത്തേയ്ക്ക് തുണി കഴുകാം… തുണി പിന്നായാലും കഴുകാവല്ലോ.. പതയും കുമിളയുമൊക്കെ നല്ല മൂഡുള്ളപ്പോൾ വേണം വിടാൻ.. ഇപ്പൊ നല്ല സന്തോഷമുള്ള സമയമാണ്..ഞാനാ സോപ്പ്പൊടി മൊത്തമെടുത്ത് കൊച്ചിന്റെ കയ്യിലിരുന്ന ചെറിയ സ്റ്റീൽ ചരുവത്തിലേയ്ക്ക് തട്ടി..

“ആനയ്ക്ക് പ്രാന്ത് പിടിച്ചാൽ ചങ്ങലയ്ക്കിടാം.. ചങ്ങലയ്ക്ക് പ്രാന്ത് പിടിച്ചാൽ എന്തോ ചെയ്യും…

പ്രഷർ കൂടി വയ്യാതെ കിടക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയുടെ ശബ്ദം എന്റെയും കൊച്ചിന്റെയും ചെവിയിൽ വന്ന് വീണു.. കാര്യം എന്റെ അമ്മയൊക്കെയാണെങ്കിലും കെട്ടിയോന്റെ സൈഡാണ് പലപ്പോഴും അമ്മയെന്നെനിക്ക് തോന്നീട്ടുണ്ട്..

“നമ്മക്ക് രണ്ട് പേർക്കും പ്രാന്ത് പിടിച്ചെന്നാന്നോ അമ്മച്യേ അമ്മൂമ്മ പറഞ്ഞേ…

കൊച്ചിന് സംശയം..ഞാനവളെ നോക്കി സാരമില്ലെന്ന് കണ്ണടച്ചു കാണിച്ചു.. കുമിള വിടാനുള്ള വെപ്രാളത്തിൽ അമ്മയോട് ഗുസ്തിയ്ക്ക് നിൽക്കാൻ താല്പര്യമില്ലായിരുന്നെന്നതാണ് സത്യം..അമ്മ അവിടെത്തന്നെ കിടക്കുവാണല്ലോ.. പിന്നായാലും ചോദിക്കാം..

കൊച്ചും ഞാനും കൂടെ സിറ്റൗട്ടിലിരുന്നു.. ഇളയ കുരിപ്പും കൂടെയുണ്ട്… ഞാൻ സോക്സ് സോപ്പ് വെള്ളത്തിൽ മുക്കി.. സോപ്പ് പൊടിയുടെ ഭയങ്കര നാറ്റം തലച്ചോർ വരെ കേറിപ്പോകുന്നുണ്ട്…

ആദ്യത്തെ കുമിള ഞാൻ സർവ്വ ശക്തിയുമെടുത്ത് ഊതി വീർപ്പിച്ചു വിട്ടു.. സോപ്പ്പൊടിയുടെ അതിപ്രസരം കാരണം കുമിള ശടപടേന്ന് വരാൻ തുടങ്ങി… കെട്ടിയോൻ എന്നെ നോക്കിയിരിപ്പുണ്ട്..

അഞ്ചാറു തവണ ഞാൻ കുമിള വിട്ട് കഴിഞ്ഞപ്പോ കൊച്ച് എന്നെ തോണ്ടാൻ തുടങ്ങി..

“അനങ്ങാതെ നില്ലെടീ…വെപ്രാളം കാണിക്കാതെ.. തരത്തില്ലേ..

പിള്ളേർക്കിത്ര വെപ്രാളം കൊള്ളാവോ.. ഞാനാ ചരുവവും പൊക്കി അമ്മയുടെ അടുത്ത് പോയി..

കൊച്ചുങ്ങൾ പിന്നാലെ..അവിടെ നിന്ന് കുമിളയും പതയും വരുന്നത് അമ്മയെ കാണിച്ചു കൊടുത്ത്..

അമ്മ യാതൊരു ഭാവഭേദവുമില്ലാതെ കിടക്കുകയാണ്.. പണ്ടേ അമ്മയിങ്ങനെയൊരു പിന്തിരിപ്പൻ മൂരാച്ചിയാണ്..

“ഞാനൊന്ന് ഊതട്ടെ അമ്മച്യേ.. ഒന്ന് താ..

കൊച്ചിന് യാതൊരു സമാധാനവുമില്ല…

“ഒരെണ്ണം കൂടെ ഊതീട്ട് തരാം..

കൊച്ച് മനസ്സില്ലാ മനസോടെ സമ്മതിച്ചു… അവസാനത്തെ ഊത്ത് സർവ്വശക്തിയുമെടുത്ത് താഴോട്ടൂതിയതും എങ്ങനെയെന്നറിയില്ല,താഴോട്ടൂതിയതിന്റെ ആയിരമിരട്ടി ശക്തിയിൽ ശ്വാസം വായിൽ കൂടെ ഉള്ളിലേയ്ക്ക് പോയി.. കൂടെ ആ ചരുവത്തിൽ കിടന്ന പതവെള്ളവും..ഒറ്റ നിമിഷം എവിടെയാണ് നിൽക്കുന്നതെന്ന് എനിക്കറിയാൻ പറ്റാതെ പോയി.. മൂക്കിലോ തലച്ചോറിലോ ശ്വാസകോശത്തിലോ വയറ്റിലോ ഒക്കെ ചവർപ്പ് കലർന്നതെന്തോ പടർന്നു കയറി… ശ്വാസംമുട്ടുന്നു…ഒരേ സമയം ചുമച്ചും തുമ്മിയും ഞാൻ തറയിലേയ്ക്കിരുന്നു..

കൊച്ചുങ്ങൾ ആധിയോടെ അച്ഛനെ നോക്കി..കുറെയൊക്കെ ഞാൻ ഛർദ്ദിച്ചു… അതിയാനെന്റെ മുതുക് തടവി.. എനിക്ക് വെള്ളം തന്നു..

“താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ…

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി യുദ്ധം നിർത്താൻ ഭാവമില്ലാതെ അകത്തു കിടന്നു പിറുപിറുത്തു..

വെള്ളം കുടിച്ച് ഇത്തിരി നേരം ഇരുന്നതും വയറ്റിൽ നിന്നെന്തോ നെഞ്ചിലേയ്ക്ക് ഉരുണ്ട് കയറി വന്നു… ഏറു കൊണ്ട പട്ടിയുടെ കരച്ചിൽ പോലെയുള്ള ശബ്ദത്തിനൊപ്പം ആദ്യത്തെ വാള് മുറ്റത്ത്‌ വീണു… വായിൽ കൂടെ മാത്രമല്ല ആക്രമണം തുടങ്ങിയത്… നമ്മളെ തോൽപ്പിക്കാനുള്ള ഉദ്ദേശ്യമാണെന്ന് മനസിലായതും സർവ്വ ശക്തിയും സംഭരിച്ച് ആറ് അറുപതിൽ ഞാൻ കക്കൂസിലേയ്ക്ക് പാഞ്ഞു…

ഊണിനു ശേഷം രണ്ട് മണിക്ക് അമ്പലത്തിൽ തുടങ്ങിയ വായന അഞ്ച് മണിക്ക് അവസാനിപ്പിക്കുമ്പോഴും ഞാനാ കക്കൂസിൽ തന്നെ ഒരേയിരുപ്പായിരുന്നു.. ഇതിനും മാത്രം പതയും കുമിളയും എവിടിരുന്നെന്നാ അതിശയം..എന്റെ കൊച്ചുങ്ങൾ വല്യ വല്യ കുമിളകളും പതയുമൊക്കെ ഊതി വീർപ്പിച്ചു സന്തോഷിക്കുന്നത് ഇടയ്ക്കിടെ കക്കൂസിൽ നിന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു.. ഇതിനെയൊക്കെ ഞാൻ പെറ്റതാണോ ദൈവമേ…

അമ്മയുടെ ഒരു ഡയപ്പറൊക്കെ ഫിറ്റ് ചെയ്ത് വൈകുന്നേരം കെട്ടിയോന്റെ കൂടെ ആശൂത്രിയിൽ പോയി.. മരുന്നൊക്കെ വാങ്ങി.. രണ്ട് ദിവസം വയറിന് ഭയങ്കര അസ്വസ്ഥതയായിരുന്നു..വയറൊന്ന് നേരെയാവൻ ആഴ്ചകളോളമെടുത്ത്…

ഇന്നലെ രാവിലെ കൊച്ച് കുറച്ചു സോപ്പ് പൊടിയും കലക്കി അടുത്ത് വന്നിട്ട് ചോദിക്കുവാ..

“അമ്മച്ചീ.. വല്യ കുമിളയും വല്യ പതയും വിടുന്നോ…

എന്നെ ഇത്രേം പതപ്പിച്ചതൊന്നും പോരെന്നായിരിക്കും.. ഇനിയൊരു കുമിള വിടണമെങ്കിൽ ഞാനൊരു ജന്മം കൂടെ ജനിച്ചു വരണം..

അവളോട് ഞാനൊന്നും മറുപടി പറഞ്ഞില്ല.. ചില സമയം മൗനത്തോളം വലിയൊരു മറുപടി വേറെയില്ലല്ലോ.. ല്ലേ…???

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അബ്രാമിന്റെ പെണ്ണ്