നാളെ രാത്രി വീട്ടിലേക്കു വരാമോ എന്ന അവളുടെ ചോദ്യത്തിന് അവന് മറുത്തൊരു ഉത്തരമുണ്ടായിരുന്നില്ല..

രചന : Maya Shenthil Kumar

അവളുടെ കുട്ടി മരിച്ചിട്ട് ആറുമാസം തികഞ്ഞില്ല എന്നിട്ട് തള്ള കെട്ടിയൊരുങ്ങി പോകുന്നത് കണ്ടില്ലേ.. ഫൂ… ചുറ്റിലും ഉള്ളവരുടെ കളിയാക്കലുകൾ കേട്ടിട്ടും അവളുടെ കാലുകൾക്കു വേഗം കുറഞ്ഞില്ല… അവനെ കാണുന്നതിന്റെ ലഹരിയായിരുന്നു അവളുടെ മനസ്സ് നിറയെ….

അവൻ എത്താമെന്നേറ്റ കോഫി ഷോപ്പിൽ അവനെ കാത്തിരിക്കുന്ന ഓരോ നിമിഷവും ഓരോ യുഗത്തിന്റെ സമയം അളന്നെടുത്തു… കടന്നുപോകുന്ന ഓരോ നിഴലുകളും അവനാണെന്നു പ്രതീക്ഷിച്ചു വ്യഗ്രതയോടെ അവൾ തിരിഞ്ഞു നോക്കി… ഒടുക്കം കാത്തിരിപ്പിനു വിരാമമിട്ടു അവനെത്തി… ഫേസ്ബുക്കിലെ ഫോട്ടോയിൽ കണ്ടതിലും സുന്ദരനും സുമുഖനുമാണ്… അവൾ അവനെ നോക്കി വശ്യമായൊന്നു ചിരിച്ചു…

നേരത്തെ എത്തിയോ… അവർക്കിടയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൻ ചോദിച്ചു..

കാണാനുള്ള തിടുക്കം കൊണ്ട് നേരത്തെ ഇറങ്ങി… നാണിച്ചു തലതാഴ്ത്തികൊണ്ടവൾ പറഞ്ഞു…

മുപ്പത്തിയെട്ടു വയസ്സെന്ന് പറഞ്ഞപ്പോൾ ഇത്രയും സുന്ദരി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല..

അവൻ കരുതി വച്ചിരുന്ന റോസപ്പൂ അവൾക്കുനേരെ നീട്ടി… അത് കൈമാറുമ്പോൾ അവളുടെ വിരലുകളെ ഒന്ന് തഴുകാൻ അവൻ മറന്നില്ല…

അവന്റെ അശ്ലീല തമാശകളും, തന്റെ ദേഹത്തൂടെ ഇഴയുന്ന കണ്ണുകളും അവളെ മത്തുപിടിപ്പിച്ചു… പിരിയാറായപ്പോൾ ഇനിയെന്നു കാണുമെന്നു അവളാണ് ആദ്യം ചോദിച്ചത്…

നീയെപ്പോ ആഗ്രഹിച്ചാലും അപ്പോഴൊക്കെ എന്ന അവന്റെ മറുപടി അവളെ പുളകം കൊള്ളിച്ചു…

തിരിച്ചു നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കു കഴിഞ്ഞില്ല…

വീടെത്തിയിട്ടും ആ കൂടിക്കാഴ്ച്ചയുടെ ആവേശം അവളിൽ കെട്ടടങ്ങിയിരുന്നില്ല…

കല്യാണം കഴിഞ്ഞു നാലാം വർഷമാണ് പട്ടാളക്കാരനായ ഭർത്താവ് മരിക്കുന്നത്… അല്പം പരുക്കനായ അദ്ദേഹത്തിൽ നിന്നും ഓർത്തുവയ്ക്കാൻ ഒരുപാടൊന്നും കിട്ടിയില്ലെങ്കിലും, തങ്കക്കുടം പോലെ ഒരു മോളെ നൽകിയാണ് അദ്ദേഹം പോയത്… പിന്നെയുള്ള ജീവിതം അവൾക്കു വേണ്ടിയായിരുന്നു… ആറുമാസം മുൻപേ വരെ… അവൾ ആത്മഹത്യ ചെയ്യും വരെ…പതിനേഴാം വയസ്സിൽ അവളില്ലാതാവും വരെ അവളെ പറ്റിയായിരുന്നു പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം… അമ്മ എന്നതിൽ ഉപരി അവൾക്കു താനൊരു കളിക്കൂട്ടുകാരിയായിരുന്നു…

എന്നിട്ടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം ഒരു കയറിൻ തുമ്പിൽ അവളെല്ലാം അവസാനിപ്പിച്ചു.

എന്തിനെന്നറിയാതെ ഓർത്തോർത്തു കരഞ്ഞ ദിവസങ്ങൾ… ആളുകളുടെ അടക്കം പറച്ചിലുകളിൽ പ്രണയവും, പ്രണയനൈരാശ്യവും, അച്ഛനില്ലാത്തതിന്റെ മാനസിക സംഘർഷങ്ങളും എന്നിങ്ങനെ മാറി മാറി കേൾക്കുന്ന അഭിപ്രായങ്ങളിൽ ഭ്രാന്തെടുത്ത ദിവസങ്ങൾ…..

എല്ലാം കഴിഞ്ഞു, ഇനിയെന്ത് എന്ന ചിന്തകൾക്കും അന്വേഷണങ്ങൾക്കുമുള്ള ഒറ്റ ഉത്തരമാണ് ഈ പ്രണയം…

അവളുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു… അതവനായിരിക്കും… മറുപുറം അവന്റെ ശബ്ദം കേട്ടതും അവളൊന്നു പുഞ്ചിരിച്ചു..

അവൻ അവളെ വർണിച്ചു കൊണ്ടിരുന്നു… ഒരു ചെറിയ മൂളലോടെ അവളതൊക്കെയും കേട്ടിരുന്നു.

നാളെ രാത്രി വീട്ടിലേക്കു വരാമോ എന്ന അവളുടെ ചോദ്യത്തിന് അവന് മറുത്തൊരു ഉത്തരമുണ്ടായിരുന്നില്ല… വരാനിരിക്കുന്ന നാളത്തെ രാത്രിയെ കുറിച്ചോർത്തപ്പോൾ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല…

പുറത്ത് ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ അവളൊന്നു വിറച്ചു.. നെഞ്ചിടിപ്പുകൂടി… അവന് വാതില് തുറന്ന് കൊടുക്കും മുൻപ് ഭർത്താവിന്റെയും മകളുടെയും ഫോട്ടോയിലേക്കു അവളൊന്നു പാളി നോക്കി… പതിയെ കണ്ണുകൾ തിരിച്ചു…ഒരു സാരിയെടുത്തു ആ ഫോട്ടോകൾ മറച്ചു… വാതിലുകൾ അവനു മുന്നിൽ തുറക്കപ്പെട്ടു…

അവന്റെ പെർഫ്യൂമിന്റെ മണം അവിടമാകെ നിറഞ്ഞു… അവളുടെ നോട്ടത്തിലും ചിരിയിലും അവന്റെ സിരകളിൽ രക്തം ഇരച്ചു കയറി…

അവളെ അനുഗമിച്ചു ബെഡ്റൂമിലെത്തി… ആദ്യരാത്രി എന്നപോലെ പൂവുകൾ കൊണ്ട് അലങ്കരിച്ചിരുന്ന റൂം… പാലും പഴങ്ങളും നിരത്തി വച്ച ട്രേ… മനം മയക്കുന്ന സുഗന്ധം…

അവളുടെ വശ്യമായ ചിരി… സ്വപ്നം കണ്ടതിലുമേറെ കിട്ടിയ സന്തോഷത്തിൽ മതിമറന്നുപോയ നിമിഷങ്ങൾ…

അവള് നീട്ടിയ പാൽഗ്ലാസ്സ് അവളിൽ നിന്നു കണ്ണെടുക്കാതെ വാങ്ങി…. പാതികുടിച്ചു ബാക്കിയവൾക്കു നീട്ടി… അപ്പോഴേക്കും അവന്റെ കണ്ണുകൾ അടഞ്ഞുപോയി…

പിന്നീട് കണ്ണ് തുറക്കുമ്പോൾ അവന്റെ കൈകാലുകൾ ബന്ധിക്കപ്പെട്ടിരുന്നു.. നിലവിളിക്കാനാവാതെ വായ ഒട്ടിച്ചിരിക്കുന്നു…

അവൻ ഭീതിയോടെ ചുറ്റും നോക്കി

അവൾ അവനടുത്തേക്കു നടന്നടുത്തു, ചുണ്ടുകളിൽ വശ്യമായ ചിരിയില്ല പകരം കണ്ണിലൊരു പക എരിഞ്ഞു കത്തുന്നുണ്ട്… കാര്യമറിയാതെ ദൈന്യത്തോടെ അവൻ അവളെ നോക്കി…. അവളുടെ കയ്യിലിരുന്ന ലാപ്ടോപ് അവനുമുന്നിൽ തുറക്കപ്പെട്ടു….

“രശ്മി”… മനസ്സിൽ അവൻ ആയിരം തവണ മന്ത്രിച്ചു.

അവനു മുന്നിൽ രശ്മിയുടെ ഫേസ്ബുക്കും അതിലെ ഇൻബൊക്സും തുറക്കപ്പെട്ടു…

അതിൽ അവന്റെ പ്രണയവും, ചതിയും എല്ലാം ഉണ്ടായിരുന്നു… അവൾ ഗര്ഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ ബ്ലോക്ക്‌ ആക്കപെട്ട ഇൻബൊക്സ്…

സംഹാരരുദ്രയെപ്പോലെ അവൾ ആ ലാപ്ടോപ് എറിഞ്ഞുടച്ചു…. അവൻ കണ്ണുകൾ മുറുക്കെയടച്ചു… പച്ചിരുമ്പിന്റെ തണുപ്പ് ദേഹത്തു തട്ടിയവൻ ഞെ=ട്ടി കണ്ണുകൾ തുറന്നു…. ആ ഇരുമ്പ് കത്തി അവന്റെ തൊണ്ടയുടെ അടുത്ത് കുത്തി നിറുത്തി… പതുക്കെ അവിടെ നിന്നും താണിറങ്ങി… ഹൃദയത്തിലൂടെ വയറിലേക്ക് അവിടുന്നു വീണ്ടും താഴ്‌ന്നു ജനനേന്ദ്രിയത്തിലേക്കു…

അവൻ അപേക്ഷമട്ടിൽ അവളെ നോക്കി കരഞ്ഞു….

അമ്മയാണ് ഞാൻ, ഇന്ന് നിന്നെ വെറുതെ വിട്ടാൽ എന്റെ മോളെപ്പോലെ വേറെയും കുട്ടികൾ നിന്റെ വലയിൽ വീണ് ജീവിതം ഹോമിക്കേണ്ടി വരും… അവൾ അലറി… കത്തി അവന്റെ ജനനേന്ദ്രിയം മുറിച്ചുകൊണ്ട് ആഴ്ന്നിറങ്ങി… ഉറക്കെ കരയാൻ പോലുമാവാതെ അവൻ പിടഞ്ഞു…

ചോരവാർന്ന് അവന്റെ ശ്വാസം നിലച്ചപ്പോൾ അവൾ പതുക്കെ മകളുടെയും ഭർത്താവിന്റെയും ഫോട്ടോ മറച്ച തുണിയെടുത്തു…. ഫാനിലൊരു കുരുക്കുണ്ടാക്കി…

മകളിലേക്കെത്താനുള്ള വ്യഗ്രതയോടെ അവളൊന്നു ചിരിച്ചു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Maya Shenthil Kumar