ബ്ലാക്ക് & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥ, ഭാഗം 11 വായിക്കൂ…

രചന : ശ്രീജിത്ത്‌ ജയൻ

” എന്റെ കുഞ്ഞ്…….”

മനസ്സിൽ തങ്ങി നിന്ന ചിന്തകൾ പതിവുപോലെ ഭയാനക സ്വപ്നങ്ങളായി മാറിയതോടെ കീർത്തി ഞെട്ടിയുണർന്നു. തനിക്ക് പ്രിയപ്പെട്ടത് എല്ലാം ആരോ ഇല്ലാതാകുമെന്ന് കീർത്തിയോട് സ്വപ്നത്തിലൂടെ ആരോ പറഞ്ഞു.

“കീർത്തി….. എന്താ നീ ഇങ്ങനെ……”

കീർത്തിയുടെ ശബ്‌ദം കേട്ട് ഞെട്ടിയുണർന്ന നന്ദൻ കീർത്തിയോട് ചോദിച്ചു .

” അവർ ,,,, അവർ വീണ്ടും നമ്മളെ തേടി വരും….. അല്ല എന്നെ തേടി വരും ….. അവർക്ക് കൂട്ടായി ഞാൻ കൊന്നൊടുക്കിയവരുടെ ആത്മാവും ഉണ്ടാവും. അവരിൽ നിന്ന് എനിക്ക് എന്റെ കുഞ്ഞിനെ രക്ഷിക്കണം , നന്ദേട്ടനെ രക്ഷിക്കണം….”

കീർത്തി കണ്ണുകൾ ചിമ്മാതെ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

” ഇത് വല്ലാതെ കൂടുന്നുണ്ട് …. നീ എന്താ ഇങ്ങനെ …. നിന്റെ ഈ പ്രാന്ത് എന്റെ കുഞ്ഞിന് ദോഷം ചെയ്യും…. കൊറെയായി ഞാൻ ക്ഷമിക്കുന്നു….. ”

നന്ദൻ തന്നെ മനസ്സിൽ കുറച്ചു കാലമായി അടക്കി വച്ചിരുന്ന ദേഷ്യം മുഴുവൻ അവൻപോലും അറിയാതെ പുറത്തുവരാൻ തുടങ്ങി.

” എനിക്കറിയാം , എനിക്ക് പ്രാന്താണെന്ന്…. എന്നെ നന്ദേട്ടന് സഹിക്കാൻ കഴിയുന്നിലെങ്കിൽ പറഞ്ഞാൽ മതി , ഞാൻ പൊക്കോളാം…. എന്റെ മരണം ചിലപ്പോൾ അവരുടെ കയ്യിൽ നിന്നും നന്ദേട്ടനെ രക്ഷിക്കും….. ”

കീർത്തി ജനാലയിലേക്ക് തന്നെ നോക്കി നിന്നു .

നന്ദന്റെ വാക്കുകൾ അവളെ എത്രത്തോളം വേദനിപ്പിച്ചു എന്നതിന്റെ തെളിവുപോലെ കണ്ണുനീർ തുള്ളികൾ അവളുടെ കവിലൂടെ ഒഴുകി താഴേക്ക് വീണു.

” നീ എവിടെ പോയാലും ഞാൻ കൂടെ വരും….”

നന്ദൻ കീർത്തിയുടെ മനസ്സിന് ധൈര്യം പകരാൻ എന്നപോലെ അവളെ ചേർത്തു പിടിച്ചു.

” നീ ചെയ്തത് തെറ്റല്ല , അതാണ് ശരി….

ഇപ്പോഴും ചെയ്തത് എല്ലാം തെറ്റായിരുന്നു എന്ന് മനസ്സ് പറയുണ്ടെങ്കിൽ തെറ്റുകൾ ദൈവത്തോട് ഏറ്റുപറയാം….

“അതേ…. എനിക്ക് കുമ്പസരിക്കണം… അതും ഇപ്പോൾ തന്നെ….”

കീർത്തി നന്ദന്റെ കണ്ണുകളിലേക്ക് നോക്കി.

” ഇപ്പോഴോ ? ,,,,, രാവിലെ ആവട്ടെ , നമുക്ക് ഒരുമിച്ച് പോവാം….”

നന്ദന്റെ വാക്കുകളിൽ കീർത്തി ഒട്ടും തൃപ്തയായിരുന്നില്ല . അവൾ പള്ളിയിലേക്ക് പോവാൻ വാശി പ്രകടിപ്പിച്ചു.

“ശരി , ഒരു അഞ്ച് മിനിറ്റ് ,,,,, ഞാൻ വാഷ്‌റൂമിൽ പോയിട്ട് വരാം….”

നന്ദൻ തന്റെ ഫോണുമായി ബാത്റൂമിലേക്ക് നടന്നു. ഉള്ളിൽ കയറിയതും നന്ദൻ തന്റെ ഫോണിൽ സൈക്യാട്രിസ്റ്റ് ആയ സൂഹൃത്തിനെ ഫോൺ ചെയ്ത്‌ കീർത്തിയുടെ മാനസിക നിലയെ കുറിച്ച് സംസാരിച്ചു. കീർത്തിയുടെ ഈ അവസ്ഥ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്നതായിരുന്നു നന്ദന്റെ ഭയം , അതുപോലെ ഇത്തരം ചിന്തകൾ കീർത്തിയെ ആത്മഹത്യ പോലുള്ള ബുദ്ധിമോശങ്ങളിൽ കൊണ്ടുപോയി നിർത്തുമോ എന്ന ഭയവും നന്ദന് ഉണ്ടായിരുന്നു.

കീർത്തിക്ക് വേണ്ടി ഒരു കൗണ്സിലിംഗ് അപ്പോയ്ന്മെന്റ് എടുത്ത ശേഷം നന്ദൻ ബാത്റൂമിന് പുറത്തേക്കിറങ്ങി . എന്നാൽ മുറിയിൽ കീർത്തി ഉണ്ടായിരുന്നില്ല .

“കീർത്തി ….. കീർത്തി….”

നന്ദൻ കീർത്തിയെ തേടി നടന്നു , എന്നാൽ വീടിന് ഉള്ളിൽ എവിടെയും കീർത്തിയെ കണ്ടില്ല .

കീർത്തി എവിടെക്കായിരിക്കും പോയതെന്ന് അധികം ചിന്തിക്കാതെ തന്നെ നന്ദന് മനസ്സിലായി .

അവൻ കാർ പോർച്ചിൽ തന്റെ കാർ ഉണ്ടോയെന്ന് നോക്കി , എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം. നന്ദൻ ഭയത്തോടെ അടുത്തുള്ള പള്ളിയിലേക്ക് യാത്ര തിരിച്ചു.

കുമ്പസാരത്തിന് വേണ്ടി ഒരാൾ വന്നിരിക്കുന്നു എന്ന് കപ്യാർ പറഞ്ഞത് അനുസരിച്ച് പള്ളിയിലേക്ക് കടന്ന് വന്ന് ഫാദർ കണ്ടത് അൽത്താരക്ക് മുൻപിൽ പ്രാർത്ഥിച്ചു നിൽക്കുന്ന കീർത്തിയെയാണ്.

” കുട്ടിയാണോ കുമ്പസാരിക്കാൻ വന്നത് ? ”

ഫാദർ കീർത്തിയുടെ ചെറുതായി വളർന്ന വയറിലേക്ക് ഒന്ന് നോക്കിയ ശേഷം ചോദിച്ചു.

അദ്ദേഹത്തിനുള്ള മറുപടി എന്നപോലെ കീർത്തി യേശുദേവന്റെ രൂപത്തിലേക്ക് നോക്കിക്കൊണ്ട് പതിയെ മൂളി. പിറകെ കീർത്തി തന്റെ മനസ്സിലെ ഭാരം ആ കുമ്പസാര കൂട്ടിൽ ഇറക്കി വച്ചു.

“നീ ചെയ്ത പാപങ്ങൾ നീ ദൈവത്തോട് ഏറ്റു പറഞ്ഞാലോ , ഇനിയെല്ലാം അവൻ നോക്കിക്കൊള്ളും… ധൈര്യമായി പോവുക , നിനക്കും നിന്റെ കുഞ്ഞിനും തുണയായി കർത്താവ് എപ്പോഴും കൂടെ ഉണ്ടാവും. ”

കീർത്തിയെ ശാരീരികവും മാനസികവുമായ അ*വസ്ഥ തിരിച്ചറിഞ്ഞ ഫാദർ ആത്മീയതയിലൂടെ അവൾക്ക് ആശ്വാസം നൽകി .

“ഫ്രാങ്കോ പറഞ്ഞത് ഓർമ ഉണ്ടാലോ , അവളുടെ ജീവന് വിലപേശി വേണം നമുക്ക് ആ താക്കോൽ നേടാൻ…. അവളെ , അവളെ മാത്രം ജീവനോടെ കൊണ്ട് വരുക… നിന്റെ മുഖം ആരും കാണരുത്

കണ്ടവർ ആരും ജീവനോടെ …..”

റബേക്ക മാർഗ്ഗ തടസ്സം നിൽക്കുന്നവരെ കൊന്ന് വീഴ്ത്താൻ പറഞ്ഞുകൊണ്ട് തന്റെ പക്കൽ ഉണ്ടായിരുന്ന പിസ്റ്റൽ ഫ്രാങ്കോക്ക് കൈമാറി. റബേക്കയെ അനുസരിച്ചുകൊണ്ട് ഫ്രാങ്കോ ആ തോക്കുമായി പള്ളിയിലേക്ക് നടന്നു. പള്ളിയിലേക്ക് അവൻ കാലെടുത്തു വച്ചതും കത്തി നിന്ന ദീപ നാളങ്ങൾ ദുഃസൂചനയായി അണഞ്ഞു.

“താൻ ആരാ ? ഇവിടെയൊന്നും ഇതിന് മുൻപ് കണ്ടിട്ടില്ലലോ ?”

ക്രൂരമായ മുഖ ഭാവത്തോടെ നടന്ന് വന്ന ഫ്രാങ്കോയോട് പള്ളി മണി അടിക്കുവാൻ നിന്നിരുന്ന കപ്യാർ ചോദിച്ചു.

“അത് താൻ അറിയേണ്ട ….”

ഫ്രാങ്കോ തോക്ക് കപ്യാരുടെ തലയിലേക്ക് ചേർത്തുപിടിച്ച് കാഞ്ചി വലിച്ചു .കുമ്പസാര കൂട്ടിൽ ഇരുന്നുകൊണ്ട് തന്റെ വിഷമങ്ങൾ ഫാദരിനോട് പങ്കുവക്കുകയായിരുന്നു കീർത്തി വെടി ശബ്‌ദം കേട്ട് ഭയന്നു. തന്റെ സംശയങ്ങൾ സത്യമാവുകയാണ് എന്ന് തിരിച്ചറിയാൻ കീർത്തിക്ക് അധിക സമയം വേണ്ടി വന്നില്ല .

” ഫാദർ, അത് അവരാണ്…. ”

“അത് വഴി പോകാം…. ”

ഫാദർ നടക്കാൻ ബുദ്ധിമുട്ടിയ കീർത്തിയെ സഹായിച്ചുകൊണ്ട് പറഞ്ഞു. പള്ളിയുടെ മുൻവശത്തെ വലിയ വാതിൽ തുറന്നിരുന്നില്ല എന്നതിനാൽ ഫ്രാങ്കോ ഉള്ളിലേക്ക് കടക്കുവാൻ സമയമെടുത്തു.

അൽത്തരക്ക് പിറകിലൂടെ പള്ളിയിൽ നിന്നും രക്ഷപെടാം എന്നായിരുന്നു ഫാദർ കരുതിയത് പക്ഷെ അതിനുള്ള സമയം ലഭിക്കുന്നതിന് മുൻപ് ഫ്രാങ്കോ പള്ളിക്ക് ഉള്ളിലേക്ക് കയറി കഴിഞ്ഞിരുന്നു.

“കുഞ്ഞേ , നീ ഈ ചെയ്യുന്നത് തെറ്റാണ്… ഇവളെ കൊല്ലരുത് …”

കീർത്തിക്ക് നേരെ തോക്ക് ചൂണ്ടിയ ഫ്രാങ്കോയോട് ഫാദർ അപേക്ഷിച്ചു .

” ഇവളെ എനിക്ക് ആവശ്യമുണ്ട് , അത് കൊണ്ട് ഇവളെ ഞാൻ കൊല്ലില്ല…. പക്ഷെ എന്റെ മുഖം കണ്ട അച്ഛൻ……ഒരു പള്ളിയിൽ അച്ഛനെ കൊല്ലണമെന്ന് എനിക്ക് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല ,

പക്ഷെ ചെയ്യാതിരിക്കാൻ കഴിയില്ല….”

ഫ്രാങ്കോ ചിരിച്ചുകൊണ്ട് കീർത്തിയെ സംരക്ഷിക്കാൻ ശ്രമിച്ച ഫാദറിന്റെ ശരീരത്തിലേക്ക് തുടർച്ചയായി വെടി ഉതിർത്തു. അച്ഛന്റെ കയ്യിൽ നിന്നും തെറിച്ചുപോയ ബൈബിളിന്റെ താളുകൾ കാറ്റിൽ പറഞ്ഞു നടന്നു .

ബൈക്കിൽ പള്ളിക്ക് മുന്നിൽ വന്നിറങ്ങിയ നന്ദനെ സ്വികരിച്ചത് ഭയപ്പെടുത്തുന്ന വെടി ശബ്ദമായിരുന്നു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ നന്ദൻ പള്ളിക്ക് ഉള്ളിലേക്ക് ഓടി .

” ഷിറ്റ് , നന്ദൻ….”

പെട്ടന്ന് ആരും കാണാത്ത രീതിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്നുകൊണ്ട് റബേക്ക നന്ദനെ നോക്കി.

പള്ളിക്ക് ഉള്ളിലേക്ക് കയറിയ നന്ദനെ കാത്തിരുന്നത് ബുള്ളറ്റിൽ കുളിച്ചു കിടക്കുന്ന ഫാദറിന്റെ ശരീരവും കുറച്ച്‍ അകലെയായി തറയിൽ വീണ് കിടക്കുന്ന കീർത്തിയേയുമാണ്.രക്തം പടർന്ന് കയറിയ പുസ്തക താളുകൾക്ക് ഇടയിലൂടെ നന്ദൻ കീർത്തിക്ക് അരികിലേക്ക് ഓടി.

കീർത്തിക്ക് അരികിലേക്ക് നന്ദൻ ചെല്ലാൻ ശ്രമിച്ചതും മറഞ്ഞിരുന്നു ഫ്രാങ്കോ നന്ദന് നേരെ വെടി ഉതിർത്തു . ഭാഗ്യം ഒന്നത്കൊണ്ട് മാത്രം നന്ദൻ അതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.

രണ്ട് തവണയിൽ കൂടുതൽ വെടി ഉതിർക്കുവാനുള്ള ബുള്ളറ്റ് ഫ്രാങ്കോയുടെ പക്കൽ ഉണ്ടായിരുന്നില്ല , അതിനാൽ തന്റെ മുഖം കർച്ചീഫ് ഉപയോഗിച്ച് മറച്ചശേഷം ഫ്രാങ്കോ നന്ദന് നേരെ ഏറ്റുമുട്ടാൻ തയ്യാറായി . പിറകിലൂടെ ചാടി വന്ന ഫ്രാങ്കോക്ക് നന്ദനെ ചവിട്ടി വീഴ്ത്താൻ കഴിഞ്ഞു.

എന്നാൽ നന്ദന്റെ കൈ കരുത്തിന് മുൻപിൽ ഫ്രാങ്കോക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. നന്ദൻ ഫ്രാങ്കോയുടെ മുഖത്തെ തുണി വലിച്ചുമാറ്റാൻ ശ്രമിച്ചതോടെ അവിടെ നിന്നും രക്ഷപ്പെടുക എന്നതായി ഫ്രാങ്കോയുടെ ഏക ചിന്ത .

നന്ദനെ എങ്ങനെയോ തള്ളി വീഴ്ത്തി ഫ്രാങ്കോ പള്ളിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

“കീർത്തി,,,,, കണ്ണ് തുറക്ക്…… കീർത്തി….”

തറയിൽ വീണ് കിടന്നിരുന്ന കീർത്തിയുടെ മുഖത്ത് നന്ദൻ തട്ടി വിളിച്ചു. പക്ഷെ എത്ര വിളിച്ചിട്ടും കീർത്തി ഉണരുന്നില്ല എന്ന്‌ കണ്ടപ്പോൾ നന്ദൻ അവളെ തന്റെ കയ്യിൽ കോരിയെടുത്ത് പുറത്തേക്ക് ഓടി . ആ ചുരുങ്ങിയ സമയംകൊണ്ട് പള്ളിയുടെ പരിസരവാസികളും മറ്റും പള്ളിക്ക് ചുറ്റും തടിച്ചു കൂടിയിരുന്നു. പതിവ് പോലെ വളരെ വൈകിയാണ് പോലീസ് അവിടേക്ക് എത്തി ചേർന്നത് . പോലീസ് അല്ലാതെ മറ്റാരും ഉള്ളിലേക്ക് കയറാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയ ശേഷം നന്ദൻ കീർത്തിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് തിരിച്ചു.

” ഭാഗ്യം ,,,, ആരുടെയും കണ്ണിൽ പെടാതെ രക്ഷപെട്ടു …. ”

ഫ്രാങ്കോ കാർ ബീച്ചിന്റെ ആളൊഴിഞ്ഞ ഒരു ഭാഗത്തായി നിർത്തിയ ശേഷം സ്വയം പറഞ്ഞു.

“നീ കാറിൽ നിന്ന് ഇറങ്ങ്….”

“എന്തിനാ മേഡം ? ”

ഫ്രാങ്കോ സംശയത്തോടെ ചോദിച്ചു .

“ആദ്യം പറഞ്ഞത് ചെയ്യ്….”

റബേക്കയെ കൂടുതൽ ദേഷ്യം കയറ്റാൻ ശ്രമിക്കാതെ ഫ്രാങ്കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി , പിറകെ റബേക്കയും.

“എന്താ നിന്റെ അവസാന ആഗ്രഹം ? ”

ഫ്രാങ്കോയുടെ കാൽ മുട്ടിൽ പിറകിൽ നിന്ന് റബേക്ക ചവിട്ടിയതും ഫ്രാങ്കോ മണ്ണിലേക്ക് മുട്ട് കുത്തിവീണു. ശേഷം റബേക്ക തോക്ക് ലോഡ് ചെയ്ത് ഫ്രാങ്കോയുടെ തലയിലേക്ക് ചേർത്തുപിടിച്ചു .

“മേഡം , പ്ലീസ് എന്നെ ഒന്നും ചെയ്യരുത്….. കൃത്യ സമയത്ത് കമ്മീഷണർ കയറി വന്നതാണ് എല്ലാം കുളമാക്കിയത് , അല്ലെങ്കിൽ എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ നടക്കുമായിരുന്നു. ”

ഫ്രാങ്കോ രണ്ട് കയ്യും ഉയർത്തിപ്പിടിച്ചു… റബേക്കയുടെ വിരൽത്തുമ്പിലാണ് തന്റെ ജീവനെന്ന് അവന് നല്ലപോലെ അറിയാമായിരുന്നു.

ഫ്രാങ്കോയെ തനിക്ക് ഇനിയും ആവശ്യമാണ് എന്ന തോന്നലോ , തെറ്റുകൾ അവന്റെ മാത്രമല്ല എന്ന ചിന്തയോ ഫ്രാങ്കോയെ കൊല്ലേണ്ട എന്ന തീരുമാനത്തിലേക്ക് റബേക്കയെ എത്തിച്ചു.

റബേക്ക തന്നോട് ക്ഷമിച്ചു എന്ന് തോന്നിയ ഫ്രാങ്കോ മണ്ണിൽ നിന്നും എഴുന്നേറ്റ് ശേഷം കാലിൽ പറ്റിയിരുന്ന മണ്ണ് തട്ടി കളഞ്ഞ് റബേക്കക്ക് അരികിലേക്ക് നടന്നു.

“ഇനിയും അവസരം ഉണ്ടല്ലോ മേഡം,,,, നമുക്ക് അവളെ പൊക്കാം…..”

ഫ്രാങ്കോ റബേക്കയെ നോക്കി ചിരിച്ചതും റബേക്ക തന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് കൊണ്ട് ഫ്രാങ്കോയുടെ മുഖത്ത് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു.

” എന്റെ എത്ര ദിവസത്തെ കർമ്മങ്ങൾ കൊണ്ടാണ് അവളെ പള്ളിയിലേക്ക് എത്തിച്ചതെന്ന് നിനക്ക് അറിയാമോ ?

അവളെ സംരക്ഷിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്

ആ ശക്തിയെ തോല്പിച്ചുകൊണ്ടാണ് ഇന്ന് ഞാൻ അവളെ പുറത്ത് കൊണ്ട് വന്നത് , എപ്പോഴും അത് സംഭവിക്കണം എന്നില്ല…. എന്റെ കയ്യിൽ കളയാൻ ഇനി ദിവസങ്ങളുമില്ല . ന്യൂ ഇയറിന് ഇനി നാല് ദിവസങ്ങൾ മാത്രമാണ് ഉള്ളത് ,

അതിനുള്ളിൽ താക്കോൽ കണ്ടെത്തണം…”

റബേക്ക ദേഷ്യത്തോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് താഴേക്ക് വലിച്ചെറിഞ്ഞു.

” മേഡം , എന്നാൽ എന്റെ കയ്യിൽ മറ്റൊരു വഴിയുണ്ട്….”

ഫ്രാങ്കോ ഒരു ചിരിയോടെ തറയിൽ വീണ് കിടന്ന് തോക്കിൽ പറ്റിയ മണ്ണ് തുടച്ചശേഷം അത് റബേക്ക നൽകി . ഇത്തവണ റബേക്ക തന്നെ തല്ലിലെന്ന് ഫ്രാങ്കോക്ക് ഉറപ്പായിരുന്നു.

******************

” ആ നന്ദൻ…. വരു …”

താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ക്യാബിനിലേക്ക് കയറി വന്ന നന്ദനോട് ഡോക്ടർ പറഞ്ഞു . വളരെ വിഷമം നിറഞ്ഞ വാർത്തയാണ് ഡോക്ടറിന് തന്നോട് പങ്കുവെക്കാൻ ഉള്ളതെന്ന് അവരുടെ മുഖത്തു നിന്ന് തന്നെ നന്ദൻ വായിച്ചെടുത്തു.

എങ്കിലും അവന്റെ മനസ്സിന്റെ കോണിൽ ഇരുന്നുകൊണ്ട് ഒന്നും സംഭവിക്കില്ല എന്ന് ആരോ പറയുന്നുണ്ടായിരുന്നു.

” ഡോക്ടർ കീർത്തിക്ക് ? ”

കഴിഞ്ഞ ഏതാനം മണിക്കൂറുകളായി കീർത്തിയെക്കുറിച്ച് എന്തെങ്കിലും വിവരം നന്ദന് ലഭിച്ചിട്ട് ,

അതിനാൽ തന്നെ കീർത്തിയെ കുറിച്ച് നന്ദന് വല്ലാത്ത വേവലാതി ഉണ്ടായിരുന്നു.

” Don’t worry sir , കീർത്തിയുടെ ജീവന് കുഴപ്പം ഒന്നുമില്ല .പക്ഷെ…..”

ഡോക്ടർ ആ ദുഃഖ വാർത്ത നന്ദന്റെ മുഖത്ത് നോക്കി പറയാൻ കഴിയാതെ ബുദ്ധിമുട്ടി.

” ഡോക്ടർ എന്റെ കുഞ്ഞ് ? ”

നന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നന്ദനും കീർത്തിയും മനസ്സിൽ നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം ഒരു നിമിഷകൊണ്ട് ഇല്ലാതായി.

” അവളോട് ഞാൻ പറഞ്ഞതാണ് , അവൾ അനുസരിച്ചില്ല …… ഒരു കുഞ്ഞിന് വേണ്ടി ചുരുങ്ങിയ സമയംകൊണ്ട് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു , എന്നെക്കാൾ ഏറെ അവൾ… എന്നിട്ട് അവസാനം അവൾ തന്നെ..… എനിക്ക് കുഞ്ഞിന്റെ മുഖം അവസാനമായി ഒന്ന് കാണാൻ കഴിയുമോ ഡോക്ടർ ? ”

നന്ദൻ തന്റെ ദേഷ്യവും സങ്കടവും അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു. കീർത്തിയുടെ തെറ്റ് മൂലമാണ് തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായത് എന്ന ചിന്തയായിരുന്നു നന്ദന്റെ മനസ്സ് മുഴുവൻ .

” സർ , എന്റെ അഭിപ്രായത്തിൽ കുഞ്ഞിനെ കാണാതിരിക്കുന്നതാണ് നല്ലത് , അത് നാളെ നിങ്ങളുടെ ജീവിതത്തെ വല്ലാതെ ബാധിക്കാൻ സാധ്യതയുണ്ട് .നാല് മാസം അല്ലെ ആയിട്ടൊള്ളു ,

കാണാനായി ഒന്നുമില്ല. പിന്നെ അടുത്തത് ,

അത് അല്പം ഗുരുതരമാണ് … കീർത്തി , she lost her self…. ആ കുട്ടി മാനസികമായി വല്ലാതെ ഡിപ്രെസ്ഡ് ആണ്. കീർത്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുക എന്നത് നന്ദന്റെ ഉത്തരവാദിത്തമാണ് , ലൗ ആൻഡ് കെയർ അതാണ് കീർത്തിക്ക് വേണ്ടത് …. കീർത്തിയെ രണ്ട് ദിവസത്തിന് ഉള്ളിൽ ഡിസ്ചാർജ് ചെയ്യാം

ഈ അവസ്ഥയിൽ നന്ദനോട് കൂടുതൽ ഒന്നും പറയാൻ ഡോക്ടർക്ക് കഴിയില്ലായിരുന്നു . അവർ തന്നാൽ കഴിയുന്നത് പോലെ നന്ദനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

രണ്ട് ദിവസങ്ങൾക്ക് ശേഷം നന്ദൻ കീർത്തിയുമായി വീട്ടിലേക്ക് തിരിച്ചെത്തി. പൂർണമായി തളർന്ന അവസ്ഥയിലായിരുന്നു കീർത്തി , ആരെയും തിരിച്ചറിയാൻ കഴിയാതെ , ഒന്നിനോടും പ്രതികരിക്കാൻ കഴിയാതെ……. കുഞ്ഞിനെ നഷ്ടമായതോടെ നന്ദന്റെ അമ്മക്ക് കീർത്തിയോടുള്ള ദേഷ്യവും വെറുപ്പും ഇരട്ടിയായി .

“താൻ റെസ്റ്റ് എടുക്ക് ഞാൻ പുറത്തേക്ക് ഒന്ന് പോയിട്ട് വരാം…”

നന്ദൻ തന്റെ കണ്ണുകൾ തുടച്ച ശേഷം കീർത്തിയെ നോക്കി ചിരിച്ചു. അവന്റെ വേദനകൾ മുഴുവൻ ആ പുഞ്ചിരിയിൽ പ്രകടമായിരുന്നു.

കീർത്തി ഒരു പാവയെ പോലെ മുറിക്ക് പുറത്തേക്ക് നടക്കുന്ന നന്ദനെ നോക്കി.

” ഇനി മുതൽ നിനക്ക് കരയാനാണ് വിധി……”

റബേക്ക മുറിയിലെ കണ്ണാടിയിലേക്ക് നോക്കിയ ശേഷം തന്റെ കണ്ണിൽ വച്ചിരുന്ന ലെൻസ് എടുത്തു മാറ്റി ….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : ശ്രീജിത്ത്‌ ജയൻ