തൊട്ടാവാടി, തുടർക്കഥയുടെ അഞ്ചാം ഭാഗം ഒന്ന് വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

തൻ്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയതും ധാനി ഞെട്ടലോടെ എഴുന്നേറ്റു….

മുൻപിൽ കണ്ട അനൂപിൻ്റെ മുഖം അവളിൽ ഭീതി നിറച്ചു…

“അയ്യോ പേടിക്കണ്ട… അളിയൻ നിന്നെ മുറിയിൽ നിന്നും ഇറക്കി വിട്ടെന്ന് അറിഞ്ഞു… അത് കാരണം നിനക്ക് സങ്കടം ആയെന്ന് അറിയാം… നീ വിഷമിക്കേണ്ട മുടങ്ങി പോയ ആദ്യരാത്രി നമ്മുക്കങ്ങ് ആഘോഷിക്കാം ഇവിടെ വെച്ച്….” അനൂപ് അവളെ ഒന്നുഴിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു

ധാനി അവനെ ദേഷ്യത്തിൽ നോക്കി…

അനൂപ് അത് വകവയ്ക്കാതെ അവളെ കയറി പിടിച്ചതും ധാനി കുതറി മാറാൻ ശ്രമിച്ചു…

“വിട്… വിടാൻ അല്ലെ പറഞ്ഞത്….”

അവൻ്റെ കൈകളുടെ ബലം കൂടിയതല്ലാതെ ഒന്നും സംഭവിച്ചില്ല…

“കുറേ നാളായി നിന്നെ ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട്… അടങ്ങി നിൽക്കെടീ…”

“റയാൻഷ് സർ…” വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ ധാനി ഉറക്കെ അലറി….

“റയാൻഷ് സർ…. സർ…. ആരേലും ഉണ്ടോ… രക്ഷിക്കണേ…..” അവൾ ഉറക്കെ അലറിയതും അനൂപ് അവളുടെ വാ പൊത്തി പിടിച്ചു….

എന്നാൽ അതേ സമയം തന്നെ ഹാളിലെ ലൈറ്റും തെളിഞ്ഞിരുന്നു…

എന്താണ് അലർച്ച എന്നറിയാതെ രവീന്ദ്രനും പത്മിനിയും ഓടി വന്നു… ധാനിയുടെ ഒച്ച കേട്ടതും വെപ്രാളത്തിൽ റയാൻഷും എത്തി… അവർ മൂവരും സംഭവം എന്താണെന്ന് അറിയാതെ പരസ്പരം നോക്കി….

ധാനി ഒരു വിധത്തിൽ അവിടുത്തെ ഒരു പാത്രം തട്ടി തറയിലേക്കിട്ടു…

“എന്താ.. അവിടെ..?” രവീന്ദ്രൻ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ ചോദിച്ചതും അനൂപ് ഞെട്ടി..

അവൻ വെപ്രാളത്തിൽ ധാനിയെ തള്ളിമാറ്റി….

രവീന്ദ്രനും പത്മിനിയും റയാൻഷും കൂടി ഓടി അടുക്കളയിലേക്ക് ചെന്നു… അപ്പോഴേക്കും ബഹളം കേട്ട് ആദർശും നിവികയും എത്തിയിരുന്നു… പേടിച്ച് നിൽക്കുന്ന ധാനിയെയും അരികെ പരുങ്ങലോടെ നിൽക്കുന്ന അനൂപിനെയും എല്ലാവരും ഞെട്ടലോടെ നോക്കി….

രവീന്ദ്രൻ സംശയത്തിൽ ഇരുവരെയും നോക്കിക്കൊണ്ടിരുന്നു…

“ധാനി എന്താ എന്ത് പറ്റി..?” റയാൻഷ് അനൂപിനെ കൂർപ്പിച്ച് നോക്കിക്കൊണ്ട് ധാനിയോടെ ചോദിച്ചു.

“അനൂപേട്ടാ അനൂപേട്ടനെന്താ ഇവിടെ..?”

നിവിക ചോദിച്ചു…

“അത്… അത്… ഞാൻ…” അനൂപ് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു… വിയർപ്പു തുള്ളികൾ അവൻ്റെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങി..

“എന്തിനാ നീ കിടന്ന് അലറിയെ…?” പത്മിനി ധാനിയോട് ചോദിച്ചു..

ധാനി ദേഷ്യത്തോടെ അനൂപിനെ നോക്കി…

“ഇയാൾ… ഇയാൾ എന്നെ….” ധാനിക്ക് ബാക്കി പൂർത്തിയാക്കാൻ കഴിഞ്ഞില്ല…

അത് കേട്ടതും എല്ലാവരും സംശയത്തിൽ അനൂപിൻ്റെ മുഖത്തേക്ക് നോക്കി…

റയാൻഷ് പല്ലിറുമിക്കൊണ്ട് അനൂപിൻ്റെ അടുത്തേക്ക് നടന്നു…

“അയ്യോ എന്തിനാ ധാനി ഇങ്ങനത്തെ ഇല്ലാ വചനങ്ങൾ പറയുന്നെ..? നീ വിളിച്ചിട്ടല്ലേ ഞാൻ അങ്ങോട്ടേക്ക് വന്നേ..” അനൂപ് പെട്ടെന്ന് തന്നെ പറഞ്ഞു…

ധാനി ഞെട്ടിക്കൊണ്ട് അനൂപിനെ നോക്കി…. അനൂപ് പറഞ്ഞത് കേട്ടതും സംശയത്തിൽ എല്ലാവരും ധാനിയെ നോക്കി..

“അല്ല… അല്ല… കള്ളമാ ഇത്…” ധാനി എല്ലാവരോടും പറഞ്ഞു…

“ഡീ…!!” ദേഷ്യത്തിൽ നിവിക ധാനിയുടെ മുടിയിൽ കുത്തിപ്പിടിച്ചു…

“നിനക്ക് എൻ്റെ ഭർത്താവിനെയേ കിട്ടിയുള്ളോടീ….?” അവൾ കലിയോടെ ചോദിച്ചു..

ധാനിയുടെ മുഖം വേദനയാൽ ചുളിഞ്ഞതും റയാൻഷ് നിവികയെ പിടിച്ച് മാറ്റി അവളെ ദേഷ്യത്തിൽ നോക്കി… ആ നോട്ടത്തിൽ നിവിക ഒന്ന് പതറി….

“ആരും… ആരും ഇത് വിശ്വസിക്കല്ലേ… ഞാൻ പറഞ്ഞതാ സത്യം…” ധാനി വിതുമ്പിക്കൊണ്ട് പറഞ്ഞു…

“കള്ളമാണ്…ധാനി പറഞ്ഞത് കള്ളമാണ്…വെറുതെ എന്നെ കുറ്റക്കാരൻ ആക്കുവാ… അല്ലേലും പണ്ടേ ധാനിക്ക് എന്നോട് എന്തോ ദേഷ്യം ഉള്ള പോലാ… എന്നെ കാണുന്നതെ അവൾക്ക് ഇഷ്ടമല്ല

“ഇല്ല…!!! കള്ളവാ… ഇതെല്ലാം കള്ളവാ… ഞാൻ ആരേം വിളിച്ചിട്ടില്ല… ഇയാളാ എന്നെ…”

എല്ലാവരും ആരുടെ ഭാഗം നിൽക്കണമെന്നറിയാതെ ശങ്കിച്ചു.. ആദർശ് ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ഒന്നും മിണ്ടാതെ എങ്ങോട്ടോ മിഴികൾ പായിച്ച് നിന്നു…

റയാൻഷ് മുൻപോട്ട് വന്ന് അനൂപിനെ ഒന്ന് അടിമുടി നോക്കി… റയാൻഷിൻ്റെ നോട്ടം നേരിടാനാവാതെ അനൂപ് പരുങ്ങിക്കൊണ്ട് നിന്നു.. ശേഷം റയാൻഷ് സങ്കടത്തോടെ നിൽക്കുന്ന ധാനിയെ ഒന്ന് നോക്കി.

“അപ്പോൾ ധാനി വിളിച്ചിട്ടാണ് അളിയൻ ഇങ്ങോട്ട് വന്നത് അല്ലേ…?” റയാൻഷ് ശബ്ദം കനപ്പിച്ച് ചോദിച്ചു…

“അല്ല… അല്ല സർ… ഇത് കള്ളമാണ്… ഞാൻ…ഞാനല്ല…” ധാനി കരഞ്ഞു കൊണ്ട് പറഞ്ഞു…

“നിൽക്ക് ധാനി… ഞാൻ നിന്നോടല്ലല്ലോ ചോദിച്ചത്..! നിനക്ക് സംസാരിക്കാൻ സമയം തരാം…”

റയാൻഷ് ധാനിയെ നോക്കി പറഞ്ഞു…

റയാൻഷ് എന്താണ് പറയാൻ പോകുന്നത് എന്ന് എല്ലാവരും ഉറ്റു നോക്കി…

“എൻ്റെ ചോദ്യം അളിയനോടല്ലേ.. ധാനി വിളിച്ചിട്ടാണോ അളിയൻ അടുക്കളയിലേക്ക് വന്നത്..?”

“ആണെന്ന് പറഞ്ഞല്ലോ…” അനൂപ് പറഞ്ഞു…

“ധാനി അളിയനെ ഫോൺ വിളിച്ചോ..? അതോ ഇനിയും അളിയൻ്റെ മുറിയിൽ വന്ന് അളിയനെ വിളിച്ചുണർത്തി ഇങ്ങോട്ട് വിളിച്ചോണ്ട് വന്നോ…? അതോ വരാൻ വിസമ്മതിച്ച അളിയനെ പൊക്കിയെടുത്ത് അവൾ കൊണ്ട് വന്നോ… എങ്ങനെയാ…?” റയാൻഷ് ചോദിച്ചു..

“എന്തൊക്കെയാ ഈ ചോദിക്കുന്നത്…? ഈ വേലക്കാരിക്ക് വേണ്ടി നീയെൻ്റെ അനൂപേട്ടന്നെ കുറ്റക്കാരനാക്കാൻ നോക്കുവാണോ…?” നിവിക ഇടയ്ക്ക് കയറി…

“ഡീ… നീ കാരണം എൻ്റെ അനൂപേട്ടന് വല്ല അപമാനോം സംഭവിച്ചാ… വെറുതെ വിടില്ല നിന്നെ ഞാൻ… എൻ്റെ ചേട്ടൻ ഇന്നലെ മുറിയിൽ നിന്നും നിന്നെ ഇറക്കി വിട്ടപ്പോൾ നീ കരുതിയല്ലേ എൻ്റെ ഭർത്താവിനെ വളയ്ക്കാമെന്ന്.. അല്ലേടീ…? നിനക്ക് അത്ര പറ്റുന്നില്ലെങ്കിൽ പുറത്തെങ്ങാനും പോയി ആളെ തപ്പടീ..”

നിവിക അത് പറഞ്ഞവസാനിപ്പിച്ചതും റയാൻഷിൻ്റെ കരങ്ങൾ അവളുടെ കവിളിൽ അമർന്നു…

നിവിക ഞെട്ടലോടെ കവിളും പൊത്തിപ്പിടിച്ച് റയാൻഷിനെ നോക്കി..

“മിണ്ടരുത് നീ..!! ഞാൻ ആദ്യമേ പറഞ്ഞു എൻ്റെ ചോദ്യം അളിയനോടാണെന്ന്… ഇനീം നീ ഈ ദുഷിച്ച നാവ് കൊണ്ട് ധാനിയെ വല്ലോം പറഞ്ഞാൽ…”

അവൻ ദേഷ്യത്തിൽ പറഞ്ഞതും നിവിക സ്തംഭിച്ച് നിന്നു…

“എന്താടാ നീ ഈ ചെയ്തത്..?” നിവികയെ ചേർത്ത് പിടിച്ച് പത്മിനി റയാൻഷിനോട് ചോദിച്ചു…

“അച്ഛനും അമ്മയും ചെയ്യാതിരുന്നത്…”

അതും പറഞ്ഞവൻ വീണ്ടും അനൂപിന് നേർക്ക് തിരിഞ്ഞു…

“അളിയൻ എൻ്റെ ചോദ്യത്തിന് ഉത്തരം നൽകിയില്ല…” റയാൻഷ് പല്ലിറുമിക്കൊണ്ട് പറഞ്ഞു…

“അത് ഞാൻ… ഞാൻ വെള്ളം കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ… ധാനി… ധാനി എന്നെ വിളിച്ചു…”

“ഓഹ്… അപ്പോൾ വെള്ളം കുടിക്കാൻ ഇറങ്ങിയതാണല്ലേ…”

“അ.. അതെ…” അനൂപ് പരുങ്ങലോടെ പറഞ്ഞു…

“അങ്ങനെയാണെങ്കിൽ പിന്നെ ഇവളെന്തിന് അലറണം..?”

“അത്… എനിക്കെങ്ങനെ അറിയാം… ഞാൻ അങ്ങോട്ട് ചെന്നതും ധാനി വെറുതെ ഒച്ചയുണ്ടാക്കി.

“ഹും… ശരി…!! നിവികേ… നീ നിൻ്റെ റൂമിൽ പോയി ആ ജഗ് ഇങ്ങ് എടുത്തോണ്ട് വന്നേ…

അളിയന് കുടിക്കാൻ ഉള്ള വെള്ളം അതിൽ ഉണ്ടായിരുന്നോ എന്ന് നോക്കാം…

അത് പോരാഞ്ഞിട്ടാ അളിയൻ പുറത്തേക്ക് ഇറങ്ങിയതെങ്കിൽ ഞാൻ തന്നെ അളിയനെ കുറച്ച് വെള്ളം കുടിപ്പിച്ചേക്കാം…” റയാൻഷ് അർത്ഥം വെച്ച് പറഞ്ഞു…

ഇനിയും റയാൻഷിൻ്റെ കൈയ്യിൽ നിന്നും വാങ്ങിച്ച് കൂട്ടണ്ട എന്ന് കരുതി നിവിക മുറിയിൽ പോയി ജഗ് എടുത്തിട്ട് വന്നു… അതിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഉണ്ടായിരുന്നു….

“ഇത് പോരായിരുന്നോ അളിയാ..?”

റയാൻഷ് ജഗ് ഉയർത്തിപ്പിടിച്ച് ചോദിച്ചതും അനൂപ് എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി..

അനൂപിൻ്റെ മുഖ ഭാവത്തിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായി അവനാണ് കുറ്റക്കാരനെന്ന്…

പക്ഷേ ഒരു വേലക്കാരിയുടെ മുൻപിൽ വീട്ടിലെ മരുമകനെ തരം താഴ്ത്താൻ ആവാത്തതിനാൽ ആരും ഒന്നും മിണ്ടിയില്ല…

“സമയം ഒരുപാട് ആയി.. ചെന്ന് കിടക്കാൻ നോക്ക് എല്ലാവരും.. കഴിഞ്ഞത് കഴിഞ്ഞു…” പത്മിനി പറഞ്ഞു…

“അങ്ങനെ കഴിഞ്ഞില്ലല്ലോ അമ്മേ…”

ധാനീ…. റയാൻഷ് ശബ്ദം ഉയർത്തി വിളിച്ചതും ധാനി എന്താന്നുള്ള മട്ടിൽ നോക്കി…

“ഇവൻ്റെ കരണം നോക്കി ഒന്നങ്ങ് പൊട്ടിച്ചേര്…” അനൂപിനെ ധാനിക്ക് മുൻപിലേക്ക് നിർത്തി റയാൻഷ് പറഞ്ഞതും ധാനി പേടിയോടെ എല്ലാവരെയും നോക്കി…. ആരും ഒന്നും പറയാനാവാതെ നിൽക്കുകയായിരുന്നു…

“നിന്നോട് പറഞ്ഞത് കേട്ടില്ലേടീ..??” റയാൻഷ് ദേഷ്യത്തിൽ പറഞ്ഞതും ധാനിയുടെ കരങ്ങൾ യാന്ത്രികമായി അനൂപിൻ്റെ കരണത്ത് പതിഞ്ഞു..

“അപ്പോൾ എല്ലാം ശരിയായി…” അനൂപിൻ്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് റയാൻഷ് പറഞ്ഞു…

“മോനേ അളിയാ… ഇത് ഇവളുടെ വക… എൻ്റെ വക വൈകാതെ അളിയന് ഞാൻ തരുന്നുണ്ട്… അത് പക്ഷേ ഇതേ പോലെ ഒന്നിൽ ഒതുങ്ങില്ലെന്ന് മാത്രം..”

അനൂപിൻ്റെ ചെവിയിൽ റയാൻഷ് സ്വകാര്യം പോലെ പറഞ്ഞു…

“അപ്പോൾ കഴിഞ്ഞത് കഴിഞ്ഞു… ഇനീം എല്ലാവരും പോയി കിടന്നോളൂ…” റയാൻഷ് അതും പറഞ്ഞ് ഒന്നും മിണ്ടാതെ ഒരു കാഴ്ചക്കാരനെ പോലെ നിൽക്കുന്ന ആദർശിൻ്റെ അടുത്തേക്ക് നടന്നു…

“എൻ്റെ ഇത്രേം വർഷത്തെ MBBS പഠനത്തിൻ്റെ experience വെച്ചാണെന്ന് കരുതരുത്.. നോർമൽ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം പറയട്ടെ… എൻ്റെ ചേട്ടൻ ഒരു വിഗലാംഗൻ ആണ്… ഒരു നട്ടെല്ലിൻ്റെ കുറവ് ഈ ശരീരത്തിൽ നന്നായി അറിയാൻ ഉണ്ട്…” റയാൻഷ് പുച്ഛത്തോടെ പറഞ്ഞു..

പിന്നീട് എല്ലാവർക്കും മൗനമായിരുന്നു… ധാനി ആരെയും നോക്കാത്ത തല താഴ്ത്തി നിന്നു…

“മോളെ ധാനീ…” രവീന്ദ്രൻ അവളെ വിളിച്ചു..

“എ.. എന്താ സർ..?”

“നീ ആദർശിൻ്റെ മുറിയിൽ പോയി കിടന്നാൽ മതി… അവൻ നിന്നെ മുറിയിൽ നിന്നും ഇന്നലെ ഇറക്കി വിട്ടെന്ന് കുറച്ച് മുൻപ് നിവി നിന്നോട് ദേഷ്യത്തിൽ സംസാരിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്…

ഇനിയും നീ ഈ അടുക്കളയിൽ കിടക്കേണ്ട ആവശ്യം ഇല്ല…” രവീന്ദ്രൻ പറഞ്ഞത് കേട്ടതും ആദർശ് ഞെട്ടി… അവൻ വേഗം പത്മിനിയെ നോക്കി…

“അത്… അതെങ്ങനെ ശരിയാവും…?”

പത്മിനി ചോദിച്ചു…

“എന്താ അതിൽ ശരികേട്..? ങേ..??” രവീന്ദ്രൻ ശബ്ദം കനപ്പിച്ച് ചോദിച്ചതും പത്മിനി ഒന്നും മിണ്ടിയില്ല…..

“ആദർശേ ഇവളെ കൂടെ കൊണ്ട് പോ…”

“എനിക്ക് പറ്റില്ല…” ആദർശ് ദേഷ്യത്തിൽ പറഞ്ഞു…

“എങ്കിൽ നീ അടുക്കളയിൽ കിടന്നിട്ട് ധാനിയെ റൂമിലേക്ക് വിട്…” അത് കേട്ടതും ആദർശ് രോഷത്തോടെ നോക്കി..

“ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മതി.. ഇനി മുതൽ ആ മുറി ധാനിക്ക് കൂടി അവകാശപ്പെട്ടതാണ്…”

പിന്നീടൊന്നും പറയാൻ ആകാതെ ആദർശ് ധാനിയെയും കൂട്ടി മുറിയിലേക്ക് പോയി… ആ കാഴ്ച റയാൻഷ് നിസ്സംഗതയോടെ നോക്കി നിന്നു… എല്ലാവരും പിരിഞ്ഞു…

❤❤❤❤❤❤❤❤❤❤❤

“മോനേ ആദി അവളെ നിൻ്റെ റൂമിൽ താമസിപ്പിക്കുന്നത് ഒക്കെ കൊള്ളാം… നീ ഭാര്യയായിട്ട് എങ്ങാനും കണ്ടു പോയാൽ..” പത്മിനി അവനെ പിടിച്ചു നിർത്തി അവരുടെ സംശയം പ്രകടിപ്പിച്ചു.

“അമ്മയെന്താ എന്നെപ്പറ്റി കരുതിയേക്കുന്നത്… ഞാനങ്ങ് അവളെ കണ്ട് മയങ്ങി പോകുമെന്നോ..? ഭാര്യയായി കാണുന്ന പോയിട്ട് ആ സാധനത്തിൻ്റെ മോന്തയ്ക്കോട്ട് പോലും നോക്കില്ല ഞാൻ…”

“എന്നാലും ചിലപ്പോൾ ഒരു മുറിയിൽ കഴിയുമ്പോൾ…”

“ഒന്നും സംഭവിക്കില്ല… ഏറിയാൽ ഒന്നോ രണ്ടോ ദിവസം.. അതിനുള്ളിൽ അവൾ തന്നെ പറഞ്ഞിരിക്കും അവൾക്കാ അടുക്കള തന്നെ മതിയെന്ന്…”

“ഉറപ്പല്ലേടാ.. നിൻ്റെ മനസ്സൊന്നും മാറില്ലല്ലോ…?”

“ഇല്ല.. ഇല്ല… ഇല്ല..!!അവളെ ഞാനൊന്ന് നോക്കുക പോലും ഇല്ല..പോരേ…” ആദർശ് ഉറപ്പ് നൽകി…

“ഇപ്പോഴാ എനിക്ക് സമാധാനമായത്.. ഇനി നീ പോയി കിടന്നോ..” അതും പറഞ്ഞ് പത്മിനി നടന്നകന്നു

❤❤❤❤❤❤❤❤❤❤❤

ധാനി മുറിയിൽ ചെന്ന് സങ്കടത്തോടെ അവിടുത്തെ ബെഡിൽ ഇരുന്നു…

കുറച്ച് കഴിഞ്ഞതും ആദർശ് മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി മുറിയിലേക്ക് കയറി വന്നു..

“എഴുന്നേൽക്കടീ…” ധാനിയെ കണ്ടതും അവൻ അലറി…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

തുടരും…..

രചന : ഭാഗ്യലക്ഷ്മി