ബ്ലാക്ക് & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

രചന : ശ്രീജിത്ത്‌ ജയൻ

സൂര്യൻ കടലിലിൽ ഓടി മറഞ്ഞതും റബേക്ക മല കയറുവനായി ഉപയോഗിച്ചിരുന്ന കയറിൽ മുറുകെ പിടിച്ചുകൊണ്ട് ഡച്ച് പാലസിന് മുൻപിൽ കാലു കുത്തി.

ബ്രിട്ടീഷുകാർ ഇന്ത്യയെ മുഴുവനായി ഭരിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള കാലം . പല രാജ്യങ്ങളും ഇന്ത്യൻ മണ്ണിൽ കോളനി സൃഷ്ഠിക്കാനായി ഈ മണ്ണിൽ കപ്പലിറങ്ങി. കാടിന്റെ മക്കളെ അടിമകളാക്കി തന്റെ സാമ്രാജ്യം സൃഷ്ടിച്ച ഡച്ച് പട്ടാള തലവന് ഈ മണ്ണിൽ തനിക്കായി ഒരു കൊട്ടാരം പണിയാൻ തിരുമാനിച്ചു. ഡച്ച് നിർമാണ രീതിയും കേരള പൈതൃകവും ഒത്തുചേർന്ന് ഒരു നിർമ്മിതിയായിരുന്നു സായിപ്പിന്റെ മനസ്സിൽ ഉണ്ടായിരുന്നത് . പാലസിന്റെ പണി പൂർത്തിയാവുന്നതിന് മുൻപ് തന്നെ വീടിനോട് ചേർന്ന് ഒരു പള്ളി നിർമിക്കാനും സായിപ്പ് ഉത്തരവിട്ടു.

തുടർന്ന് പള്ളിയിലെ കർമങ്ങൾ നിർവഹിക്കാനായി അഞ്ച് വൈദികരെയും ഹോളണ്ടിൽ നിന്നും വരുത്തുകയും ചെയ്തു. മരണശേഷം തന്റെ തലമുറ ഈ മണ്ണിൽ വിശ്രമിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന സായിപ്പ് പള്ളിക്കുള്ളിൽ തനിക്കായി ഒരു കല്ലറയും നിർമ്മിച്ചിരുന്നു. എന്നാൽ 1741 ൽ തിരുവിതാംകൂറുമായി ഏറ്റുമുട്ടിയ ഡച്ച് പട്ടാളം തോൽക്കുകയും സായിപ്പ് കൊല്ലപ്പെടുകയും ഉണ്ടായി . മരണശേഷം സായിപ്പിന്റെ ആത്മാവ് തന്റെ കൊട്ടാരം വിട്ടുപോവാൻ തയ്യാറായില്ല. ആത്മാവ് കൂടുതൽ ശക്തി നേടുന്നതിന് മുൻപ് ഒരു ആൾ രൂപത്തിൽ സായിപ്പിന്റെ ആത്മാവിനെ ബന്ധിച്ച് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ പള്ളിക്ക് ഉള്ളിലെ കല്ലറയിൽ അടക്കം ചെയ്തു.

അതേ കല്ലറയിൽ തന്നെയാണ് വർഷങ്ങൾക്ക് ശേഷം ആ നിധിയെയും വൈദികർ ഒളിച്ചു വച്ചത്

” ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത് ..…”

റബേക്ക സന്തോഷത്തോടെ പാലസിനെ മൊത്തമായി ഒന്ന് നോക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ കൊട്ടാരത്തിനും പള്ളിക്കും കാര്യമായ ബലക്ഷയമൊന്നും ഉണ്ടായിരുന്നില്ല . പക്ഷെ കാലങ്ങളായി ആരും ഉപയോഗിക്കാതെ ഇരുന്നതിനാൽ ആ മനോഹര നിർമ്മിതിക്ക് ഭയാനകമായ ഭാവം ലഭിച്ചിരുന്നു. റബേക്ക തന്റെ കൈകൾ കൊണ്ട് തേക്കിൽ തീർത്ത പള്ളിയുടെ വലിയ വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചു. എന്നാൽ അവൾക്ക് അതിനായില്ല. തുടർന്ന് കാളിയും ഫ്രാങ്കോയും ബലം പ്രയോഗിച്ച് ആ വാതിൽ തുറക്കാൻ ശ്രമിച്ചു.

കഠിനമായ പരിശ്രമത്തിന്റെ ഫലം എന്നപോലെ അല്പനേരങ്ങൾക്ക് ഉള്ളിൽ ആ വാതിൽ തുറക്കപ്പെട്ടു.

വാതിൽ തുറന്നതും ഫ്രാങ്കോയും കാളിയും നിധി തേടി പള്ളിക്ക് ഉള്ളിലേക്ക് ഓടി.

” നിൽക്ക്…..”

വാൾ ഏന്തിയ യോദ്ധാവിന്റെ പ്രതിമയ്ക്ക് അരികിലേക്ക് ചെല്ലാൻ ഒരുങ്ങിയ ഫ്രാങ്കോയെ റബേക്ക തടഞ്ഞു .

” എന്താ മേഡം , നിധി തേടിയല്ലേ നമ്മൾ വന്നത്

നിന്നെ എന്തിനാ സമയം കളയുന്നത് ? ”

ഫ്രാങ്കോ നിധി കുഴിച്ചിട്ടിരിക്കുകയായിരിക്കും എന്ന ചിന്തയിൽ കുഴിക്കാൻ ആവശ്യമായ പിക്കാസ് കയ്യിൽ എടുത്ത് മുന്നോട്ട് നീങ്ങാൻ തുടങ്ങി .

” മരിക്കേണ്ട എങ്കിൽ മാത്രം ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. ”

റബേക്ക അഞ്ച് യോദ്ധാക്കളെയും അവർ സംരക്ഷിക്കുന്ന നിധിയെയും ശ്രദ്ധയോടെ നോക്കി. നിധിയോടുള്ള അത്യാഗ്രഹമായിരുന്നു ഫ്രാങ്കോയുടെ മനസ്സിൽ ആവേശമായി കത്തി നിന്നത്.

ഇരുൾ പടരുന്നത് വരെ റബേക്ക കാത്തിരുന്നു.

കൃത്യമായ സമയം വന്നതും റബേക്ക തന്റെ ബാഗ് തുറന്ന് അതിൽ നിന്നും നാല് വൂടൂ ബൊമ്മകൾ പുറത്തെടുത്തു. കർമങ്ങൾക്ക് ആവശ്യമായ മറ്റു സജ്ജീകരങ്ങൾ ചെയ്തു നൽകിയ ശേഷം ഫ്രാങ്കോയും കാളിയും റബേക്കയുടെ നിർദ്ദേശം അനുസരിച്ച് പള്ളിക്ക് പുറത്തായി നിന്നു. റബേക്ക തനിക്ക് മുന്നിലായി വിരിച്ചു വച്ചിരിക്കുന്ന നക്ഷത്ര ചിഹ്നമുള്ള ചുവന്ന തുണിയുടെ നടുക്കായി ഒരു തലയോട്ടി സ്ഥാപിച്ച് അതിന് മുകളിൽ തന്റെ വിരൽ മുറിച്ച് ഒരു തുള്ളി രക്തം വീഴ്ത്തിയതും എവിടെ നിന്ന് എന്നില്ലാതെ കാറ്റ് ആ പള്ളിക്ക് ഉള്ളിലേക്ക് ആഞ്ഞടിച്ചു. പിറകെ ആരെയും ഭയപ്പെടുത്തുന്ന ഇടി മുഴക്കവും .

“പുറത്ത് വാ , വാ ,വാ …. സാത്താന്റെ നാമത്തിൽ ഞാൻ അജ്ഞാപിക്കുന്നു പുറത്ത് വാ…..”

റബേക്ക വൂടൂ ബൊമ്മകളുടെ ശരീരത്തിൽ നിന്നും സൂചികൾ ഓരോന്നായി വലിച്ചൂരിയ ശേഷം ഉറക്കെ പറഞ്ഞു. നിധി തേടി പറഞ്ഞിറങ്ങിയ ഒരു വിദേശി എന്നല്ലാതെ റബേക്കയുടെ ലക്ഷ്യത്തെ കുറിച്ചോ അവളുടെ ശക്തിയെ കുറിച്ചോ ഫ്രാങ്കോക്ക് അറിവില്ലായിരുന്നു. ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന ചിന്ത ജനാലയിലൂടെ ഒളിഞ്ഞു നോക്കാൻ ഫ്രാങ്കോയെ പ്രേരിപ്പിച്ചു. പാവകളിൽ നിന്നും കറുത്ത പുക പടലങ്ങൾ വായുവിലേക്ക് ഉയരാൻ തുടങ്ങി. പതിയെ ആ പുകകൾ നാല് മനുഷ്യ രൂപങ്ങളായി മാറി. ആ കാഴ്ച കണ്ടതും ഫ്രാങ്കോ ഭയത്തോടെ പിറകിലേക്ക് മറഞ്ഞു വീണു.

” നിങ്ങൾ വേണ്ടത് ഞാൻ നൽകാം , പക്ഷെ അതിന് മുമ്പ് ആ നിധി നിങ്ങൾ എനിക്ക് നൽകണം

റബേക്കയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട് ലിലിത്ത് അടങ്ങുന്ന ദുഷ്ട ശക്തികൾ ഒന്നായി രക്തം കുടിക്കുന്ന നരിയായി മാറി . ശിലകളെ മറികടന്ന് മുന്നിലേക്ക് നീങ്ങാൻ തുടങ്ങിയതും ആ നരി രൂപത്തിലേക്ക് അഞ്ച് യോദ്ധാക്കളുടെയും കണ്ണിൽ നിന്നും പുറത്ത് വന്ന അഗ്നി പടർന്ന് പിടിച്ചു.

എങ്കിലും ആ ദുഷ്ട ശക്തികൾ പിന്മാറാൻ തയ്യാറായില്ല , അവർ കൂടുതൽ ഉള്ളിലേക്ക് ചെല്ലാൻ ശ്രമിച്ചതും ആ നിധിയെ സംരക്ഷിക്കുന്ന കാന്തിക വലയം ആ നരി രൂപത്തെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

” എന്താ സംഭവിച്ചത് ? എനിക്കത് കിട്ടിയേ പറ്റു

വീണ്ടും പഴയ രൂപത്തിലേക്ക് മാറാൻ തുടങ്ങിയ ദുഷ്ട ശക്തികളോട് റബേക്ക ചോദിച്ചു.

” ഈ വലയത്തിന് അപ്പുറത്തേക്ക് ചെല്ലാൻ മരിച്ചവർക്കോ ജീവിച്ചിരിക്കുന്നവർക്കോ കഴിയില്ല.

പക്ഷെ ഞങ്ങൾക്ക് യോജിച്ച ഒരു ശരീരം ലഭിച്ചാൽ ഈ ശക്തിയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും

ലിലിത്ത് മറുപടി നൽകി.

” അവന്റെ ദേഹം മതിയോ ? ”

റബേക്ക ജനാലക്ക് അരികിൽ ഭയത്തോടെ നിന്ന് വിറക്കുന്ന ഫ്രാങ്കോക്ക് നേരെ വിരൽ ചൂണ്ടി.

” പറ്റില്ല , ഞങ്ങൾക്ക് ഒരു സ്ത്രീ ശരീരമാണ് ആവശ്യം , നിന്റെ ശരീരം ഞങ്ങൾക്ക് നൽകുമോ

ലിലിത്ത് റബേക്കയുടെ കണ്ണുകളിലേക്ക് നോക്കി.

പക്ഷെ അതിന് റബേക്ക സമ്മതിച്ചില്ല. തന്റെ ശരീരത്തിലേക്ക് ലീലിത്തിനെയും മറ്റു ശക്തികളെയും സ്വികരിച്ചാൽ തന്റെ ആത്മാവിന് ഈ ശരീരത്തിന് മുകളിലുള്ള ഭരണം നഷ്ടമാവുമെന്ന് റബേക്കക്ക് അറിയാമായിരുന്നു. അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ലിലിത്തും മറ്റു ശക്തികളും നിധി കണ്ടെത്തിയ ശേഷം തന്റെ ശരീരം ഉപേക്ഷിക്കാൻ തയ്യാറാവില്ല എന്നും റബേക്ക ഭയന്നു. അധിക സമയം ആ ശക്തികളെ സ്വതന്ത്രമായി സഞ്ചരിക്കാൻ സമ്മതിക്കാതെ റബേക്ക അവരെ വീണ്ടും വൂടൂ ബൊമ്മകളിൽ തളച്ചു. പിറകെ കാറ്റും മിന്നലും നിന്നതോടെ എല്ലാം ശാന്തമായി എന്ന് കരുതിയ ഫ്രാങ്കോ റബേക്കയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഭയന്നു.

” മേഡം , സത്യത്തിൽ മേഡം ആരാണ് ? ”

ഫ്രാങ്കോ ഭയത്തോടെ ദേ=ഷ്യം ആളിക്കത്തുന്ന കണ്ണുകളുമായി തല താഴ്ത്തി ഇരിക്കുന്ന റബേക്കയെ തട്ടി വിളിച്ചു .

” നമ്മുക്ക് മലയിറങ്ങാം , എത്രയും വേഗം അവർക്ക് ചേരുന്ന ഒരു ശരീരം കണ്ടെത്തണം.

ഇനിയെല്ലാം അതിന് ശേഷം . ആ കാളി എവിടെ , ചിലപ്പോൾ ഊരിൽ തന്നെ ഉണ്ടാവാം ആ ശരീരം

റബേക്ക ആളിക്കത്തുന്ന തീയുടെ പ്രകാശത്തിൽ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

” അറിയില്ല മേഡം ….”

“എന്ന പോയി കണ്ടു പിടിക്ക് അവനെ എനിക്ക് വേണം ……”

റബേക്കക്ക് കൂടുതൽ ദേഷ്യം വരുന്നതിന് മുമ്പ് തന്നെ ഫ്രാങ്കോ കാളിയെ തേടി പുറപ്പെട്ടിരുന്നു.

“കാളി നിൽക്ക് ”

ഒരു ചെറിയ ടോർച്ചുമായി കാട്ടിലെ മരങ്ങൾക്ക് ഇടയിലൂടെ ഓടിയ കാളിക്ക് പിന്നാലെ ഫ്രാങ്കോയും ഓടി . ഇനിയും അധികനേരം പാലസിൽ ചിലവഴിക്കാൻ കാളിയുടെ ഭയം അവനെ അനുവദിക്കുന്നുണ്ടായിരുന്നില്ല , അവൻ ഫ്രാങ്കോയുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ എന്നപോലെ കയ്യിൽ ഉണ്ടായിരുന്നു ടോർച്ച് ലൈറ്റ് ഫ്രാങ്കോക്ക് നേരെ വലിച്ചെറിഞ്ഞ് ഇരുട്ടിൽ മറഞ്ഞിരിക്കാൻ ശ്രമിച്ചു . എന്നാൽ അതിന് മുമ്പ് തന്നെ ഫ്രാങ്കോ തന്റെ തോക്ക് വെടിയുതിർക്കുവാൻ തയ്യാറാക്കിയിരുന്നു .

ഫ്രാങ്കോ വ്യക്തമായ ഉന്നം ഇല്ലാതെ കാളി ഓടിമറഞ്ഞ ദിശയിലേക്ക് വെടി ഉതിർത്തു. വെടിയുണ്ട കാളിയുടെ ദേഹത്ത് തൊടാതെ പാഞ്ഞു പോയെങ്കിലും ഭയത്താൽ കാൽ വഴുതിയ കാളി മറിഞ്ഞ് വീണ് പരിക്കേറ്റു .

” നിന്നെ കൊല്ലാൻ വേണ്ടിയല്ല ….”

എന്ന് പറഞ്ഞുകൊണ്ട് ഫ്രാങ്കോ കാളിയെ തന്റെ തോളിൽ ഇട്ട് പാലസിലേക്ക് നടന്നു.

” നീ എന്തിനാ ഓടിയത് ? ”

കാളിയുടെ മനസ്സിൽ എന്തെല്ലാമോ രഹസ്യങ്ങൾ ഉണ്ടെന്ന് അവന്റെ കണ്ണുകളിൽ നിന്ന് തന്നെ റബേക്ക തിരിച്ചറിഞ്ഞു.

” ഇനിയും ഇവിടെ നിന്നാൽ ണാനും സാവ വേണ്ടി വരും . ഇത്തന നാളും എല്ലാം നിധി യാരും എടുക്കാമെ ഇരിക്കാൻ വേണ്ടി ഉണ്ടാക്കിയ പൊയ് കഥ എന്ന് വിചാരിച്ചു . ”

കാളി തന്റെ രണ്ട് കൈകളും കൂപ്പികൊണ്ട് നിധിയിരിക്കുന്ന കല്ലറയെ നോക്കി.

” എന്ത് കഥ ? ”

റബേക്ക ഫ്രാങ്കോയെയും കളിയേയും മാറിമാറി നോക്കി.

” എനക്ക് പെരുസാ ഒന്നും തെറിയത് , പച്ചെ നൂറ് വർഷത്തിൽ ഒരിക്ക മട്ടും താ ഈ കല്ലറ തൊറക്ക മുടിയും . അന്തമാതിരി ഈ കല്ലറയെ തുറക്കാൻ ഒരു ചാവിയും വേണം…. ”

കാളി തന്റെ മുണ്ടിന്റെ ഒരു ഭാഗം വലിച്ചു കീറിയ ശേഷം കാലിലെ മുറിവ് പറ്റിയഭാഗം കെട്ടിവെക്കാൻ ശ്രമിച്ചു.

” നീ പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കും .”

” എന്നെ നമ്പണോ വേണ്ടയോ , അത് ഉങ്കളുടെ വിശയം . പച്ചെ ഈ നിധിയെ പറ്റി എല്ലാം തെരിയണ ഒരാളെ എനിക്കറിയാം , ഞാൻ വേണമെങ്കിൽ നിങ്കളെ സഹായിക്കാം . പച്ചെ എനിക്ക് കൊറേ പണം വേണം ….. എന്താ തരാൻ പറ്റോ ? ”

മരണത്തെ പോലും മുന്നിൽ കണ്ട കാളിക്ക് ഇനി എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്ന മനോഭാവമായി. കാളി തനിക്ക് മുൻപിലേക്ക് വീണു ലഭിച്ച അവസരം മുതലെടുത്തുകൊണ്ട് സംസാരിച്ചു….

*********************

” നന്ദേട്ടാ …….”

ദുസ്വപ്നം മൂലം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന കീർത്തി കിതച്ചുകൊണ്ട് തനിക്ക് അരികിൽ കിടന്ന് സുഖമായി ഉറങ്ങുന്ന നന്ദനെ നോക്കി.

“ടിക് ടിക്” പിറകെ വന്ന ഡിജിറ്റൽ ക്ലോക്കിന്റെ ശബ്‌ദം വീണ്ടും കീർത്തിയെ ഭയപ്പെടുത്തി. ഒരു നേടുവീർപ്പോടെ കീർത്തി ക്ലോക്കിലേക്ക് നോക്കി ,

സമയം 2 മണി. കീർത്തി കണ്ട സ്വപ്നം എത്രത്തോളം ഭയാനകമായിരുന്നു എന്നതിന്റെ തെളിവ് പോലെ കീർത്തിയുടെ ശരീരം വെട്ടി വിയർത്തു.

” ദൈവമേ , കണ്ട സ്വപ്‍നം ഒരിക്കലും നടക്കരുതെ ……”

കീർത്തി കഴിഞ്ഞ തവണ പള്ളിയിൽ ചെന്നപ്പോൾ മദർ സമ്മാനിച്ച കൊന്ത മലയിൽ മുറുകെ പിടിച്ചുകൊണ്ട് പ്രാർത്ഥിച്ചു.

” എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഈ മനുഷ്യൻ അറിയില്ലലോ ? പാവം നല്ല ക്ഷീണം കാണും ….”

കീർത്തി തന്റെ 4 മാസം വളർച്ചയെത്തിയ വയറിൽ പിടിച്ചുകൊണ്ട് പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു. ബാത്‌റൂമിൽ കയറിയ കീർത്തി തന്റെ മുഖത്ത് തുടർച്ചയായി വെള്ളമൊഴിച്ച ശേഷം ടാപ്പിന് മുന്നിലെ കണ്ണാടിയിലേക്ക് നോക്കി. ആ ഒരു നിമിഷം അവൾ അറിയാതെ ഞെട്ടി പോയി.

സ്വപ്നത്തിൽ കണ്ടത് പോലെ തന്റെ നെറ്റിയിൽ ഒരു മുറിവ് രൂപപ്പെട്ടിരിക്കുന്നു. കീർത്തി ഭയത്തോടെ ആ മുറിവിൽ വിരൽ കൊണ്ട് തൊട്ട് നോക്കിയതും അത് വളരാൻ തുടങ്ങി. ഞൊടിയിടയിൽ വളർന്ന മുറിവിൽ നിന്നും രക്തം തുള്ളികളായി പുറത്ത് വരുന്നത് കൂടി കണ്ടതോടെ കീർത്തിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെയായി . കീർത്തി വീണ്ടും തന്റെ മുഖത്തേക്ക് തുടർച്ചായി മൂന്ന് തവണ വെള്ളം തളിച്ച ശേഷം വീണ്ടും കണ്ണാടിയിലേക്ക് നോക്കി.

കീർത്തി ചിന്തിച്ചത് പോലെ അത് വെറുമൊരു തോന്നൽ ആയിരുന്നു. ഒരു നേടുവീർപ്പോടെ കണ്ണാടിയിലേക്ക് നോക്കി , എല്ലാം ശാന്തം .

” കീർത്തി……”

ബാത്റൂമിൽ നിന്നും പുറത്തേക്ക് പോവാൻ ഒരുങ്ങിയ കീർത്തി ആ ശബ്‌ദം കേട്ട് ചുറ്റും നോക്കി .

കണ്ണാടിയിൽ തന്റെ പ്രതിബിംബം ചിരിയോടെ തന്നെ അരികിലേക്ക് വിളിക്കുന്നു. കീർത്തി അലറി വിളിച്ചുകൊണ്ട് ബാത്റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല .തനിക്ക് പിറകിൽ ആരോ ഉണ്ടെന്ന് തോന്നിയ കീർത്തി തിരിയാൻ തുടങ്ങിയതും ആരോ അവളുടെ കഴുത്തിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി. ശ്വാസം ലഭിക്കാതെ പിടയുന്നതിന് ഇടയിൽ കീർത്തി തന്നെ കൊല്ലാൻ ശ്രമിക്കുന്ന വ്യക്തിയെ നോക്കാൻ ശ്രമിച്ചു.

” നീ ആരാ……”

കീർത്തി കൈകൾ കൊണ്ട് തനിക്ക് എതിരെ നിൽകുന്ന തന്റെ രൂപത്തെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.

” ഇനി മുതൽ നീയാണ് ഞാൻ …..”

പിടഞ്ഞുകൊണ്ടിരുന്ന കീർത്തിയുടെ ചലനം പതിയെ ഇല്ലാതായി . അവളുടെ കാലുകളിലൂടെ രക്തം തലയിലേക്ക് ഒഴുകിയിറങ്ങാൻ തുടങ്ങി….

ഒരു ചിരിയോടെ ആ ശക്തി കീർത്തിയുടെ ശരീരത്തിലേക്ക് അലിഞ്ഞിറങ്ങി.

” താൻ ഇത് എവിടെ പോയതാ ? ”

തനിക്കരികിൽ വന്ന് കിടന്ന കീർത്തിയോട് നന്ദൻ ചോദിച്ചു.

” ഈ ചോര ,,,,, എന്താ ഈ ചോര ഇവിടെ ?

നന്ദൻ ബെഡിലെ ഈർപ്പം തോന്നിയ ഭാഗത്ത് തൊട്ടുനോക്കി . അത് രക്തമാണെന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല .

നന്ദൻ ഭയത്തോടെ ചരിഞ്ഞു കിടക്കുന്ന കീർത്തിയെ തട്ടി വിളിക്കാൻ തുടങ്ങിയതും മിന്നൽ പോലെ എന്തോ നന്ദന്റെ കഴുത്തിനെ സ്പര്ശിച്ചുകൊണ്ട് കടന്ന് പോയി . പതിയെ ആ ഭാഗത്തിൽ നിന്നും രക്തം താഴേക്ക് ഒഴുകിയിറങ്ങി.

“കീ……ർത്തി….”

തന്റെ കഴുത്തിലെ മുറിവ് പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചുകൊണ്ട് നന്ദൻ വിളിച്ചു. എത്ര ശ്രമിച്ചിട്ടും രക്തം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . അധികം വൈകാതെ നന്ദൻ തറയിലേക്ക് വീണ് പിടയാൻ തുടങ്ങി. അല്പനേരത്തെ പിടച്ചിലിന് ഒടുവിൽ നന്ദനും കീർത്തിക്ക് പിന്നാലെ യാത്രയായി.

ഒരു ചിരിയോടെ കീർത്തിയുടെ ശരീരത്തിൽ ഇപ്പോഴുള്ള ശക്തി തളം കെട്ടി നിൽക്കുന്ന രക്തത്തിലേക്ക് നോക്കി . ശേഷം നന്ദനെ ഇല്ലാതാക്കാൻ ഉപയോഗിച്ച കത്തിയുമായി ആ രൂപം മുറിക്ക് പുറത്തേക്ക് ഇറങ്ങി.

“നന്ദേട്ടാ……”

കീർത്തി ഭയത്തോടെ ഞെട്ടിയുണർന്നു , പിറകെ നന്ദനും …..

” എന്താ… എന്ത് പറ്റി ? വേദന വല്ലതും?”

നന്ദൻ കീർത്തിക്ക് കുടിക്കാനായി ഒരു ഗ്ലാസ്സിൽ വെള്ളം നൽകികൊണ്ട് ചോദിച്ചു.

“ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാ….. അഹ്…..”

നന്ദൻ നീട്ടിയ ഗ്ലാസ്സിലെ വെള്ളം മുഴുവൻ കീർത്തി കുടിച്ചു. ശേഷം നന്ദനോട് മറുപടി എന്തോ പറയാൻ തുടങ്ങിയതും ടേബിളിന് അരികിലുള്ള ക്ലോക്ക് ശബ്ദമുണ്ടാക്കിയതും ഒരുമിച്ചായിരുന്നു .

ആ ശബ്‌ദം കേട്ട് ഞെട്ടിയ കീർത്തി ഭയത്തോടെ ക്ലോക്കിലേക്ക് നോക്കി, സമയം 2 മണി…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : ശ്രീജിത്ത്‌ ജയൻ