അവളുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്നു അവൻ പറഞ്ഞതും ദുഃഖം സഹിക്കാനാവാതെ അവൾ പിന്നീട്….

രചന: Manu Kizhavara

മാളവിക (ചെറുകഥ)

❤❤❤❤❤❤❤❤❤

തുടരെ തുടരെ ഫോൺ അടിക്കുന്നത് കേട്ടാണ് സംഗീത് ഫോൺ എടുത്തത്…

രാത്രിയിൽ ലേറ്റ് ആയി വന്നു കിടന്നതിനാൽ നല്ല ഉറക്കമായിരുന്നു….

വിനിതയാണ് മറുതലയ്ക്കൽ…

Good morning വിനിതാ… എന്താ ഇത്രയും രാവിലെ..?

“രാവിലെയോ… നട്ടുച്ചയായി മാഷേ….. ഞാൻ വിളിച്ചത്, ഇന്ന് പ്രോഗ്രാമോന്നുമില്ലെങ്കിൽ എന്റെ കൂടെ ഒരിടം വരെ വരുമോ എന്നറിയാനാണ്… ”

വിനിത ചോദിച്ചു നിർത്തി..

വിനിത,… പണ്ട് ഒരുമിച്ച് ഒരേ ഓഫീസിൽ വർക്ക്‌ ചെയ്തപ്പോൾ തുടങ്ങിയ സൗഹൃദം… പിന്നീട് താൻ സ്വന്തമായി ബിസിനസ്സും , പൊതു പ്രവർത്തനവും തുടങ്ങിയപ്പോഴും അവളുടെ സൗഹൃദം കൂടുതൽ ദൃഢമായതേ ഉള്ളൂ.. സത്യത്തിൽ തനിക്ക് അവളോട്‌ ഉള്ളിൽ അഗാധമായ പ്രണയമുണ്ട്.. അവൾക്കും അങ്ങനെ തന്നെ കാണും എന്ന് കരുതുന്നു… എന്നാലും തുറന്ന് പറയാനൊരു മടി, അത് മൂലം നല്ലൊരു സൗഹൃദം നഷ്ടപ്പെട്ടാലോ.. മാത്രവുമല്ല കഴിഞ്ഞകാല പ്രണയിനിമാരിൽ നിന്നെല്ലാം തനിക്ക് വേദനകൾ മാത്രമേ കിട്ടിയിട്ടുള്ളൂ…സംഗീത് ചിന്തിച്ചു .

“ഇല്ല.. ഇന്ന് പ്രോഗ്രാമോന്നുമില്ല… എന്താ വിനിത… എവിടെയാണ് പോകുന്നത്.. “..ഉറക്കച്ചടവോടെ സംഗീത് വിനിതയോടു ചോദിച്ചു..

“അതൊക്കെപ്പറയാം.. അധികം ദൂരമൊന്നുമില്ല… ഞാൻ അര മണിക്കൂറിൽ വന്നാൽ റെഡി ആയി നിൽക്കുമോ? ”

വിനിതയോടു സമ്മതം മൂളി, കുളിയും ഒരുക്കവുമെല്ലാ തീർത്തു സംഗീത് വന്നപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു…

“സോറി കുറച്ചു ലേറ്റ് ആയി… “വീടിനു പുറത്ത് തന്നെയും കാത്ത് വണ്ടിയിലിരുന്ന വിനിതയോട് സംഗീതിന്റെ ക്ഷമാപണം..

“കുറച്ചോ… അര മണിക്കൂർ… വിലപ്പെട്ട അര മണിക്കൂർ… ” വിനിത ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

“എന്റെ വണ്ടി എടുക്കണോ…? ”

“വേണ്ട മാഷേ… താൻ ഒന്ന് കേറിയാൽ മതി…

” എന്തോ സീരിയസ് മാറ്റർ ആണെന്ന് തോന്നുന്നല്ലോ? ” സംഗീതിനു ആകാംഷ അടക്കാൻ സാധിക്കുന്നില്ല… ഇന്ന് സാധിക്കുകയാണെങ്കിൽ തന്റെ പ്രണയം വിനിതയോടു തുറന്ന് പറയണം…

സംഗീതിന്റെ ചിന്തകൾ മുഴുവനും വിനിതയോടുള്ള പ്രണയത്തെപ്പറ്റിയായിരുന്നു…

“Mm.. കുറച്ചു സീരിയസാ…”

വിനിത വണ്ടി ഓടിച്ചു തുടങ്ങിയിരുന്നു..

കുറേ നേരം വിനിത പഴയ ഓഫീസ് കഥകൾ ഒക്കെ പറഞ്ഞുകൊണ്ടിരുന്നു… സംഗീത് അതെല്ലാം ഓർത്തെടുത്തു മറുപടിയും പറയുന്നുണ്ടായിരുന്നു..

ഏകദേശം ഒരുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ സംഗീത് കുറച്ചു ദേഷ്യത്തോടു കൂടി വിനിതയോടു ചോദിച്ചു

“താൻ വെറുതെ ടെൻഷൻ അടിപ്പിക്കാതെ ഇപ്പോൾ നമ്മൾ എവിടേക്കാണ് പോകുന്നതെന്ന കാര്യം പറയെടോ…. ” സംഗീതിന് ആകാംഷ അടക്കാൻ കഴിയുന്നില്ല..

“സംഗീത്, നമ്മൾ ഇപ്പോൾ പോകുന്നത് ചങ്ങനാശ്ശേരിയിലേക്കാണ്… ”

“അവിടെയെന്താ..? “വീണ്ടും ആകാംഷയോടെ സംഗീതിന്റെ ചോദ്യം

സംഗീതിനെ ഒന്ന് നോക്കി വിനിത പറഞ്ഞു തുടങ്ങി “അവിടെ ആരും നോക്കാനില്ലാതെ ശരീരം പാതി തളർന്ന ഒരു പെൺകുട്ടിയുണ്ട്…

ബന്ധുക്കൾ എന്ന് പറയാൻ ഒരുപാട് ആളുകളുണ്ടെങ്കിലും അതിനെ സഹായിക്കാൻ ഇപ്പോൾ ആകെ അതിന്റെ കുഞ്ഞമ്മ മാത്രമേ ഉള്ളൂ… അവർക്കും ഇപ്പോൾ എന്തൊക്കെയോ അസുഖങ്ങളൊക്കെയാ..

അവർക്ക് എന്റെ നമ്പർ ആരോ കൊടുത്തിരുന്നു.. അങ്ങനെയാ എന്നെ വിളിച്ചത്,

കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് പോയി കണ്ടിരുന്നു..

“നമ്മൾ ഇപ്പോൾ പോയിട്ട് എന്ത് ചെയ്യാനാ…”

സംഗീത് ഒന്നും മനസ്സിലാകാതെ വിനിതയോടു ചോദിച്ചു

സങ്കടത്തോടുകൂടി വിനിത മറുപടി പറഞ്ഞു

” ആ കുട്ടിക്ക് ഒരു സർജറി നടത്തിയാൽ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ… പക്ഷേ അതിനു ചിലവാക്കാനുള്ള പണം…… ” ഒന്ന് നിർത്തിയതിനുശേഷം അവൾ തുടർന്നു.

“സംഗീതിന് നല്ല സോഷ്യൽ സപ്പോർട്ട് ഉള്ളതല്ലേ.., അതുപോലെ ഒരുപാട് രാഷ്ട്രീയക്കാരെയും സെലെബ്രിട്ടീസിനെയും പരിചയമുള്ളതല്ലേ… നമുക്ക് അവിടെ ചെന്ന് ഒരു വീഡിയോ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ടാൽ, ചിലപ്പോൾ തന്റെ പരിചയക്കാർ വഴി ആ കുട്ടിക്ക് എന്തെങ്കിലും സഹായങ്ങൾ കിട്ടിയാൽ അതൊരു ആശ്വാസമാകും,തനിക്ക് ബുദ്ധിമുട്ടാകുമോ….?

വിനിത പറഞ്ഞു നിർത്തി സംഗീതിന്റെ മുഖത്തേക്ക് നോക്കി

“ഹേയ്.. ഇല്ല.. “മനസില്ലാ മനസോടെയാണ് സംഗീത് അത് പറഞ്ഞത്

വണ്ടി ഓടിച്ചുകൊണ്ടു തന്നെ വിനിത തുടർന്നു.

“ആ കുട്ടിയുടെ കഥയാണ് കഷ്ടം ..

കോളേജിൽ പഠിക്കുന്ന സമയത്ത് ഏതോ സീനിയർ പയ്യനുമായി അതി ശക്തമായ, രക്തത്തിൽ അലിഞ്ഞ പ്രണയമുണ്ടായിരുന്നു …, അങ്ങനെ ഇരിക്കുന്ന സമയത്ത്, ഈ കുട്ടിയുടെ വീടിനടുത്തുള്ള ഏതോ ചെറിയ പയ്യൻ അവളോട്‌ എന്തോ മോശമായി പെരുമാറി..

അവൾ അവന് ഇട്ട് ഒന്ന് പൊട്ടിച്ചു… അന്ന് അവളുടെ കാലു പിടിച്ച് മാപ്പ് പറഞ്ഞു അവൻ അവിടുന്ന് രക്ഷപെട്ടു… പക്ഷേ ആ പക അവൻ മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം അവൾ അറിഞ്ഞില്ല ..

അവൾ അത് ആരോടും പറഞ്ഞതുമില്ല, അവളുടെ കാമുകനോട് പോലും, അവൾ കാരണം ആ കൊച്ചു പയ്യന്റെ ജീവിതം നശിക്കണ്ടാ എന്നവൾ കരുതി.. അവളുടെ കാമുകനാണേൽ അവളെന്നു വച്ചാൽ ജീവനാരുന്നു…, അവനോടു പോലും അവൾ അത് മറച്ചു വച്ചു.. ..

അങ്ങനെയിരിക്കെ അവളുടെ കാമുകനോട് ആ പയ്യൻ ഇവളെക്കുറിച്ചു എന്തൊക്കെയോ വളരെ മോശമായ രീതിയിൽ പറഞ്ഞു കേൾപ്പിച്ചു…,

അത് കേട്ടതും സത്യം എന്താണെന്ന് പോലും ചോദിക്കാതെ, അല്ലെങ്കിൽ അതിനെപ്പറ്റി അന്വേഷിക്കാതെ അവൻ അവളുമായി വഴക്കായി…

അവൾ കാലുപിടിച്ചു കരഞ്ഞു പറഞ്ഞിട്ടും അവൻ വിശ്വസിച്ചില്ല…. അവളുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്നു അവൻ അറത്തുമുറിച്ചു പറഞ്ഞു……, ദുഃഖം സഹിക്കാനാവാതെ അവൾ പിന്നീട് കോളേജിലേക്കുള്ള വരവ് നിർത്തി… ജീവനെപ്പോലെ വിശ്വസിച്ചിരുന്ന കാമുകൻ തള്ളിപ്പറഞ്ഞത് അവളുടെ മനസ്സിനെ അത്രമേൽ ഉലച്ചിരുന്നു.. കുറച്ചു മാസങ്ങൾക്കു ശേഷം അവൾ ഒരു ആത്മഹത്യാ ശ്രമം നടത്തി….താളം തെറ്റിയ മനസ്സുമായി പാലത്തിൽ നിന്നും നദിയിലേക്കു ചാടി മരിക്കാനാണ് ശ്രമിച്ചത്… പക്ഷേ വിധി അവിടെയും അവളെ തോൽപ്പിച്ചു…

നദിയിൽ അധികം ആഴമില്ലാത്ത സ്ഥലത്തായിരുന്നു അവൾ ചാടിയത്.. അവിടെയുണ്ടായിരുന്ന പാറയിലോ മറക്കഷണത്തിലോ എന്തോ നടു അടിച്ചാണ് വീണത്…

നാട്ടുകാർ അവളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചപ്പോൾ തന്നെ അവളുടെ പാതി ശരീരം തളർന്നു പോയിരുന്നു…

ആകെ അവൾക്ക് തുണയുണ്ടായിരുന്ന അച്ഛനും താമസിയാതെ മരിച്ചു… അന്ന് തുടങ്ങിയ കിടപ്പാണ്….. ഇപ്പോൾ പതിനൊന്നു വർഷത്തോളം ആയിരിക്കുന്നു….. ”

വിനിത സംഗീതിനെ നോക്കി പറഞ്ഞു നിർത്തി..

സംഗീത് ആകെ അസ്വസ്ഥനായിരുന്നു… കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു….

“ആ കുട്ടിയുടെ പേര്? “വിറയാർന്ന ശബ്ദത്തിൽ സംഗീത് ചോദിച്ചു..

” ഓഹ്,… പേര് പറഞ്ഞില്ലല്ലോ..

മാളവിക..,മാളവികാ മാധവൻ…,

പറഞ്ഞു തീർന്നപ്പോഴേക്കും വിനിത വണ്ടി ഒരു വീടിനു മുൻപിൽ ഒതുക്കി നിർത്തി….. ഇതാണ് വീട് ഇറങ്ങിക്കോളൂ… വിനിത വണ്ടി ഓഫ്‌ ആക്കിക്കൊണ്ട് പറഞ്ഞു.

“വണ്ടിയിൽ നിന്നിറങ്ങി ആ വീടിനുള്ളിലേക്ക് കയറുമ്പോൾ സംഗീതിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… മാളവികയുടെ കുഞ്ഞമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു…

സംഗീത്…. മാളവിക ആ മുറിയിലുണ്ട്… ചെന്ന് ഒന്ന് കാണൂ.. ഞാൻ ദാ വരുന്നു.. വിനിത സംഗീതിനോടായി പറഞ്ഞു

മിടിക്കുന്ന ഹൃദയവുമായി സംഗീത് വിനിത ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി…

മാളവികയുടെയും സംഗീതിന്റെയും തേങ്ങിക്കരച്ചിലാണ് പുറത്ത് നിന്ന വിനീതയും കുഞ്ഞമ്മയും പിന്നീട് കേട്ടത്…

മുൻപ് താൻ കാണാൻ വന്നപ്പോൾ മാളവിക പറഞ്ഞ കഥയിലെ സംഗീത്, താൻ മനസ്സുകൊണ്ട് അത്രയേറെ പ്രണയിക്കുന്ന തന്റെ സംഗീത് ആകരുതേ എന്ന് വിനിത ഇതുവരെ പ്രാർത്ഥിച്ചിരുന്നു…

എന്നാൽ ഇപ്പോൾ ആ പ്രാർഥന വിഫലമായിരിക്കുന്നു …

എങ്കിലും മാളവികയെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞുകൊണ്ടിരിക്കുന്ന സംഗീതിനെ കണ്ടപ്പോൾ.,

സംഗീതിനോടുള്ള ആത്മാർത്ഥ പ്രണയം മൂലം ആരോരുമില്ലാതെ, ജീവിതം തന്നെ ഇല്ലാതെയായിപ്പോയ പാവം മാളവികയെ വീണ്ടും അവളുടെ സംഗീതിന്റെ കൈകളിൽതന്നെ സുരക്ഷിതമാക്കാൻ കഴിഞ്ഞു എന്ന ഒരു സന്തോഷം വിനിതയിൽ നിറഞ്ഞു നിന്നിരുന്നു…….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Manu Kizhavara