തൊട്ടാവാടി തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

ആദർശിൻ്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ ധാനി ഒന്ന് ഞെട്ടി…

അവൻ്റെ കരങ്ങളിലെ ബന്ധനത്തിൽ നിന്നും ധാനിക്ക് അല്പം പോലും ഒന്ന് അനങ്ങാൻ ആയില്ല….

അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.. അബോധാവസ്ഥയിലുള്ള അവൻ്റെ പ്രവർത്തികൾ ധാനിയെ വേദനിപ്പിച്ചപ്പോൾ അവൾ മിഴികൾ ഇറുക്കിയടച്ചു….

ഒടുവിൽ അവൻ അടർന്നു മാറി അകന്നു കിടന്നപ്പോഴും അവൾ സ്നേഹത്തോടെ അവൻ്റെ മുടിയിഴകളിൽ തലോടി….

❤❤❤❤❤❤❤❤❤❤

രാവിലെ കുളിച്ചു വന്ന ധാനി ഉറങ്ങി കിടക്കുന്ന ആദർശിനെ സാകൂതം നോക്കി നിന്നു… അവളുടെ ഈറൻ മുടിയിഴകൾ ഒരു തോർത്തിനാൽ കെട്ടി വെച്ചിട്ടുണ്ട്

ചമയങ്ങളൊന്നുമില്ലാത്ത മുഖത്ത് അവന് വേണ്ടി വിരിഞ്ഞ നിഷ്കളങ്കമായ ഒരു പുഞ്ചിരി മാത്രം..

അവൻ്റെ നെറ്റിയിലേക്ക് പാറിപ്പറക്കുന്ന ചെറിയ മുടിയിഴകൾ തൻ്റെ കൈവിരലുകളാൽ ഒതുക്കി വെയ്ക്കുവാൻ ധാനിക്ക് തോന്നി

തന്നോട് ഇപ്പോഴെങ്കിലും അല്പം സ്നേഹം തോന്നിയിട്ടുണ്ടാകും… ധാനി പുഞ്ചിരിയോടെ ഓർത്തു.

അന്ന് വളരെ ഉത്സാഹത്തോടെയാണ് ധാനി ഓരോ ജോലിയും ചെയ്തത്…

പ്രതീക്ഷകളൊന്നുമില്ലാതിരുന്ന ജീവിതത്തിൽ ഒരു നേരിയ വെളിച്ചം ആരോ വിതറിയ പോലെ…

കൈയ്യിൽ ചായയുമായി അവൾ ആദർശിൻ്റെ അടുക്കലേക്ക് നടന്നു..

പതിവു പോലെ ദേഷ്യപെടുമായിരിക്കുമോ..?

അതോ സ്നേഹത്തോടെ വല്ലോം സംസാരിക്കുമോ…? അവളുടെ ഉള്ളിലൂടെ പലതരം ചിന്തകൾ കടന്നു പോയി…

ആദർശ് ആണെങ്കിൽ എന്തൊക്കെയോ files ധൃതിയിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു…

വിലകൂടിയ തേച്ച് മിനുക്കിയ വസ്ത്രങ്ങളും സ്വതവേയുള്ള ഗൗരവ ഭാവവും ധാനി വെറുതെ ഒന്ന് നോക്കി…

ഒരു പുഞ്ചിരി പോലും ഈ മുഖത്ത് വിരിയില്ലേ ഈശ്വരാ…? ധാനി ചിന്തിച്ചു..

അവൾ കുറച്ച് ധൈര്യം സംഭരിച്ച് അവൻ്റെ അടുക്കലേക്ക് നടന്നു….

തനിക്ക് നേരെ ചായയും നീട്ടി നിൽക്കുന്ന ധാനിയെ കണ്ടതും അവൻ്റെ മുഖം ചുവന്നു…

“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേടീ ഈ വക പ്രകടനങ്ങളുമായി എൻ്റെ മുൻപിൽ വരരുതെന്ന്… നിനക്ക് എത്ര കേട്ടാലും മതിയാവില്ലേ… പറയുന്ന എനിക്ക് പോലും അറപ്പ് തോന്നുന്നുണ്ട്… കേൾക്കുന്ന നിനക്ക് മാത്രം എന്താടീ ഒന്നും തോന്നാത്തെ..?”

പതിവിലും ഒട്ടും വിപരീതമല്ലാത്ത ഒരു മറുപടി തന്നെ കേട്ടതും ധാനി ഒരുവേള സ്തംഭിച്ചു…

അവൾ അവനെ നിറമിഴികളോടെ നോക്കി…

“അ…അപ്പോൾ…. ഇന്നലെ…”

ധാനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല…

“ഇന്നെലെ എന്ത്..? നീയൊന്ന് പോകുന്നുണ്ടോ…” ആദർശ് അതും പറഞ്ഞ് തൻ്റെ പണി തുടർന്നു.

തിരികെ ഓരോ ചുവടുകൾ ഇറങ്ങും തോറും ധാനിയുടെ ഉള്ളം വേദനയാൽ ഉരുകുന്നുണ്ടായിരുന്നു…

ആ പടികളിൽ വീണുതിർന്ന ഓരോ മിഴിനീരിനും അവളിലെ വേദനയുടെ കഥകൾ പറയുവാനുണ്ടായിരുന്നു….

അടുക്കളയിൽ ചെന്നവൾ കാൽമുട്ടിൽ മുഖം ചേർത്തിരുന്നു…

ഓർമ്മയുണ്ടാവില്ല… ഒന്നും…!! നിങ്ങളുടെ നഖക്ഷതങ്ങളേറ്റ് രക്തം പൊടിഞ്ഞ എൻ്റെ പിൻകഴുത്തും… ആവേശത്തോടെ ചലിച്ചിരുന്ന നിങ്ങളുടെ കരങ്ങളും… ഉയർന്നു താണ നിങ്ങളുടെ ഹൃദയമിടിപ്പുകളും… ഒടുവിൽ വേദനിപ്പിച്ചു കൊണ്ട് എന്നിലേക്കാഴ്ന്നിറങ്ങിയപ്പോൾ എൻ്റെ മിഴികളിൽ നിന്നുതിർന്ന മിഴിനീരും…

ഒന്നും….ഒന്നും…ഓർമ്മയുണ്ടാവില്ല നിങ്ങൾക്ക്…

ഓർക്കണ്ട എനിക്കും… ഞാനും ഒന്ന് മറന്നിരുന്നെങ്കിൽ… അല്ലെങ്കിൽ നിങ്ങളെ പോലെ മറന്നെന്ന് നടിക്കാൻ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ…!!

ആ മുഖം കാണുമ്പോൾ മിഴികൾ പിടയാതിരുന്നെങ്കിൽ….!! ശ്വാസം ഒന്ന് വിലങ്ങാതിരുന്നെങ്കിൽ….!! ധാനി നിർവികാരതയോടെ ആരോടെന്നില്ലാതെ പറഞ്ഞു….

എന്തിനാ എനിക്കിങ്ങനെ ചെറിയ ചെറിയ സന്തോഷങ്ങൾ തന്ന് ഒടുവിൽ ദുഃഖങ്ങളുടെ തീരാകയങ്ങളിലേക്ക് തള്ളി വിടുന്നത്….? ധാനി സ്വയം ചോദിച്ചു..

മിഴികൾ കരയാൻ മറന്ന് നിർജീവങ്ങളായത് പോലെ അവൾക്ക് തോന്നി….

അന്നത്തെ ദിവസം അറിയാതെ പോലും തൻ്റെ മിഴികൾ ആദർശിലേക്ക് പതിക്കാതിരിക്കാൻ ധാനി ശ്രദ്ധിച്ചു…

രാത്രിയിൽ തറയിൽ കിടക്കുമ്പോഴും ആദർശ് തന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു… പക്ഷേ അവൻ ഒന്ന് നോക്കുക പോലും ചെയ്തില്ല…. തലേന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലുള്ള പെരുമാറ്റം.. ധാനി വെറുതെ ആ മുഖത്തേക്കൊന്ന് നോക്കി…

അവനിൽ നിന്നും തന്നെ പ്രീതി പെടുത്തുന്ന തരത്തിൽ ഉള്ള ഒരു പ്രതികരണവും ഉണ്ടാവില്ലെന്ന് മനസ്സിലായതും അവൾ നോട്ടം പിൻവലിച്ചു…

❤❤❤❤❤❤❤❤❤❤❤

കുറച്ച് മാസങ്ങൾ കൂടി കടന്ന് പോയി… ആദർശ് ധാനിയോടോ ധാനി അവനോടോ പിന്നീടൊന്നും സംസാരിച്ചില്ല…. അപരിചിതരെ പോലെ അവർ ഒരു മുറിയിൽ കഴിഞ്ഞു… റയാൻഷ് പോകാനുള്ള കാര്യങ്ങൾ ഒക്കെ തയ്യാറാക്കി വെച്ചു….

“മോനേ… റയാൻഷ് മോനേ….”

ജാനിചേച്ചിയുടെ വെപ്രാളത്തോടെയുള്ള വിളി കേട്ടാണ് റയാൻഷ് തിരിഞ്ഞത്…

“എന്താ ചേച്ചീ…എന്ത് പറ്റി..?”

“അത്… ധാനി…ധാനി…”

“എന്താ ധാനിക്ക് എന്ത് പറ്റി..?” റയാൻഷ് വെപ്രാളത്തിൽ ചോദിച്ചു..

“ധാനി വിളിച്ചിട്ട് ഉണരുന്നില്ല മോനേ… എന്ത് പറ്റിയെന്ന് അറിയില്ല… മോൻ ഒന്ന് വന്ന് നോക്കുവോ..?”

അത് കേട്ടതും റയാൻഷ് ജാനിചേച്ചിയോടൊപ്പം ധാനിയുടെ അടുക്കലേക്ക് ചെന്നു…

“ധാനി…ധാനി…” റയാൻഷ് അവളെ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല…

അപ്പോഴേക്കും രവീന്ദ്രനും പത്മിനിയും അങ്ങോട്ടേക്ക് വന്നു…

“അയ്യോ ധാനിക്ക് എന്ത് പറ്റി..?” രവീന്ദ്രൻ ചോദിച്ചു..

“അറിയില്ലച്ഛാ… ഞാൻ ഒന്ന് നോക്കട്ടെ… എനിക്കൊരു സംശയം… പക്ഷേ confirm ചെയ്യാൻ പറ്റില്ല…”

“എന്ത് സംശയം..?”

“നിൽക്ക് ഞാൻ ഡോക്ടറെ ഒന്ന് വിളിക്കട്ടെ….”

❤❤❤❤❤❤❤❤❤

“Yes…she is pregnant.. ഇപ്പോൾ 3 മാസം ആയി..” ഡോക്ടർ പറഞ്ഞത് കേട്ടതും ആദർശും പത്മിനിയും ഞെട്ടി…

പത്മിനി ദേഷ്യത്തിൽ ആദർശിൻ്റെ മുഖത്തേക്ക് നോക്കി….

ആദർശ് ആരെയും നോക്കാതെ എങ്ങോട്ടോ മിഴികൾ പായിച്ച് നിന്നു..

“ആഹാ… എത്ര സന്തോഷമുള്ള വാർത്തയാ….”

രവീന്ദ്രൻ ധാനിയുടെ അടുക്കലേക്ക് നടന്നു കൊണ്ട് പറഞ്ഞു…

ജാനി ചേച്ചിയും ധാനിയുടെ അരികിൽ ചെന്നിരുന്നു… സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി..

റയാൻഷ് ആ കാഴ്ച പുഞ്ചിരിയോടെ നോക്കി നിന്നു…

❤❤❤❤❤❤❤❤❤❤

“ആദീ…” പത്മിനി അവനെ ദേഷ്യത്തിൽ വിളിച്ചു…

“എന്താടാ ഇത്..? നിന്നോട് ഞാൻ എൻ്റെ പേടി സൂചിപ്പിക്കുമ്പോഴൊക്കെ നീയല്ലേ പറയാറ് അവളെ ഒന്ന് നോക്കുക കൂടി ഇല്ലെന്ന്… എന്നിട്ടിപ്പം എന്താടാ ഇത്..?”

ആദർശ് ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു….

മദ്യപിച്ചിട്ട് വന്ന ആ രാത്രിയിലെ സംഭവങ്ങൾ ഓരോന്നും അവൻ്റെ മനസ്സിൽ തെളിഞ്ഞ് വന്നു…

“എന്താടാ നീയൊന്നും മിണ്ടാത്തത്..? നമ്മൾ അവളെ ഒഴിവാക്കാമെന്ന് തീരുമാനിച്ചതൊക്കെ മറന്നോ എൻ്റെ മോൻ…? ജീവിതകാലം മുഴുവൻ അവളുടെ ഒപ്പം തന്നെ ജീവിക്കാൻ തീരുമാനിച്ചോടാ നീ… ആണെങ്കിൽ ഞാൻ ഇനീം എന്ത് ചെയ്യാനാ… എൻ്റെ വിധി… എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ ഞാൻ നിൻ്റെ വിവാഹത്തെപ്പറ്റി… എൻ്റെ മൂന്ന് മക്കളിൽ ഏറ്റവും കൂടുതൽ ഞാൻ സ്നേഹിച്ചത് നിന്നെയാ… ആ നീ തന്നെ എന്നോടിത് ചെയ്തല്ലോ… ”

“എനിക്ക്… എനിക്കൊന്നും അറിയില്ല…”

ആദർശ് പരുങ്ങലോടെ പറഞ്ഞു…

“എന്താ… എന്താ നീ പറഞ്ഞേ..?” പത്മിനി ചോദിച്ചു..

“അത്… ഞാൻ… ഞാനല്ല…”

“എന്ന് വെച്ചാ..?”

“ഇത്… എൻ്റെ കുഞ്ഞല്ലെന്ന്… എനിക്കൊന്നും അറിയില്ല…”

ആദർശ് പറഞ്ഞത് കേട്ടതും പത്മിനി ഞെട്ടി…

“എടാ… നീയെന്താ ഈ പറയുന്നെ..? സത്യമാണോ മോനേ..?” പത്മിനി ചോദിച്ചു…

“ആണെന്ന് പറഞ്ഞല്ലോ…”

ഉള്ളിൽ കുറ്റബോധം അലയടിക്കുമ്പോഴും ആദർശിന് മറിച്ചൊന്നും പറയാൻ സാധിച്ചില്ല….

“ഓഹോ… അപ്പോൾ അങ്ങനെയാണല്ലേ… ഞാൻ നിന്നെ തെറ്റിദ്ധരിച്ചല്ലോ മോനേ.. കാണിച്ച് കൊടുക്കുന്നുണ്ട് ഞാനവൾക്ക്..കണ്ടവൻ്റെ കൊച്ചിൻ്റെ അച്ഛനാവാൻ എൻ്റെ മോനെ കിട്ടില്ല.. നീ വാടാ..” പത്മിനി ദേഷ്യത്തിൽ അതും പറഞ്ഞ് ആദർശുമായി താഴേക്ക് നടന്നു..

❤❤❤❤❤❤❤❤❤

ധാനി ചെറു പുഞ്ചിരിയോടെ തൻ്റെ ഉദരത്തിൽ ഒന്ന് തലോടി…

ആദർശിനെ ഒന്ന് കാണാൻ അവളുടെ മനം തുടിച്ചു…

ഇപ്പോഴെങ്കിലും തന്നെ അംഗീകരിക്കുമോ..? അവൾ വെറുതെ ചിന്തിച്ചു…

“ഡീ…” ദേഷ്യത്തിൽ നടന്ന് വരുന്ന പത്മിനിയെ കണ്ടതും ധാനി പതിയെ എഴുന്നേറ്റു…

“ആരാടീ ഈ കുഞ്ഞിൻ്റെ അച്ഛൻ…?” പത്മിനി അവളോട് ചോദിച്ചതും ധാനി ഒന്നും മനസ്സിലാവാതെ ആദർശിൻ്റെ മുഖത്തേക്ക് നോക്കി…

ആദർശ് കുറ്റബോധത്താൽ ധാനിയെ അഭിമുഖീകരിക്കാൻ ആവാതെ നിൽക്കുകയായിരുന്നു..

“നിന്നോട് ചോദിച്ചത് കേട്ടില്ലെ..? വല്ലവരുടെയും കൊച്ചിനെ ഒക്കെ എൻ്റെ മോൻ്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കുന്നോടീ…?”

അപ്പോഴേക്കും ബഹളം കേട്ട് രവീന്ദ്രനും റയാൻഷും എത്തി..

“എന്താ… എന്താ പറ്റിയെ… എന്തിനാ ധാനിയോട് ദേഷ്യപ്പെടുന്നെ..?

അവൾക്ക് വയ്യാതിരിക്കുവല്ലേ…” രവീന്ദ്രൻ ചോദിച്ചു..

“ഹും… അവൾടെ ഒരു വയ്യായ്ക…!! ഇവളോട് ചോദിക്ക്… ഇവളുടെ വയറ്റിൽ വളരുന്നത് ഏതവൻ്റെ കുഞ്ഞാണെന്ന്…”

പത്മിനി ദേഷ്യത്തിൽ പറഞ്ഞു…

“നീയെന്തൊക്കെയാ പത്മിനീ ഈ പറയുന്നത്…

എല്ലാത്തിനും ഒരു പരിധിയില്ലേ..” രവീന്ദ്രൻ ദേഷ്യത്തിൽ പറഞ്ഞു…

“അതെ… എല്ലാത്തിനും ഒരു പരിധിയുണ്ട്…

അത് ഇവളും അറിയണം.. ഇത് നമ്മുടെ മോൻ്റെ കുഞ്ഞല്ല രവിയേട്ടാ… സംശയമുണ്ടെങ്കിൽ അവനോട് ചോദിക്ക്….”

പത്മിനി പറഞ്ഞത് കേട്ടതും ധാനി സ്തംഭിച്ച് ആദർശിൻ്റെ മുഖത്തേക്ക് നോക്കി…

“ആദർശേ… എന്താ ഇവള് പറഞ്ഞേൻ്റെ അർത്ഥം..?” രവീന്ദ്രൻ ദേഷ്യത്തിൽ ആദർശിനോട് ചോദിച്ചു

“എൻ്റെ കുഞ്ഞല്ല ഇത്….” ആദർശ് പറഞ്ഞു…

അത് കേൾക്കുന്തോറും തൻ്റെ ഹൃദയം പിളരുന്ന പോലെ ധാനിക്ക് തോന്നി…

ആദർശ് പറഞ്ഞത് കേട്ടതും എന്ത് പറയണമെന്നറിയാതെ രവീന്ദ്രൻ ദയനീയമായി ധാനിയെ നോക്കി…

“നീ മര്യാദയ്ക്ക് പറയുന്നോ..? അതോ ഞാൻ പറയിപ്പിക്കണോ..? ആരാ ഇതിൻ്റെ അച്ഛൻ…”

പത്മിനി വീണ്ടും വീണ്ടും ധാനിയോട് ചോദിച്ചു കൊണ്ടിരുന്നു….

അത് കേൾക്കെ തൻ്റെ കാതുകൾ കൊട്ടിയടയ്ക്കാൻ ധാനിക്ക് തോന്നി… അവൾ വിതുമ്പിക്കൊണ്ട് എല്ലാവരെയും നോക്കി…..

“ഏതവനാണോ ഇതിൻ്റെ ഉത്തരവാദി അവൻ്റെയൊപ്പം തന്നെ പൊയ്ക്കോണം… ഒരു നിമിഷം പിന്നെ നീയിവിടെ ഉണ്ടാവാൻ പാടില്ല…

മര്യാദയ്ക്ക് പറയടീ…” പത്മിനി ദേഷ്യത്തിൽ പറഞ്ഞു…

ആദർശിൻ്റെ ഇത്തരത്തിലുള്ള ഒരു പ്രതികരണത്താൽ എന്ത് പറയണമെന്നറിയാതെ രവീന്ദ്രൻ നിസ്സഹായനായി നിന്നു…

ധാനിക്ക് ഈ അവസരത്തിൽ എന്ത് പറയണമെന്ന് മനസ്സിലായില്ല… ഇതിലും ഭേദം മരണമാണെന്നവൾ വേദനയോടെ ചിന്തിച്ചു….

ആദർശിനെ സ്നേഹിച്ചതോർത്തവൾക്ക് സ്വയം പുച്ഛം തോന്നി…. പത്മിനിയുടെ ചോദ്യങ്ങൾ ഒരു കൂരിരുമ്പ് പോലെ അവളുടെ ഹൃദയത്തിൽ തറച്ചു കയറിക്കൊണ്ടിരുന്നു… അവരുടെ ഓരോ വാചകങ്ങളും മനസ്സിനെ ചുട്ടുപൊള്ളിച്ചപ്പോൾ അവൾ ദു:ഖത്തോടെ മിഴികൾ താഴ്ത്തി നിന്നു..

എല്ലാവരുടെയും മുൻപിൽ അപമാനിതയായി നിൽക്കുന്ന ധാനിയെ കാണും തോറും തൻ്റെ ചങ്ക് പിടയുന്ന പോലെ റയാൻഷിന് തോന്നി..

റയാൻഷ് ആരെയും വക വെയ്ക്കാതെ ദേഷ്യത്തിൽ ധാനിയുടെ കൈയ്യും പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി…

ഇവനിത് എന്താ ചെയ്യുന്നതെന്ന് മനസ്സിലാവാതെ എല്ലാവരും ആ കാഴ്ച നോക്കി നിന്നു..

മുറിയിൽ ചെന്നതും റയാൻഷ് കലങ്ങിയ മിഴികളുമായി നിൽക്കുന്ന അവളെ ഒന്ന് നോക്കി…

കോപം നിയന്ത്രിക്കാനാവതവൻ അവളുടെ കരണത്ത് അടിച്ചു…

കവിളും പൊത്തിപ്പിടിച്ച് ധാനി സ്തംഭിച്ച് റയാൻഷിനെ നോക്കി…..

“നിൻ്റെ വായിൽ എന്താടീ നാക്കില്ലേ…? അതോ നിനക്ക് വല്ലോം മൊഴിയാൻ അത്ര ബുദ്ധിമുട്ടാണോ..? ഹേ…?? നിനക്ക് വാ തുറന്ന് പറഞ്ഞാൽ എന്താ…

നിൻ്റെ വിവാഹം കഴിഞ്ഞതല്ലേ..?” റയാൻഷ് ദേഷ്യത്തിൽ ചോദിച്ചു…

“ഹാ… വിവാഹം കഴിഞ്ഞതാണ്… പേരിന് മാത്രം… അല്ലാതെ ഭാര്യയായിട്ടില്ല… അങ്ങനെ അംഗീകരിച്ചിട്ടില്ല…. പിന്നെ സാറും കേട്ടതല്ലേ ആദർശ് സർ അവിടെ പറഞ്ഞത്… പറഞ്ഞ് സമർത്ഥിക്കേണ്ട ഒന്നാണോ എൻ്റെ കുഞ്ഞിൻ്റെ പിതൃത്വം… ആണോ..? അത് അംഗീകരിക്കാൻ തയ്യാറാവാത്ത ഒരു വ്യക്തിയോട് ഞാൻ എന്ത് പറയാനാണ്… ഇപ്പോഴെങ്കിലും എന്നെ സ്നേഹിക്കുമെന്ന് കരുതിയ ഞാൻ മണ്ടി…”

പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അവൾ വിതുമ്പിക്കൊണ്ട് നിലത്തേക്കൂർന്നിരുന്നു…

ധാനി പറഞ്ഞത് കേട്ടതും റയാൻഷ് എന്ത് പറയണമെന്നറിയാതെ വേദനയോടെ അവളെ നോക്കി…

സർവ്വവും നഷ്ടപ്പെട്ടത് പോലെ തേങ്ങുന്ന അവളെ അവൻ പിടിച്ചെഴുന്നേല്പ്പിച്ചു…

ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ധാനിയുടെ കൈയ്യും പിടിച്ച് എല്ലാവരുടെയും അടുക്കലേക്ക് നടന്നു

ഹാളിൽ എല്ലാവരും റയാൻഷിനെ നോക്കി നിൽക്കുകയായിരുന്നു…

“ടാ നീയെങ്ങോട്ടാ ഇവളേം കൊണ്ട് പോയത്..

കുടുംബത്തിൽ കയറ്റാൻ കൊള്ളില്ല ഇതിനെയൊക്കെ… പറയെടീ ആരുടെയാടീ ഈ കുഞ്ഞ്…?

കണ്ടവൻ്റെ കൂടെ ഒക്കെ പോയതും പോരാ എൻ്റെ മോൻ്റെ തലയിൽ അത് കെട്ടി വെയ്ക്കാനും നോക്കുന്നു…” പത്മിനി ദേഷ്യത്തിൽ പറഞ്ഞു….

“നിർത്ത്…!! ഇത് അമ്മയുടെ മോൻ്റെ കുഞ്ഞ് തന്നെയാണ്….” റയാൻഷ് പറഞ്ഞു..

“അല്ലെന്ന് ആദർശ് പറഞ്ഞത് കേട്ടില്ലേടാ നീ…

നീയെന്താ അവൻ്റെ തലയിൽ ഇവളേം ഈ കുഞ്ഞിനേം കൂടെ കെട്ടിവെയ്ക്കാൻ നോക്കുവാണോടാ… നടക്കില്ല അത്…”

“അതിന് ഇത് ചേട്ടൻ്റെ കുഞ്ഞാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ… അമ്മയുടെ മോൻ്റെ കുഞ്ഞാണെന്നല്ലേ പറഞ്ഞുള്ളൂ…”

റയാൻഷ് പറഞ്ഞതും എല്ലാവരും അർത്ഥം മനസ്സിലാവാതെ അവനെ ഉറ്റു നോക്കി…

“എല്ലാവർക്കും ഈ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്നല്ലെ അറിയണ്ടെ…? ചേട്ടന് സഹിതം….”

റയാൻഷ് ആദർശിനെ നോക്കി അർത്ഥം വെച്ച് പറഞ്ഞു…

“എൻ്റെ കുഞ്ഞാണ് ധാനിയുടെ വയറ്റിൽ വളരുന്നത്…”

റയാൻഷ് വിളിച്ചു പറഞ്ഞതും ആദർശും ധാനിയും ഒരേപോലെ ഞെട്ടിക്കൊണ്ട് അവനെ നോക്കി….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…..

രചന : ഭാഗ്യലക്ഷ്മി