അറിയാതെ, തുടർക്കഥയുടെ ഭാഗം 33 വായിക്കുക…

രചന : Thasal

“എന്തായടാ പോയിട്ട്…. ”

വീട്ടിലേക്ക് കയറി വരുന്ന ഹർഷനെ കണ്ടു ഉമ്മറത്ത് ഇരുന്നിരുന്ന അമ്മയും നിലയും ഒരുപോലെ ചാടി എഴുന്നേറ്റു… അമ്മയുടെ ചോദ്യം കേട്ടിട്ടും അവൻ ഉള്ളിലേക്ക് നടന്നതും അമ്മയും നിലയും അവനോടൊപ്പം തന്നെ ഉള്ളിലേക്ക് ചെന്നു…

“ഡാ… പറയടാ ചെക്കാ… ”

അമ്മക്ക് സമാധാനം ഉണ്ടായിരുന്നില്ല…

“ഈ വെള്ളം ഒന്ന് കുടിച്ചിട്ട് പറഞ്ഞാൽ പോരെ… ”

അവൾ ടേബിളിൽ നിന്നും ജെഗ്ഗ് എടുത്തു ഗ്ലാസിലേക്ക് വെള്ളം പകർത്തി കൊണ്ട് ചോദിച്ചു…

“എന്നാ പെട്ടെന്ന് കുടിക്കഡാ..

അമ്മ ധൃതി കൂട്ടി… അവൻ വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു കൊണ്ട് ഗ്ലാസ്‌ ടേബിളിൽ വെച്ചു…. അമ്മയും നിലയും ആകാംഷയോടെ അവനെ നോക്കുകയായിരുന്നു…

“എന്താകാൻ അവൾ മിടുക്കിയാണ്….വിവാഹം ഉറപ്പിച്ചു…. ”

അത് മാത്രം പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് നടന്നു…

“അത് പറയാൻ ആണോ ഇത്രയും നേരം…അവന്റെ ഒരു… ”

പിറുപിറുത്തു കൊണ്ട് അമ്മ അമ്മയുടെ മുറിയിലേക്കും പോയി…. നില വേഗം തന്നെ റൂമിലേക്ക്‌ ചെല്ലുമ്പോൾ അവൻ ബെഡിൽ കണ്ണിന് കുറുകെ കൈ വെച്ചു കൊണ്ട് കിടക്കുകയായിരുന്നു…

അവൾ കാൽഭാഗത്ത് നിന്നും കഷ്ടപ്പെട്ട് ബെഡിലേക്ക് കയറി നിരങ്ങി അവന്റെ അടുത്ത് ഹെഡ് ബോഡിൽ ചാരി ഇരുന്നു…

“അച്ചേട്ടാ…. ”

അവൾ മെല്ലെ ഒന്ന് വിളിച്ചതും അവൻ ഒന്ന് മുഖം ചെരിച്ചു അവളെ നോക്കി…

“സത്യത്തിൽ ന്താ നടന്നെ…. ”

അവളിലെ സംശയം കേട്ടു അവനും ചെറു ചിരിയോടെ അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു..

“അവള് നിന്നെ പോലെ അല്ല കൊച്ചേ…. മിടുക്കിയാ… ”

അവൻ ഒരു കള്ള ചിരിയോടെ പറയുമ്പോൾ അറിയാതെ തന്നെ ആ പെണ്ണിൽ കുശുമ്പ് നിറഞ്ഞിരുന്നു… മുഖം ഒന്ന് വീർത്തു…

അവൻ അതൊന്നും കാര്യമാക്കാതെ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു… ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നീട് വാത്സല്യത്തോടെ അവന്റെ പുറം തലയിൽ മെല്ലെ തലോടി…

“ഞാൻ മിടുക്കി അല്ലാച്ചാൽ പിന്നെ ന്തിനാ ന്നോട് ഒട്ടി കിടക്കുന്നെ… ”

അവളിൽ തെല്ലു കുറുമ്പ് കൂടിയിരുന്നു…

“കാരണം….. കാരണം ഒന്നും ഇല്ല കൊച്ചേ… എനിക്ക് എന്തോ ഇഷ്ടമാണ്… വാക്കുകൾ കൊണ്ട് പറയാനൊന്നും എനിക്ക് അറിയത്തില്ല… ”

അവൻ വീണ്ടും അവളുടെ വയറിലേക്ക് ചേർന്നതും അവൾ അവന്റെ മുഖം ബലമായി പിടിച്ചു തനിക്ക് നേരെ ഉയർത്തി…

“സത്യം പറ അച്ചേട്ടാ… ന്താ ണ്ടായെ… അവര് മോശായിട്ട് ന്തേലും പറഞ്ഞോ… ”

“മോശായിട്ട് എന്ന് ഒന്നും പറയാൻ ഒക്കത്തില്ല…. നല്ല പോലെ തന്നെ പറഞ്ഞു പറ്റില്ലാന്ന്… ”

“രാമേട്ടനും… ”

“മ്മ്മ്ഹും… അമ്മ… അമ്മക്ക് പേടി ഉണ്ട്…. നിന്നെ നോവിച്ചതിന്റെ പ്രതികാരം വല്ലതും ആണോന്ന്… കിച്ചു നിന്റെ കൂട്ടല്ലായിരുന്നോ… ”

അവളുടെ മുഖം ഒന്ന് വാടിയത് കണ്ടിട്ടാകാം… അവൻ കൈ ഉയർത്തി അവളുടെ കവിളിൽ ഒന്ന് തലോടി… മെല്ലെ ഒന്ന് കണ്ണ് ചിമ്മി…

“അരുണും ഒന്നും പറഞ്ഞില്ല…. പിന്നെ കാണുന്നത് ബാഗും എടുത്തു ഇറങ്ങി വരുന്ന ശ്രീക്കുട്ടിയെയാണ്.

പോകാം കിച്ചേട്ടാ എന്നും പറഞ്ഞു കിച്ചുവിന്റെ കയ്യും പിടിച്ചു ഒറ്റ പോക്കായിരുന്നു…. കിച്ചു ആണേൽ എന്താ സംഭവം എന്നറിയാതെ കണ്ണും മിഴിച്ചു നിൽക്കുന്നു… അവസാനം എല്ലാരും കൂടി പറഞ്ഞു സമാധാനിപ്പിച്ചു അവളെ കൊണ്ട് തിരിച്ചു കൊണ്ട് വന്നു…. അവസാനം അവർക്ക് സമ്മതിക്കേണ്ടി വന്നു….. ഇനി എന്താവും എന്നൊരു പിടുത്തവും ഇല്ല…. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാ എല്ലാവരും…. ”

അവനുള്ളിൽ കുഞ്ഞ് സങ്കടം ഉണ്ടായിരുന്നു… നിലയുടെ കണ്ണുകളും നിറഞ്ഞു…

“നിക്ക് തെറ്റ് പറ്റി അല്ലേ അച്ചേട്ടാ… ”

ഉള്ളിലെ നോവ് വാക്കുകളിലൂടെ അവൾ പുറത്തേക്ക് ഒഴുക്കുമ്പോൾ അവൻ അവളിലേക്ക് മാത്രം ചുരുങ്ങി അവളുടെ കൈ എടുത്തു ആ നീളൻ വിരലുകളിൽ ഒന്ന് ചുംബിച്ചു….

“നിക്ക് തെറ്റ് പറ്റിയിട്ടില്ലല്ലോ കൊച്ചേ….ജീവിതത്തിൽ അങ്ങനെ ഒരു വിധി ണ്ടാകും…. അത് കൊണ്ടല്ലേ… നിക്ക് ഈ മിണ്ടാപൂച്ചയെ കിട്ടിയത്…. വേറൊന്നും ആലോചിക്കേണ്ടാ നീ….അവരുടെ ജീവിതം അവർ ജീവിക്കട്ടെ… നമ്മുടെത് നമ്മളും…. ”

അവന്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു അവൾ… അവൾ നിറഞ്ഞ കണ്ണുകളെ തോള് കൊണ്ട് തുടച്ചു മാറ്റുമ്പോൾ അവൻ പുഞ്ചിരിയോടെ അവളെ നോക്കുകയായിരുന്നു…

“എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കരഞ്ഞോണം….. ശരിക്ക് തുടക്കടി…. ”

അവൻ കൈ ഉയർത്തി ആ ഉണ്ടകണ്ണിൽ ഒന്ന് വിരലോടിച്ചു…. ശേഷം കവിളിൽ പിച്ചി വലിച്ചതും അവൾ അറിയാതെ തന്നെ ആ യക്ഷി പല്ലും പുറത്ത് കാണിച്ചു ചിരിച്ചു പോയിരുന്നു…

അവൻ വാക്കുകൾ കൊണ്ട് ആ നിമിഷത്തിന്റെ ഭംഗി നശിപ്പിച്ചില്ല…. വെറുതെ കണ്ണുകൾ അടച്ചു അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു… അവളുടെ ഇടതു കരം അവന്റെ ഇടതൂർന്ന മുടി ഇഴകളിൽ തലോടി പോകുന്നുണ്ടായിരുന്നു….

“നിങ്ങള് ന്റെ ഭാഗ്യ അച്ചേട്ടാ….

“മിണ്ടാതിരിക്കടി കൊച്ചേ…. ”

അവൾ പറഞ്ഞതിന് മറുപടി എന്നോണം അവൻ അല്പം ഒന്ന് ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു…

ഇപ്രാവശ്യം അവളുടെ മുഖം വീർത്തില്ല… തല ഒന്ന് താഴ്ത്തി ആ മുടിയിൽ ഒന്ന് ചുംബിച്ചു…

വലതു കൈ ഒന്ന് മുറുകി വേദനിച്ചു എങ്കിലും അവൾ അത് സാരമാക്കിയില്ല…. ഉള്ളിലുള്ള സ്നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുമ്പോൾ അവൻ തടയുന്നു…. എന്ന് കരുതി പ്രകടിപ്പിക്കാതിരിക്കാൻ അവൾക്കും ആകില്ലായിരുന്നു…

ആര് ആർക്കാണ് ഭാഗ്യം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല… നിലയെ സംബന്ധിച്ച് ഹർഷൻ തന്നെ മനസ്സിലാക്കുന്ന നല്ല പാതി ആകുമ്പോൾ ഹർഷന്റെ ഉള്ളിൽ ഉള്ള പ്രണയം തന്റെ നില കൊച്ചാണ്…..വരണ്ട മണ്ണിൽ പെയ്തിറങ്ങിയ മഴ പോലെ തന്റെ ഹൃദയത്തിലും ജീവിതത്തിലും പ്രണയം നിറച്ചവൾ….

അവൾക്ക് അവൻ ഭാഗ്യം ആണെങ്കിൽ അവനെ സംബന്ധിച്ച് അവളും അവനൊരു ഭാഗ്യമാണ്….

തന്റെ പ്രണയം ആണ്….

❤❤❤❤❤❤❤❤❤

” പാതി ജീവൻ അങ്ങ് പോയി….അവൾക്ക് ഭ്രാന്ത് ആടാ….

ഒരു കുപ്പി വെള്ളം മട മടാന്ന് കുടിച്ചു കൊണ്ട് ആയിരുന്നു കിച്ചു പറഞ്ഞത്… ശ്രീക്കുട്ടിയുടെ വീട്ടിൽ വെച്ചു നടന്നതിന്റെ ഹാങ്ങ്‌ ഓവർ ഇത് വരെ പോയിട്ടില്ല… കയ്യും കാലും ഇത് വരെ വിറയൽ നിന്നിട്ടില്ല…

“ബെസ്റ്റ്…. ഈ പേടി തൊണ്ടനെ ഒക്കെ പ്രേമിക്കാൻ നിന്ന അവളെ പറഞ്ഞാൽ പോരെ…

മോനെ നീ കാമുകനാ…അല്പം ധൈര്യം ഒക്കെ വേണം.. ”

ചായ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു കൊണ്ട് മനു പറഞ്ഞു…

“നിനക്ക് അത് പറയാം… വേറെ ആരെയും എനിക്ക് പേടി ഇല്ല… അവൾ വലിച്ചു കൊണ്ട് പോയപ്പോൾ അമ്മ എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്…. ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി…വീട്ടിൽ ചെന്നാൽ പച്ച വെള്ളം കിട്ടില്ല… ”

അവന്റെ സംസാരം കേട്ടു മനു അവനെ അടിമുടി നോക്കി…

“അപ്പൊ ആരും അവളെ തടഞ്ഞില്ല എങ്കിലോ..”

“ആ… എനിക്ക് അറിയാൻ പാടില്ല….

എങ്ങനേലും അവളെ കെട്ടണം എന്നെ ഓർത്തൊള്ളൂ…. അതിന് ജീവൻ പോകുന്ന പണി പെണ്ണ് കാട്ടും എന്ന് ഞാൻ അറിഞ്ഞോ….”

“ന്തായാലും എല്ലാം ശരിയായില്ലേ…. ”

മനു ചായ ഗ്ലാസ്‌ പീടികയുടെ തിണ്ണയിൽ വെച്ചു എഴുന്നേറ്റു കൊണ്ട് പറഞ്ഞു… അവനും ഒന്ന് പുഞ്ചിരിച്ചു…

“പക്ഷെ…..ഇതിന്റെ പേരിൽ ഇന്ന് അവളെ ആ വീട്ടിൽ ഇട്ടു ഉരുക്കുന്നുണ്ടാകും… ”

ആ പുഞ്ചിരിക്കിടയിലെ വേദന മനുവിനും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു…

മാസങ്ങൾ അനുഭവിച്ചതാണ്…. ഒന്നും ചെയ്യാൻ കഴിയാതെ… കൈ എത്തി പിടിക്കാം എന്ന് തോന്നിയിടത്ത് നിന്നും വഴുതി… പക്ഷെ… അന്ന് തന്റെ ജീവനായവൾക്ക് പറയാൻ പേടി തോന്നിയത്… ചെയ്യാൻ മടിച്ചത് ഇന്ന് ശ്രീക്കുട്ടി ചെയ്തു….

“അവള് മിടുക്കിയാഡാ…അവള് എല്ലാം നോക്കിക്കോളും…. ”

❤❤❤❤❤❤❤❤❤❤

“വേറെ എന്ത് പറഞ്ഞാലും ഞാൻ മറക്കാൻ ശ്രമിച്ചെനെ…. എന്റെ ചേട്ടൻ എന്ന് പറയുന്ന അയാൾ ചെയ്ത തെറ്റിന് ബാക്കി ഉള്ളവരെ കൂടി വിഷമിപ്പിക്കുന്നത് ശരിയാണോ…. നിക്ക് കിച്ചേട്ടനെ ഇഷ്ട…കിച്ചേട്ടന് എന്നേം…. അതിൽ കൂടുതൽ ന്താ അമ്മക്ക് തെളിയിക്കേണ്ടെ… ന്നെ പറ്റിക്കുക അല്ലാന്ന് നിക്ക് 100% വിശ്വാസം ണ്ട്…

ഇനി അമ്മക്ക് കിച്ചേട്ടനെ വിശ്വാസം ഇല്ലാച്ചാൽ കൂടെ വന്ന ഹർഷേട്ടനെ അറിയാലോ…..

നിങ്ങടെ മോനെക്കാൾ വിശ്വസിക്കാം… ചതിക്കില്ല…. അതിലും വലിയ തെളിവൊന്നും നിക്ക് കാണിച്ചു തരാൻ ഇല്ല….. ”

ശ്രീക്കുട്ടി ദേഷ്യം കൊണ്ട് അലറുകയായിരുന്നു…

ആർക്കും ഒന്നും ചെയ്യാൻ പറ്റിയ സമയം അല്ല…

അവളെ പറഞ്ഞു തിരുത്താൻ ശ്രമിക്കുമ്പോഴും അവളുടെ നാവിൽ നിന്നും വരുന്നത് അത് മാത്രം..

“നിനക്ക് ഞങ്ങളെക്കാൾ വലുതാണോ അവൻ..”

“ആരും ആരെക്കാളും വലുതല്ല അമ്മാ….

കിച്ചേട്ടന് ഒരിക്കലും അമ്മയുടെ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല… അത് പോലെ അമ്മക്ക് കിച്ചേട്ടന്റെയും….. അമ്മ പേടിക്കണ്ട…. ഞാൻ എങ്ങോട്ടും ഓടി പോകത്തൊന്നും ഇല്ല… നിങ്ങള് അവർക്ക് കൊടുത്ത വാക്ക് വിശ്വസിക്കുന്നു…

എനിക്ക് അത് പോലെ ആരെയും പറഞ്ഞു തിരുത്താനോ…. വിശ്വസിപ്പിക്കാനോ കഴിയില്ല…

ജീവിച്ചു കാണിച്ചു തരാനെ കഴിയൂ…. ”

അവളുടെ വാക്കുകളിൽ കുഞ് സങ്കടം വന്നു മൂടി… എന്തൊക്കെ പറഞ്ഞാലും അമ്മയാണ്…

മക്കളുടെ കാര്യത്തിൽ പേടി കാണും… തെറ്റിലേക്ക് പോകുന്നോ എന്നൊരു സംശയവും… ആ അമ്മ മനം ഒന്ന് വേദനിച്ചു…

ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് ഉറപ്പില്ല…. പക്ഷെ… ഹർഷനെ പൂർണ വിശ്വാസം ആണ്….അവനിലുള്ള വിശ്വാസത്തിൽ നിന്നും ഈ ബന്ധത്തേയും….

❤❤❤❤❤❤❤❤❤❤❤❤

“മതിയഡാ…. ഇനി കയറി വാ…. ”

പറമ്പിൽ ചാലു കീറുന്ന ഹർഷനെ നോക്കി അമ്മ വിളിച്ചു പറഞ്ഞു…. ഇരുട്ട് വന്നു മൂടിയിട്ടുണ്ട്…

ഒരു എമർജൻസിയുടെ വെളിച്ചത്തിൽ ആണ് ജോലി… അവൻ കൊത്തിയ മണ്ണിൽ ഒന്ന് ചവിട്ടി ഉറപ്പിച്ചു…

” മഴക്കുള്ള ചാൻസ് ഉണ്ട് അമ്മ…. ചാല് കീറിയില്ലാച്ചാൽ… പറമ്പ് മൊത്തം വെള്ളം ആകും…

ചാലു കീറിയാൽ അതങ്ങു പൊയ്ക്കോളുമല്ലോ… ”

അതും പറഞ്ഞു കൊണ്ട് അവൻ വീണ്ടും കൊത്താൻ തുടങ്ങി…

നില തിണ്ണയിൽ ഇരുന്നു എന്തോ പഠിക്കുന്ന തിരക്കിൽ ആണെങ്കിൽ കൂടി വെറുതെ അവനെ ഒന്ന് പാളി നോക്കി….

തലയിൽ തോർത്ത്‌ കൊണ്ട് കെട്ടും കെട്ടി തന്റെ പണിയിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുകയാണ് അവൻ…

“നോക്കി ഇരിക്കാണ്ട്… പഠിക്കാൻ നോക്കടി കൊച്ചേ…. ”

ഉയർന്ന ശബ്ദത്തിൽ ചിരിയുടെ അകമ്പടിയോട് കൂടിയുള്ള അവന്റെ വാക്കുകൾ… അവൾ വേഗം തന്നെ നോട്ടം പുസ്തകത്തിലേക്ക് മാറ്റി…

“തലക്ക് മുകളിലും പിന്നിലും ഒക്കെ കണ്ണാ… ”

അവൾ ചെറുതിലെ ഒന്ന് പിറുപിറുത്തു… അത് കേട്ട മട്ടെ അവൻ ചിരിച്ചു കൊണ്ട് ചാലു കീറി കൊണ്ടിരുന്നു…

“ഡാ… മതിയാക്ക്… മഴ ചാറൽ ഉണ്ട്…. ഇനി നിനക്ക് കൂടി പനി പിടിക്കട്ടെ…. അത് കൂടി ആകുമ്പോൾ പൂർത്തി ആകുമല്ലോ….

ഏതു നേരവും കൊത്തിയും കിളച്ചും നിന്നാൽ മതി… ഇങ്ങ് വാടാ…..”

വീണ്ടും അമ്മ വിളിച്ചു പറഞ്ഞു…

“ഈ അമ്മ… ”

അവസാനം ശല്യം സഹിക്കാൻ കഴിയാതെ അവൻ കത്തിച്ചു വെച്ച എമർജൻസി എടുത്തു കൈ കോട്ട് ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു കൊണ്ട് പറമ്പിൽ നിന്നും കയറി…

“പുറത്തെ കുളി മുറിയിൽ വെള്ളം മുക്കി വെച്ചിട്ടുണ്ട്…. ഈ കോലത്തിൽ ഉള്ളിലേക്ക് കടക്കണ്ടാ… ”

അമ്മ ശാസന കണക്കെ പറഞ്ഞതും അവൻ വെറുതെ ഒന്ന് അവരെ നോക്കി കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു…

ഒരു കുളി എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും മഴ നല്ല അസ്സലായി തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു….

ഉമ്മറ പടിയിൽ തന്നെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു അമ്മയും നിലയും… കണ്ടാൽ തന്നെ അറിയാം അവർ ഈ ലോകത്ത് ഒന്നും അല്ല എന്ന്….

ഹർഷൻ ചെറു ചിരിയോടെ തല തോർത്തി കൊണ്ട് റൂമിലേക്ക്‌ പോയി… ഒരു ഷർട്ട് കുടഞ്ഞു ഇട്ടു കൊണ്ട് അവർക്കിടയിൽ ചെന്നിരിക്കുമ്പോൾ അമ്മയുടെ ശ്രദ്ധ അവനിലേക്ക് നീണ്ടു എങ്കിലും നിലയുടെ ശ്രദ്ധ മുഴുവൻ റോഡിൽ നിന്നും കുത്തി ഒലിച്ചു മുറ്റത്തേക്ക് ഒഴുകുന്ന വെള്ളത്തിൽ ആയിരുന്നു…… തടയണ പോലെ ഗേറ്റിന്റെ അടുത്ത് മണ്ണ് കൂട്ടി ഇട്ടിട്ടുണ്ട് എങ്കിലും അതിനെ എല്ലാം ബേധിച്ച് വെള്ളം ഉള്ളിലേക്ക് ഒഴുകുന്നുണ്ട്….

അത് പോലെ തന്നെയാണ് തന്റെ ജീവിതവും ഇനി ഒരു പ്രണയം വേണ്ടാ എന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചപ്പോഴും

*അറിയാതെ* ഹൃദയത്തിലേക്ക് കുത്തി ഒഴുകിയ ഒരു പ്രണയ സാഗരം… അച്ചേട്ടൻ

അവളുടെ കുഞ്ഞ് ചുണ്ടുകൾ മെല്ലെ വിടർന്നു…

മനോഹരമായി തന്നെ….

പുറത്തേക്ക് നോട്ടം മാറ്റി ഇരിക്കുമ്പോഴും ആ പുഞ്ചിരി അറിഞ്ഞ പോലെ ഹർഷന്റെ വലതു കൈ നിലത്ത് കുത്തി വെച്ചിരുന്ന അവളുടെ ഇടതു കരത്തേ കവർന്നു…

പരസ്പരം നോട്ടങ്ങൾ എറിഞ്ഞില്ല….

വാക്കുകൾ കൊണ്ട് പ്രണയം ഓതിയില്ല…പക്ഷെ ആ സ്പർശം നൽകിയ ചൂട് പോലും പ്രണയം ആയിരുന്നു… സ്നേഹം ആയിരുന്നു… കരുതൽ ആയിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : Thasal