അവന്റെ കണ്ണിലേക്കു നോക്കാനാവാതെ അവളുടെ മിഴിയിണകൾ തെന്നിത്തെന്നിക്കളിച്ചു….

പ്രണയ സങ്കീർത്തനം

*******************

“എന്തു കോലമാടാ ഇത്.,.? ഒന്നുവല്ലേലും ഒരു പെണ്ണുകാണാൻ പോകുന്നതല്ലേ..? ”

ബിബിൻ കാറിന്റെ സൈഡ് ഗ്ലാസ്‌ താഴ്ത്തിയിട്ട് ആദ്യം കാണുന്നപോലെ അഭിനന്ദിനെ നോക്കി.

“പിന്നെ…, നിന്റെ ചോദ്യം കേട്ടാ തോന്നും പെണ്ണ് എനിക്കാന്ന്.. ഒന്നു പോയെടാപ്പാ…”

ഇട്ടിരുന്ന ടൈറ്റ് ടീ ഷർട്ടും ജീൻസും ഷൂസും മുകളിൽ നിന്ന് താഴെവരെ വിസ്‌തരിച്ചൊന്നു നോക്കിയിട്ട് അഭിനന്ദ് കാറിനടുത്തേക്കു ചെന്നു.

“ഞാനും അതുതന്നെയാടാ ബിബിനേ ഈ ചെക്കനോടു പറഞ്ഞു കൊണ്ടിരുന്നത്…” ഗേറ്റിനോടു ചേർന്നു മതിലിനരികെ നട്ടിരുന്ന തെങ്ങിൽ തൈക്ക് വെള്ളമൊഴിച്ചു കൊണ്ടു നിന്നിരുന്ന അഭിനന്ദിന്റെ അമ്മ ആൻസി കയ്യിലിരുന്ന ഹോസ് താഴെയിട്ടിട്ട് വെളിയിലേക്കിറങ്ങി വന്നു.

“അമ്മയൊന്നു പോയേ…!! ” അഭിനന്ദ് ചിരിച്ചു കൊണ്ട് കാറിന്റെ ഡ്രൈവർ സൈഡിലെ ഡോർ തുറന്നു

“എന്തേ…?

“വണ്ടി ഞാനെടുക്കാം… പെണ്ണു കാണാൻ പോണ ചെക്കൻ ഓടിച്ചു സീനാക്കണ്ട..!!” നന്ദു ബിബിന്റെ കയ്യേൽപ്പിടിച്ചു പുറത്തേക്കിറക്കി.

പാന്റും ഷർട്ടുമിട്ട് ഇൻ ചെയ്ത് എക്സിക്യൂട്ടീവ് ഷൂസുമായിരുന്നു ബിബിന്റെ വേഷം.

“ആഹ്ഹ… എന്തു ഭംഗി…!! അമേരിക്കക്കാരൻ ചെക്കൻ പെണ്ണുകാണാൻ പോകുമ്പോ ഇങ്ങനെ തന്നെ വേണം…!!

ഇപ്പോ അമ്മ പറ… ആരാ സുന്ദരൻ ബിബിനോ അതോ നന്ദുവോ…?” അഭി ബിബിനെ അടുത്തേക്കു വലിച്ചു ചേർത്തു നിർത്തി.

“അതിപ്പോ അമേരിക്കയ്ക്കു പോയി ഇച്ചിരി കളറൊക്കെ വച്ചപ്പോ…”

“വേണ്ട വേണ്ട… അമ്മ പറയണ്ട, എനിക്കറിയാം അമ്മ ആരുടെ പേരാ പറയാൻ പോകുന്നേന്ന്

ഞാൻ ഗ്രേസിയാന്റിയോട് ചോദിച്ചോളാം…” ബിബിന്റ അമ്മയാണ് ഗ്രേസി.

“ആഹ്… നീ ചോദിക്ക്…!! പക്ഷേ ഇപ്പൊ വേണ്ട, നേരം വൈകാതെ രണ്ടാളും പോകാൻ നോക്ക്.”

ആൻസി ഗേറ്റടച്ചിട്ട് തെങ്ങിൻ തൈയ്യുടെ ചുവട്ടിൽ നിന്നും ഹോസ് എടുത്തു.

അഭിനന്ദ് വണ്ടി മുന്നോട്ടെടുത്തു.

“നിനക്കു വഴിയറിയാമോ…?”

“ഇതു ന്യൂയോർക്ക് സിറ്റിയൊന്നുമല്ലടാ ഉവ്വേ… നമ്മള് ജനിച്ചു വളർന്ന നാടാ.. നീയാ അഡ്രെസ്സിങ്ങോട്ടു പറഞ്ഞോ ഞാൻ കൃത്യമായി സ്ഥലത്തെത്തിച്ചിരിക്കും…!!” അഭി ഇടവഴിയിൽ നിന്ന് മെയിൻറോഡിലേക്കു വണ്ടിയിറക്കി സ്പീഡെടുത്തു.

“നിനക്കെന്നാ ഇത്ര ആക്രാന്തം..? കുറച്ചു പയ്യെപ്പോയിക്കൂടെ…? ബിബിൻ വണ്ടിയുടെ മീറ്ററിലേക്കു നോക്കി.

“ഓഹോ… ഇപ്പൊ എനിക്കായോ ആക്രാന്തം..? നാണമില്ലല്ലോടാ, അമേരിക്കേന്ന് ഇങ്ങോട്ടു ലാൻഡ് ചെയ്തിട്ടു നാലു ദിവസം തെകഞ്ഞില്ല,അതിനു മുന്നേ എറങ്ങിയേക്കുവാ പെണ്ണു കാണാൻ… അല്ല അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ… നീ അമേരിക്കേല് വല്ല പട്ടിക്കാട്ടിലുമാണോ ജീവിക്കുന്നേ… ഒരു മാതിരി പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത മാതിരി.”

“ഓ.. എനിക്ക് നാട്ടിലെത്തിയിട്ട് ഒരെണ്ണത്തിനെ കാണാൻ പോകാനുള്ള യോഗമെങ്കിലുമുണ്ടായി.

ഇവിടെ ബാങ്കില് നിന്റെ ക്യാബിന്റെ മുമ്പില് നോട്ടു നിരോധിച്ച കാലത്ത് എ ടി എമ്മിന്റെ മുന്നിൽ ഒണ്ടാരുന്നേനേക്കാൾ ക്യു ഉണ്ടെന്നാരുന്നല്ലോ തള്ള്…. എന്നിട്ടിപ്പോ എന്ത്യേ… മരുന്നിനൊരെണ്ണമെങ്കിലുമുണ്ടോടെയ് കസ്റ്റഡിയില്…?”

“എന്റെ കസ്റ്റഡിയിലൊള്ള പെണ്ണുങ്ങടെ എണ്ണമെടുക്കാൻ നിക്കാതെ നീ അഡ്രെസ്സ് പറഞ്ഞു താ മച്ചാ..” അഭിനന്ദ് ഗിയർ ഒരെണ്ണം താഴ്ത്തി.

വണ്ടി അല്പം സ്ലോ ആയി.

“ഞാനും ജനിച്ചു വളർന്ന നാടു തന്നെടേയ്… എനിക്കും വഴികള് കൊറച്ചൊക്കെ അറിയാം…

നേരെ വിട് മച്ചൂ, നെക്സ്റ്റ് ജങ്ക്ഷനിൽ നിന്നു ലെഫ്റ്റ്.”

“പെണ്ണിന്റെ പേരെന്തുവാടേ…?”

“ആഹ്… എന്തോ പറഞ്ഞിരുന്നു .. മറന്നു.. അഞ്ചു മിനിറ്റു കഴിയുമ്പോ നേരിട്ടു പറയിക്കാടാ…!”

“ആരു കൊണ്ടുവന്നതാടാ ബിബീ ഈ ആലോചന…?

“മമ്മീടെ വകയാടാ…! എന്താണേലും കൊറച്ചു നടക്കണം ഒരെണ്ണം സെറ്റാവാൻ… എന്നാപ്പിന്നെ ഐശ്വര്യമായിട്ട് സ്വന്തം നാട്ടീന്ന് തൊടങ്ങാന്നു വച്ചു…

“ആഹ് പഷ്ട്… നമ്മടെ ചെക്കന്മാര് മാർക്കിട്ടു വെക്കാത്ത ഏതു മതിലാടാ ഈ ഭാഗത്തുള്ളത്…?”

“ദാ ആ പള്ളിക്കുരിശിന്റെ അടുത്തൂന്ന് റൈറ്റ് പിടിച്ചോ…”

“അവിടെ ഏതു വീട്…?”

“നീയീ വഴിക്കു വന്നിട്ടുണ്ടോ…?”

“ഉം… വല്ലപ്പോഴും..”

“എന്നാ ആ കാണുന്ന മൂന്നാമത്തെ ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്ത്..”

അഭിയുടെ കാലുകൾ ബ്രേക്കിൽ അമർന്നു.

“ഇവിടല്ലടാ മച്ചൂ, ഒരു ഗേറ്റും കൂടി അപ്പുറത്ത്.. ദാ അവിടെ..!” ബിബിൻ മുന്നോട്ടു വിരൽ ചൂണ്ടി.

വണ്ടി നിർത്തി ബിബിൻ ഇറങ്ങി മുന്നോട്ടു വന്നിട്ടും അഭിനന്ദ് ഇറങ്ങിയില്ല.

“ഡാ… ഞാൻ വരണോ…?” അവൻ കാറിന്റെ സൈഡ് ഗ്ലാസ്സ് താഴ്ത്തി. ഇത്രയും നേരം ഉണ്ടായിരുന്ന മുഖഭാവമല്ലായിരുന്നു അഭിനന്ദിന്.

“വേണ്ടാ… നീ വരണ്ടാ… ഞാൻ ഒറ്റയ്ക്ക് അകത്തുപോയി പെണ്ണിനേം കണ്ടിട്ട് അവിടെ വച്ചുതന്നെ കെട്ടി മധുവിധുവും ആഘോഷിച്ചിട്ട് ഞങ്ങക്കൊണ്ടാകുന്ന കൊച്ചിന്റെ മാമോദീസക്ക് നിന്നെ വിളിക്കാം

അപ്പൊ വന്നാ മതീട്ടോ എന്റെ പുന്നാരമോൻ….”

ബിബിൻ തിരിഞ്ഞു നിന്നതോടെ അഭിനന്ദ് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി.

ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. മുറ്റത്ത് അവരെയും കാത്ത് ആരൊക്കെയോ നിൽപുണ്ടായിരുന്നു.

പെണ്ണിന്റെ അപ്പനും അമ്മയും ചേച്ചിയും ചേച്ചിയുടെ ഭർത്താവും ഹാളിൽ അഭിനന്ദിനും ബിബിനുമൊപ്പം ഇരുന്നു.

“അസിസ്റ്റന്റ് മാനേജരുടെ റൂമിലുള്ള ഏ സിയുടെ അത്രയും കൂളില്ല ഇവിടുത്തെ ഏ സിക്ക് അല്ലേടാ മച്ചൂ…!” ബിബിൻ ചെറു ചിരിയോടെ അഭിയുടെ ചെവിയിൽ പറഞ്ഞു.

അഭി ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് വിരൽകൊണ്ടു തുടച്ചിട്ട് ബിബിനെ നോക്കി. അവൻ വളരെ കൂളായി പെണ്ണിന്റെ അപ്പന്റേം അമ്മേടേം ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു.

എല്ലാവരും പെട്ടെന്നു നിശബ്ദരായപ്പോൾ അഭി തലയുയർത്തി. ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി തൊട്ടുമുന്നിൽ നിൽക്കുന്ന പെൺകുട്ടിയെക്കണ്ട് അവൻ പെട്ടെന്നു തന്നെ തല താഴ്ത്തിക്കളഞ്ഞു.

“എന്താ പേര്…?” കയ്യിലെടുത്ത കാപ്പി അല്പം നുണഞ്ഞിറക്കിക്കൊണ്ട് ബിബിൻ ചോദിച്ചു.

“ആർദ്ര…!!”

ബിബി പതിയെ അഭിയുടെ വശത്തേക്കു ചാഞ്ഞിരുന്നു.

“തല പൊക്കി നോക്കടാ തെണ്ടി….. എന്നിട്ടു പറ… പെൺകുട്ടിയെങ്ങനെ…?” അഭി മറുപടി പറയാതെ തല ചെരിച്ച് ആർദ്രയെ നോക്കി.

“നിനക്കിഷ്ടമായോ…?” ചോദ്യം ബിബിനോടായിരുന്നെങ്കിലും അവന്റെ നോട്ടം തിരിഞ്ഞു നടക്കുന്ന ആർദ്രയിൽ തന്നെയായിരുന്നു.

“പിന്നേയ്…. സൂപ്പറല്ലേ….!! നിനക്കോ..?”

“ഹേയ്….. ഇതു വെറും ആവറേജ്… നിനക്ക് ഇതിനേക്കാൾ നല്ല വെടിക്കെട്ടു പെങ്കൊച്ചിനെ ഞാൻ ശരിയാക്കിത്തരാം മച്ചൂ… ഇതു വിട്….!” അഭിയുടെ സ്വരം നിരാശ നിറഞ്ഞതായിരുന്നു.

“ഈ കൊച്ചിനെന്നാടാ കൊഴപ്പം… സുന്ദരിയല്ലേ…?”

“ഛേ…. അന്യനാട്ടിൽപ്പോയിക്കിടന്നു തൊലി വെളുത്ത മദാമ്മമാരെ കണ്ടുകണ്ടു നിന്റെ പെൺപിള്ളേരെ വിലയിരുത്താനുള്ള ആ ടേസ്റ്റൊക്കെ പോയി മച്ചൂ…. ഞാൻ പറയണ കേക്ക്… ഇതു നിനക്കു ചേരില്ല….!!”

“പക്ഷേ….. എനിക്കിവളെ വല്ലാതങ്ങു പിടിച്ചു മച്ചൂ…. എനിക്കിവളു മതീന്നൊരു തോന്നൽ…..!!”

“ഓഹോ… എന്നാപ്പിന്നെ തന്നെയങ്ങു തീരുമാനിച്ചാൽ പോരാരുന്നോ…? എന്നോടെന്തിനാ അഭിപ്രായം ചോദിച്ചേ..?”

“എന്താ രണ്ടാളും കൂടി ഒരു ഗൂഢാലോചന…?” പെണ്ണിന്റെ ചേച്ചിയുടെ ഭർത്താവ് അലക്സ്‌ ഇടയ്ക്കു കയറി.

“ഹേയ്… ഞങ്ങളു വെറുതേ….” ബിബിൻ ചിരിച്ചു.

“ദേ… പെണ്ണിനേം ചെക്കനേം തമ്മിൽ കൂട്ടി മുട്ടിച്ചു, അതോടെ നമ്മടെ പണി കഴിഞ്ഞേ…..! ഒന്നിച്ചു ജീവിക്കേണ്ടത് അവരല്ലേ … അവരു സംസാരിക്കട്ടെ..!!” അലക്സ്‌ ഒരു വല്ല്യ കാര്യം പറഞ്ഞതുപോലെ എല്ലാവരെയും നോക്കി.

ആരും ഒന്നും മിണ്ടിയില്ല.

“ഡെയ്… താൻ വലിക്കുമോ…?” അയാൾ പിന്നിലൂടെ വന്ന് ബിബിന്റെ തോളിൽ തട്ടി.

“വല്ലപ്പോഴും…!!” ബിബിൻ തല തിരിച്ചു.

“എന്നാ വാ… നമുക്കൊരു പുക വിഴുങ്ങാം… അവരു സംസാരിക്കട്ടെ..!” അയാൾ പുറത്തേക്കു നടന്നു. ബിബിൻ എഴുന്നേറ്റ് അയാളുടെ പിന്നാലെ നടന്നു.

അഭിനന്ദ് ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു.

“മോള് മുകളിലത്തെ മുറിയിലുണ്ട്… ” അമ്മ ചിരിച്ചു കൊണ്ട് സ്റ്റെയർ കേസിനു നേരെ കൈ ചൂണ്ടി.

ആര്….? എന്ത്….? അഭിക്ക് ഒന്നും മനസ്സിലായില്ല.

“ബിബിനേ……” ദയനീയമായിരുന്നു അഭിനന്ദിന്റെ ശബ്ദം.

“ഓൾ ദി ബെസ്റ്റ് മച്ചൂ….!” ബിബിൻ പെരുവിരൽ മുകളിലേക്കുയർത്തി വിജയാശംസകൾ നേർന്നു.

“വാ ഞാൻ കാട്ടിത്തരാം മുറി…” ആർദ്രയുടെ ചേച്ചി സ്റ്റെപ്പുകൾ കയറി മുകളിലേക്കു നടന്നു.

“ചെല്ലു മോനേ…. ഇനിയെങ്കിലും ആ നാണം ഒന്നു കളയ്….!” ആർദ്രയുടെ അമ്മ.

‘സത്യത്തിൽ എന്താ ഇപ്പൊ ഇവിടെ നടന്നേ….? ‘ എന്ന് പണ്ട് ഇന്നസെന്റ് ചേട്ടൻ ചോദിച്ച അതേ ചോദ്യം അഭിനന്ദിന്റെ മുഖത്തുമുണ്ടായിരുന്നു.

പ്രോഗ്രാം ചെയ്തു വച്ച റോബോട്ട് പോകുമ്പോലെ അവൻ പതിയെ സ്റ്റെപ്പുകൾ കയറി.

മുറിക്കുള്ളിൽ കയറിയപ്പോൾ തൊട്ടു മുന്നിൽ ആർദ്ര! അഭി അറിയാതെ ഒരു ചുവടു പിന്നോട്ടു വച്ചു. അവന്റെ കൈ തട്ടി മുറിയുടെ വാതിൽ താനേ അടഞ്ഞു.

ആർദ്ര അഭിയെ അടിമുടി ഒന്നു നോക്കി.

“അതിപ്പോ… ഞാൻ… എനിക്ക്… അറിയില്ലായിരുന്നു… അതുകൊണ്ടാണ് ഇത്….” അഭിനന്ദ് വിക്കിക്കൊണ്ട് ഇട്ടിരുന്ന ഡ്രസ്സിലേക്കു നോക്കി.

“എന്ത്…?” ആർദ്ര അല്പം കൂടി അവന്റെ മുന്നിലേക്കു നീങ്ങി നിന്നു.

“പെണ്ണുകാണാൻ.. ബിബിന്.. അങ്ങനെയാ അവനും അമ്മയും…”

“ഓ… അതു നന്നായി, അങ്ങനെയെങ്കിലും സാറിനെ ആ റോബോട്ടിക് ലുക്കിൽ നിന്നു മാറി മനുഷ്യക്കോലത്തിൽ ഒന്നു കാണാൻ പറ്റിയല്ലോ…!!” അവളുടെ മുഖത്തു ചിരി കലർന്ന പരിഹാസമായിരുന്നു.

ബ്ലാക്ക് കളറിൽ അങ്ങിങ്ങു വൈറ്റ് ഡിസൈൻ ഉള്ള ടോപ്പും കുർത്തയുമായിരുന്നു അവളുടെ വേഷം.

ഷാംപൂ ചെയ്ത് ഒറ്റ ബുഷിൽ ഒതുക്കി വച്ചിരുന്ന അവളുടെ നീളൻ മുടികൾക്കിടയിലൂടെ ജനൽചില്ലിൽ തട്ടി തകർന്ന സൂര്യന്റെ പ്രതിബിംബം അഭിയുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളിലേക്ക് ഇടയ്ക്കിടെ എത്തിനോക്കി.

ആർദ്രയുടെ ശ്വാസം തൊട്ടുമുന്നിലെത്തി തന്റെ താടിരോമങ്ങളിൽ ഇക്കിളിയിടാൻ ശ്രമിച്ചപ്പോൾ അഭി കണ്ണുകൾ ഇറുക്കിയടച്ചു.

“ഒരുപാടു കാലം കഷ്ടപ്പെട്ടു പിന്നാലെ നടന്നിട്ടും തിരിഞ്ഞു നോക്കാത്ത പെണ്ണിനെ കൂട്ടുകാരന് കെട്ടിച്ചു കൊടുത്തേക്കാമെന്നോർത്തോ…?”

കനത്ത നിശബ്‍ദതയിൽ തൊട്ടടുത്തു നിന്നുമുയരുന്ന ഒരു ചെറിയ ശബ്‍ദത്തിന്റെ ചീള് കാതുകളെ കുത്തി മുറിവേല്പിക്കുന്ന പോലെ അഭിയുടെ കണ്ണുകൾ പിടഞ്ഞു.

“അയ്യോ… അങ്ങനെയൊന്നുമില്ല…” അവന്റെ ശബ്ദത്തിലെ വിറയൽ അവളെ ഹരം പിടിപ്പിച്ചു.

“എങ്ങനെയില്ലായെന്ന്….? പിറകേ നടന്നിട്ടില്ലാ എന്നാണോ….?” അവളുടെ ശ്വാസഗതിയിൽ അവന്റെ കൺപീലികൾ ഇളകിയാടി.

“കണ്ണു തുറക്കഭീ….”

കണ്ണുകൾക്ക് കണ്ണുകളെ മാത്രം കാണാൻ പറ്റുന്നത്ര ദൂരത്തിലായിരുന്നു അവൾ.

“എന്റെ കണ്ണിൽ നീ എന്താ കാണുന്നത് അഭീ..?”

“എന്റെ കണ്ണുകൾ…!!”

“അത് അവിടെക്കയറിയിരുന്ന് എന്റെ ഉറക്കത്തെ തിന്നു തീർക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്ന് നിനക്കറിയുമോ….?”

അവിശ്വസനീയമായതെന്തോ കേട്ടതു പോലെ അവന്റെ മിഴികൾ ഒന്നു പിടഞ്ഞുണർന്നു.

“പക്ഷേ ഒരു വട്ടം പോലും…..”

“പറഞ്ഞില്ല അല്ലേ….?”

അവൻ പതിയെ ഇമകളനക്കി!

“ഞാൻ എത്ര വട്ടം പറഞ്ഞിരിക്കുന്നു നി*ന്നെ ഇഷ്ടമാണെന്ന്….!! പക്ഷേ ഒരിക്കലും ഒരു മറുപടി പോലും പറയാത്തപ്പോൾ…..”

“നീയോർത്തു ഇഷ്ടമല്ലെന്ന്… ല്ലേ..?”

“ഉം.. ”

“നീയെന്റെ പിന്നാലെ നടന്നതല്ലേ നിനക്കറിയൂ… നിന്നെക്കാണാൻ എത്ര ദൂരം ഞാൻ നടന്നിട്ടുണ്ടെന്ന് നിനക്കറിയുമോ…?”

“എപ്പോ….?” അഭിയുടെ മിഴികൾ വിടർന്നു.

“നിന്റെ വീടിന്റെ തൊട്ടടുത്തുള്ള ഇടവകപ്പള്ളിയിൽ കുർബാനയ്ക്ക് കൂടാതെ എന്റെ ഇടവകപ്പള്ളിയോളം നീ വണ്ടിയോടിച്ചു വന്നിരുന്നത് എന്തിനായിരുന്നു….?”

“നിന്നെ കാണാൻ…. പക്ഷേ നീ ഒരു വട്ടം പോലെ എന്നെ തിരിഞ്ഞു നോക്കിയില്ല….!”

“അതുകൊണ്ടാണോ തുടർച്ചയായി രണ്ടാഴ്ച നീ വരാതിരുന്നത്….?”

“അയ്യോ അത് ബാങ്കിൽ നിന്ന് ട്രെയിനിങ്ങിന് പോയതാ…. പക്ഷേ മൂന്നാമത്തെ ആഴ്ച ഞാൻ വന്നിരുന്നു, അന്നും നീ വന്നില്ല…!”

“അന്നു ഞാൻ നിന്റെ ഇടവകപ്പള്ളിയിൽ കുർബ്ബാന കണ്ടു… ഒന്നല്ല രണ്ടു വട്ടം…..!!”

“രണ്ടു വട്ടമോ..? അതെന്തിനാ ….?”

“അന്നു പള്ളിയിൽ വായിച്ചത് നാല്പത്തിരണ്ടാം സങ്കീർത്തനമായിരുന്നു… ഒന്നൂടെ കേൾക്കാൻ….”

“അതെന്തിനാ…?

“നീ വായിച്ചിട്ടുണ്ടോ നാല്പത്തിരണ്ടാം സങ്കീർത്തനം?”

“നാല്പത്തിരണ്ടോ…? വായിച്ചിട്ടുണ്ടാവും!”

“അതിലെ ഒന്നാമത്തെ വാക്യമെന്താണെന്നു നിനക്കറിയുമോ?”

“അറിയില്ല…..!!”

“നിനക്കൊന്നുമറിയില്ല… അറിയുന്നതിൽ പലതും നിനക്കിനിയും മനസ്സിലായിട്ടില്ല…..

പെണ്ണിനെ അറിയേണ്ടത്…. അവളുടെയുള്ളിലെ പ്രണയമറിയേണ്ടത് ‘ഇഷ്ടമാണ് ‘ എന്ന് അവൾ പറയുമ്പോഴണെന്ന് നിന്നോടാരു പ*റഞ്ഞു….?”

അഭിയുടെ നിശ്വാസത്തിൽ ചൂടുപിടിച്ച ആർദ്രയുടെ മുടിയിഴകൾ ഒരുപാടു കാലം തേടിനടന്നതെന്തോ കണ്ടെത്തിയ സന്തോഷത്തിൽ നൃത്തം ചെയ്ത് അവന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയ സ്വേദകണങ്ങളിൽ ഒട്ടിപ്പിടിച്ചു.

“ഒരു നോട്ടം, ഒരു ചെറു ചിരി….. എന്തിന്, പെണ്ണിന്റെ ഓരോ ചലനവും ആണിന് അവളുടെയുള്ളിലെ പ്രണയം വായിച്ചെടുക്കാനുള്ള സൂചനകളാണ്…

നിനക്കറിയുമോ.. പ്രണയിക്കുമ്പോൾ കള്ളം പറയുന്നത് പെണ്ണിന്റെ നാവു മാത്രമായിരിക്കും…..!!”

“എന്നാലും മനസ്സിലുള്ളത് പറയണ്ടേ….?”

“പറയാതെ അറിയാൻ നിനക്കറിയില്ലേ..?”

ഇനിയും കാത്തുനിൽക്കാൻ അഭിക്കാവില്ലായിരുന്നു.

നാണം കൊണ്ടു കുനിഞ്ഞു പോയ ആർദ്രയുടെ മുഖം അവൻ ഇരു കൈകളും ചേർത്ത് ഉയർത്തി.

അവന്റെ കണ്ണിലേക്കു നോക്കാനാവാതെ അവളുടെ മിഴിയിണകൾ തെന്നിത്തെന്നിക്കളിച്ചു.

അഭിയുടെ മുഖം അല്പം കുനിഞ്ഞു. അലസമായിക്കിടന്ന അവന്റെ മുടിയിഴകളിൽ ചിലത് നെറ്റിയിലെക്കൂർന്നു വീണു. നേർത്തൊരു തൂവൽസ്പർശം പോലെ അത് ആർദ്രയുടെ നെറ്റിയിലെ കുങ്കുമരേണുക്കളെ തൊട്ടുണർത്തി. അടർന്നു വീണ സിന്ദൂരവർണ്ണം ദിശയറിയാതെ അൽപനേരം ചുറ്റിത്തിരിഞ്ഞ് അഭിയുടെ വെളുത്ത ടീ ഷർട്ടിലെ നനവിനു സ്വന്തമായി.

നനുത്ത സ്വർണ്ണരോമങ്ങൾക്കു താഴെ ഇളംകാറ്റിൽ തുടിക്കുന്ന പൂവിതൾ പോലെ ആർദ്രയുടെ അധരങ്ങൾ വിറകൊണ്ടു.

അവളുടെ പിടയ്ക്കുന്ന മിഴികളിലും വിടരുന്ന നുണക്കുഴിക്കവിളുകളിലും ചുംബനം കൊതിക്കുന്ന ചുണ്ടുകളിലും അഭി തന്റെ ആദ്യത്തെ പ്രണയകാവ്യം വായിച്ചു.

മനസ്സുകൊണ്ടു സ്വന്തമാക്കിയതിനെ അധരം കൊണ്ടു തന്റേതാക്കാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു. കൂമ്പിയടഞ്ഞുപോയ ആർദ്രയുടെ മിഴികൾക്കു മേൽ അഭിയുടെ നിശ്വാസം പടരാൻ തുടങ്ങിയ നിമിഷം വാതിലിൽ ആരോ മുട്ടി.

ബിബിനായിരുന്നു.

“എന്താണിത് മച്ചൂ… ഇവിടെത്തന്നെയങ്ങു കൂടാൻ തീരുമാനിച്ചോ….?”

“ഡാ പോടാ… മനസ്സമാധാനത്തോടെ ഒന്നു സംസാരിക്കാൻ പോലും സമ്മതിക്കാതെ….”

“എന്തോന്നെടേയ് ഇത്ര സംസാരിക്കാൻ…? നീയല്ലേ പറഞ്ഞത് പെണ്ണു വെറും ആവറേജാണ് നിനക്കിഷ്ടമായില്ല എന്ന്…?”

വിളറിനിന്നിരുന്ന ആർദ്രയുടെ മുഖത്തെ ഭാവം പൊടുന്നനെ മാറി.

“അയ്യോ…. അപ്പൊ.. അത്….” അവൻ ആർദ്രയുടെയും ബിബിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി.

“എപ്പോ, ഏത്…?” ബിബിൻ അർത്ഥം വച്ചു ചിരിച്ചു.

“മച്ചാനേ അതു വേറെയൊരു ആങ്കിളിൽ നിന്നു നോക്കിയതുകൊണ്ട് എനിക്കു തോന്നിയതല്ലേ…. നീ കുളമാക്കല്ലേ…” അഭി ബിബിന്റെ കയ്യിൽക്കയറിപ്പിടിച്ചു.

“ഹ ഹാ…. എന്തായാലും കൊള്ളാം, നിന്റെ പെണ്ണിനെ എനിക്കിഷ്ടപ്പെട്ടു മച്ചൂ…. ഉള്ളിലെ ഇഷ്ടം നിന്നോടു തുറന്നു പറയാനല്ലേ ഇവൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ…” ബിബിൻ കൈ വിടുവിച്ചു…

“ആർദ്ര നിന്നോടു പറഞ്ഞോ…?” അഭി നെറ്റി ചുളിച്ചു.

“എന്നോടല്ലടാ…. നിന്റെ അമ്മയോട്..!”

“ഹെന്റമ്മോ….!! അമ്മയറിഞ്ഞോ..?” അഭിയുടെ കണ്ണുകൾ മിഴിഞ്ഞു

“പിന്നെങ്ങനെ നീയിന്ന് പെണ്ണു കാണാൻ വന്നെന്നാ നിന്റെ വിചാരം?”

“അപ്പൊ പപ്പയോ….?”

“പപ്പയും അമ്മയും മിനിഞ്ഞാന്ന് വന്നിരുന്നു…! ഉച്ചയ്ക്ക് ഊണും കഴിച്ചാ മടങ്ങിയേ…” ആർദ്ര ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഓഹോ…. അപ്പൊ എല്ലാരും കൂടി എല്ലാം ഒളിച്ചുവച്ച് എന്നെ നൈസായിട്ടങ്ങു വലിച്ചു അല്ലേ…?”

അഭിയുടെ മുഖം മാറി.

“ആടാ…. രണ്ടു കൊല്ലം ഒരു പെണ്ണിന്റെ പിന്നാലെ നടന്നിട്ട് ആരോടും മിണ്ടാതിരുന്ന നിനക്കിട്ട് ഇത്രയേലും ചെയ്തില്ലേ ഞങ്ങളൊക്കെയെന്തിനാ ജീവിച്ചിരിക്കുന്നേ…..?”

അഭി ചമ്മിപ്പോയി!

“എന്നാപ്പിന്നെ ഇറങ്ങുവല്ലേ….? അതോ ഇവളേം കെട്ടി ഈ മുറിക്കകത്തു തന്നെയങ്ങു കൂടുവാണോ…?” ബിബിൻ പുറത്തേക്കിറങ്ങി.

ആർദ്രയെ നോക്കി കണ്ണിറുക്കി ഒന്നു ചിരിച്ചിട്ട് അവന്റെ പിന്നാലെയിറങ്ങുമ്പോൾ അഭിയുടെ ടീ ഷർട്ടിൽ പിന്നിൽ നിന്നും പിടുത്തം വീണു.

“ഏത് ആങ്കിളിൽ നിന്നു നോക്കിയപ്പോഴാടോ സാറേ ഞാൻ ആവറേജാന്ന് നിനക്കു തോന്നിയത്…?”

പിന്നിലേക്കു വേച്ചു വീഴാൻ തുടങ്ങിയ അഭിയെ ഇടതു കൈകൊണ്ടു താങ്ങി അവന്റെ കവിളത്തു അധരങ്ങൾ ഉരസിക്കൊണ്ട് ആർദ്ര ചോദിച്ചു.

“എന്തുവാടായിത്….?” ബിബിൻ തിരിഞ്ഞു നിന്നു.

അഭി അവന്റെയൊപ്പം ഓടിയെത്തി.

“അല്ല മച്ചൂ അവളു പറയുവാ, ദിവസോം ബൈബിളു വായിക്കണോന്ന്… നീ വായിക്കാറുണ്ടോ?”

ബിബിൻ അവനെ ഇരുത്തിയൊന്നു നോക്കി.

വണ്ടി തിരിച്ചു മുന്നോട്ടെടുക്കുമ്പോൾ ബിബിൻ പ്രതീക്ഷിച്ചത്ര സന്തോഷമൊന്നും അഭിയുടെ മുഖത്തു കണ്ടില്ല.

“ഡാ നീ ചുമ്മാ കലിപ്പു പിടിച്ച് വീട്ടിൽ ചെന്നിട്ട് ആൻസിയമ്മയോടും പപ്പയോടുമൊന്നും കേറി കോർക്കാൻ നിക്കല്ലേ…!!”

“വണ്ടി നിന്റെ വീട്ടിലേക്കു വിട് എനിക്കു ഗ്രേസിയാന്റിയെ കാണണം..”

“നീയത് ഇതുവരെ വിട്ടില്ലേ… എടാ നിനക്കു തന്നെയാടാ എന്നെക്കാളും ഗ്ലാമറ്…!!” ബിബിൻ ചിരിച്ചു.

“നീ പറയുന്നതു കേൾക്കടാ..!!”

വണ്ടി പോർച്ചിലെത്തി എഞ്ചിൻ ഓഫ് ആക്കുന്നതിനു മുന്നേ അഭി ചാടിയിറങ്ങി അകത്തേക്കു പോയി.

ഗ്രേസി അടുക്കളയിലായിരുന്നു. വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് തിരിയുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അഭി അടുക്കളയിലേക്കു വന്നു.

ഗ്രേസി പുഞ്ചിരിച്ചു കൊണ്ട് എന്തോ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അഭി അവരുടെ തോളിൽ പിടിച്ചു.

“ആന്റീ… ആന്റി ദിവസോം ബൈബിളു വായിക്കാറില്ലേ…?”

“ഉവ്വ്…. എന്തേ…?”

“ഈ നാല്പത്തിരണ്ടാം സങ്കീർത്തനം ഒന്നാം വാക്യം എന്തോന്നാ..?

“അതിപ്പോ പെട്ടെന്നിങ്ങനെ ചോദിച്ചാ…?” അവർ കൈ മലർത്തി.

“ബൈബിൾ എവിടാ…?

“ദാ അവിടെ…!!” ഗ്രേസി അമ്പരപ്പു മാറാതെ അകത്തേക്കു കൈചൂണ്ടി.

“എന്താമ്മേ.. ഇവനിത് എന്തു പറ്റി?” ബിബിൻ ഗ്രേസിയുടെ അടുത്തേക്കു വന്നു.

“ആ….?”

അവർ ബൈബിൾ തുറന്ന് എന്തിനോ വേണ്ടി തിരയുന്ന അഭിയുടെ നേരെ നടന്നു.

“മച്ചൂ… കിട്ടിപ്പോയി…!!” തുറന്നു വച്ച ബൈബിളിലെ നാല്പത്തിരണ്ടാം സങ്കീർത്തനം അഭി ബിബിന്റെ കയ്യിലേക്കു വച്ചു കൊടുത്തു.

കഥയറിയാതെ അമ്പരന്നു നിൽക്കുന്ന ഗ്രേസിയെയും ബിബിനെയും ശ്രദ്ധിക്കാതെ അഭിനന്ദ് തന്റെ ഫോണിൽ ആർദ്രയുടെ നമ്പർ തിരയുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ദേവ ഷിജു