അമ്മൂ… നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ പിന്നാലെ ഇങ്ങനെ നടക്കരുതെന്ന്…

രചന : Sharanya S നായർ

മാഷിന്റെ കാന്താരി….

❤❤❤❤❤❤❤❤❤

“മാഷേ…. ഒന്നു നോക്കീം കണ്ടുമൊക്കെ നടന്നൂടെ….?

ഇങ്ങനൊരാള് ഇവിടെ വായ് നോക്കി നിൽക്കുന്നതിന്റെ വല്ല അഹങ്കാരോം ഉണ്ടൊന്ന് നോക്കിക്കേ…

പാടവരമ്പിലൂടെ രാഹുലിനൊപ്പം നടന്നു വരുന്ന സഞ്ജുവിനെ ഏറെ ദൂരെ നിന്നേ നോക്കി നിൽക്കുകയായിരുന്നു അമ്മു.

“ടി കാന്താരീ… ഏതു ക്ലാസിലാ ഞാൻ തന്നെ പഠിപ്പിച്ചത്…? അവൾടെ ഒരു മാഷ്….”

“തലയിൽ ആൾതാമസം ഇല്ലാത്തൊരു മുരടനാണേലും എനിക്കി മാഷേന്ന് വിളിക്കാനാ ഇഷ്ടം…”

“നിന്റെ ഇഷ്ടത്തിന് നീ നിന്റെ വീട്ടിലുള്ളവരെ പോയങ്ങു വിളിച്ചാൽ മതി…”

സഞ്ജുവിന്റെ മുഖത്തു ദേഷ്യം തളംകെട്ടി.

“ആഹാ… രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ… ആ മീനപ്പൂച്ച ഇന്നും വട്ടം ചാടിയോ…”

“അമ്മൂ… നീയിന്ന് ഇവന്റെ ന്നു മേടിച്ചു കൂട്ടുവേ…”

കൂട്ടുകാരന്റെ മട്ടും ഭാവവും കണ്ട് അല്പം പരിഭ്രമത്തോടെയാണ് രാഹുൽ അതു പറഞ്ഞത്.

“മാഷിന്റെ അടിയൊന്നും ഈ പെണ്ണിന് പുത്തരി അല്ലെന്ന് അറിയില്ലേ രാഹുലേട്ടാ….”

“അമ്മൂ… നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ പിന്നാലെ ഇങ്ങനെ നടക്കരുതെന്ന്…

മീന പൂച്ചയോ മീര പൂച്ചയോ.. അങ്ങനെ പലരും എന്റെ വട്ടം ചാടും..

പക്ഷേ ആ കൂട്ടത്തിൽ ഒരിക്കലും ഒരു അമ്മു പൂച്ച ഉണ്ടാവില്ല…”

അത്രയും പറഞ്ഞ് അവളെ ദഹിപ്പിക്കും പോലെ ഒരു നോട്ടവും നോക്കി സഞ്ജു നടന്നു നീങ്ങി.

അന്നാദ്യമായി അവളുടെ മിഴികൾ നിറയുന്നത് രാഹുൽ കണ്ടു.

“അയ്യേ… എന്താ അമ്മൂ ഇത്.. അടികിട്ടിയാൽ പോലും വാടാത്ത ഈ കാന്താരിക്കി ഇന്നെന്തു പറ്റി..?

ഒന്നുമില്ലേലും ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടക്കി ഇതിലും വലിയ പലതും നീ കേട്ടതല്ലേ…”

“ഒന്നുമില്ല രാഹുലേട്ടാ… എന്നത്തേയും പോലെ ഒന്നു വഴക്കുണ്ടാക്കി പോവാൻ മാത്രം കാത്തു നിന്നതല്ല അമ്മു ഇന്ന്.. ഇനി ഒരിക്കലും ഈ ശല്യം ഉണ്ടാവില്ലെന്ന് പറയാനാ… ”

“എന്തു പറ്റി അമ്മൂ… അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ…?”

“ഇനിയും എനിക്കി പിടിച്ചു നിൽക്കാൻ പറ്റില്ല ഏട്ടാ.. വീട്ടിൽ അച്ഛനും അമ്മയും കരഞ്ഞു പറഞ്ഞ് തുടങ്ങി.

എനിക്കി താഴെ രണ്ടു പെൺകുട്ടികളാണല്ലോ..

അച്ഛനാണെങ്കിൽ ഇല്ലാത്ത അസുഖവും ഇല്ല.

മൂന്നു പേരെയും ഭദ്രമായ് ഓരോ കൈകളിൽ ഏൽപ്പിക്കാതെ അച്ഛന് മനസമാധാനം കിട്ടുമോ.

അനിയത്തിമാരുടെ ഭാവിയും അച്ഛന്റെ സങ്കടോം ഇനിയും എനിക്കി കണ്ടില്ലെന്ന് നടിക്കാനാവില്ല…”

അമ്മു വിതുമ്പുന്നുണ്ടായിരുന്നു. എന്തു പറയണമെന്നറിയാതെ രാഹുൽ വല്ലാതായപ്പോൾ അവൾ വീണ്ടും പറഞ്ഞു തുടങ്ങി.

“നാളെ ഒരു കൂട്ടർ പെണ്ണു കാണാൻ വരുന്നുണ്ട്.

അച്ഛന്റെ സംസാരം കേട്ടിട്ട് അതേകദേശം ഉറപ്പിച്ച മട്ടാ.. പയ്യൻ എന്നെ കണ്ടിട്ടുണ്ടത്രെ. നല്ല കുടുംബം. ഒറ്റ മോൻ. ജാതകവും ചേരും.

അതിൽപരം ഇനി എന്തു വേണം..

വീട്ടിൽ എല്ലാവരും നല്ല സന്തോഷത്തിലാ..

ഒരു നോട്ടം കൊണ്ടെങ്കിലും മാഷൊരു പ്രതീക്ഷ തരാതെ ഈ കാര്യം ഞാനെങ്ങനെയാ വീട്ടിൽ പറയാ…”

രാഹുൽ എന്തെങ്കിലും പറയും മുൻപേ തന്നെ തുളുമ്പിയ കണ്ണീർ തുടച്ചു കൊണ്ട് അമ്മു നടന്നകന്നു.

❤❤❤❤❤❤❤❤❤

“സഞ്ജു…. ഇനിയും അവളെ വിഷമിപ്പിക്കല്ലേടാ..

അതിന്റെ സങ്കടം കണ്ടിട്ട് ചങ്കു പിടയുന്നു…”

“ഓ… നീ അവൾടെ വക്കാലത്തും വാങ്ങി ഇറങ്ങിയതാണോ..

നിനക്ക് എല്ലാം അറിയാവുന്നതല്ലേടാ…”

“എന്തറിയാമെന്ന്….. പണ്ടെങ്ങാനോ ഒരു പെ=ണ്ണു തേച്ചിട്ട് പോയതോ… ഇപ്പോളും അവളെ മനസിലിട്ടോണ്ട് നടക്കാൻ നാണമില്ലല്ലോ…. ഇതും പറഞ്ഞ് ഇനിയും അമ്മൂനെ വിഷമിപ്പിച്ചാൽ ഈ ജന്മം സമാധാനം ഉണ്ടാവില്ല നിനക്ക്….”

“ഇതെന്താ ശാപമോ….”

സഞ്ജു അല്പം പുച്ഛത്തോടെ ചോദിച്ചു.

“സഹിക്കാഞ്ഞിട്ടാടാ…. അവൾടെ മാത്രം അല്ല.

നിന്റെ ഈ പോക്കും എങ്ങോട്ടാണെന്ന് മനസിലാവാഞ്ഞിട്ടാ.. കളിയും തമാശയുമൊക്കെയായി നടന്ന നീ ഇന്ന് എല്ലാവരുടെയും മുന്നിൽ ഒരു മുരടനല്ലേ…

മനസ്സു തുറന്നു നീയൊന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായെടാ… ”

“നീ പഴം പുരാണം പറഞ്ഞിരിക്കാതെ വീടു പിടിക്കാൻ നോക്ക്…… ആ…. പിന്നൊരു കാര്യം..

രാവിലെ റെഡിയായി ഇരുന്നോണം. ഒരു സ്ഥലം വരെ പോവാനുണ്ട്…. ”

“പിന്നേ…. നീ പറയുമ്പോഴേക്കും എങ്ങോട്ടാണെന്ന് പോലും അറിയാതെ റെഡിയായി നിൽക്കാൻ ഞാൻ നിന്റെ ഭാര്യയല്ലേ…..

ഞാൻ പറഞ്ഞതെന്തേലും മാഷു കേട്ടോ ആവോ…..”

“പോടാ പോടാ….. വന്നില്ലേൽ നിന്നെ പൊക്കിയെടുത്തു കൊണ്ടോവാൻ എനിക്കറിയാം…”

പിന്നെ അവിടെ നിന്നില്ല. ഇനിയും സംസാരിച്ചോണ്ടിരുന്നാൽ മനസ്സിലുള്ളതൊക്കെ തോണ്ടി പുറത്തിടുമവൻ. പതിനാറു വർഷത്തെ കൂട്ടാണ്. എല്ലാ സുഖത്തിലും ദുഖത്തിലും കൂടെയുണ്ടായ ചങ്ക്. അവനെ പോലെ എന്നെ മനസ്സിലാക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. കാന്താരിയുടെ കാര്യത്തിലൊഴികെ.

❤❤❤❤❤❤❤❤❤❤

“അമ്മൂ…. അമ്മൂ…. എഴുന്നേറ്റില്ലേ നീ…..

അവരു കാലത്തെ തന്നെ വരുമെന്നാ പറഞ്ഞത്…

അപ്പോഴേക്കും കുളിച്ചൊന്ന് അമ്പലത്തിൽ പോയി വന്നൂടെ നിനക്ക്…. അമ്മൂ…….”

അമ്മയുടെ നിർത്താതെയുള്ള വിളി കേട്ടാണ് കണ്ണു തുറന്നത്. ഓരോന്നോർത്തും കരഞ്ഞും എപ്പോഴാണ് ഉറങ്ങിയതെന്നോർമ്മയില്ല. ജീവിതം അവസാനിപ്പിച്ചാലോന്ന് പോലും ആലോചിച്ചു. പക്ഷെ അച്ഛന്റെ മുഖമോർത്തപ്പോൾ അതിനുള്ള ധൈര്യവും കിട്ടിയില്ല.

അമ്മു പതിയെ എഴുന്നേറ്റ് കൈ നിവർത്തി പിടിച്ചു പ്രാർത്ഥിച്ചു.

“കരാഗ്രെ വാസതേ ലക്ഷ്മീം കരമദ്ധ്യേ സരസ്വതീം കരമൂലേതു ഗോവിന്ദ പ്രഭാത കര ദർശനം…”

കുഞ്ഞിലേ മുതലുള്ള ശീലമാണ്. എന്തു സന്തോഷമായാലും സങ്കടമായാലും അതു മുടക്കിയിട്ടില്ല.

“ഭഗവാനേ… ഈ ആലോചനയൊന്നു നടന്നു കിട്ടിയാൽ മതിയായിരുന്നു..”

അമ്മയുടെ ആത്മഗതം എന്നെ കൂടുതൽ വിഷമത്തിലാഴ്ത്തി. പിന്നെയെല്ലാം യാന്ത്രികമായിരുന്നു.

കുളിച്ചൊരുങ്ങി അനിയത്തിമാരുടെ കൂടെ അമ്പലത്തിൽ പോയി. ഒന്നും പ്രാർത്ഥിക്കാനും കഴിഞ്ഞില്ല.

മൂന്നു വർഷമായി ഈ നടയിൽ വന്നു തൊഴുതു പ്രാർത്ഥിക്കുന്ന കാര്യമല്ലേ.. ഇന്നൊരു ദിവസം കൂടി പറഞ്ഞാലും ഒരു മാറ്റവും വരാൻ പോണില്ല.

വായാടി ചേച്ചിയുടെ ഈ മാറ്റം അനിയത്തിമാർക്ക് മനസിലാവാഞ്ഞിട്ടല്ല. ആഗ്രഹിച്ചതൊന്നും നേടി എടുക്കാനുള്ള പ്രാപ്തി തങ്ങൾക്കില്ല എന്ന പക്വത അവരും ആർജിച്ചിരുന്നു.

❤❤❤❤❤❤❤❤❤

“ടാ രാഹുൽ….. നീ റെഡിയായില്ലേ ഇതുവരെ…”

കാറിന്റെ ഹോൺ നീട്ടി അടിച്ചു കൊണ്ട് സഞ്ജു വിളിച്ചു.

“ദാ വന്നെടാ…… ആഹാ… അച്ഛനും അമ്മയും ഉണ്ടായിരുന്നോ….”

അവരെ നോക്കി തിരിഞ്ഞ രാഹുൽ തന്റെ ആത്മ മിത്രത്തെ കണ്ട് ഒന്നു പകച്ചു.

“ഇതെന്താടാ കസവുമുണ്ടും ചന്ദനകുറിയുമൊക്കെ… ഇന്നു നിന്റെ കല്യാണമാണോ…”

“അപ്പൊ മോനോട് ഇവനൊന്നും പറഞ്ഞില്ലേ…”

“നിന്ന് വാചകമടിക്കാതെ വന്നു വണ്ടീൽ കേറെടാ… ”

അമ്മ പറഞ്ഞു തീരും മുൻപേ സഞ്ജു ഇടയിൽ കയറി..

വണ്ടിയിൽ കേറിയപ്പോഴും രാഹുലിന്റെ സംശയങ്ങൾ തീർന്നിരുന്നില്ല..

“ടാ….. അത്…. ”

“മിണ്ടാതിരിക്കെടാ…… ”

രാഹുലിന്റെ വാ അടപ്പിച്ചു സഞ്ജു പാട്ടിന്റെ വോളിയം കൂട്ടി..

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു…

അത്രമേൽ ഇഷ്ട്ടമായ് നിന്നെയെൻ പുണ്യമെ…

ചെറു പുഞ്ചിരിയോടെ പാട്ടിന്റെ ഈരടികൾക്കൊത്തു മൂളുന്ന സുഹൃത്തിനെ രാഹുൽ അത്ഭുതത്തോടെ നോക്കി. പൊരുൾ അറിഞ്ഞില്ലെങ്കിലും ആ സന്തോഷത്തിൽ പങ്കുചേർന്നെന്നോണം രാഹുലും ഒന്ന് പുഞ്ചിരിച്ചു.

നെൽക്കതിർ വിളഞ്ഞു നിൽക്കുന്ന പാടങ്ങൾക്കിടയിലെ ചെറു റോഡിലൂടെ കാർ സഞ്ചരിച്ചുകൊണ്ടിരുന്നു.

കുറച്ചു നേരത്തെ യാത്രക്കു ശേഷം പഴയ ഒരു തറവാടിന്റെ മുറ്റത്താണ് യാത്രയവസാനിച്ചത്.

വൈകി കിട്ടിയ കൂട്ടുകാരി ആയിരുന്നെങ്കിലും അമ്മുവിന്റെ വീടും പരിസരവും രാഹുലിന് അന്യമായിരുന്നില്ല.

അമ്മു പറഞ്ഞതും, അമ്മ പറയാൻ തുടങ്ങിയതും,

കൂട്ടുകാരന്റെ മുഖത്തെ സന്തോഷവും കൂടി കൂട്ടി വായിച്ചപ്പോൾ രാഹുലിന് കാര്യം പിടികിട്ടി.

“ടാ… അപ്പൊ നീയാണോ അവളെ പെണ്ണു കാണാൻ വന്ന ചെറുക്കൻ…”

“അതേടാ…. ഈ കാന്താരി എന്റെ മനസ്സു കവർന്നിട്ട് കുറച്ചു നാളായി… ഒരു മുട്ടൻ തേപ്പു കിട്ടിയത് കൊണ്ട് പൈങ്കിളി പ്രേമമൊന്നും ഇനി സെറ്റാവില്ല നല്ലൊരു ജോലി കിട്ടിയിട്ട് കെട്ടിക്കൊണ്ട് പോവാനാ മനസ്സിൽ ഉറപ്പിച്ചത്…. കഴിഞ്ഞ മാസം ബാങ്കിൽ കേറിയത്‌ മുതൽ കാത്തിരിപ്പായിരുന്നു ഈ ദിവസത്തിനായി.. ”

അപ്പോഴേക്കും രാഹുലിന്റെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു.

“എന്നിട്ടാണോടാ നീ ഇന്നലെ അവളോട്……….

എനിക്ക് പോലും ഒരു സൂചന തന്നില്ലല്ലോടാ…

“സൂചന തന്നിരുന്നെങ്കിൽ ഇപ്പോ നിന്റെ മുഖത്തു ഈ ആനന്ദ കണ്ണീർ കാണാൻ കഴിയുമായിരുന്നോ….

“പോടാ….. ഇത് ആനന്ദ കണ്ണീരൊന്നും അല്ല.

കൂടെ നിന്ന് വട്ടു പിടിപ്പിച്ചതിന്റെ രോദനാ…..”

“ആ…. നീ വാ… ഇനി അകത്തുള്ളവളുടെ രോദനം എങ്ങനെയാണോ എന്തോ….”

❤❤❤❤❤❤❤❤

“ചേച്ചീ…. ദേ അവരെത്തി… ”

കാറിന്റെ ശബ്‍ദം കേട്ടിരുന്നെങ്കിൽ പോലും ചിന്നു വന്നു പറഞ്ഞപ്പോ മുതൽ നെഞ്ചിലെ പിടപ്പ് ഒന്നുകൂടി കൂടി. അവളും മുത്തും കൂടി എന്നെയിവിടെ ഒരുക്കിയിരുത്തിയിട്ട് നേരം കുറച്ചായി

“ന്റെ കൃഷ്ണാ… പിടിച്ചു നിൽക്കാനാവണെ….”

അമ്മ കയ്യിൽ തന്ന ചായയുമായി അവർക്കരികിലേക്ക് നടക്കുമ്പോൾ മനസ്സാകെ സംഘർഷത്തിലായിരുന്നു.

“ഇതാണ് എന്റെ മോള്…. അംബിക. ഞങ്ങൾ അമ്മൂന്ന് വിളിക്കും…”

പെട്ടെന്നെന്താണ് സംഭവിച്ചതെന്നറിയില്ല. അത്രയും നേരം സ്വരുക്കൂട്ടിയ ധൈര്യമെല്ലാം ചോർന്നു പോയ പോലെ… ചായപ്പാത്രം താഴെ വെച്ച് ഞാൻ തിരികെ നടന്നു. നടന്നതല്ല. ഓടുകയായിരുന്നു.

എന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞെന്നോണം അവിടെയാകെ നിശബ്ദത പടർന്നു..

“എന്തു പറ്റി…? മോൾക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ലേ…? ”

അച്ഛന്റെ ചോദ്യത്തിന് മുന്നിൽ ഭീതിയോടെ നിൽക്കുകയായിരുന്നു അമ്മുവിന്റെ വീട്ടുകാർ.

“ഒന്നുമില്ലച്ഛാ… ഞാനൊന്ന് സംസാരിക്കട്ടെ അവളോട്….”

“മോൻ ചെല്ല്… അവിടെയാണ് അവളുടെ മുറി…”

അമ്മുവിന്റെ അച്ഛൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നടന്നടുത്തപ്പോൾ സഞ്ജു കണ്ടു, ബെഡിലിരുന്ന് മുഖം മറച്ച് ഏങ്ങലടിക്കുന്ന തന്റെ കാന്താരിയെ.

സഞ്ജു അകത്തു കടന്നതും വാതിൽ ചാരിയതുമൊന്നും അവൾ അറിഞ്ഞിരുന്നില്ല..

“ടി കാന്താരി……”

സുപരിചിതമായ ശബ്‍ദം കേട്ട് അമ്മു വേഗം തലയുയർത്തി. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

വാതിൽക്കൽ ചുമരിൽ ചാരി, കൈ രണ്ടും പിണച്ചു കെട്ടി, ചെറു പുഞ്ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന മാഷ്.

സ്വപ്നം കാണുകയാണോ….

അമ്മു തന്റെ കണ്ണുകളൊന്ന് ചിമ്മി തുറന്നു..

“സ്വപ്നമൊന്നും അല്ലെടീ പെണ്ണേ… ഇതു ഞാൻ തന്നെയാ… തന്റെ മാഷ്..”

ആ നോട്ടവും വാക്കുകളുമെല്ലാം അമ്മുവിന് അപരിചിതമായിരുന്നു.

“എന്റെ മാഷോ……?? ”

“ആഹാ… കരഞ്ഞു കരഞ്ഞ് വാടി കൊഴിയാറായി… അപ്പോഴും തർക്കുത്തരത്തിനു ഒരു കുറവും ഇല്ല.”

“മാഷ്…… മാഷെന്താ ഇവിടെ….? ”

“ഇനിം കിടന്നു വിക്കണ്ട. അല്ലേലും ഈ കണ്ണീർ നായികയുടെ ഭാവമൊന്നും നിനക്കു ചേരില്ലെടീ..”

“ദേ മനുഷ്യാ…. ഒന്നു പറയുന്നുണ്ടോ..

ഓ… രാഹുലേട്ടൻ വിവരമെല്ലാം പറഞ്ഞു കാണും അല്ലേ.. അതാവും രാവിലെ തന്നെ വെച്ചു പിടിച്ചത്

ഇന്നലെ തന്നെ എനിക്കി പറയാനുള്ളത് കേട്ടിരുന്നേൽ ഈ ചടങ്ങ് ഒഴിവാക്കാമായിരുന്നില്ലേ…..”

“അതെങ്ങനെയാ… എന്റെ പെണ്ണിനെ മുറപോലെ പെണ്ണു ചോദിക്കാൻ വന്നതല്ലേ ഞാൻ….”

“അപ്പൊ മാഷ്…… ”

“അതെടീ പെണ്ണേ…. ഇത്രയും നേരം നീ പേടിയോടെ കാത്തിരുന്ന വില്ലൻ ഞാൻ തന്നെയാ…

സാക്ഷാൽ സഞ്ജയ്‌ കൃഷ്ണ.. ”

ചുണ്ടിൽ ചിരിയും കണ്ണിൽ കുസൃതിയുമായി അവൾക്കരികിലേക്കി നടന്നടുത്തുകൊണ്ട് സഞ്ജു അതു പറയുമ്പോൾ അമ്മുവിന്റെ കണ്ണിൽ ഒരു പേമാരി പെയ്തൊഴിയുന്നുണ്ടായിരുന്നു.. കൈകളുയർത്തി കണ്ണുനീർ തുടച്ച് കാന്താരിയെ നെഞ്ചോടു ചേർത്തപ്പോൾ പതിയെ മുഖമുയർത്തി അവൾ ചോദിച്ചു..

“ഒരിക്കലും ഒരമ്മു പൂച്ച വട്ടം ചാടില്ലാന്നു പറഞ്ഞിട്ട്…..?? ”

“വട്ടം ചാടിയതല്ലല്ലോ കാന്താരീ… കൂടെ നടക്കുകയല്ലേ….. അവസാന ശ്വാസം വരെ….

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം…

രചന : Sharanya S Nair