അറിയാതെ, തുടർക്കഥയുടെ ഭാഗം 25 വായിച്ചു നോക്കൂ….

രചന : Thasal

“പാതിരാത്രി കയറി വന്നിട്ട അങ്ങേരുടെ ഒരു ലെറ്റർ… ആൾക്കാരെ പാതി ജീവന അങ്ങ് പോയത്….

നിലയോട് പരാതി പറയുകയായിരുന്നു ശ്രീക്കുട്ടി….

നില ചിരി ഒതുക്കാൻ കഷ്ടപ്പെടുന്നുണ്ട്…

“വിഷ്ണുവേട്ടൻ കാത്തു നിന്നിട്ടുണ്ടാവില്ലേ….നീ എന്താ ലെറ്റർ കൊടുക്കാഞ്ഞത്…. അത് കൊടുത്തില്ലേൽ കിച്ചുവേട്ടൻ വരുമെന്ന് നിനക്ക് അറിഞ്ഞൂടെ… ”

“പിന്നെ…. ഞാൻ നോക്കിയതാ നില… അങ്ങേര് അവിടെ ഒന്നും ഉണ്ടായിരുന്നില്ലന്നെ… അല്ലേൽ തന്നെ രണ്ടിന്റെയും കയ്യിൽ ഫോൺ ഇല്ലേ…

പിന്നെ എന്തിനാ ഇടയ്ക്കിടെ ന്റെ കയ്യിൽ ഇത് ഏൽപ്പിക്കുന്നെ… ന്നിട്ട് മനുഷ്യന് അറ്റാക് വരാൻ..

നോട്ടിലും ഓരോന്ന് കുത്തി കുറിച്ച് കൊണ്ടുള്ള ശ്രീക്കുട്ടിയുടെ പരിഭവം…

“ന്ന… നിനക്ക് പറ്റില്ല എന്ന് പറഞ്ഞൂടെ… ”

കള്ള ചിരിയോടെ നില ചോദിച്ചതും ശ്രീകുട്ടി അവളെ ഒന്ന് നോക്കി….

“നിക്ക് അത് പറയാൻ അറിയതോണ്ടല്ല…. ഇനി ഇപ്പൊ അവർക്ക് ഫീൽ അടിച്ചാലോ….

അതോണ്ട് മാത്രം ആണ്…

“ഉവ്വ്… ”

നില ആക്കി ചിരിയോടെ അവളെ നോക്കി തലയാട്ടി കൊണ്ട് പറഞ്ഞതും ശ്രീക്കുട്ടി അവളുടെ തലയിൽ ഒന്ന് മേടി..

“പോടീ കോപ്പേ… ”

ചുണ്ടിൽ നിറഞ്ഞു നിൽക്കുന്ന പരിഭവം കണ്ടു നില അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ചിരിച്ചു….

“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… ”

“നിന്റെ വർത്താനം കേട്ടാൽ നിക്ക് അറിയാലോ…”

അവളും ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു…

❤❤❤❤❤❤❤❤❤❤❤

“ടാ കിച്ചു….. നീ ഇന്ന് മാർക്കറ്റിൽ പോണില്ലേടാ… ”

പാടത്തുള്ള ജോലിക്ക് ഇടയിൽ നാണി തള്ളയുടെ ചുളിഞ്ഞ കവിളിലും ഉമ്മ വെച്ചു സെൽഫി എടുക്കുന്ന കിച്ചുവിനെ കണ്ടു ഹർഷൻ മണ്ണിൽ വിരൽ വെച്ചു വിത്തു പാകാൻ ഉള്ള കുഞ്ഞ് കുഴികൾ ഒരുക്കി കൊണ്ട് ചോദിച്ചു…

“അവനല്ലേ…..ഈ ഇരിപ്പ് നാലര കഴിയും വരെ ഉണ്ടാകും… ”

മനു ചിരിയോടെ പറയുന്നത് കേട്ടു കിച്ചു ഒന്ന് പല്ല് കടിച്ചു അവനെ നോക്കി…

“അതെന്താടാ ഒരു നാലര കണക്ക്… ”

“അപ്പോഴല്ലേ pk travels എത്തുകയൊള്ളു… ”

വിത്തു എറിയുന്നതിനിടയിൽ ആക്കി കൊണ്ട് മനു പറഞ്ഞു… ഹർഷൻ അവനെ ഒന്ന് ചികഞ്ഞു ഒന്ന് നോക്കി…

“ഒന്ന് പോ ഹർഷ… ഇങ്ങനെ നോക്കാതെ… ”

“ഞാൻ ഇങ്ങനെ നോക്കിയില്ലേലെ…. നാളെ അവളുടെ അച്ഛനും ആങ്ങളയും ഇതിനേക്കാൾ ഭീകരമായി നിന്നെ നോക്കും….നീ തല്ലു വാങ്ങി കൂട്ടുവോ കിച്ചു… ”

ഹർഷൻ അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചു…

“അവളുടെ അച്ഛനും ഏട്ടനും അല്ല ഹർഷ… ഈ വഴി പോയാൽ അവള് തന്നെ ഇവനെ അടിക്കും. ”

മനുവും കളിയാലെ പറഞ്ഞു…

“രണ്ട് തല്ലു കിട്ടിയാലും കാര്യം നടന്നാൽ മതി എന്റെ ഹർഷ… ”

“എന്റെ കയ്യീന്ന് ആകും ആദ്യം കിട്ടുക… നീ എണീറ്റു മാർക്കറ്റിൽ പോകാൻ നോക്കടാ… ”

ഹർഷൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും കിച്ചു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു മുണ്ട് ഒന്ന് കുടഞ്ഞു കൊണ്ട് റോഡിലേക്ക് കയറി…

“വെറുതെയല്ല ആ ചെറുക്കൻ പറയുന്നത് നീ മൊരടൻ ആണെന്ന്… ”

പിറു പിറുത്തു കൊണ്ട് പോകുന്ന കിച്ചുവിനെ ഒരു നിമിഷം നോക്കി നിന്നു കൊണ്ട് ഹർഷൻ ചിരിച്ചു…

“നല്ലൊരു ജോലി ഒക്കെ ആയിട്ട് നമുക്ക് പോയി സംസാരിക്കാം… ”

അവൻ മനുവിനോടായി പറഞ്ഞു…

“നീ അങ്ങ് ചെല്ല്…. പൂമാല ഇട്ടു സ്വീകരിക്കും…എത്ര കൊണ്ടാലും പഠിക്കില്ലേ എന്റെ ഹർഷ… ”

മനു ഇച്ചിരി കടുപ്പത്തിൽ പറഞ്ഞതും ഹർഷൻ ചിരിയോടെ അവന്റെ ജോലിയിൽ മുഴുകി…

❤❤❤❤❤❤❤❤❤❤❤

“ഞാൻ കൊണ്ടോയി കൊടുത്തോളാം അമ്മാ…”

ഉച്ചക്ക് കോളേജിൽ നിന്നും വന്നു ഒന്ന് ഫ്രഷ് ആയി വന്നതും കാണുന്നത് പൊതി ചോറ് കെട്ടി മനുവിനെ ഫോൺ ചെയ്യാൻ ഒരുങ്ങുന്ന അമ്മയെയാണ്….

നില ആവേശത്തോടെ പറയുന്നത് കേട്ടു ചുണ്ടിൽ ഊറിയ ചിരി മറച്ചു കൊണ്ട് അമ്മ തലയാട്ടി…

“ഒറ്റയ്ക്ക് പോകാൻ കഴിയോ മോൾക്ക്‌… ”

“മ്മ്മ്…. ഞാൻ പൊയ്ക്കോളാം… ”

അവൾ ആവേശത്തോടെ പറഞ്ഞു കൊണ്ട് പൊതി ചോറ് രണ്ടും ഒരു കവറിൽ ഇട്ടു കൊണ്ട് ഒരു കുപ്പി വെള്ളവും എടുത്തു അവൾ പുറത്തേക്ക് ഇറങ്ങി….

പിന്നെ എന്തോ ഓർത്ത കണക്കെ ഉള്ളിലേക്ക് തന്നെ തിരിച്ചു ഓടി കൈ കെട്ടി കുഞ്ഞ് പുഞ്ചിരിയുമായി നിൽക്കുന്ന അമ്മയുടെ കവിളിൽ ഒന്ന് ചുണ്ടമർത്തി…..

അമ്മ ആദ്യം ഒന്ന് ഞെട്ടി എങ്കിലും എന്തോ ഓർത്ത പോലെ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി…

“ഹമ്പടി… സോപിങ്ങാ… !!?”

അമ്മ കള്ള ചിരിയോടെ ചോദിക്കുമ്പോൾ കവിളിൽ വിരിയുന്ന ആ ഗർത്തങ്ങൾ അവളെ തന്റെ അച്ചേട്ടനെ ഓർമ്മിപ്പിച്ചിരുന്നു…

അവളും കുസൃതിയോടെ ഒന്ന് ചിരിച്ചു…

“ന്റെ അമ്മയെ പോലെ ഇഷ്ടാ… ”

ആ വാക്കുകൾ മതിയായിരുന്നു ആ അമ്മ മനസ്സ് നിറയാൻ… ഒരുപാട് വാക്കുകളുടെയോ സ്നേഹ പ്രകടനങ്ങളുടെയോ ആവശ്യം ഇല്ല… മനസ്സിൽ തൊടുന്ന ഒരു വാക്ക്….

അമ്മ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി…

“നിന്റെ അച്ചേട്ടൻ അവിടെ വിശന്നു ഇരിക്കുന്നുണ്ടാകും മോള് ചെല്ല്… ”

അമ്മയുടെ വാക്കുകൾ കേൾക്കാൻ കാത്തു നിന്ന പോലെ അവൾ വേഗം തന്നെ പുറത്തേക്ക് നടന്നു…

“മോള് ഹർഷന്റെ അടുത്തേക്ക് ആണോ… ”

റോഡിലൂടെ നടക്കുമ്പോൾ ജോലി കഴിഞ്ഞു പോകുന്ന ദിവാകരെട്ടൻ ചോദിച്ചതും അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി…

“വയലിന്റെ അങ്ങേ തലയിലെ ഏറുമാടത്തിൽ ണ്ടായിരുന്നുട്ടോ…. ”

അദ്ദേഹം അത് മാത്രം പറഞ്ഞു കൊണ്ട് പോകുമ്പോൾ അവൾ റോഡിന്റെ മറു സൈഡിൽ ആയി പരന്നു കിടക്കുന്ന വയലിലേക്ക് നോക്കി….ഇരു സൈഡിലും ആയി ഓരോ ഏറു മാടങ്ങൾ ഉണ്ട്…. രണ്ടും ഹർഷനും കൂട്ടുകാരും കെട്ടിയത് തന്നെയാണ്… രാത്രിയിൽ വെറുതെ ഒന്ന് കൂടാനും സംസാരിച്ചു ഇരിക്കാനും….

കൊയ്യാൻ കാലം ആകുമ്പോൾ അവിടെ ഇരിക്കുന്നതിന് ഒരു പ്രത്യേക സുഖം തന്നെയാണ്…

തെക്കു നിന്നും വീശി അടിക്കുന്ന കാറ്റേറ്റ് ആടി ഉലയുന്ന നെൽകതിരുകൾക്കിടയിൽ വെറുതെ ഇരിക്കാൻ….

ഒരുപാട് വട്ടം താനും ശ്രീക്കുട്ടിയും എല്ലാവരുടെയും കണ്ണു വെട്ടിച്ചു വന്നിരുന്നിട്ടുണ്ട്… രാത്രി കാവിൽ വിളക്ക് വെക്കാൻ പോയിട്ട് വരുമ്പോഴും അമ്പലത്തിലെ വേലക്ക് ഇടയിലും…

അവൾ പുഞ്ചിരിയോടെ ദൂരെ ഏറുമാടത്തിലേക്ക് നോക്കി കൊണ്ട് തന്നെ വരമ്പിലേക്ക് ഇറങ്ങി….

വെറുതെ വരമ്പിൽ വളർന്നു നിൽക്കുന്ന പച്ച പുല്ലിലേക്ക് കണ്ണുകൾ മാറ്റി നടക്കുമ്പോൾ എതിരെ ആരോ വരുന്നത് പോലെ തോന്നിയതും അവൾ മെല്ലെ തല ഉയർത്തി നോക്കിയതും തനിക്ക് നേരെ വരുന്നേ അരുണിനെ കണ്ടു ഒരു നിമിഷം ഹൃദയം ഒന്ന് ഉറക്കെ മിഡിച്ചു…

ഒരു നാളിൽ തന്റെ സ്വന്തം എന്ന് ഹൃദയം കരുതി വെച്ചിരുന്ന ആളായത് കൊണ്ടാകാം…

അവന്റെ മുഖം വീർത്തു കെട്ടിയിരുന്നു…. ആരോടോ ഉള്ള വാശി പോലെ…

അവൾ മെല്ലെ അസ്വസ്ഥതയോടെ അവനിൽ നിന്നും നോട്ടം മാറ്റി…

* കൊച്ചേ….നിനക്ക് അവനിൽ നിന്നും ഒരു മോചനം വേണമെങ്കിൽ നീ തന്നെ കരുതണം…..സ്വന്തമല്ലാ എന്ന് നിന്റെ മനസ്സിനോട് നീ തന്നെ പറയണം… അവനെ ഫേസ് ചെയ്യണം…ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് അവന് മുന്നിൽ തെളിയിക്കണം….*

എന്നോ കരഞ്ഞു തളർന്ന തന്നിലെക്ക് അച്ചേട്ടൻ പകർന്നു തന്ന ധൈര്യം…

അവൾ മെല്ലെ തല ഉയർത്തി….അവനെ തന്നെ നോക്കി… വെറുതെ ചുണ്ടിൽ ഒരു പുഞ്ചിരി എടുത്തണിഞ്ഞു….

കയ്യിലെ കവർ മുറുകെ പിടിച്ചു കൊണ്ട് തന്നെ മുന്നോട്ട് നടന്നു… വരമ്പിൽ അവന് മുന്നിൽ എത്തിയിട്ടും അവൾ വഴി മാറി കൊടുത്തില്ല…

ദേഷ്യത്തോടുള്ള നോട്ടത്തേ അവഗണിച്ചു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയുമായി അവനെ നോക്കി വെറുതെ കൈ കെട്ടി നിന്നു…. ഒരു നിമിഷം പോലും അവന് മുന്നിൽ താഴ്ന്നു കൊടുക്കാതെ…

സ്വയം ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പാടത്തേക്ക് ഇറങ്ങി നിൽക്കുന്നവനെ വെറുതെ ഒരു നോട്ടം നൽകി കൊണ്ട് അവൾ കയ്യിലെ കവർ കറക്കി തോളിലേക്ക് ഇട്ടു കൊണ്ട് വരമ്പിലൂടെ മുന്നോട്ട് നടന്നു.

ചേറ് പറ്റിയ ചെരിപ്പ് വരമ്പിലെ പുല്ലിൽ ഉരതി വരമ്പിലേക്ക് കയറുന്നതിനിടെ ഉള്ളിലെ ദേഷ്യത്തോടെ തന്നെ അവൻ അവളെ ഒന്ന് നോക്കി…

അവന് അത്ഭുതം തോന്നി പോയി…. താൻ അത് വരെ കണ്ട പാവപ്പെട്ട ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ആരെയും വേദനിപ്പിക്കാത്ത ആർക്ക് മുന്നിലും താഴ്ന്നു കൊടുക്കുന്ന നിലയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്കുള്ള മാറ്റം അവനെ അത്രമാത്രം അത്ഭുതപ്പെടുത്തിയിരുന്നു….

ചുണ്ടിലും പുഞ്ചിരി നിറച്ചു കൊണ്ട് വരുന്നവളെ ഏറുമാടത്തിൽ ഇരുന്നു കൊണ്ട് ഹർഷൻ കാണുകയായിരുന്നു….

അവൾ ഏറുമാടത്തിന് അരികെ എത്തിയതും അവൻ ഒന്നും അറിയാത്ത മട്ടെ ഫോണിലേക്ക് നോട്ടം മാറ്റി അവിടെ ചാരി ഇരുന്നു….

“അച്ചേട്ടാ….. ”

കുഞ്ഞ് ശബ്ദത്തിൽ പൊതിഞ്ഞ ശബ്ദം കേട്ടിട്ടും കേൾക്കാത്ത മട്ടെ ഫോണിൽ തന്നെ നോക്കി….

“അച്ചേട്ടാ…. നിലയാ…. ”

വരമ്പിൽ നിന്ന് എത്തി നോക്കിയാൽ ഉള്ളിലേക്ക് ചെറു നോട്ടം മാത്രം ലഭിക്കുന്ന ഏറുമാടത്തിലേക്ക് പെരുവിരലിൽ ഉയർന്നു നിന്നു എത്തി നോക്കി കൊണ്ടുള്ള അവളുടെ വിളിയിൽ അവന് ചിരി വന്നിരുന്നു…

“ടാ… കോപ്പേ… അതിനെ ഇങ്ങനെ കളിപ്പിക്കാതെടാ… നില മോളെ കയറി വാ… ആള് ഇവിടെയുണ്ട്… ”

ഹർഷന്റെ കയ്യിൽ തട്ടി ആദ്യം ഹർഷനോട് ആയിരുന്നു എങ്കിൽ അവസാനം നിലയോടായി മനു പറഞ്ഞു നിർത്തുമ്പോൾ ആ കുഞ്ഞ് മുഖം ഒന്നൂടെ വീർത്തു വന്നിരുന്നു….

കയ്യിലെ ഭക്ഷണപൊതി എത്തി വലിഞ്ഞു മുകളിലേക്ക് വെച്ചു കൊണ്ട് പതിയെ ഒരു കൈ കൊണ്ട് ദാവണി പാവാടയും പിടിച്ചു മറു കൈ കൊണ്ട് ഏണിയിലും മുറുകെ പിടിച്ചു കൊണ്ട് അവൾ കയറാൻ തുടങ്ങി….

മൂന്ന് പടിയെ കയറിയൊള്ളു… അപ്പോഴേക്കും അവൾക്ക് മുന്നിലേക്ക് നീണ്ടു വന്നിരുന്നു ഹർഷന്റെ കരം…

അവൾ മുഖം കൂർപ്പിച്ചു കൊണ്ട് ഒരു നോട്ടം അവനിലേക്ക് പായിച്ചു…

“ഉണ്ടകണ്ണും ഉരുട്ടി നോക്കാതെ പിടിച്ചു കയറടി കൊച്ചേ… ”

ചുണ്ടിലെ കള്ള ചിരിക്ക് യാതൊരു കുറവും വരുത്താതെയുള്ള അവന്റെ വാക്കുകളിൽ ചുണ്ടിൽ ഊറി വന്ന പുഞ്ചിരി പുറമെ വരാതെ കഷ്ടപ്പെടുകയായിരുന്നു നില….

അവൾ മെല്ലെ അവന്റെ കയ്യിൽ പിടിച്ചതും അവന്റെ കരുത്താർന്ന കരം മുറുക്കത്തോടെ അവളുടെ നീണ്ട കൈകളിൽ പതിഞ്ഞിരുന്നു…

അവൾ ശ്രദ്ധയോടെ മുകളിലേക്ക് കയറുമ്പോഴും അവന്റെ കണ്ണുകളും അല്പം വേവലാതിയോടെ അവളുടെ കാലുകളെ പിന്തുടരുന്നു….

“നില മോളുടെ വകയാണോ ഇന്നത്തെ ചോറ്… ന്നോട് വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ…

ഞാൻ വരില്ലായിരുന്നോ… ”

“നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലെടി…കൊച്ചേ.. ”

മനുവിന്റെയും ഹർഷന്റെയും ഒരുമിച്ച് ഉള്ള ചോദ്യം കേട്ടു നില കണ്ണും വിടർത്തി രണ്ട് പേരെയും മാറി മാറി നോക്കി…

ഹർഷൻ ചിരിച്ചു കൊണ്ട് തലയാട്ടിയതും അവളും ആ യക്ഷിപല്ലും പുറത്ത് കാണിച്ചു ഒന്ന് ചിരിച്ചു കൊണ്ട് കവറിൽ നിന്നും പൊതി എടുത്തു അവരുടെ മുന്നിലേക്ക് വെച്ചു കൊടുത്തു….

“നിക്ക് ഇന്ന് ഉച്ചക്ക് വിട്ടു… അപ്പൊ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ വന്നതാ… ”

രണ്ട് പേർക്കും ഉള്ള മറുപടി അവൾ ഒരുമിച്ച് നൽകിയിരുന്നു… അവളുടെ മറുപടി കേട്ടു ആ മുഖത്തേക്ക് ഇടക്ക് പാളി നോക്കിയും പുഞ്ചിരിച്ചും ഇരിക്കുന്ന ഹർഷനെ മനുവും ശ്രദ്ധിച്ചിരുന്നു…

“ടാ…. ഞാൻ ആ കിച്ചുവിനെ വിളിച്ചിട്ട് വരാം… ആ കോപ്പൻ അല്ലേൽ സ്റ്റോപ്പിലും നിന്ന് ജീവിതം കഴിക്കും…. ”

പുഞ്ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോകുന്നവനെ കണ്ടു ഹർഷൻ ഒന്ന് നെറ്റി ചുളിച്ചു….

“നീ കഴിച്ചിട്ട് പോടാ….”

“ഞാൻ വന്നിട്ട് കഴിച്ചോളാം….നീ കഴിച്ചിട്ട് പാടത്തെക്ക് ഇറങ്ങിക്കോ…

താഴേക്ക് ഇറങ്ങുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു… നിലയും അവൻ പോകും വഴിയെ നോക്കി ഇരുന്നതും മുന്നിലേക്ക് എന്തോ നീണ്ടു വന്നതും ഒരുമിച്ച് ആയിരുന്നു…

അവൾ ചെറിയ ഞെട്ടലോടെ മുന്നിലേക്ക് നോക്കിയതും ചോറുരുള തന്റെ ചുണ്ടിൽ തട്ടിച്ചു കുഞ്ഞ് ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന ഹർഷനെ കണ്ടു ഒരു നിമിഷം ഉള്ളിലൂടെ ഒരു പിളർപ്പ് കടന്നു പോയി…

“ഞാൻ…. ”

എന്തോ പറയാൻ തുടങ്ങിയതും അപ്പോഴേക്കും അവൻ അവളുടെ ചുണ്ടുകൾ ഒന്ന് വിരൽ വെച്ചു പിളർത്തി കൊണ്ട് ആ വലിയ ഉരുള അവളുടെ വായിലേക്ക് വെച്ചു കൊടുത്തിരുന്നു…

അവളുടെ കവിളിന് ഒരു വശത്തായി അത് മുഴച്ചു നിന്നു….

തന്നെ നോക്കാതെ തന്നെ ഉരുളകൾ ഉരുട്ടി വായിലേക്ക് വെക്കുന്നവനെ ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ നോക്കി…

വായിലെ ചോറിന് പോലും അവന്റെ സ്നേഹത്തിന്റെ രുചി ആയിരുന്നു…ഒരു നിമിഷം പോലും കണ്ണുകൾ മാറ്റാതെ അവൾ അവനെ നോക്കി ഇരുന്നു….തന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കുന്നു…പ്രണയം പകർന്നു തരുന്നു… ഈ സ്നേഹത്തിന് യോഗ്യയാണോ താൻ….

“കൊച്ചേ… അന്നത്തിന്റെ മുന്നേ നിന്ന് കണ്ണ് നിറക്കാതെ….”

തന്നിലേക്ക് ഒരു നോട്ടം പോലും നൽകാതെയുള്ള അവന്റെ സംസാരത്തിൽ അവൾ ചുണ്ടിൽ പുഞ്ചിരിയുമായി കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു നീക്കി…

“നിക്ക് സന്തോഷം വന്നിട്ട അച്ചേട്ടാ… ”

അവൾ ശബ്ദം നന്നേ താഴ്ത്തി കൊണ്ട് പറഞ്ഞു… ശേഷം മെല്ലെ അവന്റെ ഇടതു കരത്തിന്റെ ചാരെ തല ചേർത്ത് വെച്ചു…

അവനും ഒന്ന് തല ചെരിച്ചു അവളെ നോക്കി..

ശേഷം പുഞ്ചിരിച്ചു….

“ഇനി സന്തോഷം വന്നാൽ കണ്ണ് നിറച്ചാലെ അച്ചേട്ടന് ദേഷ്യവും പിടിക്കും…. ”

അവനും ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയുമായി പറഞ്ഞു… അവൾ കവിൾ കയ്യിൽ അമർത്തി വെച്ചു കൊണ്ട് തല ചെരിച്ചു പരിഭവത്തോടെ അവനെ നോക്കി… ശേഷം മെല്ലെ ആ കൈ തണ്ടയിൽ നോവാത്ത രീതിയിൽ നഖം അമർത്തി.

അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി…

“നോവിക്കാതെടി മിണ്ടാപൂച്ചേ… ”

അവന്റെ വാക്കുകളിൽ ചുണ്ടിൽ ഊറിയ ചിരി പുറത്തേക്ക് വരാതിരിക്കാൻ കഷ്ടപെടുകയായിരുന്നു അവൾ…

പ്രണയം ആയിരുന്നു അവൾക്ക്…ഒരു ഉപാദിയും കൂടാതെ സ്നേഹിക്കാൻ കഴിയുന്നവനോട്… എന്തിനെക്കാളും ഏറെ തന്നെ ചേർത്ത് പിടിച്ചവനോട്…. ജീവിക്കാൻ പഠിപ്പിച്ചവനോട്…

“ന്റെയല്ലേ…. ”

ഇടക്ക് അവളിൽ നിന്നും ഉയർന്ന ചോദ്യം… അവൻ തല ചെരിച്ചു നോക്കുമ്പോൾ തന്നെ ഉറ്റു നോക്കി പുഞ്ചിരിയോടെ അവന്റെ കയ്യിൽ താടി വെച്ചു ഇരിക്കുന്ന നിലയെ കണ്ടു അവൻ ഒരു മറുപടിയും നൽകാതെ അവളിൽ നിന്നും നോട്ടം മാറ്റി….

വാക്കുകൾ കൊണ്ട് അവളോടുള്ള ഇഷ്ടവും പ്രണയവും അറിയിക്കാൻ അവന് ആകുമായിരുന്നില്ല….

മെല്ലെ ഇടതു കരം ഉയർത്തി ആ നെറ്റിയിൽ ഒന്ന് തലോടി… അതിൽ ഉണ്ടായിരുന്നു അവന്റെ സ്നേഹം….

❤❤❤❤❤❤❤❤❤❤❤

“പൊടികുപ്പി…. ”

“പൊടികുപ്പി തന്റെ….. ഒന്ന് മിണ്ടാതെ പോയേ…. ഇന്ന് എന്റെ കയ്യിൽ ലെറ്റർ ഒന്നും തന്നു വിട്ടിട്ടില്ല… ”

മുഖം ഒന്ന് കയറ്റി കൊണ്ട് ആളുകൾ നിൽക്കുന്നത് ശ്രദ്ധിച്ചു ശബ്ദം താഴ്ത്തി കൊണ്ടായിരുന്നു അവൾ പറഞ്ഞത്…

“ഓഹ്… പിന്നെ മിണ്ടാൻ പറ്റിയ ഒരു മുതലും…നിന്റെ ചേട്ടൻ വീട്ടിൽ ഉണ്ടോന്ന് ചോദിക്കാൻ വന്നതാഡി കോപ്പേ… ”

അവനും വിട്ടു കൊടുത്തില്ല…

“അങ്ങേര് എവിടെയാണെന്ന് എനിക്കാണോ അറിയുക… വേണേൽ വീട്ടിൽ പോയി ചോദിച്ചു നോക്ക്…. ”

അവൾ മുഖവും കൂർപ്പിച്ചു കൊണ്ട് നടന്നു…

“ഇവളെ കൊണ്ട്… ”

കിച്ചു അവസരം ഒന്നും കിട്ടാതെ വന്നതോടെ തല ചൊറിഞ്ഞു അല്പനേരം നിന്നു എങ്കിലും എന്തോ ഓർത്ത കണക്കെ അവളുടെ പിന്നാലെ തന്നെ വെച്ചു പിടിച്ചു…

“എനിക്ക് ഹർഷന്റെ പ്രായം ആണ് ട്ടോ… ”

“അതിന്…ഞാൻ എന്താ വേണ്ടേ… ”

അവളും തിരികെ ചോദിച്ചു…

“കുന്തം….എനിക്ക് ഒരു പെണ്ണിനെ വേണം… നീ കോളേജിൽ ഒക്കെ പോകുന്നതല്ലേ… നല്ല ഒരുത്തിയെ കണ്ടാൽ പറയണം….അതിനു വേണ്ടി പറഞ്ഞതാഡി… പൊടികുപ്പി… ”

അവൻ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു…

“അത് ഞാൻ നോക്കട്ടെ… ”

അവൾ പറയുന്നത് കേട്ടു അവന്റെ ഉള്ളിലെ അവസാന പ്രതീക്ഷയും പോയി കിട്ടി…

“ഞാൻ നോക്കിയാൽ പോരെ കിച്ചു… ”

ശബ്ദം കേട്ടു അവൻ ഞെട്ടി കൊണ്ട് തല ചെരിച്ചു നോക്കിയതും മതിലും ചാരി നിൽക്കുന്ന മനു…

കിച്ചു ഒന്ന് ഇളിച്ചു കൊടുത്തു….

“മനുവേട്ടൻ വന്നത് നന്നായി…. കൂട്ടുകാരന് പെണ്ണ് കെട്ടാൻ മുട്ടി നിൽക്കുകയാ…. ഒന്നിനെ ഒപ്പിച്ചു കൊടുത്തൂടെ ന്റെ മനുവേട്ടാ…. ”

ശ്രീകുട്ടി വാ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു…

“പെങ്ങള് പേടിക്കണ്ട…. ഞാൻ ഒപ്പിച്ചു കൊടുത്തോളാം… മോനെ നീ ഇങ്ങ് വന്നേ… ”

കിച്ചുവിന്റെ തോളിലൂടെ കയ്യിട്ടു കഴുത്തിൽ ചുറ്റി പിടിച്ചു തിരിഞ്ഞു നടക്കുന്നതിനിടയിൽ മനു പറയുമ്പോൾ കിച്ചു ആകെ പെട്ട അവസ്ഥയിൽ തിരിഞ്ഞു ഒന്ന് നോക്കി….

അവിടെ ആണേൽ ഒരു കുലുക്കവും ഇല്ല…

അവൾ അവനെ നോക്കാതെ തന്നെ തിരിഞ്ഞു നടന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : Thasal