അവനെ ഒഴിവാക്കിയാലോ എന്ന് പലവട്ടം അവൾ ആലോചിച്ചു… പക്ഷെ കഴിഞ്ഞില്ല…!

രചന : Pratheesh

രണ്ടു തരത്തിൽ പെട്ട അച്ഛന്മാരാണ് പൊതുവേയുള്ളത്,

ഒന്ന്, തന്റെ ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൽപ്പിക്കുന്ന താൻ ചിന്തിക്കുന്നതു മാത്രമാണ് ശരി എന്നു കരുതുന്നവർ,

രണ്ട്, തന്റെ മക്കളുടെ സ്വപ്നങ്ങളെയും തന്റെതായി കണ്ട് അവരെ സ്നേഹിക്കുന്നവർ,

അടുത്ത നാൾ വരെയും അവളുടെ ഏറ്റവും വ=ലിയ വിശ്വാസം അവളുടെ അച്ഛനായിരുന്നു,

എന്നാൽ ഒരു ദിവസം

അവളുടെ ഏറ്റവും വലിയ ഭയവും അവളുടെ അച്ഛനായി മാറി….!

അതിന്റെ കാരണം ഇന്നവൾക്ക് അച്ഛനോള്ളം തന്നെ പ്രിയത്തോടെ മറ്റൊരാളെ ഇഷ്ടമാണെന്നതു കൊണ്ടാണ്,

മറ്റെന്തെങ്കിലും കാര്യസാധ്യത്തിനായിരുന്നെങ്കിൽ അച്ഛനെ സോപ്പിടാൻ ഒരു വിമാനത്തിന്റെ മാതൃകയിലുള്ള ഏതെങ്കിലും വാങ്ങി കൊടുത്താൽ മതിയായിരുന്നു അച്ഛനു അത്രയിഷ്ടമായിരുന്നു വിമാനം…!

അച്ഛനവൾക്കു വാങ്ങി കൊടുത്ത കളിപ്പാട്ടങ്ങളിൽ കൂടുതലും പല തരത്തിലുള്ള വിമാനങ്ങളായിരുന്നു.

എന്നാൽ അവൾക്ക് മനസിലാവാത്ത ഒന്ന് അച്ഛന് അത്ര ഇഷ്ടം ഉണ്ടായിട്ടും ഇന്നതിനു എളുപ്പം കഴിയുമായിരുന്നിട്ടും അച്ഛനിതുവരെ ഒരു വിമാനയാത്രയും നടത്തിയിട്ടില്ലെന്നു മാത്രമല്ല അങ്ങിനെ ഒരാഗ്രഹം ഉള്ളതായി പറഞ്ഞു കേട്ടിട്ടു പോലും ഇല്ലെന്നുള്ളതാണ്..!

വിമാനങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നൊരാൾക്ക് എന്തു കൊണ്ടതിൽ കയറണമെന്ന ആഗ്രഹമില്ലാന്നുള്ളത് ഇടക്കൊക്കെ അവളും ആലോചിക്കാറുണ്ട്…

അച്ഛനു വേണ്ടി എത്രയൊക്കെ അവനെ മറക്കാൻ ശ്രമിച്ചിട്ടും വേണ്ടാന്നു വെക്കാൻ ശ്രമിച്ചിട്ടും അവൾക്കവനെ ഒഴിവാക്കാനായില്ല,

പ്രണയം തിരകവിഞ്ഞൊഴുകിയതോടെ അവൻ അവളുടെ മനസ്സിൽ കൂടു കൂട്ടി താമസവും തുടങ്ങി….

തന്നെ പിൻതുടർന്നു വരുന്ന മറ്റെല്ലാവരെയും ഒരു നോട്ടം കൊണ്ടു തടയിടുന്ന അവൾക്ക് അവനെ കാണുമ്പോൾ മാത്രം മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ആ നോട്ടത്തിന്റെ കാര്യം തന്നെ മറന്നു പോകുന്നതെന്താണ് എന്ന് അവൾക്കു തന്നെ അറിയില്ലായിരുന്നു,

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറയും പോലെ അവനെ കാണുമ്പോൾ അവൾ ആ നോട്ടത്തിന്റെ കാര്യമേ മറന്നു പോകുന്നു,

അവനിലേക്ക് മിഴി തുറക്കുന്ന ഓരോ നിമിഷവും ഒരു മായാലോകത്തേക്ക് മിഴി തുറക്കും പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്,

അതു കൊണ്ടു തന്നെ അവനെ ഭയപ്പെടുത്താൻ മാത്രം അവളുടെ മിഴിയനങ്ങിയില്ല….!

അവിടെ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല

സർവ്വവും സ്നേഹമായി മാറി.,

അവനെ ഒഴിവാക്കിയാലോ എന്ന് പലവട്ടം അവൾ ആലോചിച്ചു…!

പക്ഷെ കഴിഞ്ഞില്ല…!

ഏതൊരു ഇഷ്ടത്തെയും ഒഴിവാക്കാൻ ആദ്യം വെട്ടിമുറിക്കേണ്ടത്

” സ്വന്തം ഹൃദയത്തെയാണ് ” എന്നറിഞ്ഞതോടെ അവൾക്ക് അതിനും കഴിഞ്ഞില്ല….!

അതിനേക്കാൾ അപ്പുറത്ത് അവളുടെ കണ്ണുകൾ അവനെ ഓരോ തവണ കാണുമ്പോഴും അവനെ പേടിപ്പിക്കാനായി ഭയത്തെ തിരിഞ്ഞു പിടിക്കാതെ അവനെ ഇഷ്ടപ്പെടാനായി സ്നേഹത്തെ മാത്രം തിരഞ്ഞു പിടിക്കുന്നതിന്റെ കാരണവും അവൾക്ക് അവനെ മറ്റൊന്നിനും വേണ്ടി വിട്ടു കൊടുക്കാതിരിക്കാനുള്ള പ്രചോദനമായി…!

അവനെ ഒഴിവാക്കാൻ ആവില്ലന്ന്‌ മനസിലായതോടെ പിന്നെയും ഭയമായി..!

ഇതറിയുമ്പോൾ അച്ഛനെന്ന സ്നേഹപ്രപഞ്ചത്തെ നഷ്ടപ്പെടുമോയെന്ന ഭയം…!

രണ്ടിൽ ഒരാളെയേ സ്വീകരിക്കാനാവു എന്ന് വരുമ്പോൾ അവളുടെ മനസിൽ നിന്നു തീർച്ചയായും അച്ഛൻ പുറത്താകുമോ എന്നവൾ ഭയപ്പെടുന്നു…!

കാരണം,

അവനെ ഒഴിവാക്കി അച്ഛനോടൊപ്പം നിന്നാൽ അവൾക്ക് അവൾ സ്വപ്നം കാണുന്ന അവളുടെതായ ജീവിതത്തിലേക്ക് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നുള്ള പേടി തന്നെ…

എന്നാൽ അവൾ അവനെ സ്വീകരിച്ചശേഷം അവൾ ചെയ്തതെല്ലാം തെറ്റാണെന്നു തോന്നിയിരുന്ന കാര്യങ്ങളെ പിന്നീട് ശരിയാണെന്നു തോന്നി അച്ഛനു അവളോട് ക്ഷമിക്കാൻ തോന്നിയാൽ എല്ലാം അവൾക്ക് തിരിച്ചു കിട്ടുകയും ചെയ്യും,

അച്ഛനേയും, അവനെയും, അവളുടെ സ്വപ്നങ്ങളെയും ഒക്കെ ഒന്നിച്ച്….!

എല്ലാ ആലോചനക്കും ഒടുവിൽ അവസാനം അവൾ അച്ഛനെ ഒഴിവാക്കാനും അവനെ സ്വീകരിക്കാനും തീരുമാനിച്ചു,

എന്നാൽ പൂർണ്ണമായും ആരും അറിയാതെയുള്ള ഒരു ഒളിച്ചോട്ടം പക്ഷെ അവൾ ആഗ്രഹിച്ചില്ല,

അതിന്റെ ഭാഗമായി ഒരു ഞായറാഴ്ച്ച രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ടിവി കണ്ടു കൊണ്ടിരിക്കുന്ന അച്ഛനും അമ്മയും ഒരു കോളിങ്ങ് ബെൽ കേട്ടതും അന്നേരം തന്നെ അവരുടെ അടുത്തേക്ക് നടന്നു വന്ന്,

ആ സമയം അവൾ അവരോടായി പറഞ്ഞു….,

എനിക്ക് ഒരാളെ ഇഷ്ടമാണ്…..!!

ഞാൻ അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു…!

തുടർന്ന് ഡോറിലേക്ക് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു,

ഞാൻ പറഞ്ഞിട്ടാണ് അവൻ വന്നിരിക്കുന്നത് എന്നും

ഒരു നടുക്കത്തോടെ അമ്മ അവളേയും തന്റെ ഭർത്താവിനെയും മാറി മാറി നോക്കി.

ഒരു യുദ്ധം പ്രതീക്ഷിച്ച അവളെ ആശ്ചര്യപ്പെടുത്തിയത് അതെല്ലാം കേട്ട് അച്ഛന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല എന്നുള്ളതാണ്…

അമ്മയെ പോലെ അവളെയും അത് ഞെട്ടിച്ചു…

അച്ഛൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു കൊടുത്ത് അവനെ അകത്തേക്ക് ക്ഷണിച്ചിരുത്തി എന്നിട്ട് അമ്മയോട് ചായ എടുക്കാൻ പറഞ്ഞിട്ട് അച്ഛനവനോട് സംസാരിക്കാൻ തുടങ്ങി.,

എനിക്കത് വല്ലാത്ത അത്ഭുതമായി…,

അച്ഛൻ ആ പറഞ്ഞത് അമ്മക്കിഷ്ടമായില്ലെങ്കിലും അമ്മ അച്ഛനെ അനുസരിക്കാതിരുന്നില്ല, എങ്കിലും അടുക്കളയിൽ നിന്നും അമ്മയുടെ നോട്ടം മുഴുവൻ ഞങ്ങളിലായിരുന്നു,

അച്ഛനവനു പറയാനുള്ളതെല്ലാം കേട്ട് അവസാനം അവനോടു പറഞ്ഞു….,

അവളെ സംരക്ഷിക്കാൻ കഴിയും വിധം ഒരു ജോലി നേടി വരു അവളെ നിനക്ക് വിവാഹം ചെയ്തു തരാം എന്ന്……!

അച്ഛനത് പറഞ്ഞപ്പോൾ അവളും അമ്മയും മാത്രമല്ല അവനടക്കം ഞെട്ടി…..!

തുടർന്ന് അവൻ മടങ്ങി പോയതോടെ അവൾക്ക് ജിജ്ഞാസ കൂടി..

അവളോട് അച്ഛൻ ഒന്നും തുറന്നു പറയില്ലെങ്കിലും ഈ കാര്യങ്ങൾ അമ്മയോട് എന്തായാലും അച്ഛൻ പറയുമെന്ന് അവൾക്കുറപ്പായിരുന്നു,

അതുകൊണ്ട് തന്നെ അച്ഛനു പറയാനുള്ളത് അമ്മയോട് പറയുന്നത് ഒളിച്ചു കേൾക്കാൻ അവളും തീരുമാനിച്ചു….!

അമ്മയെയും കൂട്ടി അച്ഛൻ നേരെ ബാൽക്കണിയിലേക്ക് പോയി.

അവിടെ വെച്ചു അച്ഛൻ എന്ന മനുഷ്യന്റെ യഥാർത്ഥ മുഖം അമ്മയുടെ മുന്നിൽ തെളിഞ്ഞു.

ഒരച്ഛൻ എന്നാൽ എന്തായിരിക്കണം എന്നത് അച്ഛൻ അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു,

നീ പേടിക്കേണ്ട അവളുടെ ജീവിതത്തിനു ഒരു കോട്ടവും സംഭവിക്കില്ല എന്ന്.,

ആ പറഞ്ഞതൊന്നും അമ്മക്കത്ര വിശ്വാസപ്രദമായിരുന്നില്ല അതു മനസിലാക്കിയ അച്ഛൻ അപ്പോൾ ചോദിച്ചു,

സ്വന്തം മോളുടെ കാര്യത്തിൽ ഞാൻ മോശപെട്ട ഒരു തീരുമാനം എടുക്കുമെന്ന് നിനക്കു തോന്നുണ്ടോയെന്ന് ?

അതിനമ്മ ഇല്ലായെന്നർത്ഥത്തിൽ തലയാട്ടി.

അതോടെ അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി,

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിലൊരു മാറ്റം ഞാൻ കാണുന്നുണ്ടായിരുന്നു,

എന്നോടും നിന്നോടും പറയാൻ കഴിയാത്ത എന്തോ ഉള്ളിലൊളിപ്പിച്ച മുഖമായിരുന്നു അന്നേരമെല്ലാം അവൾക്ക്,

പെണ്ണിന്റെ മുഖം പലപ്പോഴും ഒരു കണ്ണാടി പോലെയാണ് മനസ്സു ചേർത്തു വെച്ച് നോക്കിയാൽ ഉള്ളിലുള്ളതു പോലും വ്യക്തമായി തെളിഞ്ഞു കാണാം,

അവളതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടാതിരുന്നത് എന്തു ഞാൻ പ്രതീക്ഷിച്ചിരുന്നോ അതു തന്നെ കേട്ടതു കൊണ്ടാണ്,

അവളുടെ മിഴിയനക്കം കണ്ടു പോലും അച്ഛനവളെ അത്രയേറെ ആഴത്തിൽ മനസിലാക്കിയിരുന്നെന്ന് അവൾ അപ്പോഴാണ് മനസിലാക്കുന്നത്,

അതോടെ പതിയേ അവളുടെ മിഴി നനയാൻ തുടങ്ങി,

അച്ഛൻ തുടർന്നു,

ഏതൊരു പെൺകുട്ടികൾക്കും രണ്ട് സ്വപ്ങ്ങളാണുള്ളത്….!

ഒന്ന് അവരുടെ ജീവിതലക്ഷ്യം…!

രണ്ട് അവളുടെ വിവാഹം….!

നമ്മുടെ മകൾ അവൾക്ക് ആദ്യമായി കിട്ടിയ പാവയെ സെതസ്കോപ്പ് പോലെ ഒരു ചരട് വെച്ചു പരിശോധിക്കാൻ തുടങ്ങിയ ആ നിമിഷം മുതൽ ഞാനവളെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.,

പലപ്പോഴും അവളേയും കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോളെല്ലാം അവൾ ശ്രദ്ധിച്ചിരുന്നത് അവിടത്തെ ഡോക്ടർമാരുടെ ചലനങ്ങളായിരുന്നു.

പല ലേഡി ഡോക്ടർമാരെയും കാണുമ്പോൾ അവളുടെ മുഖത്തു അവരോടു തോന്നുന്ന ഒരു ബഹുമാനത്തിന്റെ അളവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തി.

ഇന്നവൾ MBBS നു പഠിക്കുമ്പോൾ അതിനർത്ഥം അവൾ അവളുടെ സ്വപ്നങ്ങളിലേക്ക് നടന്നു അടുക്കുകയാണെന്നാണ്.

എന്നാൽ പലരുടേയും ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്നറിയുമോ…???

ആരും അതു സമ്മതിച്ചു തരില്ലെങ്കിലും പറയാം,

പലരും അവരുടെ ലക്ഷ്യത്തിൽ എത്താത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ വിവാഹമാണ്…!

വീട്ടുക്കാർ അവർക്കു ഇഷ്ടമില്ലാത്ത ഒരാളെ അവരുടെ തലയിൽ കെട്ടി വെക്കുന്നതോടെ അവർ അവരുടെ ലക്ഷ്യത്തെ കൈവിടുന്നു…..!

തന്റെ ലക്ഷ്യം പോലെ അവർക്ക് പ്രിയപ്പെട്ടതാണു അവരുടെ വിവാഹവും…..!

വലിയ വലിയ ആഗ്രഹങ്ങളുണ്ടായിട്ടും പലരും എവിടെയും എത്താത്തതിന്റ കാരണം എന്താണെന്നറിയാമോ ?

ഇഷ്ടമില്ലാത്ത വിവാഹം വഴി അവരിൽ പലരും ജീവിതം തുടങ്ങുന്നത് തന്നെ പരാജയത്തിലായതിനാലാണ്…..!

ലക്ഷ്യങ്ങളെ പിൻതുടരാൻ മനസിലും ജീവിതത്തിലും സന്തോഷം അത്യാവശ്യമാണ് അതുണ്ടാവുന്നത് മറ്റു കാര്യങ്ങൾക്കൊപ്പം ഇഷ്ടമുള്ള ആളോടൊത്തുള്ള ജീവിതം കൂടി സഫലമാകുമ്പോളാണ്…!

തന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നൊരാൾ പകർന്നു നൽകുന്നൊരു ഊർജ്ജം വളരെ വലുതാണ്,

അപ്പോഴാണ് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഇരട്ടി ശക്തിയുണ്ടാവുന്നത്….!

പെണ്ണിനായാലും ആണിനായാലും ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുന്നത് പലരേയും അവരുടെ ലക്ഷ്യത്തിൽ നിന്നവരെ അകറ്റുന്നു.

ആർക്കുവേണ്ടിയാണ് ഇനി ഇതെല്ലാം എന്ന തോന്നലിൽ മനസ്സിൽ മടുപ്പ് നിറയുന്നു…..!

അതോടെ ലക്ഷ്യങ്ങൾ വഴി മാറി സഞ്ചരിക്കാൻ തുടങ്ങുന്നു…!

എന്നാൽ അപൂർവ്വം ചിലർ മാത്രം ജീവിതത്തിൽ എന്തു സംഭവിച്ചാലും അവർ അവരുടെതായ ലക്ഷ്യത്തിലെത്തും,

എല്ലാവർക്കും അതിനു കഴിയില്ലല്ലോ

അങ്ങിനെയായിരുന്നെങ്കിൽ നമ്മുടെ ജീവിത നിലവാരം ഇന്നെവിടെ എത്തിയേനെ..?

ഇന്ത്യ പോലുള്ള രാജ്യത്ത് ബന്ധങ്ങൾക്കാണു കൂടുതൽ വില അതു കൊണ്ടു തന്നെ ഇഷടമുള്ളത് നഷ്ടമായാൽ പലരും വീണും പോകും…!

ജപ്പാൻ പോലുള്ള രാജ്യങ്ങളോളം നമ്മൾ വളരാത്തത് എന്തു കൊണ്ടാന്നറിയോ അത് കഴിവില്ലാത്തതു കൊണ്ടല്ല പാതി വഴിയിൽ നമ്മുടെ ലക്ഷ്യങ്ങളെ നമ്മൾ ഉപേക്ഷിക്കുന്നതു കൊണ്ടാണ്

അതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഇഷ്ടമില്ലാത്ത ജീവിതം പലർക്കും ജീവിക്കേണ്ടി വരുന്നതു കൊണ്ടാണ്….!

ഒരു മകൾ വിവാഹശേഷം പുറമേയല്ല അകമേ സന്തോഷമായിരിക്കണമെങ്കിൽ അവളുടെ കഴുത്തിൽ അവൾക്ക് ഏറ്റവും സന്തോഷം നൽകുന്നവന്റെ താലിയായിരിക്കണം ഉണ്ടാകേണ്ടത്.

നമ്മുടെ മകൾ ലക്ഷ്യത്തിലെതുമ്പോൾ അവൾ നമ്മളെ ഓർക്കേണ്ടത്

നമ്മൾ അവളെ പൂർണമായും മനസ്സിലാക്കിയാണ് സ്നേഹിച്ചത് എന്ന അറിവോടെയായിരിക്കണം.

അവളുടെ ഇരുകണ്ണുകളിൽ ഒന്നിൽ അവനും മറ്റേതിൽ നമ്മളും ആയിരിക്കണം….!

അല്ലാത്ത പക്ഷം നമ്മൾ എത്ര സ്നേഹം നൽകിയാലും അവൾ ആരെ വേദനിപ്പിച്ചുവോ

അവനെ മാത്രമേ അവൾ ഓർത്തിരിക്കുകയുള്ളു…..!

അതു കേട്ടതോടെ അമ്മയും കീഴടങ്ങി…!

അന്നത്തെ ആ രാത്രിയിലാണ് അവൾ തന്റച്ഛനെ ഒരു ശരീരത്തിലെ സകല സ്നേഹവും ചേർത്തു വെച്ച് കെട്ടിപ്പിടിച്ച് കരഞ്ഞത് ”

മകൾ കരയുന്നതു കണ്ട് അവളുടെ അച്ഛനും അമ്മയും പുഞ്ചിരിച്ചതും അന്നാണ്…!

അച്ഛൻ പറഞ്ഞതിലൂടെ മറ്റൊരു കാര്യം കൂടി അവൾക്കു വ്യക്തമായി….!

അച്ഛൻ ജീവിതത്തിൽ ആഗ്രഹിച്ചത് പൈലറ്റ് ആവണം എന്നാണ്….!!!

വിമാനം ഒാടിക്കണം എന്ന ആഗ്രഹമുള്ള ഒരാൾ അതിൽ യാത്രക്കാരനാവുന്നത് ആഗ്രഹമായി എടുക്കില്ലല്ലോ…?

അച്ഛന്റെ ജീവിതത്തിൽ അച്ഛനും എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവാം എന്നത് സത്യം….!!!

ഇഷ്ട ജീവിതം നൽകുന്ന സന്തോഷം തന്നെയാണ് ലക്ഷ്യത്തെ പിൻ തുടരാൻ സർവ്വരേയും പ്രേരിപ്പിക്കുക…..!!

നിങ്ങൾ കൈവിടുന്നത് പ്രണയമോ ഇഷ്ടമുള്ളവരേയോ മാത്രമല്ല, നിങ്ങളുടെ ലക്ഷ്യത്തെക്കൂടിയാണ് എന്നോർത്താൽ നന്ന്….!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Pratheesh


Comments

Leave a Reply

Your email address will not be published. Required fields are marked *