അവൾക്ക് ചൊവ്വാദോഷമുണ്ടെന്ന് കള്ളം പറഞ്ഞ് അവളുടെ കല്യാണം നടത്താതെ വീട്ടിൽ നിർത്തി..

രചന : വിജിത അജിത്

“ചാരുവല്ലേ..? സോറി.. ചാരുലതയല്ലേ?”

ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയ അവളെയും കാത്തു പുറത്ത് വെളുത്ത ഇന്നോവയിൽ ചാരിനിന്നിരുന്ന ചന്ദ്രഹാസൻ അവളുടെ അടുത്തേയ്ക്ക് നടന്നുവന്നു ചോദിച്ചു..

“അതെ.. ആരാ മനസ്സിലായില്ലല്ലോ?” ചാരുലത അത്ഭുതത്തോടെ ചോദിച്ചു

“ചാരുവിന് എന്നെ മനസ്സിലായില്ലേ? ഞാൻ ചന്ദ്രുവാണ്.. കട്ടപ്പന സ്ക്കൂളിൽ പത്ത് ഡി യിൽ തന്നോടൊപ്പം പഠിച്ചിരുന്ന ചന്ദ്രു..” ചന്ദ്രഹാസൻ തന്നെ പരിചയപ്പെടുത്തി..

ചാരുലത ഒന്നു ഞെട്ടിയോ? അവളുടെ ഓർമ്മകൾ പത്ത് ഇരുപതുവർഷം പുറകിലേയ്ക്ക് പോയി.. വെളുത്തു സുന്ദരിയായ ചാരുലതയെ സ്നേഹിച്ച ചന്ദ്രഹാസൻ.. തന്റെ മനസ്സിലെ സ്നേഹം പേപ്പറിൽ കുറിച്ച് അവൾക്ക് നൽകാൻ ശ്രമിച്ചതിന് ചാരുലതയുടെ ഒരേയൊരു ഏട്ടനായ രവീന്ദ്രനിൽ നിന്ന് പൊതിരെ അടി ഏറ്റുവാങ്ങിയ ചന്ദ്രഹാസൻ.. പ്രമാണിയും, സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവുമായ രവീന്ദ്രന്റെ ഭീഷണിയെ പേടിച്ച് സ്ഥലമാറ്റം വാങ്ങിപ്പോയ രാമകൃഷ്ണൻ മാഷിന്റെ രണ്ടാമത്തെ മകൻ ചന്ദ്രഹാസൻ..

ചാരുലത മുന്നിൽ നിൽക്കുന്ന ആറടി ഉയരവും സുന്ദരമായ മുഖവും ദൃഢഗാത്രമായ ശരീരത്തോടും കൂടിയ ചന്ദ്രഹാസനെ വിടർന്ന കണ്ണുകളോടെ നോക്കി.. അയാളും അവളെതന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു..

“തനിക്ക് ഒരു മാറ്റവുമില്ലെടോ.. അന്നത്തെ സൗന്ദര്യം അതുപോലെ തന്നെ ഉണ്ട് കേട്ടോ.. ഞാൻ ഇവിടത്തെ സ്ക്കൂളിൽ ഹെഡ്മാഷായി കഴിഞ്ഞയാഴ്ച്ചയാ സ്ഥലം മാറി വന്നത്.. പക്ഷെ തന്നെ ഇവിടെ കാണാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ.. ങാ.. തന്റെ വിശേഷങ്ങൾ പറഞ്ഞില്ലല്ലോ?

സുഖമാണോ ചാരൂ തനിക്ക്? ഫാമിലിയൊക്കെ?” ചന്ദ്രഹാസൻ ഉദ്യേഗത്തോടെ ചോദിച്ചു..

“ഫാമിലി..??” ചാരുലത ഒന്നു പതറി.. “ങാ.. എല്ലാരും സുഖമായി ഇരിക്കുന്നു.. പോകട്ടെ.. അല്പം ധൃതിയുണ്ട്..” ചാരുലത ധൃതിയിൽ നടന്നകലുന്നതും നോക്കി ചന്ദ്രഹാസൻ നിന്നു..

വേഗത്തിൽ നടന്നു നീങ്ങുമ്പോഴും ചാരുവിന്റെ മനസ്സ് സ്ക്കൂൾ കാലഘട്ടത്തിലായിരുന്നു..

പ്രേമാഭ്യർത്ഥന നടത്തി അവൻ പുറകേ നടന്നതും, കൂട്ടുകാരോടൊപ്പം ചേർന്ന് അവൻ കമന്റടിച്ചതും അവളോർത്തു.. താനും മനസ്സുകൊണ്ട് അത് ആസ്വദിച്ചിരുന്നില്ലേ.. മനസ്സിൽ അവനോട് തോന്നിയ പ്രണയം ചേട്ടനെ ഭയന്ന് മനസ്സിൽ തന്നെ കുഴിച്ചു മൂടിയതായിരുന്നല്ലോ..

“ഇത്രയും നേരം എവിടെപ്പോയി കിടക്കുവാരുന്നു? അവിടെ അങ്ങേര് കിടന്ന് വിളിയോട് വിളി.. നാറ്റം കൊണ്ട് ഈ വീട്ടിൽ തന്നെ നിൽക്കാൻ കഴിയുന്നില്ല.. ആഹാരം കുത്തിയിറക്കി കൊടുക്കാതെ പച്ച വെള്ളം മാത്രം കൊടുത്ത് കിടത്തിയേക്കാൻ പറഞ്ഞാൽ കേൾക്കില്ല.. വേഗം വേഷം മാറി അങ്ങോട്ട് ചെല്ലാൻ നോക്ക്.. ഇവിടെ മനുഷ്യന് കുറച്ച് സ്വൈര്യം വേണം..”

ചാരുലതയെ കണ്ടതും കാർത്തിക ദേഷ്യംകൊണ്ട് കോമരം തുള്ളി..

ചാരുലത വരാന്തയിലേയ്ക്ക് നോക്കി.. അവിടെ ചാരുകസേരയിൽ ചാരിയിരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുന്ന അരവിന്ദനെ ചാരുലത വെറുപ്പോടെ നോക്കി.. സ്വന്തം അച്ഛനാണ് അകത്തെ മുറിയിൽ മൂത്രത്തിനും, മലത്തിനും മുകളിൽ കിടന്ന് നിലവിളിക്കുന്നതെന്ന് ഓർക്കാതെ, ആ മനുഷ്യനെയാണ് തന്റെ ഭാര്യ കാർത്തിക ഈ തരത്തിൽ അങ്ങേരെന്ന് ഒക്കെ വിളിച്ച് ചീത്ത വിളിക്കുന്നതെന്ന് ചിന്തിക്കാതെ എങ്ങനെ ഇങ്ങനെ കല്ലുപോലെയിരുന്ന് പത്രം വായിക്കാൻ ഇവന് കഴിയുന്നതെന്ന് ചാരുലത ഒരു നിമിഷം ഓർത്തു..

ചാരുലത വേഗം തന്റെ മുറിയിൽ പോയി വേഷം മാറി ഏട്ടനരുകിലെത്തി.. കാർത്തിക പറഞ്ഞത് സത്യമാണ്.. ആ മുറിയിൽ കയറാൻ തന്നെ കഴിയില്ല.. അത്രയ്ക്ക് നാറ്റം ഉയരുന്നുണ്ട്.. അവൾ ഒരുവശം മുഴുവനായി തളർന്ന് കിടക്കുന്ന രവീന്ദ്രനെ പണിപ്പെട്ട് ചാരിയിരുത്തി.. ചൂടുവെള്ളം കൊണ്ടുവന്ന് ദേഹം മുഴുവൻ തുടച്ച് വൃത്തിയാക്കി.. അയാളുടെ വിഴുപ്പു തുണികളും, വിരിപ്പും ഒക്കെ മാറ്റി.. മുറി മുഴുവൻ ലോഷനിട്ട് തുടച്ചുവൃത്തിയാക്കി.. ഏകദേശം ഒന്നര രണ്ടു മണിക്കൂറത്തെ നിതാന്ത പരിശ്രമത്തിൽ അവളാകെ വിയർത്തു കുളിച്ചു..

“ഏട്ടന് ഇങ്ങനെ ചാരിയിരുന്നാൽ മതിയോ? അതോ കിടക്കണോ?” ചാരുലത ചുവരിൽ ചാരിയിരുത്തിയിരിക്കുന്ന രവീന്ദ്രന്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് ചോദിച്ചു..

അയാൾ തന്റെ വലതുകൈ മെല്ലെയുയർത്തി തന്റെ തലമുടിയിൽ തഴുകികൊണ്ടിരുന്ന അവളുടെ കൈയ്യിൽ പിടിച്ചു.. ആ കൈകളെ അയാൾ തന്റെ നെഞ്ചോട് ചേർത്തു.. അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി..

“എന്താ ഏട്ടാ ഇത്? ഏട്ടനെന്തിനാ വിഷമിക്കുന്നത്? ഞാനില്ലേ ഏട്ടന്? ഇന്ന് ക്ഷേത്രത്തിൽ നിന്നുവരാൻ അല്പം താമസിച്ചുപോയി.. വഴിയിൽ എന്റെ കൂടെ പഠിച്ച ചന്ദ്രഹാസനെ കണ്ടു.. അയാൾ പണ്ടത്തെ പരിചയം പുതുക്കിയതാ.. ങാ.. ഇനി നിന്നാൽ കാർത്തികയുടെ വായിൽ നിന്നും വീണ്ടും ചീത്തവിളി കേക്കേണ്ടി വരും.. അടുക്കളയിൽ കയറാൻ മടിച്ച് രാവിലത്തെ ചായപോലും കുടിക്കാതെ ഉമ്മറത്ത് തന്നെ ഇരിക്കുകയാ ഭാര്യയും ഭർത്താവും കൂടെ.. പിള്ളേര് ഹോസ്റ്റലിലായത് ഭാഗ്യം.. അല്ലെങ്കിൽ അവരുടെ പണി കൂടെ ഞാൻ നോക്കേണ്ടി വന്നേനെ..

ഞാൻ പോട്ടെ.. ഏട്ടനുള്ള ചായയും, ബ്രേക്ക്ഫാസ്റ്റുമായി ഞാൻ പെട്ടെന്ന് വരാം..

അതുവരെ എന്റെ ഏട്ടൻ ഏട്ടന്റെ കൂട്ടുകാരനെവച്ച് കളിച്ചുകൊണ്ടിരിക്ക്.. കേട്ടോ..” ചാരുലത മേശമേലിരുന്ന രവീന്ദ്രന്റെ മൊബൈലെടുത്ത് രവീന്ദ്രന്റെ വലതുകൈയ്യിൽ കൊടുത്തിട്ട് തിടുക്കത്തിൽ പുറത്തേയ്ക്ക് പോയി.. ചാരുലത പറഞ്ഞതുപോലെ രവീന്ദ്രൻ സമയം കളയുന്നത് മുഴുവനും മൊബൈലിൽ ഗെയിം കളിച്ചാണ്..

രണ്ടുവർഷമായി രവീന്ദ്രൻ ഈ കിടപ്പ് തുടങ്ങിയിട്ട്..

ഷുഗറും പ്രഷറുമൊക്കെ മുന്നേ ഉണ്ടായിരുന്നു..

പെട്ടെന്നാണ് പ്രഷർ കൂടി ഇടതുഭാഗം തളർന്ന് വീണത്.. ആദ്യമൊക്കെ ഒരൊറ്റ മോനായ അരവിന്ദൻ അച്ഛനെ പലയിടത്തും കൊണ്ടുപോയി ചികിത്സിച്ചു.. അരവിന്ദന്റെത് പ്രേമ വിവാഹമായിരുന്നു.. അനാഥാലയത്തിൽ നിന്ന് ആരോരുമില്ലാത്ത കാർത്തികയെ ഒരു ദിവസം രജിസ്റ്റർ മാരേജ് ചെയ്ത് കൊണ്ടു വന്നപ്പോൾ ആദ്യമൊക്കെ രവീന്ദ്രൻ എതിർത്തു.. പക്ഷെ പ്രസവത്തോടെ ഭാര്യ മരിച്ചുപോയ രവീന്ദ്രന് ഒറ്റ മോനായ അരവിന്ദനെ വീട്ടിൽ നിന്ന് ഇറക്കി വിടാനോ, കാണാതിരിക്കാനോ കഴിയുമായിരുന്നില്ല..

സഹോദരിയായ ചാരുലതയെ ഇല്ലാത്ത ചൊവ്വാദോഷത്തിന്റെ പേരും പറഞ്ഞ് കല്യാണം കഴിപ്പിക്കാതെ വീട്ടിൽ തന്നെ നിറുത്തിയതും അയാളുടെ മകനോടുള്ള സ്നേഹത്തിന്റെ കരുതലായിരുന്നു..

കാർത്തിക ഒരു മിണ്ടാപ്പൂച്ചയെപ്പോലെ കല്യാണം കഴിഞ്ഞ നാൾ മുതൽ രവീന്ദ്രൻ തളർന്ന് വീഴുന്നതുവരെ ആ വീട്ടിൽ കഴിഞ്ഞു.. രവീന്ദ്രൻ വീണു കഴിഞ്ഞു നാളുകൾ പോകവേ അവളുടെ തനി നിറം പുറത്തു വരാൻ തുടങ്ങി.. വീട്ടിലെ മുഴുവൻ ജോലിയും ചാരുലതയുടെ ചുമലിലായി..

ആൾക്കാരെ പേടിപ്പിച്ചും, കവർന്നും രവീന്ദ്രൻ നേടിയതും, പിന്നെ പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളും എല്ലാം അരവിന്ദന് മാത്രം അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കിയ കാർത്തിക അഹങ്കരിച്ചു.. പണക്കാർ ചെയ്യുന്നതുപോലെ മക്കളെ ദൂരെ സ്ക്കൂളിൽ ചേർത്ത് ബോഡിംഗിൽ നിർത്തി പഠിപ്പിക്കാൻ തുടങ്ങി.. അരവിന്ദൻ കാർത്തികയുടെ താളത്തിനൊത്തു തുള്ളുന്ന വെറുമൊരു പാവയായി മാറി..

“ചാരൂ.. തന്റെ ഏട്ടൻ കിടപ്പിലാണെന്ന് ഞാനിപ്പഴാ അറിയുന്നത്.. എനിക്ക് അദ്ദേഹത്തെ ഒന്നു കാണണമെന്നുണ്ട്.. ഞാൻ തന്റെ വീട്ടിലേയ്ക്കൊന്ന് വരട്ടെ?” ചന്ദ്രഹാസൻ ക്ഷേത്രനടയിൽ കാത്തു നിന്ന് ഒരു ദിവസം ചാരുലതയോട് ചോദിച്ചു..

“വന്നോളു.. അതിനെന്താ? ഏട്ടനെ കാണാനല്ലേ? ഇപ്പോൾ എന്നോടൊപ്പം വരണ്ട.. ഒന്നു രണ്ടു മണിക്കൂറൊക്കെ കഴിഞ്ഞ് പതിയെ വന്നാൽ മതി..”

പറഞ്ഞിട്ട് ചാരുലത വേഗം വീട്ടിലേയ്ക്ക് നടന്നു..

ചന്ദ്രഹാസന് അവൾ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും അവളുടെ ധൃതിയിലുള്ള നടത്തത്തെ നോക്കി അവൻ നിന്നു..

“ഞാൻ ചന്ദനച്ചോല സ്ക്കൂളിലെ ഹെഡ്മാഷാണ്.. രവീന്ദ്രൻ ചേട്ടനെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു..”

പുറത്തെ ശബ്ദം കേട്ട് ചാരുലത വാതിൽ പടിയിൽ വന്ന് ഒളിഞ്ഞു നോക്കി.. പത്രം വായിച്ചിരിക്കുന്ന അരവിന്ദനോടും, അയാൾക്കരുകിൽ കൊതിയും,

നുണയും പറഞ്ഞുകൊണ്ട് വെറുതെയിരുന്നിരുന്ന കാർത്തികയോടും ചന്ദ്രഹാസൻ സംസാരിക്കുകയാണ്..

ഇഷ്ടത്തോടെയല്ലെങ്കിലും കാർത്തികയും, അരവിന്ദനും അയാളെ രവീന്ദ്രന്റെ മുറിയിലേയ്ക്ക് നയിച്ചു..

നന്നായി തുടച്ച് വൃത്തിയാക്കിയിട്ടിരിക്കുന്ന മുറി.. രവീന്ദ്രൻ കുളിച്ച് പുതിയ വസ്ത്രങ്ങളും ധരിച്ച് ചുവരിൽ ചാരിയിരുന്ന് മൊബൈലിൽ കളിക്കുന്നു..

“അച്ഛനെപ്പോഴും കൊച്ചു പിള്ളേരെപ്പോലെ മൊബൈലിൽ കളിയാ.. ഇടതുഭാഗം തളർന്നു പോയെങ്കിലും വലതു കൈയ്ക്കും, കാലിനും നല്ല ബലമാണ്.. അന്നത്തെ വീഴ്ച്ചയിൽ അച്ഛന്റെ സംസാരശേഷി പോയി..” അരവിന്ദൻ സങ്കടം അഭിനയിച്ചുകൊണ്ട് പറഞ്ഞു…

ചന്ദ്രഹാസനെ കണ്ട് രവീന്ദ്രൻ വലതുകൈയ്യിലെ മൊബൈൽ തലയണയ്ക്കടിയിലേയ്ക്ക് തിരുകി..

“എന്തിനും ഏതിനും അച്ഛന് ഞാനരുകിൽ തന്നെ വേണം.. ഭർത്താവിന്റെ അച്ഛനായിട്ടല്ലാ.. സ്വന്തം അച്ഛനായിട്ടാണ് ഇദ്ദേഹത്തെ ഞാൻ നോക്കുന്നത്..” കാർത്തിക ഇടയിൽ കയറി പറഞ്ഞു.

“സുഖമില്ലാതെ കിടക്കുന്നയാളിന്റെ മുറിയിലെ വൃത്തി കാണുമ്പോഴേ ആ വീട്ടുകാർ എങ്ങനെയാണ് ആ രോഗിയെ നോക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും..” ചന്ദ്രഹാസൻ ചുറ്റിലെ വൃത്തി ആസ്വദിച്ചുകൊണ്ട് പറഞ്ഞു..

“വൃത്തി എനിക്കും ഇവൾക്കും പ്രധാനമാണ്.. മൂന്ന് നേരവും അച്ഛന്റെ ഡ്രസ്സ് മാറ്റിക്കൊടുത്ത് ദേഹം ചൂട് വെള്ളത്തിൽ തുടച്ച്.. സ്ഥിരമായി കിടക്കുന്നതുകൊണ്ട് ശരീരത്തിൽ പുണ്ണു വരാതെ ശരീരം മുഴുവൻ പൗഡറിട്ട് കൊച്ചു കുട്ടിയെ പോലെയാ ഞങ്ങൾ അച്ഛനെ നോക്കുന്നത്..”

അരവിന്ദൻ ഗമയിൽ പറഞ്ഞു..

ഇതെല്ലാം കേട്ട് രവീന്ദ്രന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു..

“ഏട്ടനെന്തിനാ വിഷമിക്കുന്നത്? ഇത്രയും സ്നേഹം നിറഞ്ഞ മക്കളുണ്ടാകുക എന്നതുതന്നെ ഒരു ഭാഗ്യമല്ലേ?” ചന്ദ്രഹാസൻ രവീന്ദ്രന്റെ വലതുകൈത്തലം പിടിച്ചുകൊണ്ട് ചോദിച്ചു..

അപ്പോഴേയ്ക്കും ചാരുലത ചന്ദ്രഹാസനുള്ള ചായയും,

രവീന്ദ്രന്റെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റുമായി എത്തി..

“ങാ.. ഇയ്യാളിവിടെ ഉണ്ടായിരുന്നോ? എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് താൻ മുങ്ങിക്കളഞ്ഞോ എന്ന് ഞാൻ സംശയിച്ചു..” ചന്ദ്രഹാസൻ ഒരു ചെറു ചിരിയോടെ പറഞ്ഞു..

അതു കേട്ട കാർത്തിക സംശയത്തോടെ അരവിന്ദനെ ഒന്ന് രൂക്ഷമായി നോക്കി..

“കേട്ടോ രവീന്ദ്രേട്ടാ.. ഞാൻ ഏട്ടനെ കാണാൻ മാത്രമല്ല.. മറ്റൊരു കാര്യം കൂടി സംസാരിക്കാനാ വന്നത്..

ചാരുലതയുടെ കല്യാണം കഴിഞ്ഞില്ലെന്നും, ചൊവ്വാദോഷമാണ് പ്രശ്നമെന്നും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.. എന്റെ ഭാര്യ മരിച്ചുപോയി.. ഒരു കുഞ്ഞുണ്ട്.. എനിക്ക് ജോലിയും, കുട്ടിയെ നോക്കലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ലാ..

എന്റെ ചേട്ടനും, ഭാര്യയുമാണ് ഇപ്പോൾ മോനെ നോക്കുന്നത്.. അവർ എന്നെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്.. അപ്പോഴാ യാഥൃശ്ചികമായി ചാരുവിനെ ക്ഷേത്രനടയിൽ കണ്ടത്..

നിങ്ങൾക്ക് ഒക്കെ സമ്മതമാണെങ്കിൽ എനിക്ക് ചൊവ്വാദോഷം ഒരു പ്രശ്നമല്ലാ..”

ചന്ദ്രഹാസൻ പറഞ്ഞു നിർത്തി..

“മാഷ് വേഗം പോകാൻ നോക്ക്.. ഞങ്ങളൊന്ന് ആലോചിക്കട്ടെ..” അരവിന്ദൻ പറഞ്ഞു.. ചന്ദ്രഹാസൻ യാത്ര പറഞ്ഞിറങ്ങുന്നതിനു മുൻപ് ചാരുലതയുടെ കണ്ണുകളിലേയ്ക്ക് നോക്കി.. അവൾ നിർവികാരയായി നിൽക്കുകയായിരുന്നു..

“നിങ്ങൾക്ക് പറ്റില്ലാ എന്ന് ഉറപ്പിച്ച് പറയാമായിരുന്നില്ലേ മനുഷ്യാ? ഇനി എന്താലോചിക്കാനാണ്? വഴിയിൽ കണ്ടവനെയൊക്കെ കണ്ണുകാണിച്ച് വീട്ടിലേയ്ക്ക് ക്ഷണിക്കാനാണല്ലേ ഇവര് ദിവസം അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിലേയ്ക്കെന്നും പറഞ്ഞ് ഈ വീട്ടിൽ നിന്നും പോകുന്നത്..”

ചന്ദ്രഹാസൻ പോയതിനു പിന്നാലെ കാർത്തികയുടെ ആർത്തലപ്പ് ആ വീട്ടിൽ മുഴങ്ങി..

“എന്റെ മോളേ.. ദൈവദോഷം പറയല്ലേ..”

ചാരുലത ദയനീയമായി തേങ്ങി…

അരവിന്ദനും, കാർത്തികയും ഉമ്മറത്തേയ്ക്ക് ചാടികുതിച്ച് പോയി..

രവീന്ദ്രൻ ഇതെല്ലാം കേട്ട് അലറി കരഞ്ഞു..

അയാളുടെ ആർത്തിരമ്പൽ പുറത്തേയ്ക്ക് വരാതെ നെഞ്ചിനുള്ളിൽ തട്ടി കണ്ണുനീരായി കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങി..

അയാൾ വലതു കൈ കൊണ്ട് മൊബൈൽ എടുത്ത് മകന് ആദ്യമായി മെസ്സേജ് എഴുതി..

“മോനേ.. ഒരുപാട് ദ്രോഹം ഞാനെന്റെ ജീവിതത്തിൽ പലരോടും ചെയ്തിട്ടുണ്ട്.. എന്നാൽ ഏറ്റവും വലിയ ദ്രോഹം ചെയ്തത് എന്റെ പെങ്ങളായ ചാരുവിനോടാണ്.. അവൾക്ക് ചൊവ്വാദോഷമുണ്ടെന്ന് കള്ളം പറഞ്ഞ് അവളുടെ കല്യാണം നടത്താതെ അവളെ ഇവിടെ തന്നെ നിറുത്തി.. നിന്നെ നോക്കാനാണ് ഞാനന്നങ്ങനെ ചെയ്തത്.. നിന്നെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച് വളർത്തിയ അവളെ ഇനിയെങ്കിലും നീ സ്വതന്ത്രയാക്കി വിടണം.. ആ ചന്ദ്രഹാസന് അവളെ പണ്ട് ഇഷ്ടമായിരുന്നു.. എന്റെ സ്വാർത്ഥതയാണ് അവളെ ആ നല്ല ജീവിതത്തിൽ നിന്നും അകറ്റിയത്.. നീ അവൾക്ക് ആ ജീവിതം ഈ വൈകിയ വേളയിലെങ്കിലും നേടി കൊടുക്കണം.. ഇത് ഈ ലോകത്തിൽ മറ്റെന്തിനെക്കാളും നിന്നെ സ്നേഹിച്ച നിന്റെ അച്ഛന്റെ അപേക്ഷയാണ്..”

വീണ്ടും വന്നിരുന്ന് പത്രം വായിക്കുന്നതിനിടയിൽ മൊബൈലിൽ വന്ന മെസ്സേജ് വായിച്ച അരവിന്ദൻ ചാടിത്തുള്ളി അച്ഛന്റെ മുറിയിലേയ്ക്ക് പാഞ്ഞു..

“എടോ.. തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ? മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി കിടന്നോണം..

തന്നെ ഇവരല്ലാതെ വേറെയാരും തിരിഞ്ഞുപോലും നോക്കില്ലെടോ.. താൻ കട്ടിലൊഴിഞ്ഞശേഷം നമുക്ക് ആലോചിക്കാം ഇവരെ എന്തു ചെയ്യണമെന്ന്.. തനിക്ക് ഈ ഫോണിനി വേണ്ട..”

അരവിന്ദൻ മുന്നോട്ടുവന്ന് രവീന്ദ്രന്റെ വലതുകൈയ്യിലിരുന്ന മൊബൈലെടുത്ത് തറയിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി..

ഒരു മൂലയിൽ വിഷമിച്ചിരിക്കുകയായിരുന്ന ചാരുലത എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു.. അവൾ വേഗം എണീറ്റ് മൊബൈലിന്റെ ചിതറിയ ഭാഗങ്ങൾ പെറുക്കിയെടുത്ത് ഒരുമിച്ച് ചേർത്തു..

“ഭാഗ്യം.. ഒന്നും പറ്റിയിട്ടില്ലേട്ടാ..” അവൾ മൊബൈൽ പരിശോദിച്ചുകൊണ്ട് പറഞ്ഞു.. അപ്പോഴാണ് ഏട്ടൻ മകന് അയച്ച മെസ്സേജ് അവളുടെ കണ്ണുകളിൽ തടഞ്ഞത്..

അതു വായിച്ച അവളുടെ കണ്ണുകളിൽ വേദന നിറഞ്ഞു..

“ഒന്നും ആരുടേയും തെറ്റല്ല എട്ടാ.. എല്ലാം എന്റെ വിധിയാണ്..” ഫോൺ അയാളുടെ വലതു കൈയ്യിലേയ്ക്ക് വച്ചിട്ട് അവൾ വിഷമത്തോടെ തിരിഞ്ഞു നടന്നു..

“ദേ.. മനുഷ്യാ.. ആരാ ഈ പാതിരാത്രിയിൽ നിങ്ങൾക്ക് മെസ്സേജ് അയയ്ക്കുന്നത്?” രാത്രിയിൽ ഉറക്കത്തിനിടയിൽ അരവിന്ദന്റെ ഫോണിൽ നിന്ന് മെസ്സേജ് ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന കാർത്തിക മുറുമുറുപ്പോടെ ചോദിച്ചു..

“ഓ.. അതേവനെങ്കിലും ഗുഡ്നൈറ്റ് അടിച്ച് കളിക്കുന്നതായിരിക്കും.. ഇവൻമാർക്കൊന്നും ഉറക്കവുമില്ലേ?” പറഞ്ഞുകൊണ്ട് അരവിന്ദൻ തിരിഞ്ഞു കിടന്ന് കൂർക്കം വലി തുടർന്നു..

“എടീ.. ഒന്നെണീറ്റേടീ.. അച്ഛനാ ഇന്നലെ രാത്രി മെസ്സേജ് അയച്ചിരിക്കുന്നെ..” അരവിന്ദൻ പരിഭ്രാന്തിയോടെ കാർത്തികയെ വിളിച്ചുണർത്തി..

“അയാൾക്ക് പിന്നെയും മൊബൈലെടുത്തുകൊടുത്തോ? അവരെയിന്നു ഞാൻ നോക്കിക്കോ..” കാർത്തിക ദേഷ്യത്തിൽ ചാടിയെണീറ്റു..

” എടീ അച്ഛനെഴുതിയിരിക്കുന്നത് നീയൊന്നാദ്യം വായിക്ക്..” അരവിന്ദൻ വെപ്രാളത്തിൽ പറഞ്ഞു..

കാർത്തിക അയാളുടെ കൈയ്യിലിരുന്ന ഫോൺ സംശയത്തോടെ കൈയ്യിൽ വാങ്ങി..

“എന്റെ മോനേ.. നീ പറഞ്ഞത് നേരാ.. ഞാനിവിടെ കിടക്കുന്നിടത്തോളം എന്റെ ചാരുവിന് ഇവിടെ നിന്ന് ഒരു മുക്തിയുണ്ടാവില്ല.. അതുകൊണ്ട് ഞാനൊഴിഞ്ഞ് പോകുന്നതാ നല്ലത്.. ചാരു കാണാതെ ഷുഗറിന്റേയും, പ്രഷറിന്റേയും മരുന്നിന്റെ ബോട്ടിലുകൾ ഞാൻ എടുത്തുവച്ചിട്ടുണ്ട്.. പക്ഷെ എന്റെ മരണം കാരണം എന്റെ പെങ്ങൾക്ക് ഒരു കുഴപ്പവുമുണ്ടാകരുതെന്ന് കരുതിയാ നിനക്ക് ഞാനീ മെസ്സേജ് അയക്കുന്നത്.. നീ അവളെ ചന്ദ്രഹാസനെ ഏൽപ്പിക്കണം.. നിന്നോട് എനിക്ക് ഒരു ദേഷ്യവുമില്ല മോനേ.. സഹതാപമേയുള്ളൂ.. ഇനി ഒരു ജൻമത്തിലും നീയെന്റെ മകനായി പിറക്കാതിരിക്കട്ടെ.. നിർത്തുന്നു..”

കാർത്തികയും, അരവിന്ദനും ഒറ്റപ്പാച്ചിലിൽ രവീന്ദ്രന്റെ മുറിയിലെത്തി.. നാറ്റം കാരണം അടുക്കാനാകുന്നില്ല.. മലത്തിലും, മൂത്രത്തിലും കുളിച്ച് പതിവുപോലെ അയാളവിടെ കിടന്നിരുന്നു..

മൂക്കിൽ നിന്നും, വായിൽ നിന്നും രക്തം ഒഴുകി ഉണങ്ങി പിടിച്ചിരുന്നു..

“എന്റെ മനുഷ്യാ.. ഒന്നു വേഗം വാ.. ഇങ്ങേര് മരിച്ചിട്ട് ഒത്തിരി നേരമായി.. നമ്മൾ കണ്ടതായി ഭാവിക്കണ്ട.. അവര് കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയതാവും.. ആദ്യം അവര് വന്ന് കാണട്ടെ..”

കാർത്തിക അരവിന്ദനെ പിടിച്ച് വലിച്ച് മുറിയിൽ പോയി കതകടച്ചു..

ഗേറ്റ് കടന്ന് വന്ന ചാരുലത പതിവുപോലെ ഉമ്മറപ്പടിയിൽ പത്രവുമായി ഇരിക്കുന്ന അരവിന്ദനെ കാണാതെ മുഖം ചുളിച്ചു.. കാർത്തികയുടെ പതിവ് ആർത്തലപ്പും കേൾക്കുന്നില്ല.. അവൾ മുറിയിൽ കയറി വേഷം മാറി വേഗം ഏട്ടന്റെ മുറിയിലെത്തി..

അവിടെ കണ്ട കാഴ്ച്ചയിൽ നിലവിളിച്ചുകൊണ്ട് ചാരുലത അരവിന്ദന്റെ മുറിവാതിലിൽ ഉച്ചത്തിൽ തട്ടി..

അപ്പോൾ ഉണർന്നതുപോലെ അരവിന്ദനും, കാർത്തികയും പുറത്തു വന്നു.. ചാരുലത വലിയവായിൽ കരഞ്ഞുകൊണ്ട് അവരോട് വിവരം പറഞ്ഞു..

“നിങ്ങൾക്ക് നിങ്ങളുടെ കാമുകന്റെ കൂടെ ജീവിക്കാൻ ഞങ്ങളുടെ അച്ഛനെ കണക്കിൽ കൂടുതൽ ഗുളികകൾ കൊടുത്ത് കൊന്നതല്ലേ?” രംഗം വന്ന് കണ്ടിട്ട് അരവിന്ദനും, കാർത്തികയും ചാരുലതയെ നോക്കി ആക്രോശിച്ചു..

നിലവിളി കേട്ടെത്തിയ നാട്ടുകാരും അന്തം വിട്ടു.. അവരിലാരോ അറിയിച്ച് പോലീസുമെത്തി..

പോലീസ് ഇൻസ്പെക്ടർ ശരത് അരവിന്ദനെയും,

കാർത്തികയെയും ചോദ്യം ചെയ്തു.. അവരുടെ മൊബൈലിൽ വന്ന മെസ്സേജിനെ കുറിച്ച് അവർ മനപ്പൂർവം പറഞ്ഞതേയില്ല.. കാർത്തികയുടെ നിർദ്ദേശപ്രകാരം അരവിന്ദ് അത് തന്റെ മൊബൈലിൽ നിന്നും ഡെലീറ്റ് ചെയ്തിരുന്നു..

“എടീ, അച്ഛന്റെ മൊബൈൽ പോലീസ് ചെക്കു ചെയ്താൽ എനിക്ക് അച്ഛനയച്ച മെസ്സേജ് കാണില്ലേ? ഒന്നും വേണ്ടായിരുന്നു.. മര്യാദയ്ക്ക് രോഗശയ്യയിൽ കിടന്ന് സ്വാഭാവികമായി അച്ഛൻ മരിച്ചതാണെന്ന് പറഞ്ഞാൽ മതിയായിരുന്നു..

അപ്പോൾ നിനക്കായിരുന്നു അത്യാർത്തി.. അവർ വേറെ കല്യാണം കഴിച്ചാൽ അവർക്ക് സ്വത്ത് വീതിച്ചു കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ് നീയാണ് അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാമെന്ന് പറഞ്ഞത്.. ഇക്കണക്കിന് ഞാൻ ജയിലിൽപോകേണ്ടി വരുമെന്നാ തോന്നുന്നത്.. നീ വേഗം അച്ഛന്റെ മുറിയിൽ പോയി ആ ഫോണ് ഒളിച്ചുവയ്ക്കാൻ നോക്ക്..” അരവിന്ദൻ കാർത്തികയുടെ ചെവിയിൽ പറഞ്ഞു..

കാർത്തിക പതിയെ ആ മുറിയിൽ കയറി പോലീസിന്റെ ശ്രദ്ധയിൽ പെടാതെ മൊബൈൽ തിരയാൻ തുടങ്ങി..

“ഹലോ.. എന്തായിവിടെ പരിപാടി?” ഇൻസ്പെക്ടർ ശരത് തിരിഞ്ഞു നിന്ന് എന്തോ തിരയുന്ന കാർത്തികയുടെ തോളിൽ ലാത്തികൊണ്ട് തട്ടി ചോദിച്ചു..

“ഏയ് ഒന്നുമില്ലാ സാർ..” കാർത്തിക നിന്നു പരുങ്ങി..

“നിങ്ങൾ നിങ്ങളുടെ ഭർത്താവിനെയും, ആ സ്ത്രീയെയും വിളിച്ചുകൊണ്ട് പുറത്തേയ്ക്ക് വാ..” മൂലയിൽ തളർന്നിരിക്കുന്ന ചാരുലതയെ ചൂണ്ടികാണിച്ചിട്ട് ശരത് പുറത്തേയ്ക്ക് പോയി..

“നിങ്ങൾ തിരഞ്ഞതെന്തെന്ന് എനിക്കറിയാം.. ഇതല്ലേ?” മൊബൈൽ ഉയർത്തികാണിച്ച് ശരത് ചോദിച്ചു..

അരവിന്ദനും, കാർത്തികയും ഒരു പോലെ ഞെട്ടി..

“ഇതിലെ മെസ്സേജ് അനുസരിച്ച് പ്രേരണാകുറ്റത്തിന് നിങ്ങളെ രണ്ടണ്ണത്തിനേയും എനിക്കകത്താക്കാം.. പക്ഷെ ഞാനതു ചെയ്യുന്നില്ല..

പകരം മരിച്ചയാളിന്റെ ആഗ്രഹം പോലെ ഇവരെ ജീവിക്കാൻ അനുവദിക്കണം.. എന്താ സമ്മതിച്ചോ?” ശരത് ചോദിച്ചു..

“സാറ് എന്തു പറയുന്നോ അതുപോലെ ചെയ്യാം..”

അരവിന്ദൻ എളിമയോടെ പറഞ്ഞു..

“എന്നാൽപിന്നെ നമുക്ക് അങ്ങനെതന്നെ ചെയ്യാം അല്ലേ ചെറിയമ്മേ?” ശരത് ചാരുലതയുടെ നേർക്ക് തിരിഞ്ഞ് ചോദിച്ചു..

മൂന്നു പേരും സംശയത്തോടെ ഇൻസ്പെക്ടർ ശരത്തിനെ നോക്കി..

“സംശയിക്കണ്ട.. ചന്ദ്രഹാസന്റെ ചേട്ടന്റെ മകനാ ഞാൻ.. ചെറിയച്ഛൻ എല്ലാം വീട്ടിൽ വന്ന് പറഞ്ഞിരുന്നു.. എന്നാലും ഇത്ര വേഗം എനിക്കിടപെടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല..”

ശരത് ഒരു ചിരിയോടെ പറഞ്ഞു..

“എന്റെ ചെറിയമ്മയായി ചെറിയച്ഛന്റെ ജീവിതത്തിലേയ്ക്ക് വരാൻ എതിർപ്പൊന്നുമില്ലല്ലോ ചെറിയമ്മേ?” ശരത് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു..

ആ വിഷമാവസ്ഥയിലും ചാരുലതയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

(ശുഭം..)

രചന : വിജിത അജിത്