എട്ടാ നമ്മുക്ക് ഇന്ന് ഏതെങ്കിലും ഒരു ലോഡ്ജിൽ താമസിച്ചാലോ…

രചന : സജി മാനന്തവാടി

പ്രണയം.

❤❤❤❤❤❤❤❤

“അമ്മേ നമ്മുക്കെന്നെങ്കിലും ഒരു നല്ല കാലമുണ്ടാകുമോ ?”

മനു തന്റെ ഒറ്റ മുറിയുള്ള വാടക വീട്ടിലിരുന്ന് അവന്റെ അമ്മയോട ചോദിച്ചു. അന്ന് അവൻ വെറും പതിനാറ് വയസുള്ള പയ്യനായിരുന്നു.

“തീർച്ചയായും ഒരു നല്ല കാലം നമ്മുക്കും ദൈവം തരും മോനെ ”

ഓലയും മടലും വെച്ച് തീ പിടിപ്പിച്ചു കൊണ്ട് അവന്റെ അമ്മ പറഞ്ഞു. അവൻ പുറത്തേക്കിറങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു,

“ഇപ്പോ ഈ പുക കണ്ടാൽ തോന്നും നമ്മുടെ വീട് കത്താൻ പോകുകയാണെന്ന് . ”

“വീടും നമ്മുടെ മനസ്സ് പോലെയാണ് രണ്ടും പുകഞ്ഞുകൊണ്ടിക്കുകയല്ലേ മോനെ?”

പ്ലസ് റ്റു കഴിഞ്ഞതും ഓട്ടോറിക്ഷ ഡ്രൈവറായി മനു

ആദ്യം ദിവസകൂലിക്കായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് പിന്നീട് സ്വന്തമായൊരു ഓട്ടോ വാങ്ങി. ഒരു ഓട്ടോക്കാരനായി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് എങ്ങിനെയെങ്കിലും ഒരു വീട് പണിയണമെന്ന ആഗ്രഹം അവന് തോന്നി തുടങ്ങിയത്. അതുവരെ വീട് എന്നത് മനസ്സിന്റെ കോണിൽ ചാരം മൂടി കിടന്ന ഒരു കനൽ മാത്രമായിരുന്നു. വീട് പണിതപ്പോൾ ഒളിമ്പിക്സ് മെഡൽ നേടിയ ജേതാവിന്റെ മനസ്സായിരുന്നു അവന്റെത്. അപ്പോഴാണ് അടുത്ത സ്വപ്നം മനസ്സിൽ മുളപ്പൊട്ടിയത് ഒരു പങ്കാളി കണ്ടെത്തണം .

” മനു, വയസ് 25 ,കാർത്തിക നക്ഷത്രം , ഉയരം അഞ്ചര അടി . ജോലി ഓട്ടോ ഡ്രൈവർ. ഡിമാന്റ് ഒന്നുമില്ല. അനുയോജ്യരായ പെൺകുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. ഒരു ആഡ് പ്രമുഖ പത്രത്തിൽ കൊടുത്തു കാത്തിരിക്കാൻ തുടങ്ങി. ”

മൂന്ന് മാസം കഴിഞ്ഞിട്ടും ആരും പ്രതികരിക്കാത്തതിനാൽ മാട്രിമോണിയൽ പരസ്യങ്ങളിൽ അനുയോജ്യരെ തേടിപ്പിടിച്ച് അവൻ കോൺടാക്റ്റ് ചെയ്തു ആർക്കും ഓട്ടോക്കാരെ വേണ്ട. അപ്പോൾ ഒരു കാര്യം മനസ്സിലായി മാട്രിമോണിയൽ പരസ്യം നോക്കി കല്യാണം കഴിക്കാമെന്നുള്ളത് ഒരു വിദൂര സ്വപ്നമാത്രമാണെന്ന്.

രാവിലെ വീട്ടിൽ നിന്ന് ടൗണിലേക്ക് ഓട്ടോയുമായി പോകുമ്പോഴാണ് ആദ്യമായി അവൻ അശ്വതിയെ കണ്ടത്. നീണ്ട മുടിയും മനോഹരമായ ചുണ്ടുകളുമാണ് അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത് . അവളെ കണ്ടതും മനസ്സിൽ ഒരു തീവണ്ടി ചൂളം വിളിച്ചു . അവളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവൻ ആശിച്ചു. സ്വപ്നം കാണാൻ മുടക്ക് മുതൽ ആവശ്യമില്ലല്ലോ അവൻ ചിന്തിച്ചു.

അവൾ പ്ലസ് റ്റു കഴിഞ്ഞ് ദൂരെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. തേർഡ് സെമസ്റ്ററിന് വീട്ടിനുടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടി വന്നതായിരുന്നു.

ദിവസവും അവൾ അവന്റെ ഓട്ടോയിലാണ് കോളേജിലേക്ക് പോയിരുന്നത്.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും അവൾ വെറുമൊരു യാത്രക്കാരിയെ പോലെയാണ് അവനോട് പെരുമാറിയത്. അവൻ ചിന്തിക്കാറുണ്ടായിരുന്നു അവൾ പുഞ്ചിരിക്കാൻ മറന്നുപോയ പെൺകുട്ടിയാണോയെന്ന് .പക്ഷെ അതിനും അവനൊരു ന്യായികരണം കണ്ടെത്തി. അവൾ ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്നവളും താൻ വെറും പ്ലസ് റ്റു കഴിഞ്ഞ് ഓട്ടോ ഓടിക്കുന്നവനും. സിനിമകളിൽ ഓട്ടോക്കാരനെ സ്നേഹിക്കുന്ന കോളേജ് കുമാരിമാരെ കാണാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അത് പലപ്പോഴും അസംഭാവ്യമാണെന്ന് അവന് തോന്നി.

ദിവസവും അവന്റെ ഓട്ടോയിൽ കോളേജിനടുത്ത് ഇറങ്ങി കൃത്യം ഓട്ടോ കൂലിയും നൽകി തോൾ വെട്ടിച്ച് അവൾ പോകും. ഒന്നും ചോദിക്കാറില്ല. ഒന്നും പറയാറുമില്ല.

സാധാരണ അവൾ വരുന്ന സമയമായിട്ടും അവളെ കാണാത്തതു കൊണ്ട് അവൻ അവൾ വരുന്ന വഴിയിലേക്ക് നോക്കി. അങ്ങകലെ വയൽ വരമ്പിലൂടെ അവൾ ഓടി വരുന്നു. ഇടയ്ക്ക് കൈ വീശി കാണിക്കുന്നുമുണ്ട്.

അവൾ ഓടി കിതച്ച് ഓട്ടോയിൽ കയറി. കുറച്ച് നേരത്തേക്ക് ഒന്നുമിണ്ടാതെയിരുന്നിട്ട് പറഞ്ഞു

” മനുവേട്ടാ ഓട്ടോ കുറച്ച് സ്പീഡിൽ വിടാമോ? എനിക്കിന്ന് എക്സാമുണ്ട്. ”

” മനുവേട്ടാ “എന്ന സംബോധന അവനെ ഞെട്ടിച്ചു

ഇവൾ എങ്ങിനെയാണ് തന്റെ പേര് കണ്ടുപിടിച്ചത്. അവന് ആശ്ചര്യം തോന്നി. ഇത്രയും തോൾ വെട്ടിച്ച് തന്നെ ആലുവ മണപ്പുറത്തു പോലും കണ്ട പരിചയം കാണിക്കാതെ നടന്നവൾ തന്റെ പേര് വിളിച്ചിരിക്കുന്നു. ഒരു പക്ഷെ തന്നെ ആവശ്യമായി വന്നതു കൊണ്ടായിരിക്കാം.

അല്ലെങ്കിലും പെണ്ണുങ്ങളെ മനസ്സിലാക്കുന്നതിനെക്കാൾ എളുപ്പം, അവരെ സ്നേഹിക്കാനാണ് അവൻ മനസ്സിൽ പറഞ്ഞു.

അവൻ ഓട്ടോയുടെ വേഗത വർദ്ധിപ്പിക്കാൻ തുടങ്ങി. അവൾ വീണ്ടും വീണ്ടും വേഗത വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

കൃത്യസമയത്ത് അവളെ പരീക്ഷ ഹാളിൽ എത്തിക്കാൻ കഴിഞ്ഞതിൽ അവന് വലിയ സന്തോഷം തോന്നി.

ആദ്യമായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

” ഓട്ടോ കൂലി നാളെ തരാട്ടോ ”

ആ ദിവസം സ്വപ്നാടനത്തിലെന്നവണ്ണമാണ് അവൻ ഓട്ടോ ഓടിച്ചത്. പിറ്റെ ദിവസം അവൾ ഓട്ടോയിൽ കയറി ഉടനെ രണ്ട് ദിവസത്തെ ഓട്ടോ ചാർജ് അവൻ ചോദിക്കാതെ തന്നെ നൽകി. ഒരു മനോഹരമായ ചിരി അവന് സമ്മാനിച്ചു വെന്നല്ലാതെ അവൾ ഒന്നും അവനോട് സംസാരിച്ചില്ല. പലതും ചോദിക്കാൻ അവൻ ആഗ്രഹിച്ചെങ്കിലും അവർക്കിടയിലെ മൗനം മുറിച്ചു കടക്കാൻ കഴിയാത്ത കുത്തിയൊഴുകുന്ന നദിയായി നിലകൊണ്ടു . പക്ഷെ ഓട്ടോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു പുഞ്ചിരി അയാൾക്കായി അവൾ കാത്തുവെച്ചിരുന്നു.

അവളോട് തന്റെ പ്രണയം തുറന്ന് പറയണമെന്ന് അവന് ആഗ്രഹമുണ്ടെങ്കിലും അത് കേൾക്കുമ്പോൾ അവളുടെ പ്രതികരണമെന്താണെന്ന് അറിവില്ലാത്തതിനാൽ ഓരോ ദിവസവും അവൻ നീട്ടി വെച്ചു.

ഒരു ദിവസം അവൻ അവളെ കോളേജ് സ്റ്റോപ്പിൽ ഇറക്കാനായി ഓട്ടോ നിർത്തിയപ്പോൾ അവൾ പറഞ്ഞു

” ഞാനിന്ന് ടൗണിലേക്കാണ്. ”

ടൗണിൽ എത്തിയപ്പോൾ അവൾ ചോദിച്ചു

” മനുവേട്ടൻ എന്റെ കൂടെ ഷോപ്പിംഗിനു വരാമോ ? വെയിറ്റിംഗ് ചാർജ് തരാം.”

അവൻ സമ്മതത്തോടെ തലകുലുക്കി . മാളിലെ ഷോപ്പിംഗ് കഴിഞ്ഞപ്പോൾ അവൾ തന്റെ കാർഡ് എടുക്കാനായി പേഴ്സെടുത്തു. കുറച്ച് നേരം തപ്പിയതിന് ശേഷം അവൾ പറഞ്ഞു

” മനുവേട്ടാ നമ്മുക്ക് പോകാം. ഞാൻ കാർഡെടുക്കാൻ മറന്നു പോയി. ”

അവൻ ബില്ല് നോക്കി

5600 രൂപ. അവൻ ആ ബില്ലടക്കാൻ പണം പോക്കറ്റിൽ നിന്ന് എടുത്തു.

“ഇത്ര പണവുമായിട്ടാണോ എന്നും വരാറുള്ളത്?”

“ഇന്ന് ഒരു ചിട്ടിയടക്കാനുണ്ടായിരുന്നു. അത് സാരമില്ല. നാളെ അടച്ചാലും മതി. ”

“എനിക്ക് വിശക്കുന്നുണ്ട് നമ്മുക്കൊരു ഹോട്ടലിൽ കയറിയാലോ ?”

“ഇവൾ എന്തു ഭാവിച്ചാണ് ?”

അവൻ മനസ്സിൽ പറഞ്ഞു.

ഹോട്ടലിലെ ബില്ലും ആയിരത്തിന് മുകളിലായി .

അവർ ഓട്ടോയിൽ കയറിയതും അവൾ ചോദിച്ചു ,

” നമുക്ക് ഒരു സിനിമക്ക് പോയാലോ ഏട്ടന്റെ കൈയിൽ ഇനിയും കാശുണ്ടോ ? ”

വളരെ കാലമായുള്ള അവന്റെ സ്വപ്നമായിരുന്നു

അവളെയും കൂട്ടി സിനിമക്ക് പോകണമെന്ന് .

ആ ആഗ്രഹവും സാധിക്കാൻ പോകുന്നു . അവന് എന്തു പറയണമെന്നറിയാതെ കണ്ണുമിഴിച്ചു നിന്നു

പിന്നിട് ഒന്നും പറയാതെ അവൻ ഓട്ടോ തിയറ്ററിലേക്ക് വിട്ടു. ഉയർന്ന ക്ലാസ് ടിക്കറ്റെടുത്തു തൊട്ടടുത്ത സീറ്റിൽ ഇരുന്നു. തീയറ്ററിലെ ഏ സി പ്രവർത്തിച്ചിട്ടും അവൻ വിയർത്തു കുളിച്ചു.

അവൾ അവന്റെ കൈയെടുത്ത് അവളുടെ തോളിൽ വെച്ചുവെങ്കിലും അവൻ ഷോക്കേറ്റതു പോലെ പിൻവലിച്ചു. ഇതിനിടയിൽ അവൾ ഒരു മെസെജ് അയക്കുന്നുണ്ടായിരുന്നു. ആർക്കാണ് മെസെജ് അയച്ചതെന്ന് ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.

കുറച്ച് നേരം കഴിഞ്ഞപ്പോൾ കുറച്ച് ചെറുപ്പക്കാർ അവർ ഇരുന്ന സീറ്റിന്റെ പുറകിൽ വന്നിരുന്ന് അശ്വതിയെ ശല്യം ചെയ്യാൻ തുടങ്ങി. പക്ഷെ മനു ശക്തമായി പ്രതികരിക്കാൻ തുടങ്ങിയതോടെ അവർ മാപ്പ് പറഞ്ഞ് പിൻവാങ്ങി.

സിനിമ കഴിഞ്ഞിട്ടും അവൾ വീട്ടിൽ പോകാൻ തിടുക്കം കാണിക്കാത്തത് അവനിൽ അത്ഭുതമുണ്ടാക്കിയിരുന്നു.

“എട്ടാ നമ്മുക്ക് ഇന്ന് ഏതെങ്കിലും ലോഡ്ജിൽ താമസിച്ചാലോ ? ഞാനിന്ന് എന്റെ കൂട്ടുക്കാരിയുടെ വീട്ടിൽ കൂടുമെന്നാ വീട്ടുക്കാരോട് പറഞ്ഞിരിക്കുന്നത്. ”

” മോളെ അതുമാത്രം വേണ്ട. നമുക്ക് നമ്മുടെ വീട്ടിൽ പോകാം.”

അവൻ ഓട്ടോ അവരുടെ സ്ഥലത്തേക്ക് ഓടിക്കുമ്പോൾ അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു

” മനുവേട്ടാ ഞാൻ ഡിഗ്രി പരീക്ഷ പാസായി ഏട്ടനും പാസായി. ”

“എന്ത് പരീക്ഷ ?”

എനിക്ക് പ്രണയിക്കാൻ പറ്റിയ ആളാണോയെന്നിയാൻ ഞാൻ നടത്തിയ നാടകമായിരുന്നു ഇതെല്ലാം

കുറച്ച് മുമ്പ് വന്ന് എന്നെ ശല്യപ്പെടുത്തിയ തെമ്മാടികൾ എന്റെ കസിൻസായിരുന്നു. ഞാൻ മനുവേട്ടന്റെ അമ്മയെ പരിചയപ്പെട്ടിരുന്നു. അമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു…പരീക്ഷ പാസായ സ്ഥിതിക്ക് ഒഫിഷ്യലായി എന്നെ പെണ്ണു കാണാൻ വരാം. കല്യാണം കഴിഞ്ഞാലും ഞാൻ പഠിക്കാൻ പോകും.

ഇത് സമ്മതമാണെങ്കിൽ മനു അശ്വതിയാകാൻ ഞാനും തയ്യാർ ”

ആ കേട്ടതൊന്നും സ്വപ്നമാണോ യഥാർത്ഥ്യമാണോയെന്നറിയാൻ അവൻ വണ്ടി നിർത്തി. അവളെ തിരിഞ്ഞു നോക്കി.

“ഏട്ടാ ഞാൻ പറഞ്ഞത് സത്യമാ . ഏട്ടൻ എന്റെ വീട്ടിലേക്ക് വണ്ടി വിട് ”

അവളുടെ വിട്ടുമുറ്റത്ത് വണ്ടി നിർത്തുമ്പോൾ അവളുടെ അച്ഛനും അമ്മയും ഇളയ അനുജനും ചിരിച്ചു കൊണ്ട് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി മാനന്തവാടി


Comments

Leave a Reply

Your email address will not be published. Required fields are marked *