ബ്ലാക്ക് & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥയുടെ ഭാഗം 10 വായിക്കുക…

രചന : ശ്രീജിത്ത്‌ ജയൻ

പോക്കറ്റിൽ കിടന്നിരുന്ന ഫോൺ റിങ് ചെയ്തതും കോൺസ്റ്റബിൾ രാമചന്ദ്രൻ സ്റ്റേഷന് പുറത്തേക്ക് നടക്കാൻ ആരംഭിച്ചു. തനിക്ക് അരികിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്താൻ എന്നപോലെ ഒരിക്കൽ കൂടി ചുറ്റും നോക്കി രാമചന്ദ്രൻ തന്റെ ഫോൺ അറ്റൻഡ് ചെയ്യ്തു.

“ഫ്രാങ്കോ , കാറിൽ നിന്ന് കിട്ടിയ സാധനങ്ങൾ മുഴുവൻ ഞാൻ നോക്കി , അതിൽ നീ പറയുന്ന കുന്തവും കുരിശുമൊന്നും ഉണ്ടായിരുന്നില്ല .

ആകെ കിട്ടിയത് ചത്ത്‌ പോയ ആ അച്ഛന്റെ ഫോണും , ഒരു ലോഹയും പിന്നെ കുറച്ചു പേപ്പറുകളുമാണ് . ”

രാമചന്ദൻ ഫ്രാങ്കോ തനിക്ക് നൽകാം എന്ന് പറഞ്ഞ കാശിന് പകരമായി കുരിശ് താക്കോൽ നൽകാം എന്ന് സമ്മതിച്ചിരുന്നു . എന്നാൽ ഫ്രാങ്കോ പറഞ്ഞ കുരിശ് മാത്രം അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

” അവിടെ ഇല്ലെങ്കിൽ പിന്നെ. …”

ഫ്രാങ്കോ തനിക്ക് മുന്നിൽ ഇരിക്കുന്ന റബേക്കയെ നോക്കി.

“മറ്റാരെങ്കിലും എടുക്കാൻ ചാൻസ് ഉണ്ടോ ?”

ഫ്രാങ്കോ സംശയത്തോടെ ചോദിച്ചു.

“ഏയ് ഇല്ല , ആദ്യം അവിടെ എത്തിയതും കാർ പരിശോദിച്ചതും എല്ലാം ഞാനാ . ഞാൻ അല്ലാതെ ആകെ ആ കാർ പരിശോധിച്ചത് കമ്മീഷണർ ആണ് . ഇനി കേസ് രഹസ്യമായി അന്വേഷിക്കാൻ വേണ്ടി അയാൾ സാധനം മാറ്റിയത് ആണോ എന്നും പറയാൻ പറ്റില്ല , മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്….

രാമചന്ദൻ നിരാശയോടെ പറഞ്ഞു. കുരിശ് താക്കോലിന് വേണ്ടി വലിയൊരു തുകയായിരുന്നു ഫ്രാങ്കോ രാമചന്ദ്രന് ഓഫർ ചെയ്തത് .

” ഫ്രാങ്കോ ,പറഞ്ഞ തുക വേണ്ട പക്ഷെ എന്തെങ്കിലും എത്തിക്കണം ….. ”

രാമചന്ദ്രൻ പണത്തിന് വേണ്ടി കെഞ്ചി തുടങ്ങി .

” അഹ് നോക്കാം. …”

അയാളെകൊണ്ട് ഇനിയും ആവശ്യങ്ങൾ ഉള്ളതിനാൽ മാത്രം എന്തെങ്കിലും ഒരു തുക നൽകാം എന്ന് ഫ്രാങ്കോ തിരുമാനിച്ചു.

” മേഡം , അയാൾ പറയുന്നത് സാധനം കമ്മീഷണർ മുക്കിയിട്ടുണ്ടാവും എന്നാണ് . ഈ കമ്മീഷണർ കൈക്കൂലി ഒന്നും വാങ്ങാതെ ടൈപ്പ് ആളാണ് .ഇനി നമ്മൾ എന്ത് ചെയ്യും?”

ഫ്രാങ്കോ നിരാശയോടെ ചോദിച്ചു.

“ഈ കമ്മീഷണർ നന്ദൻ തന്നെയല്ലേ ? ”

“അതേ മേഡം , അന്ന് ഞാൻ പറഞ്ഞത് ഓർമയില്ലേ ? ”

” പതിയെ മതിയെന്ന് കരുതി ബാക്കി വെച്ച ഒരു കണക്കുണ്ട് ….. ഇപ്പോൾ രണ്ടും ഒരുമിച്ച് ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നു …..”

റബേക്ക ക്രൂരമായ മുഖഭാവത്തോടെ കണ്ണാടിയിൽ സ്വന്തം പ്രതിരൂപം ശ്രദ്ധയോടെ വീക്ഷിച്ചു.

**********************

” അടുത്ത ദിവസം ഉറക്കം ഉണർന്ന കാർത്തിക്കിനെ കാത്തിരുന്നത് ഫാദർ ജിജോയുടെ മരണ വാർത്തയായിരുന്നു. നന്ദൻ മൂടിവക്കാൻ ശ്രമിച്ചിട്ടും ജിജോയുടെ മരണം കൊലപാതകം ആണെന്ന് മാധ്യമങ്ങൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചു.

ജിജോയുടെ മരണ വാർത്തക്ക് ഇടയിൽ ഗാമയുടെ കല്ലറ സാമൂഹ്യ വിരുദ്ധർ തകർത്തു എന്ന് വാർത്തക്ക് വേണ്ടത്ര ശ്രദ്ധ ആരും നൽകിയില്ല , കാർത്തിക്ക് ഒഴികെ ….

“ഇന്നലെ രാത്രി ഫാദർ ആരെയാണ് കാണാൻ പോയത് ? ”

ജിജോയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ തിരുമാനിച്ചിറങ്ങിയ കാർത്തിക് കഴിഞ്ഞ ദിവസം രാത്രിൽ തന്നോട് സംസാരിച്ചുകൊണ്ടിരുന്ന ജിജോയെ മാറ്റി നിർത്തി സംസാരിച്ച കുഞ്ഞച്ചനെ ചോദ്യം ചെയ്തു.

“ഇന്നലെ രാത്രി ….. ഇന്നലെ രാത്രി ആരാണ് വിളിച്ചതെന്ന് എനിക്ക് അറിയില്ല . ഫോൺ വന്നു ജിജോയച്ചൻ ഉണ്ടോ എന്ന് ചോദിച്ചു , ഞാൻ ആ കാര്യം അച്ഛനോട് വന്ന് പറഞ്ഞു.”

ഒരു വൈദികൻ കള്ളം പറയാൻ പാടില്ല എങ്കിലും സഭയുടെ പേര് ഏത് കാരണത്താലും മോശപ്പെടാൻ പാടില്ല എന്ന് ചിന്ത മനസ്സിൽ വച്ചുകൊണ്ടായിരുന്നു കുഞ്ഞച്ചൻ മറുപടി നൽകിയത്.

പക്ഷെ നുണ പറഞ്ഞു പരിചിതൻ അല്ലാത്ത കുഞ്ഞച്ചന്റെ നെറ്റിയിൽ നിന്നും ഭയത്തിന്റെ വിയർപ്പു തുള്ളികൾ പൊടിയുന്നത് കാർത്തിക് ശ്രദ്ധിച്ചു.

” അച്ഛൻ സത്യം പറഞ്ഞില്ലെങ്കിലും സാരമില്ല,

ഇന്നലെ ഇവിടുത്തെ ലാൻ ഫോണിലേക്ക് വിളിച്ചത് ആരാണെന്ന് കണ്ടെത്താൻ എനിക്ക് അധികം സമയം വേണ്ട …. ഇനി ഇവിടെ നിൽക്കാൻ എനിക്ക് താല്പര്യം ഇല്ല , എനിക്ക് ചിലത് ചെയ്യാനുണ്ട് …

കുഞ്ഞച്ചനെ ഭയപ്പെടുത്താൻ എന്നപോലെ സംസാരിച്ച ശേഷം കാർത്തിക് ഹോസ്പിറ്റൽ വിട്ടിറങ്ങി .

ജിജോയുടെ മരണത്തിനും ഗാമയുടെ കല്ലറ തകർന്നതിനും പിന്നിൽ ശക്തമായ എന്തോ ബന്ധം ഉണ്ടെന്ന് തോന്നിയ കാർത്തിക് നേരെ പോയത് ആ പഴയ പള്ളിയിലേക്ക് തന്നെയായിരുന്നു.

” ഇതല്ലാതെ മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ ? ”

കേസ് അന്വേഷിക്കാൻ വന്ന ലോക്കൽ സ്റ്റേഷനിലെ എസ് ഐ അവിടെ ഉണ്ടായിരുന്ന അച്ഛനോട് ചോദിച്ചു.

” വേറെ ഒന്നുമില്ല …. ”

ഒന്ന് ചിന്തിച്ച ശേഷം ഫാദർ മറുപടി നൽകി.

“അല്ല , എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നറിയാൻ ചോദിച്ചതാണ്… ”

“ഏയ് ഇല്ല സർ ….”

അവിടെ ഉണ്ടായിരുന്നവരുടെ മൊഴി എസ് ഐ ശേഖരിക്കുമ്പോഴാണ് കാർത്തിക് അവിടേക്ക് ചെന്നത്.

ചെന്നയുടൻ കാർത്തിക്ക് ഗാമയുടെ കല്ലറ പരിശോധിച്ചു.

“ഹെലോ താൻ ആരാ….”

കല്ലറ പരിശോദിച്ചുകൊണ്ടിരുന്ന കാർത്തിനോട് എസ് ഐ പിന്നിൽ നിന്നും ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ മറുപടി എന്നപോലെ കാർത്തിക് അയാളെ തിരിഞ്ഞു നോക്കി.

“സോറി സർ , പെട്ടന്ന് കണ്ടപ്പോൾ മനസിലായില്ല .”

എസ് ഐ യും മറ്റുള്ളവരും കാർത്തിക്കിനെ സലൂട്ട് ചെയ്തു.

” എന്തൊക്കെയാ തന്റെ ഫിൻഡിങ്‌സ് ? ”

“സർ , ഇത് ഏതോ സാമൂഹ്യ വിരുദ്ധരുടെ പണിയായാണ് എനിക്ക് തോന്നുന്നത്.

ഇതുപോലെയുള്ള ചരിത്ര സ്മാരകങ്ങൾക്ക് നേരെ ഇത്തരം അറ്റാക്കുകൾ ഇപ്പോൾ സ്ഥിരമായിട്ടുണ്ട്

എസ് ഐ പറഞ്ഞു .

“തെറ്റി …. ആ കല്ലറക്ക് ഉള്ളിൽ എന്തോ ഉണ്ടായിരുന്നു . ബോക്സ് അല്ലെങ്കിൽ അതേ രൂപമുള്ള മറ്റെന്തോ . കല്ലറക്ക് ഉള്ളിലെ മണ്ണിൽ പതിഞ്ഞ മാർക്സ് താൻ ശ്രദ്ധിച്ചില്ലേ ….. ഫോറൻസിക്കിനെ വരുത്തണം , ഒപ്പം ഈ വഴിയിലുള്ള എല്ലാ CCTV ഫൂട്ടേജും എടുക്കണം ….”

കാർത്തിക്ക് ഒരിക്കൽ കൂടി ആ കല്ലറക്ക് ഉള്ളിലേക്ക് നോക്കിക്കൊണ്ട് ഉത്തരവിട്ടു. സസ്‌പെൻഷനിലുള്ള കാർത്തിക്കിന്റെ ഉത്തരവുകൾ അനുസരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ എസ് ഐ യും മറ്റു പോലീസ് ഉദ്യോഗസ്ഥരും കാർത്തിക്കിനെ അനുസരിച്ചു.

” എനിക്ക് ഈ പള്ളി മുഴുവൻ ഒന്ന് സർച്ച്‍ ചെയ്യണമായിരുന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ ?

കാർത്തിക് പള്ളിയിൽ ഉണ്ടായിരുന്ന ഫാദരിനോട് ചോദിച്ചു. ഫാദർ തന്റെ സഹായിയെ ഒന്ന് നോക്കിയ ശേഷം സമ്മതം മൂളി. തന്റെ സംശയം പോലെ ഫാദർ ജിജോയാണ് ഇന്നലെ രാത്രി കല്ലറ തുറന്നതെങ്കിൽ ഉറപ്പായും ജിജോയെ കൊല്ലപ്പെടുത്തിയവരും അവിടേക്ക് വന്നിരിക്കണമെന്ന് കാർത്തിക് ഊഹിച്ചു. അതിനാൽ തന്നെ പള്ളിക്ക് അരികിൽ നിന്നും എന്തെങ്കിലും തെളിവുകൾ ലഭിക്കുമോ എന്ന് കാർത്തിക് അന്വേഷിച്ചു. കുറച്ചു സമയത്തിനുള്ളിൽ എസ് ഐ CCTവി ദൃശ്യങ്ങളുമായി കാർത്തിക് അരികിൽ എത്തി. ആ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വളരെ വിലപ്പെട്ട ഒരു തെളിവ് കാർത്തിക് കണ്ടെത്തിയിരുന്നു.

“സംശയം തോന്നുന്ന രീതിയിൽ രണ്ട് വാഹനങ്ങളാണ് ഈ വഴിയിലൂടെ ഇന്നലെ രാത്രി പോയത്.

ക്രിസ്തുമസ് അടുത്തത് കൊണ്ട് മെയിൻ റോഡുകളിൽ പ്രേട്രോളിംഗ് സ്‌ട്രോങ് ആക്കിയിരുന്നു ,

സോ നമ്മുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി വെള്ളമടിച്ച ആരെങ്കിലും പോയത് ആവാനും സാധ്യത കൂടുതലാണ് .”

എസ് ഐ CCTV ദൃശ്യങ്ങൾ അടങ്ങിയ ലാപ്ടോപ്പ് കാർത്തിക് നൽകി.

“പോസ് ….. അല്പം സൂം ചെയ്യ്…”

വീഡിയോയിൽ ആദ്യത്തെ വാഹനം പ്രത്യക്ഷപ്പെട്ടപ്പോൾ അത് ജിജോയുടെ വണ്ടി തന്നെയാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി ആ ചിത്രം കൂടുതൽ വലുതാക്കാൻ കാർത്തിക് ആവശ്യപ്പെട്ടു.

“എസ് …. ഇത് ഫാദർ ജിജോയുടെ വണ്ടി തന്നെ

കാർത്തിക് മനസ്സിൽ പറഞ്ഞു. വാഹനങ്ങളുടെ നമ്പർ ക്രിത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല എങ്കിലും ജിജോയുടെ ജീപ്പിന് പിറകിൽ പതിച്ചിരുന്ന ഡി അഡിക്ഷൻ സെന്ററിന്റെ സ്റ്റിക്കർ അവ്യക്തമായി ആ ദൃശ്യങ്ങളിൽ കാണാൻ കഴിയുമായിരുന്നു.

” ഈ വീഡിയോയിലെ രണ്ടാമത്തെ കാർ ,

അതായത് പജെറോ യുടെ കിട്ടുന്നത്ര ഡീറ്റൈൽ എടുക്കണം . ഈ റോഡിലേക്കുള്ള വഴികളിലെ ട്രാഫിക് ക്യാമറയിൽ ഈ കാറിന്റെ നമ്പർ പതിഞ്ഞിരിക്കാൻ സാധ്യതയുണ്ട് , സോ അതും ചെക്ക് ചെയ്യണം … എനിക്ക് ഐജിയെ ഒന്ന് കാണണം , ഡീറ്റൈൽസ് ആവുമ്പോൾ നിങ്ങൾ വിളിച്ചാൽ മതി

കാർത്തിക് എസ് ഐ ക്ക് നിർദ്ദേശം നൽകിയ ശേഷം ഐ ജി ഓഫിസിലേക്ക് യാത്ര തിരിച്ചു.

തനിക്ക് വീണ്ടും ജോയിൻ ചെയ്യണമെന്ന് ആവശ്യപ്പെടുവാൻ വേണ്ടിയായിരുന്നു കാർത്തിക് പോയത് .

ഒപ്പം തന്റെ കണ്ടെത്തലുകൾ വിവരിക്കാനും. ജിജോയുടെ കൊലപാതകത്തിന്റെ അന്വേഷണം നന്ദനിൽ നിന്നും കാർത്തിക്കിനെ ഏൽപ്പിക്കാൻ ഐജി തയ്യാറായില്ല , എങ്കിലും സമാന്തരമായി കേസ് അന്വേഷിക്കാൻ കാർത്തിക് അദ്ദേഹം അനുവാദം നൽകി.

******************************

” സർ , ബിഷപ്പിനെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല .”

ബിഷപ്പ് ഹൗസ്സിന് മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാരി നിൽക്കുന്ന ഡേവിഡിനോട് അകത്തു നിന്നും ഇറങ്ങി വന്ന ദർശന പറഞ്ഞു . ജിജോയുടെ മരണത്തിന് കാരണമായ ആ പെട്ടിയിൽ എന്താണെന്ന് അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഡേവിഡും ദർശനെയും അവിടേക്ക് വന്നത്. എന്നാൽ എത്ര ചോദിച്ചിട്ടും ബിഷപ്പിനോട് സംസാരിക്കാൻ അവിടെ ഉണ്ടായിരുന്ന മറ്റു വൈദികർ സമ്മതിച്ചില്ല.

“ഇനി എന്ത് ചെയ്യും സർ ? ”

ദർശന നിരാശയോടെ ഡേവിഡിനെ നോക്കി.

എന്നാൽ എങ്ങനെയും ബിഷപ്പിനോട് സംസാരിക്കും എന്ന തിരുമാനത്തിലായിരുന്നു ഡേവിഡ് .

അവർ ബിഷപ്പ് ഹൗസ്സിന് മുൻപിൽ കാത്തു നിന്നു .

തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ബിഷപ്പുമായി ഒരു കൂടി കാഴ്ചക്ക് ഡേവിഡ് ശ്രമിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ അവർക്ക് മുൻപിലേക്ക് കാർത്തിക്കിന്റെ കാർ വന്നു നിന്നു.

” എനിക്ക് ബിഷപ്പിനെ ഒന്ന് കാണാമായിരുന്നു …”

കാർത്തിക് വിനയത്തോടെ ആവശ്യപ്പെട്ടു.

” അദ്ദേഹത്തിന് ശരീര സുഖം തീരെയില്ല ….

അത് കൊണ്ട് ഇപ്പോൾ കഴിയില്ല…”

ബിഷപ്പിന്റെ സഹായി ദർശനയോട് പറഞ്ഞ അതേ മറുപടി തന്നെ കാർത്തിക്കിനോടും ആവർത്തിച്ചു.

” വെറുതെ കാണാൻ വന്നതല്ല ഞാൻ , ഒരു കേസിന്റെ അന്വേഷണവുമായി വന്നതാണ്…

ഇത് അദ്ദേഹത്തിന് നൽകിയാൽ മതി. ”

കാർത്തിക് തന്റെ ഡയറിയിൽ എന്തോ എഴുതിയശേഷം അത് മടക്കി ബിഷപ്പിന് നൽകാൻ ആവശ്യപ്പെട്ടു.

“സർ , അദ്ദേഹം വിളിക്കുന്നു. ….”

കത്ത് ബിഷപ്പിന്റെ കൈകളിൽ എത്തിയതും കാർത്തിക്കിനെ ഉള്ളിലേക്ക് വിളിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു.

കട്ടിലിൽ തളർന്ന് കിടക്കുന്ന ബിഷപ്പിന് അരികിലേക്ക് കാർത്തിക് ചെന്നു നിന്നു.

“എനിക്ക് ജിജോയുടെ മരണത്തെക്കുറിച്ച് ചിലത് ചോദിക്കാനുണ്ട് ….”

കാർത്തിനെ അധികം സമയം പാഴാക്കാതെ നേരെ വിഷയത്തിലേക്ക് കടന്നു.

” ഞാൻ പറയുന്നത് പോലീസുകാരുടെ യുക്തിക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല . വർഷങ്ങളായി ഞാൻ സൂക്ഷിച്ച രഹസ്യം എനിക്ക് ജിജോയോട് പറയേണ്ടി വന്നു , ഒരു പക്ഷെ ഈ കട്ടിലിൽ നിന്നും പരസഹായം ഇല്ലാതെ എഴുന്നേൽക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എനിക്കത് അവനോട് പറയേണ്ടി വരില്ലായിരുന്നു . ഇപ്പോൾ ആരും ക്ഷണിക്കാതെ താങ്കളും ഈ കഥയുടെ ഭാഗമായി …..

ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ് ….”

ബിഷപ്പ് കാലങ്ങൾ പഴക്കമുള്ള ആ കഥ കാർത്തിക്കിനോടും പങ്കുവച്ചു. എന്നാൽ അതെല്ലാം അന്ധവിശ്വാസങ്ങളായി കാണാനാണ് കാർത്തിക്ക് താല്പര്യം കാണിച്ചത്.

“ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല അല്ല , ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ള പേര് ഈ മണ്ണിനെ വെറുതെ ലഭിച്ചതല്ല , മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ നൽകിയതാണ് ആ പേര് .

അവർ ശക്തരാണ് , അവരുടെ ആ ശക്തി തന്നെയാണ് അവരിലേക്ക് അത്യാഗ്രഹികളെ എത്തിക്കുന്നതും . അത്തരത്തിൽ ഒരു പാപിയല്ലേ കുഞ്ഞേ നിന്റെ കുടുംബവും ഇല്ലാതാക്കിയത് …..”

ബിഷപ്പിന്റെ വാക്കുകൾ ഒന്നും തന്നെ കാർത്തിക് വിശ്വസിച്ചിട്ടില്ല എന്ന് അവന്റെ കണ്ണുകളിൽ നിന്നും അദ്ദേഹം വായിച്ചെടുത്തു. എന്നാൽ അദ്ദേഹം അവസാനമായി ചോദിച്ച ചോദ്യം കാർത്തിക്കിന്റെ ഹൃദയത്തെ സ്പർശിച്ചു.

” ഫാദർ ജിജോയുടെ മരണത്തിന് പിന്നിൽ ആരായിരുന്നാലും കണ്ടുപിടിക്കും ….. അത് ദൈവം ആയാലും ശരി , സാത്താൻ ആയാലും ശരി……”

ബിഷപ്പിന് അരികിൽ നിന്നും എഴുന്നേറ്റ് പോവാൻ ഒരുങ്ങിയ കാർത്തിക്കിന്റെ കയ്യിൽ ബിഷപ് മുറുകെ പിടിച്ചു , തനിക്ക് ചിലത് കൂടി പറയാൻ ഉണ്ടെന്നപോലെ ….”

“കുഞ്ഞേ….. നിന്റെ വിശ്വാസമാണ് നിന്റെ ദൈവം , പക്ഷെ സത്യം അത് ഒന്ന് മാത്രം …. ചില സത്യങ്ങൾ നമ്മളിൽ ഒതുങ്ങി നിൽക്കുന്നതാണ് നമുക്കും , ലോകത്തിന് നല്ലത് …. ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി കാണുമെന്ന് കരുതുന്നു … ചിലപ്പോൾ നിന്നിലേക്ക് ഈ സത്യങ്ങൾ എത്തിക്കുവാൻ വേണ്ടി മാത്രമായിരിക്കും സർവശക്തനായ പിതാവ് എനിക്ക് എന്റെ ആയുസ്സ് ഇത്രയും നാൾ നീട്ടി തന്നത് ….”

അദ്ദേഹം ഒരു ചിരിയോടെ തന്നെ കണ്ണുകൾ അടച്ചു. പതിയെ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി….

” അച്ഛോ, അച്ഛോ………..”

കാർത്തിക്ക് എത്ര വിളിച്ചിട്ടും അദ്ദേഹം കണ്ണുകൾ തുറന്നില്ല …. അപ്പോഴും അദ്ദേഹം കാർത്തിക്കിനെ എത്രത്തോളം വിശ്വസിക്കുന്നുണ്ട് എന്നതിന്റെ അടയാളം പോലെ കാർത്തിക്കിന്റെ കൈകൾ അദ്ദേഹം മുറുകെ പിടിച്ചിരുന്നു. ജിജോക്ക് കഴിയാതെ പോയത് അവന് കഴിയുമെന്ന പോലെ …. ഓടി കൂടിയവരിൽ ചിലർ അദ്ദേഹത്തെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല … കാർത്തിക്ക് ഞെട്ടൽ മാറാതെ ആ മുറിവിട്ട് ഇറങ്ങി.

ബിഷപ്പിന്റെ മരണം ഡേവിഡിനും ദർശനക്കും അപ്രതീക്ഷിതമായിരുന്നു. ബിഷപ്പിന്റെ ചുണ്ടിലെ മരണം മായ്ക്കാത്ത ചിരിയുടെ അർത്ഥം അധികം വൈകാതെ ഡേവിഡ് തിരിച്ചറിഞ്ഞു ….

” അദ്ദേഹത്തെ കാണാൻ അവസാനമായി വന്നത് ആരാ ? ”

ദർശന കുറച്ചു നേരം മുൻപ് തന്നെ തടഞ്ഞു നിർത്തിയ വൈദികനോട് ചോദിച്ചു.

” അത് പഴയ കമ്മീഷണർ ആണ്…..”

ദർശനെയും ഡേവിഡും കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന കാർത്തിക്കിനെ നോക്കി നിന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ശ്രീജിത്ത്‌ ജയൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top